ഔട്ട് ഓഫ് ദ് ബോക്‌സ് എപ്പിസോഡ് 11

പ്രൊഫഷണല്‍ ജീവിതം വേണ്ടെന്നുവച്ച്, സംഗീതത്തിന്റെ പുതിയ പാതകളില്‍ ഇറങ്ങിത്തിരിച്ച വ്യത്യസ്തരായ എന്‍ജിനീയറിങ് ബിരുദധാരികളെക്കുറിച്ച്, അവര്‍ ചേര്‍ന്നൊരുക്കുന്ന KL 01 എന്ന ബാന്‍ഡിനെക്കുറിച്ച്. ഔട്ട് ഓഫ് ദ് ബോക്‌സ് എപ്പിസോഡ് 11.

Anchor: Manjusha

സാമൂഹ്യപ്രതിബദ്ധതയുള്ള കണ്ടുപിടുത്തങ്ങള്‍ @ ഔട്ട് ഓഫ് ദി ബോക്‌സ്

ഔട്ട് ഓഫ് ദി ബോക്‌സ് ജീവിതത്തില്‍ വഴിമാറി ചിന്തിക്കുന്നവരെ, ആ ചിന്തകളെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന വ്യത്യസ്തരായ യുവതയെ പരിചയപ്പെടുത്തുന്ന പരിപാടിയാണ്. ഔട്ട ഓഫ് ദി ബോക്‌സ് അവസാന എപ്പിസോഡില്‍ സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകനോളജിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി ചെയ്ത വ്യത്യസ്തമായ നാലു കണ്ടുപിടുത്തങ്ങളാണ് പരിചയപ്പെടുത്തുന്നത്. സാമൂഹിക പ്രാധാന്യമുള്ളതാണ് ഈ കണ്ടുപിടുത്തങ്ങള്‍. രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ചിലതായ ഉര്‍ജ്ജ പ്രതിസന്ധി, ശുദ്ധജലത്തിന്റെ അഭാവം, വര്‍ദ്ധിച്ച അപകട മരണനിരക്ക് എന്നിവയെ നേരിടുന്നതിനുള്ള ചെലവുകുറഞ്ഞ മാതൃകകള്‍ അവതരിപ്പിക്കുകയാണ്. ജലവൈദ്യുതി ഉത്പാദിക്കുന്നതിനും വൈദ്യുതിയുടെ ഉപയോഗമില്ലാതെ മണിക്കൂറില്‍ 40 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനും ഇവരുടെ കണ്ടുപിടുത്തങ്ങള്‍ക്കാകും. കൂടാതെ ഏറ്റവും കുറച്ച് പാചകവാതകം ഉപയോഗിച്ച് വെള്ളം തിളയ്പ്പിക്കുന്നതിനും ഓടുന്ന വാഹനങ്ങള്‍ തിരിവുകളില്‍ മറിയാതിരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഈ കൊച്ചു മിടുക്കന്മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 116.

സഞ്ചിയുടെ കഥ, കച്ചവടക്കാര്‍ക്ക് ഡിസൈഡ് പ്രൈസ്

തോളത്തിടാന്‍ നല്ല സഞ്ചി വേണമല്ലോ എന്ന ചിന്തയില്‍നിന്നാണ് ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സാഫിറിന്റെ മനസ്സില്‍ തുണിസഞ്ചി എത്തുന്നത്. അത് ആദ്യം സഞ്ചിയെന്ന ബാഗായി മാറി. പിന്നെ സഞ്ചി.കോം ആയി. ചെറുപ്പക്കാര്‍ക്ക് ഐഡന്റിറ്റി. സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം. സഞ്ചി ഹിറ്റായി മാറിയ കഥ. ഒപ്പം, ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ കാലത്ത് നമ്മുടെ നാട്ടില്‍തന്നെ കിട്ടുന്ന സാധനങ്ങള്‍ വാങ്ങിക്കാന്‍ കച്ചവടക്കാര്‍ക്കായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡിസൈഡ് പ്രൈസ് എന്ന ആപ്പ് വികസിപ്പിച്ച മൂന്ന് യുവ എഞ്ചിനീയര്‍മാരുടെ സ്വപ്‌നത്തെ കുറിച്ചും അറിയാം. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 114.

കാര്‍ട്ടൂണിലൂടെ കച്ചവടം, എന്തും തിന്നാന്‍ ഹാസ്.മെനു

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരില്ല. കഴിഞ്ഞ ഓണക്കാലത്ത് ടിവി ചാനലിലൂടെ ഏറെയാളുകള്‍ ഇഷ്ടപ്പെട്ട അച്ചുവിന്റെയും കിച്ചുവിന്റെയും പൊന്നോണം എന്ന ഇന്‍ഫോര്‍മാറ്റിക് കാര്‍ട്ടൂണ്‍ പരമ്പരയുടെ സൃഷ്ടാക്കളെ പരിചയപ്പെടാം. ഈ പൊതുതാല്‍പ്പര്യത്തെ പ്രയോജനപ്പെടുത്തി ബ്രാന്‍ഡിംഗ്, ഇ ലേണിംഗ്, ഗെയിം ഡിസൈനിംഗ് തുടങ്ങിയവ ചെയ്യുന്ന കമ്പനിയാണ് എക്‌സ്പ്ലയിന്‍ ഇന്ററാക്ടിവ്. വണ്‍ സ്റ്റോപ്പ് ഷോപ് ഫോര്‍ ക്രിയേറ്റീവ് അഡ്വര്‍ടൈസിംഗ് എന്ന ലക്ഷ്യത്തിലൂടെ എക്‌സ്പ്ലയിന്‍ ഇന്ററാക്ടീവ് മുന്നേറുകയാണ്. ഏതു നാട്ടില്‍ചെന്നാലും അവിടത്തെ ഏറ്റവും നല്ല ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നവരുടെ സഹായിയാണ് ഹാസ്.മെനു. സംയുക്തി എന്ന സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളാണ് ഇതിനു പിന്നില്‍. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 113.

ഇംനിയോസും സിക്‌സെന്റും; പലതിനും പരിഹാരം

ഓരോ ദിവസവും പുതിയൊരു അപകടത്തിന്റെ മരണങ്ങളുടെയും ദിവസം കൂടിയാണ്. അപകടമരണങ്ങളില്‍ 40% സംഭവിക്കുന്നത് യഥാസമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവരോട് ഡോക്ടര്‍മാര്‍ പറയാറുണ്ട്, അല്‍പ്പം കൂടി നേരത്തെ എത്തിയിരുന്നെങ്കില്‍..... ഈ പ്രശ്‌നത്തിനുള്ള ക്രിയാത്മകപരിഹാരമാണ് വെഹിക്കിള്‍ ക്രാഷ് എമര്‍ജന്‍സി നോട്ടിഫിക്കേഷന്‍ സിസ്റ്റം. ഈ ഉല്‍പ്പന്നത്തിലൂടെ ശ്രദ്ധേയമാവുകയാണ് ഇംനിയോസ് ടെക്‌നോളജീസ്. യുവസംരംഭര്‍ക്ക് മാതൃകയായി ആറു യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച സിക്‌സെന്റ് ടെക്‌നോളജീസ് വെബ് അപ്ലിക്കേഷന്‍ വെബ് സോഫ്റ്റ്‌വെയേഴ്‌സ് തുടങ്ങി ഇ കൊമേഴ്‌സ് രംഗത്തു വരെ സജീവം. ഓരോ കമ്യൂണിറ്റിക്കും അനുരൂപമായ പോര്‍ട്ടലുകള്‍ ഒരുക്കുന്നതില്‍ സിക്‌സെന്റ് ശ്രദ്ധ പുലര്‍ത്തുന്നു. ഒട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 112.

നന്മയുടെ കൂട്ടായ്മയും തണലിന്റെ ജൈവമാതൃകയും

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് യൂത്ത് ശ്രമിക്കുന്നത് ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും അപ്പുറത്തുള്ള പുതിയ കാലത്തിന്റെ ഹൃദയസ്പന്ദനങ്ങളെയാണ്. 2012ല്‍ ആരംഭിച്ച കൂട്ടായ്മയുടെ സാമൂഹികനന്മ മാത്രം. വിവിധ പരിപാടികളിലൂടെ സാമൂഹികതിന്മകളെ തിരിച്ചറിയുകയും അതിനെ മറികടക്കുകയും ചെയ്യുന്നു വിദ്യാര്‍ത്ഥികളുടെ ഈ കൂട്ടം. ഒപ്പം, ജൈവകൃഷിയിലൂടെ വര്‍ഷങ്ങളായി നല്ല ജീവിതത്തിന്റെ പാഠം പകര്‍ന്നു തന്ന തണല്‍ എന്ന സംഘടനയെ കുറിച്ചും ഓര്‍ഗാനിക് ബസാര്‍ എന്ന ഔട്‌ലെറ്റിനെക്കുറിച്ചും കൂടുതലറിയുക. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 110.

മെറിലാന്‍ഡിന്റെ കഥയും ഗ്രീന്‍കറി.കോമും

ഔട്ട് ഓഫ് ദി ബോക്‌സിന്റെ ഈ എപ്പിസോഡില്‍ രണ്ടു വ്യത്യസ്തമായ വിഷയങ്ങളാണ് പരിചയപ്പെടുത്തുന്നത്. ജൈവവിഭവങ്ങള്‍ വില്‍ക്കുന്നതിന് വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനും പ്ലസ്ടുവിന് പ്രോജക്ട് ആയി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുസ്തകമാക്കി പ്രകാശനം ചെയ്ത സായ് കൃഷ്ണയെയും. ജൈവപച്ചക്കറികളും കരകൗശല ഉല്പന്നങ്ങളും ഓണ്‍ലൈന്‍ ആയി വില്‍ക്കുന്നതിന് ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നൊരുക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഗ്രീന്‍കറി.കോം. സായ് കൃഷ്ണ ആര്‍.പി. സ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി ആണ് മെറിലാന്റ് സ്റ്റുഡിയോയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മെറിലാന്‍ഡ് - മലയാള സിനിമയുടെ തറവാട് എന്ന പുസ്തകം മെറിലാന്‍ഡ് സ്റ്റുഡിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്ളതാണ്. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 108.

വ്യത്യസ്തമായി ചില ചിത്രങ്ങളും അവയുടെ പ്രദര്‍ശനവും

രണ്ടു ചിത്ര പ്രദര്‍ശനങ്ങളാണ് ഔട്ട് ഓഫ് ദി ബോക്‌സിന്റെ ഈ എപ്പിസോഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രകലയും ശില്പങ്ങളും ഒക്കെ ഉണ്ടാക്കാനായി പഠിക്കുകയും അത് പ്രൊഫഷനായി സ്വീകരിച്ചവരും എന്നാല്‍ മറ്റു ജോലികള്‍ക്കിടയിലും ചിത്രകലയെ സ്‌നേഹിച്ച ചിലരുടെയും ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. മറ്റൊരു പ്രദര്‍ശനം ഒരുക്കിയത് ടെക്‌നോപാര്‍ക്കിലാണ്. ടെക്‌നോപാര്‍ക്ക്് തങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത് പാര്‍ക്കിനു ചുറ്റും വളര്‍ന്ന സാമൂഹ്യ സാഹചര്യങ്ങളുടെ ചിത്രപ്രദര്‍ശനവുമായി ആണ്. ഇരുപത്തിയഞ്ച് വര്‍ഷം ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ച നല്ലവരായ നാട്ടുകാര്‍ക്ക് ഒരു സ്‌നോഹോപഹാരമായിരുന്നു ഈ ചിത്രപ്രദര്‍ശനം. നിരവധി കുടുംബങ്ങളാണ് ഇന്ന് ടെക്‌നോപാര്‍ക്കിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 107.

എന്തു കൊണ്ടു ഗോള്‍ഫ് ബാള്‍ കൂടുതല്‍ ദൂരം നേര്‍ ദിശയില്‍ യാത്ര ചെയ്യുന്നു?

കോളേജിലെ പ്രോജക്ടിനായി എന്തെങ്കിലും ചെയ്യുകയായിരുന്നില്ല അവരുടെ ലക്ഷ്യം. നാടാകെ മൈലേജ് കൂട്ടുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഈ മൂന്നു കൂട്ടുകാര്‍ ആ വഴിക്കു ചിന്തിച്ചു. എന്തു കൊണ്ടു കൂടുതല്‍ മൈലേജുള്ള ഒരു വാഹനം കണ്ടു പിടിച്ചു കൂടാ. വെറുതെ ഏതെങ്കിലും വാഹനത്തില്‍ എന്തെങ്കിലും ചെറിയ മാറ്റങ്ങള്‍ വരുത്താനല്ല അവര്‍ ആലോചിച്ചത്. നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി. എന്തു കൊണ്ടു ഗോള്‍ഫ് ബാള്‍ കൂടുതല്‍ ദൂരം നേര്‍ ദിശയില്‍ യാത്ര ചെയ്യുന്നു എന്നതിന്റെ ശാസ്ത്രം മനസ്സിലാക്കി അതു നടപ്പിലാക്കുകയായിരുന്നു ഇവര്‍. ഇവര്‍ തയ്യാറാക്കിയ വാഹനത്തിന് 200 കിലോ മീറ്റര്‍ മൈലേജ് ആണ് ലഭിക്കുന്നത്. അതു മാത്രമല്ല ഫിലിപ്പൈന്‍സില്‍ നടക്കുന്ന ഇക്കോ-മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനിയറിംഗ് കോളേജിലെ വിഷ്ണു പ്രസാദ്, റോണിത് സ്റ്റാന്‍ലി, ബിബിന്‍ സാഗരം എന്നീ മിടുക്കന്മാര്‍ക്ക് ലഭിച്ചു. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 106.

ജീവിത വിജയത്തിന് യോഗയും സൂംബാ ഡാന്‍സും പരിശീലിക്കാം

ജീവതത്തില്‍ സ്പീഡും മുന്‍ഗണനകളുമൊക്കെ മാറിയപ്പോള്‍ നമ്മെ പിടികൂടിയതാണ് ജീവിത ശൈലീ രോഗങ്ങളും മാനസിക സംഘര്‍ഷങ്ങളും. എന്തു കാര്യവും കൂളായി ചെയ്യാന്‍ കഴിയുക എന്നത് ഇന്ന് പലര്‍ക്കും പറ്റാത്ത കാര്യമാണ്. ഇത്തരം അവസ്ഥയില്‍ ഉഴലുന്നവര്‍ക്ക പരിശീലിക്കാവുന്ന രണ്ടു വ്യത്യസത്മായ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഔട്ട് ഓഫ് ദി ബോക്‌സില്‍. സുദക്ഷിണയുടെ 'യെസ് ടു സ്പിരിച്ചുാലിറ്റി' യും അഞ്ജലിയുടെ സൂംബാ ഡാന്‍സും. എം.ബി.എ പഠനത്തിനു ശേഷം കോര്‍പ്പറേറ്റ് ജീവിതത്തില്‍ നിന്നും മടങ്ങിയാണ് സുദക്ഷിണ യെസ് ടു സ്പിരച്ചുാലിറ്റി ആരംഭിച്ചത്. ടെന്നീസ് കളിക്കാരിയായരുന്നു അഞ്ജലി. ഇരുവരും വ്യത്യസ്ത മേഖലകളില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് ജീവിത വിജയം നേടാനുള്ള വഴികള്‍ പറഞ്ഞു തരുന്നത്. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 103.

1 മില്യണ്‍ കമ്പനിയാകാന്‍ ലിവാരിസ് ടെക്‌നോളജീസ്

കുറച്ച് യുവ സംരംഭകര്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനിയാണ് ലിവാരിസ് ടെക്‌നോളജീസ്. ഇന്ന് ടെക്‌നോപാര്‍ക്കിലെ ഇന്‍കുബേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി വരും വര്‍ഷങ്ങളില്‍ 1 മില്യണ്‍ കമ്പനിയാകാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ്. വ്യത്യസ്തമായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. തങ്ങളുടേതായ ഒരു ഇന്നവേഷന്‍ ലാബും ഇവര്‍ തുടങ്ങി. റോബോട്ടിക്‌സില്‍ ഗവേഷണം നടത്തുന്ന ഇവര്‍ ഭാവിയില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കു വരെ ഉപയോഗപ്പെടുത്താവുന്ന ഉപകരണങ്ങളുടെ കണ്ടുപിടത്തതിലാണ്. കുട്ടികള്‍ക്ക് അക്ഷരം പഠിക്കാന്‍ സഹായിക്കുന്നതു മുതല്‍ ഒരു മെബൈല്‍ ഫോണിനെ ഇന്റര്‍നെറ്റു വഴി നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയര്‍ വരെ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 102.

കുട്ടികളുടെ രക്ഷയ്ക്കായി, മുതിര്‍ന്നവരുടെ സമാധാനത്തിനായി സേഫ് കിഡ്‌സ്

ഒന്നാം ക്ലാസ് തൊട്ടേ അടുത്തറിഞ്ഞ കൂട്ടുകാര്‍ മുതിര്‍ന്നപ്പോള്‍ ഒരു കമ്പനി രൂപീകരിച്ചു, ലോജിക്‌സ് സ്‌പേസ് ടെക്‌നോളജീസ്. അതുകൊണ്ടു തന്നെ അവര്‍ ഉണ്ടാക്കിയ സോഫ്റ്റ്‌വെയറിന് ഒരു കുട്ടിത്തം ഉണ്ടായിരുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞിരുന്നു. അപ്പോഴേക്കും അവര്‍ മുതിര്‍ന്നതിനാല്‍ അവര്‍ക്ക് രക്ഷിതാക്കളുടെ ആകാംക്ഷയും വേദനയും അറിയാമായിരുന്നു. ഇതില്‍നിന്നാണ് സേഫ് കിഡ്‌സ് എന്ന സോഫ്റ്റ്‌വെയറിന്റെ പിറവി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ക്കും ഉപയോഗിക്കാവുന്ന ഈ സോഫ്റ്റ്‌വെയര്‍ കുട്ടികളുടെ സുരക്ഷ തന്നെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അവര്‍ അഞ്ചു പേര്‍ തങ്ങളുടെ സ്വപ്‌നസാക്ഷാത്കാരത്തെ കുറിച്ചു സംസാരിക്കുന്നു. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 101.

അസാധ്യമെന്ന് തോന്നുന്നതു ചെയ്യാം, കൃത്യമായ പരിശീലനം ഉണ്ടെങ്കില്‍

ജീനിയസ് മൈന്‍ഡ് അക്കാദമി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ സ്ഥാപനമല്ല. അതുകൊണ്ടു തന്നെയാണ് ഔട്ട് ഓഫ് ദ് ബോക്‌സ് ഈ എപ്പിസോഡില്‍ ഈ സ്ഥാപനത്തെ പരിചയപ്പെടുത്തുന്നതും. പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് മനുഷ്യന് അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാക്കുകയാണ് ഈ അക്കാദമിയിലെ പരിശീലനത്തോടെ. സാധാരണ മനുഷ്യര്‍ തങ്ങളുടെ തലച്ചോറിന്റെ പത്തു ശതമാനം പോലും ഉപയോഗിക്കുന്നില്ല. എന്നാല്‍ ജീനിയസ് മൈന്‍ഡ് അക്കാദമിയിലെ പരിശീലനം കൊണ്ട് നമ്മുടെ തലച്ചോറിലെ കൂടുതല്‍ കോശങ്ങളുടെ പ്രവര്‍ത്തനം ആണ് ഉദ്ദേശിക്കുന്നത്. മൂന്നു മാസമാണ് കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നത്. കാഴ്ച, കേള്‍വി, സ്പര്‍ശനം, രുചി, മണം തുടങ്ങിയ കഴിവുകളെ ഉത്തേജിപ്പിക്കുന്ന പരിശീനമാണ് ഇവിടെ നല്‍കുന്നത്. അതു കൊണ്ട് തന്നെ കണ്ണു മൂടി കെട്ടിയാലും കുട്ടികള്‍ക്ക് ചിത്രങ്ങള്‍ കളര്‍ ചെയ്യാനും, കാര്‍ഡുകളിലെ അക്കങ്ങള്‍ തിരിച്ചറിയാനും കഴിയുന്നു. പുസ്തകങ്ങള്‍ വളരെ വേഗം വായിക്കാന്‍ കഴിയുന്നു. വ്യക്തികളുടെ ചിന്തകളെ തേച്ചു മിനുക്കി മൂര്‍ച്ച കൂട്ടി അവിശ്വസനീയമായ കഴിവുകള്‍ നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് മീനാക്ഷി തന്റെ സ്ഥാപനത്തിലൂടെ. 5 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികളെയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ശാസ്തമംഗലത്താണ് മീനാക്ഷിയുടെ ജീനിയസ് മൈന്‍ഡ് അക്കാദമി. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 99.

'ടേക്ക് ഇറ്റ് ഈസി', നമുക്ക് കൊതുകിനെ തുരത്താം

ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ പനി വരുമ്പോഴാണ് എങ്ങനെ കൊതുകിനെ നശിപ്പിക്കാം എന്ന് ആരാഞ്ഞ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഡ്രൈ ഡേ ആചരിക്കാന്‍ പരസ്യം ചെയ്യുന്നത്. കൊതുകിന് മുട്ടയിട്ട് വളര്‍ത്താന്‍ സാഹചര്യം ഉണ്ടാക്കുകയും തുടര്‍ന്ന് കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കുകയുമാണ് പിന്തുടരുന്ന രീതി. ഈ ആശയം ഉള്‍ക്കൊണ്ടാണ് ത്രേസി തോമസ് തന്റെ കണ്ടുപിടുത്തം മുന്നോട്ട് വച്ചത്. വൈദ്യുതിയോ രാസപദാര്‍ത്ഥങ്ങളോ ഇല്ലാതെ കൊതുകിനെ നശിപ്പിക്കുന്നതാണ് കണ്ടുപിടുത്തം. വിപണിയില്‍ ഉള്ള ഏതു കൊതുക് നശീകരണ ഉപകരണങ്ങളും മനുഷ്യന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ത്രേസിയുടെ ഉപകരണത്തില്‍ കൊതുകിനെ മുട്ടയിടാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ലാര്‍വ വിരിഞ്ഞ് പ്യൂപ്പയാകുന്ന അവസ്ഥയില്‍ നശിപ്പിക്കുകയാണ്. 2014ലെ യുവ സംരംഭക സമ്മേളനത്തില്‍ ഈ കണ്ടുപിടുത്തത്തിന് ജൂറി സ്‌പെഷ്യല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. തന്റെ കണ്ടു പിടുത്തതിന് പേറ്റന്റ് ലഭിച്ചു. അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു ഈ കണ്ടു പിടുത്തം. അമേരിക്കയില്‍ കമ്പനി തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുള്ളതായി ത്രേസി പറയുന്നു. ടേക്ക് ഇറ്റ് ഈസി എന്നാണ് ഈ ഉപകരണത്തിന് പേര് നല്‍കിയിരിക്കുന്നത്. കോഴിക്കോട് ലോ കോളേജിലെ നാലാം വര്‍ഷ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ത്രേസി തോമസ്. മട്ടാഞ്ചേരിയിലെ സാറാ ഹുസൈന്‍ കത്തി ഉപയോഗിച്ച് വരച്ച വ്യത്യസ്ത ചിത്രങ്ങളും കാണാം ഔട്ട് ഓഫ് ദി ബോക്‌സിന്റെ ഈ എപ്പിസോഡില്‍. ഔട്ട് ഓഫ് ദി ബോക്‌സ്. എപ്പിസോഡ് 98

സ്വപ്നം കാണൂ, ലക്ഷ്യത്തിലെത്തൂ...

തങ്ങളുടെ സ്വപ്നത്തെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യവും ഉണ്ടെങ്കില് ഒന്നും അസാധ്യമല്ലെന്ന് കാണിച്ചു തരികയാണ് ആ സ്ത്രീകള്. ലക്ഷ്യം സാക്ഷാത്കരിക്കാനായി സ്വന്തമായി കമ്പനിയുണ്ടാക്കിയവരാണ് ആര്ദ്ര ചന്ദ്രമൗലവിയും ഗായത്രി തങ്കച്ചിയും. എന്നാല് ബദിരരും മൂകരുമായവര്ക്ക് താങ്ങു തണലുമാകുകയാണ് നിഷ് എന്ന സ്ഥാപനവും അവിടുത്തെ അദ്ധ്യാപികമാരും. ആര്ദ്രയും ഗായത്രിയും ചേര്ന്ന രൂപം നല്കിയ കമ്പനിയാണ് 'ഏക ബയോകെമിക്കല്സ് പ്രൈവറ്റ് ലിമിറ്റഡ'്. തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള് എഞ്ചിനിയറിംഗ് കോളേജില് നിന്നും ബയോടെക്നോളജിയില് ബിരുദമെടുത്തവരാണ് ഇരുവരും. കേരളത്തില് ആദ്യമായി സ്ത്രീകള് മാത്രമായ ഒരു കമ്പനിയുടെ ഉടമസ്ഥരും ഇവര് തന്നെയാണ്. ഔട്ട് ഓഫ് ദി ബോക്സ്, എപ്പിസോഡ് 97.

വരൂ, നമുക്ക് കളിക്കാം!

മലയാളികള്‍ക്കോ ഇന്ത്യാക്കാര്‍ക്കോ ഇല്ലാത്ത ഒരു ജീവിതശൈലി പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍. നിസ്സാരരല്ല ഇവരാരും. ബി.ടെക്കും, ഐ.ഐ.എമ്മില്‍ നിന്നും മാനേജ്‌മെന്റ് ബിരുദവും ഒക്കെ നേടിയവര്‍. ഇവര്‍ പരിചയപ്പെടുത്തുന്നത് എങ്ങനെ കളികളില്‍ ഏര്‍പ്പെട്ട് നമ്മുടെ ആരോഗ്യവും മനസ്സും യൗവ്വനയുക്തമാക്കാം എന്നാണ്. മറ്റു രാജ്യങ്ങളില്‍ കായിക വിനോദത്തില്‍ ഏര്‍പ്പെടുക എന്നത് പ്രായഭേദമന്യേ എല്ലാവരും എല്ലാ ദിവസവും ചെയ്യുന്നതാണ്. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. സ്വയം വ്യായാമം ചെയ്യുന്നതു കൊണ്ട് ഒരാള്‍ക്ക് ആരോഗ്യമുണ്ടാക്കാം. എന്നാല്‍ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ കളിക്കുന്നവര്‍ തമ്മില്‍ ഉണ്ടാകുന്ന ടീം വര്‍ക്ക് കളി സ്ഥലത്തു മാത്രമല്ല ജോലി സ്ഥലത്തും ഉപയോഗപ്രദമാകുന്നു. ഇത്തരത്തില്‍ കളിപ്പിക്കുന്നതു വഴി വ്യക്തിത്വ വികസനവും ടീവര്‍ക്കും ഒപ്പം ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് സ്‌പോര്‍ട്‌സ് ഫോര്‍ യു. ഇതില്‍ പങ്കെടുക്കുന്നവരുടെ ശാരീരിക ക്ഷമത കണ്ടു പിടിച്ച് അതിനനുസരിച്ചുള്ള കളികളില്‍ ആണ് ഇവര്‍ പങ്കെടുപ്പിക്കുന്നത്. അരുണും കൃഷ്ണനുണ്ണിയുമടക്കങ്ങുന്ന ഒരു ഡസന്‍ ചെറുപ്പക്കാരാണ് ഈ സംരംഭത്തിനു പിന്നില്‍. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 96

ഐ.ടിയില്‍നിന്ന് ഗാര്‍മെന്റ്‌സിലേക്ക്; ഒന്നല്ല, രണ്ട് വിജയഗാഥ

അത്യധ്വാനമില്ലാത്ത സുരക്ഷിതമായ ജോലി, സമ്മര്‍ദമില്ലാത്ത സാഹചര്യം, കുഴപ്പമില്ലാത്ത ശമ്പളം. ഇവിടെ തീരുന്നു ഒരു ശരാശരി സ്ത്രീയുടെ തൊഴില്‍ സങ്കല്‍പ്പം. ഈ സങ്കല്‍പ്പങ്ങളെല്ലാം തെറ്റാണെന്നു തെളിയിക്കുകയാണ് നീലിമയും ആനും. എന്‍ജിനീയറിംഗില്‍ ബിരുദധാരിയായ നീലിമ ഇന്‍ഫോസിസിലാണ് തുടങ്ങിയതെങ്കിലും സ്വന്തം മേഖല കണ്ടെത്തിയത് വസ്ത്രമേഖലയിലാണ്. തീര്‍ത്തും വ്യത്യസ്തമായ രണ്ടാം മേഖല പക്ഷെ, നീലിമയ്ക്ക് നല്‍കിയത് പുതിയ കാഴ്ചപ്പാടാണ്, ജീവിതമാണ്. വസ്ത്രവിപണിയുടെ ഹൃദയമിടിപ്പ് കണ്ടെത്തി, അതില്‍ വിജയപാത തീര്‍ക്കുകയാണ് നീലിമ. ശാസ്തമംഗലത്ത് സ്പാര്‍ക്ള്‍ എന്ന ബൂട്ടിക് നടത്തുന്ന ആനിനും പറയാനുള്ളത് ഇതുതന്നെ. ടെക്‌നോപാര്‍ക്കില്‍ ഐ.ടി. കമ്പനിയായ നെസ്റ്റില്‍ ജോലി ചെയ്തിരുന്ന ആനും സ്വന്തം വഴി കണ്ടെത്തിയത് വസ്ത്രവിപണിയില്‍ത്തന്നെ. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 92.

സ്ത്രീസുരക്ഷ ലക്ഷ്യമാക്കി 'സേഫ്റ്റിപിന്‍'

ആക്രമിച്ചു കീഴടക്കാനുള്ളതാണ് സ്ത്രീശരീരമെന്ന നടപ്പുകാലത്തിന്റെ തിന്മയെ നേരിടുയാണ് തിരുവനന്തപുരത്തെ സംഘടനയായ സഖി. സേഫ്റ്റിപിന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. ഗൂഗിള്‍പ്ലേ സ്റ്റോര്‍ വഴി ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ആപ്പാണിത്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന സുരക്ഷാബുദ്ധിമുട്ടുകളെ രേഖപ്പെടുത്തുകയും അതുവഴി ഈ കടമ്പകള്‍ മറികടക്കാനുള്ള സാമൂഹികനീതി കണ്ടെത്തുകയുമാണ് സേഫ്റ്റ്പിന്നിലൂടെ ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ ബസിനുള്ളില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയുടെയും ഷൊര്‍ണൂരില്‍ ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെയും മരണവേദന ഉള്‍ക്കൊണ്ടാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ സമൂഹത്തിനു മുന്നിലെത്തുന്നത്. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 90.

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ ഡോക്ടേഴ്‌സ് കാബിന്‍

വീട്ടില്‍ ഒരു ഇന്റര്‍നെറ്റും കംപ്യൂട്ടര്‍ സിസ്റ്റവും ഉണ്ടെങ്കില്‍ ഇനി ആശുപത്രികളില്‍ ക്യൂ നില്‍ക്കേണ്ട കാര്യമില്ല. ഡോക്ടര്‍മാരെ നേരിട്ട് കാണാതെ ഇന്റര്‍നെറ്റ് വീഡിയോവഴി കണ്‍സല്‍ട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ യുവ സംരംഭകര്‍. ഡോക്ടേഴ്‌സ് കാബിന്‍ എന്ന ഓണ്‍ലൈന്‍ ഹെല്‍പ് പോര്‍ട്ടലിലൂടെയാണ് ഈ സേവനം ലഭ്യമാവുന്നത്. രാജ്യത്തെ മികച്ച ഡോക്ടര്‍മാരുമായി കണ്‍സല്‍ട്ട് ചെയ്യാം എന്നതുകൊണ്ടുതന്നെ ഈ വിഡിയോ സര്‍വ്വീസിന് പ്രചാരം ഏറുകയാണ്. ഔട്ട് ഓഫ് ദ ബോക്‌സ്, എപ്പിസോഡ് 89.

വ്യത്യസ്തമായ വിപണി സാധ്യതകള്‍ തേടി ഫ്രെഷ് കേവും ചാല.ഇന്നും

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന രണ്ടു വ്യത്യസ്തമായ സംരംഭക കൂട്ടുകാരെ പരിചയപ്പെടുത്തുകയാണ് ഔട്ട് ഓഫ് ദി ബോക്‌സ്. കര്‍ഷകരില്‍ നിന്നും പഴങ്ങളും പച്ചക്കറികളും നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ഫ്രെഷ്‌കേവ് എന്ന വെബ്‌സൈറ്റിലൂടെ അജയ്, മുഫ്തി, ലഞ്ചു എന്നിവര്‍. പ്രീ ഓര്‍ഡര്‍ എന്ന രീതിയില്‍ ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നും ഓര്‍ഡര്‍ എടുത്ത ശേഷം മാത്രമാണ് ഇവര്‍ കര്‍ഷകരില്‍ സാധനം വാങ്ങുന്നത്. വ്യത്യസ്തമായ ഈ രീതി കേരളത്തിലെങ്ങും തുടങ്ങാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ കൂടാതെ ഔട്ട് ഓഫ് ദി ബോക്‌സ് പരിചയപ്പെടുത്തുന്നു ചാല മാര്‍ക്കറ്റിനെ ഓണ്‍ലൈന്‍ ആക്കിയ കൂട്ടുകാരെ. ചാലൈ.ഇന്‍ എന്ന വെബ്‌സൈറ്റിലൂടെ സുജിതും, കാത്തുവും കൂട്ടുകാരും ഉദ്ദേശിക്കുന്നത് ചാലയിലെ ആയിരത്തോളം കടകളിലെ സാധനങ്ങള്‍ അവിടെ പോകാതെ ആര്‍ക്കും ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സൗകര്യമൊരുക്കുക എന്നതാണ്. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 88.

കയാക്കിംഗ് മാര്‍ഗം മാത്രം, ലക്ഷ്യം ജീവിതസാഫല്യം

റിട്ടയര്‍മെന്റ്് എന്നാല്‍ ജീവിതാവസാനമാണെന്നും മറ്റൊന്നും ചെയ്യാതെ ദിവസങ്ങള്‍ തള്ളിനീക്കലാണെന്നും വിശ്വസിക്കുന്നവരെ ഞെട്ടിക്കുകയാണ് ഉണ്ണികൃഷ്ണന്‍ പാലോടും സുഹൃത്ത് പരമേശ്വരനും. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരത്ത് തുടങ്ങിയ കയാക്കിംഗ് സെന്റര്‍ പുതിയ തലമുറയുടെ സാഹസിക പ്രകടനത്തിന്റെ അളവുകോലാവുകയാണ്. ആത്മവിശ്വാസം വളര്‍ത്തുക, റിസ്‌ക് എടുക്കാനുള്ള പ്രേരണ ചെലുത്തുക, ഓരോരുത്തരിലുമുള്ള വാസനകള്‍ ഉണര്‍ത്തിക്കൊണ്ടുവരിക തുടങ്ങി ഈ പരിശീലനകേന്ദ്രത്തില്‍ ശാരീരികവും മാനസികവുമായ പുതിയ ലോകം തുറന്നിടുകയാണ്. കംപ്യൂട്ടര്‍ ഗെയിമില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്കായി കേരളത്തില്‍ ആദ്യത്തെ പെയ്ന്‍ബോള്‍ സെന്റര്‍ തുടങ്ങുകയാണ് തിരുവനന്തപുരത്തെ രണ്ട് ചെറുപ്പക്കാര്‍. ആകാശും കാര്‍ത്തിക്കും ചേര്‍ന്ന് പട്ടത്ത് ആരംഭിച്ച ബംഗര്‍ ഗെയിംസിലൂടെ മണ്ണിലിറങ്ങി കളിക്കുക എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കുന്നത്. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 83.

സ്‌ക്രീനിലെ ഫാം വില്ലയില്‍ നിന്നും വീക്കെന്‍ഡ് ഫാര്‍മിംഗ് ക്ലബുമായി ടെക്കികള്‍

ഫാംവില്ലയില്‍ കൃഷി ചെയ്യ്തിരുന്ന ടെക്കീസിനു മുന്നില്‍ ഒരു ടെക്കിയായ ജോജി മാത്യു അവതരിപ്പിച്ച ഒരാശയമായിരുന്നു വാരാന്ത്യ കൃഷി കൂട്ടം അഥവാ വീക്കെന്‍ഡ് ഫാര്‍മിംഗ് ക്ലബ്. ഫാംവില്ലയിലെ കൃഷിക്കളി എന്തു കൊണ്ട് നേരിട്ട് ആയിക്കൂടാ. രാസവളങ്ങള്‍ മാത്രം ഉപയോഗിച്ച് വിപണയിലെത്തുന്ന പഴം-പച്ചക്കറികള്‍ കഴിക്കണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകുകയായിരുന്നു ടെക്കികളുടെ വാരാന്ത്യ കൃഷിക്കൂട്ടം. ഇതില്‍ അംഗങ്ങളായവര്‍ ഒരു ദിവസം അല്ലെങ്കില്‍ മറ്റൊരു ദിവസം ഇവിടെ കൃഷിക്കായി എത്തുന്നു. മണ്ണിനും മനസ്സിനും ആരോഗ്യത്തിനും നല്ലതായ കൃഷിക്ക് സര്‍ക്കാരിന്റെ സഹായവും കിട്ടി. ശാന്തിഗിരിയിലെ അറുപതു സെന്റ് സ്ഥലത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. പ്രകൃതിയുമായി അടുക്കാന്‍ ഉള്ള ഒരവസരം ടെക്കി കൂട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു ജോജി. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 82.

വാക്‌സ് ആപ്പിള്‍ - വ്യത്യസ്തമായ ആര്‍ട്ട് ബാന്‍ഡ്

വ്യത്യസ്തമായ ഒരു ആര്‍ട്ട് ബാന്റിനെ പരിചയപ്പെടുത്തുകയാണ് ഈ എപ്പിസോഡില്‍. ചുമര്‍ചിത്രങ്ങള്‍ വരച്ചാണ് ഇവര്‍ വ്യത്യസ്തരാകുന്നത്. വാക്‌സ് ആപ്പിള്‍ എന്ന ബാന്‍ഡ് ആയി മാറിയപ്പോള്‍ ചുമര്‍ ചിത്രം മാത്രമല്ലാതായി മാറി. ഗ്രാഫിക്‌സ്, പോസ്റ്ററുകള്‍, ക്ലോത്ത് ഡിസൈനിംഗ്, സ്‌റ്റേജ് ഡിസൈന്‍ തുടങ്ങി എല്ലാ മേഖലയിലും ഇവര്‍ മികച്ചതാക്കുന്നു. ആര്‍.സി.സി യുടെ കുട്ടികളുടെ വാര്‍ഡില്‍ കാര്‍ട്ടൂണുകള്‍ വരച്ച് സുന്ദരമാക്കിയിട്ടുണ്ട് ഇവര്‍. തിരുവനന്തപ്പുരത്തെ ഒഴിഞ്ഞ മതിലുകളില്‍ ചിത്രങ്ങള്‍ വരച്ച് വ്യത്യസ്തമായി ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒരു ബാച്ചിലെ വിദ്യാര്‍ത്ഥികളായ പവി ശങ്കര്‍, പ്രതീഷ്, സുമേഷ്, സിദ്ധാര്‍ത്ഥ് എന്നിവരാണ് ഈ ആര്‍ട്ട് ബാന്റിന്റെ പ്രധാന പ്രവര്‍ത്തകര്‍. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 79.

വര്‍ണങ്ങള്‍ മോഹങ്ങളല്ല, മോചനം കൂടിയാണ്

രചനകള്‍ സര്‍ഗാത്മകം മാത്രമല്ല, അതു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. സ്വന്തം ചിത്രങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചപ്പോള്‍, ബാങ്കിലെ ജോലി ഉപേക്ഷിച്ച് സര്‍ഗാത്മകതയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയായിരുന്നു വന്ദന. രണ്ടു വര്‍ഷത്തെ നിതാന്ത പരിശ്രമം വന്ദനയെ എത്തിച്ചത് സോളോ ചിത്രപ്രദര്‍ശനത്തിലേക്കും തുടര്‍ന്ന് ചിത്രരചനയില്‍തന്നെ തുടരാനുമുള്ള തീരുമാനത്തിലേക്കാണ്. ജീവിതത്തിലെ നേര്‍രേഖകള്‍ മടുത്തപ്പോഴാണ് വര്‍ണങ്ങളുടെയും വരകളുടെയും ലോകത്തേക്ക് വന്ദന എത്തിയത്. പ്രശസ്ത ചിത്രകാരന്‍ ബി.ഡി. ദത്തന്റെ ക്ലാസുകള്‍ വന്ദനയിലെ ചിത്രകാരിയെ പുറംലോകത്തേക്ക് കുടഞ്ഞെറിഞ്ഞു. ചിത്രലോകത്തെ ഈ പുതിയ യുവത്വത്തെ തിരിച്ചറിയുക. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 78.

സ്‌പെയ്‌സ്- സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്ത് കേരളത്തിന്റെ വഴികാട്ടികള്‍

2004 അവസാനം തിരുവനന്തപുരത്ത് ആരംഭിച്ച സന്നദ്ധ സംഘടനയാണ് സ്‌പെയ്‌സ്. നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടി നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന കുറച്ചുപേരടങ്ങുന്ന യുവതയുടെ സംഘടനയാണ് സ്‌പെയ്‌സ്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിനും അത് ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിനും വേണ്ടി ഇവര്‍ പ്രവര്‍ത്തിക്കുന്നു. ആദ്യത്തെ പ്രവര്‍ത്തനം സ്‌കൂളുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കുക എന്നതായിരുന്നു. കുത്തക സോഫ്റ്റ്‌വെയറുകള്‍ സ്‌കൂളുകളില്‍ ആധിപത്യം സ്ഥാപിക്കുന്നത് വിദ്യാഭ്യാസ മൂല്ല്യങ്ങളെ തകര്‍ക്കുന്നതാണ് എന്ന തിരിച്ചറിവിലാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സ്‌കൂളുകളില്‍ ഉപയോഗിക്കുന്നതിനുള്ള ചുമതല സ്‌പെയ്‌സ് ഏറ്റെടുത്തത്. ഇതു മാത്രമല്ല സ്‌പെയ്‌സിന്റെ മറ്റൊരു പദ്ധതി വൈകല്ല്യമുള്ളവരുടെ കമ്പ്യൂട്ടര്‍ പരിശീലനമാണ്. ഇതു കൂടാതെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കമ്മ്യൂണിറ്റി റേഡിയോ എന്ന ആശയം അവതരിപ്പിച്ച് നടപ്പിലാക്കിയതും സ്‌പെയ്‌സ് ആണ്. ഇവര്‍ യുനെസ്‌ക്കൊയ്ക്കും യുഎന്‍ഡിപ്പിക്കും കമ്മ്യൂണിറ്റി റേഡിയോയില്‍ പരിശീലനം സ്‌പെയ്‌സ് നല്‍കിയിട്ടുണ്ട്. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 77.

പുതിയ മേഖലകള്‍ എക്‌സ്‌പ്ലോര്‍ ചെയ്ത അഖിലയുടെ വിജയപഥം

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ എം.ബി.എ. വിദ്യാര്‍ത്ഥിനിയായ അഖിലയെ വ്യത്യസ്തയാക്കുന്നത് പഠിക്കുമ്പോള്‍ത്തന്നെ അഖില ഒരു കമ്പനിയുടെ സി.ഇ.ഒ. ആണെന്നതാണ്. നഗരങ്ങളിലെ ഹോട്ടലുകളിലെ കോണ്‍ഫറന്‍സ് ഹാളുകളും ബാങ്ക്വറ്റ് ഹാളുകളും റിസര്‍വ് ചെയ്യാന്‍ അഖിലയുടെ ഹാള്‍ എക്‌സ്‌പ്ലോര്‍ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയേ വേണ്ടൂ. ഓരോ ഹോട്ടലിന്റെയും മീറ്റിംഗ് മുറികളുടെ കപ്പാസിറ്റിയും താരിഫും ചിത്രങ്ങളും സൈറ്റില്‍നിന്ന് അറിയാം. വിവിധ ഹോട്ടലുകള്‍ താരതമ്യം ചെയ്ത് അതില്‍നിന്ന് മികച്ചത് കണ്ടെത്താനും സൈറ്റ് സഹായിക്കുന്നു. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളുമായുള്ള ഇടപെടലും സൈറ്റിലൂടെ എളുപ്പത്തില്‍ സാധിക്കും. അഖിലയെ കൂടാതെ മുഹമ്മദ് ഷാഹിര്‍, വസീം അഹമ്മദ്, ഡയാന എന്നിവരും ഹാള്‍ എക്‌സ്‌പ്ലോര്‍ യാഥാര്‍ത്ഥ്യമാകാന്‍ അഖിലയ്‌ക്കൊപ്പം നിന്നവര്‍, ഇപ്പോഴും കൂടെയുള്ളവര്‍. ചരിത്രത്തില്‍ ജീവിക്കുകയും ചരിത്രത്തിനൊപ്പം നടക്കുകയും ചെയ്ത വര്‍ക്കല സ്വദേശി രാഹുലിനെ പരിചയപ്പെടുക. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 76.

ആശയുടെയും ആശങ്കയുടെയും തിരിച്ചറിവിന്റെ ചിത്രങ്ങള്‍

എല്ലായ്‌പ്പോഴും ചോദ്യങ്ങള്‍ മറ്റുള്ളവരോടുമാത്രം ചോദിക്കാനുള്ളതല്ല. ചിലപ്പോളത് സ്വയം ചോദിക്കാനുള്ളതാണ്. ഈ തിരിച്ചറിവില്‍നിന്നാണ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്ന് ബി.എഫ്.എ. പൂര്‍ത്തിയാക്കിയ അഞ്ചംഗ സംഘം ക്വസ്റ്റ് എന്ന പേരില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. അംജും, അനു തോമസ്, ബിനീഷ്, സുമേഷ്, ഷിയാസ് എന്ന അഞ്ചംഗ സംഘത്തിന് മാധ്യമവും വിഷയവും ഒരിക്കലും അതിര്‍ത്തിയല്ല. പരിപ്പുവടയും പ്ലേറ്റും പശയും ആശയസംപ്രേഷണത്തിനുള്ള ഉരുക്കളായി മാറുകയാണ്. പ്രകൃതിയും സമൂഹവും സന്തോഷവും വിഷാദവും നിറയുന്ന ജീവിതം തന്നെയാണ് ഇവരുടെ അടിസ്ഥാന പ്രചോദനം. ഇതൊരു തുടക്കം മാത്രമാണെന്നും ചിത്രകല ഇവിടെ അവസാനിക്കുന്നില്ലെന്നും ഈ യുവത തിരിച്ചറിയുന്നു. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 75.

നിരീക്ഷ- നാടകവേദിയിലെ സ്ത്രീ ശബ്ദം

കേരളത്തില്‍ നിലവിലുള്ള ഏക സ്ത്രീ നാടക വേദിയാണ് നിരീക്ഷ. 1999ലാണ് നിരീക്ഷ രൂപം കൊണ്ടത്. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജ് അധ്യാപിക രാജരാജേശ്വരിയും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ സുധി ദേവയാനിയും ആണ് ഈ പ്രസ്ഥാനത്തിന്റെ അമരക്കാര്‍. 25 വര്‍ഷങ്ങള്‍ കൊണ്ട് തികച്ചു ഒരു പ്രൊഫഷണല്‍ നാടക വേദിയായി നിരീക്ഷ മാറി. സമൂഹത്തില്‍ സത്രീകളുടെ ഇടം കണ്ടെത്താനുള്ള കഥാപാത്രങ്ങളെയാണ് ഇവര്‍ വേദിയിലെത്തിക്കുന്നത്. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായ സ്ത്രീകളുടെ രചനകള്‍ സ്ത്രീകള്‍ തന്നെ സംവിധാനം ചെയ്യുന്നു. നിരീക്ഷയുടെ ഏറ്റവും പുതിയ നാടകമായ പുനര്‍ജ്ജനി ഏറെ പ്രേക്ഷകശ്രദ്ധ നേടി. ഔട്ട് ഓഫ് ദി ബോക്‌സ്, എപ്പിസോഡ് 74.

ഓണ്‍ലൈന്‍ ഷോപ്പിംഗ് വിജയഗാഥയുമായി സൂപ്പര്‍ ഷോപ്പി

ടെക്‌നോപാര്‍ക്കിലെ ജോലിക്കാരെ ലക്ഷ്യം വച്ചുകൊണ്ടാണ് 2012 ലാണ് www.trivandrumgrocery.com എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങുന്നത്. ദിവസത്തിന്റെ ഭൂരിഭാഗം സമയവും കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്ന ടെക്കീസിന് ഷോപ്പിങ് ഓണ്‍ലൈനാക്കി മാറ്റാന്‍ ഒട്ടും സമയം വേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ ടാര്‍ഗറ്റ് ഗ്രൂപ്പില്‍ ഈ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വലിയ വിജയമായി മാറി. ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കേരളം മുഴുവന്‍ ഈ സൈറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സൈറ്റിന്റെ പേര് supershopee.com എന്നാക്കി മാറ്റി. സൂപ്പര്‍ഷോപ്പി ഓണ്‍ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ദ ബോക്‌സ്. എപ്പിസോഡ് 72.

ജലസമൃദ്ധി തിരിച്ചു പിടിക്കാം, ഇവരെ പരിചയപ്പെടുക

ജലസമൃദ്ധിയില്‍നിന്ന് ജലദൗര്‍ബല്യത്തിലേക്കു വഴുതി നീങ്ങിയ പ്രദേശമാണ് കേരളം. കടലിനും മലകള്‍ക്കും ഇടയില്‍ നിരവധി പുഴകളും കുളങ്ങളും വെള്ളക്കെട്ടുകളും തിങ്ങി നിറഞ്ഞ പ്രദേശം ഇന്ന് വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. പതിവിലും കവിഞ്ഞ മഴ ലഭിക്കുന്ന കാലത്തുപോലും ഒരു തുള്ളി പോലും അധികം ശേഷിപ്പിക്കാന്‍ കഴിയാതെ പോവുകയാണ്. ഗ്രാമങ്ങള്‍ ഇല്ലാതാവുകയും നാട്ടിന്‍പുറങ്ങളെല്ലാം പട്ടണങ്ങളിലേക്ക് കൂടുമാറ്റം നടത്തുകയും ചെയ്തപ്പോള്‍ സാധാരണക്കാരന് ജലസമൃദ്ധി സ്വപ്‌നമായി. മഴവെള്ള സംഭരണത്തെ കുറിച്ച് നാം വാതോരാതെ സംസാരിക്കാറുണ്ടെങ്കിലും ഫലപ്രദമായി പൊതുസമൂഹം ഇപ്പോഴും ഇക്കാര്യത്തില്‍ അലസരാണ്. ഇവിടെയാണ് വ്യത്യസ്ത വഴി തേടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വിസി എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി. ജീവന് ഏറ്റവും അത്യന്താപേക്ഷിതമായ ജലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വിസിയെ പരിചയപ്പെടുക. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 67.

ഡെലിവറി സര്‍വീസില്‍ വിജയഗാഥ

ചെറുപ്പക്കാരായ രണ്ടു പേര്‍ സമാനസ്വഭാവത്തോടെ ആരംഭിച്ച ഡെലിവറി സര്‍വീസുകള്‍ ഇന്ന് തലസ്ഥാനനഗരത്തിന്റെ നാഡിമിടിപ്പാണ്. തിരുവനന്തപുരം നഗരത്തില്‍ നിങ്ങളാവശ്യപ്പെടുന്നത് വീട്ടില്‍ എത്തിച്ചുതരും ഇവര്‍. ഭക്ഷണം മുതല്‍ എന്തും. ബിസിനസ് ഗ്രാജ്വേറ്റായ രാജിന്റെ റഷ്2യു, എഞ്ചിനീയറിംഗ് ബിരുദധാരി അഭിറാമിന്റെ ഡി4ഡെലിവറി. ഡലിവറിക്കായി സ്‌കൂട്ടര്‍ മുതല്‍ വലിയ വാഹനങ്ങള്‍വരെ ഉപയോഗിക്കുന്നു. സ്വന്തം അനുഭവങ്ങളില്‍നിന്നാണ് ഇവര്‍ ഡെലിവറി സര്‍വീസ് ആരംഭിക്കുന്നത്. സീനിയര്‍ സിറ്റിസണ് അപ്പോള്‍ റഷ്2യുവും ഡി4ഡെലിവറിയും വിശ്വസ്തസുഹൃത്തായി കഴിഞ്ഞു. 9037737799 എന്ന മൊബൈല്‍ നമ്പറില്‍ രാജും 0471-6004600 എന്ന നമ്പറില്‍ അഭിറാമും സേവനത്തിനായി റെഡി. ഒട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 65.

ബി ദ് ചെയ്ഞ്ച്, വരുന്നു മാറ്റങ്ങള്‍ നടപ്പാക്കാന്‍

സംസ്ഥാനത്തിന്റെ സാമൂഹിക വിപത്തുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ലോകത്തെങ്ങുമുള്ള മലയാളികള്‍ഒത്തുചേരുന്ന പ്ലാറ്റ്‌ഫോമാണ് ഐ.എ.കെ. എന്ന ഓണ്‍ലൈന്‍ സംഘടന. തലസ്ഥാനനഗരിയിലെ തെരുവുനായശല്യം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തി നടപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ബി ദ് ചെയ്ഞ്ച് എന്ന മുദ്രാവാക്യം മനസ്സിലേറ്റുന്ന ഐ.എ.കെ. അംഗങ്ങള്‍ സാമൂഹിക പ്രശ്‌നങ്ങളുടെ കാതല്‍ കണ്ടെത്തുകയാണ്. വേരുകളിലേക്കുള്ള മടക്കം എന്ന സങ്കല്‍പ്പവുമായി മുന്നേറുകയാണ് ഈ യുവസംഘം. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 64.

വിദ്യാര്‍ത്ഥികളൊരുക്കിയ 'കോംബോ' ഹാന്റ് ഫ്രീ വാഹനം ശ്രദ്ധേയമാവുന്നു

തിരുവനന്തപുരം പങ്കജകസ്തൂരി എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥികളുണ്ടാക്കിയ 'കോംബോ' എന്ന വാഹനത്തെ പരിചയപ്പെടുത്തുന്നു ഔട്ട് ഓഫ് ദ ബോക്‌സില്‍. കോളജിലെ 6 വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ വാഹനം ഉണ്ടാക്കിയത്. റണീഷ്, അരുണ്‍ എസ് ബാബു, അനീഷ് എ.ആര്‍, ശ്രീജിത്ത് എസ്.ജി, അമല്‍ വിഷ്ണു, അനീഷ് എ.എസ. എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അംഗവൈകല്യം ഉണ്ടായവര്‍ക്ക് ഓടിക്കാന്‍ കഴിയുന്ന ഹാന്റ് ഫ്രീ വാഹനമാണിത്. കാലിലാണ് എല്ലാ കണ്‍ട്രോളും ഇവര്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പണത്തിന്റെ ലഭ്യതക്കുറവാണ് പൂര്‍ണതോതിലുള്ള ഒരു വാഹനം വികസിപ്പിക്കുന്നതിന് തടസ്സമാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഔട്ട് ഓഫ് ദ ബോക്‌സ് എപ്പിസോഡ് 63

ഓണ്‍ലൈന്‍ ഗെയിമില്‍ എന്‍ഗേജുമായി മൂവര്‍ സംഘം

ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ ഷൂട്ടര്‍ ഗെയിം വികസിപ്പിച്ചടുത്തതിന്റെ ത്രില്ലിലാണ് ഈ മൂവര്‍സംഘം. ഡൈനാമിക് ഇഫക്റ്റ്‌സ് എന്ന ഇവരുടെ മള്‍ട്ടി മീഡിയ സ്ഥാപനം വികസിപ്പിച്ചെടുത്ത എന്‍ഗേജ് എന്ന ഫ്രീ ഓണ്‍ലൈന്‍ ഗെയിമിന് ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറുകയാണ്. സുഹൃത്തുക്കളായ റെനില്‍ദേവ്, രാകേഷ്, സതീഷ് എന്നിവര്‍ മൂന്നു വര്‍ഷം മുമ്പ് ഒരുമിക്കുമ്പോള്‍ എതിര്‍പ്പുകളേക്കാള്‍ മൂലധനമാക്കിയത് ഇച്ഛാശക്തിയാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി റിയല്‍ എസ്റ്റേറ്റ് വൈബ്‌സൈറ്റ് ചെയ്തതിന്റെ ക്രെഡിറ്റ് കൂടി ഈ സംഘത്തിന് അവകാശപ്പെടാം. താമസിയാതെ കംപ്യൂട്ടര്‍ ഗെയിം പരിശീലക സ്ഥാപനം ആരംഭിക്കണമെന്നാണ് ഇവരുടെ മോഹം. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 61.

ഇല്ല, വായന മരിക്കുന്നില്ല: ലെറ്റസ്‌റീഡ്.ഇന്‍

വായന മരിക്കുന്നു, വായനശാലകള്‍ ഇല്ലാതാവുന്നു. പരാതിപ്പെടാന്‍ വരട്ടെ. ഇഷ്ടപുസ്തകം ഒറ്റ ക്ലിക്കില്‍ കയ്യിലെത്തിയാല്‍ എങ്ങനെയിരിക്കും? പരാതികള്‍ മനോഹരമായ ഒരോര്‍മ്മപ്പുസ്തകം പോലെ ഹൃദയത്തില്‍ സൂക്ഷിക്കാനാവും. ലെറ്റസ്‌റീഡ്.ഇന്‍ എന്ന വെബ്‌സൈറ്റിലൂടെ ആനന്ദ് വി. നായര്‍ പുസ്തകപ്രേമികള്‍ക്കു നല്‍കുന്നതും അതാണ്. ലെറ്റസ്‌റീഡ് എന്ന ഓണ്‍ലൈന്‍ ലെന്‍ഡിംഗ് ലൈബ്രറി ഇപ്പോള്‍ ഓണ്‍ലൈനില്‍ വായനയുടെ അക്ഷയഖനി. ഏതു പ്രായക്കാര്‍ക്കും ഏതു തരക്കാര്‍ക്കുമുള്ള പുസ്തകങ്ങള്‍ ആനന്ദ് ഒരുക്കുന്നു. ഐ.ടി. യുഗത്തിന്റെ ആരംഭകാലത്ത് 17 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ആനന്ദ് നാട്ടില്‍ തിരിച്ചെത്തിയത് വായനയുടെ പൂക്കാലം തിരിച്ചുപിടിക്കുക എന്ന ദൗത്യവുമായാണ്. വായനയൊഴികെ ബാക്കിയെല്ലാം ഇവിടെ ഹൈടെക്കാണ്. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 60.

വേണമെങ്കില്‍ ചക്ക ബുദ്ധിയിലും കായ്ക്കും

കേരളത്തില്‍ സമൃദ്ധമായി വളരുന്ന ചക്ക പക്ഷേ, എല്ലാ കാലത്തും ഉണ്ടാവില്ലെന്ന ദോഷമുണ്ട്. അതേസമയം, ഉണ്ടാവുമ്പോള്‍ കൂട്ടത്തോടെയും. ഇതിലേറെയും പാഴായിപ്പോവുകയാണ് പതിവ്. എല്ലാ കാലത്തും ചക്ക കഴിക്കാനായെങ്കില്‍ എന്നാശിക്കാത്ത മലയാളി ഉണ്ടാവില്ല. ഈ സ്വപ്‌നത്തിന് രുചിയേറ്റുകയാണ് ജാക്ക്ഫ്രൂട്ട് 365 എന്ന പുതിയ ഉല്‍പ്പന്നം. മൈക്രോസോഫ്റ്റിലെ എന്‍ജിനീയറിംഗ് ഉദ്യോഗം വേണ്ടെന്നുവെച്ച് ചക്കയെ സ്‌നേഹിച്ച ജെയിംസ് ജോസഫ് പുതിയ വഴി തേടുകയായിരുന്നു. ആഗ്രഹം തോന്നുമ്പോഴൊക്കെ ചക്കയുടെ രുചി നുണയാനുള്ള ആശയത്തിനു പിന്നാലെയായി ജെയിംസ്. അങ്ങനെ ജാക്ക്ഫ്രൂട്ട് 365 ഉടലെടുത്തു. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 58.

ത്രിഡി പ്രിന്ററുമായി ബയോട്‌സ്

രാജ്യത്തെ ആദ്യത്തെ ത്രിഡി പ്രിന്റര്‍ വികസിപ്പിച്ചെടുത്ത മലയാളികളായ യുവാക്കളെ പരിചയപ്പെടുത്തുന്നു ഔട്ട് ഓഫ് ദ ബോക്‌സില്‍. തിരുവനന്തപുരത്തുള്ള ബയോട്‌സ് എന്ന സ്റ്റാര്‍ട്അപ് കമ്പനിയെക്കുറിച്ച്. ഏതൊരു ഉത്പന്നത്തിന്റെയും മാതൃക ഡിസൈന്‍ ചെയ്യുന്നത് ത്രിഡി പ്രന്റിങിലൂടെയാണ്. ഇതിനായി വിദേശത്തുനിന്ന് ത്രിഡി പ്രിന്റിങ് മെഷിനുകള്‍ കൊണ്ടുവരികയാണ് പതിവ്. ഇതിനായി വരുന്ന ചിലവ് ഏതാണ്ട് ഒരു കോടി രൂപയോളമാണ്. മേക്കിഫയര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വദേശി ത്രിഡി പ്രിന്റിന് ഒരുലക്ഷത്തില്‍ താഴെയാണ് ചിലവ്. ഔട്ട് ഓഫ് ദ ബോക്‌സ് എപ്പിസോഡ് 52

ഈ ഓട്ടം ആസ്വദിക്കുക: ക്ലബ് മോട്ടോ

രണ്ട് ചക്രങ്ങളില്‍ ഓടുന്ന വാഹനം വെറുമൊരു വാഹനം മാത്രമല്ല പലര്‍ക്കും. ഒരു പക്ഷേ, ജീവിതത്തില്‍ സ്വന്തമായി ആദ്യം വാങ്ങുന്ന ഈ വാഹനം പലര്‍ക്കും ശരീരത്തിന്റെ ഒരു ഭാഗം തന്നെയായിരിക്കും. ഒരു വികാരമായിരിക്കും. മറ്റൊരാള്‍ക്കു കൈമാറാന്‍ പോലും മടിക്കുന്ന ബൈക്ക് പക്ഷേ, ഏറ്റവും അശ്രദ്ധയോടു കൂടി ഉപയോഗിക്കുന്ന സമൂഹവും നമ്മുടേതായിരിക്കും. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങളോടെ റൈഡിങ്ങിന്റെ വിവിധ തലങ്ങള്‍ ആസ്വദിക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരികയാണ്. റൈഡ് സ്മാര്‍ട്ട് & റൈഡ് സേഫ്‌ലി എന്ന മുദ്രാവാക്യവുമായി ക്ലബ് മോട്ടോ സജീവമാവുകയാണ്. ഔട്ട് ഓഫ് ദ് ബോക്‌സ്, എപ്പിസോഡ് 48.

സുഹൃത്ത് കൂട്ടായ്മയില്‍ നിന്നും ഒരു കമ്പനി

പഠനത്തിന് ശേഷം സ്വന്തമായി സ്ഥാപനങ്ങളും സംരംഭങ്ങളും തുടങ്ങുക എന്നതാണ് ഇന്നത്തെ യുവത്വത്തിന് ഏറെ ഇഷ്ടം. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സെമിലോണ്‍ ടെക്‌നോളജീസ് എന്ന യുവ കമ്പനി അത്തരത്തിലുള്ളതാണ്. ലൈറ്റിങ് ഡിസൈന്‍ ആന്റ് ഇംപ്ലിമെന്റേഷന് പുറമെ എല്‍ഇഡി ലൈറ്റുകളും സോളാര്‍ ലൈറ്റുകളും നിര്‍മ്മിക്കുന്ന കമ്പനിയാണിത്. എഞ്ചിനിയറിങ് ബിരുദ ധാരികളായ ഒരുകൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ 2011 ലാണ് കമ്പനി നിലവില്‍ വരുന്നത്. പഠനത്തിന് ശേഷം കോളേജില്‍ നിന്നും കിട്ടിയ കോഷന്‍ ഡെപ്പോസിറ്റായ 80,000 രൂപയില്‍ നിന്നാണ് കമ്പനി തുടങ്ങിയത്. ഔട്ട് ഓഫ് ദ ബോക്‌സ് എപ്പിസോഡ് 45

പപ്പടവടയുമായി മിനു, പരിപ്പുവടയുമായി ഗോപി

എറണാകുളം എംജി റോഡിലെ ഒരു ചായക്കടയാണ് പപ്പടവട. ഈ നാടന്‍ ചായക്കട നടത്തിപ്പിലും ആശയത്തിലും എല്ലാ വളരെ വ്യത്യസ്തമാണ്. ചായയും കാപ്പിയും മറ്റ് നാടന്‍ വിഭവങ്ങളും കിട്ടുന്ന കടയാണ് പപ്പടവട. മള്‍ട്ടി നാഷണല്‍ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് മിനു പോളിന്‍ എന്ന യുവ സംരംഭക പപ്പടവട ആരംഭിച്ചത്. കൊച്ചി നഗരത്തിന്റെ തിരക്കും ജീവിത വേഗതയും അടുത്തറിഞ്ഞ ശേഷമാണ് യുവസംരഭകനായ ഗോപി നഗരത്തിലെ ആദ്യ ഡീല്‍ സൈറ്റ് ആരംഭിച്ചത്, പരിപ്പുവട.കോം. കൊച്ചിയില്‍ ലഭ്യമാവുന്ന എല്ലാ ഓഫറുകളും ഇതിലൂടെ തൊട്ടറിയാം.സങ്കല്‍പ്പത്തിലും നടത്തിപ്പിലും തീര്‍ത്തും വ്യത്യസ്തമായ രണ്ടു സമീപനം. ഔട്ട് ഓഫ് ദ ബോക്‌സ്, എപ്പിസോഡ് 40

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം