ബംഗലൂരു: കര്‍ണാടകത്തിലെ മഞ്ചനബലെ അണക്കെട്ടില്‍ പരിക്കുകളോടെ അകപ്പെട്ട് രണ്ടുമാസമായി വേദനതിന്നു കഴിഞ്ഞ കാട്ടാന സിദ്ധക്ക് ഒടുവില്‍ വിദഗ്ദ്ധ ചികിത്സ ലഭിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി വെറ്റിനറി ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടറും അസമില്‍ നിന്നെത്തിയ ഡോക്ടര്‍മാരും ചേര്‍ന്നാണ് സിദ്ധയെ ചികിത്സിക്കുന്നത്. അസുഖം ഭേദമായാല്‍ സിദ്ധയെ വനത്തിലേക്ക് തിരികെ വിടാനാണ് തീരുമാനം. കാട്ടില്‍ നിന്നും ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാന രണ്ടുമാസങ്ങള്‍ക്ക് മുമ്പായിരുന്നു മഞ്ചനബലെ അണക്കെട്ടില്‍ വന്നു പെട്ടത്. വനംകൊള്ളക്കാരുടെ വെടിയേറ്റ് കാലിലും വയറ്റിലുമൊക്കെ പരിക്കേറ്റ കാട്ടാനയെ സിദ്ധയെന്ന പേരുവിളിച്ച് വനപാലകരും പരിസരവാസികളും പരിപാലിച്ചു വരികയായിരുന്നു.