പാലക്കാട്: കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ മലബാര്‍ സിമെന്റ്സില്‍ നടന്നത് 32 കോടി രൂപയുടെ സാമ്പത്തിക തിരിമറിയാണെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കുറ്റപത്രം സമര്‍പ്പിച്ചതടക്കം വിവിധ വിഷയങ്ങളിലായി ആറു കേസുകളാണ് വിജിലന്‍സ് പരിഗണിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന് പ്രധാന പ്രതിയാണ്. ഫ്ളൈ ആഷ് ട്രാന്‍സ്പോര്‍ട്ടിംഗ് അഴിമതിയാണ് ഇവയില്‍ പ്രധാനം. നടപടിക്രമങ്ങള്‍ പാലിക്കാതെ വി.എം. രാധാകൃഷ്ണന്റെ സ്ഥാപനത്തിന് കരാര്‍ നല്കിയതു വഴി 16.17 കോടി രൂപയുടെ നഷ്ടം ഉണ്ടായി. മലീനീകരണം നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെട്ട കേസില്‍ 8.94 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സിമെന്റ് ചാക്ക് ഇടപാട് വഴി വി.എം. രാധാകൃഷ്ണന് മൂന്നു കോടി രൂപ കമ്മിഷന് കിട്ടിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.