മയം പുലര്‍ച്ചെ അഞ്ചു മണി. 2017 ജനുവരിയിലെ ഒരു തണുത്ത പുലര്‍ക്കാലം. അലാറത്തിന്റെ ശബ്ദം എന്നെ കിനാവില്‍ നിന്ന് മെല്ലെ ഉണര്‍ത്തി. ഉറക്കത്തില്‍ നിന്ന് കുറെ മുമ്പ് ഉണര്‍ന്നിരുന്നു. അല്ലെങ്കിലും അങ്ങനെയാണ്, എവിടേക്കെങ്കിലും യാത്ര പോകണം എന്നു വിചാരിച്ചാല്‍ അലാീ അടിക്കുന്നതിനു മുമ്പേ ഉണര്‍ന്നിരിക്കും. ഇന്നത്തെ യാത്ര കുറെ കാലത്തെ ആഗ്രഹസഫലീകരണ യാത്രയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി യാത്ര മാഗസിനില്‍ കണ്ട ഒരു ആര്‍ട്ടിക്കിള്‍ വായിച്ച് മനസ്സില്‍ കടന്നു കൂടിയ അടയ്ക്കാനാവാത്ത ഒരു മോഹമായിരുന്നു പറമ്പിക്കുളം. പക്ഷെ പലപ്പോഴും അതിനു പറ്റിയില്ല. പറ്റുന്ന സമയങ്ങളില്‍ ബുക്കിംഗ് കിട്ടിയില്ല. 2017 അതിനെ ഒക്കെ മറികടന്നു.

എല്ലാം കഴിഞ്ഞു പുറത്തിറങ്ങാറായപ്പോഴേക്കും കാറുമായി സുഹൃത്ത് മാന്‍സ് എത്തി. എന്റെ എല്ലാ യാത്രകള്‍ക്കും കൂട്ട് എന്നും അവനായിരുന്നു. യാത്രകളെ ഒരുപാടു പ്രണയിക്കുന്ന ഒരു പ്രകൃതി സ്‌നേഹി.

മെല്ലെ ഞങ്ങള്‍ യാത്ര തുടങ്ങി യാത്ര പഥം ഇങ്ങനെ - വേങ്ങര - മലപ്പുറം - പാലക്കാട് - പൊള്ളാച്ചി - ആനമലൈ -ടോപ്സ്ലിപ് - പറമ്പികുളം ( apprx. 180 km 5 hr drive )

മാന്‍സിന്റ ഡ്രൈവിങ്ങും പുറത്തെ കാഴ്ചകളും ആസ്വദിച്ച് മുന്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ മെല്ലെ ചിന്തകള്‍ പറമ്പികുളത്തെ കുറിച്ച് വായിച്ചതിനെ കുറിച്ചയായി.

പറമ്പിക്കുളം 

പശ്ചിമഘട്ട മല നിരകളിലെ പരിസ്ഥിതി പ്രാധാന്യം ഉള്ള ഒരു സ്വപ്ന ഭൂമിക. 2009-ലാണ് കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നത്. മൊത്തം 643 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണം. കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി തുടങ്ങി വിവിധങ്ങളായ കാട്ടു മൃഗങ്ങളും പക്ഷികളും അത് പോലെ ചിത്രശലഭങ്ങള്‍, പാമ്പുകള്‍, മലയണ്ണാന്‍ എന്നിങ്ങനെ വിവിധ കുരങ്ങു വര്‍ഗങ്ങള്‍ എന്നിവയുടെ ആവാസ കേന്ദ്രമാണ് ഇവിടം.

പറമ്പിക്കുളം- ഒരുഭാഗം വാഴച്ചാല്‍ കാടും മറുഭാഗം തമിഴ്‌നാട് ആനമലൈ കാടുമാണ് അതിരു പങ്കുവെക്കുന്നത്. പറമ്പിക്കുളത്തേക്ക് പ്രവേശനം ആനമലൈ കടുവാ സങ്കേതത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ഒരുപാടു ആദിവാസി ഗോത്രങ്ങളും ഇവിടെ വസിക്കുന്നു. അവരുടെ 
ശാക്തീകരണത്തിനായി പല പദ്ധതികളും ഇതുമായി ബന്ധപെട്ടു നടക്കുന്നുണ്ട് .

 

ആലോചന കാട് കടന്നു പോകവേ സുഹൃത്തിന്റെ വിളിയാണ് ഉണര്‍ത്തിയത്.. 'വല്ലതും കഴിക്കണ്ടേ?' പാലക്കാട് കഴിഞ്ഞിരിക്കുന്നു. സമയം രാവിലെ ഏഴര. ഒരു വായനശാലയ്ക്ക് മുന്നില്‍ കാര്‍ നിര്‍ത്തിയിരിക്കുന്നു. വായനശാലയുടെ തിണ്ണയില്‍ പത്രം വായിക്കുന്ന കുറെ ആളുകള്‍. അവിടെ കണ്ട ബോര്‍ഡില്‍ നിന്നും സ്ഥലം പള്ളത്തേരിയാണെന്ന് മനസ്സിലായി. അവന്റെ കൂടെ ഞാനും ഇറങ്ങി അപ്പുറത്തുള്ള ഒരു നാടന്‍ ചായക്കടയിലേക്ക് കയറി. നല്ല ദോശയും ചട്ണിയും ഒരു അമ്മച്ചി വിളമ്പി തന്നു. നല്ല ദോശ. വയര്‍ നിറച്ചു കഴിച്ചു. അവിടെ നിന്നും യാത്ര തുടര്‍ന്നു.

സമയം എട്ടുമണിയായി. ഇപ്പോള്‍ മുന്നില്‍ പാലക്കാട്ട് നിന്നും വരുന്ന പൊള്ളാച്ചി - പറമ്പിക്കുളം ബോര്‍ഡ് വെച്ച നമ്മുടെ സ്വന്തം ആനവണ്ടി മുന്നില്‍ ഉണ്ട്. വളരെ ചെലവ് കുറഞ്ഞ രീതിയില്‍ പറമ്പിക്കുളം കറങ്ങി വരാന്‍ ഇത് നല്ല ഒരു മാര്‍ഗമാണ്. ആനമല -ടോപ്സ്ലിപ് വഴി പറമ്പിക്കുളം വനത്തിലൂടെ പറമ്പിക്കുളം ടൗണ്‍ വരെ പോകുന്ന വണ്ടിയാണ്. കുറഞ്ഞ സമയത്തെ വെയ്റ്റിങ്ങിന് ശേഷം ആ ബസ് തിരിച്ചും സര്‍വീസ് നടത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊള്ളാച്ചിയില്‍ നിന്ന് ഇതു പോലെ തമിഴ്‌നാടിന്റെ ബസ്സും സര്‍വീസ് നടത്തുന്നുണ്ട്.

ആനവണ്ടിയെ ഓവര്‍ ടേക്ക് ചെയ്ത് മെല്ലെ ഞങ്ങള്‍ പറമ്പിക്കുളം റോഡിലേക്ക് തിരിഞ്ഞു. ബസ് പൊള്ളാച്ചി ടൗണിലേക്ക് പോയിട്ടേ വരുകയുള്ളു. പാലക്കാട് നിന്നും വരുന്നവര്‍ക്ക് പൊള്ളാച്ചി ടൗണ്‍ കയറാതെ മൂന്ന് കിലോമീറ്റര്‍ ഇപ്പുറത്തു നിന്നും വലത്തോട്ട് തിരിഞ്ഞു പോകാം. എല്ലാ സ്ഥലത്തും പറമ്പിക്കുളം കടുവ സങ്കേതത്തിലേക്കുള്ള ദിശാസൂചക ഫലകങ്ങള്‍ വെച്ചിട്ടുള്ളത് കൊണ്ട് വഴി തെറ്റില്ല.  

parambikulam

പുളി മരങ്ങള്‍ അതിരിട്ട മനോഹരമായ വീഥികള്‍. ഇടയ്ക്കിടെ തമിഴ് കയ്യൊപ്പു ചാര്‍ത്തിയ ചെറിയ അങ്ങാടികള്‍. കൂടെ ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്കുള്ള ദിശാബോര്‍ഡുകള്‍. യാത്രയുടെ ലക്ഷ്യം അടുത്ത് വരുന്നു എന്ന് ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. പ്രധാന റോഡില്‍ നിന്നു ആനമലൈ കടുവ സങ്കേതത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. കായ്ച് നില്‍ക്കുന്ന മാവുകള്‍ നിറഞ്ഞ തോട്ടത്തിലൂടെ അല്‍പ ദൂരം സഞ്ചരിച്ചപ്പോള്‍ ആനമല കടുവാ സങ്കേതത്തിന്റെ കവാടത്തിലെത്തി.

വാഹനം നിര്‍ത്തി ചെക്ക് പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കി ഫീസും അടച്ചു. കാര്‍ വിശദമായി പരിശോധിച്ചു. മദ്യം കര്‍ശനമായി നിരോധിച്ചിട്ടുള്ള മേഖലയാണ്. പരിശോധനകള്‍ക്കു ശേഷം കാടിന്റെ സംഗീതവും ആസ്വദിച്ച് മുന്നോട്ട്. 

parambikulam

ഒരു ചെറിയ ചുരം കയറി ടോപ്സ്ലിപ്പില്‍ എത്തി. ഇവിടെ തമിഴ്‌നാടിന്റെ എക്കോ ടൂറിസം പാക്കേജ് താമസം, ട്രക്കിങ്ങ്, സഫാരികള്‍ മുതലായവ ലഭ്യമാണ്.

ടോപ്സ്ലിപ് കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ മനോഹരമായ കവാടവും വെല്‍ക്കം ടു കേരള ബോര്‍ഡും കണ്ടു. കാര്‍ പാര്‍ക്ക് ചെയ്ത് നേരെ റിസപ്ഷനിലേക്കു ചെന്ന് കാര്യം പറഞ്ഞു. നൈറ്റ് ഹാള്‍ട്ട് പാക്കേജ് ബുക്ക് ചെയ്തു വന്നതാണെന്ന് അറിഞ്ഞപ്പോള്‍ കാര്‍ നമ്പറും വിവരങ്ങളും ഫീസും വാങ്ങിയ ശേഷം മുന്നോട്ട് പോകാന്‍ പറഞ്ഞു. അവിടെയുള്ള ഇന്‍ഫോര്‍മേഷന്‍ കൗണ്ടറില്‍ നിന്ന് ബാക്കി നിര്‍ദേശങ്ങള്‍ ലഭിക്കുമെന്ന് അവര്‍ അറിയിച്ചു.

സഫാരി ബസ്സുകളും സന്ദര്‍ശകരുടെ വാഹനങ്ങളും അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. സഫാരി രാവിലെ 7 മുതല്‍ വൈകുന്നേരം 3 വരെ ഉണ്ട്. മൂന്നര മണിക്കൂര്‍ ആണ് സഫാരി സമയം. താമസം ബുക്ക് ചെയ്യാത്തവര്‍ക്ക് സഫാരി, ട്രക്കിങ്ങ്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയ പകല്‍ പാക്കേജുകളും ലഭ്യമാണ്.

ഓഫീസ് റിസപ്ഷനില്‍ നിന്ന് തന്ന സ്ലിപ് കൊടുത്തു. ബാക്കി പണവും അടച്ചു. ഞങ്ങള്‍ രണ്ടു പേര്‍ക്ക് ബുക്ക് ചെയ്ത തുണക്കടവ് ട്രീ ടോപ് ഹട്ട് ലെ താമസമടക്കം 4400 രൂപയാണ് പാക്കേജ് നിരക്ക്. അതില്‍ 2400 അഡ്വാന്‍സായി വനംവകുപ്പിന്റെ അക്കൗണ്ടില്‍ ബുക്കിംഗ് നടത്തിയപ്പോള്‍ ഇട്ടിരുന്നു. ബാക്കി കൊടുത്തു. ഞങ്ങളുടെ ഗൈഡുമാരെയും പരിചയപ്പെട്ടു.

parambikulam

ഗൈഡ് മുരുകണ്ണനേയും കാറില്‍ കയറ്റി നേരെ തുണക്കടവ് താമസ സ്ഥലത്തേക്ക്. മുരുകണ്ണന്‍ അവിടെ താമസിക്കുന്ന ആദിവാസി ഗോത്ര സമൂഹത്തിലെ അംഗമാണ്. ആ കാട്ടില്‍ ജനിച്ചു വളര്‍ന്ന് ആ കാടിനെ ജീവശ്വാസം പോലെ സ്‌നേഹിച്ചവര്‍. കാടിന്റെ ഓരോ സ്പന്ദനവും അറിയുന്നവര്‍. അണ്ണന്റെ കഥകളും വിവരങ്ങളും കേട്ട് താമസസ്ഥലതെത്തി. സമയം 12 :30 ആയതേയുള്ളു. കുറച്ചു സമയം റസ്റ്റ് എടുക്കാന്‍ പറഞ്ഞ് ഉച്ചഭക്ഷണം ആകുമ്പോള്‍ വിളിക്കാമെന്നും 3 മണിക്ക് ശേഷം സഫാരിക്ക് പോകാമെന്നും പറഞ്ഞ് മുരുകണ്ണന്‍ അപ്പുറത്തുള്ള ഫോറസ്‌റ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയി. ഞങ്ങള്‍ കാടിന്റെ നടുവിലുള്ള നദിക്കരയില്‍ മരങ്ങളുടെ മുകളില്‍ നിര്‍മിച്ച ആ മനോഹരമായ ഹട്ടിലേക്ക് കയറി. റൂം മനോഹരമായി ഒരുക്കിയിരിക്കുന്നു. അറ്റാച്ച്ഡ് ബാത്റൂം. നദിയിലേക്ക് മുഖം തിരിച്ച് ഒരു ബാല്‍ക്കണി. ബാല്‍ക്കണിയില്‍ രണ്ട് ചൂരല്‍ കസേരകള്‍. ഒരു ചെറിയ ടേബിള്‍.

parambikulam

അതിമനോഹരമാകും ഇന്നത്തെ രാത്രി. കാടിന്റെ രാത്രി സംഗീതവും വന്യതയും ആസ്വദിച്ച് ഈ ബാല്‍ക്കണിയില്‍ ഇരുന്ന് ഈ രാത്രി മുഴുവന്‍ കഥകള്‍ പറയണം. ഉറങ്ങാതെ കിനാവുകള്‍ കാണണം. ഞങ്ങളുടെ ആദ്യത്തെ പ്ലാന്‍ ഇതായിരുന്നു.

അപ്പുറം നദിക്കരയില്‍ മൃഗങ്ങള്‍ വല്ലതും ഇറങ്ങുന്നുണ്ടോ എന്നും സസൂക്ഷ്മം നോക്കി കുറേ നേരം ഇരുന്നു. കാറ്റ് മുളങ്ങൂട്ടത്തോട് വന്നു കിന്നാരം ചൊല്ലുന്നു. നാണം കുണുങ്ങിയായ മുളങ്കൂട്ടം മെല്ലെ അവന്റെ താളത്തിനൊത്ത് ഊയലാടുന്നു. പക്ഷികളും വെള്ളത്തിലെ ഓളങ്ങളും അവരുടെ കളികള്‍ കണ്ടു പശ്ചാത്തല സംഗീതം പൊഴിക്കുന്നു.
 
'ഊണ് റെഡി, വന്നു കഴിച്ചോളൂ' അണ്ണന്‍ അപ്പുറത്തു നിന്ന് വിളിച്ചു പറയുന്നത് കേട്ട് ഞങ്ങള്‍ മെല്ലെ മുള കൊണ്ടുണ്ടാക്കിയ പടികള്‍ ഇറങ്ങി അപ്പുറത്തെ ക്യാന്റീനില്‍ പോയി ഭക്ഷണം കഴിച്ചു. വെജിറ്റേറിയന്‍ മതി എന്ന് രാവിലെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. പായസം അടക്കമുള്ള സ്വാദിഷ്ടമായ ഊണ്. ഭക്ഷണ ശേഷം നദിക്കരയില്‍ മുള കൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ കുറച്ചു സമയം വിശ്രമിച്ചു. വെയില്‍ ഒന്ന് ചാഞ്ഞിട്ട് നമുക്ക് സഫാരിക്ക് ഇറങ്ങാം എന്നാലേ മൃഗങ്ങളെ കാണുള്ളൂ എന്നാ ഗൈഡ് പറഞ്ഞിട്ടുള്ളത്. ഗൈഡ് അണ്ണനേയും കാത്ത് നദിക്കരയിലെ ആ മുള ബെഞ്ചില്‍ അങ്ങ് ദൂരെ നദീ തീരത്തു എവിടെങ്കിലും ആരെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നും നോക്കി ഓളങ്ങളെ തലോടി വരുന്ന കാറ്റേറ്റ് അങ്ങനെ ഇരുന്നു.

'പോകാം' മുരുഗേശന്റെ വിളി കേട്ട് അവിടെ നിന്നും എണീറ്റു കാറില്‍ കയറി. സഫാരിക്ക് ഞങ്ങളുടെ കാറില്‍ തന്നെയാണ് പോകുന്നത്. ആദ്യ ലക്ഷ്യസ്ഥാനം തുണക്കടവ് ഡാം. ഡാം പരിസരത്തുള്ള ഓഫീസറുടെ അടുത്ത് പേരും ഒപ്പും നല്‍കിയാണ് യാത്ര തുടര്‍ന്നത്. ഡാമിന്റെ അപ്പുറത്തും താമസിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ട്. പക്ഷെ അത് ഇപ്പോള്‍ വനംവകുപ്പിന്റെ അതിഥികളെ മാത്രമേ താമസിപ്പിക്കാറുള്ളു എന്ന് മുരുഗേശന്‍ പറഞ്ഞു.

ഇനി ഡാമിനെ ഒന്ന് ചുറ്റി വേണം താഴേക്കു പോകാന്‍. ഡാമിന്റെ പരിസരത്ത് ധാരാളം മാനുകളെ കണ്ടു. അവരോടു പോയി വരാട്ടാ എന്നും പറഞ്ഞ് നേരെ കന്നിമര തേക്കിന്റെ അടുത്തേക്ക്. ഏഴു കിലോമീറ്റര്‍ ഓഫ് റോഡ് ഡ്രൈവ്. ഡ്രൈവിങ് ശരിക്കും ബുദ്ധിമുട്ടായിരുന്നുവെങ്കിലും കാടിന്റെ നടുവിലൂടെ കാടിന്റെ മക്കളെയും കണ്ട് ആ യാത്ര ശരിക്കും ആസ്വദിച്ചു. ഈ യാത്രയില്‍ ധാരാളം കരിങ്കുരങ്ങളെയും കാട്ടുപോത്ത്, മാന്, മ്ലാവ്, മലയണ്ണാന്‍ എന്നിങ്ങനെ വിവിധ തരം പക്ഷികളെയും കണ്ടു.

parambikulam

കന്നിമര തേക്ക്: 7 .02 മീറ്റര്‍ ചുറ്റളവും 39 .98 മീറ്റര്‍ നീളവുമുള്ള മരം. ലോകത്തിലെ എറ്റവും വലിയ നിലനില്‍ക്കുന്ന തേക്ക് മരങ്ങളില്‍ ഒന്ന്. 1994 - 95 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ മഹാവൃക്ഷ പുരസ്‌കാരത്തിനും അര്‍ഹമായി.
 
കന്നിമരമെന്ന പേര് വന്നതിനു പിന്നില്‍ ആദിവാസികള്‍ക്കിടയില്‍ നിലവിലുള്ള ഒരു ഐതീഹ്യമുണ്ട്. ഒരിക്കല്‍ ഇത് മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് ചോര വരികയും ആ ശ്രമം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അതിനു ശേഷം കന്നിമരം ( വിര്‍ജിന്‍ ട്രീ ) എന്ന് പേര് വരുകയും ചെയ്തു. ആദിവാസികള്‍ക്കിടയില്‍ ഇന്നും ആദരിക്കപ്പെടുന്ന ഒരു വ്യക്ഷമാണ് ഇതെന്ന് മുരുഗണ്ണനില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. എല്ലാ മരങ്ങളെയും ഇതു പോലെ മനുഷ്യന്‍ ആദരിക്കാന്‍ പഠിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആലോചിച്ചു പോയി.

കന്നിമരത്തെ താണുവണങ്ങി യാത്ര തുടര്‍ന്നു. തിരിച്ചു പോയ അതെ വഴിയിലൂടെ വേണം ഡാം വരെ പോകാന്‍. റോഡിന്റെ ഇരുവശത്തേക്കും കണ്ണ് വെട്ടാതെ സസൂക്ഷ്മം നോക്കി യാത്ര മെല്ലെ തുടര്‍ന്നു. കണ്ണുകള്‍ തേടുന്നത് മറ്റാരേയുമല്ല. കാടിന്റെ രൗദ്ര ഭാവത്തെയാണ്. കുറേ കാടുകള്‍ കയറി ഇറങ്ങിയിട്ടും ഇതുവരെ അവന്‍ - കടുവ -മാത്രം കണ്ണിനെ കടാക്ഷിച്ചിട്ടില്ല. പക്ഷെ നിരാശ ഒന്നും തോന്നിയില്ല. ഓരോ യാത്രയും ഓരോ പ്രതീക്ഷകള്‍ ആണല്ലോ. അവന്‍ ഒരിക്കല്‍ കണ്മുന്നില്‍ വരും. 

parambikulam

ഡാം പരിസരത്തു തിരിച്ചെത്തി നേരെ മുകളിലേക്ക് പറമ്പിക്കുളം ടൗണ്‍ -പറമ്പിക്കുളം ഡാം ഭാഗത്തേക്ക്. ചെറിയ ചുരം കയറി വേണം മുകളിലേക്ക് പോകാന്‍. മനോഹരമായ മുളങ്കാടുകള്‍ അതിരിട്ട ഇടയ്ക്കിടെ തഴ് വരയുടെ ചിത്രങ്ങള്‍ നല്കുന്ന വഴി. കുറച്ചു ദൂരം കയറിയപ്പോള്‍ ഒരു വലിയ മ്ലാവ് റോഡില്‍ നില്‍ക്കുന്നു. അവളെ ശല്യം ചെയ്യാതെ മെല്ലെ ഓരം ചേര്‍ന്ന് ഞങ്ങള്‍ നേരെ ഒരു വ്യൂ പോയിന്റിലെത്തി.

parambikulam

ഡാം വ്യൂ പോയിന്റ് 

ഇവിടെ നിന്നാല്‍ താഴെ നമ്മള്‍ കയറി വന്ന സ്ഥലങ്ങളും ഒപ്പം തുണക്കടവ് ഡാം അതിന്റെ റിസര്‍വോയറും പിന്നേ പറമ്പിക്കുളം കാടിന്റെ നല്ല ഒരു കാഴ്ചയും കിട്ടും. വളരെ സുരക്ഷിതമായി കാഴ്ചകള്‍ ആസ്വദിക്കാവുന്ന രീതിയില്‍ ഫോറെസ്‌റ് -ടുറിസം ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാന്‍ഡ് നിര്‍മിച്ചിട്ടുമുണ്ട്. വ്യൂ പോയിന്റ് കടന്നു നേരെ അല്‍പ ദൂരം പോയാല്‍ വാലി വ്യൂ പോയിന്റിലെത്തും. ഇതും ചുരം റോഡില്‍ തന്നെയാണ്. ഇവിടെ നിന്ന് പടിഞ്ഞാറു ഭാഗത്തെ മലകളുടെയും താഴ്വരകളുടെയും മനോഹരമായ ഒരു കാഴ്ച ലഭിക്കും. കുറച്ചു നേരം അവിടെയും ചിലവഴിച്ചു നേരെ പറമ്പിക്കുളം അങ്ങാടിയിലേക്ക്.

parambikulam

പറമ്പിക്കുളം ടൗണ്‍ 

ഒരു ചെറിയ അങ്ങാടിയാണ് പറമ്പിക്കുളം. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ബസ് സര്‍വീസുകള്‍ ഇവിടെ വരെയാണ് വരുക. ചെറിയ ഒരു സ്തൂപം ഒപ്പം ഒരു ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഏതാനും കടകള്‍. അത് ഫോറെസ്റ്റ്് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിക്കൊടുത്താണെന്ന് അതിന്റെ മട്ടും ഭാവവും കണ്ടാല്‍ വ്യക്തം. അപ്പുറം കുറച്ചു വീടുകള്‍. 

മുരുഗേശന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇവിടുത്തെ നിവാസികള്‍ പറമ്പിക്കുളം ഡാം പണിക്കു വന്ന തൊഴിലാളികളാണ്. ഡാം പണി തീര്‍ന്നിട്ടും ഇവിടെ തന്നെ കൂടുകയായിരുന്നു. പറമ്പിക്കുളം അങ്ങാടിയോടു ചേര്‍ന്ന് ഒരു ട്രീ ഹൗസുണ്ട് . അതും ടൂറിസ്‌റ്കള്‍ക്ക് താമസിക്കാന്‍ കൊടുക്കുന്നവയാണ്. ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പറഞ്ഞു ഞങ്ങള്‍ നേരെ പറമ്പിക്കുളം ഡാമിന്റെ റിസര്‍വോയറിലേക്ക്. ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഉദ്യോഗസ്ഥന്‍ ബാംബൂ റാഫ്റ്റിങ്ങിനുള്ള ആളുകളെ ഞങ്ങള്‍ വരുന്നത് വിളിച്ചു പറഞ്ഞിരുന്നു.

റിസെര്‍വോയറിന്റെ വെള്ളമില്ലാത്ത ഒരു കുന്നില്‍ വരെ വാഹനം പോകും. അതിന്റെ തൊട്ടടുത്ത് തന്നെയാണ് ബാംബൂ റാഫ്റ്റിങ്ങിനുള്ള മുള കൊണ്ടുണ്ടാക്കിയ മനോഹരമായ ചങ്ങാടം നിര്‍ത്തിയിട്ടിരിക്കുന്നത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ നദിക്കപ്പുറത്തെ കുന്നിന്‍ മുകളിലേക്ക് കൈചൂണ്ടി മുരുകേശന്‍ പറഞ്ഞു 'ആനക്കൂട്ടം അതാ...'
 
നോക്കിയപ്പോള്‍ കണ്ടു, ആറ് ആനകള്‍! കാമറയും ലെന്‍സും ഒന്നുമില്ലാത്തതു കൊണ്ട് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നേരെ ബാംബൂ റാഫ്റ്റിങ്ങിന് ഇറങ്ങി.

ബാംബൂ റാഫ്റ്റിങ് 

വളരെ ആസ്വാദകരമായ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു അത്. മുള കൊണ്ട് ഉണ്ടാക്കിയ വലിയ ഒരു ചങ്ങാടം. ഇരിക്കാന്‍ രണ്ടു വശത്തും മുളയില്‍ തന്നെ നിര്‍മിച്ച ബെഞ്ചും. നാല് ഭാഗത്തും ഓരോരുത്തര്‍ ഇരുന്ന് തുഴയുന്നു അവരെ പരിചയപ്പെട്ടു. അവരും അവിടെ ജനിച്ചു വളര്‍ന്ന ആദിവാസി സഹോദരങ്ങള്‍ ആണ്. വളരെ നല്ല മനുഷ്യര്‍. നല്ല സൗഹൃദഭാവം. അവരുടെ കഥയും ഓളത്തിന്റെ ശബ്ദവും തുഴയുടെ താളവും കേട്ട് അങ്ങനെ ഇരുന്നു...

parambikulam

പുഴയുടെ അപ്പുറത്തെ കരയിലേക്ക് ചൂണ്ടി തുഴയുന്ന ഒരു ചേട്ടന്‍ പറഞ്ഞു, 'നിങ്ങള്‍ വരുന്ന വരെ ആനക്കൂട്ടം അവിടെ കുളിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ കയറി പോയതേയുള്ളു. ഭയങ്കര നാണക്കാരാണെന്ന് തോന്നുന്നു. ഗസ്റ്റിനെ കണ്ടാല്‍ അപ്പോള്‍ മുങ്ങും. 
'വീണ്ടും വരുമെന്ന് പ്രതീക്ഷയോടെ കുറെനേരം നോക്കിയെങ്കിലും വന്നില്ല.

പിന്നേ ദൂരെ ഒരു ദ്വീപ് ചൂണ്ടിക്കാട്ടി ഒരു ചേട്ടന്‍ അവിടുത്തെ ഒരു വീട് കാണിച്ചു തന്നു. അതും പറമ്പിക്കുളം ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള താമസത്തിനായി ഒരുക്കിയിട്ടുള്ള ഹട്ടാണ്. ആന ഇറങ്ങാതിരിക്കാന്‍ ചുറ്റും കിടങ്ങ് കുഴിച്ചിട്ടുണ്ട്. 5 പേര്‍ക്ക് വരെ അവിടെ താമസിക്കാം. അടുത്ത തവണ അവിടെ ആയിരിക്കും താമസമെന്ന് ഉറപ്പിച്ചു. അത്രക്കും മനോഹരമാണ് ആ സ്ഥലം. രാത്രി ചുറ്റും ആനക്കൂട്ടം. മൃഗങ്ങള്‍ വിഹരിക്കുന്ന കാടിന് നടുവിലുള്ള ദ്വീപില്‍ ഒരു രാത്രി. ആലോചിക്കുമ്പോള്‍ തന്നെ രോമാഞ്ചം. അവിടേക്ക് എത്തണമെങ്കില്‍ അവിടെ നിന്നു ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിക്കണം, വീട്ടിക്കുന്ന് ഐലന്റ് എന്ന ആ ദ്വീപിലേക്ക്.

അടുത്ത തവണ കാണാം എന്ന് പറഞ്ഞു ദ്വീപിനോടും നല്ലവരായ ചേട്ടന്മാരോടും ആനക്കൂട്ടത്തിനോടും യാത്ര പറഞ്ഞു പറമ്പിക്കുളം ഡാമും സന്ദര്‍ശിച്ച് വീണ്ടും പറമ്പിക്കുളം ടൗണില്‍.

ഇവിടെ നിന്നുമുള്ള അവസാന ബസില്‍ പോകാനുള്ളവരുടെ തിരക്കും യാത്ര പറച്ചിലും. ഡ്രൈവറും കണ്ടക്ടറും അപ്പുറത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ വരുന്ന മിക്ക ബസ്സുകളും ഒരു ചായ കുടിക്കാനുള്ള സമയം അത്രയുമാണ് നിര്‍ത്തിയിടുന്നത്. ഞങ്ങളും ഓരോ ചായക്ക് പറഞ്ഞു. പുറത്തെ സ്റ്റൂളില്‍ ഗ്രാമീണ കാഴ്ചകള്‍ കണ്ടു. ഗൈഡിനോട് വെടിവട്ടം പറഞ്ഞിരുന്നു. ബസ് പോയി കുറച്ചു കഴിഞ്ഞു പോകാമെന്നാണ് ഗൈഡ് പറഞ്ഞത്. എന്നാലേ വല്ലതും കാണു. ഗൈഡിനോട് യോജിച്ചു ചായയും നുകര്‍ന്ന് ഗ്രാമീണ അങ്ങാടിയിലെ നാടന്‍ കാഴ്ച്ചകള്‍ കണ്ടിരുന്നു.

6 മണിയായി. തമിഴ്‌നാടിന്റെ പൊള്ളാച്ചി വരെയുള്ള ആ ബസ് പോയി. ഇനി ഇവിടെ നിന്ന് പുറത്തേക്കു പോകണമെങ്കില്‍ ജീപ്പ് ആണ് ഏക ആശ്രയം. ആറരയോടെ ഞങ്ങളും യാത്ര തുടര്‍ന്നു. ഇനി പ്രത്യേകിച്ചു പരിപാടികള്‍ ഒന്നുമില്ല. പാക്കേജിലുള്ള 'ട്രൈബല്‍ സിംഫണി'എന്ന ആദിവാസികളുടെ തനതായ കലാപരിപാടികള്‍ ഇന്ന് വേറെ ഗസ്റ്റ് ഒന്നുമില്ലാത്തത് കൊണ്ട് ഉണ്ടാകില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു. ഞങ്ങളും നിര്‍ബന്ധം പിടിച്ചില്ല. ഈ യാത്ര കാടിനെ ആസ്വദിക്കാനുള്ളതാണ്. ഒരു നിര്‍ബന്ധങ്ങളും വാശികളും ഇല്ല. കാടിന്റെ മക്കളെ ഞങ്ങള്‍ രണ്ടു പേര്‍ക്ക് വേണ്ടി മാത്രം ബുദ്ധിമുട്ടിക്കണ്ടാന്നു ഞങ്ങളും കരുതി.
 
വേറെ പരിപാടികള്‍ ഒന്നുമില്ലാത്തതു കൊണ്ട് തന്നെ ചുരം ഇറക്കം പതിയെ ആയിരുന്നു. കാടിന്റെ രാത്രി സംഗീതവും ഭാവ മാറ്റങ്ങളും ആവോളം ആസ്വദിച്ചു ഞങ്ങള്‍ തിരിച്ച് എട്ടു മണിയോടെ ഏറുമാടത്തിലെത്തി. കുറെ സമയം മുറ്റത്തെ മുള ബെഞ്ചില്‍ വെടിവട്ടം പറഞ്ഞിരുന്നു. ഇടയ്ക്കിടെ അപ്പുറത്തെ മുളങ്കാട്ടില്‍ നിന്നും കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് മെല്ലെ എണീറ്റു പോയി നോക്കി. ഒരു കൂട്ടം കാട്ടു പന്നികള്‍. അപ്പുറത്ത് മാന്‍ കൂട്ടങ്ങളും മേയുന്നത് ഹട്ടിലെ വെളിച്ചത്തില്‍ കാണാം.

ഒമ്പത് മണിയോടെ അത്താഴത്തിനു മുരുഗേശന്‍ വന്നു വിളിച്ചു. നല്ല രുചിയുള്ള ചിക്കന്‍ കറിയും ചിക്കന്‍ പൊരിച്ചതും ചപ്പാത്തിയും ചോറും അടങ്ങിയ അത്താഴം മതിവരുവോളം കഴിച്ചു. 

ഇന്ന് ഉറങ്ങണ്ട. നമുക്ക് രാത്രിയുടെ നിലാവെട്ടത്ത് കാടിനെ ആസ്വദിക്കാം എന്ന് മാന്‍സ് പറഞ്ഞപ്പോള്‍ ഞാനും അവനോട് യോജിച്ചു. ദൂരെ നിന്ന് ഏതോ മൃഗം ഒച്ച വെക്കുന്നത് വ്യക്തമായി കേള്‍ക്കാം. ഏറുമാടത്തിനു താഴെ കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം. വെളിച്ചമില്ലാത്തതു കൊണ്ട് ഒന്നും വ്യക്തമല്ല. മുമ്പ് ഈ ഏറുമാടത്തിനു താഴെ പുലി മാനിനെ പിടിച്ചു തിന്ന കഥ മുരുഗേശന്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ പുലിയാണെങ്കില്‍ പോലും ഒന്നിനേയും കാണാന്‍ പറ്റാത്ത അത്ര ഇരുട്ടാണ്. ഏറു മാടത്തിലേക്കുള്ള വാതില്‍ നല്ലവണ്ണം അടച്ചിട്ടില്ലേ എന്ന് ഒന്ന് കൂടെ ഉറപ്പു വരുത്തി. ഒരു ടോര്‍ച് എടുക്കാമായിരുന്നു എന്ന് പരസ്പരം പറഞ്ഞ് സമാധാനിച്ചു. നിലാവ് വരാന്‍ ഇനിയും സമയമെടുക്കും. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ഏറുമാടവും പരിസരവും ആയിരുന്നു അന്ന് യാത്ര മാഗസിനില്‍ എന്നെ പറമ്പിക്കുളത്തേക്ക് ആകര്‍ഷിപ്പിച്ചത്. നിലാവ് ഉദിക്കുന്നതും കാത്ത് ഞങ്ങള്‍ രണ്ടു പേര്‍ ആ ഏറു മാടത്തിന്റെ ബാല്‍ക്കണിയിലെ ചൂരല്‍ കസേരയില്‍ ദൂരെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു. പക്ഷെ വൈകുന്നേരം പറമ്പിക്കുളത്തു നിന്ന് വാങ്ങിയ കപ്പലണ്ടിയും കൊറിച്ചു കുറെ നേരം ഇരുന്നെങ്കിലും തണുപ്പ് അസ്ഥിയില്‍ തുളച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ വാതിലടച്ച് പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ...

parambikulam

സമയം പുലര്‍ച്ചെ മൂന്നു മണി. സുഹൃത്ത് മാന്‍സിന്റെ വിളി കേട്ടാണ് ഉണര്‍ന്നത്.. 'എണീറ്റു വന്നു നോക്കടാ നല്ല നിലാവ്'. 'ഇവന് എന്നെക്കാളും വലിയ വട്ടാണല്ലോ ദൈവമേ എന്നാലോചിച്ചു മനസ്സില്ലാ മനസ്സോടെ എണീറ്റു. പക്ഷെ ആ കാഴ്ച ഗംഭീരമായിരുന്നു. എന്റെ ജീവതത്തില്‍ മറക്കാനാവാത്ത ഒരു കാഴ്ച സമ്മാനിച്ച അവനു ഞാന്‍ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞു. വാക്കുകള്‍ക്കു വര്‍ണിക്കാനാവാത്ത ഒരു കാഴ്ച തന്നെ ആയിരുന്നു അത്. ചെറിയ കോടമഞ്ഞും കൂടെ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നദിയും കാടും...

കുറച്ചു നേരം ആ കാഴ്ച കണ്ടുനിന്നു. പക്ഷെ തണുപ്പില്‍ ഒരുപാടു നേരം നില്‍ക്കാന്‍ കഴിയില്ലായിരുന്നു. വീണ്ടും പുതപ്പിനുള്ളിലേക്ക്. അപ്പോഴും ഉള്‍ക്കാട്ടില്‍ നിന്നു കരയുന്ന പോലെയുള്ള ആ ശബ്ദം കേള്‍ക്കാമായിരുന്നു...

parambikulam

സമയം രാവിലെ ആറു മണി. രാവിലെ ചായക്ക് ശേഷം ഗൈഡിനൊപ്പം നേരെ ട്രെക്കിങ്ങിന് ഇറങ്ങി. ഏകദേശം ആറു കിലോമീറ്റര്‍ ട്രെക്കിങ് ദൂരം. 'എനിക്ക് കടുവയെ കാണണം, അറ്റ്‌ലീസ്റ്റ് ഒരു പുലിയെയെങ്കിലും', ഗൈഡിനോട് മാന്‍സ് പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത്തിരി പേടി ഇല്ലാതില്ല. ഗൈഡ് ഒന്നും പറയാതെ മുന്നില്‍ നടക്കുന്നു. പിറകില്‍ ഞാന്‍, ഏറ്റവും പിറകില്‍ വടിയും പിടിച്ച് അവനും.

കുറച്ചു ദൂരം നടന്നപ്പോള്‍ മാന്‍കൂട്ടം തീറ്റ നിര്‍ത്തി ഞങ്ങളെ നോക്കുന്നു, 'ആരാടാ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത്' എന്ന് പറയുന്ന പോലെ. ഗൈഡ് മുരുഗേശന്‍ പറയുന്ന ഓരോ കഥകള്‍ നടത്തത്തിന്റെ ആയാസം കുറച്ചു. മുരുഗേഷനും അനിയനും കൂടെ കടുവയുടെ ഫോട്ടോ എടുക്കാന്‍ പോയ കഥ ത്രില്ലിംഗ് ആയിരുന്നു..

മുരുഗേശന്റെ പുറത്തു പഠിക്കുന്ന അനിയന് ഫോട്ടോ പിടുത്തത്തില്‍ താല്പര്യമുള്ള ആളാണ്. അങ്ങനെ ഒരു ദിവസം രണ്ടു പേരും കൂടെ കാട് കയറി. കടുവയെ ലെന്‍സില്‍ ആവാഹിക്കുക എന്നത് തന്നെ ലക്ഷ്യം. വനംവകുപ്പില്‍ നിന്നുള്ള വിവരം വെച്ച് അവര്‍ക്കു ഏകദേശ ധാരണ ഉണ്ടായിരുന്നു, അവരില്‍ ഒരുവന്‍ മദിച്ചു വാഴുന്ന സ്ഥലമാണെന്ന്. നടന്നു ചെന്നുപെട്ടത് കടുവയുടെ മുന്നില്‍. എകദേശം 200 മീറ്റര്‍ അടുത്ത അവന്‍, ക്യാമറയൊക്കെ റെഡിയാക്കി ഫോട്ടോയെടുക്കുന്ന മുമ്പേ അവന്‍ കണ്ടു. ആ കണ്ണുകളില്‍ പതിവില്ലാത്ത രൗദ്രത. ഒരു പതുങ്ങല്‍. അവന്‍ ആക്രമിക്കാന്‍ നില്‍ക്കാനാണെന്ന് ബോധ്യപ്പെട്ടു. സിരകളിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. ഏതു നിമിഷവും ചാടി വീഴാം. കാലുകള്‍ കുഴയുന്ന പോലെ. വിരലുകള്‍ ക്യാമറ ബട്ടണില്‍ അമരുന്നില്ല. ആകെ ഒരു മരവിപ്പ്. എവിടെ നിന്നോ കിട്ടിയ ഊര്‍ജത്തില്‍ മുരുഗേശന്‍ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി. അതോടെ അവന്‍ പിന്‍തിരിഞ്ഞു കാട്ടിനുള്ളില്‍ മറഞ്ഞു... 

ശ്വാസമടക്കി പിടിച്ച് ആ കഥകള്‍ കേട്ട് മുന്നോട്ട് നടക്കുമ്പോള്‍ ചെറിയ പേടിയുണ്ട്. ഇവിടെയെങ്ങാനും അവന്‍ വന്നാലോ എന്ന്. വഴിയില്‍ ആനപിണ്ടവും പുലിയുടെ കാഷ്ഠവും മാനുകളെയും മയിലുകളെയും മാത്രമേ കണ്ടുള്ളു. അപ്പോഴാണ് ഇന്നലെ രാത്രിയില്‍ കരച്ചില്‍ പോലെ കേട്ട ശബ്ദത്തെ കുറിച്ച് മുരുഗേശനോട് ചോദിച്ചത്.
 
'അത് മയിലാണ്. അവറ്റകളെ കാണാന്‍ മാത്രമേ സൗന്ദര്യമുള്ളു. ശബ്ദം ഭയങ്കര അരോചകമാണ്' അത് ഞങ്ങളില്‍ ചിരി പടര്‍ത്തി.
 
8 മണിയോടെ ട്രെക്കിങ്ങ് അവസാനിപ്പിച്ച് തിരിച്ചു ഹട്ടിലേക്ക്...

കുളിച്ചു വന്നപ്പോഴേക്കും ഇഡലിയും ദോശയും അടങ്ങുന്ന ബ്രേക്ക്ഫാസ്റ്റ് റെഡി. അത് കഴിച്ചു. മൂന്ന് നേരം രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തന്ന സുബ്രമണ്യത്തോടും ഭാര്യയോടും, ഒരുപാട് അറിവുകള്‍ പകര്‍ന്നു തന്ന ഗൈഡ് മുരുഗേശനോടും നന്ദി പറഞ്ഞു വീണ്ടും വരുമെന്ന് മനസ്സില്‍ ഉറപ്പിച്ചു പറമ്പിക്കുളത്തോടു വിട പറഞ്ഞു...

parambikulam


കടപ്പാട് : manzcp & : https://parambikulam.org


Other details :
Parambikulam 
By Air: Nearest air port Coimbatore 
By Rail: Nearest Railway station Coimbatore 100 km
By Road: Palakkad (98 km)
Coimbatore (100 km) a Pollachi (39 km)
Climate and Rainfall
The sanctuary exhibits wet tropical climate.
Temperature varies from 15°c to 32°c.
March is the hottest month and January, the coolest month.
Total rainfall varies between 1400mm and 2300mm.
July is the wettest month and January the driest.
Sanctuary is blessed with rain during both South West and North East monoosns.
for booking call : +91 9442201690 
for more details about night halt packages and trekking please visit website https://parambikulam.org
DEPUTY DIRECTOR 
PARAMBIKULAM TIGER RESERVE
Anappady
Thunakadavu
Palakkad DT
Kerala
India
Pin:678661
parambikulamsanctuary@gmail.com
infoatecocare@gmail.com
For More Information
Tel: +91 9442201690, +919442201691,+91 9442201690