ബെംഗളൂരു: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുക അപ്രായോഗികമാണെന്ന് കേരള- കര്‍ണാടക മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേരളം മുന്നോട്ടുവച്ച മൂന്ന് നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചശേഷം രണ്ട് മാസത്തിനകം തീരുമാനമെടുക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള യാത്രാ നിരോധനം രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയാക്കി കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി പി.കെ. ജയലക്ഷ്മി, എം.പി.മാരായ എം.ഐ. ഷാനവാസ്, എം.കെ. രാഘവന്, എം.എല്‍.എ.മാരായ എം.വി. ശ്രേയാംസ് കുമാര്‍, ഐ.സി. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.