ഴ പെയ്യുന്ന പുലര്‍കാലത്ത് ക്വാലലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു സിറ്റിയിലേക്കുള്ള 30 മിനിട്ട് യാത്രയില്‍ ഒളിഞ്ഞും തെളിഞ്ഞും ഏറ്റവുമധികം പ്രലോഭിപ്പിച്ചത് പെട്രോനാസ് ട്വിന്‍ ടവേര്‍സ് തന്നെയായിരുന്നു. അംബരചുംബികളുടെ, വര്‍ണ്ണ ദീപങ്ങളുടെ, ആഡംബരങ്ങളുടെ നഗരം. ആത്മവിശ്വാസത്തിന്റെ, സൗഹൃദത്തിന്റെ, സ്വാഗതത്തിന്റെ മുഖങ്ങള്‍. ഇത് ശരിക്കും ട്രോപ്പിക്കല്‍ പാരഡൈസ്. മലേഷ്യ, ട്രൂലി ഏഷ്യ...

Petronas Twin Towers Kuala Lumpur, Malaysia

വൃത്തിയും സംസ്‌ക്കാരവും ആതിഥ്യ മര്യാദയുമുള്ള ജനത. അങ്ങേയറ്റം വെടിപ്പായി സൂക്ഷിച്ചിരിക്കുന്ന നിരത്തുകള്‍. കുറ്റമറ്റ ഗതാഗതസംവിധാനങ്ങള്‍. എവിടെ ചെന്നാലും ആരും തിക്കിത്തിരക്കാത്ത നിരകള്‍. സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന മെട്രോ-മോണോ ട്രെയിനുകള്‍.

Petronas Twin Towers Kuala Lumpur, Malaysia

ഏറ്റവും കുറഞ്ഞ നിരക്കില്‍ പഞ്ചനക്ഷത്ര താമസം ലഭ്യമാകുന്ന രാജ്യമാണ് മലേഷ്യ. താജ് വിവാന്തയുടെ, സ്യൂട്ട് റൂമിനോട് കിടപിടിക്കുന്ന മുറികളില്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ താമസസൗകര്യം ലഭിക്കും. എവിടെ നോക്കിയാലും നമ്മെ വിളിക്കുന്ന ഇരട്ട ഗോപുരങ്ങള്‍.

മഴമാറി തെളിഞ്ഞ ആ വൈകുന്നേരം നക്ഷത്ര ദീപങ്ങളില്‍ കുളിച്ച പെട്രോനാസ് ടവേര്‍സ് കണ്‍കുളിര്‍ക്കെ കണ്ടു. എണ്‍പത്തിയെട്ടു നിലകള്‍. ആകാശത്തേക്ക് തുറക്കുന്ന മുപ്പത്തിരണ്ടായിരം ജാലകങ്ങള്‍. 41 ഉം 42 ഉം നിലകളെ ബന്ധിപ്പിച്ചുള്ള ആകാശപ്പാലം. ഗ്ലാസും ഉരുക്കും യഥേഷ്ടം ഉപയോഗിച്ചുള്ള അദ്ഭുത നിര്‍മ്മിതി. 'Entrapment ' -ല്‍ ഷോണ്‍ കോണെറിയും കാതെറീന്‍ സീറ്റ ജോണ്‍സും ലോകശ്രദ്ധയിലേക്ക് എത്തിച്ച ഇരട്ടഗോപുരങ്ങള്‍.

മജസ്റ്റിക് ടവറുകളില്‍ മികച്ച വൈറ്റല്‍ സ്റ്റാറ്റിറ്റിക്സ് ഉള്ള ഐശ്വര്യ റായി തന്നെയാണ് പെട്രോനാസ്. അര്‍ജെന്റീന - അമേരിക്കന്‍ ആര്‍ക്കിറ്റെക്റ്റ് ആയ സീസര്‍ പെല്ലിയുടെ ആദ്യ ഡിസൈന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഒരു മലേഷ്യന്‍ ലുക്കില്ലാത്തതിനാല്‍ തള്ളിക്കളഞ്ഞത്രേ. പിന്നീട് ഇസ്ലാമിക് സിംബലായ റബ്- അല്‍ -ഹിസാബിന്റെ മാതൃകയിലാണ് സീസര്‍ പെല്ലി ടവര്‍ റീഡിസൈന്‍ ചെയ്തത്. എട്ടു കോണുകളുള്ള നക്ഷത്ര മാതൃക.

Petronas Twin Towers Kuala Lumpur, Malaysia

ഡെഡ് ലൈന്‍ ആയി മുന്നിലുള്ളത് വെറും ആറ് വര്‍ഷങ്ങള്‍. രണ്ട് കണ്‍സോര്‍ഷ്യങ്ങള്‍വേണ്ടി വന്നു പണി ഏറ്റെടുത്തു പൂര്‍ത്തിയാക്കാന്‍. ആറു വര്‍ഷവും 24 മണിക്കൂറും.

ലോകത്തിലെ ഏറ്റവും ഉയരമേറിയ ഈ ഇരട്ടഗോപുരങ്ങള്‍ പെട്രോനാസ് എന്ന ദേശീയ എണ്ണ കമ്പനിയുടെ മാഗ്നം ഓപസ് ആണ്. സുവര്‍ണ്ണ ചതുരത്തിലെ 50 ഏക്കറില്‍ പെട്രോനാസ് ഉയര്‍ന്നു നില്ക്കുന്നു. മലേഷ്യന്‍ ജനതയുടെ അധ്വാനത്തിന്റെ, ആത്മവിശ്വാസത്തിന്റെ ധ്വജസ്തംഭം.

ടവറിനുള്ളില്‍ നിറയെ ഹൈ എന്‍ഡ് ബ്രാന്‍ഡ് ഷോപ്പുകള്‍. കൂടാതെ അല്‍ജസീറ, മൈക്രോസോഫ്ട് ,ഐബിഎം, റോയിട്ടേഴ്സ് തുടങ്ങിയവയുടെ ഓഫീസുകള്‍.

1857 വരെ മഴനിഴല്‍ കാടുകളും അധിനിവേശങ്ങളുടെ വിരല്‍പ്പാടുകളുമായി തകര്‍ന്നു കിടന്ന ചെളിക്കുണ്ടായിരുന്ന രാജ്യം ഇന്ന് ലോകത്തെ 10 മികച്ച രാജ്യങ്ങളില്‍ ഒന്നാണ്. 

ആ രാത്രി വിസ്മയങ്ങളുടെതായിരുന്നു. മേഘങ്ങള്‍ക്കു മുകളിലെ പൂര്‍ണ്ണ ചന്ദ്രനെ തൊടാന്‍ വെമ്പുന്ന ഇരട്ടഗോപുരങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ മത്സരിച്ചു അതിശയിച്ചു. 

ചുറ്റും ആഹ്ലാദിക്കുന്ന ജനത. നിറങ്ങളുടെ ലയനം അതിനു നടുവില്‍ നിന്നപ്പോള്‍ ആ പഴയ ഉദ്ധരണി ഓര്‍മ്മ വന്നു... 

''Death is not the greatest loss in life. Loss is when life dies inside you while you are alive.' Let's celebrate the event called life..shall we..?

ഇന്ത്യയില്‍ നിന്നു പോയിവരാവുന്ന ചെലവ് കുറഞ്ഞ വിദേശരാജ്യമാണ് മലേഷ്യ. എയര്‍പോര്‍ട്ട് മുതല്‍ ട്രെയിന്‍ ഗതാഗതത്തെ ആശ്രയിച്ചാല്‍ പോക്കറ്റ് കാലിയാകാതെ തിരിച്ചു വരാം. എല്ലാ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും ട്രെയിന്‍ സര്‍വീസ് ഉണ്ട്. Day rider ടിക്കറ്റില്‍ പോയി വരാവുന്നവ. ബസ് സര്‍വീസുകളും കുറ്റമറ്റതാണ്.
 
മലേഷ്യക്കൊപ്പം ലങ്കാവി കൂടെ ഉള്‍പ്പെടുത്തിയാല്‍ സംഗതി കുറച്ചുകൂടി ജോറാക്കാം.

Petronas Twin Towers Kuala Lumpur, Malaysia
 
സെന്‍ട്രല്‍ മാര്‍ക്കറ്റും ചൈന ടൗണും ഷോപ്പിങ്ങിന്റെ  പറുദീസകളാണ്.

Petronas Twin Towers Kuala Lumpur, Malaysia

ബ്രാന്‍ഡഡ് ഷോപ്പുകളുടെ കേന്ദ്രമാണ് ബുക്കിന്റ് ബിന്താങ് റോഡ്. 

Petronas Twin Towers Kuala Lumpur, Malaysia

പുത്രജയ എന്ന സൈബര്‍ തലസ്ഥാനത്തേക്കുള്ള സ്‌കാനിയ ബസില്‍ ഞങ്ങള്‍ മൂവരുമേയുള്ളായിരുന്നു. സന്തോഷം കൊണ്ട് ആര്‍ത്തുവിളിച്ചാണ് യാത്ര ചെയ്തത്. കേബിള്‍ കാറില്‍ ജെന്റിങ് ഹൈലാന്‍ഡിലേക്കുള്ള യാത്ര അവിസ്മരണീയം.