അവധിക്കാലമായി... കളിച്ചും ചിരിച്ചും പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തും കുട്ടികള്‍ ഉഷാറാകുമ്പോള്‍ യാത്രകളുമാവാം. പ്രകൃതിയോട് കൂട്ടുകൂടാനും ആസ്വദിക്കാനും ചരിത്ര സ്മാരകങ്ങളെ അടുത്തറിയാനും ജില്ലയില്‍ പ്രധാന ഇടങ്ങളുമുണ്ട്. അവയെ നമുക്ക് പരിചയപ്പെടാം

ഫോര്‍ട്ട് കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍

Top 15 Vacation Spots in Kochi

ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചി.  മട്ടാഞ്ചേരിയിലെയും ഫോര്‍ട്ടുകൊച്ചിയിലെയും ചരിത്രം തുടിക്കുന്ന സ്മാരകങ്ങള്‍ കാണാനാണ് കൊച്ചിയിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നത്.  കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്. 

പുരാതന യൂറോപ്യന്‍ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോര്‍ട്ടുകൊച്ചിക്ക്. 'ലിവിങ് മ്യൂസിയം' എന്നാണ് ഫോര്‍ട്ടുകൊച്ചി വിനോദസഞ്ചാര മേഖലയില്‍ അറിയപ്പെടുന്നത്. ഈ ചരിത്രനഗരം നടന്ന് കാണണം. ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി. ഡച്ചുകാരുടെ കാലത്ത് നിര്‍മിച്ച ഡേവിഡ് ഹാള്‍,  ഡച്ച് സെമിത്തേരി, പോര്‍ച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി കടപ്പുറം, കടപ്പുറത്തെ മനോഹരമായ ചീനവലകള്‍,  പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങള്‍, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഗോഡൗണുകള്‍, ജൈന ക്ഷേത്രം ഇതൊക്കെയാണ് കൊച്ചിയിലെ കാഴ്ചകള്‍. 

എറണാകുളത്ത് നിന്ന് 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചിയിലെത്താം. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ബോട്ടു മാര്‍ഗവും കൊച്ചിയിലെത്താം. വിവരങ്ങള്‍ക്ക് ഫോര്‍ട്ടുകൊച്ചി ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഫോണ്‍: 0484 -2216567,  എറണാകുളം: 0484 -2350300.

തട്ടേക്കാട് പക്ഷിസങ്കേതം

Top 15 Vacation Spots in Kochi

രാവിലെയും വൈകീട്ടുമുള്ള പക്ഷി നിരീക്ഷണമാണ് ലോക സഞ്ചാരികളെ ഇവിടേക്ക് മുഖ്യമായി ആകര്‍ഷിച്ചിരുന്നത്. 25 ചതുരശ്ര കി.മീ. കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതാണ് തട്ടേക്കാട് പക്ഷിസങ്കേതം. കുറഞ്ഞ സ്ഥലത്ത് ആറ്‌ വ്യത്യസ്ത ആവാസ വ്യവസ്ഥ തട്ടേക്കാടിന്റെ മാത്രം പ്രത്യേകതയാണ്. ദേശാടന പക്ഷികളേയും മറ്റും ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണിത്.

റോഡിന്റെ രണ്ട് ഭാഗങ്ങളിലായി സങ്കേതത്തിലേക്ക് പ്രവേശിക്കാനുള്ള കവാടമുണ്ട്. വന്യ മനോഹാരിത നിറഞ്ഞ കൂട്ടിക്കലിലേക്ക് തട്ടേക്കാട് നിന്ന് ഗൈഡിന്റെ സഹായത്തോടെ ട്രെക്കിങ്‌ നടത്താം.

ഇടമലയാറും പെരിയാറും ഇഴചേരുന്ന കൂട്ടിക്കല്‍ ഒരു ദ്വീപ് സൗന്ദര്യം നിഴലിക്കുന്ന പ്രദേശമാണ്. വിശ്രമിക്കാന്‍ അനുയോജ്യമായ നിശ്ശബ്ദമായ സ്ഥലമാണ്. 

പക്ഷികളുടെ സമഗ്ര വിവരങ്ങള്‍ (ചിത്രങ്ങള്‍ സഹിതം) അറിയാനുള്ള ഇന്റര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍, ചിത്രശലഭോദ്യാനം, നക്ഷത്ര വനം, മെഡിസിനല്‍ ഗാര്‍ഡന്‍, സിംഹവാലന്‍, രാജവെമ്പാല തുടങ്ങിയ വന്യജീവികളുടെ പുനരധിവാസ കേന്ദ്രം, വര്‍ണ മത്സ്യങ്ങളുള്ള അക്വേറിയം തുടങ്ങിയവ കാഴ്ചയ്ക്ക് വിരുന്നൊരുക്കിയിരിക്കുന്നു. കാട്ടിനുള്ളില്‍ താമസത്തിന് മരത്തിന് മുകളിലുള്ള മൂന്ന് നിലയുള്ള ഏറുമാടം, വ്യൂ ടവര്‍, വാച്ച് ടവര്‍ എന്നിവിടങ്ങളില്‍ ഫാമിലിയായി താമസിക്കാന്‍ സൗകര്യവുമുണ്ട്. താമസത്തിനും പക്ഷി നിരീക്ഷണത്തിനും ബോട്ടുയാത്രയ്ക്കും വനം വകുപ്പിന്റെ പ്രത്യേക പാക്കേജും ലഭ്യമാണ്. കോതമംഗലത്ത് നിന്ന് 13 കി.മീ. ദൂരമാണ് ഉള്ളത്. ഫോണ്‍: 8547603176.

പുതുവൈപ്പ് ലൈറ്റ് ഹൗസും ബീച്ചും

Top 15 Vacation Spots in Kochi

ഹൈക്കോടതി കവലയില്‍ നിന്ന് 6 കിലോമീറ്റര്‍ സഞ്ചരിച്ച് പുതുവൈപ്പ് ലൈറ്റ് ഹൗസിലെത്താം. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും രണ്ട് മുതല്‍ ആറ്് വരെയുമാണ് പ്രവേശനം. ടിക്കറ്റ് നിരക്ക് 20 രൂപ. മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും 10 രൂപ. ലൈറ്റ് ഹൗസിനോട് ചേര്‍ന്ന് വിശാലമായ കടല്‍ത്തീരവുമുണ്ട്.

മുനമ്പം മുസിരിസ് ബീച്ച്

മുനമ്പം അഴിമുഖത്തിന് തെക്ക് ഭാഗത്ത് മുനമ്പത്താണ് മുനമ്പം മുസിരിസ് ബീച്ച്. പുലിമുട്ടില്‍ ടൈലുകള്‍ വിരിച്ച് 200 മീറ്റര്‍ നടപ്പാത നിര്‍മിച്ചിട്ടുണ്ട്. ഈ നടപ്പാതയുടെ വടക്കുവശത്ത് ഇരുന്നുകൊണ്ട് വിനോദസഞ്ചാരികള്‍ക്ക് അഴിമുഖത്ത് ചൂണ്ടയിടാനും കഴിയും. തെക്കുഭാഗത്തെ വിശാലമായ മണല്‍പ്പരപ്പില്‍ നടക്കാനും ഓടിക്കളിക്കാനും കഴിയും. വിദ്യാര്‍ത്ഥികള്‍ വിനോദസഞ്ചാരത്തിനായി ഇവിടെ എത്തുന്നുണ്ട്. എറണാകുളം നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുനമ്പം മുസിരിസ് ബീച്ചിലെത്താം. വൈകീട്ടുള്ള സമയങ്ങളില്‍ വിവിധ തരത്തിലുള്ള രുചിയേറിയ ഭക്ഷണങ്ങളും ഇവിടെ ലഭിക്കും.

Top 15 Vacation Spots in Kochi

മുനമ്പം ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് മുനമ്പം, ചെറായി, കുഴുപ്പിള്ളി ബീച്ചുകളിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയും.

ഹില്‍പ്പാലസ്

പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പുരാവസ്തു മ്യൂസിയം. രത്‌നങ്ങള്‍ പതിച്ച സ്വര്‍ണത്തിന്റെ രാജകിരീടം, വിശേഷപ്പെട്ട ആഭരണങ്ങള്‍, രാജസിംഹാസനം തുടങ്ങി ചരിത്ര പ്രാധാന്യമുള്ളതും ആകര്‍ഷണങ്ങളായതുമായ ഒട്ടേറെ പുരാവസ്തുക്കള്‍ മ്യൂസിയത്തിലെ ഗാലറികളില്‍ കാണാം. വിശാലമായ ഹില്‍പ്പാലസ് അങ്കണത്തില്‍ മാന്‍ പാര്‍ക്ക്, കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക് തുടങ്ങിയവയും ഉണ്ട്. 

Top 15 Vacation Spots in Kochi

എറണാകുളത്തു നിന്ന് വരുന്നവര്‍ക്ക് തൃപ്പൂണിത്തുറ 'എസ്.എന്‍. കവലയില്‍ നിന്ന് ഇരുമ്പനം പുതിയ റോഡ് കവലയിലെത്തി വലത്തോട്ട് തിരിഞ്ഞ് കരിങ്ങാച്ചിറ കവലയിലെത്തി ഇടത്തേക്ക് തിരിഞ്ഞാല്‍ ഹില്‍പ്പാലസ് മ്യൂസിയത്തിലെത്താം. ബസ്സില്‍ എറണാകുളം ഭാഗത്ത് നിന്ന് വരുന്നവര്‍ ചോറ്റാനിക്കര-പിറവം ബസ്സില്‍ കയറണം. അങ്കമാലി, കളമശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സീ പോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡ് വഴി കരിങ്ങാച്ചിറയിലെത്തിയ ശേഷം ഇടത്തേക്ക് തിരിഞ്ഞാല്‍ ഹില്‍പ്പാലസായി. പിറവം, കൂത്താട്ടുകുളം ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൃപ്പൂണിത്തുറ, എറണാകുളം ബസ്സില്‍ കയറിയാല്‍ ഹില്‍പ്പാലസിലെത്താം.

പ്രവേശന ഫീസ് താഴെ പറയും പ്രകാരമാണ്. കുട്ടികള്‍ക്ക് (5നും 12 വയസ്സിനും മധ്യേ) 10 രൂപയുടേയും മുതിര്‍ന്നവര്‍ക്ക് 30 രൂപയുടേയും ടിക്കറ്റെടുക്കണം.  ഫോണ്‍: 0484-278 1113 

ഭൂതത്താന്‍കെട്ട്

Top 15 Vacation Spots in Kochi

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ അവധിക്കാലം െചലവഴിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. വശ്യസുന്ദരമായ കാടും പെരിയാറും മലനിരകളും വന്യജീവികളുടെ സാമീപ്യവും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.

പെരിയാറിന്റെ ഓളപ്പരപ്പുകളിലൂടെ കാടിന്റെ വന്യഭംഗി ആസ്വദിച്ചുള്ള ബോട്ട് യാത്ര ഏറെ ആസ്വാദ്യമാണ്. 12 മുതല്‍ 55 പേര്‍ക്ക് വരെ കയറാവുന്ന ഹൗസ് ബോട്ടുകളും 8 മുതല്‍ 12 പേര്‍ക്ക് വരെ കയറാവുന്ന ഫൈബര്‍ ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ പാര്‍ക്ക്, വ്യൂ ടവര്‍, ഡാം സൈറ്റ്, പഴയ ഭൂതത്താന്‍കെട്ടിലേക്കുള്ള െട്രക്കിങ്, ഡി.ടി.പി.സി. തടാകത്തിലെ പെഡല്‍ ബോട്ടിങ്, കയാക്ക്, പത്ത് ഹട്ട്‌സ്, രണ്ട് ഏറുമാടം, പുഴമീനും കപ്പയും ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടുമായി ഭക്ഷണശാലയും ഇവിടത്തെ പ്രത്യേകതയാണ്. കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി, നേര്യമംഗലം എന്നിവിടങ്ങളിലേക്കാണ് ബോട്ടുയാത്ര. ദൂരത്തിന്റെ വ്യത്യാസം അനുസരിച്ച് ബോട്ട് ചാര്‍ജിലും വ്യത്യാസമുണ്ട്.

രാവിലെ മുതല്‍ രാത്രി വരെ ഒരാള്‍ക്ക് 500 രൂപയുടെ ഫുള്‍ ഡേ പാക്കേജ് സഞ്ചാരികള്‍ക്ക് ആകര്‍ഷണീയമാണ്. മിനിമം 25 അംഗ ഗ്രൂപ്പെങ്കിലും വേണം പാക്കേജിന്. നാലുനേരം ഭക്ഷണം, ക്യാമ്പ് ഫയര്‍, ബോട്ട് യാത്ര, െട്രക്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ വെക്കേഷന്‍ ഓഫറായ പാക്കേജിലുണ്ട്. താമസത്തിന് പെരിയാര്‍വാലി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവും നിരവധി റിസോര്‍ട്ടുകളുമുണ്ട്. എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറ-മൂവാറ്റുപുഴ ദേശീയപാത വഴിയും ആലുവ-പെരുമ്പാവൂര്‍ വഴിയും ഏകദേശം 52 കി.മീ സഞ്ചരിച്ച് കോതമംഗലത്ത് എത്തണം. കോതമംഗലത്ത് നിന്ന് 10 കി.മീ. ആണ് ഭൂതത്താന്‍കെട്ടിലേക്കുള്ള ദൂരം. ഫോണ്‍: 9447872695.

ഞാറയ്ക്കല്‍ അക്വാ ടൂറിസം സെന്റര്‍

എറണാകുളം ഹൈക്കോടതി കവലയില്‍ നിന്ന് വൈപ്പിന്‍ - പള്ളിപ്പുറം സംസ്ഥാന പാതയില്‍ 11 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഞാറയ്ക്കല്‍ ആസ്പത്രി കവലയിലെത്താം. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറേക്ക് പോയാല്‍  മത്സ്യഫെഡിന്റെ സംരംഭമായ അക്വാ ടൂറിസം സെന്ററിലെത്താം. 200 രൂപയാണ് പ്രവേശന ഫീസ്. 4 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 100 രൂപ മതിയാകും. മത്സ്യവിഭവങ്ങള്‍ ചേര്‍ത്തുള്ള ഉച്ചയൂണുള്‍പ്പെടെയാണിത്. പ്രകൃതി സൗന്ദര്യമാസ്വദിച്ച് മീന്‍പിടിത്തവും ബോട്ടിങ്ങും നടത്തി മടങ്ങാം. യാത്രക്കാര്‍ക്ക്  തുഴയാന്‍ കഴിയുന്ന ബോട്ടിങ്ങും ഉണ്ട്. ഫോണ്‍: 2493864. 

കോടനാട് അഭയാരണ്യം

ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കോടനാട് 'ആനക്കളരി' കുറേക്കൂടി വിശാലമായ കാന്‍വാസിലേക്ക് മാറിയതാണ് 'അഭയാരണ്യം'. 


പ്രശാന്തസുന്ദരമായ പെരിയാറിന്റെ തീരത്ത് വനംവകുപ്പ് വിഭാവനം ചെയ്ത മൃഗങ്ങളുടെ ഉദ്യാനമായ 'അഭയാരണ്യ'ത്തിന്റെ വിസ്തൃതി 321 ഏക്കറാണ്. ഒന്നര കിലോമീറ്ററോളം നീളത്തില്‍ പുഴയോരത്തു കൂടിയുള്ള നടപ്പാത, ഔഷധസസ്യത്തോട്ടം, ശലഭോദ്യാനം, ഓര്‍ക്കിഡ് ഗവേഷണ കേന്ദ്രം, രക്തചന്ദന തോട്ടം എന്നിവയാണ് ഇവിടത്തെ ആകര്‍ഷണം. രാവിലെ 8 മുതല്‍ 5 വരെയാണ് പ്രവര്‍ത്തന സമയം. 

Top 15 Vacation Spots in Kochi

തിങ്കളാഴ്ച അവധിയാണ്. ടിക്കറ്റ് നിരക്ക് 20 രൂപ. പെരുമ്പാവൂരില്‍ നിന്ന് കാലടി റോഡിലെ വല്ലം ജങ്ഷനില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഴയ ആനക്കൂട്ടിലെത്താം. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ കപ്രിക്കാടാണ് അഭയാരണ്യം. കോടനാട്ട് നിന്ന് പെരിയാറിന് കുറുകെ നിര്‍മിച്ച പാലം കടന്നെത്തുന്നത് അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിലാണ്.

ഇരിങ്ങോള്‍ വനം  

Top 15 Vacation Spots in Kochi

പെരുമ്പാവൂര്‍ മുനിസിപ്പല്‍ പരിധിയില്‍ 50 ഏക്കറോളം വിസ്തൃതിയുള്ളതാണ് ഇരിങ്ങോള്‍ വനം. നഗരമധ്യത്തില്‍ വന്‍ വൃക്ഷങ്ങളും സസ്യലതാദികളും പക്ഷികളും നിറഞ്ഞ ക്ഷേത്രസങ്കേതം കേരളത്തില്‍ മറ്റൊരിടത്തും ഇല്ലെന്നുതന്നെ പറയാം. പെരുമ്പാവൂര്‍-കോതമംഗലം റൂട്ടില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങോള്‍ വനത്തിലെത്താം.

കല്ലില്‍ ഗുഹാ ക്ഷേത്രം

ശിലാ യുഗത്തോളം ചരിത്രമുള്ള ജൈന ക്ഷേത്രമാണ് കല്ലില്‍ ഗുഹാ ഭഗവതീക്ഷേത്രം. വര്‍ദ്ധമാന മഹാവീരന്‍, മഹാവീര തീര്‍ത്ഥങ്കരന്‍, ഭഗവതി എന്നിവയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍. ഭീമാകാരമായ ശിലയുടെ ചുവട്ടിലാണ് ശ്രീകോവില്‍. പുരാവസ്തു വകുപ്പ് സംരക്ഷിച്ച് വരുന്ന കല്ലില്‍ ക്ഷേത്രത്തില്‍ നിരവധി ഭക്തരും ചരിത്ര വിദ്യാര്‍ത്ഥികളും ടൂറിസ്റ്റുകളും ദിവസവും സന്ദര്‍ശനത്തിനെത്തുന്നു. ആലുവ-കോതമംഗലം റൂട്ടില്‍ കുറുപ്പംപടി ജങ്ഷനില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരെയാണിത്. 

പാണിയേലി പോര്

Top 15 Vacation Spots in Kochi

പെരിയാറില്‍ ചെറു വെള്ളച്ചാട്ടങ്ങളുടെ പറുദീസയാണ് 'പാണിയേലി പോര്'. പുഴയും വനവും കൈകോര്‍ക്കുന്ന, ആരെയും മയക്കുന്ന മനോഹാരിത പോലെ തന്നെ അത്യന്തം അപകടകരവുമാണ് ഇവിടം. പോര് വനസംരക്ഷണ സമിതിയുടെ ഗാര്‍ഡുമാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും സാഹസികത പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ ഇവിടേക്കുള്ള യാത്രയുടെ കഥ മറ്റൊന്നാകും. ആലുവ-മൂന്നാര്‍ റോഡില്‍ കുറുപ്പംപടിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരമാണ് 'പോരി'ലേക്ക്.
 
തണ്ണീര്‍ച്ചാല്‍ പാര്‍ക്ക്

തൃപ്പൂണിത്തുറ നഗരസഭയുടെ കീഴിലുള്ള തണ്ണീര്‍ച്ചാല്‍ പാര്‍ക്കും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. ഇരുമ്പനം പുതിയറോഡ് കവലയില്‍ നിന്ന് അമ്പലമുകള്‍ റിഫൈനറി റോഡിലേക്ക് കടക്കുമ്പോള്‍ത്തന്നെ റോഡരികിലായിട്ടാണ് വിശാലമായ പാര്‍ക്ക്.  തണ്ണീര്‍ച്ചാലിലെ ബോട്ടിങ്ങാണ് പ്രധാന ആകര്‍ഷണം. കിഡ്‌സ് ബോട്ട്, '5 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട്', പെയിന്റ് ബോള്‍, വാട്ടര്‍ റോളര്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആകര്‍ഷകങ്ങളായ ഒട്ടേറെ ഈ പാര്‍ക്കിലുണ്ട്. 20 രൂപയാണ് പ്രവേശന ഫീസ്. ബോട്ടിങ്ങിന് 50 രൂപ. ഫോണ്‍: 9846157575.

കുഴുപ്പിള്ളി ബീച്ച്

ഏതാണ്ട് ഏഴില്‍പ്പരം ഏക്കര്‍ തൂവെള്ള മണലാല്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന കുഴുപ്പിള്ളി ബീച്ചിലെ പച്ചവിരിപ്പിട്ട കാറ്റാടി വൃക്ഷങ്ങളും ഓലക്കുടകളും പ്രകൃതിരമണീയമായ ആസ്വാദനത്തിന് വഴിയൊരുക്കുന്നു. ഇവിടെ അടിസ്ഥാന സൗകര്യത്തിന് ടൂറിസം വകുപ്പും റോട്ടറി ക്ലബ്ബും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എറണാകുളം നഗരത്തില്‍ നിന്നും ഗോശ്രീ വഴി 20 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ പള്ളത്താംകുളങ്ങര ബീച്ച് റോഡ് വഴി കുഴുപ്പിള്ളി ബീച്ചിലെത്താം. 

മാലിപ്പുറം അക്വാ ടൂറിസം സെന്റര്‍

കണ്ടല്‍ക്കാടുകളോട് ചേര്‍ന്ന മീന്‍പാടങ്ങളാണിവിടത്തെ പ്രത്യേകത. എറണാകുളം ഹൈക്കോടതി കവലയില്‍ നിന്ന് വൈപ്പിന്‍ - പള്ളിപ്പുറം സംസ്ഥാന പാതയില്‍ 9 കിലോമീറ്റര്‍ സഞ്ചരിച്ച് മാലിപ്പുറം വളപ്പ് കവലയിലെത്തണം. രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറേക്ക് പോയാല്‍ അക്വാ ടൂറിസം സെന്ററിലെത്താം. ഇതും സര്‍ക്കാര്‍ സംരംഭമാണ്. 

മത്സ്യവിഭവങ്ങള്‍ ചേര്‍ത്തുള്ള ഉച്ചയൂണുള്‍പ്പെടെ 200 രൂപയാണ് പ്രവേശന ഫീസ്. 4 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 100 രൂപ മതിയാകും. സ്പീഡ് ബോട്ടില്‍ മീന്‍പാടങ്ങളിലൂടെയുള്ള യാത്രയില്‍ മീന്‍ തത്തിക്കളിക്കുന്ന മനോഹര കാഴ്ച കാണാം. ഇതിന് പ്രത്യേകമായി 50 രൂപ നല്‍കണം. ഫോണ്‍: 9526041036

ചെറായി ബീച്ച്

Top 15 Vacation Spots in Kochi

ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ച വിനോദ സഞ്ചാര കേന്ദ്രമാണ് ചെറായി ബീച്ച്. ദൈനംദിനം നൂറുകണക്കിന് വിദേശികളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് ഈ ബീച്ച്. കടലില്‍ കുളിക്കാനും കരയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സ്ഥലവും ഒരുക്കിയിട്ടുള്ളതാണ് ഈ ബീച്ച്. ചെറുതും വലുതുമായ ഒട്ടേറെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് സംരക്ഷണക്കായി ലൈഫ് ഗാര്‍ഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ടൂറിസം മേളയും നടത്തിവരുന്നു. എറണാകുളം നഗരത്തില്‍ നിന്നും ഗോശ്രീ വഴി 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെറായി ബീച്ച്‌റോഡ് വഴി ബിച്ചിലെത്താം.