തിരുവനന്തപുരം: ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തനും ട്രൗസര്‍ മനോജും വായ തുറക്കുമെന്ന് പേടിച്ചാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അവരെ ന്യായീകരിക്കാന്‍ നിര്‍ബന്ധിതനാവുന്നതെന്ന് വി.എസ്. അച്യുതാനന്ദന്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അഹങ്കാരവും സ്വേച്ഛാധിപത്യവും വലതുപക്ഷ വ്യതിയാനവുമാണ് ഇടതു മുന്നണിയുടെ അടിത്തറ തകര്‍ക്കുന്നതെന്നും കേന്ദ്ര നേതൃത്വത്തിന് അയച്ച വിശദമായ കുറിപ്പില്‍ വി.എസ്. വിശദീകരിക്കുന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളും ആര്.എസ്.പിയും വിട്ടു പോയത് സംസ്ഥാന നേതൃത്വത്തിന്റെ സ്വേച്ഛാധിപത്യം കൊണ്ടാണ്. കൂടിയാലോചനകളില്ലാത്ത തീരുമാനങ്ങള്‍ക്ക് ആമേന്‍ പറയുന്നതാണ് സെക്രട്ടറി ഉദ്യേശിക്കുന്ന അച്ചടക്കമെന്നും വി.എസ് കുറിപ്പില്‍ പറയുന്നു.