യാത്രകള്‍ എഴുതി ഫലിപ്പിക്കാന്‍ കഴിവുള്ളവര്‍ക്ക് സഞ്ചാരിയും മാതൃഭൂമിയും ചേര്‍ന്ന് നല്‍കുന്ന പോസ്റ്റ് ഓഫ് ദ വീക്ക് അംഗീകാരം സഞ്ചാരി മാതൃഭൂമി പോസ്റ്റ് ഓഫ് ദ വീക്ക് ' ബ്രഹ്മകമലം തേടി ....'


നോന ചേച്ചി കഥ പറഞ്ഞു തുടങ്ങി. ഹിമാലയത്തിലെ പത്തായിരം അടി ഉയരത്തിനു മേലെയുള്ള കാലാവസ്ഥയില്‍ മഞ്ഞു പോലെ വെളുത്ത ബ്രഹ്മകമലം പൂത്തു തുടങ്ങുന്നു. അത് ബ്രഹ്മാവിന്റെ പുഷ്പമാണ്. അതിനു ശേഷം പൂക്കളില്ല. നിലത്ത് പറ്റിച്ചേര്‍ന്ന് വളരുന്ന പുല്ലുകള്‍ മാത്രം. പതിനഞ്ചായിരം അടി ഉയരത്തിനപ്പുറം നീല നിറത്തിലുള്ള ബ്രഹ്മകമലങ്ങളെ കാണാമത്രെ. അതിനു പേര് നീലകമലം .അത് ശിവന്റെ പുഷ്പമാണ്. അതിനു ശേഷം പൂക്കളും പുല്ലുകളും ഒന്നുമില്ല. നരച്ച മഞ്ഞു മാത്രം............... കഥകളില്‍ സൃഷ്ടിയും സ്ഥിതിയും സംഹാരവും തൊട്ടും തൊടാതെയും നില്ക്കുന്നു. ഇവിടെ ലോജിക്കിന് പ്രസക്തിയില്ല. ഇത്തരം കഥകള്‍ ഒരു ഫ്‌ലാറ്റിലിരുന്നോ പാര്‍ക്കിലിരുന്നോ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പരിഹാസച്ചിരി അരിലും കാണുന്നില്ല. ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്ക്കുന്ന ഹിമാലയത്തില്‍ നിന്ന് കേള്‍ക്കുമ്പോള്‍ ഏതു കഥയും രസകരമായി തോന്നുന്നു.

Brahmakamalam 1ഈ യാത്ര ബ്രഹ്മകമലം തേടിയാണ്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പം. ബദരീനാഥ ക്ഷേത്രത്തിലെ പൂജാ പുഷ്പം. ഹിമാലയത്തില്‍ ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഹേമകുണ്ട് സാഹിബിലാണ്. സിഖുകാരുടെ പ്രശസ്തമായ ഒരു ഗുരുദ്വാര ഇവിടെയാണ്. ഗുരു ഗോബിന്ദ് സിംഗ് തപസ്സു ചെയ്തിരുന്ന സ്ഥലം. ഇതിനടുത്തായി മാനസസരോവറിനെ ഓര്‍മിപ്പിക്കുന്ന ഒരു തടാകമുണ്ട്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ് ഐസായി മാറുന്ന ഒരു തടാകം. തടാകക്കരയില്‍ ബ്രഹ്മകമലങ്ങള്‍ പൂത്തു കിടക്കുന്നു.

2017 ആഗസ്ത് 12 ന് കണ്ണൂരില്‍ നിന്ന് തുടങ്ങിയ യാത്ര ഡല്‍ഹിയും ഹരിദ്വാറും ഋഷികേശും പിന്നിട്ട് ഗോവിന്ദ് ഘട്ടില്‍ എത്തിയപ്പോഴേക്കും ദേശീയ പതാക താഴ്ത്തി കെട്ടേണ്ട സമയമായിക്കഴിഞ്ഞിരുന്നു. ഗോവിന്ദ് ഘട്ടില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെയാണ് ഹേമകുണ്ട് സാഹിബ്. ഗോവിന്ദ് ഘട്ടില്‍ നിന്ന് നാലു കിലോമീറ്റര്‍ ജീപ്പ് സര്‍വീസുണ്ട്. അതു കഴിഞ്ഞ് 10 കിലോ മീറ്റര്‍ നടന്നോ കുതിരപ്പുറത്തോ പോയാല്‍ ഗംഗ് റിയയില്‍ എത്താം. ഗാംഗ് റിയയില്‍ നിന്ന് വഴികള്‍ രണ്ടായി പിരിയുന്നു. ഒന്ന് പൂക്കളുടെ താഴ് വരയിലേക്ക്. മറ്റൊന്ന് ഹേമകുണ്ട് സാഹിബിലേക്ക്..

Brahmakamala 6

നാലു കിലോമീറ്റര്‍ മാത്രം നീണ്ട ജീപ്പ് യാത്രയുടെ ഡോറു തുറന്നത് കുതിരക്കാരുടെ ബഹളത്തിലേക്കാണ്. കുറച്ചു നേരത്തെ ചര്‍ച്ചയ്ക്കു ശേഷം ഞങ്ങളുടെ സംഘം നടക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് കുതിരപ്പുറത്ത് പോവാനുള്ള തീരുമാനത്തിലെത്തി. രണ്ട് കുതിരകള്‍ക്ക് ഒരു കുതിരക്കാരന്‍. എന്റെയും കൃഷ്ണ കുമാറിന്റെയും കുതിരക്കാരന്‍ കുതിരകളുടെ പിന്‍ കാലില്‍ വടി വീശി അടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നുണ്ടായിരുന്നു. കൃഷ്ണകുമാര്‍ ചീത്ത പറഞ്ഞപ്പോള്‍ അത് നിന്നു. മൂന്നു മണിക്കൂറുകൊണ്ട് ഞങ്ങള്‍ ഗാംഗ് റിയയില്‍ എത്തി. രണ്ട് ദിവസത്തേക്കുള്ള താമസം ശരിയാക്കി ലഗേജുകള്‍ അവിടെ വെച്ച് ഹേമകുണ്ട് സാഹിബിലേക്ക് നീങ്ങി..

ഗാംഗ് റിയയില്‍ നിന്ന് ഹേമകുണ്ട് സാഹിബിലേക്കുള്ള ആറു കിലോമീറ്റര്‍ അതികഠിനമാണ്. അവസാന ലാപ്പിലെത്തിയപ്പോഴേക്കും മലഞ്ചെരിവുകളില്‍ പൂത്തു കിടക്കുന്ന ബ്രഹ്മകമലങ്ങള്‍ കണ്ടു തുടങ്ങി. വഴിവക്കിലെ പാറമടക്കുകളില്‍ ഹിമാലയന്‍ ബ്ലൂ പോപ്പി. പൂക്കള്‍ നിറഞ്ഞ വഴികളിലൂടെ ഹേമകുണ്ട് സാഹിബിലേക്ക് പ്രവേശിച്ചു. ഗുരുദ്വാരയുടെ മുമ്പില്‍ പരന്നു കിടക്കുന്ന തടാകത്തിന്റെ കാഴ്ച  മഞ്ഞില്‍ നഷ്ടപ്പെട്ടിരിക്കുന്നു. വളരെ പെട്ടെന്ന് മാറുന്ന കാലാവസ്ഥയാണ് ഇവിടെ. ഒരു നിമിഷം കൊണ്ട് മഞ്ഞ് വീണ് എല്ലാം നരച്ച നിറത്തിലാവും. കുറച്ചു കഴിയുമ്പോഴേക്കും മൂടല്‍ മഞ്ഞ് നീങ്ങി തടാകവും ഗുരുദ്വാരയും ലക്ഷ്മണ ക്ഷേത്രവും തെളിഞ്ഞു വരും. കുറെ നേരം തടാകക്കരയില്‍ ഇരുന്നു. അതിനിടയില്‍ തടാകം പല പ്രാവശ്യം മഞ്ഞ് കൊണ്ട് മൂടുകയും പിന്നീട് തെളിയുകയും ചെയ്തു.

Himalayan Blue Poppy

അര്‍ദ്ധാവസരങ്ങളെ പോലും ഉപയോഗപ്പെടുത്തുന്ന ഹണിമൂണ്‍ സമയത്തെ കമിതാക്കളെ പോലെയാണ് തടാകവും മഞ്ഞും. പൂച്ചക്കാലില്‍ വന്ന് ചേര്‍ത്ത് പിടിച്ച്, ഏതോ ഒരു ശബ്ദത്തില്‍ പ്രണയം മുറിഞ്ഞ് അകന്ന് മാറി... വീണ്ടും സാഹചര്യം നോക്കി ഒളിച്ചും പാത്തും വരുന്ന കമിതാക്കളെ പോലെ.... ഗുരു ഗോബിന്ദ് സിംഗ് സിഖുകാരുടെ ആരാധ്യ പുരുഷനായതില്‍ അദ്ഭുതപ്പെടാനില്ല. പൂര്‍ണ്ണ ചന്ദ്രനുള്ള ഒരു രാത്രിയില്‍ ഈ തടാകതീരത്ത് വെറുതെയിരിക്കാന്‍ കഴിഞ്ഞാല്‍ ആരായാലും വിശുദ്ധനായി പോവും... പറയാന്‍ മറന്നു. ഹേമ കുണ്ടില്‍ രാത്രി താമസത്തിന് അനുവാദമില്ല.

Brahmakamala 2

സംഭവബഹുലമായ ഒരു രാത്രിയാണ് ഞങ്ങളുടെ മുന്നിലുള്ളത് എന്നറിയാതെ നാലു മണിയാവുമ്പോഴേക്കും ഞങ്ങള്‍ തിരിച്ചിറങ്ങി. വഴിയില്‍ ഷാജുവേട്ടനെയും അനോനച്ചേച്ചിയെയും കണ്ടു. അവര്‍ രണ്ടു പേരും ഒരു മാളത്തിലേക്ക് നോക്കുകയാണ്. മാളത്തിനുളളില്‍ എലിയെ പോലെയുള്ള ജീവി. മൗണ്ടന്‍ റാബിറ്റാണ്. ഞാന്‍ അടച്ചു വെച്ചിരുന്ന ക്യാമറ ഓണാക്കി. കുറച്ച് ഫോട്ടോസെടുത്തു. അവരും ഞങ്ങളെ പോലെ നടന്നിറങ്ങുകയായിരുന്നു. അനോന ചേച്ചി കഷ്ടപ്പെട്ട് നടക്കുന്നത് കണ്ടപ്പോള്‍ കുതിരപ്പുറത്ത് വരുന്നത് അല്ലേ നല്ലത് എന്ന് ചോദിച്ചു. ഹേമകുണ്ട് വരെ കുതിരപ്പുറത്ത് വന്നത് കൊണ്ട് കാലിന് നീരും വേദനയുമുണ്ട്. അതു കൊണ്ട് കുതിരപ്പുറത്ത് കയറാന്‍ ആവുന്നില്ല. ഞങ്ങള്‍ പതുക്കെ വന്നോളാം. നിങ്ങള്‍ നടന്നോളൂ...... കഴിഞ്ഞ മാസം സ്റ്റേറ്റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തതാണ് ചേച്ചി. 90 കിലോയോളമുള്ള ശരീരഭാരവുമായി അവര്‍ നടന്നു വരുന്നത് കണ്ടപ്പോള്‍ വല്ലാത്തൊരു ആദരവ് തോന്നിപ്പോയി....

Mountain Rabbit

ആറരയായപ്പോഴേക്കും ഞങ്ങള്‍ ഗാംഗ് റിയയിലെ താമസസ്ഥലത്തെത്തി. ഓരോരുത്തരവായി വന്നു കൊണ്ടിരുന്നു. ഏഴു മണിയായപ്പോഴേക്കും അനോന ചേച്ചിയും ഷാജുവേട്ടനും ഒഴികെ എല്ലാവരും എത്തി. മൂസാക്കയുടെ ചൂടുള്ള ഏറനാടന്‍ തമാശകളും സുജിത്ത് മാഷിന്റെ മധുരമുള്ള അധ്യാപക കഥകളും ചായയ്ക്കും ജിലേബിക്കുമൊപ്പം രുചിച്ച് എല്ലാവരും രസിച്ചിരിക്കുകയായിരുന്നു. സുരേന്ദ്രേട്ടനു മാത്രം ചെറിയ ഒരു ഉത്കണ്ഠയുണ്ട്. എട്ടു മണിയായപ്പോഴേക്കും ഇവരെ കാണാത്തതു കൊണ്ട് ഹോട്ടല്‍ ഉടമസ്ഥനോട് പറഞ്ഞ് അന്വേഷണത്തിന് ഏര്‍പ്പാട് ചെയ്തു. ഒന്‍പതു മണിയായപ്പോഴേക്കും അന്വേഷണ സംഘം തിരിച്ചെത്തി. അമ്പലത്തിനടുത്ത് ഒരു ഫാമിലി ഇരിക്കുന്നുണ്ട്. അവര്‍ പെട്ടെന്ന് തന്നെ വരും. അമ്പലം ഹോട്ടലില്‍ നിന്ന് പതിനഞ്ചു മിനിട്ടു മാത്രം ദൂരെയാണ്. അതോടെ എല്ലാവര്‍ക്കും ആശ്വാസമായി.

Brahmakamala 3

അവര്‍ അടുത്തുണ്ട് എന്ന വിശ്വാസത്തിന്‍ ഭക്ഷണവും കഴിച്ചു. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി വഴി തെറ്റി തണുത്ത് വിറങ്ങലിച്ച് മരിച്ചു പോയിരുന്നു എന്ന് ഹോട്ടലുകാരന്‍ പറഞ്ഞു. പത്തു മണിയായിട്ടും അവരെത്തിയില്ല. അതോടെ വീണ്ടും അന്വേഷണത്തിന് ആളെ വിട്ടു. പിന്നീട് കിട്ടിയ വാര്‍ത്ത അത്ര ആശാവഹമായിരുന്നില്ല. അമ്പലത്തിനടുത്ത് ഇരുന്നത് ഇവരല്ല. ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫാമിലിയാണ്. അതോടെ എല്ലാവര്‍ക്കും പരിഭ്രമം.ഹോട്ടല്‍ ഉടമസ്ഥന്‍ അടുത്ത ടീമിനെ അയച്ചു. അവര്‍ ഗാംഗ് റിയയില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ നിന്ന് ഇവരെ കണ്ടെത്തി.രണ്ടു പേരും അവശരായി ഒരു ബെഞ്ചില്‍ കിടക്കുകയായിരുന്നു. മൊബൈല്‍ ബാറ്ററി ഏതാണ്ട് തീരാറായിരിക്കുന്നു. അസഹ്യമായ തണുപ്പും  സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തിലായതിനാലുമുള്ള തീവ്രമായ തലവേദനയും ചേര്‍ന്ന് രണ്ട് പേരെയും ക്ഷീണിപ്പിച്ചിരുന്നു.

Brahmakamala 4

Brahmakamala 5പക്ഷെ രസകരമായ വസ്തുത ഇതല്ല. അതൊരു നിലാവില്ലാത്ത രാത്രിയായിരുന്നു. മലര്‍ന്നു കിടക്കുമ്പോള്‍ ആകാശഗംഗ വ്യക്തമായി കാണാം. കുറച്ചു നേരം രണ്ടു പേരും ആകാശഗംഗയും നോക്കി കിടന്നു.അപ്പോഴാണ് ഒരു നിശാശലഭം പറന്ന് വന്ന് അവരുടെ ബഞ്ചിലിരുന്നത്. ഞങ്ങളുടെ അന്വേഷണ സംഘം ഇവരെ കണ്ടെത്തുമ്പോള്‍ ഇവരുടെ സംസാരം ആകാശഗംഗയെ കുറിച്ചും നിശാശലഭത്തെ കുറിച്ചുമായിരുന്നു. ഒരടി പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍, മൊബൈല്‍ ഫോണ്‍ ഒരു ടോര്‍ച്ചു മാത്രമായി ഉപയോഗിക്കാന്‍ പറ്റുന്ന ഘട്ടത്തില്‍, ആരെങ്കിലും തങ്ങളെ തിരഞ്ഞു വരാതെ ഞങ്ങള്‍ ഈ രാത്രി അതിജീവിക്കില്ല എന്ന സാഹചര്യത്തില്‍. ആകാശഗംഗയും നിശാശലഭവും ആസ്വദിക്കുന്നതിനാണോ ലിവ് ഇന്‍ ദ പ്രസന്റ്‌ എന്ന് പറയുന്നത്.....

പിറ്റേന്ന് രാവിലെ ആറു മണിക്കാണ് പൂക്കളുടെ താഴ് വരയിലേക്കുള്ള യാത്ര.ഗാംഗ് റിയയില്‍ നിന്ന് അഞ്ചു കിലോ മീറ്റര്‍ നടക്കണം വാലിയിലേക്ക്. തലേന്നത്തെ സംഭവബഹുലമായ രാത്രിക്ക് ശേഷം ഇവര്‍ രണ്ടു പേരും റൂമില്‍ വിശ്രമിക്കുകയായിരിക്കും എന്ന എന്റെ ധാരണ തെറ്റി. രണ്ടു പേരും റെഡിയായി വാലിയിലേക്ക് പുറപ്പെടാന്‍ നില്ക്കുകയായിരുന്നു......

പ്രിയപ്പെട്ട സുഹൃത്തേ, എനിക്ക് ചിലപ്പോള്‍ ഒരു കാരണവുമില്ലാതെ ചിലരോട് ഇഷ്ടം തോന്നും.........


റൂട്ട്

ഡല്‍ഹി.... ഹരിദ്വാര്‍... ഋഷികേശ്.... ഗോവിന്ദ് ഘട്ട്..... ഗാംഗ് റിയ..... ഹേമ കുണ്ട് സാഹിബ്....

സീസണ്‍

ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ.