ബംഗളൂരു: വഴിയോരത്തെ തണല്‍ മരങ്ങളില്‍ ആണിയടിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ പൊരുതുകയാണ് നിഖില്‍ എന്ന കന്നഡിഗന്. മരത്തിലടിക്കുന്ന ഓരോ ആണിയും മനുഷ്യന് പരിസ്ഥിതിക്ക് പണിയുന്ന ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കന്നഡിഗന്. വഴിയോരങ്ങളില്‍ പടര്‍ന്നു പന്തലിച്ച് നിന്നിരുന്ന മരങ്ങള്‍ പെട്ടെന്നുണങ്ങി പോകുന്നതിന്റെ കാരണമന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് മരങ്ങളിലെ പരസ്യബോര്‍ഡുകള്‍ നിഖിലിന്റെ കണ്ണില്പെട്ടത്. എല്ലാ പരസ്യ ബോര്‍ഡുകള്‍ക്കും പുറകില്‍ ആണികളുടെയും സ്റ്റാപ്പില്‍ പിന്നുകളുടെയും പൂരം. നിഖില്‍ ഒരു പഌറുമായി നിരത്തിലിറങ്ങി. ഒറ്റയാള്‍ സമരം തുടങ്ങി. ദയവായി നിങ്ങള്‍ ആണി അടിക്കരുത് നിഖില്‍ ഓര്‍മ്മിപ്പിക്കുന്നു.