നയ്റോബി: വിദ്വേഷത്തിന്റെയും കലാപത്തിന്റെയും ഉപദേശികള്‍ സമൂഹത്തിനു ഭീഷണിയായി മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരെ രാഷ്ട്രീയ ആയുധമാക്കി സംരക്ഷണം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കെനിയയിലെ നയ്റോബി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദ ആശയങ്ങള്‍ക്കു ബദലൊരുക്കാന്‍ യുവജനങ്ങള്‍ക്കു കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കെനിയക്ക് പുറമെ, മൊസാമ്പിക്ക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. നയ്റോബി സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയില്‍ മോദി പുഷ്പചക്രം അര്‍പ്പിച്ചു. സര്‍വ്വകലാശാലയിലെ മഹാത്മാഗാന്ധി പഠന കേന്ദ്രത്തിന് മുന്നില്‍ വൃക്ഷ തൈ നട്ടു.