കൊച്ചി: ജോയ്സ് ജോര്‍ജ് എം.പി പ്രതിയായ ഇടുക്കി കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം. കേസുമായി ബന്ധപ്പെട്ട രേഖകളുടെ ഫോറന്‍സിക് പരിശോധനയാണ് പോലീസ് അട്ടിമറിക്കുന്നത്. ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഈ കൃത്യ വിലോപം. ആവശ്യമായ രേഖകളില്ലാതെ പരിശോധനയ്ക്കായി പോലീസ് അയച്ച റവന്യൂ രേഖകള്‍ ഫൊറന്‍സിക് ലാബ് മടക്കി. ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കാണിച്ച് ലാബ് ഡയറക്ടര്‍ അയച്ച കത്തിന്റെ കോപ്പി മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി കേസ് ഇടുക്കി എസ്.എപി അന്വേഷിക്കണമെന്ന് 2015 ല്‍ ഉത്തരവിട്ടതാണ്. എല്ലാ മാസവും അന്വേഷണ പുരോഗതി അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.