ന്യൂഡല്‍ഹി: മുത്തലാഖ് വിവാഹമോചനത്തിന്റെ ഏറ്റവും മോശമായ രൂപമാണെന്ന് സുപ്രീംകോടതി. മുത്തലാഖ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. വ്യാഴാഴ്ചയാണ് കേസില്‍ വാദം ആരംഭിച്ചത്. മുത്തലാഖ് നിയമപരമാണെന്ന് അഭിപ്രായമുണ്ടെങ്കിലും മുസ്ലിംകള്‍ക്കിടയിലെ വിവാഹമോചനത്തിനായി നിലനില്‍ക്കുന്ന ഏറ്റവും മോശമായ രീതിയാണ് ഇതെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് പരാമര്‍ശം. സ്ത്രീകള്‍ക്ക് മുത്തലാഖിനെ എതിര്‍ക്കാനാകുമെന്നും ഇത് കോടതി പരിശോധിക്കേണ്ട ആവശ്യമില്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്മാന് ഖുര്‍ഷിദ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ പരാമര്‍ശം.