ഐ.എസ് ഭീകരതയും കേരളവും

കേരളത്തിന്റെ മണ്ണിലും ഐ.എസ് ഭീകരരുടെ സാന്നിധ്യം ഉറപ്പിച്ച് കേരളാപോലീസം എന്‍.ഐ.എയും. കേരളത്തില്‍ ഈ ഭീകരതയെ വളര്‍ത്തുന്നത് ആരൊക്കെയാണ്? ഏതു സാഹചര്യമാണ് ഐ.എസ്സിനെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്? നാമെങ്ങനെയാണ് ഇത്തരം ഭീകരതകള്‍ക്കെതിരെ പ്രതികരിക്കേണ്ടത്? കരുതിയിരിക്കേണ്ടത്? ഞങ്ങള്‍ക്കും പറയാനുണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ജേക്കബ് പുന്നൂസ്, എം.എസ് കുമാര്‍, അഷ്‌റഫ് കടയ്ക്കല്‍, സുഷമ ബീഗം, കെ.എന്‍.എ ഖാദര്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 183

Anchor: Marshal Sebastian

കലിപ്പടിച്ച് കാണികള്‍ - ഞങ്ങള്‍ക്കും പറയാനുണ്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിന്റെ നാലാം സീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സ് കപ്പ് ഉയര്‍ത്താനുള്ള സാധ്യത മങ്ങിയതോടെ ഏറെ പ്രതീക്ഷയോടെ കളികണ്ട കാണികള്‍ കലിപ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിലെ കണക്ക് തീര്‍ക്കുമെന്നും കപ്പടിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ടീം കാണികള്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഒന്നോ രണ്ടോ കളികളിലെ പ്രകടനങ്ങളൊഴിച്ചാല്‍ ഐഎസ്എല്‍ കേരള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. രാജ്യത്തെ ഏറ്റവും മികച്ച കാണികളായി നില്‍ക്കുന്ന കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളോട് കേരള ബ്ലാസ്‌റ്റേഴ്‌സ് നീതി പുലര്‍ത്തിയോ എന്നതാണ് ഈ ആഴ്ച ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ നാല് സീസണുകളിലും ഒരു ടീമെന്ന നിലയില്‍ എന്തായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. എത്ര ഫുട്‌ബോള്‍ താരങ്ങളെ കേരളത്തില്‍ നിന്ന് കണ്ടെത്താന്‍ ടീമിന് സാധിച്ചു. സ്ഥിരമായ താരങ്ങളും പരിശീലകരും വാഴാത്ത ഈ ടീം കേരളത്തിന് ബാധ്യതയായോ. കേരളത്തില്‍ ചിതറികിടന്ന ഫുട്‌ബോള്‍ പ്രേമികളെ ഒരേ ഗാലറികളില്‍ എത്തിക്കാന്‍ കഴിഞ്ഞ മത്സരങ്ങള്‍ നല്ല ഫുട്‌ബോളും കായിക സംസ്‌കാരവും വളര്‍ത്തുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചു. തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഈ ആഴ്ച ഞങ്ങള്‍ക്ക് പറയാനുണ്ട്. ഞങ്ങള്‍ക്ക് പറയാനുണ്ട്, എപ്പിസോഡ്: 246.

2017ന്റെ വിവാദങ്ങളും 2018ന്റെ പ്രതീക്ഷകളും

ഒരു വര്‍ഷം കൂടി കടന്നു പോകുന്നു. കേരളത്തിന്റെ രാഷ്ട്രീയ കലണ്ടറില്‍ എന്താണ് അവശേഷിച്ചത്. മുന്നണി രാഷ്ട്രീയത്തിന്റെ മുന്നാക്കത്തില്‍ പോയ വര്‍ഷം അപഹരിച്ച വിവാദങ്ങളുടെ ബാക്കി പത്രം എന്താണ്? ഭൂമി കൈയേറ്റം, സ്വാശ്രയ കോളേജ് പ്രവേശനം, ആഭ്യന്തര വകുപ്പിനെതിരെയുള്ള ആരോപണങ്ങള്‍, മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍, അഴിമതി ആരോപണങ്ങള്‍, വ്യക്തിപരമായ ആക്ഷേപങ്ങള്‍ തുടങ്ങി പൊതുജനത്തെ പൊറുതി മുട്ടിച്ച കുറേ ബഹളങ്ങള്‍. കെടുകാര്യസ്ഥതയും രാഷ്ട്രീയ തര്‍ക്കങ്ങളും സാധാരണ മനുഷ്യനെ ബാധിക്കുന്ന ജീവിത പ്രശ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായി ഇപ്പോഴും നില്‍ക്കുന്നു. വിവാദങ്ങളെ വിലയിരുത്തി വരും കാലങ്ങളെ പ്രതീക്ഷയോടെ കാണാന്‍ കഴിയുന്ന എന്തെല്ലാമാണ് ഇനി നമുക്കു മുന്നിലുള്ളതെന്ന് ഈ ആഴ്ച ഞങ്ങള്‍ക്കും പറയാനുണ്ട്- ചര്‍ച്ച ചെയ്യുന്നു. എപ്പിസോഡ്: 243

ദുരിതാശ്വാസ പ്രഖ്യാപനം പ്രഹസനം: ഞങ്ങള്‍ക്കും പറയാനുണ്ട്

മനുഷ്യ നിര്‍മ്മിതമായാലും പ്രകൃതി ദുരന്തമായാലും ഇരകളാക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നുണ്ടോ. അര്‍ഹരായവര്‍ക്ക് തന്നെയാണോ സഹായങ്ങള്‍ ലഭിക്കുന്നത്. അതോ ഇതെല്ലാം വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണോ. ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ എത്രമാത്രം ലഭിക്കും. സുനാമി ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിച്ച ഭരണാധികാരികളുടെ നാട്ടില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ക്കും പറയാനുണ്ട് ഈ ആഴ്ച ചര്‍ച്ച ചെയ്യുന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്: എപ്പിസോഡ്: 241.

കണ്ണീരില്‍ ഒരു കാത്തിരിപ്പ് - ഞങ്ങള്‍ക്കും പറയാനുണ്ട്

ഈ ആഴ്ച ഞങ്ങള്‍ക്കും പറയാനുണ്ട് എത്തിനില്‍ക്കുന്നത് വിഴിഞ്ഞം കടപ്പുറതീരത്താണ്. ഓഖി ചുഴലിക്കാറ്റില്‍ കൃത്യമായ മുന്നറിയിപ്പ് നമ്മുടെ തീരദേശ ജനതയ്ക്ക് ലഭിച്ചോ എന്നുള്ളത് ഇന്നുമൊരു തര്‍ക്കവിഷയമായി നില്‍ക്കുന്നു. ദുരന്തങ്ങള്‍ ദുരിതങ്ങളായി മാറുന്ന ഒരു സംവിധാനത്തെ എങ്ങനെയാണ് മറികടക്കേണ്ടത്. തീരദേശ മേഖലയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാരും ഭരണകൂടങ്ങളും പരാജയപ്പെടുന്നുണ്ടോ? എന്താണ് തീരദേശവാസികള്‍ക്ക് പറയാനുള്ളത് എന്നു മാത്രമാണ് ഞങ്ങള്‍ക്കും പറയാനുണ്ട് ഈ ആഴ്ച ചര്‍ച്ച ചെയ്യുന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 240.

കലാലയ രാഷ്ട്രീയം വേണോ?

പഠന കേന്ദ്രങ്ങളായ കലാലയങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും പഠനം തടസപ്പെടുത്തുന്ന സമര മാര്‍ഗ്ഗങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികളെ പുറത്താക്കാമെന്നും കോടതികള്‍ നിരീക്ഷിക്കുന്നത് ഇതാദ്യമല്ല. അതിനാല്‍ തന്നെ നമ്മുടെ ഹൈക്കോടതിയുടെ ഇപ്പോഴത്തെ നിരീക്ഷണത്തില്‍ പതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു ചോദ്യം ബാക്കി നല്‍ക്കുന്നു. വര്‍ത്തമാന കാലഘട്ടത്തില്‍ വര്‍ഗീയതയും സ്വകാര്യ മാനേജ്‌മെന്റുകളുടെ ചൂഷണവും നിര്‍ബാധം തുടരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്നതിലും സമരം ചെയ്യുന്നതിലും എന്താണ് തെറ്റ്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 233.

പുരുഷനും പീഡിപ്പിക്കപ്പെടുന്നില്ലേ?

നടുറോഡില്‍ പട്ടാപകല്‍ ടാക്‌സി യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുന്നു. മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരെ കേസെടുക്കാതെ മര്‍ദ്ദനമേറ്റ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് അദ്ദേഹം പുരുഷനായതു കൊണ്ടാണോയെന്ന ചോദ്യം ഉയരുന്നു. സ്ത്രീ സംരക്ഷണ നിയമം അനുസരിച്ച് പരാതി വന്നാല്‍ കേസെടുക്കാതെ നിവര്‍ത്തിയില്ലെന്ന് പോലീസ്. എന്നാല്‍ സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗ ചെയ്യപ്പെടുന്നുണ്ടോയെന്ന ചോദ്യവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. നീതിയും നിയമവും ഏവര്‍ക്കും തുല്യമായി നടപ്പാക്കുന്നുണ്ടോ? പുരുഷ പീഡനം ചര്‍ച്ചയാകാന്‍ ഇനി കമ്മീഷന്‍ വേണോ?. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 231.

നമുക്ക് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രം മതിയോ?

കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും മുന്നെ മലയാളി തീരുമാനിക്കും. ഇത് ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ മെഡിക്കലും എന്‍ട്രന്‍സും മോഹ സ്വപ്‌നമായി കൊണ്ടു നടക്കുന്ന രക്ഷിതാക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും ഈ പോരാട്ടത്തിലാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ അവസ്ഥ എന്താണ്. സിവില്‍ സര്‍വ്വീസിലും ഗവേഷണത്തിലും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കുറവായത് എങ്ങനെയാണ്. ജില്ലകളെക്കാള്‍ സര്‍വകലാശാലകള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഡോക്ടറിലും എഞ്ചിനീയറിലും കുടുങ്ങ്ിക്കിടക്കുവനാണൊ കുട്ടികളുടെ വിധി. ഞങ്ങള്‍ക്കും പറയാനുണ്ട്: എപ്പിസോഡ്: 230.

ജനകീയസമരവും തീവ്രവാദവും

ജാതിയുടെയോ മതത്തിന്റെയോ അല്ല. ജനകീയ മുദ്രാവാക്യങ്ങളുടെ സമര തീച്ചൂളയിലാണ് കേരളമെന്ന മണ്ണ് പാകപ്പെട്ടത്. അതു കൊണ്ട് തന്നെ ജനകീയ സമരങ്ങളെ കാണാതിരിക്കാനും കേരളത്തിന് കഴിയില്ല. എന്നാല്‍ എല്ലാ വികസന പദ്ധതികളും വിവാദമാക്കുന്ന സമരങ്ങളാണോ ഇന്ന് കേരളത്തില്‍ നടക്കുന്നത്. അതല്ല കണ്ണുനീരും ചോരയും വീഴ്ത്തി മാത്രമേ ഓരോ വികസന പദ്ധതികളും നടപ്പാക്കു എന്ന അധികാര വര്‍ഗത്തിന്റെ ഗര്‍വാണോ ഇന്ന് നടപ്പാകുന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്. എപ്പിസോഡ്: 218. പങ്കെടുക്കുന്നവര്‍. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ. ശബരീനാഥന്‍ എം.എല്‍.എ, ഡോ: കെ.ജി. താര, എസ്. രാജീവന്‍, സി.കെ ജാനു, മാഗ്ലിന്‍ എന്നിവര്‍.

സേന നിയമവും കൊലപാതക രാഷ്ട്രീയവും

പ്രതിഷേധങ്ങള്‍ വിമര്‍ശനങ്ങള്‍ സമരങ്ങള്‍ തുടങ്ങിയവ നടത്താനുള്ള അവകാശങ്ങളില്ലാതെ ജനാധിപത്യമില്ല. എന്നാല്‍ ആശയ വിമര്‍ശനത്തിന്റെ പേരില്‍ കൊലയാളി രാഷ്ട്രീയം ഏത് രാഷ്ട്രീയ പ്രസ്ഥാനം നടത്തിയാലും അത് അംഗീകരിക്കാനും ആകില്ല. രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും കൊലപാതര രാഷ്ട്രീയത്തെ തള്ളിപ്പറയുന്നു എങ്കിലും രാഷ്ട്രീയ കൊലകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു കുറവുമില്ല. ഒരു വീട്ടില്‍ ഒരു വിധവ എന്ന കണക്കില്‍ ജനകീയ പദ്ധതി പോലെ കൊലപാതകങ്ങള്‍ നടക്കുകയാണെന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നു. ഇതിനെല്ലാം പരിഹാരമായി സായുധ സേനയ്ക്ക് അമിത അധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്റ്റ് നടപ്പാക്കണം എന്നത് എത്രമാത്രം ജനാധിപത്യപരമാണ് എന്നതാണ് ഈ ആഴ്ച ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 213.

ആണ്‍കുട്ടികള്‍ ജനിക്കാന്‍

ആണ്‍കുട്ടി ജനിക്കാന്‍ കറുത്ത പശുവിന് പ്ലാവിലയും നെയ്യും കൊടുക്കുന്ന ഗര്‍ഭിണി. എന്നിട്ടും ആണ്‍കുട്ടി ജനിക്കാത്തതിനാല്‍ രണ്ടാം പ്രസവത്തിന് മുമ്പ് വെളുത്ത പക്ഷത്തില്‍ നെയ്യുമായി പശുവിന് പുറകെ നടക്കുന്ന ഭാര്യയും ഭര്‍ത്താവും. അടുത്തിടെ ഇറങ്ങിയ ഒരു ചിത്രത്തിലെ രംഗമായിരുന്നു ഇത്. ആണ്‍കുട്ടി ജനിക്കാന്‍ ഇതൊക്കെ ചെയ്താല്‍ മതിയോ. എന്നാല്‍ രാജ്യത്തെ ചില ആയുര്‍വേദ സര്‍വകലശാലകളിലെ വിദ്യാര്‍ത്ഥികളുടെ മൂന്നാം വര്‍ഷ പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നത് ആണ്‍കുട്ടികള്‍ ഉണ്ടാകാനുള്ള മരുന്നിനെക്കുറിച്ചാണ്. ഞങ്ങള്‍ക്കും പറയാനുണ്ട്: എപ്പിസോഡ്: 212.

മതചിഹ്നങ്ങള്‍ കൈയ്യേറുമ്പോള്‍

വിശ്വാസികളുടെ അവിശ്വാസികളുടെയും മനസുകളില്‍ ഇടം നേടാന്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ആത്മീയ മാര്‍ഗത്തിന്റെ ഭാഗമാണ്. ഏതൊരു വിഭാഗത്തിനും ആശ്വാസമാകുന്ന ചിഹ്നങ്ങള്‍ ആദരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ആത്മീയതയുടെ ലോകം തുറക്കുന്നവര്‍ ഭൗതിക നേട്ടത്തിനായി മത ചിഹ്നങ്ങളും ശബ്ദങ്ങളും ഉപയോഗപ്പെടുത്തുന്നതാറുണ്ട് എന്നത് ചരിത്ര സത്യം. എവിടെയൊക്കെ നമുക്ക് വിശ്വാസ ചിഹ്നങ്ങള്‍ ഉപയോഗിക്കാം. ഒരു മതേതര ജനാധിപത്യ രാജ്യത്ത് മുതലെടുപ്പിന്റെ രാഷ്ട്രീയം മത വിശ്വാസത്തിന്റെ മറവില്‍ ചൂഷകര്‍ നടപ്പാക്കിയാല്‍ അതിന് വിശ്വാസത്തിന്റെ അടിത്തറയുണ്ടോ? സര്‍ക്കാര്‍ ഭൂമിക്ക് അതിരിടുന്ന കുരിശുകള്‍ വിശ്വാസിയുടേതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അത് നീക്കം ചെയ്യേണ്ടത് തന്നെയല്ലേ. നീതിക്ക് നിരക്കാത്തതാണോ വിശ്വാസിയുടെ മാര്‍ഗം. അല്ലായെന്ന് ഉറക്കെ പറയുമ്പോഴും ആരെയോ നമ്മള്‍ ഭയപ്പെടുന്നു. പവിത്രമായ മതചിഹ്നങ്ങള്‍ സ്വാര്‍ഥ താത്പര്യത്തിനായി കൈയ്യേറപ്പെടുന്നതിന്റെ അപകടമാണ് ഞങ്ങള്‍ക്കും പറയാനുണ്ട് ഈ ആഴ്ച ചര്‍ച്ച ചെയ്യുന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 210

സാത്താന്‍ സേവയും മലയാളിയും

സാത്താന്‍ സേവ, ആത്മാവിനെ വേര്‍പെടുത്തല്‍, പരാകയ പ്രവേശം തുടങ്ങി സാധാരണ മനുഷ്യര്‍ക്ക് മനസിലാകാത്ത കാര്യങ്ങള്‍ പലതും മലയാളിയ്ക്ക് ചുറ്റുമുണ്ട്. ശാസ്ത്രീയ അടിത്തറയില്ലെങ്കിലും നല്ലൊരു ഭാഗം ജനങ്ങളും ഇതില്‍ വിശ്വസിക്കുന്നു. അതോടൊപ്പം വഞ്ചിതരാവുകയും ചെയ്യുന്നു. സമൂഹത്തില്‍ നിന്ന് സ്വയം ഉള്‍വലിഞ്ഞ് ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ദുരൂഹമായ ഒരു വിശ്വാസ രീതി പറയാനുണ്ടാകും. യാഥാര്‍ത്ഥ്യ ബോധത്തിന് നിരക്കാത്ത ഇവര്‍ സമൂഹത്തിന് മുന്നിലെത്തുന്നു. കൊടും ക്രൂരതകള്‍ നടത്തി ലോകത്തെ ഞെട്ടിക്കുന്നു. എന്താണ് ഇവര്‍ക്ക് സംഭവിക്കുന്നത്? സ്വയം മാനസിക രോഗികളായി അഭിനയിച്ച് കുറ്റകൃത്യങ്ങള്‍ നടടത്തുകയാണോ? ഞങ്ങള്‍ക്കും പറയാനുണ്ട്. എപ്പിസോഡ്: 208.

വരണ്ടുണങ്ങി കേരളം; കോളയ്ക്ക് വിട

44 നദികളുള്ള സംസ്ഥാനം കടലും കായലും അനുഗ്രഹിച്ച നാട്. എന്നാല്‍ വേനലെത്തും മുമ്പേ കുടിനീരിനായി കണ്ണുനീര്‍ വാര്‍ക്കുകയാണ് കേരളം. നാടും നഗരവും വരള്‍ച്ചയുടെ പിടിയിലാണ്. പ്രതിദിനം ആറു ലക്ഷം ലിറ്റര്‍ വരെ എടുക്കാമെന്നുള്ള കോടതി ഉത്തരവിന്റെ മറവില്‍ വന്‍ ജലചൂഷണമാണ് കുത്തക കമ്പനികള്‍ നടത്തുന്നത്. കൊല്ലത്തും തൃശൂരിലും വീടുകളിലെ കിണറു വെള്ളം വരെ മോഷ്ടിക്കപ്പെടുന്നു. ഒരു ലിറ്റര്‍ കുടുവെള്ളത്തിന് 15 രൂപ മുതല്‍ 20 രൂപ വരെ ഈടാക്കപ്പെടുന്നു. ഇത്തവണ വേനലിനെ എങ്ങനെ നേരിടുമെന്നതാണ് ഈ ആഴ്ച ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നത്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 205

കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം

കേരളത്തില്‍ കെ എസ് ആര്‍ ടി സിയുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മുമ്പ് പെന്‍ഷന്‍ മാത്രമാണ് മുടങ്ങിയത് എങ്കില്‍ ഇപ്പോള്‍ ശമ്പളവും മുടങ്ങി തുടങ്ങിയിരിക്കുന്നു. ഇല്ലാത്ത റൂട്ടിന് വല്ലാത്ത കാശ് നല്‍കി വാങ്ങുന്ന ബസ്. കട്ടപ്പുറത്ത് ആകുന്ന ബസുകളുടെ എണ്ണം കൂടുന്നു. പട്ടിണിയാകുന്ന കുടുംബങ്ങളുടെയും. ഇത് ആദ്യമല്ല കേരളം കെ എസ് ആര്‍ ടി സിയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ആര് ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല. എന്താണ് ഇതിന് പരിഹാരം ആന വണ്ടി എന്ന് ഓമനപ്പേര് മാത്രം ആവശേഷിപ്പിച്ച് മറ്റൊരു വെള്ളാനയായി കെ എസ് ആര്‍ ടി സി അവസാനിക്കുന്നത് തടയാന്‍ എന്ത് ചെയ്യണം. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്- 200.

പ്രണയദുരന്തങ്ങള്‍ക്ക് കാരണമെന്താണ്?

പ്രണയമെന്ന മഹത്തായ വികാരം മരണമാക്കി മാറ്റുകയാണ് പുതിയ തലമുറയിലെ പലരും. കോട്ടയത്ത് സഹപാഠിയെ പെട്രോളൊഴിച്ച് കത്തിക്കുന്ന കാമുകന്‍. ആറ്റിങ്ങലിലും ചെന്നൈയിലും ഇഷ്ടപ്പെട്ട പെണ്ണിന്റെ കഴുത്തറക്കുന്നവര്‍. തുടര്‍ന്ന് ജീവിതം സ്വയം അവസാനിപ്പിക്കുന്നവര്‍. പ്രണയതീവ്രതയില്‍ ജീവിതം മറന്ന് മരണത്തെ തേടുന്നവരുടെ എണ്ണം കൂടുകയാണോ? പ്രണയം നഷ്ടപ്പെട്ടാലും കൊലപാതകം മാത്രമാണ് പ്രതിവിധി എന്ന് ചിന്തിക്കുന്നവരുടെ ലോകം വിശാലമാകുന്നത് എന്തുകൊണ്ട്? ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ.ഗിരീഷ്, കലാ ഷിബു, അഡ്വ.മായ, ജയഗീത എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 199

പടം മുടങ്ങാതിരിക്കാന്‍ നമ്മള്‍ എന്ത് ചെയ്യണം?

പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി എന്നു പറഞ്ഞത് പോലെയാണ് മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 95 ശതമാനം പരാജയവും അഞ്ച് ശതമാനം മാത്രം വിജയവും അവകാശപ്പെടാവുന്ന മലയാള ചലച്ചിത്ര വ്യവസായം തമ്മിലടിച്ച് നശിക്കുന്നതിന്റെ അവസാന സീനുകളാണ് ഇപ്പോള്‍ കാണുന്നത്. കാലത്തിനൊത്ത് എല്ലാ വ്യവസായങ്ങളിലും മാറ്റം വന്നിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെ ചലച്ചിത്ര വ്യവസായത്തെ നയിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒട്ടും താമസിക്കാതെ മലയാള സിനിമയുടെ ടിക്കറ്റ് കീറും. തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ വരുമാന വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്ന സമരമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 197.

മതം രാഷ്ട്രീയം കോടതി

ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പിന് കൂടുതല്‍ കരുത്ത് നല്‍കി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറയുന്നു നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ഇനി മതം, ജാതി, വര്‍ഗം, ദേശം ഭാഷ എന്നിവയൊന്നും പറഞ്ഞ് വോട്ട് തേടുന്നത് നിയമ വിരുദ്ധമാണ്. ഒരു ജനാധിപത്യ രാജ്യത്ത് പ്രത്യേകിച്ച് മതേതരത്വം അടിസ്ഥാന ശിലയായ ഇന്ത്യയില്‍ വോട്ടെടുപ്പ് മതേതരത്വം തന്നെയാകണം. ജാതിമത സംഘടനകളോ മത നേതാക്കളോ തങ്ങളുടെയോ സ്ഥാനാര്‍ത്ഥിയുടെയോ എതിര്‍ സ്ഥാനാര്‍ത്ഥിയുടെയോ മതം പറഞ്ഞ് വോട്ട് തേടുന്നത് അഴിമതിയാണ്. മതം ദൈവം എന്നതെല്ലാം വ്യക്തി കേന്ദ്രീകൃതമാണെന്നും രാജ്യം കാഴ്ചപ്പാടില്‍ ഇവയ്ക്ക് സ്ഥാനമില്ലെന്നും ഇത് വോട്ട് തേടലിന് ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നും കോടതി ഓര്‍മ്മപ്പെടുത്തുന്നു. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോടതിയുടെ ഈ വിധി എത്രമാത്രം പ്രായോഗികമാകും? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 196.

വരുംകാലം, കവികള്‍ പറയുന്നു

കാലത്തിന്റെ പ്രവാചകരാണ് കവികള്‍. വരാനിരിക്കുന്ന കാലത്തെ വാക്കുകളിലൂടെ വരച്ചിട്ടവര്‍. പോയകാലത്തിന്റെ ശേഷിപ്പുകള്‍ ഓര്‍മപ്പെടുത്തിയവര്‍. കവികള്‍ കാലത്തെ അറിയുന്നു കാലം കവികളെയും. നമ്മള്‍ കവിതകള്‍ കേള്‍ക്കും എന്നാല്‍ കവിയെ ചെറുക്കും. കവി പറഞ്ഞത് സൗകര്യപൂര്‍വ്വം മറക്കും. കെട്ടക്കാലത്തിന്റെ കെടുതികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നവരുടെ ആകുലതകള്‍ നമ്മള്‍ പിന്തുടരേണ്ടതല്ലേ? പുതുവര്‍ഷം പുലരുമ്പോള്‍ പ്രതീക്ഷയുടെ കവിതകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന തലമുറയോട് കവികള്‍ക്ക് പറയാനുള്ളത് എന്ത്? ഞങ്ങള്‍ക്കും പറയാനുണ്ട് ഈ ആഴ്ച ചര്‍ച്ച ചെയ്യുന്നു ' വരുംകാലം കവികള്‍ പറയുന്നു'. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 195

ഉദ്യോഗസ്ഥരുടെ കസേര തെറിപ്പിക്കുന്നത് ആര്?

സര്‍വീസില്‍ കയറി ആറുവര്‍ഷത്തിനിടെ അറുപത് സ്ഥലംമാറ്റം എന്നു പറയുമ്പോഴേ അറിയാം ആ ഉദ്യോഗസ്ഥനും നിലവിലെ വ്യവസ്ഥിതിയും തമ്മിലുള്ള പോരാട്ടം. ആര്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കാണ് ഇത് സംഭവിക്കുന്നത്. വിജിലന്‍സ് കൂട്ടിലടച്ച തത്ത ആകില്ലെന്നത് പറയുന്നത് സ്ഥിരംപല്ലവി. എന്നാലിപ്പോള്‍ തത്ത തന്നെ കൂടുവിട്ടു പറന്നുപോകേണ്ട സാഹചര്യമാണ്. അഴിമതിക്ക് ചുവപ്പ് കാര്‍ഡുമായി വന്ന വിജിലന്‍സ് ഡയറക്ടര്‍ തന്നെ കളിമതിയാക്കാനാന്‍ ഒരുങ്ങുന്നു. ഈ പ്രതികൂല സാഹചര്യത്തിന് ഉത്തരവാദികള്‍ ആരൊക്കെ? ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ചചെയ്യുന്നു. എപ്പിസോഡ്: 185

ബന്ധുക്കള്‍ക്ക് വേണ്ടിയോ രാഷ്ട്രീയം?

കേരളരാഷ്ട്രീയത്തിലെ സ്വജനപക്ഷപാതം. ഒരുജനാധിപത്യസമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് അധികാരസ്ഥാനത്തിരുന്ന് അട്ടിമറിക്കുന്നതിനെ മലയാളികള്‍ എങ്ങനെ കാണുന്നു? ഒരുകമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ ജോലിക്ക് അര്‍ഹതപ്പെട്ടവരെ അകറ്റിനിര്‍ത്തി സ്വജനപക്ഷപാതം നടപ്പാക്കുന്നു. അനര്‍ഹമായ ഇത്തരം നിയമനങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തേണ്ടിവരുന്ന ഒരു ഗതികേടിലേക്ക് പിണറായി വിജയനെന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എത്തിയത് എന്തുകൊണ്ടാണ്? ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഭാസുരേന്ദ്രബാബു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജെ.ആര്‍ പത്മകുമാര്‍, പി.സി ജോര്‍ജ്, മഹേഷ് കക്കത്ത്, അഡ്വ.വെങ്ങാനൂര്‍ ശിവശങ്കര്‍ എന്നിവര്‍. എപ്പിസോഡ് 184

മുഖ്യമന്ത്രിയുടെ തോന്നലുകള്‍ ശരിയോ?

മാധ്യമപ്രവര്‍ത്തകര്‍ വാടകയ്‌ക്കെടുത്തവര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനിറങ്ങി എന്ന മുഖ്യമന്ത്രിയുടെ തോന്നല്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും നല്‍കുന്ന സന്ദേശം എന്താണ്? ഏതെങ്കിലും യുവജനസംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണോ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍? കഴിഞ്ഞകുറേമാസമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന വിലക്കുകളും അപവാദപ്രചരണങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ തോന്നലുകളും മാധ്യമസ്വാതന്ത്ര്യത്തിന് എത്രമാത്രം സംരക്ഷണം നല്‍കും? ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.ഡി സതീശന്‍, എ.എ റഹീം, സണ്ണിക്കുട്ടി എബ്രഹാം, മനോഹരന്‍ മോറായി, കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ് 182

തീവണ്ടി യാത്രക്കാരുടെ ദുരിതം

ടിക്കറ്റെടുത്ത് തന്നെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ യാത്രാക്കൂലിക്ക് അനുകൂലമായ സേവനം റയില്‍വെ മലയാളികളോട് പുലര്‍ത്തുന്നുണ്ടോ എന്നതാണ് ഈ ആഴ്ചയിലെ ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നത്. കേരളത്തെയും രാജ്യത്തെയും ബന്ധിപ്പിച്ച് 1080 കിലോമീറ്റര്‍ പാതയാണ് നമുക്കുള്ളത്. എന്നാല്‍ 157 കിലോമീറ്റര്‍ പാത ഉടര്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി കിടക്കുന്നു. എന്നാല്‍ ദിവസങ്ങളുടെ ഇടവേളകളില്‍ റയില്‍ ഗതാഗതം താറുമാറായി. യാത്രക്കാര്‍ പെരുവഴിയിലാകുന്നു. ഞങ്ങള്‍ക്കും പറയാനുണ്ട്.എപ്പിസോഡ് 181.

ആചാരവിശ്വാസങ്ങളിലെ സര്‍ക്കാര്‍

നമ്മുടെ സര്‍ക്കാരോഫീസുകള്‍ എന്തായിരിക്കണം? നമ്മുടെ ആരാധനാലയങ്ങള്‍ എങ്ങനെയായിരിക്കണം? സര്‍ക്കാര്‍ പരിപാടികളില്‍ ആചാരങ്ങള്‍ എപ്രകാരമാവണം? ഉദ്ഘാടനച്ചടങ്ങുകള്‍ നിലവിളക്കുകൊളുത്തുന്നതും പ്രാര്‍ത്ഥന ചൊല്ലുന്നതും കല്ലുകടിയാവുന്നതെപ്പോഴാണ്? കഴിഞ്ഞയാഴ്ചയില്‍ കേരളം ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്ന് വിശ്വാസവുമായി ബന്ധപ്പെട്ട രാഷ്ട്രീയമായിരുന്നു. എന്താഘോഷമായിരുന്നാലും പവൃത്തിദിവസങ്ങളില്‍ സര്‍ക്കാരോഫീസില്‍ ചെല്ലുന്ന സാധാരണക്കാരന് നീതി കിട്ടുന്നുണ്ടോ? എല്ലാ പ്രതീക്ഷയും നശിച്ച സാധാരണക്കാരന്‍ ഈശ്വരസന്നിധിയിലെത്തുമ്പോള്‍ അവിടെയും അവനെ കാത്തിരിക്കുന്നത് വിവാദമാവുമ്പോള്‍ എന്തു സംഭവിക്കും? ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു, ആചാരവിശ്വാസങ്ങളിലെ സര്‍ക്കാര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ് 179

പട്ടിയെ പൂട്ടാന്‍ എന്തു ചെയ്യണം?

കേരളം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം തെരുവ് നായ്ക്കളുടേതാണ്. തെരുവ് നായ്ക്കളുടെ അക്രമത്തില്‍ തിരുവനന്തപുരത്ത് വിഴിഞ്ഞത്ത് ഒരു സ്ത്രീ കൊല്ലപ്പെട്ടു. പിഞ്ചു കുഞ്ഞുങ്ങളടക്കം ആയിരക്കണക്കിനു പേര്‍ക്കാണ് തെരുവു നായക്കളുടെ കടിയേറ്റത്. തെരുവ് നായ്ക്കളുടെ അക്രമം മനുഷ്യര്‍ക്കു നേരെ മാത്രമല്ല വളര്‍ത്തു കോഴികളെയും ആടുകളെയും ഒക്കെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. വന്ധ്യംകരണം മാത്രമാണോ ഇതിനുള്ള പ്രതിവിധി? അതോ അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കണോ? മാലിന്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കിയാല്‍ തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ കഴിയുമോ? ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം. വിന്‍സന്റ് എം.എല്‍.എ, റെനീഷ് പ്രേരാമ്പ്ര, കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി, ഡോ. നാരായണന്‍, എബ്രഹാം മാത്യു. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ് 178.

തുറിച്ച് നോക്കിയാല്‍..

സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ എന്തൊക്കെയാണ്? 90 ശതമാനം സ്ത്രീകള്‍ക്കും അവയെപ്പറ്റി അറിയില്ല എന്നത് ഒരു സത്യം മാത്രം. എന്നാല്‍ 99 ശതമാനം പുരുഷന്മാരും ഇതിനെപ്പറ്റി അജ്ഞരാണ്. ഒരു സ്ത്രീയെ മോശമായ രീതിയില്‍ ഒന്നു നോക്കിയാല്‍ ആ സ്ത്രീക്ക് പരാതിയുണ്ടെല്‍ 2013ലെ ക്രിമിനല്‍ നിയമ ഭേദഗതി പ്രകാരം കേസെടുക്കാം എന്നതാണ് ഈ നിയമം. എന്നാല്‍ ഈ നിയമത്തെ സംസ്ഥാനത്തെ ഒരു ഡി.ജി.പി ഓര്‍മ്മപ്പെടുത്തുമ്പോള്‍ അതിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ നിരവധിയാണ്. കേരളം തുറിച്ചുനോക്കുന്ന നിയമത്തിന് പിന്നില്‍ എന്ത്? ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ് 177.

കിഴക്കേക്കോട്ട ഒരു മരണക്കെണി

ആശാസ്ത്രീയമായ നഗരവല്‍ക്കരണവും റോഡ് നിര്‍മാണവും നമ്മുടെ റോഡുകളെ മരണക്കെണികള്‍ ആക്കിയിരിക്കുന്നു. നഗരം വളര്‍ന്നതിന് അനുസരിച്ച് തിരക്ക് കൂടിയതല്ലാതെ മറ്റു സൗകര്യങ്ങളോ റോഡുകളോ വളര്‍ന്നില്ല. നടപ്പാതകള്‍ കയ്യേറിയിരിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്ക് നടുറോഡിലൂടെ നടക്കേണ്ട ഗതികേട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ കിഴക്കേക്കോട്ടയില്‍ റോഡ് മുറിച്ചുകടക്കവെ മരിച്ചവരുടെ എണ്ണം 15 ആണ്. എന്നിട്ടും അധികാരികളുടെ കണ്ണ് തുറക്കുന്നില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നവര്‍: ആര്‍.സതീഷ്‌കുമാര്‍, അനില്‍കുമാര്‍ പണ്ടാല, ബി ചന്ദ്രകുമാര്‍, സുനില്‍കുമാര്‍ ബി.ആര്‍.സി നായര്‍ എന്നിവര്‍.

സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും

സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മലയാളി മനസില്‍ പറയും, ജീവിതം സുരക്ഷിതമാക്കിയ, വിവാഹമാര്‍ക്കറ്റില്‍ തെറ്റില്ലാതെ നില്‍ക്കാന്‍ കഴിയുന്നവര്‍. 27 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന രാജ്യത്തെ ജനങ്ങളില്‍ ഏവരും കൊതിക്കുന്ന സര്‍ക്കാര്‍ ജോലി. ഈ കടമ്പ കടക്കാന്‍ കഷ്ടപ്പെടുന്നവര്‍, പ്രായമെന്ന വില്ലന്‍ കപ്പിനും ചുണ്ടിനുമിടയില്‍ അവസരം തട്ടിയകറ്റുന്നത് കണ്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍. ഇനി സര്‍ക്കാര്‍ ജോലിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞാലോ സംഘടനാ രാഷ്ട്രീയവും അവകാശ പ്രഖ്യാപനങ്ങളും ഉയര്‍ത്തുന്ന കാലം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരന് മുന്നിലെത്തുന്ന ഫയലുകള്‍ ഓരോന്നും ഓരോ ജീവിതമാണെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രിയുടെ ഉപദേശം. ആരാണ് മാറേണ്ടത്? ജീവനക്കാരോ ഭരണകൂടമോ? പങ്കെടുക്കുന്നവര്‍: സി.പി. നായര്‍, എം.എസ് ബിജുക്കുട്ടന്‍, ബിന്‍സി, എ.എ.റഹിം, കെ. പ്രശാന്ത്, പ്രവീണ്‍ പരമേശ്വരന്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ് 175

വെല്ലുവിളി പ്രസംഗങ്ങളുടെ രാഷ്ട്രീയം

പ്രസംഗം ഒരു കലയാണ്. എന്നാല്‍ ഇന്നു പ്രസംഗത്തിന്റെ ശൈലി മാറി. ആത്മീയത മുതല്‍ അക്രമണം വരെ നടത്തുന്നതിനു പ്രചോദനമാകുന്ന കല. പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസവുമാണ് പ്രസംഗം. എന്നാല്‍ ഇന്നു രാഷ്ട്രീയ പ്രസംഗത്തിന്റെ ശൈലി മാറി. തേന്‍ പുരട്ടിയ വര്‍ഗീയതയും വെല്ലുവിളികളിലും ചുരുങ്ങുകയാണ് രാഷ്ട്രീയ പ്രസംഗങ്ങള്‍. പുതുതലമുറയ്ക്കു വഴികാട്ടിയാകേണ്ടതു സൃഷ്ടിപരമായ പ്രസംഗങ്ങളോ അതോ നാശത്തിനു വേണ്ടി ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളോ? ഞങ്ങള്‍ക്കു പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.എം. മനോജ്, ജോര്‍ജ് കുര്യന്‍, ഫക്രുദ്ദീന്‍ അലി, സുശീലാ ദേവി. ഞങ്ങള്‍ക്കു പറയാനുണ്ട്, എപ്പിസോഡ് 174.

ഇസ്ലാമിക് സ്‌റ്റേറ്റ്: തീവ്രവാദത്തിന്റെ മനശാസ്ത്രം

കൊച്ചുകുട്ടികളെ മുതല്‍ വൃദ്ധരെ വരെ ഇരുമ്പ് കൂട്ടിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുന്നു. ഓറഞ്ച് കുപ്പായത്തില്‍ ചങ്ങലയ്ക്കിട്ട് ചന്തയില്‍ എണ്ണം പറഞ്ഞ് മനുഷ്യരെ വില്‍ക്കുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നവമാധ്യമങ്ങളില്‍ നിറയുന്ന ഇത്തരം ദൃശ്യങ്ങളില്‍ നിന്ന് എന്ത് തരം ആശയമാണ് തീവ്രവാദികള്‍ മുന്നോട്ട് വയ്ക്കുന്നത്. മത തീവ്രവാദികള്‍ പറയുന്ന സ്വര്‍ഗരാജ്യത്തിന് വേറൊരു മനുഷ്യന്‍ തടസമാകുന്നതും അവനെ അതി ക്രൂരമായി ഇല്ലായ്മ ചെയ്യുന്നതും ഏത് ആശയത്തിന്റെ പന്‍ബലത്തിലാണ്. വിദ്യസമ്പന്നരായ കേരളത്തിലെ പുതു തലമുറ തീവ്രവാദത്തിലേക്ക് വഴിതെറ്റുന്നു. ഈ സാഹചര്യങ്ങള്‍ ഒരു തമാസച്ചിരിയില്‍ നവമാധ്യമങ്ങളിലൊതുക്കിയാലും നമുക്കത് തരുന്നത് ഗൗരവതരമായ ഞെട്ടല്‍ തന്നെയാണ്. ഇതില്‍ നിന്ന് മുക്തിനേടാന്‍ ബഹുസ്വരതയുടെ നാടായ കേരളം എന്തു ചെയ്യണം എന്നാണ് ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നത്. എപ്പിസോഡ്- 172

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം