കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനോട് ഒന്നരക്കോടി ആവശ്യപ്പെടാന്‍ പള്‍സര്‍ സുനിയെ സഹായിച്ച വിഷ്ണു ഒന്നരമാസത്തിനിടെ ആറുതവണ സുനിയെ കാണാന്‍ ജയിലിലെത്തിയിരുന്നതായി രേഖകള്‍. ദിലീപിന് കത്തയയ്ക്കുന്നതിന് ഒരുദിവസം മുമ്പുവരെ ഇയാള്‍ സുനിയെ കാണാന്‍ ജയിലിലെത്തിയിരുന്നതായി തെളിയിക്കുന്ന ജയില്‍ രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം മാര്‍ച്ച് 27 നും മെയ് 29 നും ഇടയില്‍ ആറുതവണ സുനിയെ കാണാന്‍ വിഷ്ണു ജയിലിലെത്തി. ദിലീപിന് കത്തയച്ചതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ഇയാള്‍ സുനിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പുറമെ വരാപ്പുഴ പീഢനക്കേസിലെ പ്രതി മനീഷ് തോമസും സുനിയെ കാണാന്‍ ജയിലിലെത്തി. മനീഷ് തോമസ് ഇപ്പോള്‍ പോലീസ് പിടിയിലാണ്.