കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാം, പി.വി.സി. കെ. രവീന്ദ്രനാഥ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. വിജിലന്‍സ് ഡയറക്ടറുടെ അപേക്ഷയിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതി. പി.വി.സിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകള്‍ക്കു വേണ്ടി പുനഃപരീക്ഷ നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസരണമായി ഇരുവര്‍ക്കുമെതിരെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ എടുക്കാനും രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്നു. കേസില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചു അന്വേഷണം നടത്താന്‍ ഹൈക്കോടതി വിജിലന്‍സിനു നിര്‍ദ്ദേശം നല്കി. ഇതിന്റെ തുടര്‍ നടപടിയിലാണ് ഗവര്‍ണര്‍ വി.സിക്കെതിരെ അന്വേഷണത്തിനു അനുമതി നല്‍കിയിരിക്കുന്നത്.