കോഴിക്കോട്: മംഗലാപുരത്തെ ഉജ്റേ എന്ന നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്ന വിലാസ് നായിക് ദ്രുതവേഗത്തില്‍ ബ്രഷുകള്‍ പായിപ്പിച്ച് ചിത്രങ്ങള്‍ വരയുന്നത് ആരെയും അദ്ഭുതപ്പെടുത്തും. ചിത്രകാരന്മാര്‍ക്കിടയിലെ അതിവേഗ ചിത്രകാരനാണ് വിലാസ് നായിക്. ഏഷ്യയിലെ ഏറ്റവും വേഗതകൂടിയ പെയ്ന്റര്‍. രണ്ടര മിനുട്ടിനുള്ളില്‍ ഒരു ചിത്രം പൂര്‍ത്തിയാക്കുന്ന വിലാസ് നായിക് കോഴിക്കോട്ടെ കാണികളെ അതിശയിപ്പിച്ചു. ഷോലെയിലെ വില്ലന്‍ അംജത്ഖാന്റെ ചിത്രം ഒരു നര്‍ത്തകന്റെ താളചലനങ്ങളോടെ വിലാസ് പൂര്‍ത്തിയാക്കുന്നത് സദസ് നിര്‍നിമേഷരായി നോക്കി. നിമിഷങ്ങള്ക്കടിയില് മഞ്ഞയിലും കറുപ്പിലും ചുവപ്പിലും അവര്‍ക്കു മുന്നില്‍ അംജത് ഖാന് തെളിഞ്ഞു. നര്‍ത്തകന്റെ ഭാവഹാദികളോടെ സംഗീതത്തിന്റെയും സംഭാഷണത്തിന്റെ ഗാനങ്ങളുടെയും അകമ്പടിയോടെയാണ് വിലാസിന്റെ ചിത്രരചന.