വിശ്വാസത്തോടുള്ള വാശി

നല്ല പ്രായോഗിക രാഷ്ട്രീയബുദ്ധിയുടെ കുറവ് സിപിഎമ്മിനും ഈ സര്‍ക്കാരിനും നന്നായിട്ടുണ്ട്. കാരണം ശബരിമലയില്‍ എല്ലാ സ്ത്രീകളും കയറട്ടേയെന്ന് കോടതി വിധിച്ചപ്പോള്‍ അത് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് സര്‍ക്കാരിന് പറയാമായിരുന്നു. മാത്രമല്ല, വിശ്വാസത്തിലേക്ക് വിധി വരുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏഴംഗഉപദേശകസമിതിയുള്ള മുഖ്യമന്ത്രി ശ്രമിച്ചുമില്ല. കാര്യം വ്യക്തമാണ്, വിശ്വാസത്തിന് വില കല്‍പ്പിക്കാത്ത നടപടികള്‍ വാശിപുറത്ത് ആദ്യംമുതലേ നടപ്പാക്കാന്‍ ശ്രമിച്ചൂ എന്നതാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നത്. അതേ ശബരിമലയും സര്‍ക്കാരും. ധിം തരികിട തോം, എപ്പിസോഡ്: 293.

Anchor: Marshal Sebastian

മൂന്ന് കോടാലികള്‍

അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കാത്തിരിപ്പിന് വിരാമമായി, അവര്‍ക്ക് ഒരു കെപിസിസി പ്രസിഡണ്ടിനെ കിട്ടിയിരിക്കുന്നു. കുറച്ച് നാളത്തെ കാത്തിരിപ്പിന് ഒരു ഗുമ്മ് കിട്ടന്ന് കരുതിയാകണം ഒരു പ്രസിഡണ്ടിനെ ആഗ്രഹിച്ച കോണ്‍ഗ്രസ് അണികള്‍ക്ക് മൂന്ന് വര്‍ക്കിംഗ് പ്രസിഡണ്ടിനെ കൂടി നല്‍കി ഹൈക്കമാന്‍ഡ് അനുഗ്രഹിച്ചിരിക്കുന്നു. കുട്ടികാലത്ത് കേട്ട് കഥയില്‍ ഒരു മരംവെട്ടുകാരന് തന്റെ കോടാലി പുഴയില്‍ പോയി കാണാതായപ്പോള്‍ വനദേവത മൂന്ന് കോടാലി നല്‍കി അനുഗ്രഹിച്ചു. ആ കോടാലി കഥ പോലെ ആവശ്യത്തിന് നേതാക്കളെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്‍കിയിരിക്കയാണ് ഹൈക്കമാന്‍ഡ്. കോടാലി കഥപോലെ ഈ ഭാരവാഹികള്‍ എല്ലാം ചേരുമ്പോള്‍ കേരളത്തിന് ഇവര്‍ ഒരു കോടാലി ആകരുതേയെന്നാണ് യഥാര്‍ത്ഥ പാര്‍ട്ടികാരുടെ പ്രാര്‍ത്ഥന. കാരണം കെപിസിസി ആസ്ഥാനത്ത് ഒരോ നേതാക്കളും എത്തുമ്പോള്‍ ഗ്രൂപ്പടിസ്ഥാനത്തിലുള്ള മുദ്രാവാക്യം വിളിയില്‍ കോണ്‍ഗ്രസിലെ ഐക്യം എന്താകുമെന്ന് കാണാം. ധിം തരികിട തോം, എപ്പിസോഡ്: 292.

എവിടെ ക്യാഷ് എവിടെ?

മലയാളി വെള്ളപൊക്ക ദുരന്തത്തിലേക്ക് പോകുന്നതിന് മുമ്പ് നോട്ട് നിരോധനം എന്നൊരു ദുരന്തം നേരിട്ടിരുന്നു. നമ്മുടെ പ്രധാനമന്ത്രി നടത്തിയ ആ നോട്ട് നിരോധന പ്രഖ്യാപനം ഒരു ദുരന്തം തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് തന്നെ വ്യക്തമാക്കിയിരിക്കുന്നു. പതിനഞ്ച് ലക്ഷത്തി നാല്‍പ്പത്തൊന്നായിരത്തി എഴുന്നൂറ്റിതൊണൂറ്റി മൂന്ന് കോടി രൂപയുടെ അഞ്ഞൂറ് ആയിരം നോട്ടുകള്‍ നിരോധിച്ചതില്‍ 99.3ശതമാനം നോട്ടും തിരികെ ആര്‍ബിഐയില്‍ എത്തി. കേവലം പതിനായ്യരത്തി എഴുന്നൂറ്റി ഇരുപത് കോടി രൂപയാണ് തിരികെ എത്താത്തത്‌. പുതിയനോട്ടടിക്കാന്‍ 11386 കോടി രൂപ ചെലവാകുകയും ചെയ്തു. ചുരുക്കത്തില്‍ 666കോടി രൂപ നഷ്ടം. മറ്റ് കഷ്ടപ്പാടുകള്‍ വേറെ. പെട്രോളിന് 82 രൂപ വില ആയതിനാല്‍ ആരും പ്രധാനമന്ത്രിയെ പച്ചക്ക് കത്തിച്ചോളൂ എന്ന അദ്ദേഹത്തിന്റെ തന്നെ വെല്ലുവിളി ഏറ്റെടുക്കില്ല. അതേ ചീറ്റിപ്പോയ നോട്ട് നിരോധനം. ധിം തരികിട തോം, എപ്പിസോഡ്:288

അതിജീവനത്തിന്റെ പുതിയ പാഠവുമായി മലയാളികള്‍

സര്‍ക്കാര്‍ സംവിധാനങ്ങളുടെ വരവ് കാത്തിരുന്ന് ദുരന്ത മുഖത്ത് പകച്ചിരിക്കാതെ പ്രളയത്തെ അതിജീവിച്ചവരാണ് മലയാളികള്‍. സൈന്യവും ,മന്ത്രിമാരും ഐ.എ.എസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാതിരുന്നത്. ഭുരിഭാഗം ജില്ലകളെയും പ്രളയവും പെരുമഴദുരിതവും പിടികൂടിയിട്ടും കേരളം വീണുപോകാതെ കാത്തത് നാം മലയാളികളുടെ സംഘബോധം തന്നെ. പറയുന്നത് നമ്മളല്ല. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മറുനാട്ടുകാരാണ്. മലയാളിയുടെ അതിജീവനക്ഷമതയ്ക്കാകട്ടെ നമ്മുടെ ആദ്യ സല്യൂട്ട്. ധിം തരികിട തോം, എപ്പിസോഡ്: 287.

പോരിന് പാര പിള്ള

സമാധാനമായി, രണ്ട് മാസം നീണ്ട് നിന്ന ചര്‍ച്ചക്കൊടുവില്‍ ഒരു കിടിലന്‍ പ്രസിഡണ്ടിനെ നമ്മുടെ ബിജെപി നേതൃത്വം കണ്ടെത്തിയിരിക്കുന്നു, എല്ലാവര്‍ക്കും സ്വീകാര്യനായ, ചെങ്ങന്നൂരില്‍ എന്‍ഡിഎ തന്നെ വാരിതോല്‍പ്പിച്ച പിഎസ് ശ്രീധരന്‍പിള്ള എന്ന മിണ്ടാപ്രാണിയെ വീണ്ടും താമര തണ്ടുമായി ഇറക്കിയിരിക്കുന്നു. ആദരണീയനായ കുമ്മനംജിയെ കൊണ്ടുവരുമ്പോള്‍ അദ്ദേഹം ബിജെപി അംഗം പോലുമല്ല എന്നതായിരുന്നു വിമര്‍ശനം. ഇതില്‍ നിന്ന് പാഠം പഠിച്ച സംഘബന്ധുക്കള്‍ ഇതാ ഒരു മുന്‍പ്രസിഡണ്ടിനെ തന്നെ വീണ്ടും പ്രസിഡണ്ടാക്കിയിരിക്കുന്നു. പഴയ മുഖം എന്നാല്‍ ഇതാ പുതിയ മുഖം. ധിം തരികിട തോം, എപ്പിസോഡ്: 285.

എഴുത്തോ നിന്റെ കഴുത്തോ?

വര്‍ഗീയത, പ്രകൃതിയില്‍ നിന്നുള്ള വ്യതിയാനമായതിനാല്‍ അത് നിലനില്‍ക്കില്ലെന്നും അതിനെതിരെ ശക്തമായി പൊരുതണമെന്നും മന്ത്രി ജി സുധാകരന്‍ പറയുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന നോവലിനെതിരെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് ഉയരുകയും നവമാധ്യമങ്ങളിലൂടെ ചിലര്‍ നോവലിസ്റ്റിനെ വേട്ടയാടുകയും ചെയ്തപ്പോഴാണ് മന്ത്രി ഇത് പറഞ്ഞത്. പക്ഷേ നോവലിസ്റ്റിന് ഇത്തരം സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയാതെ എഴുത്ത് അവസാനിപ്പിക്കേണ്ടി വന്നു. എഴുത്തിനേക്കാള്‍ ഭേദം തന്റെ സമാധാനപരമായ ജീവിതമാണെന്ന് ആ പാവത്തിന് പറയേണ്ടി വന്നു. അങ്ങനെ ഉത്തരേന്ത്യന്‍ മോഡല്‍ ഫാസിസം വലത്കാല്‍ വെച്ച് ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലും എത്തി. ലഞ്ജിക്കുക കേരളമേ, നന്നായി ലഞ്ജിക്കുക. അപ്പോ ധിം തരികിട തോമിന്റെ മീശ ആരംഭിക്കയാണ്. ധിം തരികിട തോം, എപ്പിസോഡ്: 284.

പാര്‍ട്ടി രാമായണം

ത്രേതായുഗത്തിലെ രാമായണം കലിയുഗത്തില്‍ ആര്‍ക്കെല്ലാം സ്വന്തമാണ്? ശബരിമല ശാസ്താവും ഗുരൂവായൂരപ്പനും ആര്‍ക്ക് അവകാശപ്പെട്ടതാണ്.സംശയംവേണ്ട ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത മുഴുവന്‍ മതങ്ങളും ദൈവങ്ങളും ഓരോ മനുഷ്യന്റേതുമാണ്.തങ്ങളുടെ ആവശ്യാനുസരണം അവര്‍ അത് എടുത്ത് പയോഗിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ സിപിഎം അനുഭാവസംഘടനകള്‍ പരസ്യമായും സഖാക്കള്‍ രഹസ്യമായും രാമായണമാസം ആചരിക്കുന്നതില്‍ എന്താണ് തെറ്റ്? അതുകൊണ്ട് സിപിഎം രാമായണമാസം ആചരിക്കുന്നതിലും ചൊല്ലുന്നതിലും ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് പാര്‍ടി രാമായണം ആരംഭിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 282.

അമ്മ എന്ന തിന്മ

അമ്മ എന്ന ഏതാനും അഭിനേതാക്കളുടെ ഒരു സംഘടനയെ ചൊല്ലിയാണ് ഇപ്പോ പുകിലുകള്‍ അത്രയും. ഒരു ചലച്ചിത്ര നടിയെ ക്വട്ടേഷന്‍ കൊടുത്ത് ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മ എന്ന സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്ന് അതേ സംഘടനയിലെ നടികള്‍ തന്നെ പറയുന്നു. അവരില്‍ പലരും രാജിവെക്കുന്നു, ഇത് ഒരു സംഘടനയുടെ മാത്രം ആഭ്യന്തര കാര്യമല്ലെന്നും നാട്ടിലെ സ്ത്രീകളുടെ തന്നെ അഭിമാന പ്രശ്‌നമാണെന്നും നടനെ തിരിച്ചെടുത്ത നടപടി പുനപരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പുകിലുകള്‍ക്ക് ചുക്കാന്‍ പിടിച്ച അമ്മ ജനറല്‍ബോഡി യോഗത്തിലേക്കാണിനി. സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയ മോഹന്‍ലാല്‍ ദിലീപിനെ കൂടി സംഘടനയിലേക്ക് തിരുകി കയറ്റി. ധിം തരികിട തോം, എപ്പിസോഡ്: 280.

നെല്ലിക്കുന്നിലെ സ്‌പൈഡര്‍മാന്‍

അന്ത്യോദയ കൊച്ചുവേളിയില്‍ നിന്ന് മംഗലാപുരത്തേയ്ക്ക് പോകുന്ന ട്രെയ്‌നാണ്. ട്രെയ്‌നിനൊക്കെ ഇടാന്‍ പറ്റിയ നല്ല ബെസ്റ്റ് പേര്. കാര്യമെന്തായാലും അന്ത്യോദയ എന്ന ഈ കൂദാശ വണ്ടിക്ക് കാസര്‍കോട് സ്‌റ്റോപ് ഇല്ല എന്ന സങ്കടത്തില്‍ എംഎ നെല്ലിക്കുന്ന് എംഎല്‍എ ഒരു സാഹസ സമരം കാണിക്കുകയാണ്. പച്ചക്കൊടിയുമായി ഓടിവരുന്ന ട്രെയ്ന്‍ തടയാന്‍ പോയ പൂര്‍വികരുടെ മണ്ടത്തരമൊന്നും ഇപ്പോഴത്തെ ലീഗ് എംഎല്‍എമാര്‍ക്കില്ല. പകരം പച്ചക്കൊടി കാണിച്ചാല്‍ ട്രെയ്ന്‍ നിര്‍ത്തില്ലെന്ന് മനസിലാക്കിയ എംഎല്‍എ ഇതാ പുതിയ നമ്പര്‍ ഇറക്കിയിരിക്കുന്നു. നിര്‍ത്തിയിട്ട ട്രെന്‍ ചങ്ങലവലിച്ച് നിര്‍ത്തി സമരം. ധിം തരികിട തോം, എപ്പിസോഡ്: 279.

ബി.ഡി.ജെ.എസ്സ സ്‌പെന്‍സ് ഇന്‍ ചെങ്ങന്നൂര്‍

മെഗാസീരിയലിലെ കഥയ്ക്കും സസ്‌പെന്‍സിനും തുല്യമാണ് ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരണം മുതല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുടമുടച്ചുവെങ്കിലും നേട്ടമുണ്ടായത് ബി.ജെ.പിയ്ക്ക് മാത്രം. വാഗാദാനം ചെയ്ത സ്ഥാനമാനങ്ങള്‍ ലഭിക്കാത്തത് മുതല്‍ അച്ഛന്‍ മകനെ ബി.ജെ.പി ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിച്ചു തുടങ്ങി. സമ്മര്‍ദ്ദമോ ബാര്‍ഗെയിനിംഗോ എന്ന് എന്ത് പേരിട്ട് വിളിച്ചാലും പിതാവും പുത്രനും ഇരു ധ്രുവങ്ങളിലായി. ഒടുവില്‍ പിതാവിന്റെ ബോധ്യത്തിലേക്ക് പുത്രനും മാറിയതായാണ് ആദ്യ എപ്പിസോഡുകളിലെ കഥാ സാരം. വലിച്ചു നീട്ടുന്ന ഒരു സീരിയല്‍ കഥ പോലെ ബി.ഡി.ജെ.എസ്. എപ്പിസോഡ്: 274.

കൂടോത്രപ്പാര

ഈയിടെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റെ വസതിയില്‍ നിന്ന് കണ്ടെടുത്ത കൂടോത്ര സാമഗ്രികള്‍ കേരള രാഷ്ട്രീയത്തില്‍ നടക്കുന്ന ആഭിചാരക്രിയകളുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. വെറും സുധീരനോ കോണ്‍ഗ്രസിനോ മാത്രമല്ല ഈ ആഭിചാരക്രിയകള്‍ ഏറ്റിരിക്കുന്നത്. പണിയും മറുപണിയുമായി നടക്കുന്ന ദുഷ്‌കര്‍മ്മങ്ങളാണ് മുന്നണികളിലും ഭരണത്തിലും സംഭവിച്ചതിനെല്ലാം പിന്നില്‍ ഈ ഐ.ടിയുഗത്തിലും കൂടോത്രവിദ്യകള്‍ പാഴവേലയാണെന്നും അന്ധ വിശ്വാസമാണെന്നും തള്ളിക്കളാന്‍ വരട്ടെ. കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയിലും വില്യം ലോഗന്‍ മലബാര്‍ മാനുവലിലും പറഞ്ഞിട്ടുള്ള ആഭിചാരകര്‍മ്മങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ സ്‌കോപ്പുണ്ടോ എന്നൊരു അന്വേഷണമാണ് ധിം തരികിട തോം നടത്തുന്നത്. ധിം തരികിട തോം. എപ്പോസോഡ്: 273.

വേഷങ്ങള്‍ ജന്മങ്ങള്‍..

മാധ്യമശ്രദ്ധ നേടാനുള്ള ചിലരുടെ ഷോയ്ക്കും ഒരു കുറവുമില്ല. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ പ്രതിപക്ഷ നേതാവ് സാക്ഷാല്‍ രമേശ് ചെന്നിത്തല കാളവണ്ടിയില്‍ കയറി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഇത്‌കൊണ്ടൊന്നും കഴിയുന്നതല്ല കേരളത്തിലെ ഉടായിപ്പ് സമരങ്ങളും പ്രകടനങ്ങളും, ശ്രീ ടോമിന്‍ തച്ചങ്കരി ഐപിഎസാണ് മറ്റൊരു മാധ്യമശ്രദ്ധാകേന്ദ്രതാരം. അതായത് എല്ലാവരും ചെയ്യുന്നപോലെ ചെയ്താല്‍ തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് പ്രത്യേകിച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കി തൊലികട്ടി മുന്നേറ്റ നടത്തുകയാണ് പ്രതിപക്ഷനേതാവും ഡിജിപി തച്ചങ്കരിയും ഒക്കെ. മാധ്യമങ്ങളുടെ ശ്രദ്ധകിട്ടാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളുടെ ഒരു മത്സരം നടത്തിയാല്‍ ആര് ജയിക്കും. ചെന്നിത്തലയോ അതോ തച്ചങ്കരിയോ?. ധിംതരികിടതോം, എപ്പിസോഡ്: 272.

സ്വാശ്രയ രക്തസാക്ഷികളെ മറന്ന സഖാക്കള്‍

സ്വാശ്രയകോളേജുകളില്‍ തലവരിപണം നല്‍കിയും ക്രമവിരുദ്ധമായും പ്രവേശനം നേടിയ വിദ്യാര്‍ഥികളെയും അവരില്‍നിന്നും കോഴ വാങ്ങിയ മാനേജ്‌മെന്റുകളെയും സഹായിക്കാനായി കേരള നിയമസഭ ഒരു ക്രമവല്‍കരിക്കല്‍ നിയമം പാസാക്കാന്‍ നോക്കി. സംഗതി ചീറ്റി, അപ്പോഴാണ് സ്വകാര്യസ്വാശ്രയ കോളേജുകള്‍ എന്ന ദുഷിപ്പ് നമ്മുടെ ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ ചെയ്യുന്ന ദുരിതങ്ങളെകുറിച്ച് ഓര്‍ത്തത്. ഇപ്പോ പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതി എന്ന രീതിക്ക് അംഗീകാരം നല്‍കാന്‍ നിയമസഭ ശ്രമിക്കുമ്പോള്‍ പഴയസമരങ്ങള്‍ ഒന്നും മറക്കരുത്. മാത്രമല്ല, വിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചയെകുറിച്ചും ഓര്‍ക്കണം. ധിം തരികിട തോം, എപ്പിസോഡ്: 268.

ശോഭനമാകുമോ?

എന്നാണ് തെരഞ്ഞെടുപ്പ് എന്ന് കാര്യത്തില്‍ വല്യ ധാരണയൊന്നുമില്ലെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികള്‍ എല്ലാം തകര്‍പ്പന്‍ പ്രചാരണത്തിലാണ്. കുഴിത്തുരുമ്പം കുത്തിത്തിരുപ്പും മറുകണ്ടം ചായലുമെല്ലാം തകൃതിയായി നടക്കുന്ന തെരഞ്ഞെടുപ്പ്. യൂഡിഎഫ് ക്യാമ്പില്‍ നിന്ന് എല്‍ഡിഎഫിലേക്ക് എത്തിയരിക്കുന്നത്, മൂന്ന് വട്ടം ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന ശോഭനാ ജോര്‍ജ്ജാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കോണ്‍ഗ്രസിന്റെ ഇറയത്ത് നിന്നിട്ടും മൈന്‍ഡ് ചെയ്യാത്ത നേതൃത്വത്തെ നന്നായൊന്ന് ശപിച്ച് മുന്‍എംഎല്‍എ എല്‍ഡിഎഫ് കണ്‍വന്‍ഷനെത്തി. ധിംതരികിട തോം, എപ്പിസോഡ്: 266.

സുധാകര ഗാന്ധി സംസാരിക്കുകയാണ്

കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഗാന്ധിശിഷ്യനാണോ എന്ന സംശയം അവിടെ നില്‍ക്കട്ടെ, അദ്ദേഹം പ്രായോഗികവാദിയായ ഒരു കോണ്‍ഗ്രസുകാരനാണ്. അംഹിസ, നിരാഹാരം, സത്യാഗ്രഹം തുടങ്ങിയ ഗാന്ധിയന്‍ സമരങ്ങള്‍ വിജയിപ്പിക്കുന്നത് എതിരാളികളാണ്. അവരുടെ മനസിലെ നന്മ ഗാന്ധിയന്‍ സമരരീതികളീലൂടെ തട്ടി ഉണര്‍ത്തി അവരില്‍ മാറ്റമുണ്ടാക്കണം. അത് കണ്ണൂരിലെ സിഎമ്മുകാരുടെ മുന്നില്‍ പ്രത്യേകിച്ച് കിര്‍മാണി മനോജ്, കൊടി സുനി തുടങ്ങി വിളിച്ചോണ്ട് വാടാ എന്ന് പറഞ്ഞാല്‍ കൊന്നോണ്ട് വരുന്നവരുടെ അടുത്ത് നിരാഹാരം കിടന്നിട്ട് എങ്ങനെ നടപ്പാക്കും എന്നാണ് കെ സുധാകരന്‍ ചോദിക്കുന്നത്. അതുകൊണ്ട് ചെറുപ്പകാരെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനരീതി കോണ്‍ഗ്രസിന് വേണം കഴിഞ്ഞില്ല, സംഘടനാതെരഞ്ഞെടുപ്പ് നടത്തി യോഗ്യതയുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. അതെ സുധാകരഗാന്ധി സംസാരിക്കുകയാണ്. ധിം തരികിട തോം, എപ്പിസോഡ്: 263.

ആസ്താന ആസ്ഥാനത്തെത്തി

സംസ്ഥാനത്ത് വിജിലന്‍സ് എന്നു പറഞ്ഞാല്‍ എന്താണ്? അധികാരത്തിന്റെ ആഢംബരമുള്ളവരും അധികാരത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും പൊതുപ്രവര്‍ത്തനമെന്ന പദവിയില്‍ നില്‍ക്കുന്നവരും അഴിമതി നടത്തുകയാണെങ്കില്‍ കയ്യോടെ പൊക്കാനുള്ള സംവിധാനമാണ് വിജിലന്‍സ്. സാധാരണഗതിയില്‍ 500രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ കൈക്കൂലി വാങ്ങുന്ന പഞ്ചായത്ത് ജീവനക്കാരെ മാത്രമാണ് വിജിലന്‍സ് പിടികൂടുക. വന്‍കിട തട്ടിപ്പുകാര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായത്തോടെ നല്‍കുക എന്ന കടമകൂടി ഇവര്‍ ഇപ്പോള്‍ നിര്‍വ്വഹിക്കാറുണ്ട്. മോശം പറയരുതല്ലോ ഏത് മുന്നണി അധികാരത്തില്‍ വന്നാലും മാറ്റം ഒന്നുമില്ല. എങ്കിലും അഴിമതിക്കാരെ വിജിലന്‍സ് പൊക്കുമെന്ന് വിശ്വസിക്കുന്ന പൗരന്‍മാരെ നിങ്ങള്‍ക്കിതാ സന്തോഷവാര്‍ത്ത, കോടതിയുടെ ഇടപെടല്‍ മൂലം വിജിലന്‍സ് ഡയറക്ടറായി കേഡര്‍ ഡിജിപി ഡോ.നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റെടുത്തിരിക്കുന്നു. ഇനി ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും. മൈക്രോഫിനാന്‍സ് തട്ടിപ്പും ബാര്‍കോഴയും എല്ലാം തീരുമാനമാകും. ധിം തരികിട തോം, എപ്പിസോഡ്: 260.

ഹലോ, ദുബായ്ക്കാരാ..

ഒരു അറബിക്കഥ കേരള രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിഞ്ഞ് നടന്നിട്ട് കുറെ നാളായി. സി.പി.എം ഉന്നതനായ കോടിയേരിയുടെ ഉന്നതനായ മകന്‍ ഗള്‍ഫില്‍ ബിസിനസ് നടത്താന്‍ അറബിയില്‍ നിന്ന് കുറെ പണം കടം വാങ്ങിയിട്ട് തിരികെ കൊടുത്തില്ല എന്നാണല്ലോ ആക്ഷേപം. പൈസക്കാരായ അറ്റ്‌ലസ് രാമചന്ദ്രനും കിംഗ്ഫിഷര്‍ വിജയ് മല്യയും വരെ പണം തിരിച്ചു കൊടുക്കാന്‍ പറ്റാഞ്ഞിട്ട് ജയിലിലും ഒളിവിലുമാണ്. പിന്നെയാണോ വെരുമൊരു ബിനോയ് കോടിയേരി. വിജയ് മല്യയുടെ കടം എഴുതിത്തള്ളാന്‍ വരെ നമ്മുടെ നാട്ടിലെ ബാങ്കുകള്‍ തയ്യാറാണെങ്കിലും ഗള്‍ഫില്‍ അങ്ങനെയല്ല. ഒരു രൂപ കൊടുക്കാനുണ്ടെങ്കിലും ചെക്ക് കേസില്‍ പെട്ടാല്‍ അകത്താണ്. ഇത് പാര്‍ട്ടി പ്രശ്‌നം അല്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. പാര്‍ട്ടി നേതാവിന്റെ കുടുംബപ്രശ്‌നം പോലും അല്ലെന്ന് എന്തായലും പാര്‍ട്ടി പറഞ്ഞില്ലല്ലോ. അത്രയും നന്നായി. ധിം തരികിട തോം, എപ്പിസോഡ്: 258.

സബ്മിഷന്‍ ചീറ്റി - ധിം തരികിട തോം

പതിനാലാം കേരളനിയമസഭയുടെ സമ്മേളനം ഇപ്പോള്‍ നടക്കുവാണ്. കേരളത്തെ ശ്വാസംമുട്ടിക്കുന്ന ഒരുപാട് ജനകീയപ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു സബ്മിഷന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സഭയില്‍ അംഗമല്ലാത്ത സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ യുഎഇയില്‍ ചെക്ക് തട്ടിപ്പ് നടത്തി എന്ന ആരോപണത്തക്കുറിച്ച്് കേരള സര്‍ക്കാര്‍ അന്വേഷണം നടത്തണം എന്നാണ് ആവശ്യം. സര്‍ക്കാരിന്റെ കാശോ രാജ്യത്തിന്റെ കാശോ നഷ്ടമായില്ല, പോട്ടെ നമ്മുടെ നാട്ടിലുമല്ല, പോരാത്തതിന് ഇവിടെ പരാതിയും ഇല്ല, എന്നാലും സഭയില്‍ അത്യാവശ്യം അലമ്പ് ഉണ്ടാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞു. പക്ഷേ ഇപ്പോഴും ഒരു സംശയം ബാക്കി നില്‍ക്കുന്നു, ഇത്രയ്ക്ക് വിഷയദാരിദ്രമാണോ പ്രതിപക്ഷനേതാവിന്?, ധിം തരികിട തോം, എപ്പിസോഡ്: 257.

രാഷ്ട്രീയ കലപിലോത്സവം

കലാ സ്‌നേഹികളെ. രാഷ്ട്രീയ ഗുരുക്കന്‍മാരെ, രാഷ്ട്രീയത്തിലെ കുരുന്നുകളെ. നല്ലവരായ നാട്ടുകാരെ പൂരത്തിന്റെ നാട്ടില്‍ കുട്ടികളുടെ യുവജനോത്സവത്തിന് സമാന്തരമായി നമ്മുടെ കലപിലോല്‍ലസവവും തുടങ്ങുകയാണ്. ഇവിടെ അപ്പീലില്ല, സമ്മാന മാഫിയ ഇല്ല. രക്ഷ കര്‍ത്താക്കളുടെ മത്സരമില്ല. മല്‍സരാര്‍ത്ഥികളുടെ കണ്ണീരില്ല. ഉള്ളത് കലപില രാഷ്ട്രീയം മാത്രം. സാഹിത്യ കൃതികളില്‍ മാത്രം കാണുകയും നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ നിന്ന് വെട്ടി നീക്കുകയും ചെയ്ത മരങ്ങളുടെ പേരിട്ട 10 വേദികളിലായി കലപിലോല്‍സവം പുരോഗമിക്കുകയാണ്. വേദി ഒന്ന് മുള്ളുമുരിക്കില്‍ വാദ്യ സംഗീതം പുരോഗമിക്കുകയാണ്. ചെന്നിത്തലയിലെയും തൃശൂരിലെയും കുട്ടികള്‍. ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പര്‍ 00. ധിം തരികിട തോം, എപ്പിസോഡ്: 254.

ശിവന്‍ടാ.. ശിവന്‍

വി ശിവന്‍കുട്ടി. പ്രായോഗിക രാഷ്ട്രീയം മാത്രമല്ല, ഒരു പ്രശ്‌നം നാട്ടിലുണ്ടായാല്‍ അത് തന്നാല്‍ കഴിയുംവിധം പരിഹരിച്ച് ആശ്വാസം കൊള്ളുന്ന ജനകീയനേതാവാണ്. തലസ്ഥാനവാസികള്‍ക്ക് ശിവന്‍ക്കുട്ടിയണ്ണന്‍. മുന്‍ മേയര്‍ മുന്‍ എംഎല്‍എ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ഇന്ന് തോറ്റ എംഎല്‍എ എന്നറിയപ്പെടുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം ഇടപ്പെട്ട് പരിഹരിച്ച തലസ്ഥാനത്തെ രണ്ട് ജനകീയ പ്രശനങ്ങളാണ് ഇനി കാണേണ്ടത്. ആദ്യം കാര്യവട്ടം കാമ്പസിലെ വനിതാ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം എത്തിക്കാനും കേരള യൂണിവേഴ്സ്റ്റി വിസിക്ക് ഒരു പണികൊടുക്കാനുമായി എസ്എഫ്‌ഐ നടത്തി വന്ന സമരത്തിലേക്ക് ശിവന്‍ക്കുട്ടിയണ്ണന്‍ എത്തുന്നു. ധിം തരികിട തോ, എപ്പിസോഡ്: 252.

പാര്‍ട്ടിയും പണവും

ആലപ്പുഴയിലെ സഖാവ് ടികെ പളനി സിപിഎം എന്ന പാര്‍ട്ടി വിടുകയാണ്. പാര്‍ട്ടി സഖാവ് ആയ പളനിയോട് മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല, സാരമില്ല സിപിഎം എന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ കോടീശ്വരന്‍മാരായ നിരവധി നേതാക്കള്‍ വന്ന് കയറിയിട്ടുണ്ട്. 2015ലെ കൊല്‍ക്കത്താ പ്ലീനത്തില്‍ പാര്‍ട്ടി കണ്ടെത്തി, പാര്‍ട്ടിരീതിക്ക് നിരക്കാത്ത നേതാക്കളുടെ ജീവിതരീതി ജനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ അകറ്റിയെന്ന്. എന്നിട്ട് കഴിഞ്ഞ കുറച്ച് നാളുകളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പുത്തന്‍ നേതാക്കളെ ഒന്ന് കാണുക.ഇവരൊക്കെ എങ്ങനെ സിപിഎമ്മിന്റെ സ്വന്തക്കാരായി? ധിം തരികിട തോം, എപ്പിസോഡ്: 249.

ശകടഭൂതം

എന്താണ് നമ്മുടെ നാട്ടില്‍ ഗതാഗതവകുപ്പിലെത്തുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എന്തോ കഷ്ടകാലം ബാധിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിലും ഗതാഗതത്തില്‍ തൊട്ടവര്‍ക്ക് നല്ലകാലം ആയിരുന്നില്ല. മുന്‍മന്ത്രിമാരായ ഗണേഷ്‌കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നെ വിഎസ് ശിവകുമാര്‍. ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്തിന് ട്രാന്‍സപോര്‍ട്ട് കമ്മീഷണര്‍ ആയിരുന്ന ടോമിന്‍ തച്ചങ്കരി ഒരു പിറന്നാള്‍ കേക്ക് മുറിച്ച് തിന്നത് വരെ വിവാദമായി. അങ്ങനെ പ്രശ്‌നം കവടി നിരത്തി നോക്കിയപ്പോഴാണ് യഥാര്‍ത്ഥ ജൂനിയര്‍ മാന്‍ഡ്രേക്കിനെ പിടികിട്ടിയത്. സംഗതി ആനവണ്ടി ആണ്. നമ്മുടെ കെഎസ്ആര്‍ടിസി തന്നെ. ശകട കോര്‍പ്പറേഷന്‍ വന്‍ നഷ്ടത്തിലാണെന്ന് മാത്രമല്ല കോര്‍പ്പറേഷന്റെ നാഥനായി എത്തുന്ന മന്ത്രിമാര്‍ക്കും സമയദോഷം ഉണ്ടാകും. ധിം തരികിട തോം, എപ്പിസോഡ്: 247.

എന്തിനോ വേണ്ടി തിളയ്ക്കുന്ന...

രാഷ്ട്രീയ ജാഥകളിലേക്ക് വരുന്നതിന് മുന്‍പ് ഒരു വണ്‍മാന്‍ഷോ യാത്രയുടെ കഥയാണ് ആദ്യം. സഖാവ് വിഎസ് എവിടേക്കെല്ലാം യാത്രകള്‍ നടത്തിയിട്ടുണ്ട്. മതികെട്ടാന്‍ മലയിലും മൂന്നാറിലും കേറി,കൈയ്യേറ്റങ്ങളും ജനകീയ സമരങ്ങളും കണ്ടു. എന്നാല്‍ വിഎസിന്റെ ചില യാത്രകള്‍ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുകള്‍ മാത്രമായിരുന്നു. സ്വന്തം പാര്‍ടിയുടെ പിന്തുണ ഇല്ലാത്ത അത്തരം യാത്രകള്‍ നാട്ടുകാരെ വടിയാക്കുന്നതാണ്. അത്തരമൊരു യാത്രയായിരുന്നു, 2012ല്‍ തമിഴ്‌നാട്ടിലെ കൂടുകുളം സമരകേന്ദ്രത്തിലേക്ക് വിഎസ് നടത്തിയ യാത്ര. ആണവറിയാക്ടറിനെതിരെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ നടത്തുന്ന സമരം 400 ദിവസം പിന്നിട്ടപ്പോഴാണ് വിഎസിനെ അവിടുത്തുകാര്‍ ക്ഷണിച്ചത്. അങ്ങോട്ട് പോകരുതെന്ന് വിഎസിനോട് പാര്‍ട്ടിയും നേതാകന്മാരും അഭ്യര്‍ഥിച്ചെങ്കിലും വിഎസ് കേട്ടില്ല. കൂടംകുളം സമരഭൂമിയിലേക്ക് പ്രതിപക്ഷനേതാവായ വിഎസ് ഒറ്റ പോക്കാണ്. പക്ഷേ തമിഴ്‌നാട്ടിലെ ഒരു ഡിവൈഎസ്പി അങ്ങോട്ട് പോകരുതെന്ന് പറഞ്ഞതോടെ, പാര്‍ടി പൊളിറ്റ് ബ്യൂറോ പറഞ്ഞത് കേള്‍ക്കാത്ത വിഎസ് വണ്ടി തിരിച്ച് വിട്ടു. കൂടംകുളം സമരഭടന്മാര്‍ ശശി ആയത് മിച്ചം. ധിം തരികിട തോം, എപ്പിസോഡ്: 244.

ഒരു സോളാര്‍ കഥ

കഴിഞ്ഞ രണ്ടാഴ്ചയായി സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒന്നും മിണ്ടാതിരുന്ന മുഖ്യമന്ത്രിയെകുറിച്ച് ധിം തരികിട തോം ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാലിതാ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം കേട്ട് നടപടിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നു. അപ്പോഴാണ് പഴയ ഒരു വിവാദം ധിം തരികിട തോം ഓര്‍ക്കുന്നത്. സോളാര്‍കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സിപിഎം സെക്രട്ടേറിയറ്റിന് മുന്നിലെ ഉപരോധ സമരത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയെന്ന് സിപിഐ അന്ന് ആരോപിച്ചിരുന്നു.സോളാര്‍കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ അവസാനിപ്പിച്ച ആ സമരം എന്തായിരുന്നു എന്ന് ആദ്യം നോക്കാം. ധിം തരികിട തോം, എപ്പിസോഡ്: 242.

ഓരോരോ സമരങ്ങളെ...

കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യൂഡിഎഫ് അവതരിപ്പിച്ച വണ്‍ഡേ ഇന്റര്‍നാഷണല്‍ സമരമാണ് രാപകല്‍ സമരം. എല്ലാ ജില്ലകളിലും യൂഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചു. കേന്ദ്രനയങ്ങളെ കാലേവാരി അടിച്ചു, സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളുടെ ചെവിക്ക് പിടിച്ച് കിഴുക്കി, അതിശക്തമായ മുന്നറിയിപ്പ് ഭരണാധികാരികള്‍ക്ക് നല്‍കി സമരം തല്‍ക്കാലത്തേക്ക് പിരിഞ്ഞു. ഇടുക്കിയിലെ രാപകല്‍ സമരത്തില്‍ കേരളകോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് യൂഡിഎഫിനോടുള്ള പിണക്കം മറന്ന് സമരം ചെയ്യാനെത്തിയത് അണികളില്‍ ആവേശം ജനിപ്പിച്ചതായി ഹൈക്കമാന്‍ഡ് വിലയിരുത്തി. എന്നാല്‍ കോട്ടയത്ത് വീട്ടിലുണ്ടായിരുന്ന മാണിസാര്‍ സമരം നടക്കുന്നിടത്തേക്ക് തിരിഞ്ഞ് നോക്കിയില്ല. ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ഇല്ല എന്ന മാണിസാറിന്റെ നിലപാട് യൂഡിഎഫ് നേതാക്കള്‍ക്ക് കുണ്ഠിതമുണ്ടോക്കിയോ എന്തോ എന്നാശങ്കയില്‍ രാപകല്‍ സമരം അവസാനിച്ചു. ധിം തരികിട തോം, എപ്പിസോഡ്: 241.

ചിറ്റപ്പന്റെ പ്രതികാരം

കഴിഞ്ഞ ഒക്ടോബര്‍ പതിനാലിനായിരുന്നു അത്. ബന്ധു നിയമന വിവാദത്തില്‍ നമ്മുടെ ഇ.പി. ജയരാജനെന്ന വ്യവസായ മന്ത്രിയോട് രാജിവച്ചൊഴിയാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടത്. അന്നേ ഇ.പി പറഞ്ഞു ഇതില്‍ എന്തോ ഗൂഢാലോചനയുണ്ട് ഞാന്‍ പാവമാണ് എന്നൊക്കെ. പാര്‍ട്ടി കേട്ടില്ല എന്നു മാത്രമല്ല വിജിലന്‍സ് അന്വേഷണവും കുറ്റം ചാര്‍ത്തലുമൊക്കെ സര്‍ക്കാര്‍ പെട്ടെന്ന് തന്നെ അങ്ങ് നടപ്പാക്കി. ഫലമോ നിഷ്‌കളങ്കനായ ഇ.പിയുടെ കസേര തെറിച്ച് കണ്ണൂര്‍ക്ക് മടങ്ങി. മഹേഷിന്റെ പ്രതികാരം സിനിമയിലെ നായകനെ പോലെ വിജിലന്‍സ് അന്വേഷണത്തെ അതിജീവിച്ചെത്തുമെന്ന് അന്നേ നിയമസഭയില്‍ ചിറ്റപ്പന്‍ പറഞ്ഞിരുന്നു. ആ പ്രതികാരത്തിന്റെ കഥയാണ് തരികിടകളില്‍ ആദ്യം.

പടിയിറങ്ങുന്ന പരിവാര്‍ ബന്ധു

അങ്ങനെ ബി.ജെ.പിയുമായി ചേര്‍ന്നുള്ള കൂട്ടു കച്ചവടം അവസാനിപ്പിക്കുകയാണ് വെള്ളാപ്പള്ളിയും ബി.ഡി.ജെ.എസും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അല്ലെങ്കില്‍ തന്നെ കുറവില്ലാത്ത കേരളത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഉദ്ധരിക്കാന്‍ രൂപീകരിച്ച ഭാരതീയ ധര്‍മ്മ ജന സേന എന്ന പാര്‍ട്ടിക്ക് ഇരട്ട സഹോദരനായ ബി.ജെ.പിയുമായുള്ള സഹവാസം മടുത്തു. എങ്ങോട്ട് പോകണം എന്നറിയാതെ കണിച്ചുകുളങ്ങര കവലയില്‍ വഴിയാധാരമായി നില്‍ക്കുകയാണ്. കേരളം മുഴുവന്‍ ഇളക്കി മറിച്ച സമത്വമുന്നേറ്റ യാത്രയ്ക്ക് ശേഷം കേരളം ആര് ഭരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ് രൂപീകരിച്ച പാര്‍ട്ടിയാണ്. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ധിം തരികിട തോം, എപ്പിസോഡ്: 239.

വിക്രം വേദ ലാവ്‌ലിന്‍ വേര്‍ഷന്‍

വിക്രം വേദാ എന്നൊരു തമിഴ് സിനിമയുണ്ട്, ആരാണ് നായകന്‍ ആരാണ് വില്ലന്‍ എന്ന് നമ്മുക്ക് പിടികിട്ടില്ല. പടം തീര്‍ന്നിറങ്ങുമ്പോഴും ഈ കണ്‍ഫ്യൂഷന്‍ അങ്ങനെ നിക്കും. ദേ അത് പോലെയാണ് നമ്മുടെ ലാവ്‌ലിന്‍ കേസ്. ലാവിലിന്‍ എന്ന വിദേശകമ്പിനിയുമായി ഉണ്ടാക്കിയ ധാരണയില്‍ അഴിമതി നടന്നുവെന്നും ഇല്ലെന്നും പറയുന്നത് സിപിഎം എന്ന പാര്‍ട്ടി തന്നെയാണ്. അത് ഒരു കമ്മ്യൂണിസ്റ്റ് ആര്‍ജ്ജവമാണെന്ന് മനസിലാക്കാതെ കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ഇത് രാഷ്ട്രീയ ആയുധവുമാക്കി. പാര്‍ട്ടിയിലെ ഭിന്നത മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴും തീരാതെ നില്‍ക്കുന്ന സംശയം, സഖാവ് പിണറായി വിജയന് നയവ്യതിയാന തെറ്റ് പറ്റിയില്ലെങ്കില്‍ സഖാവ് വിഎസ് ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന് തെറ്റ് പറ്റിയില്ലേ? അതേ ശരിക്കും തെറ്റും ശരിയും ഒക്കെ ആപേക്ഷികമാണ്, ലാവ്‌ലിന്‍ എന്ന കഥയും ഒരു വിക്ര വേദയാണ്. ആര്‍ക്കും മനസിലാകാതെ ഒരു വേതാള കഥ. ധിം തരികിട തോം, എപ്പിസോഡ്:235

ചര്‍ച്ചയോട് ചര്‍ച്ച

പോയവാരം ബിജെപിയുടെ മെഡിക്കല്‍ കോഴയുടേതായിരുന്നു. കോടികള്‍ ബിജെപി നേതാക്കള്‍ കോഴവാങ്ങിയതായി ബിജെപി തന്നെ കണ്ടുപിടിച്ചു. അത് അവര്‍ തന്നെ നാട്ടുകാരെ അറിയിച്ചു. എന്നിട്ട് അവര്‍തന്നെ ചിലനേതാക്കളെ പുറത്താക്കി, ചിലരെ അകത്താക്കി, ഇതൊക്കെ ടെലിവിഷന്‍ ചര്‍ച്ച ആയപ്പോള്‍ അവരിലെ വീരശൂര പരാക്രമികള്‍ എല്ലാം മാളത്തിലൊളിച്ചു. മോശം പറയരുതല്ലോ, കോഴയില്‍ പങ്കില്ലാത്ത നേതാവായി പാര്‍ടിയെ സംരക്ഷിക്കാന്‍ വന്നത് പെണ്‍പുലി ശോഭാ സുരേന്ദ്രന്‍ മാത്രം. നാട്ടുകാര്‍മുഴുവന്‍ ബിജെപിയെ വളഞ്ഞിട്ട് ട്രോളിയപ്പോള്‍ ചാനല്‍ചര്‍ച്ചകളില്‍ വരാന്‍ ധൈര്യം കാണിച്ചതും ശോഭ തന്നെ. പക്ഷേ കോഴക്കാര്യം ചോദിച്ചവരോടെല്ലാം തൊടുപുഴയില്‍ വാഴകൃഷി ചെയ്താല്‍ ലാഭമുണ്ടാകുമെന്നാണ് ശോഭ പരഞ്ഞത്. അങ്ങനെ ആ ചര്‍ച്ച കണ്ട മലയാളിക്ക് ഒരു കാര്യം മനസിലായി കോഴ ഒരു നിസാര സംഭവമല്ല, മറ്റ് പാര്‍ടികളിലെ നേതാക്കളെ പോലെ ഓടിയൊളിക്കാതെ സ്വന്തം പാര്‍ടിക്ക് വേണ്ടി ചാവേറായ ശോഭ സുരേന്ദ്രന്‍ സൂപ്പര്‍ പ്രൈം ടൈമില്‍ നടത്തിയ സൂപ്പര്‍ ബഹളത്തോടെ ധിം തരികിട തോം തുടങ്ങുന്നു. ധിം തരികിട തോം: എപ്പിസോഡ്: 231.

ബന്ധുക്കള്‍ ശത്രുക്കള്‍

മലയാള സിനിമയിലെ ഇന്നസെന്റായ താരങ്ങളെ മാധ്യമങ്ങള്‍ ഇപ്പോള്‍ ദിലീപിനെ മുന്‍നിര്‍ത്തി ആക്രമിക്കയാണെന്നും. അമ്മ എന്ന സംഘടന പണ്ട് ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ നടത്തിയ അഭ്യാസങ്ങളെകുറിച്ച് ശ്രീകുമാരന്‍ തമ്പി എന്ന ഒരു സാദാ ചലച്ചിത്രപ്രവര്‍ത്തകന്‍ പറഞ്ഞിട്ടുണ്ട്. 83 തിരകഥകള്‍ എഴുതി 29 സിനിമകള്‍ സംവിധാനം ചെയ്ത് 22 സിനിമകള്‍ നിര്‍മിച്ച ഒരു പാവം മനുഷ്യന്‍ ചലച്ചിത്രമേഖലയിലെ ചില പൊരുത്തകേടുകളെ കുറിച്ച് പറഞ്ഞു. അത് കേള്‍ക്കേണ്ടവര്‍ വേണ്ട രീതിയില്‍ കേള്‍ക്കാത്തതിനാലാണ് അമ്മയുടെ ട്രഷറര്‍ ഇപ്പോ അകത്ത് കടക്കുന്നത്. അപ്പോ സിനിമയിലെ ബന്ധുക്കള്‍ ശത്രുക്കള്‍ ഒരു പഴയകാലചിത്രം. ഇത് കാണുമ്പോള്‍ ദിലീപ് അല്ല ഏത് ഉന്നതനായാലും വിമര്‍ശിക്കപ്പെടും എന്ന് മനസിലാക്കാം.

അമ്മയും കുഞ്ഞമ്മയും പിന്നെ കുറേ മക്കളും

കഴിഞ്ഞ ഫെബ്രുവരി മുതല്‍ അമ്മയുടെ മൗനം എന്ന തകര്‍പ്പന്‍ സിനിമയാണ് നമ്മുടെ നാട്ടില്‍ കൂവലില്ലാതെ സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്നത്. നായകനും വില്ലനും എല്ലാം തകര്‍ത്തഭിനയിക്കുകയാണ്. ആദ്യം നമ്മള്‍ കരുതിയത് മലയാളത്തിലെ പ്രമുഖ നടിക്ക് അതിക്രൂരമായി തെരുവില്‍ അപമാനിതയാകേണ്ടി വന്നു എന്നാണ്. എന്നാല്‍ സിനിമാക്കാര്‍ പറയുന്നു നടി രണ്ടര മണിക്കൂറല്ലേ പീഡിപ്പിക്കപ്പെട്ടുള്ളൂ, ഞങ്ങളുടെ നടന്‍ നിങ്ങള്‍ കാരണം മാസങ്ങളായി പീഡിപ്പിപ്പിക്കപ്പെടുവാത്രേ. ഇത് കേട്ടാല്‍ തോന്നും മാധ്യമപ്രവര്‍ത്തകരാണ് ഇവരെയെല്ലാം പീഡിപ്പിച്ചതെന്ന്, സാധാരണ ജനങ്ങളില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന കലാകാരന്മാരില്‍ ചിലര്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തിയ കലാപ്രകടനങ്ങള്‍ ആദ്യം മുതല്‍ ആരംഭിക്കയാണ്. ഒരു ക്രൈം ആരുടെയോ ഗൂഢാലോചനയില്‍ നടന്നു കഴിഞ്ഞു. ധിം തരികിട തോം, എപ്പിസോഡ്: 227.

സര്‍വം ബ്ലേഡ് ഇന്ത്യ (എസ്ബിഐ)

ഭരതമുനിയൊരു കുളം കുഴിച്ചു എന്നൊരു പാട്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ആറ് മാസം മുമ്പ് നമ്മുടെ സ്വന്തം പ്രധാനമന്ത്രി ഒരു പാതിരായ്ക്ക് മേരെ ദേശ് വാസിയോം എന്ന് പറഞ്ഞ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്തെ നോട്ടൊക്കെ നിരോധിച്ച് ഇപ്പ ശര്യാക്കിത്തരാ എന്ന് പറഞ്ഞ് അച്ഛാ ദിന്‍ നടപ്പാക്കി അതിന്റെ തുടര്‍ച്ചയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉപഭോക്താക്കളുടെ അച്ഛന് വിളിക്കുകയാണ്. മഴ കൊള്ളാതിരിക്കാന്‍ പോലും എസ്ബിഐയുടെ തിണ്ണയില്‍ കയറി നിന്നാല്‍. ഫൈന്‍ അടിക്കുന്ന ലോക തൊട്ടിത്തരമാണ് ബാങ്ക് ഇപ്പോള്‍ കാണിക്കുന്നത്. സര്‍വതും ബ്ലെയ്ഡ് ആക്കുകയാണ് എസ്ബിഐ. ധിം തരികിട തോം, എപ്പിസോഡ്: 220

ചാപ്പാ കുരിശ്

ക്രിസ്തുവിനെ ആനയിക്കുന്നവര്‍ ഒരു വിഭാഗമേയുള്ളുവെങ്കിലും ക്രിസ്ത്യാനികളില്‍ ഒരുപാട് വിഭാഗങ്ങളുണ്ട്. കുരിശ് വരച്ച് സമാധാനത്തോടെ കിടന്നുറങ്ങുന്ന സാധാരണക്കാര്‍ മുതല്‍ കുരിശ് നാട്ടി കൈയ്യേറ്റം നടത്തുന്നവര്‍ വരെ. കര്‍ത്താവ് കുരിശിലൂടെ കൈയ്യേറ്റം നടത്തിയതായി ലോകത്ത് ഒരുടത്തും ആരും പറഞ്ഞിട്ടില്ല. എന്നാല്‍ പാപ്പാത്തിച്ചോലയില്‍ ഏതു സ്പിരിറ്റിലായാലും കുരിശുനാട്ടി വിശ്വാസികളെ വഞ്ചിക്കുന്നത് 'ഹാ കഷ്ടം' എന്ന് കുരിശേന്തുന്ന എല്ലാ പിതാക്കന്മാരും പറഞ്ഞു. എന്നാല്‍ ഒരു കുരിശ് കര്‍ത്താവില്ലാതെ മറിഞ്ഞ് വീഴുന്നതിലെ രാഷ്ട്രീയ അപകടം മുഖ്യമന്ത്രിക്കറിയാം. മുഖ്യന്‍ കുരിശ് വരയ്ക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പണി പോകുമെന്ന് കരുതി കുരിശ് വരയ്ക്കുന്നവരെയും ഇപ്പോള്‍ കാണാം. ഇപ്പോള്‍ നടക്കുന്ന കുരിശിന്റെ വഴിയിലെ ഈ തട്ടിപ്പുകള്‍ നടത്തുന്നവരോട് കര്‍ത്താവിന്റെ നാമത്തില്‍ പറയട്ടെ നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് അവരോട് പൊറുകരുതെ കര്‍ത്താവേ. ധിം തരികിട തോം, എപ്പിസോഡ്: 217.

അമ്മയെ മറന്നവര്‍

കാണാതായ തന്റെ മകനെ അന്വേഷിച്ച് ഞാന്‍ തോര്‍ത്തും മുണ്ടും തോളിലിട്ട് ഞാന്‍ അന്വേഷിച്ചിറങ്ങണോയെന്ന് ഈച്ചരവാര്യര്‍ എന്ന പിതാവിനോട് അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്‍ ചോദിച്ചത് ഇപ്പോള്‍ ഓര്‍ത്തു പോകുകയാണ്. 1976ല്‍ കക്കയം ക്യാമ്പിലെ രക്തസാക്ഷിയാണ് രാജനെങ്കില്‍ 2017ല്‍ഡ സ്വകാര്യ സ്വാശ്രയ കോളേജിലെ മറ്റൊരു രക്തസാക്ഷിയാണ് പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയ്. നീതി തേടിയ അന്ന് പിതാവും ഇന്ന് മാതാവും അലയുന്നു. എന്താണ് പോലീസ് നടപടിയിലെ വീഴ്ച. അഞ്ച് പ്രതികളിലെ രണ്ട് പ്രതികള്‍ മാത്രമാണ് മുന്‍കൂര്‍ ജാമ്യം നേടിയത്. ശേഷിക്കുന്ന മൂന്ന് പേര്‍ ഒളിവിലാണ്. അവരുടെ കാര്യത്തില്‍ എന്ത് നടപടി പോലീസ് സ്വീകരിക്കുന്നുവെന്നറിയാന്‍ ഒരമ്മ പോലീസ് ചീഫിനെ തേടി വരുകയാണ്. ധിം തരികിട തോം, എപ്പിസോഡ്: 215.

സുധീര രാജി...

കരീബിയന്‍ കടല്‍ക്കൊള്ളക്കാരെക്കുറിച്ച് കേട്ടിട്ടില്ലെ.. പണ്ട് ഈ കപ്പല്‍ യാത്രയൊക്കെ നടക്കുമ്പോള്‍ സൊമാലിയന്‍ കൊള്ളക്കാര്‍ കപ്പലാക്രമിക്കും. ഈ സമയം കപ്പലിലുള്ള പലതരം കച്ചവടക്കാരില്‍ ചിലര്‍ കടം വാങ്ങിയ തുക അപ്പോള്‍ തന്നെ തിരിച്ച് കൊടുക്കാനുള്ളവര്‍ക്ക് തിരിച്ചുകൊടുക്കും. എന്തായാലും കൊള്ളക്കാര്‍ കാശ് കൊണ്ടുപോകും അതിന് മുമ്പ് കടം വീട്ടിയല്ലോ എന്ന് ആശ്വസിക്കാം. ഈ പറഞ്ഞപോലെയാണ് വി.എം സുധീരന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നത്. എന്തായാലും ഗ്രൂപ്പ് കളിയില്‍ താന്‍ പുറത്താകും. എന്നുമാത്രമല്ല കോണ്‍ഗ്രസിന് അത്ര മെച്ചപ്പെട്ട സ്റ്റെപ്പൊന്നുമല്ല ഇപ്പോള്‍ കേരളത്തിലുളളത്. ഇതാകുമ്പോള്‍ അനാരോഗ്യം വന്നപ്പോള്‍ ആദര്‍ശം മുന്‍നിര്‍ത്തി സ്ഥാനം ഒഴിഞ്ഞു എന്ന് മാത്രമല്ല അത്യാവശ്യം കടം വീട്ടാനും പറ്റി. ധിം തരികിട തോം, എപ്പിസോഡ്: 211.

ചോര്‍ന്ന ബജറ്റ്

പോയ വാരം കേരളം എന്തെല്ലാം തമാശകള്‍ കണ്ടു. ഒരു പാവം പയ്യനെ കൊലക്ക് കൊടുത്ത പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണകുമാറിന് മുന്‍കൂര്‍ ജാമ്യം. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നത് കണ്ടിട്ട് സന്തോഷം ആയല്ലോ. മുതലാളിക്കെതിരെ പ്രേരണ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി. സ്വന്തം പാര്‍ട്ടിക്കാരിക്ക് തക്കാളി ജൂസ് നല്‍കുന്ന ബി ജെ പി നേതാവിനും 16 വയസ്സുള്ള പെണ്‍കുഞ്ഞിന്റെ പ്രലോഭനങ്ങളില്‍ വീണ് കര്‍ത്താവിനെ മറന്ന മാനന്തവാടിയിലെ റോബിന്‍ അച്ഛനും വെറുതെ ഒരു രസത്തിന് ആളെ തട്ടിക്കൊണ്ട് പോകുന്ന പള്‍സര്‍ സുനിക്കും മുഖ്യമന്ത്രിമാരുടെ തല എടുക്കുന്ന സംഘ ഗുണ്ടകള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 210.

പള്‍സറിന്റെ ശിവരാത്രി

പണ്ട് നമ്മുടെ നാട്ടിലും സിനിമയിലുമൊക്കെ വരുന്ന ഗുണ്ടകളുടെ പേര് കേട്ടാല്‍ ചിരി വരുമായിരുന്നു. ആയിരം പല്ലി ഷാജി, ചൊക്രക്കണ്ണന്‍ ജോസ് എന്നിങ്ങനെയായിരുന്നു അന്നത്തെ ഗുണ്ടകളുടെ പേരുകള്‍. എന്നാല്‍ ഇന്ന് കാലം മാറി. വാടകചട്ടമ്പി എന്ന ലോക്കല്‍ പേര് മാറി കൊട്ടേഷന്‍ ലീഡറായി. അതുപോലെ പേരിലും മാറ്റം വന്നു. പള്‍സര്‍ സുനി, കരാട്ടെ വിനോദ് എന്താലെ ഗ്ലാമര്‍. പക്ഷേ ഒരു കാര്യത്തിനു മാത്രം മാറ്റമില്ല. അവന്മാര്‍ അന്നും ഇന്നും കാണിക്കുന്ന തൊട്ടിതരങ്ങള്‍ അതേപടി ഇപ്പോഴും തുടരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മുക്കിന് മുക്കിന് ആരാധനാലയങ്ങളുണ്ട്. ജാതിമത വചനങ്ങളുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നമുക്ക് ആള്‍ദൈവങ്ങള്‍ തന്നെ അനവധിയുണ്ട്. എന്നിട്ടും ഉഡായിപ്പിനും കുഴിതുരുമ്പിനും ഒരു മാറ്റവുമില്ല. ധിം തരികിട തോം, എപ്പിസോഡ്: 209

വി.എസിന്റെ യാത്രകള്‍

മുഖ്യമന്ത്രിയായിരുന്നാലും പ്രതിപക്ഷ നേതാവായിരുന്നാലും അതല്ല ഭരണപരിഷ്‌കരണ കമ്മീഷനായിരുന്നാലും കേരള കാസ്‌ട്രോ വി.എസ് അച്ചുതാനന്ദന്റെ യാത്രകള്‍ എല്ലാം കിടിലമാണ്. അതിപ്പോള്‍ മതികെട്ടാന്‍ മലയായാലും കിളിരൂര്‍ കേസായാലും വി.എസ്. ഒരു പോക്ക് പോയാല്‍ കുറച്ച് ദിവസത്തേയ്ക്ക് എല്ലാവര്‍ക്കും ഒരു ടെന്‍ഷനാണ്. ആ യാത്ര പകുതിവഴിയ്ക്ക് നിന്നത് കൂടംകുളം ആണവനിലയത്തിലേയ്ക്കുള്ള പാര്‍ട്ടി വിലക്ക് ലംഘിച്ചുള്ള യാത്രയില്‍ മാത്രമാണ്. അപ്പോള്‍ പറഞ്ഞ് വന്നത് മുഖ്യമന്ത്രി പിണറായി പോകാതിരുന്ന സ്വാശ്രയ കോളേജ് രക്തസാക്ഷി ജിഷ്ണു പ്രണോയ്‌യുടെ വീട്ടിലേയ്ക്കുള്ള വി.എസിന്റെ യാത്രയെക്കുറിച്ചാണ്. ധിം തരികിട തോം, എപ്പിസോഡ്: 209.

ഡാന്‍സ് മാസ്റ്റര്‍ വിക്രമും വിദ്യാഭ്യാസമന്ത്രിയും

രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയും സംസ്ഥാനം നീറുന്ന പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ സമ്മേളനത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസ മന്ത്രി രണ്ടുപദമാടി ചിലകാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. എല്ലാവരും ശ്രദ്ധിച്ചിരിക്കുക. മുദ്ര ശ്രദ്ധിക്കുന്നതിനൊപ്പം കഥാസന്ദര്‍ഭത്തിന്റെ കാവ്യഭംഗി കൂടി കാണുക. എന്നിട്ട് നമുക്ക് കാര്യഗൗരവത്തോടെ മുന്നോട്ട് പോകാം. കഥ: പൊതുവിദ്യാഭ്യാസം, അരങ്ങത്ത്: രവി മാഷ്, കളിവിളക്ക് തെളിയിച്ചത്: ചെന്നിത്തല രമേശന്‍, ആരംഭിക്കാം. ധിം തരികിട തോം, എപ്പിസോഡ്: 207.

ലോ കോളേജ് സമരം അടിക്ക് പിടിച്ചപ്പോള്‍

ഒരു സമരം അടിക്ക് പിടിച്ചതിന്റെ മണം തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് അടിച്ച് തുടങ്ങിയിട്ട് ഒരാഴ്ചയായി. സംഭവം കരിഞ്ഞുവെന്ന് മനസിലാക്കി എസ്.എഫ്.ഐ. തടി വസൂലാക്കി സമരം വാങ്ങി വെച്ചു. പ്രിന്‍സിപ്പല്‍ രാജിവെച്ചിട്ടെ പിന്നോട്ടുളളു എന്ന് പറഞ്ഞവര്‍ അരിക്ക് വേവ് കൂടുതലാണെന്ന് തിരിച്ചറിഞ്ഞ് അധികം തിളപ്പിക്കാന്‍ നിന്നില്ല. അതാണ് എസ്.എഫ്.ഐ. പഴയത്‌പോലെ അധികം കടുംപിടുത്തം ഒന്നുമില്ല. ഭരണവും ലോ അക്കാദമിയിലെ അമ്മായിയുമൊക്കെ വലിയ ബുദ്ധിമുട്ടാണ്. എസ്.എഫ്.ഐ.യുടെ ഭരണം കരിഞ്ഞ് പുകഞ്ഞ് ദേ ഈ പരുവമായി 'നാടന്‍ കോഴി ഇടിച്ചുപിഴിഞ്ഞത് അല്ലെങ്കില്‍ പേരൂര്‍കടയിലൂടെ കോഴി ചീറിപാഞ്ഞത് രണ്ട പ്ലേറ്റ്'. കാണാം ധിം തരികിട തോം, എപ്പിസോഡ്: 206

രാഷ്ട്രീയക്കളിയാട്ടം

രാഷ്ട്രീയം സാധ്യതകളുടെ കല എന്നാണ് പറയാറ്. അതായത് നമ്മുടെ യുവജനോത്സവത്തില്‍ കുട്ടികള്‍ മാറ്റുരയ്ക്കുന്ന കലാവിദ്യാപോലെ തന്നെ. രാഷ്ട്രീയത്തിലുമുണ്ട് ഇത്തരം ജനകീയ ഉരകല്ലുകളിലെ മാറ്റുരയ്ക്കല്‍. വിധികര്‍ത്താവും വിജയിയും മത്സരവും അപ്പീലും പരാതിയും എല്ലാമുണ്ടാക്കും. തങ്ങളുടെ നയപരിപാടികളും രാഷ്ട്രീയ നിലപാടും ജനങ്ങളിലെത്തിക്കുക എന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളുമായി നാഭീനാള ബന്ധം സൂക്ഷിക്കേണ്ടവരാണ് പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടിക്കാരും അതുകൊണ്ടാണ് ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും ജനങ്ങള്‍ നല്‍കുന്ന ഗോത്രത്തലപ്പാവുകള്‍ ധരിക്കുകയോ അവരോടൊപ്പം നൃത്തം വയ്ക്കുകയോ ഒക്കെ ചെയ്യുന്നത്. കലാകാരന്മാരായ രാഷ്ട്രീയ പ്രവര്‍ത്തകരും രാഷ്ട്രീയക്കരായ കലാകാരന്മാരും നമുക്കുണ്ട്. പറഞ്ഞുവന്നത് കല രാഷ്ട്രീയത്തിന് അന്യമല്ലെന്നും കല രാഷ്ട്രീയത്തിനും ഒരു കലതന്നെയാണെന്നുമാണ്. കണ്ണൂരില്‍ നടക്കുന്ന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ രംഗത്തെ കലാപ്രകടനങ്ങളെയും പ്രകടനപരത ആരോപിക്കാവുന്ന രാഷ്ട്രീയ മുഹൂര്‍ത്തങ്ങളെയും ഒരു കലാമാമാങ്കത്തിന്റെ അരങ്ങില്‍ എത്തിക്കുന്നു. ധിം തരികിട തോ, എപ്പിസോഡ്: 204.

ജി.സുധാകരനും പുരാണ വ്യാഖ്യാനവും

സ്വന്തം ബജറ്റ് പ്രധാനമന്ത്രി അടിച്ച് മാറ്റ് പ്രഖ്യാപിക്കുന്നത് കേട്ട് തകര്‍ന്നിരിക്കുന്ന ഒരു കേന്ദ്ര ധനമന്ത്രി.കയ്യില്‍ അഞ്ച് പൈസ ഇല്ലാത്തതിനാല്‍ എന്ത് ബജറ്റ് പ്രഖ്യാപിക്കുമെന്നറിയാതെ തകര്‍ന്നിരിക്കുന്ന സംസ്ഥാനത്തെ ധനമന്ത്രി.വന്‍തുക മുടക്കി അടിച്ച സര്‍ക്കാര്‍ ഡയറിയില്‍ തങ്ങളുടെ പേര് കുറച്ച് താഴെയായിപ്പോയി എന്ന് പരാതിപ്പെട്ട് നോട്ട് ഇല്ലാത്ത കാലത്ത് വീണ്ടും കാശ് മുടക്കി ഡയറി അടിപ്പിക്കുന്ന മന്ത്രിമാര്‍. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാകുവാന്‍ ഇല്ലെന്ന് പറഞ്ഞ് ദേശീയ നേതാവായ ഉമ്മന്‍ചാണ്ടി.വാട്‌സ്ആപ്പിന്റെയും ഇ മെയിലിന്റെയും കാലത്ത് മകന്റെ കയ്യില്‍ കത്ത് കൊടുത്തുവിടുന്ന കേരള കാസ്‌ട്രോ വി എസ്. പ്രധാനമന്ത്രി പറഞ്ഞ 6000-ത്തിന് വേണ്ടി ഒരു റിസ്‌ക് എടുക്കണോ എന്ന് ആലോചിച്ച് ഇരിക്കുന്ന ദേശ വാസികള്‍. അതൊക്കെ നില്‍ക്കട്ടെ. കവിയും നിരൂപകനും വാഗ്മിയുമായ മന്ത്രി ജി.സുധാകരന്റെ ഈ പുരാണ വ്യാഖ്യാനം സാഹിത്യകുതുകികളെ കോള്‍മയിര്‍ കൊള്ളിക്കും! ധിം തരികിട തോം, എപ്പിസോഡ് 202

ഖദറിട്ട ആഡംബരം

കഴിഞ്ഞയാഴ്ച തമിഴകത്തെ അമ്മയുടെ വേര്‍പാട് കാരണം കാര്യങ്ങളൊന്നും അത്രകണ്ട് അങ്ങോട്ട് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല കാശിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതൊക്കെ പതിവ് തള്ളല്‍ മാത്രമായിക്കൊണ്ടിരിക്കുന്നതിന്റെ ഒരു നിരാശയും ഉണ്ടായിരുന്നു. എന്നാലും ഒരു ആഡംബര വിവാഹം അത്യാവശ്യം ഒച്ചപ്പാടുണ്ടാക്കി. മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ ഖദറിട്ട നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്‍ അബ്കാരി ബിസ്‌നസ്‌കാരനും പൊതുപ്രവര്‍ത്തകനുമായ ബിജൂ രമേശിന്റെ മകളെ വിവാഹം കഴിച്ചപ്പോളൊരുക്കിയ ആഡംബര ചടങ്ങുകളാണ് കോണ്‍ഗ്രസില്‍ തന്നെ ഒരു മുറുമുറുപ്പൊക്കെ ഉണ്ടാക്കിയത്. കാര്യം ശരിയാണ് കാശുള്ളവര്‍ അവരവരുടെ കഴിവനുസരിച്ച് കല്യാണം നടത്തിയാല്‍ ആര്‍ക്കാണ് ചേതം. എന്നാലും കാശിന് ക്ഷാമമുള്ള ഈ കാലത്ത് ഇതു കുറച്ച് കൂടിപ്പോയെന്ന് പലരും പറഞ്ഞു. എങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എല്ലാവരും ആഡംബരത്തിന്റെ രാഷ്ട്രീയം ഒന്ന് മനസിലാക്കണം. ധിം തരികിട തോം, എപ്പിസോഡ്: 198.

നോട്ട് നിരോധനം: തകര്‍ത്തു, കിടുക്കി, പൊളിച്ചു

നോട്ട് നിരോധനം കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് നമ്മുടെ നാട്ടില്‍ വന്നത് എന്നറിയാമോ? പല അത്ഭുതങ്ങളും സംഭവിച്ചു. 400 രൂപയ്ക്ക് മുടിവെട്ടിയവര്‍ ഇപ്പോള്‍ 30 രൂപയ്ക്ക് കട്ടിങും ഷേവിങ്ങും നടത്തുന്നു. പറമ്പിലും പാടത്തും നിന്ന കുപ്പച്ചീരയും പപ്പായയും തീന്‍ മേശയില്‍ കറികളായെത്തി. പസ്തയും കിസ്തയും കുറഞ്ഞു. എന്തിന് ഭരിക്കുന്ന കാലത്ത് വാ തുറന്ന് നാല് വര്‍ത്തമാനം പറയാത്ത നമ്മുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സഭയില്‍ സംസാരിക്കുക വരെ ചെയ്തു. ഈ അത്ഭുത രോഗ ശാന്തിയ്ക്ക് ഒരു നന്ദി അറിയിക്കുന്നു. മന്‍മോഹന്‍ സിങ് ഒരു സിങ്കമാണ്. ധിം തരികിട തോം, എപ്പിസോഡ്: 196.

എല്ലാം ശരിയാകും..

അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് നമ്മുടെ പാര്‍ട്ടിയുടെ ലക്ഷ്യം. എല്ലാവരും ഉണ്ടുറങ്ങുന്ന സമസ്ഥ സുന്ദരമായ ലോകവും അവിടെ സ്വയം ഭരിക്കപ്പെടുന്ന ജനതയുമൊക്കെ ചേര്‍ന്ന് കര്‍ത്താവ് വരെ തോറ്റുപോകുന്ന സ്വര്‍ഗീയ രാജ്യമാണ് നമ്മുടെ പാര്‍ട്ടി വിഭാവനം ചെയ്യുന്നത്. എന്നാല്‍ ആരെങ്കിലും കൂട്ടത്തില്‍ നിന്ന് ഒറ്റയ്ക്ക് ഇത് നടത്താമെന്ന് ശ്രമിച്ചാല്‍ അത് നമ്മള്‍ തടയുകയും ചെയ്യും. സ്ത്രീ പീഡകരായവരോ ഗുണ്ടാ ബന്ധമുള്ളവരോ നമ്മുടെ പാര്‍ട്ടിയിലുണ്ടെങ്കില്‍ അവരെ നമ്മള്‍ പുറത്താക്കുകയും ചെയ്യും. സംഭവം കൊള്ളാം എന്ത് ആരോപണം ഉണ്ടായാലും ആരെയും പുറത്താക്കാതിരിക്കുന്ന പാര്‍ട്ടികളെ സംബന്ധിച്ച് ഇത്രയുമൊക്കെ ഒരു പാര്‍ട്ടി ചെയ്തല്ലോ എന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ ഒറ്റ കുഴപ്പമേ ഉള്ളു സംഭവം സത്യമാണെങ്കിലും അല്ലെങ്കിലും മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്ന് പാര്‍ട്ടി മൊത്തത്തിലൊന്ന് ക്ഷീണിക്കും എന്ന് കണ്ടാല്‍ മാത്രമെ നമ്മള്‍ ഈ അച്ചടക്ക നടപടിയൊക്കെ എടുക്കൂ. അല്ലെങ്കില്‍ മണല്‍ മാഫിയയും വലിയ വായില്‍ സോഷ്യലിസം പറയും. അത്തരം സോഷ്യലിസങ്ങള്‍ക്കെതിരെ സ്വയവിമര്‍ശനപരമായ തിരുത്തലുകള്‍ ഉണ്ടാകട്ടെ.. എപ്പിസോഡ്: 193.

ഭയം ബാധിച്ച ചിലര്‍

ഭയമാണ് സമീപകാല കേരളരാഷ്ട്രീയത്തിന്റെ ഹൈലൈറ്റ്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടറായ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഭയം. വിജിലന്‍സ് ഡയറക്ടര്‍ക്ക് തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ഭയം. പ്രതിപക്ഷനേതാവിന് തന്നെ ആരെയോ കൊല്ലാന്‍ വരുന്നു എന്ന ഫിയര്‍ സൈക്കോസിസ്. മുഖ്യമന്ത്രിക്ക് മാധ്യമങ്ങള്‍ വാടകയ്‌ക്കെടുത്തവര്‍ കരിങ്കൊടിയുമായി നടക്കുന്നെന്ന തോന്നല്‍. ഉമ്മന്‍ചാണ്ടിയെ സോളാര്‍ ഭൂതവും കെ.എം മാണിയെ ബാര്‍ക്കോഴ പ്രേതവും പിന്തുടരുന്നു. ബാബുവിനാകട്ടെ സകലതിനെയും ഭയം. എന്തായാലും രാഷ്ട്രീയത്തിന്റെ മാടമ്പള്ളി തറവാട്ടില്‍ എന്തോ ചിലതൊക്കെ വശപ്പിശകായി നടക്കുന്നുണ്ട്. ധിം തരികിട തോം, എപ്പിസോഡ്: 192

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം