കൊല്ലം: അഴീക്കലില്വച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസുമായി മുന്നോട്ടുപോയാല്‍ കൊന്നുകളയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടാണ് അജ്ഞാതര്‍ ഭീഷണി മുഴക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസിന് പരാതി നല്കി. വാലന്റൈന്‍സ് ദിനത്തിലാണ് പെണ്‍കുട്ടിയും സുഹൃത്തും കൊല്ലം ജില്ലയിലെ അഴീക്കലില്വച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. ഇരുവരെയും ഒരുമിച്ച് കണ്ടതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടെ സുഹൃത്ത് അനീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. പാലക്കാട് കാരറ സ്വദേശി അനീഷാണ് മരിച്ചത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ ധനേഷ്, രമേഷ് എന്നീ രണ്ടുപേര്‍ക്കെതിരെ വ്യക്തമായ പരാമര്‍ശം ഉണ്ടായിരുന്നു.