തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ട് ? അദ്ദേഹത്തിനുതന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നുവേണം കരുതാന്‍. നിയമസഭയില്‍ ഒരേദിവസം എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയത്. ഏപ്രില്‍ 25 നാണ് എം.എല്‍.എമാര്‍ വിവിധ മേഖലകളില്‍ മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന ചോദ്യം ഉന്നയിച്ചത്. ലീഗ് അംഗങ്ങളായ ടി.വി ഇബ്രാഹീം, പാറയ്ക്കല്‍ അബ്ദുള്ള എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് തനിക്ക് ആറ് ഉപദേശകരുണ്ടെന്ന മറുപടി മുഖ്യമന്ത്രി നല്കി. എന്നാല്‍, അതേദിവസം കോണ്‍ഗ്രസ് എം.എല്‍.എ എം വിന്‍സെന്റ് ചോദിച്ച അതേ ചോദ്യത്തിന് തനിക്ക് എട്ട് ഉപദേഷ്ടാക്കളുണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.