പൈനാവ്: മാതൃഭൂമി വാര്‍ത്ത ഫലം കണ്ടു. ആര് എം എസ് എ സ്കൂളുകളിലെ അധ്യാപകര്‍ക്ക് കാണം വില്‍ക്കാതെ ഓണം ഉണ്ണാം. ഇടുക്കിയിലെ മുഴുവന്‍ ആര് എം എസ് എ താല്‍ക്കാലിക അധ്യാപകര്‍ക്കും ഓണത്തിന് മുന്‍പ് ശമ്പളം നല്ക്കാന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 2013 ല്‍ സംസ്ഥാനത്തൊട്ടാകെ മുപ്പതോളം യു പി സ്കൂളുകളാണ് ആര് എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂളാക്കിയത്. ഇവിടുങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ദിവസവേതനത്തിനാണ് അധ്യാപകരെ നിയമിച്ചത്. ഈ അധ്യാപകര്‍ക്ക് ഒരു വര്‍ഷമായി ശമ്പളം കിട്ടുന്നില്ലെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പു ശമ്പളം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഓണത്തിനും ശമ്പളം ലഭിച്ചില്ലെങ്കിലും ജോലി അവസാനിപ്പിക്കാനായിരുന്നു താല്‍ക്കാലിക അധ്യാപകരുടെ തീരുമാനം.