| Mathrubhumi - Sanchari Post Of the Week |

പ്രഷാര്‍ (പരാശര്‍) തടാകത്തിന്റെ ഫോട്ടോകണ്ടപ്പോള്‍ മുതല്‍ ആഗ്രഹിക്കുന്നതാണ് അവിടെ പോകാന്‍. അതും മഞ്ഞുള്ള സമയത്ത്. അതുകൊണ്ടുതന്നെ ചൂടുകാലത്ത് മണാലിയില്‍ പലവട്ടംപോയപ്പോഴും പ്രഷാര്‍ തടാകത്തിലേക്കുള്ള യാത്രമാത്രം നീട്ടിവെച്ചു. പിന്നീട് ജനുവരിമാസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെ എന്റെ മാവ് പൂക്കുന്ന ജനുവരി വന്നെത്തി. എന്തായാലും പോയിട്ടുതന്നെ കാര്യം. ജോലിചെയ്യുന്നിടത്തുനിന്നു കള്ളംപറഞ്ഞ് ലീവ് ഒപ്പിച്ചു. കൂടെ പോരാനുള്ള കൂട്ടുകാരെയും ചട്ടംകെട്ടി. സജി, മുഹമ്മദ് നിസാം, ഷെഫിന്‍ ഇവരാണ് കൂടെയുള്ള കൂട്ടുകാര്‍. അങ്ങനെ ജനുവരി 21 വൈകിട്ട് ഡല്‍ഹിയില്‍ നിന്നും ഷിംലയ്ക്ക് വണ്ടികയറി. 

അന്ന് ഷിംല കണ്ടതിനുശേഷം വൈകിട്ടുതന്നെ മണ്ഡിക്ക് ബസ് പിടിച്ചു. ആറുമണിക്കൂറത്തെ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ പുലര്‍ച്ചെ രണ്ടരയോടെ മണ്ഡി ബസ് സ്റ്റാന്റില്‍ ഇറങ്ങി. തണുപ്പെന്നുപറഞ്ഞാല്‍ പോരാ, കട്ട തണുപ്പ്. ഇട്ടിരിക്കുന്ന രണ്ടും മൂന്നും ജാക്കറ്റിനെ തുളച്ചുകയറുന്ന തണുപ്പ്. ഏതെങ്കിലും ഹോട്ടലില്‍ മുറി എടുത്താലോ എന്നാലോചിച്ചു. പിന്നീട് ചിന്തിച്ചു എന്തിന്? രാവിലെ ആദ്യത്തെ ബസിനുപോകാനുള്ളതാണ്. ഉറങ്ങി പോയാല്‍ പ്ലാനുകള്‍ എല്ലാം തെറ്റും. അതുകൊണ്ട് ബസ്സ്റ്റാന്‍ഡില്‍ തന്നെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 

Prashar lake

അടുത്ത കടയില്‍ നിന്ന് ഒരു പത്രംവാങ്ങി തറയില്‍വിരിച്ചു. ഞങ്ങള്‍ നാലുപേരും അട്ടിയടുക്കിയപോലെ കിടന്നു... ആഹഹാ... ഐസിന്റെ മുകളില്‍ പത്രംവിരിച്ചു കിടക്കുന്നപോലുണ്ട്. ഇതും ഒരു അനുഭവമാണ്. യാത്രകളിലെ മറക്കാന്‍പറ്റാത്ത, സൗഹൃദത്തിന്റെ അനുഭവം. തണുത്തുവിറച്ചിട്ട് കിടക്കാന്‍ വയ്യ. ഇടയ്ക്ക് ഞാന്‍ എന്‍ക്വയറി കൗണ്ടറില്‍ പോയി പ്രഷാര്‍ ക്ഷേത്രത്തിലേക്കുള്ള ബസിന്റെ സമയം തിരക്കിയപ്പോള്‍ എട്ടു മണിക്ക് ആദ്യ ബസ് പുറപ്പെടും എന്നറിയാന്‍ കഴിഞ്ഞു. നേരം വെളുക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍പോയി ഫ്രഷ് ആയിവന്നു. പിന്നീട് എട്ടുമണി ആവുന്നതും നോക്കിയിരിപ്പായിരുന്നു.

ഏഴേമുക്കാല്‍ ആയപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് പോകേണ്ട ബസ് വന്നു. ഞാനും ഷെഫിനും അതിന്റെ ഏറ്റവും മുന്നിലെ സീറ്റില്‍ സ്ഥാനംപിടിച്ചു. വെളിയില്‍ ഭയങ്കര മൂടല്‍മഞ്ഞാണ്. കുറച്ചുസമയത്തിന് ശേഷം ബസ് മുരണ്ടുകൊണ്ട് നീങ്ങിതുടങ്ങി. ബിയാസ് നദിയുടെ ഓരം ചേര്‍ന്നാണ് ബസ് പോകുന്നത്. വണ്ടി ഓരോ സ്റ്റോപ്പില്‍ നിര്‍ത്തുമ്പോഴും സ്‌കൂള്‍ കുട്ടികള്‍ ഇടിച്ചുകയറാന്‍ തുടങ്ങി. കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ഉള്ള എന്റെ എസ്.ടി. യാത്ര അറിയാതെ ഓര്‍മവന്നു. ബസ് കയറ്റംകയറി മുന്നോട്ട് പോകുംതോറും ഇടതുസൈഡിലെ താഴ്‌വാരങ്ങള്‍ക്ക് താഴ്ച്ചകൂടിക്കൊണ്ടേയിരുന്നു.

Prashar lake

കുറേമുന്നോട്ട് ചെന്നപ്പോള്‍ അരിച്ചുവരുന്ന സൂര്യപ്രകാശത്തിന്റെ ചൂടുകൊണ്ടാവാം മൂടല്‍മഞ്ഞ് താഴ്‌വാരങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയ കാഴ്ച്ച കണ്ടുതുടങ്ങി. മഞ്ഞിനെ തുളച്ച് ഉയര്‍ന്നുനില്‍ക്കുന്ന മലനിരകളുടെ ഭംഗി. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പേരറിയാത്ത ഏതോ സ്ഥലത്തുചെന്നപ്പോള്‍ കുട്ടികള്‍ എല്ലാം ഇറങ്ങി. പിന്നീട് കുറെനേരത്തെ യാത്രയ്ക്ക് ശേഷം ബസ് യാത്ര ഗ്രാമത്തിലൂടെയായി. ടാറിങ് പൊട്ടിപൊളിഞ്ഞ, ഒരു ബസിന് പോകാന്‍ മാത്രം വീതിയുള്ള റോഡ്. ഓരോ ഗ്രാമത്തില്‍ എത്തുമ്പോഴും ആളുകള്‍ ഡ്രൈവറെ കൈവീശി കാണിക്കുണ്ട്. റോഡ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍. വീട്ടുമുറ്റത്ത് വെയില്‍ കാഞ്ഞിരിക്കുന്നവര്‍, ചില കടക്കാര്‍ എന്നിങ്ങനെവേണ്ട മിക്ക ആളുകളും ഡ്രൈവറെ കൈവീശികാണിച്ചും മറ്റും സലാംപറയുന്നുണ്ട്. ഈ ഡ്രൈവര്‍ ചേട്ടന്‍ അവിടുത്തെ ഒരുഹീറോതന്നെയാണെന്ന് സംശയം വേണ്ട...

കുറെ ചെന്നപ്പോള്‍ റോഡ് മുറിച്ച് ഒഴുകുന്ന ചെറിയൊരു അരുവി കടന്ന് വലിയ കൊക്കയുടെ മുകളിലൂടെയാണ് ഇപ്പോള്‍ വണ്ടിപോകുന്നത്. ഡ്രൈവര്‍ ചേട്ടന്‍ ആളൊരു ഹീറോ ആണെന്ന് മുന്നോട്ടുള്ള യാത്രയില്‍ നിന്നും എനിക്ക് മനസിലായി. കാരണം വീതികുറഞ്ഞ, കൊക്കയുടെ ഓരംചേര്‍ന്നുള്ള റോഡിലൂടെ കൂളായിട്ടാണ് പുള്ളി ബസ് ഓടിക്കുന്നത്. ചിലയിടങ്ങളില്‍ ഗ്രാമവാസികള്‍ കൈകാണിച്ചു വണ്ടിയില്‍ കയറുന്നുണ്ട്. പക്ഷെ അവരോട് കണ്ടക്റ്റര്‍ പൈസവാങ്ങുന്നത് മാത്രം കണ്ടില്ല. ഇടയ്ക്ക് ഏതോ കടയുടെ മുന്നില്‍ വണ്ടി ചവിട്ടിയിട്ട് ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു, എന്തെങ്കിലും കഴിക്കണം എന്നുള്ളവര്‍ക്ക് ഇവിടെനിന്നും കഴിക്കാം, അതിനുള്ള സമയംഉണ്ട്. ഒന്നും നോക്കിയില്ല. രാവിലെതന്നെ ചോറും റാജ്മയും വയറുനിറയെ തട്ടി. അവിടെനിന്ന് ഏകദേശം അരമണിക്കൂര്‍അടുത്ത യാത്രയ്ക്ക് ശേഷം ഡ്രൈവര്‍ ചേട്ടന്‍ വണ്ടിനിര്‍ത്തിയിട്ട് പറഞ്ഞു, ഇവിടംവരെയേ ഇപ്പോള്‍ വണ്ടിപോകൂ. മുകളില്‍ റോഡ് മുഴുവന്‍ മഞ്ഞുമൂടികിടക്കുവാണ് എല്ലാവരും ഇറങ്ങിയിട്ട് ഇവിടെനിന്നും നടന്നുപോകണം.

Prashar lake

ഇവിടെനിന്ന് മുകളിലേക്ക് ഏകദേശം 6 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്ന് നിങ്ങള്‍ ക്ഷേത്രം കണ്ടതിനുശേഷം അതിനടുത്തുള്ള ഏതെങ്കിലും ഹോട്ടലിലോ മറ്റോ തങ്ങുക. നാളെ ഉച്ചയ്ക്ക് ഒരുമണിക്കു മുമ്പായി ഇവിടെ തിരിച്ചു വരണം. ഒരുമണിക്കാണ് വണ്ടി തിരിച്ചുപോകുന്നത്. ഡ്രൈവര്‍ ചേട്ടന്‍ ഡ്രൈവര്‍മാത്രമല്ല നല്ലൊരു ഗൈഡ് കൂടിയായിമാറി അപ്പോള്‍. മലമുകളിലേക്ക് കൈചൂണ്ടിക്കാട്ടിയ അദ്ദേഹം അതിലേയൊരു വഴിയുണ്ടെന്ന് പറഞ്ഞുതന്നു. കാട്ടിലൂടെയുള്ള എളുപ്പവഴിയാണ്. അതിലെപോയാല്‍ ദൂരം കുറവാണ്. പുള്ളി ചൂണ്ടിയ ഇടം നോക്കി ഞങ്ങള്‍ നടത്തം തുടങ്ങി.

Prashar lake

വാച്ചില്‍ സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ക്ഷേത്രത്തിലേക്ക് പോകാന്‍ ഞങ്ങളെ കൂടാതെ വേറെ മൂന്നുപേര്‍കൂടിയുണ്ടായിരുന്നു ആ ബസില്‍. അവരെയുംപരിചയപ്പെട്ടു. രണ്ടുപേര്‍ ഹരിദ്വാറില്‍നിന്നും മറ്റൊരാള്‍ മധ്യപ്രദേശില്‍ നിന്നും. കാടിന് നടുവിലൂടെ കുത്തനെയുള്ള വഴിയേ ഞങ്ങള്‍ നടത്തം തുടര്‍ന്നു. കുറച്ച് ചെന്നതും പലയിടങ്ങളിലായി മഞ്ഞുവീണുകിടക്കുന്നത് കണ്ടുതുടങ്ങി. കയറ്റംകയറി ചെല്ലുന്തോറും മഞ്ഞിന്റെ കട്ടിയും കൂടിവന്നു. മഞ്ഞില്‍ ചവിട്ടിയുള്ള ഈ നടത്തം അല്‍പം സാഹസികമാണ്. കാരണം മഞ്ഞില്‍ ചവിട്ടുമ്പോള്‍ കാല് തെന്നുന്നുണ്ട്. ശ്രദ്ധിച്ചു കയറ്റം കയറിയില്ലെങ്കില്‍ താഴെചെല്ലും. 

Prashar lake

ഹിന്ദിക്കാര്‍ മൂന്നുപേരും ഞങ്ങളുടെ മന്നേ പായുകയാണ്. കുറേ ചെന്നുകഴിഞ്ഞപ്പോള്‍ മധ്യപ്രദേശുകാരന് കയറ്റംകയറാന്‍ വയ്യാതായി. പുള്ളിയുടെ കൂടെ നടത്തം തുടങ്ങിയവര്‍ പുള്ളിയെ ശ്രദ്ധിക്കാതെ മുന്നില്‍ നടത്തം തുടര്‍ന്നു. ഏറ്റവും പുറകിലായ മധ്യപ്രദേശുകാരന്‍ ഒടുവില്‍ ഞങ്ങളെ സഹായത്തിന് വിളിച്ചു. പിന്നീട് നിരപ്പ് ആകുന്നവരേയ്ക്കും പുള്ളിയെയും വലിച്ചുകയറ്റിയായിരുന്നു നടത്തം. പരിചയം ഇല്ലെങ്കിലും ഒരാളുടെ ബുദ്ധിമുട്ട് കണ്ടില്ലന്നു നടിച്ചുപോകുന്നത് ശരിയല്ലല്ലോ. കുന്നിന്റെ മുകളില്‍ എത്തിയപ്പോള്‍ മഞ്ഞിന്റെ കനം മുട്ടോളം എത്തി. പിന്നീട് മഞ്ഞില്‍ ചാടിയും ഇരുന്നും കിടന്നും മാരക ഫോട്ടോ ഷൂട്ട് നടത്തിയ ശേഷം വീണ്ടും നടത്തം തുടര്‍ന്നു...

Prashar lake

നടത്തത്തിനിടയില്‍ ഒന്ന് വീണു. രണ്ടുവീണു. പിന്നെ ഇടയ്ക്കിടയ്ക്ക് വീണുകൊണ്ടേയിരുന്നു. എന്നാല്‍ അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. എവിടെ നോക്കിയാലും മഞ്ഞ്. പാറകളുടെയും മരത്തിന്റെയും വീടിന്റെയും മുകളില്‍ മഞ്ഞുവീണുകിടക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. കുറേ നടന്നുചെന്നപ്പോള്‍ അതിശൈത്യത്തില്‍ ചത്ത ഒരു മൃഗത്തിന്റെ അവശിഷ്ടം കണ്ടു. പശുവിന്റെയാണോ പോത്തിന്റെയാണോ എന്നറിയില്ല, നായ്ക്കള്‍ തിന്നിട്ട് ബാക്കിയിട്ട അസ്ഥികൂടം കണ്ടു. ഇനിയെങ്ങാനും വല്ല കടുവയോ, പുള്ളിപുലിയോ കാണുമോ അവിടെ?, നിസാം ചോദിച്ചു. ഏയ്... ഇല്ല! അതൊന്നുമില്ല, ഇല്ലായിരിക്കും എന്നെല്ലാം ആശ്വസിച്ചുകൊണ്ട് ഞങ്ങള്‍ യാത്രതുടര്‍ന്നു. 

Prashar lake

നടന്നു ഞങ്ങള്‍ റോഡില്‍ എത്തി. മഞ്ഞുമാറ്റിയാല്‍ റോഡ് കാണാവുന്ന അവസ്ഥയിലാണ്. പക്ഷെ ഫോര്‍ വീല്‍ ഡ്രൈവ് ഒഴികെയുള്ള വാഹനങ്ങള്‍ കയറില്ല. അല്‍പം മുന്നോട്ട് ചെന്നതും രണ്ടുപയ്യന്മാര്‍ ആക്ടീവയില്‍ ഇപ്പോള്‍ വീഴും, വീഴില്ല എന്ന രീതിയില്‍ ഇറങ്ങിവരുന്നു. പുറകില്‍ ഇരിക്കുന്നവന്റെ മുഖഭാവം ഒന്ന് കാണേണ്ടതു തന്നെയാണ്. കുറച്ചുകൂടി ചെന്നപ്പോള്‍ ഒരു കട കണ്ടു. അവിടെ കയറി ഒന്നാന്തരം കട്ടന്‍ചായയും മാഗിയും ഓംലൈറ്റും അടിച്ചു. മഞ്ഞില്‍ ഇങ്ങനെ കട്ടനും അടിച്ചിരിക്കാന്‍ എന്ത് രസമാണെന്നോ...അല്‍പസമയത്തെ വിശ്രമത്തിനു ശേഷം ഞങ്ങള്‍ അവിടെനിന്നു യാത്രയായി.

Prashar lake

മഞ്ഞുകാരണം വഴി ഏതാണെന്ന് മനസിലാകുന്നില്ല. ഞങ്ങള്‍ക്ക് മുന്‍പേ പോയവര്‍ നടന്നുണ്ടായ വഴിനോക്കിയാണ് ഞങ്ങളുടെ നടത്തം. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല. കേദാര്‍നാഥ് പോയപ്പോള്‍ ആണ് എത്രനടന്നാലും ദൂരം കുറയുന്നതിന് പകരം ദൂരം കൂടുന്ന ഒരു സ്ഥലം ഉള്ളതായി തോന്നിയിട്ടുള്ളത്. ഇപ്പോള്‍ വേറൊരു സ്ഥലവും കൂടിയുണ്ടെന്ന് മനസിലായി. നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഷെഫിനും സജിയും പുറകിലും, ഞാനും നിസാമും മുന്‍പിലും ആയിട്ടാണ് നടത്തം. തട്ടത്തില്‍ കാറ്റടിക്കുമ്പോള്‍ പെണ്ണിന്റെ മൊഞ്ച് കൂടിവരുന്നു എന്ന് പറയുന്നതുപോലെ, മുന്‍പോട്ട് ചെല്ലുംതോറും പ്രകൃതിയുടെ മൊഞ്ച് കൂടികൊണ്ടേയിരുന്നു. അതിനിടയില്‍ എവിടെയെങ്കിലും ഒരു കട്ട കവറേജ് കിട്ടിയാല്‍ അപ്പോള്‍ നിസാം ലൈവ് വീഡിയോ തുടങ്ങും. 

Prashar lake

ഇന്നലെ പോയവര്‍ ആണെന്ന് തോന്നുന്നു, ചിലര്‍ ഇറങ്ങിവരുന്നുണ്ട്. പുലിപോലെ പോയവന്‍ എലിപോലെ വന്നു എന്ന ചൊല്ലിനെ ഓര്‍മിപ്പിക്കും വിധത്തില്‍ ആണ് അവരുടെ നടത്തം. സമയം പോയിക്കൊണ്ടേയിരുന്നു. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല. എവിടെച്ചെന്നാലും മലയാളികള്‍ ഉണ്ടാവും എന്ന് പറയുന്നത് വെറുതെയല്ലല്ലോ, പോകുന്ന വഴിക്ക് നാലുപേരെ കണ്ടു.അതില്‍ രണ്ടുമലയാളികള്‍ കൊല്ലം സ്വദേശികള്‍. കുറച്ചുകൂടി നടന്നപ്പോള്‍ ഒരു ചെറിയകുളം തണുത്തുറഞ്ഞ് മഞ്ഞില്‍ മൂടികിടക്കുന്നത് കണ്ടു. ജീവിതത്തില്‍ ആദ്യമായാണ് വെള്ളം ഐസായി കിടക്കുന്നത് നേരിട്ട് കാണുന്നത്. കുറേ മണിക്കൂറുകളുടെ നടത്തിനൊടുവില്‍ ഗസ്റ്റ് ഹൗസ് കാണുവാന്‍ കഴിഞ്ഞു. ഗസ്റ്റ് ഹൗസില്‍ ആളുംപേരും ഒന്നുമില്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്.

Prashar lake

ഇവിടെ നിന്നും ഒരു കിലോമീറ്ററോളം ദൂരമുണ്ട് ഇനി ക്ഷേത്രത്തിലേക്ക്. ഞാനും നിസാമും ആവേശത്തോടെ നടക്കാന്‍ തുടങ്ങി. കല്‍പാളി പാകിയ ഒരു കെട്ടിടംകണ്ടു. അതിന്റെ പിന്നിലായി മഞ്ഞില്‍ പുതച്ച പ്രഷാര്‍ ക്ഷേത്രവും തടാകവും. ആവേശം കൊടുമുടിയോളം. നടന്നുക്ഷീണിച്ചതിനാല്‍ അവിടെ കണ്ട ഒരു കടയില്‍ കയറി കട്ടന്‍ചായ ഓര്‍ഡര്‍ ചെയ്തു. മനസ്സില്‍ കൊണ്ടുനടന്ന സ്ഥലം കണ്‍ മുന്നില്‍ എത്തിയിരിക്കുന്നു. 

Prashar lake

കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭീമന്‍ ഇവിടെ കൈമുട്ടുകൊണ്ട് ഒരു കുഴി കുഴിച്ചു. അതാണ് പ്രഷാര്‍ തടാകം എന്നാണ് വിശ്വാസം. പിന്നീട് പരാശര മഹര്‍ഷി ഈ തടാകക്കരയില്‍ തപസ് ചെയ്‌തെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെയാണ് പരാശര അഥവാ പ്രഷാര്‍ തടാകം എന്ന പേര് ലഭിച്ചത്. ഞാനും നിസാമും ക്ഷേത്രമുറ്റത്തേയ്ക്ക് നടന്നു. മൂന്നുതട്ടായി, കല്‍പാളികളാല്‍ മേഞ്ഞ മനോഹര നിര്‍മിതി. തടാകം ഐസ് ആയി കിടക്കുകയാണ്. ഞങ്ങളെ കണ്ടതും ഒരു ക്ഷേത്രജീവനക്കാരന്‍ ഓര്‍മിപ്പിച്ചു, ക്ഷേത്രത്തിനു മുന്നിലേക്ക് പോകുമ്പോള്‍ ഷൂ ഊരാന്‍ മറക്കരുതെന്ന്. മുട്ടോളമുള്ള മഞ്ഞില്‍ ഷൂ ഊരുക എന്നത് അതിസാഹസികതയാവും എന്നതുകൊണ്ട്, അവിടെനിന്നുകൊണ്ട് ക്ഷേത്രഭംഗി ആസ്വദിച്ചതിനുശേഷം മുന്നില്‍ കണ്ട വലിയ കുന്നിന്റെ മുകളിലേക്ക് കയറാന്‍ തുടങ്ങി. 

Prashar lake

ക്യാമറയുംകഴുത്തില്‍ തൂക്കി, ഒരുകയ്യില്‍ മൊബൈലില്‍ വീഡിയോയും എടുത്തുള്ള നടത്തമാണ് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്. കാരണം നോക്കിനടന്നില്ലെങ്കില്‍ തെന്നിവീഴും. വീണാല്‍ ക്യാമറയ്ക്ക് വല്ലതുംപറ്റുമോ എന്നതായിരുന്നു പേടി. അരയ്ക്കൊപ്പം കനമുള്ള മഞ്ഞിലൂടെയുള്ള ഈ കയറ്റം കുറച്ചേറെ കായിക അധ്വാനമുള്ളതാണ്. കാരണം ചവിട്ടുന്നയിടം ചെളിയില്‍ താണുപോകുന്നതുപോലെ താന്നു പോകും. അങ്ങനെ ഒരുവിധം ആദ്യത്തെ കുന്നിന്റെ മുകളില്‍ കയറിപറ്റി.

Prashar lake

ഷൂസിന്റെ ഉള്ളില്‍ ഐസ് കയറി കാല് മരച്ചുവെന്ന് നിസാം. എന്നോട് നടക്കാന്‍ പറഞ്ഞിട്ട് അല്‍പനേരം വിശ്രമിക്കാനായി ഇരുന്നു. ആ സമയംകൊണ്ട് ഞാന്‍ പയ്യെ കയറ്റംതുടര്‍ന്നു. ഇവിടുന്നങ്ങോട്ട് കുത്തനെയുള്ള കയറ്റമാണ്. നോക്കിനടന്നില്ലെങ്കില്‍ ഉരുണ്ട് താഴെ തടാകത്തില്‍ എത്തും. കുറേനേരം നടന്ന് കുന്നിന്റെ മുകളിലെത്തി. അവിടെ നിന്നു താഴേയ്ക്ക് നോക്കിയപ്പോള്‍ മനസിലായി, ഇപ്പോള്‍ എത്തിപെട്ടത് കുന്നല്ല, ഒരു മലയുടെ മുകളില്‍ ആണെന്ന്. താഴെ തടാകവും ക്ഷേത്രവും ചെറുതായികാണാം. അങ്ങ് സൂര്യന്‍ മറയാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രഭയില്‍ ആകാശവും അതേല്‍ക്കുന്ന മഞ്ഞും ചെറുതായിട്ട് തിളങ്ങുന്നുണ്ട്. മങ്ങിത്തുടങ്ങിയ സൂര്യനെയും മഞ്ഞുപുതച്ച മലനിരകളെയും കുറച്ചുനേരം നോക്കിയിരുന്നു. 

Prashar lake

തണുത്തകാറ്റാണ് സഹിക്കാന്‍ വയ്യാത്തത്. കയ്യും കാലും തണുത്തു മരവിച്ചിരിക്കുന്നു. വിരലുള്ളതായി അറിയാന്‍പോലും പറ്റുന്നില്ല. തണുപ്പ് സഹിച്ചിട്ടായാലും ശരി ഈ സായാഹ്നം ആസ്വദിച്ചിട്ടുതന്നെകാര്യമെന്ന് മനസില്‍ ഉറപ്പിച്ചു. ശക്തമായ കാറ്റില്‍ മലമുകളിലെ മഞ്ഞുപറക്കുന്നുണ്ട്. ആ കാഴ്ച്ച കാണാന്‍ നല്ല ഭംഗിയുണ്ടെങ്കിലും കാറ്റടിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദം അല്‍പം പേടിയുളവാക്കും. കുറച്ചുസമയത്തിന് ശേഷം നിസാമും മുകളിലേക്ക് വന്നു. പിന്നെ ഞങ്ങള്‍ ഫോട്ടോസ് എടുത്തതിനുശേഷം തിരികെ ഇറങ്ങാന്‍ തുടങ്ങി. അപ്പോഴേയ്ക്കും ഇരുട്ട് പരക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒടുവില്‍ നടന്നു ലഗ്ഗേജ് വെച്ച കടയില്‍ എത്തിയപ്പോള്‍ അവിടേയ്ക്ക് സജിയും, ഷെഫിനും എത്തിയിട്ടുണ്ടായിരുന്നു. വീണ്ടും ഓരോ കട്ടന്‍ചായ പാസാക്കി. അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്, രാത്രിയില്‍ തങ്ങാന്‍ മുറിതപ്പുന്ന കാര്യം. പിന്നീട് അതിനുള്ള പരക്കംപാച്ചില്‍ ആയിരുന്നു.

ഞങ്ങളുടെ ഒപ്പം ബസില്‍ വന്നവര്‍ കടയോട് ചേര്‍ന്ന് ടെന്റ് അടിക്കുന്നുണ്ടായിരുന്നു. ഇത് കൊള്ളാം. അവിടെ താമസസൗകര്യം ഉണ്ടായിരുന്ന ഒരു കടയില്‍ ആള് നിറഞ്ഞിരിക്കുന്നു. ഒരിടത്തും റൂം ഇല്ല. ദൈവമേ ഇന്ന് ഞങ്ങള്‍ എസ്‌കിമോകളെപോലെ മഞ്ഞില്‍ കഴിയേണ്ടിവരുമോ. ഞങ്ങള്‍ ചായകുടിച്ച കടക്കാരന്‍ പറഞ്ഞു താഴെ ക്ഷേത്രത്തില്‍ ജോലിചെയ്യുന്നവരോട് സംസാരിച്ചാല്‍ അവര്‍ റൂം തരുമെന്ന്. ഫുഡിന് ഓര്‍ഡര്‍ ചെയ്തിട്ട് ഞാനും നിസാമും അവരോട് റൂമിന്റെ കാര്യം സംസാരിച്ചു. നൂറുരൂപ വാടക. പിന്നെ ഓരോ കമ്പളിപുതപ്പിന് ഇരുപത് രൂപ വാടകയും. റൂം പറഞ്ഞുവെച്ചിട്ട് പോയി ഭക്ഷണം കഴിച്ചുവന്നു. തിരിച്ചുവന്നു റൂം ചോദിച്ചപ്പോള്‍ റൂം തരാന്‍ പുള്ളിക്കൊരു മടി. നിങ്ങള്‍ മദ്യപിക്കുമോ എന്നായിരുന്നു ചോദ്യം. ഇല്ലാ എന്നുപറഞ്ഞിട്ടും അദ്ദേഹത്തിന് വിശ്വാസംപോര. അയാളെ പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങളെപ്പോലെ മുന്‍പ് ചെന്നവരുടെ കയ്യിലിരിപ്പിന്റെ ഗുണം, അല്ലാതെന്ത്. 

Prashar lake

ഇത് ക്ഷേത്രമാണ് അതുകൊണ്ടുതന്നെ ഞങ്ങള്‍ കള്ളംപറയില്ല. ഞങ്ങളുടെ കയ്യില്‍ മദ്യമില്ലന്നും സംശയം ഉണ്ടെങ്കില്‍ ബാഗ് പരിശോധിക്കാമെന്നും പറഞ്ഞു. ഒടുവില്‍ മദ്യപിക്കുകയോ, മൂത്രമൊഴിക്കുകയോ ചെയ്യില്ല എന്ന കണ്ടീഷന്‍മേല്‍ റൂം തരാം എന്നായി. കാരണം നാലുപാടും കുന്ന് ആയതിനാല്‍ ഇവിടെ മൂത്രമൊഴിച്ചാല്‍ അത് മഴയോടൊപ്പം കുളത്തിലേക്ക് ഒഴുകിയെത്തുമെന്നും ഈ വെള്ളമാണ് ക്ഷേത്രത്തിലും മറ്റും ഉപയോഗിക്കുന്നതെന്നും പറഞ്ഞു. അഥവാ മൂത്രമൊഴിക്കണം എന്നുണ്ടെങ്കില്‍ ഈ കുന്നിന് അപ്പുറത്തുപോയി കാര്യം സാധിച്ചുകൊള്ളണം. എന്തായാലും എല്ലാം സമ്മതിച്ച് റൂം എടുത്തു. 

Prashar lake

കല്ലുകള്‍ അടുക്കിയുണ്ടാക്കിയിരിക്കുന്ന നീളന്‍ കെട്ടിടം. അതില്‍ വലിയ പലകകള്‍ നിരത്തി രണ്ടുനിലയായി തിരിച്ചിരിക്കുന്നു. ഈ കെട്ടിടവും ഒരു മനോഹര നിര്‍മിതിതന്നെയാണ്. കൊടുംതണുപ്പായതിനാല്‍ കിടക്കാനുള്ള കമ്പിളി വേഗം പോയി വാങ്ങികൊണ്ടുവന്നു. ഞങ്ങള്‍ പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറി. എന്നാലും ഒരു രക്ഷയുമില്ല. സഹിക്കാന്‍ പറ്റാത്ത തണുപ്പ്. രണ്ടുപാന്റും മൂന്ന് ജാക്കറ്റും,ഗ്ലൗസും നാല് സോക്സും അതിനുമുകളില്‍ കമ്പിളിയും പുതച്ചു. എന്നിട്ടും തണുപ്പിന് ശമനമില്ല. അപ്പോള്‍ വെളിയില്‍ ടെന്റടിച്ചു കിടക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും. കിടന്നിട്ട് ഉറങ്ങാന്‍ പറ്റുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുവിധം നേരം വെളുപ്പിച്ചു...

Prashar lake

രാവിലെ എഴുന്നേറ്റ് എല്ലാം പായ്ക്ക് ചെയ്തു പോകാന്‍ റെഡിയായി. ഒരുമണിക്ക് മുന്‍പായി ഇന്നലെ ബസ് ഇറങ്ങിയ സ്ഥലത്തുചെല്ലണം. ഇല്ലെങ്കില്‍ ബസ് മിസ്സാവും. ഞങ്ങള്‍ രാവിലെ തന്നെ മടക്കയാത്ര ആരംഭിച്ചു. ഇന്നലെ വെയിലുള്ള അന്തരീക്ഷം ആയിരുന്നെങ്കില്‍ ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മഴപെയ്യാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയതും ഞങ്ങളോടൊപ്പം കടയിലെ രണ്ടു നായ്ക്കളും വഴികാട്ടിയെപോലെ മുന്നില്‍ നടത്തംതുടങ്ങി. കറുത്ത, നല്ല നീളമുള്ള രോമത്തോടുകൂടിയ രണ്ടു വില്ലാളിവീരന്മാര്‍. കുറേ ചെന്നപ്പോള്‍ ഞങ്ങളൊന്ന് ചാടിമറിയാന്‍ തീരുമാനിച്ചു. 

Prashar lake

നേഴ്സറി കുട്ടികളെ തോല്‍പിക്കുംവിധം ഞങ്ങള്‍ മഞ്ഞില്‍ ചാടി അര്‍മാദിച്ചു. മസിലുപിടിച്ചു നടന്നിട്ടെന്ത് കാര്യം. വീട്ടില്‍പോയി ഇരുന്നിട്ട്, അന്ന് മഞ്ഞില്‍ ചാടിക്കളിച്ചിരുന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ട് വല്ലകാര്യവും ഉണ്ടോ. അതിനുശേഷം ഞാനും നിസാമും ഒരു റെസിലിങ് ഫൈറ്റും നടത്തി. അല്ലപിന്നെ, ചുമ്മാതാണോ ഇവിടംവരെ വന്നത്. എന്‍ജോയ് ചെയ്തിട്ടുതന്നെ കാര്യം. 

Prashar lake

ഒരുപാട് സമയംകളയാനില്ല. ഒരുമണിക്ക് മുന്‍പായി ബസിന്റെ അടുത്ത് ചെല്ലണം. ഫോട്ടോസ് എടുത്ത് നടക്കുന്നതിനാല്‍ ഞാനും നിസാമും ഏറെ പിന്നിലായിപോയി. കുറേ കഴിഞ്ഞപ്പോള്‍ ശക്തമായി കാറ്റടിക്കാന്‍ തുടങ്ങി. കണ്ടിട്ട് മഴപെയ്യാനുള്ള ലക്ഷണമാണ്. മഴപെയ്താല്‍ നനയുകതന്നെ. കയ്യില്‍ കുടയുമില്ല. മലയുടെ താഴ്വാരത്തും അങ്ങേമലയിലും മഴതകര്‍ത്തുപെയ്യാന്‍ തുടങ്ങി. ഒപ്പം ഞങ്ങളുടെ നടത്തത്തിന്റെ സ്പീഡും കൂടി. പിന്നാലെ ആര്‍ത്തിരമ്പിവരുന്ന മഴയുടെ ശബ്ദം കുറേകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊപ്പമെത്തി. അത് മഴ ആയിരുന്നില്ല. മഞ്ഞുപെയ്യുന്നതായിരുന്നു. ഏതാനും സെക്കന്‍ഡ്‌സു മാത്രമേ നീണ്ടുനിന്നുള്ളൂ എങ്കിലും നല്ലൊരുഅനുഭവം ആയിരുന്നു.

രാവിലെമുതല്‍ ഒന്നും കഴിക്കാതെയുള്ള നടത്തമാണ്. നല്ലവിശപ്പുണ്ട്. ഇന്നലെ വരുന്നവഴിക്ക് കഴിച്ച കടയില്‍ കയറി എന്തെങ്കിലും കഴിക്കണം. ഞങ്ങള്‍ ഷോട്ട് കട്ട് ഇറങ്ങി വേഗം കടയുടെ അടുത്തെത്തി. ചെന്നപ്പോള്‍ ഷെഫിന്‍ ഇരിപ്പുണ്ട് കടയുടെ മുന്നില്‍. കൂടെ വഴികാട്ടിയെപോലെ കൂടെ കൂടിയ പട്ടികുട്ടന്മാരും. ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ഞങ്ങള്‍ അവിടെനിന്നു നടത്തം തുടര്‍ന്നു. ഒരുമണിക്ക് മുന്‍പായി ബസിന്റെ അടുത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ചേട്ടനും കണ്ടക്റ്റര്‍ ചേട്ടനും എല്ലാവരെയും കാത്തുനില്‍പുണ്ടായിരുന്നു. പിന്നെ ഡ്രൈവര്‍ചേട്ടനും ക്ഷേത്രംകാണാന്‍ വന്നവരും ഒരുമിച്ചുനിന്ന് കുറച്ചു ഫോട്ടോസ് എടുത്തതിനുശേഷം അവിടെനിന്നും യാത്രയായി. അങ്ങനെ കാണാന്‍ ആഗ്രഹിച്ച ഒരു ആഗ്രഹം പൂര്‍ത്തിയായതിന്റെ സന്തോഷത്തില്‍ മണാലിയിലേക്ക് യാത്രയായി...