മദ്ദളത്തിന്റെ ഗരിമ

പഞ്ചവാദ്യത്തിലും കഥകളിയിലും സ്വന്തം ശൈലി സാക്ഷാത്കരിച്ച ചെര്‍പ്പുളശ്ശേരി ശിവന്‍ മദ്ദളവാദ്യത്തിന്റെ അവസാനകുലപതികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ജീവിതവഴിയെ കുറിച്ചാണ് ഇത്തവണ ഈ വഴിത്താരയില്‍. എപ്പിസോഡ് 148.

Anchor: Others

കഥകളിയുടെ തേജോരൂപം പകര്‍ന്നാടുന്ന കലാമണ്ഡലം വാസു പിഷാരടി

ആട്ടവിളക്കിന്റെ പ്രഭാ തേജസില്‍ അരങ്ങ് നിറഞ്ഞാടുന്ന ഏത് വേഷത്തിലും വാസു പിഷാരടിയുടെ ഭാവഭേദങ്ങള്‍ നിറഞ്ഞ കഥാപാത്രം കാഴ്ചക്കാരന്റെ ഹൃദയത്തിലേക്കാണ് പ്രവേശിക്കുന്നത്. കാഴ്ചക്കാരന് സുവ്യക്തമാണ് കീചകനും രാവണനും നരകാസുരനും നളചരിതം നാലാം ദിവസത്തിലെ ബാഹുകനും സന്താനഗോപാലത്തിലെ ബ്രാഹ്മണനും വാസു പിഷാരടിയിലേക്ക് സന്നിവേശിക്കപ്പെടുന്നത്. കഥകളിയുടെ രംഗകല്‍പ്പനകളില്‍ കലാമണ്ഡലം വാസു പിഷാരടിയുടെ വേഷങ്ങള്‍ക്ക് വേറിട്ടൊരു സൗന്ദര്യമുണ്ട്. തേജവേഷങ്ങളില്‍ ഔചിത്യഭാസുരമായ കല്‍പ്പനകൊണ്ട് പ്രേക്ഷകരെ കീഴടക്കുന്ന മാന്ത്രികതയുണ്ട് വാസു പിഷാരടിക്ക്.

സ്‌കൂള്‍ കലോത്സവ ഓര്‍മ്മയില്‍ ചിത്രന്‍ നമ്പൂതിരിപ്പാട്

96 വയസ്സു കഴിഞ്ഞെങ്കിലും നമ്പൂതിരിപ്പാടിന്റെ ഓര്‍മകള്‍ക്കു ഇന്നും യവൗനം. കേരളത്തിന്റെ ആദ്യ യുവജനോത്സവത്തിന്റെ സംഘാടകന്മാരില്‍ ഒരാളാണിദ്ദേഹം. പിന്നീട് കലോത്സവം വിപുലമാക്കിയ 1970കളും മധ്യത്തില്‍ അതിന്റെ മുഖ്യസംഘാടകനുമായി അദ്ദേഹം. 1956ല്‍ എറണാകുളത്തു വച്ചാണ് സ്‌കൂള്‍ യുവജനോത്സവത്തിന്റെ ആദ്യ ആലോചന യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ഹെഡ്മാസ്്റ്റര്‍മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിന്റെയും ഇന്നത്തെ നിലയില്‍ അതു വളര്‍ന്നതിനെയും കുറിച്ച് ഓര്‍ക്കുകയാണ് പി. ചിത്രന്‍ നമ്പൂതിരിപ്പാട്. ഈ വഴിത്താരയില്‍, എപ്പിസോഡ് 140.

മാപ്പിളപ്പാട്ടിന്റെ വഴിത്താരയില്‍ വി.എം. കുട്ടി

മധുരമായ ഒരു മാപ്പിളപ്പാട്ടിന്റെ പേരാണ് വി.എം. കുട്ടി. കടലിനപ്പുറമുള്ള മലയാളികള്‍ പോലും വി.എം. കുട്ടി എന്ന പേര് കേള്‍ക്കുമ്പോള്‍ മാപ്പിളപ്പാട്ടിനെ അതോടൊപ്പം ചേര്‍ത്തു വെയ്ക്കുന്നു. പാട്ട് പാടുക മാത്രമല്ല, പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്ര വഴികളിലൂടെ നടക്കുകയും ചെയ്തു ഈ ഗായകന്‍. ഏഴ് പതിറ്റാണ്ടിന്റെ അനുഭവവും അറിവും ചേര്‍ന്നപ്പോള്‍ നാടിന്റെ ഒരുപാട് നീരുറവകള്‍ ചേര്‍ന്ന മഹാ നദിയാണ് മാപ്പിളപ്പാട്ടെന്ന് വി.എം കുട്ടി തിരിച്ചറിഞ്ഞു. എം.എസ്. ബാബുരാജുമൊത്തുള്ള യാത്രകള്‍ കത്തുപാട്ടുകളുടെ ലോകം, ചിത്രരചനയില്‍ മുഴുകിയ നാളുകകള്‍ എന്നിവയെല്ലാം കുട്ടി ഓര്‍ത്തെടുക്കുന്നു. വി.എം. കുട്ടി. ഈ വഴിത്താരയില്‍, എപ്പിസോഡ് 134.

ഇടവേളകളിലൂടെ മുന്നേറുന്ന ഹരികുമാറിന്റെ സിനിമ ജീവിതം

ഹരികുമാര്‍ എന്ന സംവിധായകന്റെ ജീവിത വഴിത്താരയിലൂടെ കടന്നു പോകുകയാണ് ഈ എപ്പിസോഡില്‍. കുട്ടിക്കാലത്ത് ഏകനായിരുന്ന ഹരികുമാര്‍ തന്റെ ഏകാന്തത വായനയിലൂടെയാണ് പരിഹരിച്ചത്. ഏഴു കിലോമീറ്ററോളം നടന്നാണ് വായനശാലയില്‍ പോയി പുസ്തകങ്ങള്‍ എടുത്തിരുന്നത്. പത്താം ക്ലാസ് കഴിയുമ്പോഴേക്കും ലോക ക്ലാസിക്കുകള്‍ എല്ലാം വായിച്ചു കഴിഞ്ഞിരുന്നു. പ്രീഡിഗ്രി പഠന കാലത്താണ് ഹരികുമാര്‍ സിനിമകള്‍ കണ്ടു തുടങ്ങുന്നത്. തന്റെ ഗ്രാമത്തില്‍ നിന്നും 18 കിലോമീറ്ററോളം നടന്നാലാണ് തീയറ്ററുള്ള പാലോട് എത്താന്‍ കഴിയുക. അക്കാലത്തേ ഉറപ്പിച്ചതാണ് താന്‍ ഒരു സിനിമ സംവിധായകനാകുമെന്നത്. പിന്നീട് തിരുവനന്തപുരത്ത് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായി എത്തിയപ്പോഴാണ് സിനിമയുമായി വളരെ അടുക്കാനായത്. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സിനിമ പ്രദര്‍ശനങ്ങളാണ് തന്നിലെ സിനമാക്കാരനെ തേച്ചു മിനുക്കിയത്. സമാന്തര സിനിമകള്‍ എന്ന വിഭാഗത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതും പിന്നീട് സിനിമയില്‍ സഹ സംവിധായകനായും തന്റെ സിനിമ ജീവിതം തുടങ്ങുന്നതും തിരുവനന്തപുരത്താണ്. ഇടവേളകള്‍ ഉള്ള തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ന്യൂസ് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ഹരികുമാര്‍. ഈ വഴിത്താരയില്‍, എപ്പിസോഡ് 132.

നടനവിജയം തീര്‍ത്ത് വിജയരാഘവന്‍ (ഭാഗം 2)

സാമൂഹ്യമായി നിരവധി വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാനും സമൂഹത്തില്‍ നിലവിലുള്ള കൊള്ളരുതായ്മകള്‍ക്കെതിരെയുള്ള പ്രതിഷേധം ഉയര്‍ത്താനുമാണ് എന്‍.എന്‍.പിള്ള തന്റെ നാടകങ്ങളിലൂടെ ശ്രമിച്ചിരുന്നത്. ഇത്തരം നാടകങ്ങളില്‍ കൊട്ടിഘോഷമില്ലാതെ വിജയരാഘവനും അരങ്ങില്‍ വിസ്മയം സൃഷ്ടിച്ചു. തന്റെ അച്ഛന്‍, വിജയരാഘവന് നാടകങ്ങളുടെ അന്തരാത്മാവിലേക്കുള്ള കവാടം ആയിരുന്നു. ആ വഴികളിലൂടെ സഞ്ചരിച്ച വിജയരാഘവനിലെ നടന്‍ വിസ്മയകരങ്ങളായ കഥാപാത്രങ്ങളായി മാറി. വിജയരാഘവന്റെ നടന വഴിയിലൂടെ ഈ വഴിത്താരയില്‍ രണ്ടാം ഭാഗം. ഈ വഴിത്താരയില്‍, എപ്പിസോഡ് 128.

ജീവിതം അക്ഷരങ്ങള്‍ക്ക് സമര്‍പ്പിച്ച് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ്

സദാ ശ്രീപത്മനാഭനെ വിളിച്ചു ജീവിച്ച ജന്‍മ സുകൃതം. പേരിനോടൊപ്പം കുല ദൈവത്തിന്റെ പേര് കൂട്ടിച്ചേര്‍ത്ത ഇന്ത്യയിലെ ഏക രാജവംശം. തിരുവിതാംകൂറിന്റെ സാമ്രാജ്യം മധ്യ കേരളവും തെക്കന്‍ കേരളവും കടന്ന് കന്യാകുമാരിവരെ വ്യാപിച്ചു കിടക്കുമ്പോഴും ശ്രീപത്മനഭന്റെ സാമിപ്യത്തില്‍ സംതൃപ്തരാവുന്ന രാജകുടുംബം. വീരകേരള പുരുഷനായ മാര്‍ത്താണ്ഡ വര്‍മയും, ധര്‍മരാജയും, കലയുടെ ഭൂപതിയായ സ്വാതിതിരുന്നാളും, സ്വാത്വിക മൂര്‍ത്തിയായ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മയും ചെങ്കോലേന്തിയ തിരുവിതാംകൂറില്‍ കലയും സാഹിത്യവും അറിവും ദേശാഭിമാനവും പരസ്പരം കൈകോര്‍ത്തുനിന്നു. വഞ്ചിസ്വരൂപത്തിന്റെ മണ്ണില്‍ ഭരണം കയ്യാളാന്‍ റാണിമാര്‍ പലരുണ്ടായെങ്കിലും അക്ഷരങ്ങള്‍ക്കും സംസ്‌കാരത്തിനും സ്വയം സമര്‍പ്പിച്ച റാണിയാണ് അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ്. ഈ വഴിത്താരയില്‍ എപ്പിസോഡ് 121.

നാടകാന്തം ഉയരുന്ന തിരശ്ശീല- നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര സംസാരിക്കുന്നു

മലയാളനാടകവേദിയിലെ ഏറ്റവും ശക്തമായ സാന്നിദ്ധ്യങ്ങളിലൊന്നാണ് ഇബ്രാഹിം വെങ്ങര. തന്റെ നാടകങ്ങളിലേതിനേക്കാള്‍ നാടകീയമായ ഒരു ജീവിതത്തിനുടമയാണ് അദ്ദേഹം. 1941 ഓഗസ്റ്റ് ഒന്നിന് ഏഴിമലയുടെ താഴ്‌വരയിലെ വെങ്ങര ഗ്രാമത്തില്‍ ജനിച്ച വെങ്ങരയുടെ ബാല്യം അതികഠിനമായിരുന്നു. പള്ളിയിലെ മുക്രിയായിരുന്ന വാപ്പ സെയ്തംമാടത്ത് ആലിക്കുഞ്ഞി ഇബ്രാഹിമിന് മൂന്ന് വയസ്സുള്ളപ്പോള്‍ മരിച്ചു. പഠനം മൂന്നാം വയസില്‍ നിര്‍ത്തിയ വെങ്ങര ജീവിതത്തിന്റെ സര്‍വ്വകലാശാലയിലാണ് പിന്നീട് പഠിച്ചത്. നാടകമെഴുത്തില്‍ അതുല്യനാവാന്‍ അദ്ദേഹത്തെ സഹായിച്ചതും ആ അനുഭവങ്ങള്‍ തന്നെ. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇബ്രാഹിം ചിരന്തന തിയേറ്റേഴ്‌സിലൂടെ നിരവധി മികച്ച നാടകങ്ങള്‍ സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ... ഈ വഴിത്താരയില്‍, എപ്പിസോഡ് 120.

ടി.കെ. ചാത്തുണ്ണി, കേരളത്തിന്റെ സുവര്‍ണസ്വപ്നം

തകര്‍ക്കാന്‍ കഴിയാത്ത ഉരുക്കുകോട്ടയായി ഇന്ത്യന്‍ കളിക്കളങ്ങളെ തീപിടിപ്പിച്ച ഫുട്‌ബോളര്‍. ചാലക്കുടിക്കാരന്‍ ടി.കെ. ചാത്തുണ്ണി. ഇ.എം.ഇയുടെയും വാസ്‌കോയുടെയും പ്രതിരോധം ഈ ഭടനില്‍ ഭദ്രമായിരുന്നു. അറുപതുകളിലും എഴുപതുകളിലും കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍. കളിക്കളത്തില്‍ ബൂട്ടഴിച്ചുവെച്ചപ്പോള്‍, പരിശീലകന്റെ വേഷത്തില്‍ മോഹിപ്പിക്കുന്ന കിരീടവിജയങ്ങളുടെ കാവല്‍ക്കാരനായി മാറി. എണ്‍പതുകളിലെ കേരളത്തിന്റെ മോഹനസ്വപ്‌നമായിരുന്ന കേരള പോലീസിന്റെയും ഇന്ത്യന്‍ ഫുട്‌ബോളിലെ കിരീടംവെച്ച രാജാക്കന്മാരായ മോഹന്‍ ബഗാന്റെയും ഗോവയിലേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ പറിച്ചുനട്ട സാല്‍ഗോക്കറിന്റെയും പരിശീലകന്‍. ചാത്തുണ്ണി കളിജീവിതം ഓര്‍ത്തെടുക്കുന്നു, കൂടെ കളിച്ചവരെയും പ്രതിരോധിച്ചവരെയും. ഈ വഴിത്താരയില്‍, എപ്പിസോഡ് 118.

ഹൃദയത്തിന്റെ കാവലാളായി ഡോ. ജോസ് പെരിയപ്പുറം

ആയിരക്കണക്കിന് ഹൃയങ്ങളുടെ നഷ്ടതാളം തിരുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഭിഷഗ്വരനാണ് ഡോ. ജോസ് പെരിയപ്പുറം. ശസ്ത്രക്രിയാ മുറികളില്‍ നെഞ്ചത്തു കത്തിവീഴുംമുമ്പ് ഓരോ ഹൃദ്‌രോഗിയും ഈ ഭിഷഗ്വരന്റെ നന്മയാര്‍ന്ന മുഖം കണ്ട് ജീവിതത്തില്‍നിന്ന് ഉറക്കത്തിലേക്കു വീഴുന്നു. മണിക്കൂറുകള്‍ നീളുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചുവരുന്ന ഓരോ രോഗിയും നന്മയുടെ ഈ സൗമ്യമുഖം ദര്‍ശിച്ച് മനസ്സിലെങ്കിലും ഒരായിരം നന്ദി പറയുന്നു. കേരളത്തിലാദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ.ജോസ് തന്നെയാണ് ഇന്ത്യയിലാദ്യമായി മാറ്റിവെച്ച ഹൃദയം വീണ്ടും മാറ്റിവെച്ചം ചരിത്രം സൃഷ്ടിച്ചതും. വൈദ്യശാസ്ത്രരംഗത്തെ അനന്യമായ വിജയങ്ങളുടെ ഉടമ ഡോ. ജോസ് പെരിയപ്പുറം പിന്നിട്ട വഴികള്‍ ഓര്‍ത്തെടുക്കുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 117.

പാണ്ഡവപുരവും കൈമുദ്രയും കടന്ന അടയാളങ്ങള്‍

എഴുത്തിന്റെ രസതന്ത്രത്തില്‍ മറ്റാരും കാണാത്ത ലോകത്തേക്ക് മലയാളിയെ കൊണ്ടു പോയ എഴുത്തുകരനാണ് സേതു. പാണ്ഡവപുരം കടന്ന് കൈമുദ്രകളിലൂടെ സേതുവിന്റെ വിസ്മയലോകം കാലത്തിനു മുമ്പ് സഞ്ചരിക്കുകയാണ്. ചെറിയ കഥകളിലൂടെ വലിയ നോവലുകളിലൂടെ മലയാളി കടന്നുപോയത് സ്വന്തം സ്വപ്‌നങ്ങളിലേക്കും ഓര്‍മ്മകളിലേക്കും. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന, മണ്ണിനെ പ്രണയിക്കുന്ന, സൗഹൃദത്തെ വിലമതിക്കുന്ന കണക്കിന്റെ ലോകത്തു ഔദ്യോഗിക ജീവതം നയിച്ച കഥാകാരന്‍ സേതുവിനു ഇന്നും ജീവിതം ഹരമാണ്. തന്റെ മികച്ച കൃതികളെല്ലാം തിരക്കു പിടിച്ച ഔദ്യോഗിക ജീവിതകാലത്തായിരുന്നു എന്നു പറയുന്നു സേതു. പാഷന്‍ ഉണ്ടെങ്കില്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനു സമയമോ ജോലിയോ തടസ്സമല്ല. ബാങ്കുകാര്‍ക്കിടയില്‍ എഴുത്തുകാരനായും എഴുത്തുകാര്‍ക്കിടയില്‍ ബാങ്കുകാരനായും ജീവിച്ച സേതു തന്റെ എഴുത്തിന്റെ കഥ മാതൃഭൂമി ന്യൂസ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 113.

ഹൃദയത്തില്‍ തീ കെടാതെ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍

ദേശീയതയുടെ പ്രഭാവത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും വിശ്വാസത്തിന്റെ ചുവപ്പന്‍ നക്ഷത്രങ്ങളെ തിരയുകയായിരുന്നു ഡോ. പുതുശ്ശേരി രാമചന്ദ്രന്‍. സമരത്തിന്റെയും മര്‍ദ്ദനങ്ങളുടെയും ദിനങ്ങളില്‍ നിന്നും കവിതയുടെ പാട്ടുകാരനായ ഇദ്ദേഹത്തിന്റെ ഹൃദയത്തില്‍ തീ ഇപ്പോഴും കെട്ടിട്ടില്ല. അവിടെ കനല്‍ മൂടി കിടക്കുന്നത് കവിതയും സമരവുമാണ്. അധ്യാപനത്തിന്റെയും പ്രഭാഷണത്തിന്റെയും ഗവേഷണത്തിന്റെയും ലോകങ്ങള്‍ അവിടെ നീറി പടര്‍ന്നു കിടക്കുന്നു. പുതശ്ശേരി രാമചന്ദ്രന് ജീവിതം സമൂഹത്തിനു വേണ്ടിയുള്ള സമര്‍പ്പണമായിരുന്നു. ആഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യയുടെ പതാക ഉയര്‍ത്തിയത് ഉള്‍പ്പുളകത്തോടെ ഓര്‍മ്മിക്കുന്നു. പുതുപ്പള്ളി രാഘവന്‍ എന്ന അമ്മാവന്‍ തന്നില്‍ ചെലുത്തിയ സ്വാധീനവും തന്റെ വിപ്ലവ ജീവിതവും മാതൃഭൂമി ന്യൂസ് കാഴ്ചക്കാരുമായി പങ്കു വയ്ക്കുന്നു, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍. ഈ വഴിത്താരയില്‍, എപ്പിസോഡ് 112.

കപ്ലിങ്ങാടന്‍ ശൈലിയില്‍ മികവ് പുലര്‍ത്തുന്ന കലാമണ്ഡലം രാജശേഖരന്‍

ചിട്ടയും മനോധര്‍മ്മവും ഒരു പോലെ വിളങ്ങുന്ന കപ്ലിങ്ങാടന്‍ ശൈലിയില്‍ വേഷ ഭംഗി കൊണ്ടും ആട്ടത്തിന്റെ സൂക്ഷമത കൊണ്ടും ശ്രദ്ധേയനാണ് കലാമണ്ഡലം രാജശേഖരന്‍. തെക്കന്‍ കേരളത്തിലെ ശൈലിയാണ് കപ്ലിങ്ങാടന്‍ ശൈലി. രാജശേഖരന്‍ ഇതു വരെ അയ്യാരിരത്തോളം അരങ്ങുകളില്‍ ആടിക്കഴിഞ്ഞു രാജശേഖരന്‍. പന്ത്രണ്ടാം വയസ്സിലായിരുന്നു രാജശേഖരന്‍ കഥകളി പഠിച്ചു തുടങ്ങിയത്. നിരവധി വിദേശരാജ്യങ്ങളിലും രാജശേഖരന്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. 1967 ല്‍ അരങ്ങേറ്റം കുറിച്ചത് സ്ത്രീ വേഷത്തിലായിരുന്നു. തുടര്‍ന്നു നായിക കഥാപാത്രമായി അരങ്ങുകളില്‍ നിറഞ്ഞു നിന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 109.

കഥ നന്നായാല്‍ സിനിമ കാണാന്‍ പ്രേക്ഷകരെത്തും: മോഹന്‍

മലയാള സിനിമയുടെ എഴുപതുകളിലെ അവസാനം അപൂര്‍വ്വ പ്രമേയങ്ങളുമായി വേറിട്ടു നിന്ന സിനിമകള്‍ എടുത്ത സംവിധായകനാണ് മോഹന്‍. കഥകളിയും നാടകവും ഫോട്ടോഗ്രാഫിയുമൊക്കെ ആവേശമായി കൊണ്ടു നടന്നു മോഹന്‍. 1978 ലാണ് ആദ്യമായി സിനിമ സ്വതന്ത്ര സംവിധാനം ചെയ്യുന്നത്. ഇതിനു മുമ്പ് നിരവധി സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ക്രാഫ്റ്റില്‍ വിശ്വസിച്ചിരുന്ന മോഹന്‍ കഥയും തിരക്കഥയും നന്നായാല്‍ സിനിമ കാണാന്‍ പ്രേക്ഷകരെത്തും എന്ന ആശയക്കാരനാണ്. താരങ്ങളെ മുന്നില്‍ കണ്ട് സിനിമ ചെയ്യാത്ത മോഹന്‍, എന്നാല്‍, മോഹന്‍ ലാലിനെ നിശ്ചയിച്ചു ചെയ്ത രണ്ടു സിനിമകളാണ് 'മുഖ'വും 'പക്ഷെ'യും. ഈ വഴിത്താരയില്‍, എപ്പിസോഡ് 108.

കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

പത്മശ്രീ ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ളയുടെ ശിക്ഷ്യനാണ് മടവൂര്‍ വാസുദേവന്‍ നായര്‍. കത്തി വേഷങ്ങളില്‍ ആട്ട വേദികളെ പ്രകമ്പനം കൊള്ളിച്ച ആശാന്റെ അതേ പാടവം ശിക്ഷ്യനായ മടവൂര്‍ വാസുദേവന്‍ നായര്‍ക്കും ഉണ്ടായിരുന്നു. മടവൂര്‍ വാസുദേവന്‍ നായര്‍ ഗുരുകുല വിദ്യാഭ്യാസ രീതിയിലാണ് കഥകളി പഠിച്ചത്. നായിക വേഷങ്ങള്‍ ചെയ്തു തുടങ്ങിയ മടവൂര്‍ പിന്നീട് പച്ച, മിനുക്ക്, കരി, താടി വേഷങ്ങളും ചെയ്തു. കഥകളിയുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മടവൂര്‍ വാസുദേവന്‍ നായരെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പത്താം വയസ്സില്‍ കച്ച കെട്ടിതുടങ്ങിയ ഈ കലാകാരന്‍ എഴുപത്തിയഞ്ചാം വയസ്സിലും ആട്ടയരങ്ങില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 107.

മധുസൂദനന്‍ നായര്‍: ഭാഷയുടെ ഉപാസകനായ കവി

നെയ്യാറിന്റെ ഓളപ്പരപ്പില്‍ നീന്തിതുടിച്ച ഒരു ബാല്യമുണ്ടായിരുന്നു കവി വി. മധുസൂദനന്‍ നായര്‍ക്ക്. അതു മാത്രമല്ല, അമ്മ ഈണത്തില്‍ വായിച്ചു കേള്‍പ്പിക്കുന്ന കഥകളും കവിതകളും മധുസൂദനന്‍ നായരുടെ കുട്ടിക്കാലത്തെ ധന്യമാക്കി. കുട്ടിക്കാലത്തെ കവിതയുടെ വഴിയില്‍ നടന്ന മധുസൂദനന്‍ നായര്‍ മറ്റു കവികളില്‍ നിന്നും വ്യത്യസ്തനായി ഭാവഭംഗിയോടെ ചൊല്ലി. കവിതയെ ജനകീയമാക്കാന്‍ മധുസൂദനന്‍ നായരുടെ ഈണത്തിലുള്ള ചൊല്ലിനു കഴിഞ്ഞു. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളെജിലെ മലയാളം ഭാഷാ അദ്ധ്യാപകനായി വിരമിച്ച ഇദ്ദേഹം മികച്ച ശിക്ഷ്യസമ്പത്തിനുടമയാണ്. കുറച്ചു കാലം പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാഷയുടെ ഉപാസകനായ കവി ദുഃഖത്തിലാണ്. ശ്രേഷ്ഠഭാഷാ പദവിയുണ്ടെങ്കിലും ഭാഷയുടെ ആത്മാവ് കൂടൊഴിയുകയാണെന്ന് ഈ കവി ഭയക്കുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 106.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വല കാത്ത വിക്ടര്‍ മഞ്ഞില

ഇന്ത്യയുടെ ഫുട്‌ബോള്‍ അതിന്റ സുവര്‍ണ്ണകാലഘട്ടമായ എഴുപതുകളില്‍ കടന്നു പോകുമ്പോള്‍ ഇന്ത്യയുടെ വലകാത്ത മികച്ച കളിക്കാരന്‍ ആയിരുന്നു വിക്ടര്‍ മഞ്ഞില. തനിക്കു നേരെ വരുന്ന കളിക്കാരന്‍ അടിക്കാന്‍ പോകുന്ന കിക്കിനെ മുന്‍കൂട്ടി മനസ്സിലാക്കി അതു തടുക്കാന്‍ കഴിഞ്ഞതായിരുന്നു വിക്ടര്‍ മഞ്ഞിലയുടെ കഴിവ്. നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച വിക്ടറിന് ഇന്ത്യയിലെ മുന്തിയ ക്ലബുകളില്‍ നിന്നും ക്ഷണം ലഭിച്ചെങ്കിലും താന്‍ കളിച്ചു കൊണ്ടിരുന്ന കളമശ്ശേരി പ്രീമയര്‍ ടയര്‍ വിട്ടു പോകാന്‍ മനസ്സില്ലാതെ കേരളത്തില്‍ തന്നെ നിന്നു വിക്ടര്‍. ഈ വഴിത്താരയില്‍, എപ്പിസോഡ് 103.

സി.വി. ജേക്കബ് എന്ന കഠിനാദ്ധ്വാനിയുടെ വിജയഗാഥ

സി.വി. ജേക്കബ് എന്ന കഠിനാദ്ധ്വാനിയും വിശ്വാസിയും ആയ സാധാരണക്കാരന്‍ ഉണ്ടാക്കിയെടുത്ത ലോകോത്തര സ്ഥാപനമാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് ലിമിറ്റഡ്. സുഗന്ധവ്യജ്ഞനങ്ങളുടെ സത്ത് ലോകമെങ്ങും എത്തിക്കുന്ന ഈ സ്ഥാപനം എറണാകുളം ജില്ലയിലെ കടയിരുപ്പ് എന്ന ഗ്രാമത്തിലാണ്. ലോകത്തെ ഏറ്റവും വലിയ മൂല്യവര്‍ദ്ധിത സുഗന്ധവ്യജ്ഞന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാക്കി വളര്‍ത്തിയത് സി.വി. ജേക്കബ് എന്ന ഗുരുസ്ഥാനീയന്റെ അഭിപ്രായ-നിര്‍ദ്ദേശങ്ങളിലൂടെയാണ്. 1972ല്‍ ആരംഭിച്ച ഈ സ്ഥാപനം 1980 മുതല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നു. അഞ്ഞൂറിലധികം ഉല്‍പ്പന്നങ്ങളാണ് സിന്തൈറ്റ് ഗ്രൂപ്പ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. തെക്കെ ഇന്ത്യയിലെ ആറോളം പ്ലാന്റുകള്‍ക്കു പുറമേ ചൈനയിലും സിന്തൈറ്റ് ഗ്രൂപ്പിന് ഫാക്ടറിയുണ്ട്. ഈ വഴിത്താരയില്‍, എപ്പിസോഡ് 102.

ചവറ പാറുക്കുട്ടി;കളിയരങ്ങിലെ സ്ത്രീപര്‍വ്വം

കളിവിളക്കിന് മുന്നില്‍ നിറഞ്ഞു കത്തുന്ന മുദ്രകള്‍. അഞ്ചര പതിറ്റാണ്ടായി കഥകളി അരങ്ങിലെ താരതമ്യങ്ങളില്ലാത്ത സ്ത്രീപര്‍വ്വം. സത്പതതിയിലും തുടരുന്ന കലോപാസന. ഈ വിശേഷണങ്ങളുടെ വിളിപ്പേരാണ് ചവറ പാറുക്കുട്ടിയമ്മ. ആടിത്തിമിര്‍ത്ത വേഷങ്ങളില്‍ മിന്നിമറയുന്ന രസഭാവങ്ങള്‍ പോലെ നവരസ ഭാവമായിരുന്നു ആ ജീവിതത്തിന്. പുരുഷാധിപത്യം നിലനിന്നിരുന്ന കളിയരങ്ങിലേക്കുള്ള പാറുക്കുട്ടിയമ്മയുടെ കടന്നുവരവും കുടിയിരിപ്പും കാലത്തിന്റെ കണ്ണില്‍ ചോദ്യ ചിഹ്നമായി. എന്നാല്‍ ഉറച്ച മനസ്സോടെ പാറുക്കുട്ടിയമ്മ അതിനെയെല്ലാം നിഷ്പ്രഭമാക്കി. ഈ വഴിത്താരയില്‍ എപ്പിസോഡ് 99

നന്‍മയുടെ വീടൊരുക്കി ജി. ശങ്കര്‍

മണ്ണിനെയും മനുഷ്യ മനസിനെയും ഒരേ അനുപാതത്തില്‍ കൂട്ടിയെടുത്ത് ഹൃദയം കൊണ്ട് സ്വരുക്കൂട്ടുന്ന നന്‍മയുടെ വാസസ്ഥലങ്ങളാണ് ജി. ശങ്കര്‍ എന്ന വാസ്തു ശില്‍പ്പിക്ക് വീടുകള്‍. കിടക്കാനൊരിടം, ഇരിക്കാനൊരു സ്ഥലം, മാനം കാക്കാന്‍ ഒരു മറ, പ്രകൃതിയുടെ ഈ ഉപാസകന് പാര്‍പ്പിടമെന്നാല്‍ ഇതൊക്കെയാണ്. പരിസ്ഥിതിയുടെ സത്യത്തിലും മാനുഷിക നീതിയിലും അടിത്തറയൊരുക്കി ഭവന നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റിന്റെ ആശയും ആത്മാവുമായ ശങ്കര്‍ താന്‍ വാര്‍ത്തെടുത്ത ജീവിത കൂടാരങ്ങളുടെ നടുമുറ്റങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഈ വഴിത്താരയില്‍ എപ്പിസോഡ് 98.

ദയാബായി സ്വയം ഒരു പ്രസ്ഥാനമാണ്

കുട്ടിയിലേ തന്റെ മനസ്സില്‍ കുടിയേറിയ സേവന തല്‍പ്പരതയാണ് ദയാബായിയെ ഒരു കന്യാസ്ത്രീ ആകാന്‍ ആദ്യം പ്രേരിപ്പിച്ചത്. കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന ദയാബായി അവിടുത്തെ ജീവിതം കണ്ടപ്പോള്‍ നിശ്ചയിച്ചു ഇതല്ല തന്റെ വഴിയെന്ന്. തുടര്‍ന്ന് കോട്ടയത്തെ പാലായില്‍ നിന്നും ദയാബായി പുറപ്പെട്ട യാത്ര ഇന്നു തുടരുകയാണ്. അശരണരെ സഹായിക്കാനായി. ബോംബെയിലെ വൃദ്ധസദനങ്ങളിലും കല്‍ക്കത്തയിലെ യുദ്ധമുന്നണിയില്‍ സൈനികരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിലും ഒടുവില്‍ മധ്യപ്രദേശിലെ ആദിവാസികളുടെ രക്ഷകയായി മാറിയതും ഒക്കെ ചരിത്രം. മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും മിഷനറീസ് ഓഫ് ചാരിറ്റീസിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറമാണ് തന്റെ പ്രവര്‍ത്തന മേഖലയെന്ന് തിരച്ചറിഞ്ഞു ദയാബായ്. ഈ വഴിത്താരയില്‍, എപ്പിസോഡ് 97.

സാഹസിക വഴിത്താരയില്‍ ജെമനി ശങ്കരന്‍

സര്‍ക്കസ് ആനന്ദത്തിന്റെയും ആഹ്ലാദാരവങ്ങളുടെയും കൂടാരമാണ്. ട്രെപ്പീസിന്റെ ഉദ്യേഗം നിറഞ്ഞ കാഴ്ച്ചകള്‍, ഒരു വടിയുടെ മുന്‍പില്‍ അരുമയാകുന്ന കാട്ടുമൃഗങ്ങള്‍, ചായം തേച്ച കോമാളി മുഖങ്ങള്‍, ഒരു തലമുറയെ വിസ്മയിപ്പിക്കുന്ന അഭ്യാസ മുറകള്‍. ഓര്‍മയില്‍ ഈ കാഴ്ച്ചകള്‍ നിറയുമ്പോള്‍ ഏഴ് പതിറ്റാണ്ട് മുന്‍പ് ഈ രംഗത്തെക്ക് സ്വയം എടുത്തുചാടിയ സാഹസികനായ ഒരു മനുഷ്യന്‍ നമ്മോടൊപ്പമുണ്ട്. ഇന്ത്യയുടെ സര്‍ക്കസ് കാലഘട്ടത്തെ ദീപ്തമാക്കിയ ജമനി ശങ്കരന്‍. ഒരു ജനതയെ ആഹ്ലാദിപ്പിക്കുന്നത് നിയോഗമാക്കിയ മലബാറിന്റെ സ്വന്തം ശങ്കരേട്ടന്‍. സാഹസികതയുടെ ലോകത്തേക്ക് എടുത്തു ചാടിയ ജെമനി ശങ്കരന്‍ ഇന്നും ഒരു പ്രതീകമാണ്. സമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഇന്ത്യന്‍ പ്രതീകം. ഈ വഴിത്താരയില്‍, എപ്പിസോഡ് 96.

ഗാന്ധിവഴിയില്‍ വെങ്കട്ടറാവു കല്ല്യാണം

ആധുനിക രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിയാണ് വെങ്കട്ടറാവു കല്ല്യാണമെന്ന വി. കല്ല്യാണം. മഹാത്മാഗാന്ധിയെ അടുത്ത് കാണുകയും അടുത്തറിയുകയും ചെയ്ത ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ അപൂര്‍വ്വം ചിലരില്‍ ഒരാള്‍. മഹാത്മാ ഗാന്ധിയുടെ അവസാന കാലത്ത് പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു വ.ി കല്ല്യാണം. 1944 മുതല്‍ 1948 ജനുവരി 30 വരെയായിരുന്നു പേഴ്‌സണല്‍ സെക്രട്ടറിയായി കല്ല്യാണം പ്രവര്‍ത്തിച്ചത്. തഞ്ചാവൂര്‍ സ്വദേശികളായ എസ്. വെങ്കിട്ടറാവു അയ്യരുടെയും മീന അമ്മാളിന്റെയും മകനായി 1922 ആഗസ്റ്റ് 15 ന് ഹിമാചല്‍ പ്രദേശിലെ സിംലയിലായിരുന്നു ജനനം. ഈ വഴിത്താരയില്‍ എപ്പിസോഡ് 95.

അരുതായ്മകള്‍ക്കെതിരെ പൊരുതുന്ന കല്ലേന്‍ പൊക്കുടന്‍

ജീവിതത്തില്‍ നിന്നും പ്രകൃതിയിലേക്ക് തുറന്ന വാതായനമാണ് കല്ലേന്‍ പൊക്കുടന്റെത്. എഴുതി വച്ചിരിക്കുന്ന പരിസ്ഥിതി സംരക്ഷണരീതികള്‍ പിന്തുടരുന്ന രീതിയല്ല പൊക്കുടന്റെത്. പൊക്കുടന്‍ കണ്ടെടുക്കുന്ന കണ്ടല്‍പ്പാടങ്ങളും കൂട്ടിച്ചേര്‍ക്കുന്ന പ്രകൃതിയുടെ പാടങ്ങളും നമ്മുടെ ആവാസവ്യവസ്ഥ പോലെ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൂടിയാണ്. പ്രകൃതി സംരക്ഷകരായ കണ്ടല്‍ക്കാടുകളെ സംരക്ഷിക്കുന്നതിലൂടെയാണ് വേരുറച്ച വിപ്ലവകാരിയായ പൊക്കുടന്‍ വ്യത്യസ്തനാകുന്നത്. മുതലാളിമാര്‍ക്കും ജന്മിമാര്‍ക്കുമെതിരായുള്ള വിപ്ലവബോധം കുഞ്ഞുന്നാളിലെ പൊക്കുടന്റെ മനസ്സില്‍ തീയായി. അരുതായ്മകള്‍ക്കെതിരെ പൊരുതാന്‍ ജീവിതം പകുത്തു നല്‍കിയ പൊക്കുടന്‍ തന്റെ ജീവിത കഥ പറയുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 94.

പാരമ്പര്യ വഴിയില്‍ ആയുര്‍വേദത്തിന്‍റെ കാവലാളായി നാരയണന്‍ മൂസ്

പാരമ്പര്യത്തിന്റെ കൈപ്പുണ്യവും പുതിയ കാലത്തിന്റെ നൈപുണ്യവും കൂട്ടിക്കലര്‍ന്ന അഷ്ടവൈദ്യ ശാഖയാണ് തൃശൂര്‍ ഒല്ലൂരിനടുത്തുള്ള തൈക്കാട്ട്‌ശ്ശേരിയിലെ എലയിടത്ത് തൈക്കാട്. ഐതീഹ്യ പഴമവരെ എത്തിനില്‍ക്കുന്ന തൈക്കാട്ടെ വൈദ്യ പാരമ്പര്യം അതിന്റെ തനിമയും മഹിമയും ഒട്ടും മായാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന പരമേശ്വരന്‍ മൂസ് മുതലുള്ള ചരിത്രമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മുഖത്തുനോക്കി മരണ സമയം വരെ പ്രവചിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന വൈദ്യ മികവ് അക്കാലത്ത് മരണത്തൈക്കാട് എന്ന പേരിലും അറിയപ്പെട്ടു. ആ ചികിത്സാ പരാമ്പര്യത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ആയുര്‍വേദ വിധികളെ ആധുനിക കാലവുമായി ബന്ധിപ്പിക്കുന്ന അഷ്ട വൈദ്യ പാരമ്പര്യത്തിന്റെ തികവാണ് പത്മഭൂഷന്‍ ഇ.ടി, നാരായണന്‍ മൂസ്. ഈ വഴിത്താരയില്‍ എപ്പിസോഡ് 93.

സ്ഥാനങ്ങളെക്കാള്‍ നിലപാടുകള്‍ക്ക് ഊന്നല്‍ നല്‍കിയ വ്യക്തിത്വം: ജസ്റ്റിസ് കെ.ടി. തോമസ്

സ്വാതന്ത്ര ഇന്ത്യയില്‍ ത്രിവര്‍ണ്ണ പതാക ആദ്യം ഉയര്‍ത്തിയത് മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റുവുമായും മൊറാര്‍ജി ദേശായിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു കെ.ടി.തോമസ്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട് ആദ്യത്തെ സര്‍ക്കാരിനെതിരെ നടന്ന വിമോചന സമരത്തില്‍ പങ്കെടുത്തെങ്കിലും പിന്നീട് അതിനെ തള്ളിപ്പറഞ്ഞു കെ.ടി.തോമസ്. പിന്നീട് അടിയന്തിരാവസ്ഥയ്‌ക്കെതിരെ ശക്തമായി നിലപാടെടുത്തു ഇദ്ദേഹം. സി.എം.എസ് കോളേജിലും സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലും പഠനത്തിനു ശേഷം മദ്രാസ് ലോ കോളേജില്‍ നിന്നും നിയമബിരുദം നേടി. പിന്നീട് കോട്ടയത്ത് വക്കീല്‍ ആയി തന്റെ ഉപജീവനം ആരംഭിച്ച കെ.ടി. തോമസ് സുപ്രീം കോടതി ജഡ്ജി വരെ ആയി. ജസ്റ്റിസ് കെ.ടി.തോമസ്, തന്റെ സംഭവബഹുലമായ ജീവിതം മാതൃഭൂമി ന്യൂസ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 91.

ജീവനും ജീവിതവും നാടകത്തിനു പകര്‍ന്നു നല്‍കിയ നിലമ്പൂര്‍ ആയിഷ

സാമുദായിക വിലക്കുകളും യാഥാസ്ഥിതിക പീഡനങ്ങളും കൊണ്ട് തകര്‍ന്നു പോകുമായിരുന്ന ജീവിതത്തെ അസാധാരണമായ ഇച്ഛാശക്തി കൊണ്ടു നേരിട്ട് വിപ്ലവ നായികയാണ് നിലമ്പൂര്‍ ആയിഷ. സമ്പത്തിന്റെയും തറവാട്ടു മഹിമയുടെയും മടിത്തട്ടില്‍ പിറന്നു വീണതാണ് ആയിഷ. ആഡംബരത്തിന്റെ അത്യുന്നതിയിലായിരുന്നു കുട്ടിക്കാലം. അതിനു ശേഷം ബാപ്പയുടെ മരണത്തോടെ കുടുംബ ക്ഷയിച്ച് പാപ്പരാകുന്ന സ്ഥിതിയിലെത്തി ജീവിതം. തുടര്‍ന്ന് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ കഷ്ടപ്പെട്ട ആയിഷ സഹോദരങ്ങളുമായി പറമ്പില്‍ നിന്നും പറങ്ങയണ്ടി പെറുക്കി വിറ്റു. അമ്പതു പൈസ കിട്ടുമായിരുന്നു. ഇത് കൊണ്ടായിരുന്നു ജീവിതം. ദാരിദ്ര്യം കൂച്ചു വിലങ്ങിട്ടതോടെ പഠനം അഞ്ചാം ക്ലാസില്‍ വഴിമുട്ടി. പതിമൂന്നാം വയസ്സില്‍ വിവാഹിതനായി. 47 കാരനായിരുന്നു കുട്ടിഹസനായിരുന്നു വരന്‍. അഞ്ചു ദിവസം മാത്രമായിരുന്നു ദാമ്പത്യം. തുടര്‍ന്നുണ്ടായ പരിഹാസത്തെ നേരിടാനാകാതെ മരിക്കാന്‍ തീരുമാനിച്ചു ആയിഷ. തുടര്‍ന്ന് അരിക്കച്ചവടം നടത്തി ഉപജീവനത്തിനായി. അതിനു ശേഷമാണ് ജന്മിത്തതിനെതിരെയും സാമൂഹ്യവിപത്തിനെതിരെ പ്രതികരിക്കാന്‍ വേണ്ടി ഇജ്ജ് നല്ലൊരു മനുഷ്യനാകാന്‍ നോക്കൂ എന്ന നാടകത്തില്‍ സ്ത്രീകള്‍ കൂടി കഥാപാത്രമാകണമെന്ന് ആവശ്യപ്പെട്ടത് ഇ.എം.എസ് ആയിരുന്നു. അങ്ങിനെ നാടകക്കാരിയായി. പിന്നീട് നാടകത്തിനു വേണ്ടി ജീവനും ജീവിതവും പകുത്തു നല്‍കി ഈ കലാകാരി. ഇവരുടെ ആത്മപ്രയാണമാണ് ഈവഴിത്താരയില്‍ ഈ എപ്പിസോഡിലൂടെ അവതരിപ്പിക്കുന്നത്. ഈ വഴിത്താരയില്‍, എപ്പിസോഡ് 84.

വേലന്‍ പാട്ടിന്റെ ആശാന്‍ വി.കെ. കൃഷ്ണന്‍

ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും നന്മയുടെ നല്ലവാക്ക് ഒതുകയാണ് പി.കെ.കൃഷ്ണനാശാന്‍. നാടിനും നാട്ടാര്‍ക്കും വീടിനും വീട്ടുകാര്‍ക്കും ദോഷം മാറാനാണ് പറ കൊട്ടി പാടുന്നത്. ഏഴരപ്പതിറ്റാണ്ടായി കൃഷ്ണനാശാന്‍ പറ കൊട്ടി പാടാന്‍ തുടങ്ങിയിട്ട്. ഭക്തിയും വിശ്വാസവും പറകൊട്ടി പാടുന്ന വേലന്‍ പാട്ടിന്റെ വിശുദ്ധി കൃഷ്ണനാശാന്‍ പൈതൃകമായി കാത്തു പോരുകയാണ്. അച്ഛനും അമ്മാവനുമായിരുന്നു ഗുരുക്കന്മാര്‍. അച്ഛനോടൊപ്പം കൂടിയാണ് പന്ത്രണ്ട് വയ്യസ്സായപ്പോ കൃഷ്ണന്‍ വേലന്‍ പാട്ടു പഠിച്ചത്. ഇന്നും ഓണാട്ടുകരയിലെ ഭവനങ്ങള്‍ കൃഷ്ണനാശാന്റെ ഓത്തു പാട്ടിനായി കാത്തു നില്‍ക്കുകയാണ്. ഈ വഴിത്താരയില്‍, എപ്പിസോഡ് 90.

കെ.പി ഉണ്ണികൃഷ്ണന്റെ വേറിട്ട രാഷ്ട്രീയ വഴികള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത അധികാര സ്ഥാനങ്ങളിലേക്ക് അര്‍ഹതകൊണ്ടും അംഗീകാരം കൊണ്ടും കടന്നെത്തിയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് കെ.പി ഉണ്ണികൃഷ്ണന്‍. ഇരിപ്പിടങ്ങള്‍ക്ക് പിന്നാലെ ആര്‍ത്തിയോടെ ഓടി നടക്കുന്ന നേതാക്കള്‍ക്കിടയില്‍ നിന്ന് അകലം പാലിച്ചു ശീലിച്ച നേതാവ്. വാചക കസര്‍ത്തുകളെക്കാള്‍ വായന ശീലമാക്കിയ കോണ്‍ഗ്രസുകാരന്‍. ഒരു കാലത്ത് രാജ്യത്തിന്റെ അധികാര ശ്രേണിയില്‍ അവസാന വാക്കായിരുന്ന പ്രധാനമന്ത്രിമാരുടെയെല്ലാം അടുപ്പക്കാരന്‍. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഇരുപത്തേഴുവര്‍ഷം ലോക്‌സഭാ അംഗമായി ചരിത്രം കുറിച്ച മുന്‍ കേന്ദ്ര മന്ത്രി. കെ.പി ഉണ്ണികൃഷ്ണന്‍. ഈ വഴിത്താരയില്‍ എപ്പിസോഡ് 89

ഈ പൊന്നിന്‍കുടത്തിന് പൊട്ടു വേണോ?

സൂര്യശോഭയുള്ള വലിയ കുങ്കുമപ്പൊട്ട് ലീലാ മേനോന്‍ എന്ന പത്രപ്രവര്‍ത്തക ചരിത്രത്തില്‍ ചാര്‍ത്തിയ തിലകക്കുറിയാണ്. അതിരില്ലാത്ത ആത്മധൈര്യവും ആത്മവിശ്വാസവും. ഉറവിടത്തില്‍ നിന്നു തന്നെ മനുഷ്യജീവിതങ്ങളുടെ ആഴകാഴ്ചകള്‍ കണ്ടെടുക്കാനുള്ള വിശ്രമരഹിതവും സാഹസികവുമായ ജീവിതം. മരണം വിധിച്ച അര്‍ബുധ രോഗത്തില്‍ നിന്നും ഹൃദ്രോഗത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റത് ഇച്ഛാശക്തി ഒന്നു കൊണ്ടു മാത്രം. പത്രപ്രവര്‍ത്തനത്തിലൂടെ നാലു പതിറ്റാണ്ടായി നടത്തുന്ന സ്വന്തമായ അടയാളപ്പെടുത്തലുകള്‍. സീതയെ കാട്ടില്‍ തള്ളിയ ശ്രീരാമന്റെ കഥ കേട്ടു കരഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു ലീലാ മേനോന്. എന്നും സ്ത്രീ പക്ഷ നിലപാടുകള്‍ക്കൊപ്പം നി്ല്‍ക്കുകയും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന സമരമുഖങ്ങളിലെ സഹയാത്രികയാണ് ലീലാ മേനോന്‍. 82 ാം വയസ്സിലും സജീവമായി സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ലീലാ മേനോന്‍ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 88.

സോഷ്യലിസത്തിന് ഒരു കേരള മാതൃക; പി. വിശ്വംഭരന്‍

ആദര്‍ശധീരനായ സോഷ്യലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പാര്‍ലമെന്റേറിയന്‍, സഹകാരി എന്നീ നിലകളില്‍ സ്വന്തമായ ഇടം സ്ഥാപിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയാണ് പി. വിശ്വംഭരന്‍. ഗാന്ധിയന്‍ മൂല്യങ്ങള്‍ നെഞ്ചേറ്റി സ്റ്റേറ്റ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം ആരംഭിച്ചു പി. വിശ്വംഭരന്‍. തുടര്‍ന്ന് ജയപ്രകാശ് നാരായണനും റാം മനോഹര്‍ ലോഹ്യ അടക്കമുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ പുത്തന്‍ ആശയങ്ങളുടെ അഗ്നി പടര്‍ത്തിയപ്പോള്‍ പി.വിശ്വംഭരനും അതില്‍ ഭാഗമായി. സ്വന്തം പറമ്പ് വിറ്റായിരുന്നു പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. നേതാക്കളുടെ വ്യക്തി താല്‍പര്യങ്ങള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് തിരച്ചടിയായെങ്കിലും ഇന്ത്യയുടെ കുതിപ്പിന് ഉത്തമ മാതൃക സോഷ്യലിസം തന്നെയെന്ന് ഉറച്ച് വിശ്വസിക്കുന്നു പി. വിശ്വംഭരന്‍. ഈ വഴിത്താരയില്‍, എപ്പിസോഡ് 86.

മേള കലാനിധി പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ (ഭാഗം 1/2)

കൊച്ചി രാജ്യത്തിന്റെ മേള തലസ്ഥാനമായിരുന്നു തൃശ്ശിവപ്പേരൂരിലെ പെരുവനം ഗ്രാമം. കൊട്ടിപ്പെരുക്കിയവരുടെ പെരുമ പിന്തുടരുന്നവരുടെ നാട്. ശ്രേഷ്ഠന്മാരായ മേള കലാകാരന്മാരുടെ പരമ്പരയിലെ കണ്ണിയാണ് പെരുവനം കുട്ടന്‍ മാരാര്‍. ഇപ്പോള്‍ ഈ സംസകൃതിയുടെ കാവലാളും പ്രയോക്താവുമാണ് കുട്ടന്‍ മാരാര്‍. കുട്ടിക്കാലം മുതല്‍ അച്ഛന്‍ അപ്പു മാരാരോടൊപ്പം ക്ഷേത്രങ്ങളിലെ ചടങ്ങുകളില്‍ പങ്കാളിയായ കുട്ടന്‍ ശംഖ് വിളിച്ചും തായമ്പക കൊട്ടിയും താളങ്ങളുടെയും മേളങ്ങളുടെയും ലോകത്തെത്തി. മുതിര്‍ന്നവര്‍ ചെയ്യുന്നത് കണ്ട് പഠിക്കുകയായിരുന്നു. ചെണ്ടയില്‍ താള വിസ്മയം ഒരുക്കിയ അച്ഛനോടൊപ്പം തന്നെയാണ് കുട്ടന്‍ മാരാരും പ്രധാന മേളത്തില്‍ അണി നിരന്നത്. ഈ വഴിത്താരയില്‍, എപ്പിസോഡ് 84 (ഭാഗം 1/2).

ഗ്രാമീണ ജീവിതകഥകളുടെ കഥാകാരന്‍ - യു.എ. ഖാദര്‍

ചിറ്റഗോങ്ങിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തീരുമായിരുന്ന ബാല്യം. ബര്‍മ്മക്കാരിയില്‍ പിറന്ന കുഞ്ഞായിരുന്ന ഖാദറിനെ രണ്ടാം ലോകയുദ്ധം പുറം തള്ളിയവരുടെ ക്യാമ്പില്‍ ഉപേക്ഷിക്കാതെ കൊയിലാണ്ടിയിലേക്ക് പിതാവ് കൊണ്ടു വന്നു. മലയാളിത്തമില്ലാത്ത കഥകള്‍ വായിച്ചാല്‍ മനസ്സിലാകാത്ത കഥകളാണെന്ന വിമര്‍ശനം ഉണ്ടായിരുന്ന കാലത്താണ് മുലപ്പാലിന്റെ മാധുര്യമില്ലാതെ മലയാളം വശമാക്കിയ ഖാദര്‍ തന്റെ കഥകള്‍ എഴുതി തുടങ്ങിയത്. പഗോഡയുടെയും പന്തലുകളുടെയും നാട്ടില്‍ നിന്നും മാപ്പിള മലയാളത്തിലേക്ക് ഇറങ്ങി വന്നു ഈ കഥാകാരന്‍. അക്ഷരം എന്ന വീട്ടിലിരുന്ന് അക്ഷരങ്ങളുടെ തമ്പുരാന്‍ താന്‍ പിന്നിട്ട വഴികള്‍ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 83.

പി.ടി. ഉഷയെ കണ്ടെത്തിയ ദ്രോണാചാര്യന്‍ ഒ.എം.നമ്പ്യാര്‍

കോഴിക്കോട് പയ്യോളി എന്ന കടക്കല്‍ക്കരയെ പയ്യോളി എക്‌സപ്രസിലൂടെ ലോക കായിക ഭൂപടത്തില്‍ എത്തിച്ചയാളാണ് കോച്ച് ഒ.എം. നമ്പ്യാര്‍. പി.ടി. ഉഷ എന്ന പയ്യോളി എക്‌സപ്രസിനെ ഒളിംബിക്‌സ് വരെ എത്തിച്ചു നമ്പ്യാരുടെ കോച്ചിംഗിലൂടെ. ഉഷയുടെ ചുവടുകള്‍ക്ക് തിരമാലകളുടെ ശക്തിയും ശരവേഗവും പകര്‍ന്ന നമ്പ്യാര്‍ മാഷിനെ ആണ് ഇന്ത്യ പ്രഥമ ദ്രോണാചാര്യ അവാര്‍ഡ് നല്‍കി ആദരിച്ചത്. 1976 ലാണ് നമ്പ്യാര്‍ സാര്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ കായിക പരിശീലകനായി ആണ് തന്റെ ഔദ്യോഗിക ജീവതം ആരംഭിച്ചത്. ഒതോയത്ത് മാധവന്‍ നമ്പ്യാര്‍ തന്റെ ജീവിതത്തിന്റെ ഉയരങ്ങളിലേക്കും വേഗങ്ങളിലേക്കും ദൂരങ്ങളിലേക്കും തിരിഞ്ഞു നോക്കുകയാണ്. ഈ വഴിത്താരയില്‍, എപ്പിസോഡ് 82.

കേരളചരിത്രത്തിന്റെ പെരുന്തച്ഛന്‍ - എം.ജി.എസ്. നാരായണന്‍

സ്‌കൂളില്‍ ചരിത്രം പഠിപ്പിക്കുമ്പോള്‍ അത് വെറുപ്പായിരുന്നു. ചരിത്രം എന്നു പറഞ്ഞു നമ്മുടെ ടെക്സ്റ്റു ബുക്കുകളില്‍ കുറെ കൊല്ലങ്ങള്‍, യുദ്ധങ്ങളുടെ വിവരങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഉണ്ടായിരുന്നത്. അതല്ലാതെ മനുഷ്യന്റെ സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട രേഖപ്പെടുത്തേണ്ടതാണ് ചരിത്രം എന്ന ബോധം അന്നുണ്ടായിരുന്നില്ല. പുസ്തകങ്ങളിലും അതില്ല. പഠിപ്പിക്കുന്നവര്‍ക്കും ആ ബോധം ഉണ്ടായിരുന്നില്ല. കോഴിക്കോട് ബിരുദ പഠനത്തിനെത്തിയതോടെ വിഷയത്തിന് ഗൗരവമേറി. സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാലം. കേളപ്പജിയുമായി സൗഹൃദം. മാതൃഭൂമി ലൈബ്രറിയിലെ പഠനം. തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍. ഇടശ്ശേരിയും, കെ.ദാമോധരനും, എം.ഗോവിന്ദനുമൊക്കെ ശീലിപ്പിച്ച യുക്തിബോധത്തിലായിരുന്നു എം.ജി.എസ്. ഈ വഴിത്താരയില്‍, എപ്പിസോഡ് 79.

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍

പി.ഗോപിനാഥന്‍ നായര്‍ക്ക് മഹാത്മാ ഗാന്ധിജി അനുസ്മരണ ദിനത്തില്‍ മാത്രം ഓര്‍ക്കേണ്ട ഒരാളല്ല. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗന്ധിജിയെ നേരില്‍ കണ്ടതു ഇപ്പോഴും തുടിക്കുന്ന ഓര്‍മ്മ. കൊല്‍ക്കത്തയിലെ ശാന്തി നികേതനില്‍ ആയിരുന്നു ഉപരിപഠനം. അവിടെ വച്ച് ഗാന്ധിജിയെ സന്ദര്‍ശിക്കാന്‍ അവസരം കിട്ടി. അതോടെ ഗാന്ധിജിയുടെ വിശ്വാസപ്രമാണങ്ങള്‍ ജീവവായുവാക്കി പിന്തുടരുകയാണ് പി.ഗോപിനാഥന്‍ നായര്‍. മാറാട് കൊലപാതകം നടന്നപ്പോള്‍ സമാധാന ദൂതനായി സംസ്ഥാന സര്‍ക്കാര്‍ അയച്ചതും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരെ ആയിരുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 78.

ശുദ്ധ രാഷ്ട്രീയത്തിന്റെ വഴിത്താരയില്‍ ഇ ചന്ദ്രശേഖരന്‍ നായര്‍

മലയാളി മനസ്സിലെ സൗമ്യ സാന്നിധ്യമാണ് ഇ ചന്ദ്രശേഖരന്‍ നായര്‍. രാഷ്ട്രീയത്തിന്റെ ശുദ്ധമായ വഴിത്താരകളിലൂടെ മാത്രം സഞ്ചരിച്ച് ജനസേവനത്തിന്റെ ആത്മ സുഗന്ധം പരത്തിയ കമ്മ്യൂണിസ്റ്റ് നേതാവ്. നീതിപൂര്‍വ്വമായ തന്റെ ഭരണ പാടവത്തിലൂടെ സര്‍ക്കാര്‍ പദ്ധതികളുടെ വെണ്‍കൊടികള്‍ മണ്‍കുടിലിലേക്ക് പ്രതിഷ്ഠിച്ച ഭരണകര്‍ത്താവ്. 1928 ല്‍ കൊട്ടാരക്കരയില്‍ ഈശ്വരപ്പിള്ള വക്കീലിന്റെയും മീനാക്ഷി അമ്മയുടെയും മകനായി ജനിച്ച ചന്ദ്രശേഖരന്‍ നായര്‍ക്ക് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് അച്ഛനില്‍ നിന്നായിരുന്നു. തിരുവിതാംകൂര്‍ ഭരണ സംവിധാനത്തിലും തിരുകൊച്ചി അസംബ്ലിയിലും അംഗമായിരുന്നു അച്ഛന്‍ ഈശ്വരപിള്ള. ഈ വഴിത്താരയില്‍ എപ്പിസോഡ് 77

ശ്രേഷ്ഠ സംഗീതത്തിന്റെ ആചാര്യന്‍ പാപ്പുകുട്ടി ഭാഗവതര്‍

മൈക്കിളിന്റെയും അന്നയുടെയും മകനായി 1913 മാര്‍ച്ച് 29 നാണ് സി.എം. പാപ്പുകുട്ടി എന്ന പാപ്പുകുട്ടി ഭാഗവതര്‍ ജനിച്ചത്. ഏഴാം വയസ്സില്‍ വേദമണി എന്ന സംഗീത നാടകത്തില്‍ ബാലനായകനായി പാടി അഭിനയിച്ചു തുടങ്ങി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ പ്രകടനം കണ്ട് നാടകാസ്വാദകര്‍ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. 12ാം വയസ്സില്‍ കര്‍ണ്ണാടക സംഗീതം പഠിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പതിനേഴാം വയസ്സു മുതല്‍ നാടകവും സംഗീതവുമായി ജീവിതം. ആറ്റിങ്ങലില്‍ നാടകം അവതരിപ്പിക്കാനെത്തിയപ്പോള്‍ കാണികള്‍ ഹിന്ദി പാട്ടു പാടണമെന്നാവശ്യപ്പെട്ടു. അപ്പോഴാണ് ആദ്യമായി സോജാ രാജ കുമാരി സ്‌റ്റേജില്‍ പാടിയത്. തുടര്‍ന്നു പതിനായിരത്തിലധികം സ്റ്റേജുകളില്‍ ഈ പാട്ടു പാടി. ജനങ്ങള്‍ സ്‌നേഹത്തോടെ വിളിച്ചു കേരള സൈഗാള്‍. സത്യനും നസീറിനുമൊപ്പം നിരവധി സിനിമകളിലും പാപ്പുകുട്ടി ഭാഗവതര്‍ അഭിനയിച്ചു. പിന്നീട് സംഗീതത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ശ്രേഷ്ഠ സംഗീതത്തിന്റെ ഈ ആചാര്യന് സംഗീതമെന്നത് സന്ദേശം കൂടിയാണ്. ഈ വഴിത്താരയില്‍, എപ്പിസോഡ് 76.

ടി.കെ.എസ് മണി, മലയാളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ദൈവം

മലയാളികളുടെ ഫുട്‌ബോള്‍ ലഹരികളില്‍ ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും കളി ദൈവങ്ങള്‍ കുടിയിരിക്കും മുന്‍പ് മലയാളിക്ക് സ്വന്തമായി ഒരു ഫുട്‌ബോള്‍ ദൈവമുണ്ടായിരുന്നു. ഫുട്‌ബോള്‍ മണിയെന്നും ക്യാപ്റ്റന്‍ മണിയെന്നും വിളിച്ച് കേരളീയര്‍ അഭിമാനത്തോടെ ആഘോഷിച്ച താളിക്കാവ് സുബ്രഹ്മണ്യന്‍ എന്ന ടി.കെ.എസ്. മണി. പുതിയ ദൈവങ്ങളുടെ അവതാര ലീലകളില്‍ മതിമറന്ന മലയാളികള്‍ മണിയെയും മണിയെ പോലുള്ളവരെയും മറന്നു. എന്നാല്‍ കേരളത്തിലെ കാല്‍പന്ത് കളിയുടെ ചരിത്രത്തിലേക്ക് ഹാട്രിക്കോടെ മുന്നേറിയ മണിക്ക് ആ സുവര്‍ണ നിമിഷങ്ങള്‍ മറക്കാനാവില്ല. ഈ വഴിത്താരയില്‍ എപ്പിസോഡ്. 75

ആയുര്‍വേദത്തെ ജനങ്ങളിലെത്തിച്ച ആര്യവൈദ്യന്‍ ഡോ.പി.കെ. വാര്യര്‍

ഒറ്റമുറി വൈദ്യശാലയില്‍ തുടങ്ങി നഗരങ്ങളിലും നാട്ടിടങ്ങളിലും ശാഖകളും ഉപശാഖകളുമായി പടര്‍ന്നു കിടക്കുന്ന കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല എന്ന വടവൃക്ഷത്തിന്റെ പരിപാലകന്‍. ഡോ. പി.കെ.വാര്യര്‍ തന്റെ ജീവിതത്തിന്റെ ഓര്‍മ്മപുസ്തകം തുറക്കുന്നു. ലോകത്തെവിടെ നിന്നും ആയുര്‍വേദത്തിനെ കുറിച്ച് തിരക്കിയാല്‍ കോട്ടയ്ക്കല്‍ വരികയാണ് വേണ്ടത് എന്ന തോന്നല്‍ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആര്യവൈദ്യശാല മാത്രമല്ല, ആര്യസമാജം ഉണ്ടാക്കിയ ചരിത്രവും ഡോ. പി.കെ.വാര്യര്‍ പങ്കുവയ്ക്കുന്നു. ഈ വഴിത്താരയില്‍, എപ്പിസോഡ് 74

കേരളത്തെ സോഫ്റ്റവെയര്‍ രംഗത്തേക്ക് കൈപിടിച്ചു നടത്തിയ ജി. വിജയരാഘവന്‍

ആധുനികതയിലേക്ക് വഴിയറിയാതെ പതറി നിന്ന കേരളത്തിന് പുതിയ ദിശാബോധം നല്‍കിയ സാങ്കേതിക വിദഗ്ധന്‍. തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കിന്റെ ശില്പി. കെ.പി.പി. നമ്പ്യാരുടെ ഈ ശിക്ഷ്യനാണ് കേരളത്തെ സോഫ്റ്റവെയര്‍ രംഗത്തേക്ക് കൈപിടിച്ചു നടത്തിയത്. നിഷ്, ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സ്, ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടങ്ങിയവയുടെ ശില്പി. ഇപ്പോള്‍ സംസ്ഥാന പ്ലാനിംഗ് കമ്മിഷന്‍ അംഗം. കേരളത്തിലെ ടെക്‌നോളജി വ്യവസായം വളര്‍ത്താന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയതെന്നു ജി. വിജയരാഘവന്‍ പറയുന്നു. ഈവഴിത്താരയില്‍, എപ്പിസോഡ് 73

കലാ ജീവിത വഴിത്താരയില്‍ ശിവശങ്കരന്‍

കലയുടെയും ശാസ്ത്രത്തിന്റെയും സൗന്ദര്യ ബോധത്തിന്റെയും ചിന്തയുടെയും ആവിഷ്‌കാരമാണ് ഛായാഗ്രഹണം. കാലത്തെ അടയാളപ്പെടുത്തുന്ന ഈ വിദ്യ അതിന്റെ സൂക്ഷ്മതയില്‍ ഉള്‍ക്കൊണ്ട അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ശിവന്‍ എന്ന ശിവശങ്കരന്‍ നായര്‍. സ്റ്റില്‍ ഫോട്ടോഗ്രാഫിയിലും സിനിമോട്ടോഗ്രാഫിയിലും ഒരുപോലെ തിളങ്ങി ശിവന്‍. ചലച്ചിത്ര നിര്‍മാണത്തിന്റെ സര്‍വ്വ മേഖലകളിലും വ്യാപരിച്ച അപൂര്‍വ്വം കലാകാരന്‍മാരില്‍ ഒരാള്‍. ചിത്രരചനയോടും സംഗീതത്തോടും ആഭിമുഖ്യം പ്രകടിപ്പിച്ച ശിവന്‍ സ്വാഭാവികമായാണ് തീര്‍ത്തും അസ്വാഭാവികമായ ഒരു മേഖലയില്‍ എത്തിപ്പെട്ടത്. ഈ വഴിത്താരയില്‍ എപ്പിസോഡ് 71.

നന്മയുടെ ശാസ്ത്രം കൈമാറുന്ന നീതിബോധത്തിന്റെ അധ്യാപകന്‍

മലയാളിയുടെ ശാസ്ത്രലോകത്തിന് സാമൂഹികതയുടെ തത്വശാസ്ത്രം കൂടി വിളംബരം ചെയ്ത ശാസ്ത്രജീവിതമാണ് ആര്‍.വി.ജി. മേനോന്റേത്. അക്കാദമിക് ലോകത്തെ തിളക്കങ്ങള്‍ക്കപ്പുറത്ത് ശാസ്ത്രം മനുഷ്യന്റെ നിത്യജീവിവത്തെ നിര്‍ണയിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ അധ്യാപകനാണ് അദ്ദേഹം. പരവൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴേ, സംസ്‌കൃത പഠനത്തിലൂടെ എഴുത്തിന്റെ ജീവസുറ്റ സംസ്‌കൃതിയെ തൊട്ടറിഞ്ഞു. ഊര്‍ജമേഖലകള്‍ തേടിയുള്ള പഠനവഴിയില്‍ കാണ്‍പൂര്‍ ഐ.ഐ.ടി. വഴിത്തിരിവായി. പുതുസാധ്യതകളുമായി അമേരിക്കയില്‍ ഉപരിപഠനം. ഭാവിയുടെ ഇരുട്ടാണ് ആണവവെളിച്ചമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ നേടിയ അറിവുകള്‍ നെഞ്ചിലേറ്റി നാട്ടില്‍ കലര്‍പ്പില്ലാത്ത നന്മയുടെ ശാസ്ത്രം തലമുറകളിലേക്ക് കൈമാറുകയാണ് ആര്‍.വി.ജി. മേനോന്‍. ഈ വഴിത്താരയില്‍, എപ്പിസോഡ് 68.

സ്വപ്‌നതുല്യം ജെറിയുടെ മോഹനഗാനങ്ങള്‍

ആത്മാവില്‍ അലിഞ്ഞു ചേരുന്ന ഈണങ്ങളുടെ തമ്പുരാനാണ് ജെറി അമല്‍ദേവ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍നിന്നു തുടങ്ങി മനസ്സിന്റെ അകത്തളങ്ങളില്‍ ഒരിക്കലും അവസാനിക്കാത്ത ഹൃദയസ്പര്‍ശിയായ ഗാനങ്ങളുടെ ഉറവയാണത്. ഹിന്ദുസ്ഥാനി സംഗീത പശ്ചാത്തലം, മഹാസംഗീതജ്ഞന്‍ നൗഷാദിന്റെ ശിഷ്യത്വം, പാശ്ചാത്യ ശാസ്ത്രീയ സംഗീത്തിലെ അറിവ് - സംഗീതത്തിലെ മൂന്ന് നദികള്‍ ഇഴ ചേര്‍ന്നു കിടക്കുമ്പോഴും മലയാളക്കരയുടെ നാടോടിത്തം തുളുമ്പുന്നു, ജെറിയുടെ ഗാനങ്ങളില്‍. ഒന്നിനൊന്നു വ്യത്യസ്തമായ ഈണങ്ങളില്‍ സിനിമയുടെയും കഥാപാത്രത്തിന്റെയും ആത്മാവ് അലിഞ്ഞു ചേരുന്നു. ഒ.എന്‍.വിയുടെയും ബിച്ചു തിരുമലയുടെയും കൈതപ്രത്തിന്റെയും വാക്കുകള്‍ക്കൊപ്പം ആ സംഗീതം ഇതുവരെ അനുഭവിക്കാത്ത ലോകം തുറന്നിടുന്നു. സിനിമയില്‍നിന്നു തുടങ്ങി സിനിമയില്‍ അവസാനിക്കാതെ സംഗീതത്തില്‍ നിശബ്ദമായ കലാപം നടത്തുകയാണ് ജെറിയുടെ പില്‍ക്കാല സംഗീതജീവിതം. ഈ വഴിത്താരയില്‍, എപ്പിസോഡ് 67.

കലയെ കൈവിടാതെ ജീവിതം പടുത്തുയര്‍ത്തി വത്സലാ മേനോന്‍

വത്സലാ മേനോന്റെ ജീവിത വഴിത്താരയില്‍ നിറയുന്നത് നാട്യവും നടനവുമാണ്. കലാ ലോകത്തിന്റെ പടവുകളില്‍ വത്സലാ മേനോന്‍ സാന്നിധ്യമറിയിക്കുന്നത് സ്വന്തം കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും മാത്രമാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം തൃശൂരിലായിരുന്നു. അതുകൊണ്ടുതന്നെ തൃശൂര്‍ എന്നും നല്ല ഓര്‍മകളുടെ ഒരിടമാണ്. വത്സലാ മേനോന്റെ ഉള്ളിലെ കലാകാരിയെ കണ്ടെത്തിയത് അച്ഛനാണ്. നാട്യ വേദിയില്‍ നിന്നും ചെറു പ്രായത്തിലേ വെള്ളിത്തിരയിലേക്ക് വിളിയെത്തി. കുടുംബ ജീവിതത്തിന്റെ തിരക്കിലും നൃത്തത്തെ കൂടെ നിര്‍ത്തി. നൃത്തം അഭ്യസിച്ചതുകൊണ്ടാണ് കലാ ജീവിതത്തില്‍ കാര്യമായി പ്രവര്‍ത്തിക്കാനായതെന്ന് വത്സലാ മേനോന്‍ പറയുന്നു. ഈ വഴിത്താരയില്‍ എപ്പിസോഡ് 66.

പാട്ടെഴുത്തിന്റെ വഴിത്താരയില്‍ ബിച്ചു തിരുമല

എഴുത്തിന്റെ ആകാശത്തെ മഴവില്‍ ശോഭ. അക്ഷരങ്ങളെ സുവര്‍ണ നൂലുകളില്‍ കോര്‍ത്തുവച്ച് ബിച്ചു തിരുമല സൃഷ്ടിച്ച ലോകം സമാനതകളില്ലാത്തതാണ്. ശ്രുതിയില്‍ നിന്നും നാദ ശലഭങ്ങളെ സൃഷ്ടിച്ചവന്റെ ഭാവനയും പദ സമ്പത്തും എഴുത്തിന്റെ പുതുവഴി തീര്‍ത്തു. 416 പടങ്ങളുടെ ഗാന രചനകള്‍ അദ്ദേഹത്തിന് സ്വന്തമാണ്. കൊട്ടാരക്കരയ്ക്ക് അടുത്തുള്ള വേടമലയിലെ ബാല്യകാലമാണ് ഭാവനാ സമ്പന്നമായ കലാ ജീവിതത്തിന് കാഴ്ച്ചകള്‍ ഒരുക്കിയത്. കുഞ്ഞു കൗതുകങ്ങളിലേക്ക് പറന്നുവന്ന കൗതുകങ്ങള്‍ താരാട്ടുപാട്ടുമായി മലയാളിയുടെ തിരുമുറ്റത്തെത്തി. താന്‍ പോലുമറിയാതെയാണ് ഗാനരചിയിതാവ് എന്ന പട്ടം തനിക്ക് ചാര്‍ത്തിക്കിട്ടിയതെന്ന് ബിച്ചു തിരുമല പറഞ്ഞു. ഈ വഴിത്താരയില്‍ എപ്പിസോഡ് 65.

കെ. രവീന്ദ്രന്റെ വേറിട്ട ചലച്ചിത്ര വഴികള്‍

പതിനാല് സിനിമകള്‍. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമായി 18 പുരസ്‌കാരങ്ങള്‍. കെ രവീന്ദ്രന്‍ നായര്‍ എന്ന അച്ചാണി രവി മലയാള സിനിമയക്ക് പുരസ്‌കാരങ്ങള്‍ നേടിത്തരിക മാത്രമല്ല ചെയ്തത്. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളിലും മലയാള സിനിമയുടെ ഭാവുകത്വത്തെ ജനറല്‍ പിച്ചേഴ്‌സിന്റെ സിനിമകള്‍ മാറ്റിമറിച്ചു. സിനിമയോട് അങ്ങേയറ്റം കൂറുള്ള ഒരു നിര്‍മ്മാതാവ് വിചാരിച്ചാല്‍ എത്ര വലിയ മാറ്റം വരുത്താമെന്ന് രവി തെളിയിച്ചു. സാധാരണ സിനിമകള്‍ എടുക്കാന്‍ നിരവധി ആളുകളുണ്ടെന്നും എന്നാല്‍ വ്യത്യസ്തമായ പ്രമേയങ്ങളുള്ള സിനിമകള്‍ എടുക്കാന്‍ ആളുകുറവാണെന്നും രവി പറയുന്നു. അതുകൊണ്ടാണ് വേറിട്ട സിനിമകള്‍ എടുക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വഴിത്താരയില്‍ എപ്പിസോഡ് 64.

പി.കെ. മേദിനി, കനല്‍വഴികളിലെ പാട്ടുകാരി

പി.കെ. മേദിനി എന്ന നാടിന്റെ പാട്ടുകാരിക്ക് വിപ്ലവം സുഖമുള്ള ഓര്‍മ്മകളുടെ വിരുന്നല്ല. യാതനകളുടെയും വേദനകളുടെയും നിത്യ സ്മാരകങ്ങളാണ്. ജന്‍മിത്വത്തിന്റെ കൊടിയ ചൂഷണമനുഭവിച്ച ബാല്യം. ജാതി വ്യവസ്ഥയുടെ എല്ലാ കെടുതികളിലൂടെയും പുലര്‍ന്ന ജീവിതം. 1933 ല്‍ കങ്കാളിയുടെയും പാപ്പിയുടെയും മകള്‍. പി.കെ. മേദിനിക്ക് കുഞ്ഞുന്നാളില്‍ തന്റെ പേരുപോലും പുറത്തുപറയാന്‍ അവകാശമുണ്ടായിരുന്നില്ല. ബാല്യത്തില്‍ ഉയര്‍ന്ന ജാതിയിലുള്ളവര്‍ തന്റെ പേര് പറഞ്ഞ് കളിയാക്കുന്നതും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്്. പാട്ടിന്റെ പേരില്‍ മേദിനിക്ക് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പി.കെ. മേദിനിയുടെ പാട്ടിന്റെ വഴികളിലൂടെ ഈ വഴിത്താരയില്‍. എപ്പിസോഡ് 63

എഴുത്തിന്റെ വഴിത്താരയില്‍ പി വത്സല

മണ്ണില്‍ മുളയ്ക്കുന്ന അക്ഷരങ്ങള്‍. വിത്തില്‍ വേരുറപ്പിക്കുന്ന ആശയങ്ങള്‍. കഥയും ജീവിതവും അതിര്‍ വരമ്പുകളില്ലാതെ പച്ചപ്പാടം പോലെ വളരുകയാണ് പി വത്സലയുടെ രചനകളില്‍. കഥയുടെ കൗതുകങ്ങള്‍ കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. നല്ല വായനക്കാരിയായിരുന്ന അമ്മയാണ് അക്ഷരലോകത്തേക്ക് പുസ്തകം തുറന്നുതന്നത്. അമ്മ വായിച്ചു മടക്കിയ പുസ്തകങ്ങളെല്ലാം ചെറുപ്പത്തിലേ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുക പതിവായിരുന്നു. എഴുത്തിനേക്കാള്‍ പ്രധാനം വായനയാണെന്നും ഉറപ്പിച്ചു പറയുന്നു പി. വത്സല. അച്ഛനാണ് വയനാട്ടിലെ പച്ചയായ ജീവിത ചുറ്റുപാടിലേക്ക് വത്സലയെ വിളിച്ചത്.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം