തിരുവനന്തപുരം: കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ഇടതു മുന്നണിയും യുവമോര്‍ച്ചയും പ്രഖ്യാപിച്ച നിയമസഭ ഉപരോധം ഇന്നു മുതല്‍. മന്ത്രിമാരെ തടയാന്‍ ശ്രമിച്ചാല്‍ സമരക്കാര്‍ക്കുനേരെ കടുത്ത നടപടി ഉണ്ടാവുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു. ഇന്നു വൈകീട്ടു മുതല്‍ ഉപരോധക്കാര്‍ എത്തുമെന്നതിനാല്‍ ഉച്ചയോടെ നഗരം പോലീസ് വലയത്തിലാകും. ബജറ്റ് അവതരണദിവസം ഒരാളെപ്പോലും കയറ്റിവിടാതെ നിയമസഭ വളയുമെന്ന് യുവമോര്‍ച്ച. മാണി സ്വയം മാറി നില്‍ക്കുന്നതാണ് രാഷ്ട്രീയമര്യാദയെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ പറഞ്ഞു. എന്നാല്‍, താന്‍തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി അറിയിച്ചു. ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമാണ് കേരള നിയമസഭയില്‍ ബജറ്റ് അവതരണം തടസപ്പെട്ടിട്ടുള്ളത്.