കോഴിക്കോട്/കല്‍പ്പറ്റ: പൊലീസും അജ്ഞാതസംഘവും തമ്മില്‍ ഏറ്റുമുട്ടിയ വയനാട്ടിലെ വെള്ളമുണ്ട ചപ്പ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. ഞായറാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ത്തത്. വെള്ളമുണ്ടയിലെ കുപ്പത്തു നിന്നും പത്ത് കിലോമീറ്റര്‍ അകലെ വനത്തിലാണ് ചപ്പ. ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ്. മാവോയിസ്റ്റുകളുടെ തൊപ്പിയും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. എട്ടു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളാണെന്ന് പരിചയപ്പെടുത്തിയവര്‍ കോളനികളില്‍ വരാറുണ്ടെന്ന് ആദിവാസികള്‍ പറഞ്ഞു. അതിനിടെ മാവോയിസ്റ്റുകള്‍ സംസ്ഥാനത്തെ അനധികൃത ക്വാറികളുടെ സര്‍വ്വെ പൂര്‍ത്തിയാക്കിയെന്ന് പോലീസിന് വിവരം ലഭിച്ചു.