കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ സി.ഐ.എസ്.എഫ് ജവാന് മരിച്ചു. സി.ഐ.എസ്.എഫ്. ഹെഡ്കോണ്‍സ്റ്റബിള്‍ എസ്.എസ്. യാദവ് (38) ആണ് മരിച്ചത്. വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാജീവനക്കാരും വിമാനത്താവളത്തിന്റെ സുരക്ഷയുടെ ചുമതലയുള്ള കേന്ദ്ര വ്യവസായസുരക്ഷാസേനയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്നു കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കാതെ ജീവനക്കാര്‍ ഫയര്‍ എന്‍ജിനുകള്‍ നിരത്തിയിട്ട് റണ്‍വേ ഉപരോധിച്ചു. എല്ലാ വിമാനസര്‍വീസുകളും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി. പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികളെടുക്കാന്‍ സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറലിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി.