കോഴിക്കോട്: ആയുധം എടുത്ത് പോരാടേണ്ട കാര്യമില്ല, രുപാലിയുടെയും കൂട്ടുകാരുടെയും കയ്യില്‍ കവിതയുണ്ട്. അധികാരികള്‍ ഏറ്റവും പേടിക്കുന്നതും അതുതന്നെയാണ്. പുനെയില്നിന്നുള്ള കബീര്‍ കലാമഞ്ച് പ്രവര്‍ത്തകര്‍ കവിത ചൊല്ലുമ്പോള്‍, പാട്ടു പാടുമ്പോള്‍ അത് അനീതിക്കെതിരെയുള്ള ആയുധമില്ലാത്ത പോരാട്ടമാകുന്നു. ജാര്‍ഖണ്ഡിലെയും ഒഡിഷയിലെയും ആന്ധ്രയിലെയും വേദനിക്കുന്ന കീഴാളര്‍ക്കൊപ്പം അവരുണ്ട്. അവര്‍ മാവോയിസ്റ്റുകളല്ല, മനുഷ്യസ്നേഹികള്‍ മാത്രം. നേരിന്റെ ഈ കവിതയെയാണ് അധികാരികള്‍ ഭയക്കുന്നതും. അങ്ങനെ കബീര്‍ കലാമഞ്ച് പ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി വരെ കയറിയിറങ്ങേണ്ടിവന്നു. രുപാലി ജാദവും കൂട്ടുകാരും കേരളത്തില്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു വരികയാണ്.