പ്രളയത്തില്‍ കെ.രാജു മന്ത്രി ജര്‍മ്മനിയില്‍ ഒറ്റപ്പെട്ടുപോയി

കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ നമ്മുടെ കെ.രാജു മന്ത്രി ജര്‍മ്മനിയില്‍ ഒറ്റപ്പെട്ടുപോയി. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന രാജു ജര്‍മ്മനിയില്‍ പോയത് മുഖ്യമന്ത്രി പോലും അറിഞ്ഞില്ലത്രെ. പകരം ചുമതലയും നല്‍കിയില്ല. നാട്ടില്‍ വെള്ളം കയറുന്നതിനിടെ മന്ത്രി വിദേശത്ത് പോയത് വിവാദമായതിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്ന് കയറിപ്പോരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് രാജു മന്ത്രി തിരികെയെത്തി. വക്രദൃഷ്ടി. എപ്പിസോഡ്: 622.

Anchor: D. Premesh Kumar

യു ടൂ മുകേഷ്

അങ്ങ് അമേരിക്കയില്‍ തുടങ്ങിയ മീ ടൂ ക്യാമ്പയിനിന്റെ ചുവടു പിടിച്ച് ബോളിവുഡിലും മാധ്യമരംഗത്തും ഒക്കെ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന മീ ടൂ ക്യാംപെയ്ന്‍ ഇങ്ങ് കേരളത്തിലെത്തിലും എത്തി. രാഷ്ട്രീയ രംഗത്ത് സരിത നായര്‍ നടത്തിയ മീ ടൂ ആക്രമണത്തില്‍ മാനം പോയത് യു.ഡി.എഫ് എം.എല്‍.എമാരും നേതാക്കളും ആയിരുന്നെങ്കില്‍ മലയാള സിനിമാംരംഗത്തെ ആദ്യ മീ ടൂ ക്യാമ്പയിന് പരാതി നടന്‍ മുകേഷിനെതിരെയാണ്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ തന്നോട് മോശമായി പെരുമാറിയെന്നാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ പരാതി. നടന്‍ മുകേഷ് കൊല്ലം എം.എല്‍.എ കൂടി ആയതിനാല്‍ കൊല്ലത്തെ കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നു കഴിഞ്ഞു. മീ ടൂ വെളിപ്പെടുത്തലില്‍ ഇനി ആരൊക്കെ കുടുങ്ങാന്‍ പോകുന്നു എന്നാണ് അറിയേണ്ടത്. വക്രദൃഷ്ടി, എപ്പിസോഡ്: 651.

ബ്രൂവെറിയിലെ തൊണ്ടി മുതലും ദൃസാക്ഷിയും

ബ്രൂവെറി വിവാദത്തില്‍ നിന്ന് ഒടുവില് സര്‍ക്കാര്‍ തലയൂരി. ഈ സര്‍ക്കാരിന്റെ ഇന്നേ വരെയുള്ള പ്രവര്‍ത്തനകാലയളിവില്‍ പ്രതിപക്ഷം കൊണ്ടു വന്ന പലവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് ബ്രൂവെറി അനുമതി നല്‍കിയതിലെ ഈ അഴിമതി ആരോപണമാണ്. മറുപടി പറഞ്ഞ് പറഞ്ഞ് കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് പോയി. പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന് ഒരു ദിവസം പറയുകയും. പിറ്റേദിവസം പ്രളയത്തിന്റെ രൂക്ഷത കൂട്ടിയത് സര്‍ക്കാര്‍ ആണെന്ന് മാറ്റിപറഞ്ഞും ഏറ്റവും ഒടുവില്‍ പ്രളയകാലത്ത് പോലും പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ നനഞ്ഞ പടക്കമായത് പോലെ ഇതും കത്തിത്തീരുമെന്നാണ് സര്‍ക്കാരും പിണറായിയും പ്രതീക്ഷിച്ചത്. പക്ഷെ, പ്രശ്‌നം മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ വിവാദം കത്തിത്തീരുക മാത്രമല്ല കത്തിപ്പടരുകയാണ് ഉണ്ടായത്. വക്രദൃഷ്ടി, എപ്പിസോഡ്:650.

മല കയറുന്ന രാഷ്ട്രീയം

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം രാഷ്ട്രീയവിവാദമായി മാറുന്നു. സുപ്രീംകോടതി വിധിയോട് ഭക്തജനങ്ങളില്‍ ചിലര്‍ പ്രകടിപ്പിച്ച എതിര്‍പ്പിനെ രാഷ്ട്രീയ നേട്ടമാക്കാന്‍ ഇറങ്ങുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. ഭക്ത ജനങ്ങള്‍ ചില സാമുദായിക സംഘടനകളുടെ പിന്തുണയോടെ നടത്തിയ പ്രതിഷേധ നാമജപത്തിലെ ജനപങ്കാളിത്തം കണ്ട് ചാടി വീണു കഴിഞ്ഞു പാര്‍ട്ടികള്‍. കോടതി വിധിയെ തത്വത്തില്‍ സ്വഗതം ചെയ്ത കോണ്‍ഗ്രസാണ് ഒരു മുഴം മുമ്പെ നീട്ടിയെറിഞ്ഞത്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ യോഗം വിളിച്ച് പ്രശ്‌നം വെച്ച് കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി കൊടുപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ആര്‍.എസ്.എസ് നിലപാട് കാരണം ആശയക്കുഴപ്പത്തിലായിരുന്ന ബി.ജെ.പി യും. വൈകിയില്ല മോര്‍ച്ചാ സംഘടനകളെ കൊണ്ട് ശരണം വിളിപ്പിച്ച് ചാടി വീണു കഴിഞ്ഞു. വക്രദൃഷ്ടി. എപ്പിസോഡ്: 649.

കാളക്കൂറ്റനും ജല്ലിക്കെട്ടും

കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ പാര്‍ട്ടിയിലെ മുമ്പെ പറക്കുന്ന പക്ഷിയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കെ.സുധാകരന്റെ പ്രതീകരണം കേള്‍ക്കൂ. ബി.ജെ.പിക്കും മുമ്പെ പറക്കാനാണ് ശ്രമം. സര്‍ക്കാര്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് അവസരം ഉണ്ടാക്കുകയാമണെന്നാണ് കെ.സുധാകരന്റെ ആക്ഷേപം. അതായത് മുതലെടുപ്പിന് മറ്റാര്‍ക്കും അവസരം നല്‍കില്ലെന്നും ഇതിനര്‍ത്ഥമുണ്്. ഒരു ജല്ലിക്കെട്ട് മോഡല്‍ സമരത്തിനാണ് കോണ്‍ഗ്രസിലെ ഈ കാളക്കൂറ്റന്‍ ആഹ്വാനം ചെയ്യുന്നത്. സുധാകരന്റേതാണ് ആഹ്വാനം. നാട് കാള കയറിയ ചീനഭരണിക്കട പോലെ ആക്കരുതേ. വക്രദൃഷ്ടി, എപ്പിസോഡ്: 648.

വാറ്റില്‍ സ്വയം പര്യാപ്തത

മേക്ക് ഇന്‍ ഇന്ത്യ പോലെ മേക്ക് ഇന്‍ കേരള പദ്ധതിക്ക് പിണറായി തുടക്കം കുറിച്ചിരിക്കുകയാണ്. നാം മലയാളികള്‍ക്ക് വേണ്ടത് ഇവിടെ തന്നെ ഉത്പാദിപ്പിക്കുക. അതരിയുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും കാര്യത്തില്‍ അത് നടപ്പില്ല. മദ്യത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തതയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളാണ് കേരളീയര്‍ക്ക് കുടിക്കാനുള്ള മദ്യം വാറ്റിത്തരുന്നത്. അത് നിര്‍ത്തി ഇവിടെ തന്നെ വാറ്റാനുള്ള പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് പ്രതിപക്ഷത്തിന്റെ ഉടക്ക്. ആരെയും അറിയിക്കാതെ സര്‍ക്കാരിന്റെ രഹസ്യ ഏര്‍പ്പാടിലാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സംശയം ഉന്നയിക്കുന്നത്. എന്തായാലും സര്‍ക്കാരിന്റെ വാറ്റു പിടിക്കാനും പിടിപ്പിക്കാനും ചെന്നിത്തല രംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ വാറ്റു വിവാദത്തിലായി. വക്രദൃഷ്ടി, എപ്പിസോഡ്: 646

കോണ്‍ഗ്രസില്‍ മുല്ലപ്പള്ളി വിപ്ലവം

അറബ് സന്തമായി പരിണമിച്ച മൂല്ലപ്പൂ വിപ്ലവം എന്നൊക്കെ കേട്ടിട്ടുണ്ട്. കോണ്‍ഗ്രസിലും ഇനി മുല്ലപ്പൂക്കാലം എന്നാണ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. അതോ മുല്ലപ്പള്ളി വിപ്ലവ കാലമോ. നല്ല കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനും സഹഭാരവാഹികളും ചുമതലയേറ്റു. കെ.പി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍, താല്‍ക്കാലികത്തില്‍ തുടങ്ങി സ്ഥിരം പ്രസിഡന്റായി 18മാസം ഭരിച്ച എം.എം ഹസന്‍ ചുമതല കൈമാറി. സകലവിധ ഗ്രൂപ്പുകളെയും പേറി കൊണ്ടുള്ള കെ.പി.സി.സി ഭരണം തലവേദന പിടിച്ചതാണ്. നല്ല സമയം നോക്കിയല്ല പ്രസിഡന്റ് കസേരയേറ്റതെങ്കല്‍ പ്രശ്‌നമാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 645.

പി.സി.ജോര്‍ജിന്റെ സുവിശേഷം

സ്ത്രീ പീഡന കേസുകള്‍ വന്നാല്‍, പ്രത്യേകിച്ച് പ്രതിസ്ഥാനത്ത് സമൂഹത്തില്‍ വിലയും നിലയും ഉളളവരാണെങ്കില്‍ പി.സി. ജോര്‍ജ് എം.എല്‍.എ നിശ്ചയമായും കുറ്റാരോപിതന്റെ ഭാഗത്തായിരിക്കും. എന്ന് മാത്രമല്ല ഇരയെ അപമാനിക്കുകയും ചെയ്യും. അത് നടി ആക്രമിക്കപ്പെട്ട കേസോ, ബിഷപ്പിനെതിരായ ബലാത്സംഗ കേസോ എന്തുമാവട്ടെ. പാര്‍ട്ടിയെല ശത്രുക്കള്‍ പി.സി.ക്കെതിരെ പണ്ട് ഇതു പോലൊരു കള്ളപരാതി കൊണ്ട് വന്ന് പി.സി.യെ നേരിട്ടിട്ടുണ്ട്. അന്ന് തുടങ്ങിയതാണ് പി.സിയുടെ സ്ത്രീ വിരോധം. അന്നാരംഭിച്ചതാണ് സ്ത്രീ പീഡകരുടെ കൈമുത്തല്‍. ഇന്ന് പാലാ സബ് ജയിലില്‍ പോയും പി.സി. ബിഷപ്പ് ഫ്രാങ്കോയുടെ കൈ മുത്തി. വക്രദൃഷ്ടി എപ്പിസോഡ്: 644.

ഭീഷണിയല്ല പ്രേരിപ്പിച്ച് പിരിക്കല്‍

പ്രളയത്തില്‍ തകര്‍ന്ന നാടിനെ പുനരുദ്ധരിക്കാന്‍ കോടികള്‍ വേണം. മാനദണ്ഡങ്ങളും അളവു കോലും വെച്ചുള്ള കേന്ദ്ര സഹായം എത്രയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ലോകബാങ്കില്‍ നിന്ന് കടമെടുത്താലും തീരില്ല പ്രശ്‌നം. യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചുവെങ്കിലും കേന്ദ്രം ഉടക്കിട്ടു. എന്നാല്‍ ഉടക്കിട്ട് കേന്ദ്രം അത് തരുമോ അതുമില്ല. വിഭവ സമാഹരണത്തിനായി ധനമന്ത്രി തോമസ് ഐസക്ക് എന്തോ ചെയ്യും. പിരിവു തന്നെ പിരിവ്. കേരളത്തിനകത്തും പുറത്തും നമ്മുടെ നാട്ടില്‍ പിരിക്കാന്‍ അഭ്യര്‍ത്ഥന മാത്രം പോര അല്പം ഭീഷണിയും വേണം. എന്നിട്ടും പതിനഞ്ചു ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഒരു മാസത്തെ ശമ്പളം നല്‍കിയ പ്രതിപക്ഷ നേതാവും അഞ്ച് നയാ പൈസ സഹായിക്കാത്ത ബി.ജെ.പിയും സര്‍ക്കാരിന്റെ പിരിവിനെ കൊള്ളയെന്ന് വിളിച്ച് വിളിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 643

വെല്‍ക്കം ടു പാലാ ജയില്‍

അങ്ങനെ ഒടുവില്‍ നമ്മുടെ ബിഷപ്പ് അറസ്റ്റിലായി. രാജ്യത്ത് ബലാല്‍സംഗ കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത് ഇതാദ്യമായി. അതും കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കുറ്റത്തിന്. നീതി തേടി കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ സമരരംഗത്ത് വരുന്നതും ചരിത്രത്തിലാദ്യം. സഭകള്‍ക്കുള്ളിലെ അധികാരഘടനയും പുരുഷാധിപത്യവും സമൂഹത്തിലെ മറ്റു പല മേഖലകളിലെന്ന പോലെ ചോദ്യം ചെയ്യപ്പെടുകയാണ്. മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് അര്‍ത്ഥം. ബിഷപ്പ് ജയിലിലടക്കപ്പെട്ടതില്‍ വേദനിക്കുന്ന കെ.സി.ബി.സി പോലുള്ള സഭാ നേതൃത്വം കന്യാസ്ത്രീയുടെ അവസ്ഥയില്‍ വേദനിച്ചതായി കണ്ടില്ല. അവനൊപ്പമാണ്, എന്നാല്‍ അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് സിനിമാ സംഘടന പറഞ്ഞത് പോലെയാണിതും. എന്തായാലും കുറച്ചു വൈകിയാലും കേസന്വേഷണം ഫലപ്രദമായി നടത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്ത കേരള പോലീസിന് അഭിനന്ദനം. വക്രദൃഷ്ടി, എപ്പിസോഡ്: 642

സംസ്ഥാന കോണ്‍ഗ്രസിലെ കിരീടധാരണം

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് ഭൈമീ കാമുകന്‍മാര്‍ നിരവധിയുണ്ടായിരുന്നെങ്കിലും നറുക്കു വീണത് മലബാറുകാരന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സി.പി.എമ്മിനെ മലബാര്‍ നേതൃത്വമാണ് നയിച്ചിരുന്നതെങ്കില്‍ സി.കെ.ജിക്ക് ശേഷം കോണ്‍ഗ്രസിന് മലബാറില്‍ നിന്ന് ഒരു പാര്‍ട്ടി അധ്യക്ഷന്‍ ഉണ്ടായിട്ടില്ല. ആ കുറവ് തീര്‍ത്തു. രാഹുല്‍ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കി പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളിയെ രാഹുല്‍ സംസ്ഥാന പ്രസിഡന്റാക്കി പ്രഖ്യാപിച്ചു. ഒരു തരത്തില്‍ പാരിതോഷികമോ പ്രത്യുപകാരമോ ആയി കരുതാം. കേന്ദ്രത്തില്‍ പേരിന് ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ മുല്ലപ്പള്ളി നടത്തിയെങ്കിലും ഇവിടെ അങ്ങിനെ ഒരേര്‍പ്പാടില്ല. പണ്ട് കൈ പൊക്കി നടത്തിയ വോട്ടെടുപ്പില്‍ കെ.കരുണാകരന്റെ സഹായത്തോടെ വയലാര്‍ രവി എ.കെ.ആന്റണിയെ പരാജയപ്പെടുത്തിയതിന് ശേഷം ഒരു തിരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ല. ഹൈക്കമാന്‍ഡ് അവരുടെ നല്ല പിള്ളകളില്‍ ഒരാളുടെ പേര് പറയും അയാള്‍ കൈ പൊക്കും. അത്ര തന്നെ. നല്ല പിള്ള യാവുകയോ ചമയുകയോ ചെയ്യുക എന്നതാണ് പ്രധാനം. വക്രദൃഷ്ടി, എപ്പിസോഡ്: 641.

പോലീസിനോട് കുമ്പസരിക്കാതെ ബിഷപ്പ്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുമെന്ന് കരുതിയെങ്കിലും നടന്നില്ല. എഴു മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും പൂര്‍ണമായില്ല. ബിഷപ്പ് കാര്യമായി ഒന്നും കുമ്പസരിച്ച മട്ടുമില്ല. ചോദ്യം ചെയ്യല്‍ തുടരും. പോലീസിന്റെ മേല്‍ സമ്മര്‍ദ്ദം വേണ്ടെന്നും അന്വേഷണം മുറ പോലെ നടക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടത് കൊണ്ടാകാം പോലീസിനും ബിഷപ്പിനെ അകത്താക്കാന്‍ ധൃതിയില്ല. അവിടെ കൊച്ചിയില്‍ സമരമിരിക്കുന്ന കന്യാസ്ത്രീമാര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ. നാളെയെങ്കിലും വല്ലതും നടക്കുമോ? വക്രദൃഷ്ടി, എപ്പിസോഡ്: 640

കാലുവാരിയത് അവര്‍ അഞ്ചു പേര്‍

നമ്പി നാരായണന് നീതി നല്‍കി കൊണ്ടുള്ള ചാരക്കേസിലെ സുപ്രീം കോടതി വിധി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചില ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിട്ടുണ്ട്. കെ.കരുണാകരന്റെ മക്കളായ കെ.മുരളീധരനും പത്മജയും കെ.കരുണാകരനെതിരെ നടന്നത് കൊടും ചതിയെന്നാണ് പ്രതികരിച്ചത്. നരസിംഹ റാവുവിനെയാണ് കെ.മുരളീധരന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെങ്കില്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ കേരളത്തിലെ അഞ്ചു നേതാക്കളാണെന്ന് പത്മജ ആരോപിക്കുന്നു. കെ.കരുണാകരനെ ചതിച്ചതാര്? ചാരക്കേസിന്റെ ഇല്ലാക്കഥ പറഞ്ഞ് കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഇറക്കി വിട്ട ആ കൊട്ടാര വിപ്ലവത്തിന് പിന്നിലാരൊക്കെ? കരുണാകരന്റെ പ്രിയപുത്രി വെളിപ്പെടുത്തിയ ആ അഞ്ചു പേര്‍ ആരൊക്കെ? ആ കൊടുംചതിയുടെ ചുരുള്‍ നിവരുമോ സുപ്രീം കോടതി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍? വക്രദൃഷ്ടി, എപ്പിസോഡ്: 638

മല്യക്ക് യാത്രയയപ്പ് നല്‍കിയത് ജെയ്റ്റ്‌ലി

ബാങ്കുകള്‍ക്ക് കിട്ടാക്കടമായ കോടികള്‍ നല്‍കാതെ ലണ്ടനിലേക്ക് മുങ്ങുന്നതിന് മുമ്പ് വിജയ് മല്യ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട് വിവരം പറഞ്ഞിരുന്നു. വിജയമല്യ തന്നെ ലണ്ടനില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ലണ്ടനിലേക്ക് പോകുന്ന വിവരം പറഞ്ഞിരുന്നുവെങ്കിലും മുങ്ങനാണ് ഈ പോക്ക് എന്ന അറിഞ്ഞിരുന്നില്ലെന്ന് ജെയ്റ്റ്‌ലി. ക്രമക്കേടില്‍പ്പെട്ടവര്‍ ആരെങ്കിലും പറഞ്ഞിട്ട് മുങ്ങുമോ ജെയ്റ്റ്‌ലിജീ. യാത്രയാക്കുന്നതിന് പകരം അപ്പോള്‍ തന്നെ പിടിച്ച് അകത്തിടേണ്ടതായിരുന്നില്ലേ. ഇനി ആ നീരവ് മോദിയും പറഞ്ഞിട്ടാകുമോ പോയത്? വക്രദൃഷ്ടി, എപ്പിസോഡ്: 367

പറഞ്ഞത് വിഴുങ്ങി പി.സി.ജോര്‍ജ്

പി.സി.ജോര്‍ജ് ഒടുവില്‍ ഘേധപ്രകടനം നടത്തി. കന്യാസ്ത്രീയ്‌ക്കെതിരായി നടത്തിയ മോശം പരാമര്‍ശം പിന്‍വിലക്കുകയും ചെയ്തു. താനങ്ങനെയൊന്നും ഒരു സ്ത്രീയ്ക്കും എതിരായി പറയാന്‍ പാടില്ലായിരുന്നു എന്ന കുറ്റസമ്മതവും വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ ആരെയും കണ്ട് വിരണ്ടിട്ടല്ല. പി.സി.ജോര്‍ജിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി.സി.യുടെ വായടപ്പിക്കാന്‍ നടക്കുന്നവരെ ഭയന്നിട്ടുമല്ല. പണ്ടേ പോലെ റബ്ബറിന് വലിയ വിലയുള്ള കാലമൊന്നുമല്ല. കേസും കൂട്ടവുമായി ഡല്‍ഹിക്ക് പോകാന്‍ വണ്ടിക്കൂലിയൊന്നുമില്ല. പുലി വാല്‍ പിടിക്കുന്നത് ഒഴിവാക്കാന്‍ നിരുപാധികം പിന്‍വലിക്കുകയാണ് പി.സി.യുടെ സ്ത്രീവിരുദ്ധ വികലപ്രയോഗങ്ങള്‍. വക്രദൃഷ്ടി. എപ്പിസോഡ്: 636.

പൂഞ്ഞാര്‍വാസി ഒരു ദരിദ്രവാസി

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജിനെ വിളിച്ചു വരുത്താന്‍ ദേശീയ വനിതാ കമ്മിഷന്‍ കുറച്ച് പാടു പെടും. ഒന്നാമത് പൂഞ്ഞാറിന്റെ ഈ വീരപുത്രന് ഡല്‍ഹി വരെ പോകാനുള്ള വണ്ടിക്കൂലി വേണമെങ്കില്‍ നാട്ടുകാര്‍ എല്ലാരും കൂടി പിരിവിടണം. അല്ലെങ്കില്‍ കമ്മിഷന്‍ ചട്ടപ്പടി ടി.എ യും ഡി.എയും കൊടുക്കണം. എം.എല്‍.എയ്ക്ക് അത്ര ദാരിദ്ര്യമാണെങ്കില്‍ വണ്ടിക്കൂലി കൊടുക്കാമെന്ന് കമ്മിഷന്‍ അധ്യക്ഷ. അല്ലെങ്കില്‍ പിന്നെ മറ്റൊരു മാര്‍ഗ്ഗമേയുള്ളൂ. മമ്മത് മലയുടെ അടുത്ത് പോയില്ലെങ്കില്‍ മല മമ്മതിന്റെ അടുത്ത് പോകണമെന്ന് പറയുന്നത് പോലെ ദേശീയ വനിതാ കമ്മിഷന്‍ പൂഞ്ഞാറില്‍ സിറ്റിംഗ് വെയ്ക്കണം.വക്രദൃഷ്ടി, എപ്പിസോഡ്: 635.

ഹര്‍ത്താല്‍ ചലഞ്ച്

പ്രതിപക്ഷ കക്ഷികളെല്ലാം കൂടി നടത്തിയ ഭാരത ബന്ദ് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി നടത്തുന്ന ആദ്യ ഹര്‍ത്താലായി മാറി. ഇന്ധന വില വര്‍ധന ആണല്ലോ വിഷയം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് മോദിയും ബി.ജെ.പിയുമാണ് ഭരണത്തില്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില താഴ്ന്ന നില്‍ക്കുമ്പോഴും പെട്രോള്‍ വില ഉയര്‍ത്തുന്നത് രാജ്യത്ത് ശൗചാലയങ്ങള്‍ പണിയാനാണെന്ന് നമ്മുടെ കേന്ദ്ര മന്ത്രിമുഖ്യന്‍ കണ്ണന്താനം മൊഴിഞ്ഞത് കേട്ടില്ലായിരുന്നോ. പെട്രോള്‍ വില ദിവസേന കൂടുന്നത് എന്തിനാണെന്ന് മനസ്സിലായില്ലെ. പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്ത ശൗചാലയങ്ങള്‍ക്ക് വേണ്ടിയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 634.

കേരളം അനാഥമെന്ന് പ്രതിപക്ഷം

ചികില്‍സയ്ക്ക് അമേരിക്കയില്‍ പോയ മുഖ്യമന്ത്രി മറ്റാര്‍ക്കും ചുമതല നല്‍കാത്തത് കാരണം സംസ്ഥാനത്തിന് നാഥനില്ലെന്ന ഒരു ഫീലിംഗ് ആണ് പ്രതിപക്ഷത്തിന്. മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കാനും പ്രളയദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള ചുമതലയാണ് മന്ത്രി ഇ.പി ജയരാജന് നല്‍കിയിട്ടുള്ളത്. ആഘോഷങ്ങള്‍ മാറ്റി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയപ്പോള്‍ മന്ത്രിമാര്‍ക്കിടിയില്‍ ഉണ്ടായ തര്‍ക്കം ഈ ആശയക്കുഴപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷത്തിന് വിമര്‍ശിക്കണമെങ്കില്‍ തന്നെ ആരെ വിമര്‍ശിക്കും. ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചാല്‍ മതിയോ. സംസ്ഥാനത്തെ സനാഥമാക്കാന്‍ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നെങ്കിലും ചുമതല അടിയന്തരമായി ഇ മെയില്‍ മുഖേന ഇ.പി.ജയരാജന് കൈമാറേണ്ടതായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 633.

ലാലേട്ടാ... മോദി വിളിക്കുന്നു....

നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെ റൂമറും നാടു ചുറ്റാനിറങ്ങി. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ബി.ജെ.പി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടുവെന്ന് ഒരു ദേശീയ ചാനല്‍ തന്നെ വാര്‍ത്ത ബ്രെയ്ക്ക് ചെയ്തു. മോഹന്‍ലാല്‍ വന്നാല്‍ പെരുത്ത് സന്തോഷമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും. പക്ഷെ, സൂപ്പര്‍ സ്റ്റാറുകളിലൊരാളായ സുരേഷ് ഗോപിയെ പാര്‍ട്ടിയിലെടുത്ത് സിനിമയില്‍ നിന്ന് തന്നെ ഔട്ടാക്കിയത് പോലെ ലാലേട്ടനെ കുരുതി കൊടുക്കനാണോ എന്ന് ഫാന്‍സിന് സംശയം ഇല്ലാതില്ല. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ആവാന്‍ സര്‍വഥാ യോഗ്യനായി സുരേഷ്‌ഗോപി ഇപ്പോള്‍ അവിടെ തന്നെയുള്ളപ്പോള്‍ പുള്ളിക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ ലാലേട്ടന്‍ വരേണ്ടതുണ്ടോ. അല്ലെങ്കില്‍ തന്നെ തമിഴകത്ത് തലൈവരാകാന്‍ കമലാഹാസനും രജനീകാന്തും തയ്യാറെടുക്കുന്ന സമയത്ത് ലാലേട്ടന്‍ ഒരു എം.പിയായി ഒതുങ്ങേണ്ട ആളാണോ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെയും ബി.ജെ.പിയുടെ വോട്ടില്‍ കാറ്റു വീഴ്ച ഉണ്ടായില്ലെങ്കില്‍ ലാലേട്ടനെ 2021 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ നോക്കുകയാണ് ബി.ജെ.പി ചെയ്യേണ്ടത്. ലാലേട്ടന്‍ നിന്ന് തന്നാല്‍. വക്രദൃഷ്ടി, എപ്പിസോഡ്: 632.

വീണ്ടും ശശി

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയുടെ പേരിലുയര്‍ന്ന ആരോപണത്തില്‍ നിന്ന് പി.ശശി പോലും പുറത്തു കടന്നിട്ട് അധികം നാളായില്ല. അപ്പോഴിതാ വരുന്നു മറ്റൊരു ശശിയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ലൈംഗികാരോപണം. നമ്മുടെ ഷൊര്‍ണ്ണൂര്‍ എം.എംല്‍.എ പി.കെ.ശശിയുടെ പേരില്‍ ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പാര്‍ട്ടിക്ക് പരാതി അയച്ചിരിക്കുന്നത്. പാര്‍ട്ടിയും സഭയും പ്രവര്‍ത്തിക്കുന്നത് ഒരു പോലെയാണ് എന്ന് പറയാറുണ്ടെങ്കിലും സഭയിലെ പരാതിക്കാര്‍ പോലീസിനെ സമീപിക്കുന്നകാലമാണ്. പക്ഷെ, പാര്‍ട്ടിയിലെ പരാതിക്കാര്‍ക്ക് ഇപ്പോഴും പാര്‍ട്ടി സംവിധാനത്തില്‍ മാത്രമാണ് വിശ്വാസം. എന്തായാലും അന്വേഷണം നടക്കുന്നതായി പാര്‍ട്ടി സ്ഥിരീകരിച്ചിച്ചിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 631

ചുമതലക്കാരനല്ല ഇ.പി ജയരാജന്‍, എങ്കിലും പകരക്കാരന്‍

മുഖ്യമന്ത്രി ചികില്‍സാര്‍ത്ഥം അമേരിക്കയില്‍ പോയെങ്കിലും മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള ചുമതല മന്ത്രി. ഇ.പി ജയരാജനാണ്. ഇഫയല്‍ മാര്‍ഗ്ഗേണ മുഖ്യമന്ത്രി അമേരിക്കയില്‍ ഇരുന്നു തന്നെ ഭരണമേല്‍നോട്ടം നടത്തും. ജയരാജന് പൂര്‍ണ്ണ ചുമതല നല്‍കാതെ മുതലാളിത്ത രാജ്യമായ അമേരിക്കയിലിരുന്ന് കമ്യൂണിസ്റ്റ് ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നതിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്. വക്രദൃഷ്ടി. എപ്പിസോഡ്: 630.

പ്രളയം സഭയില്‍

പ്രളയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം ഭാഗ്യത്തിന് പതിവു വിമര്‍ശനത്തിലും ബഹളത്തിലും മുങ്ങിയില്ല. സംസ്ഥാനത്തിന്റെ പുന്‍നിര്‍മ്മാണത്തിന് യോജിക്കണമെന്ന സര്‍ക്കാരിന്‍രെ ആഹ്വാനത്തിന് തങ്ങള്‍ അക്കാര്യത്തില്‍ ഒരടി മുന്നില്‍ തങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷവും പറഞ്ഞു. എങ്കിലും പ്രതിപക്ഷമല്ലേ. വിമര്‍ശനമില്ലാതെ എന്ത് പ്രതിക്ഷം. പ്രളയം സര്‍ക്കാരിന്റെ സൃഷ്ടി എന്നത് മുതല്‍ ദുരിതാശ്വസനിധി ചെലവിടുന്നതിലെ സുതാര്യത വരെ പ്രതിപക്ഷം ഉന്നയിച്ചു. രാഷ്ട്രീയച്ചൂടില്‍ ചര്‍ച്ച മുങ്ങാതെ നേര്‍ദിശയിലേക്ക് ചര്‍ച്ച പോയത് എല്ലാവരും ജനകീയ വികാരം നേരെ ചൊവ്വെ വായിച്ചത് കൊണ്ടാകണം. സമവായത്തിന്റെ സ്വരത്തില്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രമേയാവതരണം. വക്രദൃഷ്ടി. എപ്പിസോഡ്: 629.

രക്ഷകന്‍

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വന്നിട്ടും രാഹുല്‍ ഗാന്ധിയെ കണ്ടില്ലല്ലോ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നുണ്ടായിരുന്നു. രാഹുല്‍ വിദേശത്തായിരുന്നല്ലോ. തിരിച്ചെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തി. പ്രതിപക്ഷത്താണെങ്കിലെന്താ ഭാവി പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത് പോലയൊണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാവിലെ തിരുവനന്തപുരത്ത് രാഹുലിനെ വരി നിന്ന് സ്വീകരിച്ചത്. കെ.പി.സി. പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് , ഉമ്മന്‍ചാണ്ടി , വി.എം.സുധീരന്‍ തുടങ്ങി നേതാക്കളുടെ പട തന്നെ പ്രസിഡന്റിനെ കാണാനെത്തി. വക്രദൃഷ്ടി. എപ്പിസോഡ്: 627.

കണ്ണന്താനം തന്റെ ക്യാമ്പുറക്കം തുടരുന്നു

ഓണദിവസം കേരളത്തിന്റെ മനസ്സ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കൊപ്പമായിരുന്നു എന്നു വേണം പറയാന്‍. സ്വന്തം വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയാതെ ക്യാമ്പുകളില്‍ തുടരുന്നവര്‍ക്ക് പിന്തുണയുമായി ജന പ്രതിനിധികളും മന്ത്രിമാരും കലാകാരന്‍മാരും സന്നദ്ധ പ്രവര്‍ത്തകരും എത്തി. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച അവിടെ ഉറങ്ങുന്ന കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണനതാനം ഒരു ക്യാമ്പില്‍ ഉറങ്ങുകയും ചെയ്തു. ക്യാമ്പില്‍ ഉറങ്ങിയതെ സമൂഹ മാധ്യമങ്ങളില്‍ കളിയാക്കിയവരോടുള്ള മറുപടിയായി ഇനിയുമുറങ്ങും എന്ന് പറഞ്ഞ കണ്ണന്താനം തന്റെ ക്യാമ്പുറക്കം തുടരുന്നു. വക്രദൃഷ്ടി. എപ്പിസോഡ്: 625.

എന്റെ പിഴ എന്റെ വലിയ പിഴയെന്ന് മന്ത്രി രാജു

വനം മന്ത്രി കെ.രാജു പ്രളയകാലത്തിലെ തന്റെ ജര്‍മ്മന്‍യാത്രയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ചു. ന്യായീകരിച്ച് കുളമാക്കരുതെന്ന പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാവാം ഇത്. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ജര്‍മ്മനിക്ക് വിമാനം കയറിയത് ശരിയായില്ലെന്ന് കെ.രാജു. താന്‍ മാത്രമല്ല ജനപ്രതിനിധികളായ ശശി തരൂരും ഇ.ടി.മുഹമ്മദ് ബഷീറും ഒപ്പമുണ്ടായിരുന്നതായും രാജു പറയുന്നു. കോട്ടയം ജില്ലയില്‍ മഴ മാറി വെയിലു തെളിഞ്ഞു എന്ന് വിശ്വസിച്ചാണ് ജില്ലയുടെ ചുമതലയുണ്ടായിരുന്ന രാജു പോയത്. എന്തായാലും ഇവിടുത്തെ മഴക്കാലത്ത് ജര്‍മ്മനിയില്‍ കുടുങ്ങിയ മന്ത്രി സുരക്ഷിതനായി തിരിച്ചെത്തിയല്ലോ. കേരളത്തിന് അത്രയും ആശ്വാസം. വക്രദൃഷ്ടി, എപ്പിസോഡ്: 624.

കണ്ണാ നീ ഉറങ്ങെടാ...

ആദ്യം ഒരു ദുരിതാശ്വാസ ക്യാമ്പിലെ ഒരു അസാധാരണ കാഴ്ചയില്‍ നിന്ന് തുടങ്ങാം. ക്യാമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കുന്ന പതിവുണ്ടെങ്കിലും ഏതെങ്കിലും ക്യാമ്പില്‍ മന്ത്രിമാര്‍.അതും കേന്ദ്ര മന്ത്രിമാര്‍ കിടന്നുറങ്ങിയത് ഇതു വരെ നാമാരെങ്കിലും കണ്ടിട്ടുണ്ടോ.കേന്ദ്ര മന്ത്രി അല്‍പോണ്‍സ് കണ്മന്താനം ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് മന്ത്രി ഫേസബുക്കില്‍ ഇട്ടത്. മനത്രി കിടക്കയും പായയാും മന്ത്രി ക്യാമ്പിലേക്ക് മാറ്റിയതല്ല.ഒരു ഉച്ച മയക്കത്തിന് കിടന്നതാണ്. ്രൈപവറ്റ് സെക്രട്ടറിയാണ് ഫോട്ടോയെടുത്ത് ഫേസ് ബുക്കില്‍ ഇട്ടതെന്ന് മന്ത്രി. വക്രദൃഷ്ടി: എപ്പിസോഡ്: 624

രണ്ടാമൂഴം

രാജിവെച്ച രണ്ടു മന്ത്രിമാര്‍ അതേ കാബിനറ്റില്‍ തന്നെ തിരിച്ചെത്തുന്ന അപൂര്‍വ്വ നേട്ടം പിണറായി മന്ത്രി സഭയ്ക്ക്. രണ്ടാമത് രാജിവെച്ച മന്ത്രി നേരത്തെ തിരിച്ചെത്തിയെങ്കിലും ആദ്യം രാജിവെച്ച ഇ.പി.ജയരാജന് തിരിച്ചെത്താന്‍ പാര്‍ട്ടി സമയം നിശ്ചയിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളൊക്കെ കഴിഞ്ഞ് പൊടിയടങ്ങുമ്പോള്‍ ജയരാജനെ തിരിച്ചു കൊണ്ടു വരാമെന്ന പറഞ്ഞ പിണറായി വാക്കു പാലിച്ചു. പഴയ വകുപ്പ് തന്നെ തിരിച്ചു കൊടുത്ത് മന്ത്രിസഭയിലെ രണ്ടാമനായി അരുമശിഷ്യനെ പിണറായി തിരിച്ചെത്തിച്ചു. രാഷ്ട്രീയായോധനമുറകളില്‍ അഗ്രഗണ്യരായ കണ്ണൂരുകാര്‍ ഇങ്ങനെയാണ് പറഞ്ഞാല്‍ പറഞ്ഞത് തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 621.

ജയരാജവിജയം

സംസ്ഥാന മന്ത്രിസഭയില്‍ ഇനി ഒരു കസേര കൂടി വേണം. നാളെ മുതല്‍. ബന്ധുനിയമനവിവാദത്തില്‍പെട്ട് രാജിവെച്ച ഇ.പി.ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരികെ വരികയാണ്. 22 മാസക്കാലത്തിന് ശേഷം വ്യവസായ മന്ത്രിയായി, മന്ത്രിസഭയിലെ രണ്ടാമനായി തന്നെ. കായികം യുവജന ക്ഷേമം തുടങ്ങി തലപ്പാവിലെ പഴയ കിന്നരികള്‍ എല്ലാമുണ്ടാകും. അഞ്ചാറുമാസക്കാലം മാത്രം മന്ത്രിയായിരുന്ന ശേഷം 2016 ഒക്ടോബര്‍ 14 ന് രാജി വെച്ചു. മറ്റൊരു പതിനാലാം തിയതിയായ ചൊവ്വാഴ്ച മന്ത്രിയായി വീണ്ടും സത്പ്രതിജ്ഞ ചെയ്യുന്നു. കാലാവസ്ഥ തെളിഞ്ഞ് ചിങ്ങം പിറക്കാനൊന്നും കാത്തു നില്‍ക്കുന്നില്ല. പഞ്ഞമാസമായ കര്‍ക്കിടകത്തില്‍ തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്‌: 620

ബാലേട്ടന്റെ സ്വന്തം ലാലേട്ടന്‍

സംസ്ഥാനചലച്ചിത്ര പുരസ്‌ക്കാരദാന ചടങ്ങ് അങ്ങനെ ഗംഭീരമായി നടന്നു. അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിശിഷ്ടാത്ഥിതി ആകുന്നതിനെ ചൊല്ലി സിനിമാക്കാര്‍ തന്നെ നടത്തിയ കുത്തിത്തിരിപ്പിനും ഒരുവിധം സമാപനമായി. ലാലേട്ടനും ബാലേട്ടനും വേദിയില്‍ പരസ്പ്പരം പുകഴ്ത്തി. ഇനി ബാലേട്ടന്‍ ലാലേട്ടനു വേണ്ടി രണ്ട് വാക്ക് സംസാരിക്കും. മോഹന്‍ലാല്‍ പങ്കെടുത്താല്‍ അവാര്‍ഡിതര്‍ അപ്രസക്തരാകുമോ ഇല്ലെയോ എന്നതാണ് ചര്‍ച്ചാവിഷയം. കഴിഞ്ഞ ചലചിത്ര അവാര്‍ഡ് വിനായകന് കിട്ടിയപ്പോള്‍ ബഹിഷ്‌കരിച്ച പലരും ഇത്തവണ പങ്കെടുത്തതിലും സന്തോഷം. അഭിനയവും അരങ്ങും കൃത്യസമയത്ത് തന്നെ നിര്‍ത്തിക്കോളാമെന്നൊരുറപ്പും ലാലേട്ടന്‍ നല്‍കുന്നുണ്ട്. ലാലേട്ടനോടാണോടാ കളി. വക്രദൃഷ്ടി, എപ്പിസോഡ്: 619

അപ്പോഴേക്കും പിണങ്ങിയോ?

അല്ലെങ്കിലും നമ്മുടെ മുഖ്യമന്ത്രി പിണറായി സഖാവിന് മാധ്യമപ്രവര്‍ത്തകരെ കാണുന്നത് തന്നെ കലിപ്പാണ്. പണ്ട് ജാഥ നടത്തിയപ്പോള്‍ മാധ്യപ്രവര്‍ത്തകരെ മണിക്കൂറുകളോളം കാത്തിരുന്നത് ഒക്കെ അദ്ദേഹം എന്നേ മറന്നു കഴിഞ്ഞു. അങ്ങനെയുള്ള പിണറായി സഖാവിന്റെ മുന്നിലേക്ക് കാണുമ്പോള്‍ കാണുമ്പോള്‍ മാധ്യപ്രവര്‍ത്തകര്‍ മൈക്ക് നീട്ടുന്നു എന്ന് മാത്രമല്ല, മുന്‍ശുണ്ഠിയുള്ള അദ്ദേഹത്തിന്റെ മുഖത്ത് മൈക്കിനിടിച്ച് അഭിപ്രായം തേടിയാല്‍ പിന്നെ അദ്ദേഹം എങ്ങനെ പിണങ്ങാതിരിക്കും. അതേ, കുട്ടനാട് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിലും പ്രതിപക്ഷം സംഭവം ബഹിഷ്‌കരിച്ചതുമൊക്കെ ആഞ്ഞ് പിടിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പിണങ്ങി പോയ മുഖ്യമന്ത്രിയും അദ്ദേഹത്തിന് തമ്പുരാന്‍ മനോഭാവമാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവും കുട്ടനാട് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഗംഭീരമാക്കി. വക്രദൃഷ്ടി, എപ്പിസോഡ്: 616

ലയനം ദുഖമാണുണ്ണീ...

ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തെ ഒറ്റ കേരള കോണ്‍ഗ്രസ് ആക്കാമെന്ന ഇടതുമുന്നണിയുടെ മോഹം നടക്കുമെന്ന് തോന്നുന്നില്ല. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ലയിപ്പിച്ച് ആകമാന കേരള കോണ്‍ഗ്രസുണ്ടാക്കാന്‍ ആകമാന സുറിയാനികത്തോലിക്കാ സഭ പലവട്ടം ശ്രമിച്ചിട്ട് പോലും നടന്നിട്ടില്ല. ഒടുവില്‍ പള്ളി ഇടപെട്ട് മാണിയെയും ജോസഫിനെയും ഒന്നിപ്പിച്ചത് മാത്രം മിച്ചം. ഇടതുമുന്നണിക്കകത്തുള്ള സ്‌കറിയാ തോമസ് പാര്‍ട്ടിയെയും പുറത്തുള്ള പിള്ളയെയും ഒന്നിപ്പിക്കാന്‍ പിണറായിയുടെ സാന്നിദ്ധ്യത്തില്‍ ധാരണയായതാണ്. പക്ഷെ, ആയുഷ്‌കാല ചെയര്‍മാനായിരിക്കാന്‍ ആഗ്രകിഹിക്കുന്ന സ്‌കറിയാ തോമസ് ഒടുവില്‍ പാലം വലിച്ചു. പല ഗ്രൂപ്പുകള്‍ താണ്ടി ഒടുവില്‍ മുന്നണി മേല്‍വിലാസമുള്ള സ്‌കറിയാ തോമസ് വിഭാഗത്തിലെത്തിയ രണ്ടു മുന്‍ എം.എല്‍.എമാരായ പി.എംമാത്യുവിനെയും എം.വി.മാണിയെയും റാഞ്ചിയാണ് പിള്ള പകരം വീട്ടിയത്. ഇവര്‍ പിള്ള പാര്‍ട്ടിയില്‍ ലയിച്ചതോടെ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ യും മൂന്ന് എക്‌സ് എം.എല്‍.എമാരുമായി. വക്രദൃഷ്ടി, എപ്പിസോഡ്: 614.

ശ്രീധരന്‍ പിള്ളയുടെ രണ്ടാം ഊഴം

കാത്തിരുന്ന് കാത്തിരുന്ന് ബി.ജെ.പി കേരള ഘടകത്തിന് ഒരു പ്രസിഡന്റിനെ ലഭിച്ചു. അതും പുതുമുഖമല്ലാത്ത പഴയ പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. കെ.ജി.മാരാര്‍ക്കും കെ രാമന്‍ പിള്ളയ്ക്കും ഒ.രാജഗോപാലിനും ശേഷം പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ്. മാരാരെപോലെ രാമന്‍പിള്ളയെ പോലെ രണ്ടാമത്തെ തവണ പ്രസിഡന്റ് പദിവിയില്‍. മൂന്നു പൂര്‍വ്വ സൂരികളെയും പോലെ തിരഞ്ഞെടുപ്പ് തോല്‍വികളുടെ അനുഭല സമ്പത്തുള്ളയാള്‍. പാര്‍ട്ടിയിലെ രണ്ടു ഗ്രൂപ്പുകള്‍ ചേരി തിരിഞ്ഞ് നടത്തിയ വടം വലിയില്‍ ശരിക്കും നറുക്ക് ശ്രീധരന്‍ പിള്ളയ്ക്ക് വീഴുകയായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 613.

മുന്നണി വിപുലീകരണം അഥവാ ആള്‍ക്കൂട്ടലയനം

ഇടതുമുന്നണിയുടെ വരാന്തയിലും ഫുട്‌ബോര്‍ഡിലുമായി കാലാകാലങ്ങളായി നില്‍ക്കുന്ന പാര്‍ട്ടികളെ കൂടി മുന്നണിയിലെടുക്കാനൊരുങ്ങുകയാണ് എല്‍.ഡി.എഫ്. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ലയിപ്പിച്ചും മറ്റുള്ളവരെ മുന്നണിയിലെടുത്തും വേറെ ചിലരെ വീണ്ടും പുറത്ത് നിര്‍ത്തിയും മുന്നണി വിപുലീകരിക്കാനാണ് സി.പി.എമ്മിന്റെ ആലോചന. ഇപ്പോള്‍ തന്നെ മുന്നണിയില്‍ ആറു പാര്‍ട്ടികളുണ്ട്. ഏഴു പാര്‍ട്ടികള്‍ പുറത്ത് നില്‍പ്പുണ്ട്. ഇത് കൂടാതെയാണ് യു.ഡി.എഫിലുള്ള ആര്‍.എസ്.പിയെ സി.പി.എം ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. യു.ഡി.എഫിലുള്ള ഫോര്‍വേര്‍ഡ് ബ്ലോക്കും ഒരു ഇടതു പാര്‍ട്ടിയാണ്. ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാവരെയും ഉള്‍ക്കൊണ്ട് അതിവിശാല മുന്നണി രൂപീകരിച്ചാല്‍ മുന്നണി യോഗം എ.കെ.ജി സെന്ററില്‍ ചേരുന്നതിന് പകരം പുത്തരിക്കണ്ടത്തോ ഗാന്ധി പാര്‍ക്കിലോ ചേരേണ്ടി വരും. വക്രദൃഷ്ടി, എപ്പിസോഡ്: 611.

കെ.എസ്.ആര്‍.ടി.സി യിലെ യവനനായകര്‍

ഭരണ പക്ഷത്തേതുള്‍പ്പടെ ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയ വിമര്‍ശനത്തെ നേരിടാന്‍ യവന കഥയെ കൂട്ടുപിടിക്കുകയാണ് കെ.എസ്.ആര്‍.ടി.സി എം.ഡി. ടോമിന്‍ തച്ചങ്കരി. തച്ചങ്കരിയെ കഴിഞ്ഞദിവസം നിര്‍ത്തി പൊരിച്ച കൂട്ടത്തില്‍ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനും ഉണ്ടായിരുന്നു. തെസ്യൂസ് രാജകുമാരനോട് പരാജയപ്പെട്ട് മരണത്തെ പുല്‍കിയ പ്രൊക്യൂസ്റ്റസിന്റെ കഥ തിന്മയക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ കഥ കൂടിയാണ്. മലയാളത്തിന്റെ വിപ്ലവ കവി വയലാറിന്റെ ഇതേ പേരിലുള്ള കവിത കേട്ട് ഊര്‍ജ്ജം കൊണ്ടാണ് തച്ചങ്കരി മന്ത്രി കൂടി പങ്കെടുത്ത പരിപാടിയില്‍ എത്തിയത്. ഇവിടെ കെ.എസ്.ആര്‍.ടി ആകുന്ന ഏതന്‍സ് നഗരത്തെ വീണ്ടെടുക്കുന്ന തെസ്യൂസസ് രാജകുമാരന്‍ മറ്റാരുമല്ല എം.ഡി. ടോമിന്‍ തച്ചങ്കരി തന്നെ.

തച്ചങ്കരി അച്ഛനും കെഎസ്ആര്‍ടിസി മക്കളും

കെ.എസ്.ആര്‍ടി.സിയെ നന്നാക്കാന്‍ തച്ചങ്കരിയുടെ ആയുധശാലയില്‍ തയ്യാറായി വരുന്ന ആയുധങ്ങള്‍ മാരകായുധങ്ങള്‍ അല്ലെന്നും വെറും പേനാക്കത്തി മാത്രമാണെന്നും തുറന്നടിക്കുന്നു യൂണിയനുകള്‍. തബല വായിച്ചും ബസില്‍ ജോലി ചെയ്തും കെ.എസ്.ആര്‍.ടി.സിയുടെ താളം വീണ്ടെടുക്കാനുള്ള സി.എം.ഡിയുടെ ഭരണ പരിഷ്‌കാരത്തിനെതിരെ ഭരണ പക്ഷയൂണിയനടക്കം രംഗത്തു വന്നു. എം.ഡിയെ പരസ്യമായി ആക്ഷേപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും. സി.എം.ഡി അവകാശപ്പെടുന്ന കെ.എസ്.ആര്‍.ടി.സിയുടെ പിതൃത്വമാണ് തൊഴിലാളി മക്കള്‍ ആദ്യം ചോദ്യം ചെയ്യുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 609.

ദുരിതാശ്വാസ രാഷ്ട്രീയം

പ്രളയ ബാധിത പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പതിവു പോലെ രാഷ്ട്രീയ വിവാദവും തുടങ്ങി. വെള്ളത്തില്‍ മുങ്ങിയ കുട്ടനാട്ടില്‍ കൃഷി മന്ത്രി സുനില്‍ കുമാര്‍ ഒഴികെ ആരും വന്നില്ലെന്നും ആലപ്പുഴയുടെ മൂന്നു മന്ത്രിമാരും എം.എല്‍.എ യും കേന്ദ്രമന്ത്രി വന്ന ദിവസമാണ് കുട്ടനാട്ടില്‍ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. ഇവിടെ ഒരു എം.പി ഉണ്ടല്ലോ അദ്ദേഹമെവിടെയെന്ന് മന്ത്രി ജി.സുധാകരനും കേന്ദ്രമായാലും സംസ്ഥാനമായാലും മന്ത്രിമാര്‍ പടയോടെ വന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുളമാക്കണ്ട. ജനങ്ങള്‍ക്ക് ആശ്വാസം എത്തിച്ചാല്‍ മതി. വക്രദൃഷ്ടി, എപ്പിസോഡ്: 608

കേന്ദ്ര ഭിക്ഷാടനം

ആരാണ്ടോ ചന്തയ്ക്ക് പോലെയായി പോയി പ്രധാനമന്ത്രിയെ കാണാന്‍ പോയ കേരളത്തില്‍ നിന്നുള്ള സര്‍വ്വ കക്ഷി സംഘത്തിന്റെ അവസ്ഥ. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ കാണാന്‍ സമയം ചോദിച്ചാല്‍ പോലും കൊടുക്കാത്ത പ്രധാനമന്ത്രിയെ ഒടുവില്‍ കണ്ട് നിവേദനം നല്‍കാന്‍ പറ്റിയില്ലെങ്കിലും നിരാശയായിരുന്നു ഫലം. പ്രധാനമന്ത്രിയില്‍ നിന്ന് കാര്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്നും നിരാശയാണ് ഫലമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷവും പറയുന്നു. സംഭവം ഭയങ്കര പോസീറ്റീവ് ആണെന്ന് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രതിനിധിയ്ക്ക് മാത്രമാണ് തോന്നിയത്. വക്രദൃഷ്ടി. എപ്പിസോഡ്: 607.

പൂഞ്ഞാര്‍ എം.എല്‍.എ യെ അനുകരിക്കുന്നത് അപകടം

എം.എല്‍.എയ്ക്ക് വാഹനത്തിന് മുന്നില്‍ ടോള്‍ പ്‌സാസയുടെ തടസ്സം പോലും ഉണ്ടാകരുതെന്ന് കാര്യത്തില്‍ പി.സി.ജോര്‍ജിന് നിര്‍ബന്ധമാണ്. കെ.എസ്.ഇ.ബി ഓഫീസില്‍ ഫോണ്‍ എടുക്കാത്ത ജീവനക്കാരനെ അങ്ങോട്ട് പോയി തെറി കൊണ്ട് അഭിസംബോധന ചെയ്തിട്ടുള്ള, റോഡ് വികസനത്തിന് പാരയായ മതില്‍ സ്വയം ഇടിക്കുന്ന, വേണമെങ്കില്‍ തോക്കെടുക്കാനും മടിക്കാത്ത പി.സി.ജോര്‍ജിന് ഇതൊന്നും നിയമലംഘനമല്ലേ അല്ല. പി.സി.ജോര്‍ജിന് ജോര്‍ജിന്റെ നിയമം. ഊണ് കൊണ്ട് വരാന്‍ വൈകിയ എം.എല്‍.എ ഹോസ്റ്റലിനെ പയ്യനെ തല്ലിയെന്ന കേസില്‍ ഇപ്പോഴിതാ. കുറ്റപത്രം സമര്‍പ്പിച്ചിട്ടേ ഉള്ളൂ. വക്രദൃഷ്ടി. എപ്പിസോഡ്: 606.

ഹനുമാന്‍ സേവയും കൃഷ്ണ ഭക്തിയും

സംഘപരിവാറിനെ ആശയ തലത്തില്‍ നേരിടാന്‍ കേണ്‍ഗ്രസില്‍ ചുണക്കുട്ടിയായി ശശി തരൂരെ ഉള്ളൂ എന്നതാണ് അവസ്ഥ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലും തരൂര്‍ - ബി.ജെ.പി പോരു കനക്കുകയാണ്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ തരൂര്‍ വീണ്ടും മത്സരിക്കാന്‍ എത്തും എന്നുറപ്പിച്ചാണ് തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ പരിവാറുകാര്‍ രംഗത്ത് വന്നിരിക്കുന്നത്. വൈ അയാം എ ഹിന്ദു എന്ന പുസ്്തകത്തിലൂടെ ആശയ തലത്തില്‍ ബി.ജെ.പിയുടെ ഹിന്ദുത്വത്തെ നേരിടുന്ന തരൂര്‍ യഥാര്‍ത്ഥ ഹിന്ദു താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുന്നു. പ്രഖ്യാപനം മാത്രമല്ല കര്‍ക്കടകം ഒന്ന് രാമായണ മാസാരചണത്തിന്റെ തുടക്കത്തില്‍ രാമഭക്തനായ ഹനുമാന്‍ സ്വാമിയെ സന്ദര്‍ശിക്കാന്‍ ഹനുമാന്‍ ഭക്തനായ ശശി തരൂര്‍ എത്തി. വക്രദൃഷ്ടി, എപ്പിസോഡ്: 605.

ലാലേട്ടനും ബാലേട്ടനും 

അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ മോഹന്‍ ലാല്‍ ഇന്നലെ സിനിമാ മന്ത്രി കൂടിയായ സാസ്‌കാരിക മന്ത്രി എ.കെ ബാലനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. സിനിമാരംഗത്തെ അടുത്തിടെയുണ്ടായ വിവാദങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എല്ലാവരുമായി ചര്‍ച്ച നടത്താനും നമ്മുടെ ലാലേട്ടന്‍ തയ്യാറാണെന്ന് അറിയിച്ചതായി മന്ത്രി ബാലന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സഹായവും പിന്തുണയും അമ്മയക്കുണ്ടാകുമെന്നും മന്ത്രി ബാലേട്ടനും അറിയിച്ചു. ലാലേട്ടന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് ഇനിയൊരു വിവാദത്തിന്നും നില്‍ക്കരുതെന്നും ലാലേട്ടനെ വെറുതെ വിടണമെന്നും ബാലേട്ടന്‍ അഭ്യര്‍ത്ഥിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്: 603

ഇനി സഖാവ് രാമനും

ശ്രീകൃഷണ ജയന്തി ദിനത്തിലെ ബാലഗോകുലം ശോഭായാത്രയ്ക്ക് ബദലായി കണ്ണൂരില്‍ സി.പി.എം സാസംക്കാരിക ഘോഷയാത്ര സംഘടിപ്പിച്ചതിന് പിന്നാലെ രാമായണ മാസം ആചരിക്കാനും പ്ലാനുണ്ട്. സഖാവ് കൃഷ്ണനെ മാത്രമല്ല സഖാവ് രാമനെയും പാര്‍ട്ടി ഏറ്റെടുക്കും. ക്രിസ്തു പണ്ടേ പാവങ്ങളുടെ പടത്തലവനാണ്. സി.പി.എം സഹയാത്രികരായ സംസ്‌കൃത സംഘമാണ് രാമായണ മാസത്തില്‍ രാമായണ സെമിനാറുകള്‍ സംഘടിപ്പിക്കുക. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള സി.പി.എം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തന്നെ ക്ഷേത്രങ്ങളില്‍ രാമായണ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. ചുവപ്പ് മുദ്രാവാക്യങ്ങള്‍ മാത്രമല്ല രാമായണം കമ്പോട് കമ്പ് വായിക്കാനും അറിയുന്ന മന്ത്രി ജി.സുധാകരനെ പോലുള്ളവര്‍ പ്രഗത്ഭരും പാര്‍ട്ടിയിലുണ്ട്. രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം ഇടതു വീക്ഷണ കോണില്‍ പരിശോധിക്കുന്ന സെമിനാറുകളാണ് നടത്തുക. കൂടാതെ സഖാക്കളുടെ രാമായണ പാരായണവും ഉണ്ടാകും. വക്രദൃഷ്ടി, എപ്പിസോഡ്: 601.

ഒടുവില്‍ ലാലിസം

സിനിമാസംഘടനയായ അമ്മ കേട്ട പഴി തീര്‍ക്കാന്‍ ഒടുവില്‍ ലാലിസവുമായി പ്രസിഡന്റ് എത്തി. എറണാകുളം പ്രസ് ക്ലബിലെ മീറ്റ് ദ പ്രസില്‍ എത്തി ലാലേട്ടന്‍ എല്ലാ ആക്ഷേപങ്ങള്‍ക്കും മറുപടി പറയാന്‍ ശ്രമിച്ചു. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞെങ്കിലും ചിലതെിലെല്ലാം അവ്യക്തത തുടരുന്നു. ലാലേട്ടനും അറിയാത്ത കാര്യങ്ങള്‍ മുമ്പ് അമ്മയിലുണ്ടായിപ്പോയി. മറ്റു ചിലതെല്ലാം ലാലേട്ടന്‍ തനതു സ്‌റ്റൈലില്‍ പറഞ്ഞൊഴിഞ്ഞു. ചുരുക്കത്തില്‍ അമ്മയെ കുറിച്ച് ചില അംഗങ്ങളും പുറത്തുള്ള വരും ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ശൈലി മാറ്റുമെന്നും പറഞ്ഞു. അതായത് ഇതൊന്നും മൈന്‍ഡ് ചെയ്യേണ്ട എന്ന ഗണേഷ് കുമാറിന്റെ അഭിപ്രായമല്ല ഇപ്പോള്‍ ലാലേട്ടനുള്ളത്. മഞ്ഞുരുക്കാനുള്ള ചില ഒടിയന്‍ വിദ്യകളുമായാണ് ലാലേട്ടന്റെ വരവ്. വക്രദൃഷ്ടി, എപ്പിസോഡ്: 600.

ധര്‍മ്മജന്‍ ഒരു ചെറിയ മീനല്ല

അമ്മ സംഘടനയ്ക്കുള്ളിലെ വിഷപ്രയോഗങ്ങളെക്കുറിച്ചും മീനിലെ വിഷത്തെക്കുറിച്ചും നാം ചര്‍ച്ച ചെയ്യുമ്പോള്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഒരു പടി കടന്ന് ചിന്തിച്ചു. കാറ്റുള്ളപ്പോള്‍ തൂറ്റണം എന്ന ന്യായം അനുസരിച്ച് നല്ല മീനുമായി രംഗത്ത് വരികയാണ് ധര്‍മ്മജന്‍. മിമിക്രിയില്‍ നിന്ന് സിനിമയില്‍ എത്തിയെങ്കിലും നല്ല മീന്‍ കണ്ടാല്‍ ധര്‍മ്മജന്‍ അവിടെ നില്‍ക്കും. കൂട്ടുകാരോടൊപ്പം ചൂണ്ടയിടാനും പോകും. സംഗതി ബിസിനസാണെങ്കിലും മലയാളികള്‍ക്ക് നല്ല പെടയ്ക്കുന്ന മീന്‍ എത്തിക്കാനുള്ള സംരംഭമാണ് ധര്‍മ്മജന്റേത്. നെത്തോലി പോലും ചെറിയ മീനല്ലാത്തപ്പോള്‍ ധര്‍മ്മജന്‍ വമ്പന്‍ സ്രാവ് തന്നെയാണ്. ധര്‍മ്മജന്റെ പുതു സംരംഭത്തിന് ആശംസയും നേരുന്നു.വക്രദൃഷ്ടി, എപ്പിസോഡ്: 599.

സഭാരക്ഷകന്‍ ജോര്‍ജ്

കേരളത്തില്‍ വൈദികര്‍ക്കെതിരായി ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ സത്യ ക്രിസ്ത്യാനിയായ പി.സി.ജോര്‍ജ് അഭിപ്രായം രേഖപ്പെടുത്തുകയാണ്. ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ആരോപണം സഭ അന്വേഷിക്കണം. കത്തോലിക്കാ സഭ ജലന്ധര്‍ ബിഷപ്പിനെതിരായ ബലാല്‍സംഗ ആരോപണത്തില്‍ പതിവു പോലെ പരാതിക്കാരിക്കെതിരെയാണ് പി.സി.ജോര്‍ജിന്റെ നിലപാട്. സഭകള്‍ നേരിടുന്ന ഈ ധാര്‍മ്മിക പ്രതിസന്ധികള്‍ നേരിടാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്നാണ് പി.സി.ജോര്‍ജിന്റെ നിലപാട്. വിശ്വാസികളെല്ലാം ഈ സഭാരക്ഷകന്റെ വാക്കുകള്‍ ശ്രവിക്കേണ്ടതാണ്. വക്രദൃഷ്ടി എപ്പിസോഡ്: 598.

ആളൂര്‍ പടം പിടിക്കുകയാണ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും കേസും എല്ലാം സിനിമയാക്കാന്‍ പോവുന്നു. ഇനി അതിന്റെ ഒരു കുറവ് വേണ്ട. പ്രതിഭാ ദാരിദ്ര്യവും പ്രമേയ ദാരിദ്ര്യവും നേരിടുന്ന മലയാള സിനിമയുടെ രക്ഷകനായി രംഗത്ത് വരുന്ന ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂരാണ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ആളൂരിനെ മനസ്സിലായില്ലെ ഗോവിന്ദച്ചാമി മുതല്‍ പള്‍സര്‍ സുനി വരെയുള്ള കൊടും ക്രിമിനലുകളുടെ വക്കാലത്ത് അങ്ങോട്ട് പോയി സ്വീകരിക്കുന്ന വക്കീലാണ് ആളൂര്‍. സിനിമയ്ക്ക് വേണ്ടിയാകണം പള്‍സറിന്റെ വക്കാലത്ത് ഒഴിഞ്ഞു. സിനിമയുടെ പേര് അവാസ്തവം. വക്രദൃഷ്ട്രി, എപ്പിസോഡ്: 597

അമ്മയുടെ വിധി

കൊള്ളാവുന്ന സ്ത്രീകളാരെങ്കിലും വന്നാല്‍ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനം അവര്‍ക്ക് നല്‍കി താനൊഴിഞ്ഞേനെ എന്ന് മുന്‍ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞിരുന്നത് ഓര്‍മ്മ വരുന്നു. വനിതാ താരങ്ങളില്‍ അങ്ങനെ കൊള്ളാവുന്നവര്‍ ആരും ഇല്ലാ എന്ന് കരുതിയാവും ഇത്തവണയും പുതിയ മുഖ്യ ഭാരവാഹികളില്‍ വനിതകള്‍ ഇല്ലാത്തതും. എ.എം.എം.എയ്ക്ക് ഊര്‍മ്മിള ഉണ്ണിയെ പ്രസിഡന്റായി പരിഗണിക്കാമായിരുന്നു. അവരുടെ അഭിനയ സിദ്ധിയാണെങ്കില്‍ അപാരം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ചോദിച്ചാല്‍ ഓണസദ്യ എങ്ങനെ വിളമ്പണം എന്ന് മറുപടി പറയും. നടനെ തിരിച്ചെടുത്ത എ.എം.എം.എയെ കുറിച്ച് ചോദിച്ചാല്‍ അമ്മയെ കാണമെന്ന് പറഞ്ഞ് കരയും. അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നേ പറയൂ.വക്രദൃഷ്ടി, എപ്പിസോഡ്: 596

വിനാശകാലെ അമ്മയ്ക്ക് വിപരീത ബുദ്ധി

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ കാരണം ലോകത്തെല്ലാ അമ്മമാരും ചീത്തപ്പേര് കേള്‍ക്കുകയാണ്. അമ്മയ്‌ക്കെതിരെ മക്കള്‍, അമ്മയ്‌ക്കെതിര വിമര്‍ശനം, അമ്മ ചെയ്തത് ശരിയായില്ല. അമ്മയുടെ ചിറ്റമ്മ നയം എന്നിങ്ങനെ പെറ്റമ്മ പോലും സഹിക്കാത്ത ശകാര വര്‍ഷമാണ് അമ്മ കേട്ടു കൊണ്ടിരിക്കുന്നത്. ആരോപണത്തിന്റെ ചെളി പുരണ്ട അമ്മയുടെ പൊന്നുണ്ണിയായ നടനെ തിരിച്ചെടുത്തതിനെ ചൊല്ലി. നടന്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മ അസോസിയേഷന്‍ തീരുമാനത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യെ രാഷ്ട്രീയ , സാമൂഹ്യ ,സിനിമാ മേഖലകളിലുള്ളവര്‍ ഇന്ന് രംഗത്ത് വന്നു. വനിതാക്കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ മുതല്‍ സി.പി.എമ്മിന്റെ പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട് വരെ അമ്മ നടപടിയെ വിമര്‍ശിച്ചു. മകളെ മറന്ന് കൊണ്ട് മകനോടുള്ള അമ്മയുടെ അമിത സ്‌നേഹമാണല്ലോ വിഷയം. വക്രദൃഷ്ടി, എപ്പിസോഡ്:595.

ഒരു സിനിമാക്കഥ

സിനിമാക്കഥകളില്‍ തിന്മയും പ്രതിനായകനും താത്ക്കാലിക വിജയം നേടുമെങ്കിലും നീതിയും നായകനുമാണ് ക്ലൈമാക്‌സില്‍ വിജയിക്കുക. അതാണ് നാം കണ്ട് ശീലിച്ച സിനിമകള്‍. ദുര്‍ബലര്‍ക്ക്, സ്ത്രീകള്‍ക്ക്, അശരണര്‍ക്ക് വേണ്ടിയുള്ള വീരനായകരുടെ തട്ടു പൊളിപ്പന്‍ ഡയലോഗുകള്‍ കേട്ടാണ് നായകര്‍ ജനഹൃദയങ്ങളില്‍ ചേക്കേറുന്നത്. പക്ഷെ, സിനിമാതാരങ്ങളുടെ സംഘടനയുടെ തീരുമാനങ്ങളില്‍ ഇതൊന്നും പ്രതിഫലിക്കുന്നില്ലല്ലോ എന്നതാണ് സങ്കടകരം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പുറത്താക്കിയ നടപടിക്രമത്തിലെ സാങ്കേതികത തിരുത്തുകയാണ് അമ്മ ചെയ്തത്. പുറത്താക്കിയ സാഹചര്യത്തില്‍ എന്ത് മാറ്റം വന്നുവെന്ന് ഒരു ജന പ്രതിനിധിയെങ്കിലും രംഗത്ത് വന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 593.

ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവില്‍

ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കൂട്ടായ്മ ശക്തിപ്പെട്ടുത്തുന്ന സമയമാണെങ്കിലും ഡല്‍ഹിയില്‍ കേരള എം.പി മാരുടെ കേന്ദ്ര വിരുദ്ധ സമരം ചേരിതിരിഞ്ഞ്. കേരളത്തിന് നല്‍കാമെന്നേറ്റ പാലക്കാട് കോച്ച് ഫാക്ടറി കൊല്ലങ്ങള്‍ കുറെയേറെ കഴിഞ്ഞിട്ടും കോച്ചി പിടിച്ചിരിക്കുന്നതല്ലാതെ യാഥാര്‍ത്ഥ്യമാകുന്നില്ല. ഇതിനെതിരെ ഇടതു എം.പിമാര്‍ റെയില്‍ ഭവന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ്. ഇന്ദിരാഗാന്ധി കേരളത്തിന് വാഗ്ദാനം ചെയ്ത ഫാക്ടറി കോണ്‍ഗ്രസ് ഭരണകാലത്തും ഇങ്ങെത്തിയില്ല. പദ്ധതിയെ ഇപ്പോള്‍ തീരെ മൈന്‍ഡ് ചെയ്യാത്ത ബി.ജെ.പിയ്‌ക്കെതിരെ ഇടതു എം.പി മാര്‍ നടത്തിയ ഈ ഒറ്റയാന്‍ സമരം യു.ഡി.എഫിന്റെ നെഞ്ചിലാണ് കൊണ്ടത്. യോജിച്ച സമരത്തിന് പാവങ്ങളായ യു.ഡി.എഫ് എം.പിമാര്‍ തയ്യാറായിരുന്നു. യു.ഡി.എഫ് എം.പിമാര്‍ റെയില്‍ ഭവന് മുന്നില്‍ പ്രതിഷധവുമായെത്തി. മുന്‍ യു.പി.എ സര്‍ക്കാരിലെ പ്രതിരോധ മന്ത്രി എ.കെ.ആന്റണി തന്നെ ഉദ്ഘാടനത്തിനുമെത്തി. വക്രദൃഷ്ടി, എപ്പിസോഡ്: 592.

കേന്ദ്രയോഗ

അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗയുടെ യോഗം. പ്രധാനമന്ത്രി മുതല്‍ ശിപായിമാര്‍ വരെ യോഗ ചെയ്ത് വീര്യം കാട്ടി. ഫിറ്റനെസ് ചലഞ്ചിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചില യോഗാ പ്രകടനങ്ങള്‍ നേരത്തെ നടത്തിയിരുന്നു. തുടര്‍ന്ന് മോദി ചലഞ്ച് ചെയ്തത് ഡല്‍ഹി മുഖ്യമന്ത്രി കെജ്!രിവാളിനെയായിരുന്നില്ല. കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമിയെയായിരുന്നു. കുമാര സ്വാമിയ്ക്കാണെങ്കില്‍ ചലഞ്ച് സ്വീകരിക്കാന്‍ സമയമില്ലായിരുന്നു. ആരും ചലഞ്ച് ചെയ്യാതെ തന്നെ എല്ലാവര്‍ക്കും യോഗ ചെയ്യാനാണ് ഈ യോഗാ ദിനം. മനസ്സും ബുദ്ധിയും മാത്രമല്ല ആത്മാവും കൂടി ബന്ധിപ്പിച്ചാണത്രെ പ്രധാനമന്ത്രിയുടെ യോഗാ. വക്രദൃഷ്ടി, എപ്പിസോഡ്: 591.

കുമ്മനം തിരിച്ചെത്തി സ്വീകരണങ്ങളേറ്റ് വാങ്ങാന്‍

ടീം ലോക കപ്പ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ നായകനെ മാറ്റും പോലെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്മനത്തെ ഇവിടെ നിന്നും മിസോറാമിലേക്ക് ഗവര്‍ണറാക്കി അയച്ചത്. ഇത് ബി.ജെ.പി ക്കാരുടെ തന്നെ പരാതിയാണ്. എന്ന് വെച്ച് അങ്ങനെയൊന്നും കുമ്മനത്തെ നാടു കടത്താന്‍ പറ്റില്ല. അവിടെയാണെങ്കിലും കുമ്മനത്തിന്‍രെ മനസ്സ് കേരളത്തിലാണ്. ജന്മനാട്ടിലും കേരളത്തിലെമ്പാടും നല്‍കുന്ന സ്വീകരണ പരിപാടികളില്‍ കുമ്മനം അത് വ്യക്തമാക്കുന്നുണ്ട്. അഞ്ച് വര്‍ഷം കഴിഞ്ഞ് ഇനി ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് വരുമ്പോഴും പൊതു രംഗത്ത് വിരമിക്കാനുള്ള പ്രായമാകുമെന്ന് കുമ്മനത്തിന് അഭിപ്രായമില്ല. കേരളത്തില്‍ ബി.ജെ.പിയുടെ നക്ഷത്രം എന്നെങ്കിലും തെളിഞ്ഞാല്‍ മുഖ്യമന്ത്രിയാക്കാന്‍ കുമ്മനത്തിനെ പരിഗണിക്കാവുന്നതാണ്. വക്ര ദൃഷ്ടി. എപ്പിസോഡ്: 589.

അടിതട പോലീസിന് അടിമപ്പണി

പോലീസിലെ ഏമാന്‍മാരുടെ വീട്ടില്‍ പോലീസ് കാര്‍ക്ക് അടിമപ്പണിയും ദാസ്യപ്പണിയുമുണ്ടെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. സി.ഐമാര്‍ക്ക് വരെ ഇങ്ങനെ സഹായി ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഏമാന്റെ ഉത്തരവ് മാത്രമല്ല. ഭാര്യയുടെയും മക്കളുടെയും ആട്ടും തുപ്പും ഏല്‍ക്കാനാണോ ടെസ്റ്റ് എഴുതി ചെറുപ്പക്കാര്‍ പോലീസില്‍ ചേരുന്നത്. ഏമാന്റെ മകള്‍ അടിച്ച് പോലീസുകാരന്റെ എല്ലൊടിച്ചതിന് പിന്നാലെ ദാസ്യപ്പണിയുടെ കൂടുതല്‍ വര്‍ത്തമാനങ്ങള്‍ പുറത്ത് വരികയാണ്. പട്ടിയെ കുളിപ്പിക്കല്‍ പാല്‍ വാങ്ങാന്‍ വരെ ഈ പാവങ്ങളെ ഉപയോഗിക്കുന്നുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 588.

രാഷ്ട്രീയവും ഫട്‌ബോളും

ഇനി ഫുട്‌ബോള്‍ ആവേശത്തിന്റെ ദിനങ്ങള്‍. ലോകം കാല്‍പ്പന്തിന് പിന്നാലെ പാഞ്ഞതോടെ വക്രദൃഷ്ടിയും ഫുട്‌ബോളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നില്ല. ശരിക്കും മനുഷ്യരുടെ എല്ലാ ജീവിതവ്യവഹാരങ്ങളുടെയും പ്രതീകമാണ് ഫുട്‌ബോള്‍ എന്ന കളി. രാഷ്ട്രീയം പോലും ഫുട്‌ബോള്‍ കളി പോലെ ആണെന്ന് പറായം. ഡിഫന്‍ഡര്‍മാരും ഫോര്‍വേര്‍ഡുകളും മിഡ്ഫീല്‍ഡര്‍മാരുമുള്ള പാര്‍ട്ടി ടീമുകളാണ് രാഷ്ട്രീയത്തെയും മുന്നോട്ട് കൊണ്ട് പോകുന്നത്. ഫുടബോള്‍ കൂട്ടായ്മയുടെ കളിയാണെങ്കില്‍ രാഷ്ട്രീയം കൂട്ടായ്മയിലെ കലമ്പല്‍. കളിക്കിടിയിലെ അന്യായ ടാക്ലിംഗിനു പോലും ഒരു മയമുണ്ടാകും. പക്ഷെ, രാഷ്ട്രീയത്തിലെ കുതികാല്‍ വെട്ടല്‍ ആരെയൊക്കെ വീഴ്ത്തുമെന്നതിന് കേരള രാഷ്ട്രീയത്തില്‍ എത്രയോ ഉദാഹാരണങ്ങളുണ്ട്. ഇതാ കേരള രാഷ്്ട്രീയത്തിലെ ചില കാല്‍പ്പന്ത് വിളയാട്ട ദൃശ്യങ്ങള്‍. വക്രദൃഷ്ടി, എപ്പിസോഡ്: 587.

കോണ്‍ഗ്രസില്‍ ഇടഞ്ഞ കൊമ്പന്‍

കൂട്ടം തെറ്റിയ ഒറ്റയാന്‍ കരുത്തനാണ് അപകടകാരിയുമാണ്. അത് കാട്ടിലെ ആനയുടെ കാര്യമായാലും നാട്ടിലെ രാഷ്ട്രീയമായാലും ശരി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വ്രണിതഹൃദയനായ നേതാവ് ഒറ്റയാനാണ്. ഇടഞ്ഞ കൊമ്പനാണെങ്കില്‍ പറയുകയും വേണ്ട. ഏതാണ്ട് സമാനമായ ഒരവസ്ഥയിലാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ വി.എം.സുധീരന്‍. കേരള കോണ്‍ഗ്രസിന് സീറ്റ് ദാനം നല്‍കിയതാണ് പ്രകോപനമെങ്കിലും മനസ്സില്‍ ഒതുക്കി വച്ചതെല്ലാം സമയം നോക്കി പുറത്തെടുത്തു. പാര്‍ട്ടി നേതൃത്വത്തെയും കഴിഞ്ഞ ഭരണ നേതൃത്വത്തെയും തലങ്ങും വിലങ്ങും ആക്രമിച്ചു. രണ്ടും കല്‍പിച്ച് എതിരാളികളെയെല്ലാം വെട്ടി വീഴ്ത്തി. വഴിയില്‍ വിമര്‍ശനവുമായി നേരിടാന്‍ വന്നവരെയും വെറുതെ വിട്ടില്ല. ചുരുക്കത്തില്‍ കരിമ്പിന്‍ കാട്ടില്‍ കയറിയ ആനയെപ്പോലെയായി സുധീരന്‍ന്‍ജിയുടെ ഈ ദിവസങ്ങളിലെ പ്രകടനം. വക്രദൃഷ്ടി, എപ്പിസോഡ്: 586.

ലവ് ഇന്‍ സിംഗപ്പൂര്‍

സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തര കൊറിയയുടെ കിടിലോല്‍ക്കിടിലം പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മില്‍ കൈകൊടുത്തത് കണ്ട് ലോകം കോരിത്തരിച്ചു. വട്ടനെന്നും വഴക്കാളിയെന്നും പരസ്പരം തെറി വിളിച്ചിരുന്നവരാണ് കൈ കോര്‍ത്തത്. ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന് പറഞ്ഞ് പസഫിക് സമുദ്രത്തിലൂടെ മിസൈല്‍ പറത്തി കളിച്ച ഉത്തര കൊറിയ ആണവ നിരായുധീകരണത്തിന് സമ്മതിച്ച് ഒപ്പിട്ടു. ഉത്തര കൊറിയ തങ്ങളുടെ പിറക്കാതെ പോയ അളിയനാണെന്ന് ആരെയും ഉപരോധിച്ച് കളയുന്ന ലോക പോലീസ് അമേരിക്ക. വിശ്വസിക്കാനാവാതെ മൂക്കത്ത് വിരല്‍ വെച്ച് ലോകവും. ഇരുവരില്‍ ആര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് മാത്രം ഇനി തീരുമാനിച്ചാല്‍ മതി. വക്രദൃഷ്ടി; എപ്പിസോഡ്: 585

ഉമ്മന്‍ചാണ്ടിയുടെ ക്രൂര കൃത്യങ്ങള്‍

മനുഷ്യജീവിതത്തില്‍ 70 വയസ്സെന്ന് പറഞ്ഞാല്‍ മോഹങ്ങളെല്ലാം അവസിനിച്ച് കര്‍മ്മരംഗത്ത് നിന്ന് വിടവാങ്ങി വിശ്രമ ജീവിതം നയിക്കേണ്ട പ്രായമാണ്. പക്ഷെ, രാഷ്ട്രീയത്തില്‍ അങ്ങനെയല്ല. 70 കഴിഞ്ഞ രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ നോക്കൂ. എത്ര തവണ പാര്‍ലമെന്റംഗമായാലും സ്ഥാനമോഹം അവസാനിക്കില്ല. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളിലെല്ലാം ചെറുപ്പക്കാര്‍ക്ക് വരാനാവാത്തവണ്ണം ഈ തലമുതിര്‍ന്ന നേതാക്കളാണ് അപ്രതിരോധ്യരായി നിലകൊള്ളുന്നത്. വീണ്ടും രാജ്യസഭാ ഉപാധ്യക്ഷനാവാമെന്ന് കരുതിയിരുന്ന തന്നെ വെട്ടാന്‍ വേണ്ടി കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് കളഞ്ഞതിലാണ് പി.ജെ.കുര്യന്റെ വിഷമം. വക്രദൃഷ്ടി, എപ്പിസോഡ്: 584.

നേതൃമാറ്റത്തിന്റെ സീസണ്‍

സംസ്ഥാനത്തെ പ്രധാന മുന്നണികളിലും പാര്‍ട്ടികളിലും നേതൃമാറ്റത്തിന്റെ സീസണാണ് ഇപ്പോള്‍. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് മാറ്റം വരാന്‍ പോവുകയാണ് എന്ന് കേള്‍ക്കുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷന്‍, രാജ്യസഭാംഗം തുടങ്ങിയവ തീരുമാനിക്കുന്ന പാക്കേജിന്റെ ഭാഗമായാണത്രെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും തീരുമാനിക്കുക. ഗ്രൂപ്പുകളെ സമാധാനിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ എല്ലാം പാക്കേജാണല്ലോ. കുമ്മനം ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് ബി.ജെ.പിയ്ക്ക് ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. വൈക്കം വിശ്വന്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് എ.വിജയരാഘവന്‍ ഇടതു മുന്നണിയില്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തതാണ് വലിയ ചര്‍ച്ചയൊന്നും കൂടാതെ സ്മൂത്തായി നടന്ന ഒരു അധികാര കൈമാറ്റം. വക്രദൃഷ്ടി എപ്പിസോഡ്: 582

മാണിയെ മൊഴി ചൊല്ലി സി.പി.എം

യു.ഡി.എഫ് വിട്ട ശേഷം ഇടതു പ്രേമം കാട്ടി നിന്ന് സി.പി.എമ്മിനെ മോഹിപ്പിച്ചതാണല്ലോ കേരള കോണ്‍ഗ്രസും കെ.എം.മാണിയും. ഉപതിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ എല്‍.ഡി.എഫിനെ തേച്ച് യു.ഡി.എഫിനെ പിന്താങ്ങുന്ന ഈ പരിപാടിയുണ്ടല്ലോ. അതിനി വേണ്ടെന്ന് സി.പി.എം കട്ടായം പറയുന്നു. മാണിയോട് അവിടെ തന്നെ നിന്നോളാന്‍ സി.പിഎമ്മിന് ഒടുവില്‍ മുഖം കറുപ്പിച്ച് പറയേണ്ടി വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശന കാര്യത്തില്‍ ഇരട്ട മനസ്സുമായി കെ.എം.മാണിക്കും പാര്‍ട്ടിക്കും ഇനി പൊറുതി മുട്ടേണ്ടി വരില്ല. എല്‍.ഡി.എഫ് എന്ന പുളിങ്കൊമ്പ്‌ പിടിക്കാന്‍ നോക്കിയ മാണിയെ സി.പി.എമ്മായിട്ട് മൊഴി ചൊല്ലിയതില്‍ വലിയ ആശ്വാസം സി.പി.ഐയ്ക്കാണ്. രണ്ടാം കെട്ടിന് തയ്യാറായി നിന്ന പുയ്യാപ്ലയുമായി ഉണ്ടാകേണ്ടിയിരുന്ന കലഹം സ്വയം ഒഴിഞ്ഞു പോയ ആശ്വാസം. വക്രദൃഷ്ടി, എപ്പിസോഡ്: 581

തല്ലു കൊള്ളാന്‍ ചെണ്ടയും പണം വാരാന്‍ മാരാരും

പോലീസിനെ കുറിച്ച് തുടര്‍ച്ചയായുണ്ടാകുന്ന പരാതികളില്‍ പൊറുതി മുട്ടിയ പിണറായി തല്ലു കൊള്ളുന്ന ചെണ്ടയെ പോലെയാണോ. പിണറായിയുടെ പോലീസിന് കീഴില്‍ ആര്‍ക്കും രക്ഷയില്ലെന്ന് വന്നിരിക്കുകയാണ്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലെ പോലീസ് ദളിതനും സാധാരണക്കാരനും നീതി ഉറപ്പാക്കാന്‍ നില്‍ക്കും എന്ന തെറ്റി ധാരണയിലാണ് ഈ സര്‍ക്കാരിനെ ജനം വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ചത്. എന്നിട്ടും പോലീസ് പഴയ പടിയെന്ന് മാത്രമല്ല പഴയതിനേക്കാള്‍ മോശമാകുന്നതിന് ജനം സര്‍ക്കാരിനെ കുറ്റപ്പെടുത്തും അതിന് മുഖ്യമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. പോലീസിന്റെ വീഴ്ചകള്‍ മുഖ്യമന്ത്രി തുറന്നു സമ്മതിച്ച് കൊണ്ടായില്ല. അത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണ്ടേ. പകരം. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ എന്നിങ്ങനെ ആവര്‍ത്തിച്ചാല്‍ മതിയോ. വക്രദൃഷ്ടി, എപ്പിസോഡ്: 578.

പ്രണയത്തിന്റെ വില മരണം

കേരളത്തില്‍ അടുത്തിടെ രണ്ടാമതൊരു ദുരഭിമാനക്കൊല കൂടി. കീഴ് ജാതിയില്‍പെട്ടയാളെ പ്രണയിച്ചതിന് ആതിര എന്ന പെണ്‍കുട്ടിയെ പിതാവ് കുത്തി വീഴ്ത്തിയ സംഭവം നടന്നിട്ട് അധികമായിട്ടില്ല. പ്രണയിച്ച് വിവാഹം കഴിച്ചതിന് ദളിത് ക്രിസ്ത്യാനിയെ തട്ടി കൊണ്ടു പോയി പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടാളികളും തല്ലികൊന്നതാണ് കേരളത്തെ വീണ്ടും നടുക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്ന് പെണ്‍കുട്ടി. നവോത്ഥാനം മഞ്ചലേറി വന്നുവെന്ന് നാം അവകാശപ്പെടുന്ന സാക്ഷര കേരളത്തിലാണ് ഇതെല്ലാം അറങ്ങേറുന്നത് എന്നത് ലജ്ജാകരം തന്നെ. തമിഴ്‌നാട്ടിലും മറ്റ് ഉത്തരേന്ത്യന്‍ നാടുകളിലും നടക്കുന്ന ദുരഭിമാനക്കൊലകളുടെ കേരള പതിപ്പിന് ഇരയായത് പ്രണയിച്ച് വിവാഹം കഴിച്ച നീനുവിന്റെ സ്വന്തം കെവിന്‍. കെവിന്‍ ജോസഫ് ഇന്ന് ഒരു കണ്ണീര്‍പ്പുഴ. വക്രദൃഷ്ടി, എപ്പിസോഡ്: 577.

നാടുകടത്തല്‍

സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ഒരാളെ ഗവര്‍ണറാക്കി അയയ്ക്കുക എന്നതിനര്‍ത്ഥം നാടു കടത്തുക എന്നതാണ്. അതു കൊണ്ടാണ് കുമ്മനത്തെ മിസോറാമിലെ ഗവര്‍ണറാക്കി അയച്ചു എന്ന് വാര്‍ത്ത വന്നപ്പോള്‍ അത് ട്രോളാണോ എന്ന് പലരും സംശയിച്ചത്. 1960-ലെ പി.എസ്.പി കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാരില്‍ പട്ടവും കോണ്‍ഗ്രസും തമ്മിലുള്ള പോര് മൂത്തപ്പോള്‍ പട്ടത്തെ പഞ്ചാബ് ഗവര്‍ണാറാക്കി നാടു കടത്തിയാണ് ആര്‍.ശങ്കറെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്. മനസ്സില്ലാ മനസ്സോടെ പട്ടം പഞ്ചാബിലേക്ക് പോയി. എന്‍.ഡി.പി എന്ന പാര്‍ട്ടിയുടെ കരുത്തനായ അമരക്കാരനായ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയെ ഇതു പോലെ സിംഗപൂര്‍ ഹൈക്കമ്മിഷണറാക്കി അയച്ചാണ് കെ.കരുണാകരന്‍ ഒതുക്കിയത്. റിട്ടയര്‍മെന്റ് പദവിയാണ് ഗവര്‍ണര്‍ സ്ഥാനമെന്ന് അറിയാമെന്നത് കൊണ്ടാണ് കുമ്മനം മടിച്ചു നിന്നത്. മിസോറാമിലേക്ക് കുമ്മനത്തെ നാടുകടത്തി സംസ്ഥാന ബി.ജെ.പിയില്‍ ഇനി എന്ത് മുല്ലപ്പൂ വിപ്ലവമാണ് അരങ്ങേറുക എന്ന് മാത്രമേ അറിയാനുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 576.

പിണറായിയ്ക്കും മോദിക്കും ഫിറ്റ്‌നെസ് ചലഞ്ച്

ചെങ്ങന്നൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അമിത് ഷായോ അവസാന നിമിഷം വന്ന് മണ്ഡലം ഇളക്കി മറിക്കുമെന്ന് കരുതിയിരുന്നവരെ നിരാശപ്പെടുത്തിയെങ്കിലും വന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവാണ്. മാര്‍ക്‌സിസ്റ്റുകള്‍ അടക്കിവാണ ത്രിപുര, ബി.ജെ.പിയ്ക്ക് വേണ്ടി പിടിച്ച വിപ്ലവ സിംഹത്തെ കേരളത്തില്‍ കൊണ്ടു വരുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ഒരു സന്ദേശമുണ്ട്. ശ്രീധരന്‍പിള്ളയുടെ നല്ല കാലം കൊണ്ട് വിപ്ല സിംഹം ത്രിപുരയില്‍ നടത്തുന്നത് പോലുള്ള മണ്ടന്‍ പ്രസ്താവനകള്‍ ഇവിടെ നടത്തിയില്ല. പകരം കേരള മുഖ്യമന്ത്രി പിണറായിക്ക് ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യുടെയും ത്രിപുരയിലെ മണിക് സര്‍ക്കാരിന്റെയും അവസ്ഥ വരാതിരിക്കട്ടെ എന്് പ്രാര്‍ത്ഥിക്കുക മാത്രം ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്: 575.

സമദൂരമല്ല സമുദായ ദൂരം

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന കൃത്യമായ നിലപാട് പറയുമെന്ന പറഞ്ഞ വെള്ളാപ്പള്ളി ഇന്ന് പ്രഖ്യാപിച്ചു. ഒരു മുന്നണിയ്ക്കും പിന്തുണ പ്രഖ്യാപിക്കാതെ അവിടെയും ഇവിടെയും തൊടാത്ത് പിന്തുണ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് എന്‍.എസ്.എസ് നല്‍കിയ സംഭാവനയായ സമദൂര സിദ്ധാന്തം പിന്‍പറ്റുകയല്ല വെള്ളാപ്പള്ളി. മനസ്സാക്ഷി ദൂരവുമല്ല. സ്ഥാനാര്‍ത്ഥിയ്ക്ക് സമുദായവുമായുള്ള അടുപ്പമല്ല ദൂരം കണക്കിലെടുത്താണ് നിലപാട്. ഏറ്റവും ദൂരം കുറഞ്ഞവര്‍ക്ക് വോട്ട്. അതായത് സമുദായ ദൂരം. ഈ ദൂരത്തിലുള്ള സ്ഥാനാര്‍ത്ഥിയാരെന്ന് കണ്ടു പിടിക്കുകയാണ് അടുത്ത നടപടി. വക്രദൃഷ്ടി, എപ്പിസോഡ്: 574.

വലത്തോട്ട് വളഞ്ഞ മാണി

ഒടുവില്‍ സസ്‌പെന്‍സ് നീങ്ങി കെ.എം.മാണിയും കേരള കോണ്‍ഗ്രസും ആരെ പിന്തുണയ്ക്കും എന്ന കാര്യത്തില്‍ മനസ്സാക്ഷി വോട്ടും രഹസ്യ ഏര്‍പ്പാടും വേണ്ടെന്ന് വച്ച് പരസ്യ പിന്തുണ തന്നെ പ്രഖ്യാപിച്ചു. യു.ഡി.എഫിന് എല്‍.ഡി.എഫ് പ്രേമം കൊണ്ട് മാണിയും മകനും പൊറുതി മുട്ടിയിരുന്നുവെങ്കിലും പി.ജെ.ജോസഫും കൂട്ടരും തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് തീരുമാനം. മാണി എന്ന മാരണം എന്ന് കോണ്‍ഗ്രസ് പത്രത്തില്‍ മുഖപ്രസംഗം എഴുതിയവര്‍ കാലുപിടിച്ചതു കൊണ്ടാണ് മനസ്സലിഞ്ഞത് എന്ന് വരുത്തി. മാണി ഇല്ലെങ്കിലും ചെങ്ങന്നൂരില്‍ പ്രശ്‌നമല്ല എന്ന എല്‍.ഡി.എഫ് പ്രതികരണം വന്ന സ്ഥിതിയ്ക്ക് ഇറങ്ങിപ്പോന്ന മുന്നണിയിലേക്ക് തന്നെ കേരള കോണ്‍ഗ്രസിന്റെ വൈകാതെയുള്ള മടക്കം എന്നും പ്രതീക്ഷിക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 573.

തലയൂരപ്പയായി യെദിയൂരപ്പ

കര്‍ണാടക കൈവിട്ടെങ്കിലെന്താ എക് ദിന്‍ കാ സുല്‍ത്താന്‍ ആയി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനും സഭയില്‍ വികാര നിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗം നടത്താനും യെദിയൂരപ്പയ്ക്ക് കഴിഞ്ഞു. വൈകിട്ട് ആഹ്ലാദപ്രകടനത്തിന് തയ്യാറായിക്കോളൂ എന്ന് അണികളോട് ആഹ്വാനം ചെയ്ത യെദിയൂരപ്പയുടെ വാക്കുകേട്ട് പ്രവര്‍ത്തകര്‍ പടക്കം വാങ്ങി വെച്ചത് വെറുതെയായി. എങ്കിലും ബി.ജെ.പി ഇതെല്ലാം ഒരവസരമായാണ് കരുതുന്നത്. അതാണല്ലോ ഭൂരിപക്ഷമില്ല എന്നറിഞ്ഞിട്ടും കുതിരക്കച്ചവടത്തിന് ഗവര്‍ണറെ കൊണ്ട് ആദ്യം വിളിപ്പിച്ചത്. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ക്ലിക്ക് ആയില്ലെങ്കില്‍ 150 സീറ്റുമായി തിരികെ വരും എന്നാണ് യദിയൂരപ്പ സഭയില്‍ പറഞ്ഞതിന്റെ രത്‌ന ചുരുക്കം. വക്രദൃഷ്ടി, എപ്പിസോഡ്: 572.

അവിടെ സത്യപ്രതിജ്ഞ.. ഇവിടെ പ്രതിഷേധം..

കര്‍ണാടകയില്‍ ഏവരും പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞയും ചെയ്തു. സര്‍ക്കാരിനുള്ള ഭൂരിപക്ഷം ഇനി കാശു കൊടുത്ത് വാങ്ങണം. തങ്ങളെയും ഇന്ത്യന്‍ ജനാധിപത്യത്തെയും രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാതിരാത്രിയില്‍ സുപ്രീം കോടതിയുടെ വാതിലില്‍ തട്ടിവിളിച്ചു കോണ്‍ഗ്രസ്. പാതിരാ ഉറക്കമുണര്‍ന്ന് സുപ്രീം കോടതി കോണ്‍ഗ്രസിന്റെ നിലവിളി കേട്ടുവെങ്കിലും സത്യപ്രതിജ്ഞ തടഞ്ഞില്ല. പരാതി തള്ളിക്കളഞ്ഞുമില്ല. ഏത് പാതിരാത്രിയിലും പോകാന്‍ ഇങ്ങനെയൊരു വാതിലുണ്ടല്ലോ. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യമാക്കിയ മോദിയുഗത്തില്‍ അത് തന്നെ വലിയ കാര്യം. വക്രദൃഷ്ടി, എപ്പിസോഡ്: 571.

കന്നഡ ദേശത്തെ റിസോര്‍ട്ട് രാഷ്ട്രീയം

കര്‍ണാടകയിലെ രാഷ്ട്രീയ നാടകം കുതിരക്കച്ചവടത്തിലേക്കും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്കും വഴിമാറുന്നു. കോണ്‍ഗ്രസിന്റെയും ജനതദള്‍ എസിന്റെയും എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ വന്‍ ചാക്കുകളെ ബി.ജെ.പി രംഗത്തിറക്കിയപ്പോള്‍ സ്വന്തം എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയാണ് കോണ്‍ഗ്രസും ജെ.ഡി.എസും. എം.എല്‍.എമാര്‍ക്ക് നൂറു കോടിയും മന്ത്രിസ്ഥാനവുമാണ് ബി.ജെ.പിയുടെ ഓഫറെന്ന് എച്ച് .ഡി.കുമാര സ്വാമി ആരോപിക്കുന്നു. കോടികളുടെകളി കേന്ദ്ര ഭരണ കക്ഷിയുടതായതിനാല്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സെമെന്റ് ഡയറക്ടറേറ്റും ഉറക്കത്തിലാണ്. ഗുജറാത്ത് എം.എല്‍.എമാരെ കര്‍ണാടയില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് നേതാവിന്റെ റിസോര്‍ട്ടിലും വസതിയിലും റെയ്ഡ് നടത്തിയ ഏജന്‍സികളാണിവര്‍. അതേ നേതാവിന്റെ റിസോര്‍ട്ടിലേക്കാണ് എം.എല്‍.എ മാരെ വീണ്ടും കൊണ്ടു പോകുന്നത്. കുതിരക്കച്ചവടവും റിസോര്‍ട്ട് രാഷ്ട്രീയവും അരങ്ങു തകര്‍ക്കുമ്പോള്‍ ജനാധിപത്യം തന്നെ ഒരു ആക്ഷേപ ഹാസ്യനാടകമായി മാറുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 570.

കുമാര സ്വാമിക്ക് ലോട്ടറി വക്രദൃഷ്ടി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ പോലെ. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നുപറയും പോലെ മൂന്നാം സ്ഥാനത്തെത്തി സാന്നിദ്ധ്യമറിയിച്ച ജെ.ഡി.എസിന് പിന്നാലെ വാഗ്ദാനവുമായി കോണ്‍ഗ്രസും ബി.ജെ.പിയും. കുമാര സ്വാമിയ്ക്കാണ് ലോട്ടറി അടിച്ചത്. കോണ്‍ഗ്രസിനെയോ ബി.ജെ.പിയെയോ പിന്തുണച്ചാല്‍ ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കുമായിരിക്കെ ബി.ജെപിയെ അകറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി സ്ഥാനം താലത്തില്‍ വെച്ച് നീട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ കിംഗ് മേക്കര്‍ ആവുമെന്ന് കരുതിയ കുമാരസ്വാമി കിംഗ് ആവുന്ന കാഴ്ചയാണ് കണ്ടത്. വക്രദൃഷ്ടി എപ്പിസോഡ്: 569.

കൊലപാതകമോ പ്രതിരോധമോ?

ഭരണകക്ഷി നേതാക്കളെല്ലാം ഉത്തരവാദത്തോടെ സംസാരിക്കുന്നതാണ് നല്ലത്. പാര്‍ട്ടി നേതാക്കള്‍ക്ക് എന്തു പറയാം എന്ന് വെയ്ക്കാം. പക്ഷെ ഭരണ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ സംസാരിക്കുമ്പോള്‍ നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വെച്ച് പോകരുത്. കണ്ണൂരിലെ കൊലപാതകങ്ങളെ കുറിച്ച് മന്ത്രി എ.കെ.ബാലന്റെ പ്രതികരണം ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. മുമ്പ് രാജ്യം ഭരിക്കുന്നവര്‍ ഇതു പോലെ പറഞ്ഞ് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. ഒരു വന്‍മരം വീഴുമ്പോള്‍ ഉണ്ടാകുന്ന കുലുക്കമാണെന്ന് ഇന്ദിരാവധത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയെ കുറിച്ച് രാജീവ് ഗാന്ധി വിശേഷിപ്പിച്ചത് ആരും മറന്നിട്ടില്ല. സംഘപരിവാര്‍ ശക്തികള്‍ നടത്തിയ ഗുജറാത്ത് കലാപത്തിലെ കൂട്ടക്കൊലയെപ്പറ്റി ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതും രാജ്യം മറന്നിട്ടില്ല. കൊലപാതകത്തെ പ്രതിരോധമായി ന്യായീകരിച്ച എ.കെ ബാലന്റെ സഞ്ചാരവും ഇവരുടെ വഴിയിലൂടെ തന്നെയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 567.

പൊടിപാറും കന്നഡയുദ്ധം

കര്‍ണാടക തിരഞ്ഞെടുപ്പിനൊരുങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പി നേതാവ് യെദ്യൂയൂരപ്പയും തമ്മിലുള്ള പോരിനുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക് പോരിനാണ് കന്നഡ നാട് സാക്ഷ്യം വഹിക്കുന്നത്. അഭിപ്രായ സര്‍വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കടുത്ത മല്‍സരമാണ് കര്‍ണാടകയില്‍. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് ഒരു ചുവടു കൂടി വയ്ക്കാനാണ് ബി.ജെ.പി ശ്രമമെങ്കില്‍ 2019 ലെ മോദി മുക്ത ഭാരതത്തിന്റെ ആദ്യ ചുവടായാണ് കോണ്‍ഗ്രസ് കര്‍ണാടക തിരഞ്ഞെടുപ്പിനെ കാണുന്നത്. യോദ്ധാക്കള്‍ ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്ത കന്നഡയുദ്ധത്തിന്റെ കഥയുമായി തുടങ്ങാം. വക്രദൃഷ്ടി, എപ്പിസോഡ്: 566.

കേരള രാഷ്ട്രീയത്തില്‍ കൂടോത്രയുദ്ധം

മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം .സുധീരന്റെ തിരുവനന്തപുരത്തെ വീട്ടു വളപ്പില്‍ കൂടോത്ര സാമഗ്രികള്‍ കുഴിച്ചിട്ടവര്‍ ചില്ലറക്കാരാവില്ല. പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് നോമിനിയായി അധ്യക്ഷനായി വന്ന സുധീരന് അങ്ങ് കേന്ദ്രത്തിലുള്ള സല്‍പ്പേര് അറിയാവുന്ന ശക്തര്‍ തന്നെയാകും കൂടോത്രത്തിന് പിന്നില്‍. ശത്രുവിനെ ഉന്‍മൂലനം ചെയ്യലാണ് ആഭിചാരക്രിയയുടെ ഉദ്ദേശം തന്നെ. വളരെ ശക്തിയുള്ള കൂടോത്രമാണ് നടത്തിയിരിക്കുന്നത്. കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ തകിടുകളാണ് ലഭിച്ചിരിക്കുന്നത്. പുരാതന ലിഖിതങ്ങളുള്ള ചെമ്പുതകിടിലാണ് പ്രയോഗമെന്നത് കൊണ്ട് തന്നെ കൂടോത്രം ഉഗ്രമൂര്‍ത്തികളെ ആവാഹിച്ചു തന്നെയാകണം. രാഷ്ട്രീയ ഭാവി തകര്‍ക്കലല്‍ തന്നെയാവണം ലക്ഷ്യം. പാഴ് വേല എന്ന് കരുതി തള്ളിക്കളയുന്നതിന് പകരം സുധീരന്‍ജി സൂക്ഷിക്കുന്നത് നല്ലതാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 564.

പ്രസിഡന്റ് ചതിച്ചാശാനേ..

ചതിയില്‍ വഞ്ചന പാടില്ലെന്നാണ്. വിളിച്ചു വരുത്തി ഊണില്ലെന്ന് പറയുന്നത് പോലായിപോയില്ലേ ഇത്. നമ്മുടെ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് രാഷ്ട്രപതിയുടെ പേരില്‍ ക്ഷണക്കത്ത് അയപ്പിച്ച് വിളിച്ചിട്ട് സാദാ മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് കൊടുക്കുന്നത് ചതിയിലെ വഞ്ചനയല്ല ചതിയും വഞ്ചനയും കൂടി ചേര്‍ന്നതല്ലാതെ മറ്റെന്താണ്. കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷമായി രാഷ്ട്രപതി നല്‍കുന്ന ദേശീയ പുരസ്‌കാരങ്ങള്‍ സാദാ മന്ത്രി നല്‍കിയാല്‍ പിന്നെ ആ പുരസ്‌കാരത്തിന് എന്താ വിലയാണുള്ളത്. കേരളത്തില്‍ നിന്ന് പോയവര്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പേരും അതിനാല്‍ പുരസ്‌കാരം വാങ്ങിയില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 563.

ഇന്ധന വിലയും കാളവണ്ടി രാഷ്ട്രീയവും

കോണ്‍ഗ്രസ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുമ്പോള്‍ ഇന്ധനവില വര്‍ധനവിനെതിരെ സമരം ചെയ്യുന്നവര്‍ കേന്ദ്രത്തിനെതിരെ മാത്രം സമരം ചെയ്യുകയാണ് പതിവ്. കേന്ദ്രം മോദിയും കേരളം പിണറായിയും ഭരിക്കുമ്പോള്‍ പെട്രോള്‍ ഡീസല്‍ വില കൂടുമ്പോള്‍ മോദിക്കൊപ്പം പിണറായിയെ കൂട്ടു പ്രതിയാക്കുകയാണ് കോണ്‍ഗ്രസ്. പിണറായി വിചാരിച്ചാല്‍ ഇന്ധന വില കുറയ്ക്കാന്‍ പറ്റുമെന്നാണ് കുമ്മനവും ബി.ജെ.പിയും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇന്ധന വില കൂട്ടുന്നതും കുറയ്ക്കുന്നതും കേന്ദ്രമെന്നാണ് നമ്മുടെ അറിവ്. ചെന്നിത്തലയുടെ പാര്‍ട്ടിക്കാര്‍ കേന്ദ്രം ഭരിച്ചിരുന്നപ്പോള്‍ ആ അവകാശം പെട്രോളിയം കമ്പനികള്‍ക്ക് വിട്ടു കൊടുത്തു. മോദി സര്‍ക്കാരാകട്ടെ ദിവസവും കൂട്ടാനുള്ള അധികാരം കമ്പനികള്‍ക്ക് കനിഞ്ഞു കൊടുത്തു. പെട്രോള്‍ രാഷ്ട്രീയത്തിനെ കാളവണ്ടി രാഷ്ട്രീയം കൊണ്ട് നേരിടാന്‍ തന്നെ യു.ഡി.എഫ് തീരുമാനം. വക്രദൃഷ്ടി, എപ്പിസോഡ്: 562.

ഒരുവന്‍ ഒരുവന്‍ തൊഴിലാളി...

കെ.എസ്.ആര്‍.ടിസിയുടെ മുതലാളിയായി ചുമതലയേറ്റ ശേഷം പലവിധ വേഷങ്ങളിലാണ് ടോമിന്‍ തച്ചങ്കരി. ലോക തൊഴിലാളി ദിനത്തില്‍ കണ്ടക്ടറായി വേഷപ്പകര്‍ച്ച നടത്തിയാണ് മെയ് ഒന്ന് തച്ചങ്കരി ആചിരച്ചത്. കെ.എസ്.ആര്‍.ടിസിയിലെ തൊഴിലാളികള്‍ ഇതില്‍ ആവേശ ഭരിതരായോ എന്നറിയില്ല. ഓരോര്‍ത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. അത് ചെയ്താല്‍ കെ.എസ്.ആര്‍.ടി.സി നന്നാവും എന്ന് അടക്കം പറയുന്നവരും ഉണ്ടാകും. എന്തായാലും തൊഴിലാളിയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനാണ് എം.ഡി.കണ്ടക്ടര്‍ ലൈസന്‍സ് കഷ്ടപ്പെട്ട് എടുത്ത് ബസില്‍ പണിക്ക് കയറിയത്. എം.ഡിയുടെ പണിയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ തൊഴിലാളിയെ എം.ഡി കസേരയില്‍ ഇരുത്തിയാകുമോ തച്ചങ്കരിയുടെ അടുത്ത പരീക്ഷണം. വക്രദൃഷ്ടി, എപ്പിസോഡ്: 561.

ഗോഡ് ഫാദറുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാന്‍

സി.പി.ഐ യുടെ പാര്‍ട്ടി കോണ്‍ഗ്രസും അവസാനിച്ചു. നേതൃത്വത്തില്‍ യുവരക്തം വരണമെന്നൊക്കെ വേണമെന്നൊക്കെ ആവശ്യമുയര്‍ന്നെങ്കിലും പഴയ രക്തങ്ങള്‍ തന്നെ തുടരും. പാര്‍ട്ടി കേന്ദ്ര കാര്യാലയം ഒരു വൃദ്ധസദനമാണെന്ന് വരെ വിമര്‍ശനമുന്നയിച്ച കനയ്യ കുമാറിനെ പോലുള്ള യുവാക്കളായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവേശമുയര്‍ത്തിയത്. പാര്‍ട്ടി അംഗത്വത്തിലെ കൊഴിഞ്ഞു പോക്കും സംഘടനാ ദൗര്‍ബല്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്‌തെങ്കിലും പരിഹരിക്കാനെടുത്ത തീരുമാനങ്ങള്‍ അറിയില്ല. രാഷ്ട്രീയപ്രമേയത്തില്‍ സി.പി.ഐ കാട്ടിയ വഴിയിലൂടെ സി.പി.എമ്മും വന്നുവെന്ന രാഷ്ട്രീയ വിജയമാണ് കൊല്ലത്തെ പാര്‍ട്ടി കോണ്‍ഗ്രസിനുണ്ടായത്. വക്രദൃഷ്ടി, എപ്പിസോഡ്: 560.

ചെങ്ങന്നൂരിലെ വേനല്‍ മഴ

പൊരി വെയിലത്ത് വലഞ്ഞ ചെങ്ങന്നൂരിന് ആശ്വാസമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. എന്ന് വോട്ടെടുപ്പ് നടക്കുമെന്നറിയാതെ മണ്ഡലത്തില്‍ തേരാ പാരാ നടന്നിരുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനി ഉഷാറാവാം. സ്ഥാനാര്‍തഥികളെ നേരത്തെ പ്രഖ്യാപിച്ചതിനാല്‍ കുറച്ച് സമയം കൂടുതല്‍ കിട്ടി. കാശ് കുറെ പോവുകയും ചെയ്തു. വോട്ടര്‍മാരെ രണ്ടും മൂന്നും വട്ടം കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു. ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും കൂടി ചില ഏടാകൂടങ്ങള്‍ ഉണ്ടാക്കി വോട്ടെടുപ്പ് മഴക്കാലത്തിലേത്ത് കൊണ്ടു പോകുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് വേനലിലെ മഴയായി പ്രഖ്യാപനെമത്തിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 559.

പോലീസിന്റെ ഫ്യൂസൂരിയ കമ്മിഷന്‍

സര്‍ക്കാര്‍ ദാസന്‍ ആകാന്‍ പറ്റില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹനദാസന്‍. സ്വന്തം പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി ഇന്നലെ വിരട്ടിയതിന് പിന്നാലെ സ്വന്തം പണിയാണ് എടുക്കുന്നതെന്ന് കമ്മിഷന്‍ വിനയ പൂര്‍വം വ്യക്തമാക്കുന്നു. പണിയെടുത്തതിലല്ല. കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണെന്ന് പറഞ്ഞതിനാലാണ് സര്‍ക്കാരിന് കലി. അതങ്ങ് എഴുതികൊടുത്താല്‍ പ്രശ്‌നമില്ല. പരസ്യമായി പറയാമോ എന്നാണ് ചോദ്യം. പോലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാനല്ലെങ്കില്‍ പിന്നെന്തിന് ഇത്തരം കമ്മിഷനുകള്‍. വക്രദൃഷ്ടി, എപ്പിസോഡ്: 558.

കൊല്ലുന്ന പോലീസിന് മിണ്ടാത്ത മുഖ്യന്‍

വേണ്ടാത്തയിടത്ത് ഇടിയന്‍ പോലീസായും വേണ്ടിടത്ത് നിര്‍ഗുണ പോലീസായും ബെഹ്‌റയുടെ ജന മൈത്രി പോലീസ് മാറുകയാണ് പിണറായിയുടെ പോലീസ് ഭരണത്തില്‍. വരാപ്പുഴയില്‍ ശ്രീജിത്തിനെ ഇടിച്ചു കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെങ്കിലും മുഖ്യമന്ത്രി ഇതിനെ കുറിച്ച് പ്രതികരിക്കാത്തത് കൊണ്ട് സര്‍ക്കാരിന്റെ ചീത്തപ്പേര് കൂടിയതേയുള്ളൂ. പോലീസുകാരിലെ കുഴപ്പക്കാരെ നേരിടുമെന്ന് മാത്രം പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നും പറഞ്ഞു. അല്ലെങ്കില്‍ തന്നെ ഈ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നത് നാട്ടുകാരായ നമ്മളോ മറ്റോ ആണോ. രണ്ടാഴ്ച വേണ്ടി വന്നു മുഖ്യമന്ത്രിയ്ക്ക് വരാപ്പുഴയെന്നും ശ്രീജിത്തെന്നും വാ തുറന്ന് മിണ്ടിപ്പറയാന്‍. വക്രദൃഷ്ടി, എപ്പിസോഡ്: 557.

പാര്‍ട്ടി കോണ്‍ഗ്രസ് അഥവാ കോണ്‍ഗ്രസ് പാര്‍ട്ടി

ഇത്തവണ ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോയവരുടെയെല്ലാം നെഞ്ചിടിച്ചത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് രാഷ്ട്രീയ പ്രമേയത്തിന്റെ പേരില്‍ പാര്‍ട്ടി അടിച്ചു പിരിയുമോ. പണ്ടും കോണ്‍ഗ്രസിനെ ചൊല്ലി കലഹിച്ചാണ് പിരിഞ്ഞ് രണ്ടു പാര്‍ട്ടിയായത്. രണ്ടാമത്തെ പ്രശ്‌നം ജനറല്‍ സെക്രട്ടറി എന്ന നിലിയില്‍ സീതാറാം യെച്ചൂരിയുടെ ചീട്ട് കീറുമോ. വോട്ടെടുപ്പു വരെ ഉണ്ടാകും എന്നും കേട്ടു. ഒടുവില്‍ മാധ്യമ വിശാരദരെ എല്ലാം നിരാശപ്പെടുത്തി പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയ്ക്ക് തന്നെ വിജയം. ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ അന്ത്യമെന്നോണം സീതാറാം യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി പദത്തില്‍ രണ്ടാം ഊഴം. പ്രകാശ് കാരാട്ട് പക്ഷം മനസ്സില്‍ കണ്ട മണിക് സര്‍ക്കാര്‍ തന്നെ സീതാറാം യെച്ചൂരിയെ പുതിയ കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിച്ചു. യെച്ചൂരി തന്നെ താരം. വക്ര ദൃഷ്ടി, എപ്പിസോഡ്: 556

ഹര്‍ത്താല്‍ ഹാലിളക്കം

പൊലീസ് നോക്കുകുത്തിയായി നിക്കേണ്ടത് എപ്പോഴാണെന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ആരോ ആഹ്വാനം ചെയ്ത ഹര്‍ത്താലിലില്‍ സാമൂഹ്യവിരുദ്ധര്‍ നിറഞ്ഞാടിയപ്പോ നമ്മുടെ കടുവാ പൊലീസ് കമ്മാന്ന് മിണ്ടാതിരുന്നത്. കീഴാറ്റൂരും തിരൂരുമൊക്കെ വീട്ടില്‍ കയറി അടിക്കുന്ന പൊലീസാണ് ഹര്‍ത്താലിന്റെ പേരില്‍ കീബോര്‍ഡ് വിപ്ലവകാരികള്‍ അഴിഞ്ഞാടിയപ്പോ കവാത്ത് മറന്നത്. ഇപ്പോ ഡിജിപി പറയുന്നു വാട്‌സാപ്പ് ഹര്‍ത്താലുകാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന. ഒരാഴ്ചത്തേക്ക് കോഴിക്കോട് നിരോധനാഞ്ജ പ്രഖ്യാപിക്കേണ്ട ഗതികേട് ഉണ്ടായത് എന്തിനാണെന്ന് പൊലീസ് മനസിലാക്കണം. വക്ര ദൃഷ്ടി. എപ്പിസോഡ്: 555.

രണ്ട് ഐ.പി.എസുകാര്‍

നമ്മുടെ നാട്ടിലെ രണ്ട് ഐപിഎസുക്കാര്‍ ജേക്കബ് തോമസും ടോമിന്‍ തച്ചങ്കരിയും. രണ്ടു സര്‍ക്കാരുകളുടെ കാലത്ത് അവര്‍ ജീവിച്ച രീതികളും അവരുടെ സ്ഥാനമാനങ്ങളുമൊക്കെ വരാന്‍ പോകുന്ന ഐപിഎസുകാര്‍ക്ക് ഒരു പഠനപുസ്തകമാക്കാവുന്നതാണ്. ഇതു പറയാന്‍ കാരണം ഇപ്പോള്‍ വന്ന ഒരു വാര്‍ത്തയാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് ഐപിഎസിനെ വീണ്ടും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. വാര്‍ത്തകളില്‍ എന്നും ഇടം നേടുന്ന രണ്ട് ഐപിഎസുകാരുടെയും അവസ്ഥ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതേ പോലെ തന്നെയായിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവിയില്‍ നിന്നും വിജിലന്‍സില്‍ നിന്നുമെല്ലാം വളരെ പെട്ടെന്നാണ് ജേക്കബ് തോമസ് തെറിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 554.

കര്‍ണാടകയില്‍ സീറ്റുമോഹികളുടെ കണ്ണീര്‍പ്രതിഷേധം

കര്‍ണാടകയിലും കോണ്‍ഗ്രസിന്റെയും ബി.ജെ.പി യുടെയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്ന് തുടങ്ങിയതോടെ സീറ്റുമോഹികളുടെ പ്രതിഷേധവും കരച്ചിലും ശക്ത്മാവുകയാണ്. പാര്‍ട്ടി ഓഫീസ് അടിച്ച് തകര്‍ത്തും വഴി തടഞ്ഞും അനുയായികള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രിതഷേധിച്ചു. കല്‍ബുര്‍ഗിയില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് ഷശീല്‍ നമോഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. നേതാവിന്റെ സങ്കടം സഹിക്ക വയ്യാതെ അനുയായികളും വലിയവായില്‍ നിലവിളിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ മനം അലിഞ്ഞില്ലെങ്കില്‍ സീറ്റ് തേടി എതിര്‍ ക്യാമ്പുകളിലേക്ക് വെച്ചു പിടിക്കാനാണ് നിരാശരായ സീറ്റുമോഹികളുടെ തീരുമാനം. വക്രദൃഷ്ടി. എപ്പിസോഡ്: 553.

കെ.എസ്.ആര്‍.ടി.സിക്ക് തച്ചങ്കരിയുടെ മ്യൂസിക് തെറാപ്പി

കെ.എസ്.ആര്‍ടി.സിയുടെ രക്ഷകനായി ഒരു ദൈവദൂതന്‍ ഇന്ന് അവതരിച്ചിട്ടുണ്ട്. താളം തെറ്റിപ്പായുന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ താളം തെറ്റല്‍ മാറ്റാനാണ് ഈ അവതാരം.നേരത്തെ ഗതാഗത വകുപ്പിന്റെ താളം ശരിയാക്കി കൊണ്ടിരിക്കെ മന്ത്രിയുടെ താളം പോയപ്പോള്‍ അവിടെ നിന്ന് തെറിച്ച തച്ചങ്കരിയാണ് മന്ത്രി എ.കെ.ശശീന്ദ്രന് പിന്നാലെ കെ.എസ്.ആര്‍.ടി.സിയിലേക്ക് വന്നിരിക്കുന്നത്. ലക്ഷ്യം കെ.എസ്.ആര്‍.ടിയെ കരകയറ്റുക. സംഗീതജ്ഞനായ തച്ചങ്കരി ഒരു മ്യൂസിക് തെറാപ്പിയാണ് അതിനായി പ്രിസെക്രൈബ് ചെയ്യുന്നത്. കെ.എസ്.ആര്‍.ടിയില്‍ നിന്ന് വിരമിച്ച തന്റെ സംഗീത ഗുരുവിനെയും കൂട്ടിയാണ് തച്ചങ്കരി ഇന്ന് ചാര്‍ജ് ഏറ്റെടുക്കാനെത്തിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 552.

വയല്‍ക്കിളികളുടെ ഘര്‍വാപ്പസിക്ക് സി.പി.എം

വയല്‍ക്കിളികളുടെ വീട്ടില്‍ സൗഹൃദസംഭാഷണവുമായി കൊച്ചു വെളുപ്പാന്‍ കാലത്ത് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ പാര്‍ട്ടിയോട് സഹകരിക്കണമെന്് ആവശ്യപ്പെട്ടാണ് ജയരാജന്‍ എത്തിയത്. വലയക്കിളികളെ വയല്‍ക്കഴുകന്‍മാരെന്നും വികസനവിരോധികളായ വെട്ടുകിളികളെന്നും എരണ്ടകളെന്നും വിളിച്ചിട്ടാണ് ഇപ്പോല്‍ കിളികളുടെ കൂട്ടിലേക്കുള്ള വരവ്..സെക്രട്ടറി സഖാവ് വീട്ടില്‍ വന്നതില്‍ സന്തോഷമുണ്ടെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നാണ് വയല്‍ക്കിളി നേതാവ് പറയുന്നത്. വക്രദൃഷ്ടി. എപ്പിസോഡ്: 551.

സുധീരഗാന്ധിയുടെ ഏകാന്തയാത്രകള്‍

കേരളത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രതീക്ഷകള്‍ തല്ലിത്തകര്‍ത്താണ് കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് വി.എം.സുധീരന്‍ പടിയിറങ്ങിപ്പോയത്. സ്വന്തം മുന്നണിയുടെ ഭരണത്തെയും തിരുത്തുന്ന തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച കെ.പി.സി.സി അധ്യക്ഷനും സര്‍ക്കാരും വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന സന്ദര്‍ഭങ്ങള്‍ ധാരാളമായിരുന്നു. പ്രതിപക്ഷത്തിരുന്ന് പാര്‍ട്ടിയെ കൂടുതല്‍ മൂര്‍ച്ചയോടെ നയിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി പാര്‍ട്ട് അധ്യക്ഷ പദവി ഒഴിഞ്ഞത്. ആരോഗ്യകരമായ കാരണങ്ങളാല്‍ പദവിയില്‍ തുടരുന്നത് ഉചിതമല്ലെന്നാണ് വി.എം. അന്ന് പറഞ്ഞതെങ്കിലും അത്ര ആരോഗ്യകരമല്ലാത്ത പലതും രാജിയ്ക്ക് പിന്നിലുണ്ടായിരുന്നു .പദവി വിട്ട് ഓടിപ്പോയത് പോലെയായിരുന്നു അന്നത്തെ രാജി. വക്രദൃഷ്ടി, എപ്പിസോഡ്: 550.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം