കോഴിക്കോട്: കേരളം മുഴുവന്‍ അലിവോടെ കണ്ടിരുന്നതാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വിജയകരമായി എയര്‍ ആംബുലന്‍സിലൂടെ ഹൃദയം കൊണ്ടുവന്ന വാര്‍ത്ത. ആ വാര്‍ത്തയ്ക്കു പിന്നാലെ കോഴിക്കോട്ട് അവയവദാനത്തിന് സന്നദ്ധമായി നടന്ന വനിതാ കൂട്ടായ്മയെക്കുറിച്ചാണ് ഈ നല്ലവാര്‍ത്ത. ഗൃഹലക്ഷ്മി വേദി മാങ്കാവ് യൂണിറ്റാണ് അവയവദാന സമ്മതപത്രത്തില്‍ ഒപ്പുവെച്ച് മാതൃകയായത്. അറുപതോളം പേര് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് സമ്മതപത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിനു നല്കി. മാതൃഭൂമി-വി.കെ.സി-ഗൃഹലക്ഷ്മി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പ്രചരിപ്പിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. നെടുമ്പ്രയില്‍ ഒരു അമ്മ മകന്റെ അവയവങ്ങള്‍ ദാനം ചെയ്തതും ഇവര്‍ക്ക് പ്രചോദനമായി.