| Mathrubhumi - Sanchari POST OF THE WEEK |
 

 

ഭൂമിയുടെ താഴെ പോയതുമുതല്‍ ആഗ്രഹം തുടങ്ങിയതാണ്, മുകളിലേക്കും പറ്റിയാല്‍ ഒന്ന് പോകണമെന്ന്... പക്ഷേ ഭൂമിയുടെ മുകളില്‍ കര ഇല്ല, കടലാണ്. തണുത്തുറഞ്ഞ ആര്‍ട്ടിക് സമുദ്രം. അവിടെ എങ്ങനെ പോകാന്‍ പറ്റും, എന്തൊക്കെ കാണാന്‍ പറ്റും എന്നുള്ള അന്വേഷണം ആയി പിന്നെ....

തിരച്ചില്‍ നിന്നത് ഭൂമിയുടെ ഏറ്റവും മുകളില്‍. അക്ഷാംശ രേഖകള്‍ സംഗമിക്കുന്ന, ഭൂമിയുടെ അച്ചുതണ്ട് ഉപരിതലവുമായി കൂടിച്ചേരുന്ന പോയിന്റില്‍ എത്തിച്ചേരാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് മനസ്സിലായി... ഭൂമിയുടെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഒരു അനുഭവം മനസ്സില്‍ സങ്കല്പിച്ചു നോക്കി. മണിക്കൂറില്‍ 1300 കിലോമീറ്ററില്‍ അധികം വേഗതയില്‍ സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്ന ഭൂമിയില്‍, നിശ്ചലമായ 2 സ്ഥലങ്ങളില്‍ ഒന്ന് .(മറ്റൊന്ന് ഭൂമിയുടെ അച്ചുതണ്ടിന്റെ താഴെ 90 ഡിഗ്രി സൗത്ത്). ഭൂമി നമ്മുടെ കാല്‍ച്ചുവട്ടില്‍. ഭൂമിയിലെ മറ്റെല്ലാം, ജീവജാലങ്ങളും സ്ഥലങ്ങളും നമുക്ക് താഴെ....

അന്വേഷണത്തില്‍ നിന്നും, നോര്‍ത്ത് പോളിലേക്കു പോകാന്‍ രണ്ടു മാര്‍ഗങ്ങള്‍ ആണ് ഉള്ളത് എന്ന് മനസ്സിലായി...

1. ആകാശ മാര്‍ഗം - കാനഡയില്‍നിന്നോ ഫിന്‍ലന്‍ഡില്‍ നിന്നോ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നോര്‍ത്ത് പോളിന് ഏറ്റവും അടുത്തുള്ള ലാന്‍ഡ് സ്റ്റേഷനിലേക്ക് പോകുക. അവിടെ നിന്നു ഒരു ഹെലികോപ്റ്ററില്‍ നോര്‍ത്ത് പോളിലേക്കു പോകുക. എന്നാല്‍ ഇത് റിസ്‌ക് കൂടുതലും മറ്റു വിനോദങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുമായ ഓപ്ഷന്‍ ആണ്. കാരണം ഹെലികോപ്റ്റര്‍ യാത്ര 100 കിലോമീറ്ററില്‍ അധികം വരും. കാലാവസ്ഥ അനുകൂലം അല്ലെങ്കില്‍ നോര്‍ത്ത് പോളില്‍ ഇറങ്ങാന്‍ പറ്റി എന്ന് വരില്ല. മാത്രമല്ല ഇറങ്ങുന്ന സ്ഥലത്തു നിന്നു പിന്നെ പോളിലേക്കു കാല്‍നടയായി യാത്ര ചെയ്യേണ്ടി വരും. 
അല്ലെങ്കില്‍ ( ഐസ് സ്‌കീയിങ്... കാല് ഒടിക്കാന്‍ ഉള്ള ഏറ്റവും എളുപ്പ വഴി...) ഇത്തരം യാത്രകള്‍ സാധാരണ ആര്‍ട്ടിക് മഞ്ഞുകാല സമയങ്ങളില്‍ ആണ് നടത്തുന്നത്. അപ്പോള്‍ കടലില്‍ മഞ്ഞു കട്ടികള്‍ പരമാവധി തണുത്തു ഉറയുകയും സ്‌കീയിങ് സാധ്യമാവുകയും ചെയ്യും. പക്ഷെ മഞ്ഞു കാലങ്ങളില്‍ സൂര്യ പ്രകാശം ലഭ്യമല്ലാത്ത കാരണം വെളിച്ചം വളരെ കുറവായിരിക്കും...

2. കടല്‍ മാര്‍ഗം - ലഭ്യമായതില്‍ റിസ്‌ക് കുറവുള്ളതും, 100% വിജയ സാധ്യത ഉള്ളതും എന്നാല്‍ ചെലവ് കൂടിയതുമായ മാര്‍ഗം ആണ് ഇത്. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് പ്രദേശത്തെ ജീവജാലങ്ങളെ ആസ്വദിക്കാന്‍ പറ്റും എന്നതാണ്. അങ്ങനെ ആ വഴി തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു.

തിരച്ചിലുകള്‍ക്കൊടുവില്‍ രണ്ടു കമ്പനികള്‍ മാത്രമേ നോര്‍ത്ത് പോളിലേക്കു യാത്രകള്‍ നടത്തുന്നുള്ളൂ എന്ന് മനസ്സിലായി. രണ്ടു പേരെയും ബന്ധപ്പെട്ടതില്‍ നിന്നു ഒരു കാര്യം മനസ്സിലായി. അവര്‍ ടൂര്‍ ഓപ്പറേറ്റര്‍ മാത്രമാണ്. റഷ്യന്‍ ഗവര്‍മെന്റിന്റെ ഒരേ കപ്പല്‍ ആണ് രണ്ടു പേരും ഉപയോഗിക്കുന്നത്. അതും ചാര്‍ട്ടര്‍ ചെയ്തു. വര്‍ഷത്തില്‍ അകെ 5 യാത്രക്ക് മാത്രമേ റഷ്യന്‍ ഗവണ്മെന്റ് കപ്പല്‍ വിട്ടു നല്‍കുകയുള്ളൂ.

POSEIDON EXPEDITIONS, QUARK EXPEDITION എന്നിവയാണ് ടൂര്‍ ഓപ്പറേറ്റര്‍സ്, കപ്പലിന്റെ പൂര്‍ണ നിയന്ത്രണവും ഓപ്പറേഷനും കപ്പലിന്റെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും ശക്തി കൂടിയതുമായ ICE BREAKER SHIP ആണ് ഇത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആണ് യാത്രകള്‍.

രണ്ടു ടൂര്‍ ഓപ്പറേറ്ററും സമാനമായ നിരക്കുകള്‍ തന്നെയാണ് എനിക്ക് തന്നത്. റേറ്റ് താങ്ങാന്‍ പറ്റാത്തത് കാരണം യാത്രാസ്വപ്നം തല്ക്കാലം ഉപേക്ഷിച്ചു.

മെയ് അവസാനം എനിക്ക് POSEIDON കമ്പനിയുടെ ഒരു ഇ-മെയില്‍ ലഭിച്ചു. ക്യാന്‍സലേഷന്‍ ഉള്ളതിനാല്‍ അവര്‍ക്കു കുറച്ചു ഒഴിവുകള്‍ ഉണ്ടെന്നും വിലയില്‍ ചെറിയ കിഴിവ് തരാന്‍ സമ്മതമാണെന്നും അറിയിച്ചു കൊണ്ടുള്ള എഴുത്തായിരുന്നു അത്. ഒരു ക്യാബിന്‍ മൊത്തത്തില്‍ എടുത്താല്‍ വീണ്ടും കിഴിവ് തരാന്‍ സാധ്യമാണോ എന്ന് ചോദിച്ചു ഞാന്‍ നിരന്തരം അവരെ വീണ്ടും ശല്യപ്പെടുത്തി കൊണ്ടിരുന്നു. അവസാനം മെയ് അവസാനത്തോടെ ഒരു ക്യാബിന്‍ ബുക്ക് ചെയ്യാന്‍ ഉള്ള തീരുമാനത്തില്‍ എത്തി. പക്ഷെ പരമാവധി 2 പേര്‍ക്ക് മാത്രമേ ഒരു ക്യാബിന്‍ അനുവദനീയമായി ഉള്ളൂ. വലിയ ക്യാബിന്‍ എല്ലാം തന്നെ നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നതിനാല്‍, ആദ്യമായി ഞങ്ങളുടെ ഒരു യാത്രയില്‍ നിന്നും മകളെ ഒഴിവാക്കേണ്ടി വന്നു. പിന്നെ സ്‌കൂള്‍ അവധി ആയതിനാലും ഒരു മാസം നാട്ടില്‍ പോയി നില്‍ക്കണം എന്ന അവളുടെ ആഗ്രഹവും ഈ തീരുമാനം എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. (തിരിച്ചു വന്നിട്ട് അവളെ ഹിമക്കരടിയുടെ വീഡിയോ കാണിക്കുമ്പോള്‍ കിട്ടുന്ന ഇടി കൊള്ളാമെന്നു ഭാര്യയും സമ്മതിച്ചു)

യാത്രക്ക് ചുരുങ്ങിയ ദിവസങ്ങളെ മുന്നില്‍ ഉണ്ടായിരുന്നു ജൂണ്‍ 14 ആയിരുന്നു യാത്ര തീയതി. റഷ്യന്‍ വിസ ലഭിക്കാന്‍ ടൂര്‍ ഓപ്പറേറ്ററുടെയോ ഹോട്ടലിന്റെയോ പ്രത്യേക ഒരു വൗച്ചര്‍ ആവശ്യമാണ്. അത് ലഭിച്ചശേഷം മുന്നോട്ടു അധികം ദിവസങ്ങള്‍ ഇല്ലാത്തതിനാല്‍ URGENT വിസക്ക് വേണ്ടി അപേക്ഷിക്കേണ്ടി വന്നു. 3 ദിവസങ്ങള്‍ക്കു ശേഷം വിസ ലഭിച്ചു. വിമാന യാത്ര ടിക്കറ്റുകള്‍ ഈ ദിവങ്ങളില്‍ ബുക്ക് ചെയ്തു.

North Pole

അങ്ങനെ ജൂണ്‍ 14 വന്നെത്തി. രാവിലെ 2.25 നു ആയിരുന്നു മോസ്‌കൊയിലേക്കുള്ള ഞങ്ങളുടെ വിമാനം. മോസ്‌കൊയില്‍ ടെര്‍മിനല്‍ മാറാന്‍ യാത്രക്ക് വേണ്ടി മാത്രം 1 മുതല്‍ 2 മണിക്കൂര്‍ എടുക്കും. അത് ഒഴിവാക്കാനും ചെലവ് കുറക്കാനും വേണ്ടി റഷ്യന്‍ വിമാനം തന്നെ തിരഞ്ഞെടുത്തു. വിമാനം രാവിലെ 7 മണിയോടെ മോസ്‌കൊയില്‍ എത്തിച്ചേര്‍ന്നു. മറ്റുള്ള രാജ്യങ്ങളിലേക്കാളും കണിശമായ പാസ്‌പോര്ട്ട് പരിശോധന ആണ് റഷ്യയില്‍. ഇന്ത്യക്കാര്‍ ആയതുകൊണ്ടാവണം കുറച്ചു സമയം എടുത്തെങ്കിലും അധികം ചോദ്യങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ പരിശോധന കഴിഞ്ഞു. ഞങ്ങള്‍ അടുത്ത വിമാനത്തിന് വേണ്ടി ആഭ്യന്തര വിമാന ടെര്‍മിനലിലേക്കു നടന്നു. 'MURMANSK' എന്ന റഷ്യയുടെ വടക്കേ അറ്റത്തുള്ള ഒരു പ്രദേശത്തേക്കാണ് അടുത്ത യാത്ര, 2 മണിക്കൂറില്‍ കൂടുതല്‍ എടുക്കും അവിടെ എത്താന്‍. ഉച്ചക്ക് ശേഷം വിമാനം കയറിയ ഞങ്ങള്‍ വൈകുന്നേരത്തോടെ 'MURMANSK' ല്‍ എത്തിച്ചേര്‍ന്നു.

വിമാനത്താവളത്തിന് വെളിയില്‍ തന്നെ ടൂര്‍ ഓപ്പറേറ്റര്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ വിമാനത്തില്‍ കൂടുതലും ഈ യാത്രക്കായി വന്നവര്‍ തന്നെ ആയിരുന്നു. അവരുടെ ബസ്സില്‍ നഗര മധ്യത്തിലേക്കു യാത്രയായി. നഗര ഹൃദയത്തിലെ വലിയ ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. ഇന്നത്തെ രാത്രി ഇവിടെയാണ്. നാളെയാണ് കപ്പല്‍ യാത്ര ആരംഭിക്കുന്നത്. സീ പോര്‍ട്ടിലും കപ്പലിലും വളരെ ശക്തമായ സുരക്ഷാ പരിശോധനകള്‍ ആണ് ഉള്ളത്. അതിനാല്‍ ഞങ്ങളുടെ ലഗേജ് എല്ലാം തന്നെ അന്ന് രാത്രി ടൂര്‍ ഓപ്പറേറ്ററിന് കൈമാറേണ്ടി വന്നു. പിറ്റേന്ന് രാവിലെ 8 മണിക്ക് ടൂര്‍ ലീഡര്‍ ഹോട്ടലില്‍ എല്ലാ യാത്രക്കാരുടെയും ആദ്യ യോഗം വിളിച്ചു. ഞങ്ങള്‍ക്ക് പോര്‍ട്ടില്‍ പ്രവേശിക്കുന്നതിനെയും ഷിപ്പില്‍ കയറുന്നതിനും ഉള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തന്നു. 23 രാജ്യങ്ങളില്‍ നിന്നായി ആകെ 120 യാത്രക്കാരാണ് ഉള്ളത്. പകുതിയില്‍ ഏറെ ചൈനയില്‍നിന്നും തായ്‌വാനില്‍ നിന്നും ഉള്ളവര്‍. ഗ്രൂപ്പ് തിരിച്ചാണ് സീപോര്‍ട്ടിലേക്കുള്ള പ്രവേശനം.. ഞങ്ങളുടെ ഗ്രൂപ്പിന് വൈകുന്നേരം 3 മണിക്കാണ് ബസ്സില്‍ കയറാനുള്ള സമയം. അതിനാല്‍ കാഴ്ചകള്‍ കാണാന്‍ വേണ്ടി ഞങ്ങള്‍ പുറത്തേക്കു ഇറങ്ങി.

വടക്കേ ധ്രുവ പ്രദേശത്തിനടുത്തു സ്ഥിതിചെയ്യുന്ന മനോഹരമായ ഏറ്റവും വലിയ കടലോര പട്ടണമാണ് 'MURMANSK' യൂറോപ്യന്‍ രാജ്യങ്ങളുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റഷ്യന്‍ പട്ടണം എന്ന നിലയില്‍ സൈനികമായി റഷ്യയുടെ തന്ത്ര പ്രധാനമായ മേഖലാണ്. എപ്പോഴും നല്ല തണുത്ത കാലാവസ്ഥയാണ്. വര്‍ഷത്തില്‍ 8 മാസത്തോളം ഇവിടെ മഞ്ഞു മൂടി കിടക്കും. ജൂലൈ ആഗസ്ത് മാസങ്ങളില്‍ ആണ് വേനല്‍ക്കാലം. അപ്പോള്‍ പരമാവധി 20 ഡിഗ്രി ആണ് താപനില. പകല്‍ 20 മുതല്‍ 22 മണിക്കൂര്‍ വരെയും. പുറത്തു സാമാന്യം നല്ല കാറ്റും തണുപ്പും ഉണ്ടായിരുന്നു. 15 ഡിഗ്രി ആയിരുന്നു അന്നത്തെ താപനില. ആള്‍ക്കാരും കടക്കാരും എല്ലാം റഷ്യന്‍ ഭാഷ മാത്രമേ സംസാരിക്കൂ. എല്ലാ എഴുത്തുകളും പരസ്യങ്ങളും എല്ലാം റഷ്യന്‍ ഭാഷയില്‍.., മഞ്ഞ 'എം' കണ്ടതുകൊണ്ടു കട മക് ഡൊണാള്‍ഡ്‌സ് ആണെന്ന് മനസ്സിലായി. പക്ഷെ ചിക്കന്‍ ബര്‍ഗര്‍ മേടിക്കാന്‍ പടം കാണിച്ചു കൊടുക്കേണ്ടി വന്നു. ഇംഗ്ലീഷ് ആര്‍ക്കും അറിയില്ല. അവര്‍ക്കു ആവശ്യവുമില്ല. കാണാന്‍ ഒരുപാട് ഉണ്ടെങ്കിലും സമയക്കുറവ് കാരണം സിറ്റി ചെറുതായി ചുറ്റി കറങ്ങി ഞങ്ങള്‍ തിരിച്ചു ഹോട്ടലില്‍ എത്തി, യാത്രക്ക് തയ്യാറെടുത്തു.

3 മണിയോടെ ഞങ്ങളുടെ ഊഴം എത്തി. മുന്‍ നിശ്ചയിച്ച പ്രകാരം ഞങ്ങള്‍ ബസ്സില്‍ പോര്‍ട്ട് ലക്ഷ്യമാക്കി യാത്ര തുടങ്ങി ഏകദേശം 30 മിനിറ്റ് വേണം പോര്‍ട്ടില്‍ എത്താന്‍. പോകുന്ന വഴി ഞങ്ങള്‍ക്ക് 'MURMANSK ' ലെ റഷ്യന്‍ വാര്‍ മ്യൂസിയം സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഓര്‍മക്കു സ്ഥാപിച്ചതാണ് ഇത്. 300 മീറ്ററില്‍ അധികം ഉയരമുള്ള 'തോക്കേന്തി നില്‍ക്കുന്ന ഒരു സൈനികന്റെ' പ്രതിമയാണ് ഇത്. ഒരു കുന്നിന് മുകളിലായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ സിറ്റിയും സീ പോര്‍ട്ടും മുഴുവനായി കാണാന്‍ സാധിക്കും. 15 മിനിറ്റ് അവിടെ ചിലവഴിച്ച ശേഷം ബസ്സ് സീപോര്‍ട്ടിലേക്കു യാത്ര തുടര്‍ന്നു.

ബസ്സ് സീപോര്‍ട്ടില്‍ എത്തി. റഷ്യയുടെ ആണവ കപ്പലുകള്‍ക്ക് വേണ്ടി മാത്രമുള്ള പോര്‍ട്ട് ആണ് ഇത്.പോര്‍ട്ട് നിയന്ത്രിക്കുന്നത് റഷ്യന്‍ ഗവണ്‍മെന്റ് നേരിട്ടാണ്. ഫോട്ടോഗ്രാഫി കര്‍ശനമായി നിരോധിച്ചിരിക്കുന്നു (ബസ്സില്‍ നിന്ന് ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുത്താല്‍ പോലും കാമറ അവര്‍ കൊണ്ട് പോകുമെന്നും മാത്രമല്ല യാത്രയും മുടങ്ങുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ ടൂര്‍ ലീഡറുടെ മുന്നറിയിപ്പ് കിട്ടിയതിനാല്‍ ആ പണിക്കു പോയില്ല). ലോകത്തിലെ സിവിലിയന്മാര്‍ക്കു പ്രവേശനം ഉള്ള ഒരേ ഒരു ആണവ തുറമുഖം. അതും ഈ ഒരു യാത്രക്ക് വേണ്ടി മാത്രം ആണ് അവര്‍ അത് അനുവദിച്ചിരിക്കുന്നത്. ബസ്സില്‍ നിന്നു ഇറങ്ങാന്‍ ഉള്ള അറിയിപ്പ് കിട്ടി. ബസ്സ് മെറ്റല്‍ ഡിറ്റക്ടറിന്റെ മുന്നിലായി നിന്നു. ബസ്സില്‍ നിന്നു ഇറങ്ങിയത് മെറ്റല്‍ ഡിറ്റക്ടറിന് മുന്നിലേക്ക്. 2 ഉദ്യോഗസ്ഥരുടെ ചെക്കിങ്, പാസ്‌പോര്‍ട്ട് എടുത്തു മുഖം ഒത്തു നോക്കി. രണ്ടു പേര് ചെക്ക് ചെയ്യും. അവരുടെ മറ്റു എന്തോ രേഖകളുമായി ഒത്തു നോക്കും. അതിനു ശേഷം വിമാനത്താവളത്തിലെ പോലെ ഹാന്‍ഡ്ബാഗ് സ്‌ക്രീനിങ്. പിന്നെ മറ്റൊരു സ്ഥലത്തു കൈപ്പത്തിയുടെ സ്‌കാനിങ്. ഇതെല്ലം കഴിഞ്ഞു നേരെ ഞങ്ങളെ കപ്പലിന്റെ പടിവാതിലില്‍ കൊണ്ട് ചെന്ന് വിടും. മറ്റെങ്ങോട്ടും തിരിഞ്ഞു നോക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ല.

ഞങ്ങള്‍ കപ്പലിലേക്ക് കയറി. പുറമെ നിന്ന് കണ്ടപ്പോള്‍ തന്നെ മനസ്സിലായി വളരെ ഭീമാകാരമായ ഒരു കപ്പലാണെന്ന്. ഞങ്ങളുടെ ക്യാബിനിലേക്കു കപ്പല്‍ ജോലിക്കാര്‍ ഞങ്ങളെ ആനയിച്ചു. ക്യാബിനില്‍ ഞങ്ങളുടെ ലഗേജ് എത്തിച്ചിട്ടുണ്ടായിരുന്നു. കപ്പല്‍ പുറപ്പെടാന്‍ ഇനിയും 2 മണിക്കൂര്‍ ബാക്കി ഉണ്ട്. കപ്പലിന്റെ മാപ്പും എടുത്തുകൊണ്ടു നേരെ കപ്പലിന്റെ മുകളിലെ ഡെക്കിലേക്കു പോയി. ക്യാബിനുകള്‍ മാത്രം 5 നിലയുണ്ട്. മുകളിലേക്ക് 2 നില വേറെയും. (അവിടെ ഉണ്ടായിരുന്ന കപ്പല്‍ ജീവനക്കാരനോട് ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു. കപ്പല്‍ യാത്ര തുടങ്ങിയാല്‍ എടുത്തു കൊള്ളാന്‍ പറഞ്ഞു.) ഞങ്ങളുടെ കപ്പലിന്റെ തൊട്ടടുത്തായി റഷ്യയുടെ ആണവ വിമാന വാഹിനി കപ്പല്‍ കിടന്നിരുന്നു. അതിന്റെ മുകളില്‍ സൈനികരുടെ എന്തോ പരേഡും മറ്റും നടക്കുന്നത് കാണാമായിരുന്നു.

North Pole

6 മണിയോടെ രണ്ടു ടഗ് ബോട്ടുകള്‍ ഞങ്ങളുടെ കപ്പലിന് അടുത്തെത്തി (കപ്പലിനെ പോര്‍ട്ടില്‍ നിന്നും കടലിലേക്ക് വലിച്ചു നീക്കുന്ന ബോട്ടുകള്‍ ആണ് ഇവ). അവ കപ്പലിന്റെ ഒരു വശത്തു ബന്ധിച്ചു കപ്പലിനെ വലിച്ചു നീക്കി തുടങ്ങി. ഞാന്‍ ഫോട്ടോഗ്രാഫി തുടങ്ങി. 15 മിനിറ്റുകൊണ്ട് അവ കപ്പലിനെ പോര്‍ട്ട് സൈഡില്‍ നിന്നു മധ്യത്തേക്കു മാറ്റി. കപ്പല്‍ ഹോണ്‍ മുഴക്കി അതിന്റെ യാത്ര തുടങ്ങി. പോര്‍ട്ടിന് ഒരു വശം നിറയെ ആണവ ഐസ് ബ്രേക്കര്‍ കപ്പലുകള്‍ നിരത്തി ഇട്ടിട്ടുണ്ടായിരുന്നു. പ്രവര്‍ത്തിക്കുന്നവയും, കാലാവധി കഴിഞ്ഞവയും. മറുവശം ആയിരുന്നു കാഴ്ച. റഷ്യയുടെ പടക്കപ്പലുകളുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ടായിരുന്നു. 40 ല്‍ കുറയാത്ത എണ്ണം വരും അവ. ഒരു ആണവ അന്തര്‍വാഹിനി കടല്‍പരപ്പില്‍ കിടക്കുന്നതും കാണാന്‍ സാധിച്ചു.

North Pole

ഞങ്ങളുടെ അപ്പോഴത്തെ പൊസിഷന്‍ ('Murmansk Atomflot' ) 68.97 ഡിഗ്രി നോര്‍ത്ത് ആയിരുന്നു. അവിടെ നിന്നും 90 ഡിഗ്രി നോര്‍ത്ത് എത്താന്‍ ഏകദേശം 2300 കിലോമീറ്റര്‍ സഞ്ചരിക്കണം.

ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ട ദൂരം ഏകദേശം 21 ഡിഗ്രി വടക്കോട്ടു (90 - 68.97 = 21.03), ഒരു ഡിഗ്രി എന്ന് പറയുന്നത് 60 നോട്ടിക്കല്‍ മൈല്‍ ആണ്. അപ്പോള്‍ അകെ സഞ്ചരിക്കേണ്ട ദൂരം = 21 x 60 = 1260 നോട്ടിക്കല്‍ മൈല്‍. ഒരു നോട്ടിക്കല്‍ മൈല്‍ = 1.852 കിലോമീറ്റര്‍. അങ്ങനെ ആകെ സഞ്ചരിക്കേണ്ട ദൂരം = 1260 x 1.852 = 2333 കിലോമീറ്റര്‍... 

North Pole

കപ്പലിന്റെ കടലിലെ പരമാവധി വേഗത 19 നോട്ടിക്കല്‍ മൈല്‍ ആണ്. പക്ഷെ മഞ്ഞു പാളികളുടെ കട്ടി കൂടുംതോറും വേഗത കുറക്കേണ്ടി വരും. 2 മീറ്ററില്‍ കൂടിയ മഞ്ഞു പാളികളിലൂടെ പരമാവധി 7-8 നോട്ടിക്കല്‍ മൈല്‍ വേഗത മാത്രമേ കപ്പലിന് ലഭ്യമാവുകയുള്ളൂ. അതിനാല്‍ നോര്‍ത്ത് പോളില്‍ എത്തുന്ന സമയം കൃത്യമായി പറയാന്‍ സാധിക്കില്ല. 3 മുതല്‍ 5 വരെ ദിവസങ്ങള്‍ വേണ്ടി വരും എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ.

കപ്പലിലെ എല്ലാ ആള്‍ക്കാരും നിര്ബന്ധമായി പങ്കെടുക്കേണ്ട എമര്‍ജന്‍സി ഡ്രില്ലിന് ശേഷം കപ്പലിന്റെ ക്യാപ്റ്റന്റെ വെല്‍ക്കം പാര്‍ട്ടിയിലേക്ക് വരാന്‍ ഉള്ള നിര്‍ദ്ദേശം കിട്ടി. ഞങ്ങളുടെ ടൂര്‍ ഓപ്പറേറ്റര്‍ ലീഡര്‍ ക്യാപ്റ്റനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അദ്ദേഹം കപ്പലിന്റെ ചീഫ് എഞ്ചിനീയറെയും (ചീഫ് എന്‍ജിനീയര്‍ക്കു ആണ് കപ്പലിന്റെ ആണവ റിയാക്ടറിന്റെയും എന്‍ജിന്‍ ഓപ്പറേഷന്റെയും ചുമതല) മറ്റു ഓഫീസര്‍മാരെയും പരിചയപ്പെടുത്തി. ഷാംപെയ്ന്‍ പാര്‍ട്ടിയോടെ ആണ് ചടങ്ങു അവസാനിച്ചത്.

North Pole

ഒരു മണിക്കൂറിനുള്ളില്‍ കപ്പല്‍ പുറം കടലില്‍ പ്രവേശിച്ചു. വളരെ വലിപ്പം കൂടിയ കപ്പല്‍ ആയതിനാലും കടല്‍ താരതമ്യേനെ ശാന്തമായതിനാലും, ചെറിയ രീതിയില്‍ ഉള്ള ഇളക്കം മാത്രമേ കപ്പലിന് അനുഭവപ്പെട്ടുള്ളൂ. ഈ കപ്പല്‍ സാഹസിക യാത്രക്ക് വേണ്ടിയുള്ളതല്ല, റഷ്യന്‍ ഗവണ്‍മെന്റിന്റെ വര്‍ക്കിങ് ഷിപ്പ് ആണ്. കപ്പലിലെ ഉദ്യോഗസ്ഥരുടെ കാബിനുകളില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഞങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. (ഈ രണ്ടു മാസം കപ്പല്‍ ഉദ്യോഗസ്ഥര്‍ താഴെ തട്ടിലുള്ള ജോലിക്കാരുടെ കൂടെ അവരുടെ കാബിനുകളില്‍ ആണ് താമസിക്കുന്നത്). വര്‍ക്കിങ് ഷിപ്പ് ആണെങ്കിലും എല്ലാ വിധ സൗകര്യങ്ങളും ഉള്ള കപ്പല്‍ ആണ്. ജിം. സ്വിമ്മിങ് പൂള്‍, ബാര്‍, ലൈബ്രറി, സലൂണ്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു.

North Pole

ഓരോ ദിവസവും കപ്പല്‍ കടന്നുപോകുന്ന റൂട്ടും പോകുന്ന വഴിക്കു എന്തൊക്കെ കാണാന്‍ സാധിക്കും എന്നും ഓരോ ദിവസത്തെയും മറ്റു പരിപാടികള്‍ എന്നിവ സംബന്ധിച്ച കുറിപ്പുകള്‍ എല്ലാ ദിവസവും വൈകുന്നേരം നമ്മുടെ ക്യാബിന്റെ ഡോര്‍ പോക്കറ്റില്‍ ഉണ്ടാവും. എല്ലാ ദിവസങ്ങളിലും കുറഞ്ഞത് മൂന്നു വിജ്ഞാനപ്രദമായ ക്‌ളാസുകള്‍ എങ്കിലും ഉണ്ടായിരിക്കും.

പിറ്റേ ദിവസം ഉച്ചയോടെ കപ്പല്‍ ഐസ് ഫീല്‍ഡിലേക്കു പ്രവേശിച്ചു തുടങ്ങി. സാധാരണ ഐസ് ക്‌ളാസ് കപ്പലുകളില്‍ നിന്ന് വിഭിന്നമായി വേഗത ഒട്ടും കുറക്കാതെ തന്നെയാണ് മഞ്ഞു പാളികളെ കീറി മുറിച്ചുകൊണ്ട് കപ്പല്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. രാത്രിയോ പകലോ എന്ന വ്യത്യാസം മനസ്സിലാക്കാന്‍ ക്‌ളോക്ക് നോക്കേണ്ടി വന്നു. 24 മണിക്കൂറും ഒരേപോലെയുള്ള സൂര്യപ്രകാശം ലഭ്യമായി തുടങ്ങി. ചിലപ്പോള്‍ മഞ്ഞു കാരണം ഉള്ള പുകമറ കാരണം കാഴ്ചകള്‍ മങ്ങും എന്നത് ഒഴിച്ചാല്‍ ഇരുട്ടിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു (മടക്ക യാത്രയില്‍ വിമാനത്തില്‍ വച്ച് മാത്രമാണ് 12 ദിവസത്തിനു ശേഷം ഇരുട്ട് കാണാന്‍ പറ്റിയത്). 

പുറത്തെ കാലാവസ്ഥ മൈനസ് ലെവലിലേക്കു താഴ്ന്നു. സഹിക്കാനാവാത്ത കാറ്റും തണുപ്പും കാരണം പുറത്തു അധികം നില്ക്കാന്‍ പറ്റാത്ത അവസ്ഥയായി. വൈവിധ്യമാര്‍ന്ന പക്ഷികളുടെ ആവാസ സ്ഥലമാണ് ആര്‍ട്ടിക് മേഖല. യാത്രയില്‍ ഉടനീളം അപൂര്‍വമായ പക്ഷികളെ കാണാന്‍ പറ്റി. കപ്പലിന് പുറകുവശത്തായി മത്സ്യത്തിനായി അവ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു.

പിറ്റേദിവസം വെളുപ്പിന് 4 മണിക്ക് ടൂര്‍ ലീഡറിന്റെ അറിയിപ്പ് കേട്ടാണ് ഉറക്കമുണര്‍ന്നത്. രണ്ടു ധ്രുവക്കരടികള്‍ കപ്പലിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. കേട്ടപാടെ വിന്റര്‍ ജാക്കറ്റും എടുത്തു ക്യാമറയുമായി കപ്പലിന്റെ മുന്‍വശത്തെ ഡെക്കിലേക്കു ഓടി. അവിടെ ചെന്നപ്പോള്‍ ഏകദേശം കപ്പലിലുള്ള എല്ലാ ആള്‍ക്കാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു. കപ്പലിന് താഴെയായി മഞ്ഞു കട്ടകള്‍ക്കു നടുവിലായി തൊട്ടടുത്ത് രണ്ടു ധ്രുവക്കരടികള്‍ ഞങ്ങളെ തന്നെ ശ്രദ്ധിച്ചു നടക്കുകയും ചെറുതായി മുരളുകയും ചെയ്യുന്നുണ്ടായിരുന്നു. ചെറിയ മഞ്ഞു കട്ടകള്‍ക്കു അവയുടെ ഭാരം താങ്ങാന്‍ പറ്റാത്തത് കാരണം അവ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു ചാടിയും വെള്ളത്തിലൂടെ നീന്തിയും ഞങ്ങള്‍ക്ക് ചുറ്റും കറങ്ങി. ഭക്ഷണം തേടി വന്നവയായിരുന്നു അവര്‍.

North Pole

ലോകത്തിലെ മാംസഭോജിയായ ഏറ്റവും വലിയ ജീവികളാണ് ധ്രുവ കരടികള്‍. പൂര്‍ണ വളര്‍ച്ച എത്തിയ ധ്രുവ കരടിക്കു 650 കിലോയോളം ഭാരം ഉണ്ടാകും. ഇത്രയും ഭാരം ഉണ്ടെങ്കിലും മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍വരെ അവയ്ക്കു നീന്താന്‍ കഴിയും. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ കാലാവസ്ഥയില്‍ ജീവിക്കുന്ന ഇവക്കു കാര്യമായ ഭീഷണികള്‍ ഒന്നും തന്നെ ഇല്ല. ഇവയ്ക്കുള്ള ഒരേ ഒരു ഭീഷണി മനുഷ്യന്‍ സൃഷ്ടിക്കുന്ന ആഗോള താപനം ആണ്. അതുമൂലം വര്‍ഷം തോറും മഞ്ഞു കുറഞ്ഞുവരികയും ഇവയുടെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാവുകയും ചെയ്യുന്നു. വേനല്‍ക്കാലം ആകുമ്പോള്‍ ചുറ്റുമുള്ള മഞ്ഞു ഉരുകുകയും ജീവന്‍ നിലനിര്‍ത്താനും ഭക്ഷണത്തിനുമായി കൂടുതല്‍ തണുത്തുറഞ്ഞ പ്രദേശങ്ങളിലേക്കു നീന്തി പോകേണ്ടിയും വരുന്നു. ഇത്രയും ദുഷ്‌കരമായ കാലാവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അപാരമായ കഴിവുകള്‍ ആണ് ദൈവം ഇവയ്ക്കു നല്‍കിയിരിക്കുന്നത് . 30 കിലോമീറ്റര്‍ ദൂരത്തുള്ള ജീവികളെപോലും മണത്തു കണ്ടുപിടിക്കാന്‍ ഇവക്കു പറ്റും. അതുപോലെ മഞ്ഞുപാളികള്‍ക്കു അടിയില്‍ കിടക്കുന്ന 'സീല്‍' -നെ വരെ ഇവക്കു മണത്തു കണ്ടുപിടിക്കാന്‍ പറ്റും. മഞ്ഞുപാളികള്‍ക്കടിയില്‍ സീല്‍ ഉണ്ടെന്നു മനസ്സിലായാല്‍ ഇവ കുറച്ചു ദൂരത്തേക്ക് മാറി നില്‍ക്കും. സീല്‍ എപ്പോഴെങ്കിലും മഞ്ഞിന് മുകളില്‍ വരുമ്പോള്‍ ആക്രമിച്ചു കീഴ്‌പെടുത്തും, ഇതാണ് ഇവയുടെ രീതി. ചില സമയങ്ങളില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഇങ്ങനെ ഇവ ഒരേ നില്‍പ്പ് നില്‍ക്കാറുണ്ട്. ഇവയുടെ പ്രധാന ഭക്ഷണം 'കടല്‍ സീല്‍' ആണ്. ലഭ്യതയുടെ കുറവും, പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ഉള്ള ബുദ്ധിമുട്ടും കാരണം (ഇവയെ കണ്ടാല്‍ ഉടന്‍ ' സീല്‍ ' കടലിനടിയിലേക്കു നീന്തി രക്ഷപെടും) ആഹാരം കണ്ടുപിടിക്കുക ഇവയ്ക്കു ശ്രമകരമായ ജോലിയാണ്. ദിവസേന 50 മുതല്‍ 100 കിലോമീറ്റര്‍ വരെ നീന്തിയാണ് ഇവ ആഹാരം കണ്ടുപിടിക്കുന്നത് (തുടര്‍ച്ചയായി 680 കിലോമീറ്ററോളം നീന്തിയ ധ്രുവക്കരടിയുടെ പേരിലാണ് ഇവരിലെ നീന്തല്‍ റെക്കോര്‍ഡ്). തണുപ്പ് ചെറുക്കുന്നതിനായി വളരെയേറെ കട്ടിയുള്ള പുറംതൊലിയാണ് ഇവക്കുള്ളത്. അന്തരീക്ഷ താപനില -45 ഡിഗ്രിയില്‍പോലും ശരീര ഊഷ്മാവ് 37 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ ഇവക്കു കഴിയും.

North Pole

കുറച്ചു നേരം കപ്പലിനുചുറ്റും കറങ്ങിയിട്ട് ഒന്നും കിട്ടാത്തില്‍ പ്രതിക്ഷേധിച്ച് ഞങ്ങളെ നോക്കി ചെറിയ രീതിയില്‍ അലറിയിട്ടു ഭക്ഷണം അന്വേഷിച്ചു അവര്‍ അവരുടെ യാത്ര തുടര്‍ന്നു. ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യത്തിലേക്കും. അന്നേദിവസം തന്നെ ഉച്ചക്ക് ശേഷം വീണ്ടും ഞങ്ങള്‍ക്ക് അറിയിപ്പ് കിട്ടി, ഇത്തവണ അമ്മയും ഒരു വയസ്സുപോലും പ്രായമാകാത്ത 2 കരടി കുഞ്ഞുങ്ങളുമായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍. കുറുമ്പുകാട്ടിയും തമ്മില്‍ അടി കൂടിയും എന്നാല്‍ 'അമ്മ നോക്കുന്ന മാത്രയില്‍ തന്നെ വളരെ നല്ലകുട്ടികളായി അമ്മയുടെ അടുത്തേക്ക് ഓടി എത്തുന്ന കുഞ്ഞുങ്ങള്‍. കാണേണ്ട കാഴ്ച തന്നെയാണ്. ഏകദേശം പത്തു മിനിറ്റോളം അവയുടെ അടുത്ത് നിന്ന ശേഷം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

അന്ന് രാത്രിയോടെ കപ്പല്‍ കട്ടികൂടിയ മഞ്ഞുപാളികളിലേക്കു പ്രവേശിച്ചു തുടങ്ങി. നാലുവശവും തണുത്തുറഞ്ഞ വിള്ളലുകള്‍ ഇല്ലാത്ത കോണ്‍ക്രീറ്റ് ചെയ്തപോലെ കിടക്കുന്ന മഞ്ഞുപാളി (ഇതിനെ ARCTIC OCEAN CAP എന്നാണ് അറിയപ്പെടുന്നത് ) ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ട ദൂരത്തിന്റെ പകുതി പോലും എത്തിയിരുന്നില്ല അപ്പോള്‍. കപ്പലിന്റെ വേഗത 8 നോട്ടിക്കല്‍ മൈലിനും താഴെ ആയി. മഞ്ഞുപാളികള്‍ നിര്‍ദാക്ഷിണ്യം കീറിമുറിച്ചും ചതച്ചരച്ചും കപ്പല്‍ അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു കൊണ്ടിരുന്നു. ഭീമാകാരമായ മഞ്ഞുപാളികള്‍ കപ്പലിന്റെ രണ്ടു വശത്തും ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്നു. കപ്പലിനുള്ളില്‍ ഇതിന്റെ പ്രകമ്പനം വ്യക്തമായി അറിയാന്‍ സാധിക്കും. ചിലപ്പോള്‍ കപ്പല്‍ നന്നായി കുലുങ്ങുകയും ആടി ഉലയുകയും ചെയ്തു...

North Pole

North Pole

പിറ്റേ ദിവസം രാവിലെയും ഇതുതന്നെയായിരുന്നു അവസ്ഥ. നാലുചുറ്റും മഞ്ഞുമാത്രം. കപ്പല്‍ മഞ്ഞുപാളികളിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുകൊണ്ടു സമയം ചിലവഴിച്ചു. പുറത്തെ അതി കഠിനമായ തണുപ്പും കാറ്റും കാരണം അധിക നേരം നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ. ഉച്ച കഴിഞ്ഞപ്പോള്‍ കാറ്റു കുറഞ്ഞു. ഹെലികോപ്റ്റര്‍ റൈഡിങ്ങിനുള്ള അവസരം തയ്യാറാണെന്ന് അറിയിപ്പ് വന്നു. അഞ്ചു പേരെയാണ് ഹെലികോപ്റ്ററില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുക. ഓരോ ഗ്രൂപ്പിനും 15 മിനിറ്റ് യാത്ര ലഭിക്കും. കപ്പല്‍ അതിന്റെ സഞ്ചാരം തുടര്‍ന്നുകൊണ്ട് ഇരിക്കും. അപ്പോള്‍ തന്നെയാണ് ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതും. ഞങ്ങളുടെ ഊഴമായി, പുറകിലെ സീറ്റിലാണ് ഞങ്ങള്‍ക്ക് അവസരം കിട്ടിയത് വളരെ സിമ്പിള്‍ ആയി സൈക്കിള്‍ ഓടിക്കുന്ന ലാഘവത്തോടെ പൈലറ്റ് ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്തു. കപ്പലിന് ചുറ്റും ഹെലികോപ്റ്റര്‍ 4 തവണ വട്ടമിട്ടു പറന്നു 2 തവണ അടുത്ത് കൂടെയും 2 തവണ വളരെ ദൂരത്തിലൂടെയും. കപ്പല്‍ മഞ്ഞുപാളികളെ കീറി മുറിച്ചുകൊണ്ട് പോകുന്ന കാഴ്ച വളരെ മനോഹരമായി കാണാന്‍ കഴിയും. കിട്ടിയ സമയത്തു ചിത്രങ്ങള്‍ എടുത്തു. 15 മിനിറ്റ്, 15 സെക്കന്റ് പോലെ കടന്നു പോയി. ഹെലികോപ്റ്റര്‍ തിരിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലിന്റെ നിര്‍ദിഷ്ട സ്ഥാനത്തു യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ പെട്ടന്ന് തന്നെ ലാന്‍ഡ് ചെയ്തു.

North Pole

അന്ന് ഉച്ചക്കുശേഷം കപ്പലിന്റെ ചീഫ് എഞ്ചിനീയര്‍ ഞങ്ങള്‍ക്ക് കപ്പലിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വളരെ വിശദമായ വിവരണവും കപ്പലിന്റെ എന്‍ജിന്‍ റൂമും മറ്റു പ്രവര്‍ത്തനങ്ങളും കാണാന്‍ ഉള്ള അവസരവും അനുവദിച്ചു. ലോകത്തിലെ ഏറ്റവും വലുതും ശക്തികൂടിയതുമായ ഐസ് ബ്രേക്കര്‍ കപ്പലാണ് ഇത്. 2007 ല്‍ ആണ് ഇത് പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജെര്‍മനിയുടെ നാസി പടയെ കീഴടക്കിയതിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഓര്‍മ്മക്കായാണ് കപ്പലിന് '50 LET POBEDDY' ( ഇംഗ്ലീഷില്‍ '50 YEARS OF VICTORY') എന്ന പേര് നല്‍കിയത്. 159 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 45 മീറ്റര്‍ ഉയരവും ഉള്ള കപ്പലിന്റെ ഡ്രാഫ്റ്റ് 11 മീറ്റര്‍ ആണ് (കപ്പലിന്റെ വെള്ളത്തിന് അടിയിലേക്കുള്ള ഭാഗത്തെ അളവ്), 54 മില്ലിമീറ്റര്‍ കനമുള്ള സ്റ്റീല്‍ പാളികള്‍ ഉപയോഗിച്ച് ഇരട്ട ചേംബര്‍ ആയാണ് കപ്പലിന്റെ പുറം പാളി നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും പുറമെ സ്‌റ്റൈന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുള്ള പുറം ചട്ടയും. മൂന്ന് ഭീമാകാരമായ പ്രൊപ്പല്ലറുകളാണ് കപ്പലിനെ മുന്നോട്ടു ചലിപ്പിക്കുന്നത് (ഇതിന്റെ 3 സ്‌പെയര്‍ പ്രൊപ്പല്ലര്‍ കപ്പലിന്റെ ഡെക്കില്‍ സൂക്ഷിച്ചിരിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ കടലില്‍ വച്ച് തന്നെ പ്രൊപ്പല്ലറുകള്‍ മാറ്റാനുള്ള സംവിധാനവും അതിനുവേണ്ട ഡൈവര്‍ ജോലിക്കാരുമായാണ് ആയാണ് കപ്പല്‍ സഞ്ചരിക്കുന്നത്).

North Pole

25,000 ടണ്‍ ആണ് കപ്പലിന്റെ ഭാരം. യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന രണ്ടു ആണവ റിയാക്ടറുകളാണ് ഇതിനു കരുത്തു പകരുന്നത്. 74,000 ഹോഴ്‌സ് പവറാണ് കപ്പലിന്റെ ശക്തി. 5 മീറ്റര്‍ വരെ കട്ടി ഉള്ള മഞ്ഞുപാളികള്‍ കീറിമുറിച്ചു കൊണ്ട് യാത്ര ചെയ്യാന്‍ ഇതിനു കഴിയും. ഇതിന്റെ ഐസ് ക്‌ളാസ് റേറ്റിങ് 'LL-1' ആണ് (Highest Possible Rating ആണ് LL-1) . പരമാവധി വേഗത 20 നോട്ടിക്കല്‍ മൈല്‍. ഒരു ദിവസത്തെ പരമാവധി ഇന്ധന ഉപയോഗം 200 ഗ്രാം ആണ്. അതിനാല്‍ ഒരിക്കല്‍ ഇന്ധനം നിറച്ചു കഴിഞ്ഞാല്‍ 5 വര്‍ഷം കഴിഞ്ഞു മാത്രമേ പിന്നെ ഇന്ധനത്തെ കുറിച്ച് ചിന്തിക്കേണ്ട അവസ്ഥ ഉള്ളൂ. ചോദ്യങ്ങള്‍ക്ക് എല്ലാം വളരെ വ്യക്തമായ മറുപടികള്‍ ലഭിച്ചു. രണ്ടു റിയാക്ടറും എപ്പോഴും പ്രവര്‍ത്തന സജ്ജമായിരിക്കും പക്ഷെ പരമാവധി രണ്ടു റിയാക്ടറിന്റെയും 70% ല്‍ കൂടുതല്‍ ശക്തി ഉപയോഗിക്കേണ്ട ആവശ്യം കപ്പലിന് വരാറില്ല (ഞങ്ങളുടെ യാത്രയില്‍ ഏറ്റവും കട്ടികൂടിയ മഞ്ഞുപാളികളിലൂടെ കടന്നു പോയപ്പോള്‍ പോലും ഒരു റിയാക്ടര്‍ 60% -വും മറ്റേതു 40% -വും ആണ് പ്രവര്‍ത്തിച്ചിരുന്നത്). അതുപോലെ കപ്പലിലെ ടര്‍ബൈനുകള്‍, ജനറേറ്ററുകള്‍, കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന ഡീ സാലിനേറ്റര്‍ എന്നീ യന്ത്രങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് വിവരണങ്ങള്‍ ലഭിച്ചു. ഇവയെല്ലാം തന്നെ ഒന്നില്‍ കൂടുതല്‍ കപ്പലില്‍ ഉണ്ടായിരുന്നു (ഒരെണ്ണം പ്രവര്‍ത്തനം നിലച്ചാല്‍ പോലും മറ്റേതു ഉപയോഗിച്ചു കപ്പലിന് സഞ്ചരിക്കാനും). 

4 മാസം കടലില്‍ കഴിയാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഈ കപ്പലില്‍ ഇപ്പോഴും സജ്ജമായിരിക്കും. ദേശീയ സുരക്ഷാ നയം കാരണം ആണവ റിയാക്ടര്‍ ഒഴിച്ച് മറ്റെല്ലാ ഭാഗങ്ങളിലേക്കും ഞങ്ങള്‍ക്ക് പ്രവേശം അനുവദിക്കുകയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞു. ഏതാണ്ട് എല്ലാ യന്ത്ര ഭാഗങ്ങളും കപ്പലിന്റെ താഴത്തെ ഡെക്കില്‍ ആണ്. അതായത് കടല്‍ നിരപ്പിനു താഴെ.

North Pole

യാത്രക്കിടയില്‍ 3-4 തവണ ധ്രുവ കരടികള്‍ വീണ്ടും ദര്‍ശനവുമായി എത്തിയിട്ടുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ കപ്പല്‍ അതിന്റെ ഏറ്റവും ദുര്ഘടമായ അവസ്ഥ നേരിട്ടു. 2.5 മീറ്ററില്‍ അധികം കട്ടിയുള്ള വലിയ മഞ്ഞുപാളികളുടെ സംഗമസ്ഥാനത്തു പലപ്പോഴും കപ്പലിന് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥ വന്നു. അപ്പോള്‍ കപ്പലിന് പിന്നോട്ട് എടുക്കുകയും എന്നിട്ടു കൂടുതല്‍ ശക്തിയോടെ വീണ്ടും മുന്നോട്ടു പോകുകയോ അല്ലെങ്കില്‍ ദിശ മാറി പോകുകയോ ചെയ്യേണ്ടിവന്നു (വലിയ മഞ്ഞു പാളികള്‍ എതിര്‍ ദിശയില്‍ ഉള്ള ശക്തമായ കാറ്റു കാരണം തമ്മില്‍ കൂട്ടിയിടിച്ചു വളരെ ശക്തിയേറിയ ഒരു ജോയിന്റ് ഉണ്ടാക്കുന്നു. 'PRESSURE RIDGES' എന്നാണ് ഇവ അറിയപ്പെടുന്നത്) - കപ്പലിലെ ചൈനക്കാര്‍ ഒഴികെ മറ്റെല്ലാവരും ഒരു കുടുംബം പോലെ ആയിക്കഴിഞ്ഞിരുന്നു (ചൈനക്കാര്‍ ഇപ്പോഴും അങ്ങനെ ആണ്, അവര്‍ അവരുടെ ആള്‍ക്കാരുമായി മാത്രമേ കൂട്ടുകൂടുകയുള്ളൂ). ലോകത്തിലെ ഏതു സ്ഥലത്തെയും പോലെ കപ്പലിലെയും ഏറ്റവും തിരക്കേറിയ സ്ഥലം 'ബാര്‍' തന്നെ ആയിരുന്നു. പോരാത്തതിന് എല്ലാ ദിവസവും ലൈവ് ബാന്‍ഡും. 

അന്ന് രാത്രി അറിയിപ്പ് വന്നു, '89 ഡിഗ്രി നോര്‍ത്ത്' പിന്നിട്ടു കഴിഞ്ഞു, ഇനി വെറും 'ഒരു ഡിഗ്രി' മാത്രം. അതായത് 60 നോട്ടിക്കല്‍ മൈല്‍. കപ്പലിന്റെ അപ്പോഴത്തെ വേഗത 6 -8 നോട്ടിക്കല്‍ മൈല്‍. കാറ്റിന്റെ ദിശ, മഞ്ഞുപാളികളുടെ കട്ടി ഇവക്കനുസരിച്ചു അടുത്ത 12 മണിക്കൂറിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും 90 ഡിഗ്രി നോര്‍ത്ത് എന്ന പോയിന്റിലേക്കു എത്താം. പക്ഷെ അത് അത്ര എളുപ്പം അല്ലെന്നും ഇതിനു മുന്‍പ് പല തവണ കപ്പലിന് പൂര്‍ണമായും 90'00'000 N എന്ന പോയിന്റില്‍ എത്തി ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും അറിഞ്ഞു.

North Pole

കപ്പലില്‍ സ്ഥാപിച്ചിരിക്കുന്ന ജിപിഎസ് സംവിധാനം മിലിട്ടറി ഗ്രേഡ് ആണ്. സൂക്ഷ്മത ഏറ്റവും കൂടിയ നാവിഗേഷന്‍ ഉപകരണങ്ങള്‍ ആണ് ഇവ. അമേരിക്കന്‍ സിസ്റ്റമായ ജിപിഎസ്, റഷ്യന്‍ സിസ്റ്റം ആയ GLONASS എന്നിവയാണ് കപ്പലില്‍ ഉള്ളത്. 90'00'000 എന്ന പോയിന്റിനെ വിസ്തൃതി പരമാവധി 1 മുതല്‍ 2 സെന്റിമീറ്റര്‍ വരെയേ ഉള്ളൂ. കപ്പലിന്റെ ജിപിഎസ് പോയിന്റ് സെറ്റ് ചെയ്തിരിക്കുന്നത് കപ്പലിന്റെ ബൗ ഹെഡ്ഡി bow head ആണ് (കപ്പലിന്റെ മുന്നിലെ ഫ്‌ളാഗ് സ്ഥിതി ചെയ്യുന്ന സ്ഥലം). നമ്മള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ കാറ്റിന് അനുസരിച്ചു സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. കപ്പല്‍ മഞ്ഞുപാളികളെ കീറിമുറിച്ചു അതിനു നടുവിലൂടെയും.
 
90'00'000' N എന്ന പോയിന്റില്‍ എത്താന്‍ വേണ്ട കണക്കുകൂട്ടലും കപ്പലിന്റെ നിയന്ത്രവും എല്ലാം മാനുവല്‍ ആയാണ് ചെയ്യുന്നത്. കാറ്റിന്റെ വേഗതയിലോ, മഞ്ഞുപാളികളുടെ സഞ്ചാരത്തിലെയോ ഏറ്റക്കുറച്ചിലുകള്‍ കൂടിയാല്‍ കപ്പലിന്റെ 'BOW HEAD'-ന് 90'00'000' എന്ന പോയിന്റ് നഷ്ടമാകുകയും ഒരു തവണ പോയിന്റ് നഷ്ടമായാല്‍ പിന്നെ വീണ്ടും പുറകിലേക്ക് സഞ്ചരിച്ചു കണക്കുകൂട്ടലുകള്‍ വീണ്ടും നടത്തി പിന്നെയും ശ്രമിക്കേണ്ടിയും വരും.

North Pole

ജൂണ്‍ 20 നു രാവിലെ ആയപ്പോള്‍ ഇനിയും ഒരുപാടു ദൂരം പോകാന്‍ ഉണ്ടെന്നും ശക്തമായ കാറ്റും 3 മീറ്റര്‍ കട്ടിയുള്ള മഞ്ഞു പാളികളും കാരണം കപ്പലിന് വേഗത കുറക്കേണ്ടി വന്നു എന്നും അറിഞ്ഞു. ഉച്ചയാകാറായപ്പോള്‍ അടുത്ത 30 മിനുട്ടിനുള്ളില്‍ നമ്മള്‍ എത്തിച്ചേരും എന്ന അറിയിപ്പ് കിട്ടി. ഞങ്ങള്‍ കപ്പലിന്റെ ഡെക്കിലേക്കു നടന്നു. എന്റെ മൊബൈല്‍ ഓണ്‍ ചെയ്തു, അതിലെ ജിപിഎസ് ആപ്പ്‌ളിക്കേഷനില്‍ കോഡിനേറ്റ്‌സ് ചെക്കു ചെയ്തുകൊണ്ടിരുന്നു (ഇനി ഇവന്മാര്‍ നമ്മളെ പറ്റിക്കുക ആണോ എന്ന് അറിയണമല്ലോ ). ഞാന്‍ മാത്രമല്ല കുറെ യാത്രക്കാര്‍ പല തരത്തിലുള്ള ജിപിഎസ് ഉപകരണങ്ങള്‍ വച്ച് പരിശോധിക്കുന്നുണ്ടായിരുന്നു. ഇനി 50 മീറ്റര്‍. കപ്പലില്‍ നിന്നു അറിയിപ്പ് വന്നു. കപ്പലിന്റെ ഡെക്കില്‍ ചൈനക്കാര്‍ അവരുടെ കൊടിയും തോരണങ്ങളും ആയി അലമ്പു തുടങ്ങി. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം കപ്പല്‍ സൈറണ്‍ മുഴക്കി. 90'00'000' നോര്‍ത്ത് എന്ന മാജിക് പോയിന്റില്‍ കപ്പല്‍ എത്തി ചേര്‍ന്നതായി അറിയിപ്പും ലഭിച്ചു. ഞാന്‍ നിന്ന പൊസിഷനില്‍ എന്റെ മൊബൈല്‍ 89' 99' 9925 എന്ന റീഡിങ് വരെ എത്തി. (90' NORTH നു ഒരു മീറ്റര്‍ മാത്രം അകലെ ). ചൈനക്കാരുടെ തള്ളിക്കയറ്റം കാരണം എനിക്ക് ബൗ പോയിന്റില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. അവിടെ നിന്ന ഏതാണ്ട് എല്ലാവര്‍ക്കും 90' N എന്ന റീഡിങ്‌സ് അവരുടെ ഉപകരണങ്ങളില്‍ ലഭിച്ചു. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ഡെക്കിന്റെ ഇടതുഭാഗത്തായി എനിക്കും 90' N ലഭിച്ചു.

North Pole

കപ്പലിന്റെ ബൗ ഡെക്കില്‍ ഷാംപൈന്‍ പാര്‍ട്ടിയും ആഘോഷങ്ങളും തുടങ്ങി. ക്യാപ്റ്റന്‍ കപ്പല്‍ കുറച്ചു സൈഡിലേക്ക് മാറ്റി നിര്‍ത്തി. ചുറ്റുമുള്ള മഞ്ഞുപാളികള്‍ നമുക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റുന്നവ ആണെന്ന് ഉറപ്പിക്കാനായി ആദ്യം കപ്പലിലെ ജീവനക്കാര്‍ കപ്പലിന് മുകളില്‍ നിന്നും പിന്നെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചും താഴെ ഇറങ്ങിയും പരിശോധിച്ചു. അവസാനമായി 7 ടണ്‍ വീതം ഭാരം ഭാരം ഉള്ള കപ്പലിന്റെ 2 നങ്കൂരങ്ങള്‍ താഴേക്കിട്ടു. അവ രണ്ടും മഞ്ഞുപാളികളില്‍ കുറച്ചു തുളഞ്ഞു കയറി നിന്നു. (ഇതില്‍ നിന്നു മഞ്ഞു പാളികള്‍ ശക്തവും സുരക്ഷിതവും ആണെന്ന് മനസ്സിലായി).

North Pole

കപ്പല്‍ ജീവനക്കാര്‍ താഴെ ഇറങ്ങി തുടങ്ങി, ആദ്യമേ തന്നെ 'RUSSIAN POLAR GUARDS' താഴെ ഇറങ്ങി വളരെ വിസ്തൃതമായ പ്രദേശത്തിന്റെ 4 മേഖലകളിലായി നില്‍പ്പുറപ്പിച്ചു. ഓരോരുത്തരും പല റേഞ്ചില്‍ ഉള്ള 3 തോക്കുകള്‍ വീതം കൂടെ കരുതിയിരുന്നു. ധ്രുവ കരടികള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവയെ നേരിടുകയും നമ്മളെ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇവരുടെ ജോലി. മറ്റുള്ള കപ്പല്‍ ജോലിക്കാര്‍ താഴെ ബാര്‍ബിക്യു ചെയ്യാനുള്ള സംവിധാനങ്ങളും കപ്പലിന് പുറകില്‍ മഞ്ഞുമാറി വെള്ളം ഉള്ള സ്ഥലത്തു 'നീന്തല്‍' സൗകര്യങ്ങള്‍ ഒരുക്കാനുള്ള ജോലികളും ആരംഭിച്ചു.

North Pole

ഒരു മണിക്കൂറിനു ശേഷം ഞങ്ങള്‍ക്ക് താഴെ എത്താനുള്ള അനുമതി ലഭിച്ചു. ആദ്യമേ തന്നെ ക്യാപ്റ്റന്‍ ഞങ്ങളോട് നോര്‍ത്ത് പോള്‍ ഫലകത്തിനു ചുറ്റും വൃത്താകൃതിയില്‍ കൈകള്‍ കോര്‍ത്തിണക്കി നില്‍ക്കാനും ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കുവാനും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതിനു ശേഷം നോര്‍ത്ത് പോള്‍ ഫലകത്തിനു ചുറ്റും വൃത്താകൃതിയില്‍ ഞങ്ങള്‍ ഒരു വലം വച്ചു. 'ലോകം മൊത്തം ചുറ്റി കറങ്ങാന്‍ ഉള്ള ഏറ്റവും കുറഞ്ഞ ദൂരവും ഏറ്റവും എളുപ്പ വഴിയും ആണ് ഇത്' - (മാഗല്ലന്‍ ഒക്കെ വെറുതെ സമയം കളഞ്ഞു !)

North Pole

North Pole

സാഹസികത താല്പര്യമുള്ളവര്‍ കപ്പലിന്റെ പിന്നിലേക്ക് വരാന്‍ ഉള്ള അറിയിപ്പ് വന്നു. 'POLAR PLUNGE' മൈനസ് 3 ഡിഗ്രി വെള്ളത്തിലേക്ക് നീന്താന്‍ ഉള്ള അവസരം. അകെ 120 പേരുള്ളതില്‍ 23 പേര് തയ്യാറായി. ഞാന്‍ ആയിരുന്നു മൂന്നാമന്‍. ഡ്രസ്സ് മാറ്റിയപ്പോഴേ ശക്തമായ കാറ്റു കാരണം തണുത്തു വിറങ്ങലിച്ചു. ചാടിയിട്ടു വരുന്നവര്‍ക്ക് കൊടുക്കാന്‍ വച്ചിരിക്കുന്ന റഷ്യന്‍ വോഡ്ക ചോദിച്ചപ്പോള്‍ 'ചാടിയിട്ടു വരാന്‍ ' പറഞ്ഞു. കപ്പല്‍ ജീവനക്കാര്‍ ആദ്യം സേഫ്റ്റി ബെല്‍റ്റ് അരയില്‍ ചുറ്റി. മഞ്ഞുപാളിയില്‍ നിന്നും വെള്ളത്തിലേക്ക് നേരെ ഡൈവ് ചെയ്തു. കപ്പലിന് നടുവിലായി ആണ് വെള്ളത്തില്‍ പൊന്തിയത്. താഴെ 4200 മീറ്റര്‍ താഴ്ച ഉള്ള ആര്‍ട്ടിക് സമുദ്രം. പക്ഷെ ചവാന്‍ അത്രയും താഴെ ഒന്നും പോണ്ട ഒരു 2 മിനിറ്റ് ആ തണുത്ത വെള്ളത്തില്‍ നിന്നാല്‍ മതിയെന്ന് പെട്ടന്ന് മനസ്സിലായി. തിരിച്ചു നീന്തി തുടങ്ങി. പണി പാളി. തണുത്ത വെള്ളം കാരണം കണ്ണ് കാണാന്‍ വയ്യ. ഉദ്ദേശം വച്ച് നീന്തി എത്തിയത് ഞങ്ങളുടെ ഫോട്ടോ എടുക്കുക ആയിരുന്ന കപ്പലിലെ ഫോട്ടോ ഗ്രാഫറുടെ അടുത്തേക്കായിരുന്നു. അവിടെ നിന്നു വീണ്ടും നീന്തി മുകളില്‍ കയറി. ബെല്‍റ്റ് കെട്ടി തന്ന കപ്പല്‍ ജീവനക്കാരന്‍ എന്നെ പിടിച്ചു കയറ്റി. 'WELL DONE' പറഞ്ഞപ്പോഴാണ് ചത്തില്ല ഭൂമിയില്‍ തന്നെ ആണെന്ന് മനസ്സിലായത്. ഒന്നിന് പകരം രണ്ടു വോഡ്ക ഡ്രൈ അടിച്ചു (തീ കലക്കി തന്നാലും കുടിക്കും അതായിരുന്നു അവസ്ഥ). ഷൂവും കാലില്‍ ഇട്ടു ജാക്കറ്റും മൂടി നേരെ കപ്പലിലേക്ക് ഓടി. (23 പേരുള്ളതില്‍ ഞങ്ങള്‍ 3 പേര് മാത്രമേ നീന്തിയുള്ളൂ ബാക്കി എല്ലാപേരും വെള്ളത്തിലേക്ക് വെറുതെ ചാടുകയും തിരിച്ചു കയറുകയും ആയിരുന്നു).

താഴെ എല്ലാരും നോര്‍ത്ത് പോളിന് ചുറ്റും ഫോട്ടോ എടുക്കുന്ന തിരക്കില്‍ ആയിരുന്നു. ചൈനക്കാര്‍ അവരുടെ പതാകയും ആഘോഷങ്ങളുമായി ശല്യമായി തുടങ്ങി. (രണ്ടു മലയാളികള്‍ കൂടെ ഉണ്ടായിരുന്നേല്‍ നമ്മള്‍ ഇതിനു അപ്പുറം കാണിച്ചേനെ എന്ന് ഓര്‍ത്തു). അവസാനം നമ്മുടെ അഹങ്കാരമായ ത്രിവര്‍ണ്ണ പതാക ചേര്‍ത്തുപിടിച്ചു ഭൂമിയുടെ ഏറ്റവും മുകളില്‍ നിന്നു. 'ലോകം ഞങ്ങളുടെ കാല്‍കീഴില്‍'. നില്‍ക്കുന്നത് 4200 മീറ്ററിലധികം താഴ്ച്ചയുള്ള ആര്‍ട്ടിക് സമുദ്രത്തിനു മുകളില്‍. എങ്ങോട്ടു നോക്കിയാലും അത് തെക്കു ദിശയിലേക്കു മാത്രം. മനസ്സില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും. മകള്‍ കൂടെയില്ല എന്നുള്ള വിഷമവും. 

ഇനി ഒരിക്കല്‍ കൂടി ഇങ്ങോട്ടു ഒരു വരവ് ഉണ്ടാകാത്തതിനാല്‍ ഭൂമിക്കു ചുറ്റും ഒന്നുകൂടി കറങ്ങി. (ഭൂമിയെ 2 തവണ ചുറ്റിവന്നവനാണ് ഈ ഞാന്‍ എന്ന് പറയാമല്ലോ). കപ്പലിന് താഴെ ഡിന്നര്‍ റെഡി ആയി. മഞ്ഞുപാളികള്‍ക്ക് മുകളില്‍ സ്ഥാപിച്ച തന്തൂരി അടുപ്പില്‍ പാചകം ചെയ്ത പല വിധത്തിലുള്ള വിഭവങ്ങള്‍ റഷ്യന്‍ പാട്ടിന്റെ അകമ്പടിയോടെ ഡാന്‍സും പാട്ടുമായി യാത്രക്കാര്‍ ആസ്വദിച്ചു...

North Pole

ആദ്യമായി ഒരു മനുഷ്യന്‍ 90' NORTH എന്ന പോയിന്റില്‍ എത്തുന്നത്, 1908 ഏപ്രിലില്‍ ഫ്രഡറിക് കുക്ക്, 1909 ഏപ്രിലില്‍ റോബര്‍ട്ട് പിയറി എന്നിവരില്‍ ഒരാളാണ് (തര്‍ക്കങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നു). 1971 ല്‍ ആണ് ആദ്യമായി ഒരു കപ്പല്‍ നോര്‍ത്ത് പോളില്‍ എത്തുന്നത്, പഴയ സോവിയറ്റ് യൂണിയന്റെ ആണവ ഐസ് ബ്രേക്കര്‍ കപ്പലായ 'ARCTIKA' ആയിരുന്നു അത്. 20 ജൂണ്‍ 2017 ല്‍ നോര്‍ത്ത് പോളില്‍ എത്തിയ ഞങ്ങളുടെ യാത്ര 128-ാമതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഇവിടെ എത്തിയ ആളുകളുടെ എണ്ണം 11,000 ല്‍ അധികം വരും....

North Pole

ഇതൊക്കെ വായിക്കുമ്പോള്‍ ഈ കപ്പലും യാത്രയും ഒക്കെ എന്തോ വല്യ സംഭവം ആണെന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ ജപ്പാന്‍കാരനായ 'ഷിന്‍ജി കസമ' 1987 ല്‍ നോര്‍ത്ത് പോളിലും 1992 ല്‍ സൗത്ത് പോളിലും മോട്ടോര്‍ സൈക്കിളില്‍ എത്തിയിട്ടുണ്ട്. പിന്നെ മൗണ്ട് ഫുജി, ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വതമായ കിളിമഞ്ചാരോ, നമ്മുടെ എവറസ്റ്റ് എന്നിവിടങ്ങളിലെല്ലാം കക്ഷി നേരത്തെ തന്നെ മോട്ടോര്‍ സൈക്കിളില്‍ പോയിട്ടുണ്ട്. (കൊല്ലത്തുനിന്നു കോട്ടയം വരെ ബൈക്കില്‍ പോയിട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു തള്ളുന്ന ചേട്ടന്മാര്‍ക്കു സമര്‍പ്പിക്കുന്നു).

ഇന്ത്യക്കാരായ 60 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടുപേര്‍ കൂടി ഈ യാത്രയില്‍ ഉണ്ടായിരുന്നു. ഒഡിഷയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഉള്ളവരായിരുന്നു അവര്‍. രണ്ടു പേരും ലോകം മൊത്തം കറങ്ങിയിട്ടുള്ളവരായിരുന്നു. അതില്‍ ഒരാള്‍ യോഗ മാസ്റ്റര്‍ ആയിരുന്നു. യാത്രാമധ്യേ കപ്പലില്‍ വച്ച് നോര്‍ത്ത് പോളില്‍ വച്ച് യോഗ ചെയ്യാന്‍ താല്പര്യം ഉള്ളവരെ തിരക്കുന്നുണ്ടായിരുന്നു. രണ്ടു തായ്വാന്‍കാരും രണ്ടു ജപ്പാന്‍കാരും സമ്മതം അറിയിച്ചു. പക്ഷെ 'POLAR PLUNGE' ല്‍ കടലില്‍ ചാടിയ മാസ്റ്ററെ പിന്നെ പിറ്റേദിവസം രാവിലെ ഭക്ഷണം കഴിക്കാന്‍ നേരമാണ് കണ്ടു കിട്ടിയത്. വെള്ളത്തില്‍ ചാടിയത് മാത്രമേ മാസ്റ്റര്‍ക്ക് ഓര്‍മയുള്ളൂ. എന്നാല്‍ ഒഡിഷക്കാരന്‍ നേരെ തിരിച്ചായിരുന്നു. മൈനസ് 2 ഡിഗ്രി തണുപ്പിലും കാറ്റിലും കപ്പലിന് മുകളിലത്തെ തുറന്ന ഡെക്കില്‍ വച്ച് നടന്ന ഡിന്നര്‍ പാര്‍ട്ടിക്ക് ഷോര്‍ട്ട്‌സും ചെരുപ്പും ഇട്ടു വന്ന അയാള്‍ എല്ലാര്‍ക്കും അദ്ഭുതമായിരുന്നു.

North Pole

North Pole

രാത്രി 9 മണിയായപ്പോള്‍ ടൂര്‍ ലീഡറിന്റെ അനൗണ്‍സ്‌മെന്റ് വന്നു. ഒരു മണിക്കൂറിനു ശേഷം കപ്പല്‍ അതിന്റെ തിരിച്ചുള്ള യാത്ര ആരംഭിക്കും. അതുകൊണ്ടു 45 മിനിറ്റ് കഴിയുമ്പോള്‍ എല്ലാരും തിരികെ കപ്പലില്‍ എത്തണം എന്നായിരുന്നു അറിയിപ്പ്. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ഏതാണ്ട് എല്ലാരും അപ്പോള്‍ തന്നെ മടങ്ങി കപ്പലില്‍ എത്തിയിരുന്നു....

രാത്രി 10 മണിക്ക് അതിന്റെ തിരികെയുള്ള യാത്ര ആരംഭിക്കാന്‍ പോകുന്നതായി അറിയിപ്പ് കിട്ടി. അതോടൊപ്പം ഞങ്ങളെ അമ്പരപ്പെടുത്തിയ മറ്റൊരു വിവരവും. കപ്പലിന്റെ ഇപ്പോഴത്തെ പൊസിഷന്‍ 89' 89' N., അതായതു ഞങ്ങള്‍ കപ്പല്‍ നിര്‍ത്തിയ പൊസിഷനില്‍ നിന്നും 3.4 കിലോമീറ്റര്‍ തെക്കോട്ടു മാറിയാണ് കപ്പലിന്റെ ഇപ്പോഴത്തെ പൊസിഷന്‍. കഠിനമായ തണുപ്പ് കാരണം ഐ ഫോണിന്റെ ബാറ്ററി താഴെ വച്ച് മരിച്ചതിനാല്‍, കപ്പലിന്റെ ജിപിഎസ് റീഡിങ് നോക്കാന്‍ മുകളിലേക്ക് ഓടി. അവിടെ പോകേണ്ടി വന്നില്ല, പുറത്തു ഒരുപാടു ആള്‍ക്കാര്‍ ജിപിഎസ് മെഷീനുമായി ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിശദീകരിച്ചു, ആര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ (MOVEMENT/DRIFTING) സഞ്ചാരം കാരണം ആണ് ഇത് സംഭവിച്ചത്. 25,000 ടണ്‍ ഭാരമുള്ള കപ്പലിനെ മഞ്ഞുപാളികള്‍ തള്ളിക്കൊണ്ട് 3.5 കിലോമീറ്റര്‍ ദൂരേക്ക് കൊണ്ടുപോയി. വിശ്വസിക്കാന്‍ പറ്റാത്ത അനുഭവം ആയി പോയി.

North Pole

കപ്പല്‍ വന്ന വഴിയേ പിറകോട്ടുപോയി. വേഗതയില്‍ സഞ്ചരിക്കാന്‍ മഞ്ഞുകട്ടകള്‍ പൊട്ടിച്ചിട്ട വന്നവഴി തന്നെ കപ്പല്‍ തിരഞ്ഞെടുത്തു. എന്നാല്‍ ICE DRIFTING കാരണം പലയിടങ്ങളിലും ദിശ മാറ്റേണ്ടി വന്നു. പിറ്റേദിവസം ഉച്ചയോടെ വീണ്ടും ധ്രുവ കരടികളെ കുറിച്ചുള്ള അറിയിപ്പ് കിട്ടി. ഇത്തവണ അമ്മയും വെറും 4 മാസം പ്രായമായ 2 കുഞ്ഞുങ്ങളും ആയിരുന്നു. കുഞ്ഞുങ്ങള്‍ രണ്ടുപേരും സുഖമായി അമ്മയുടെ അടുത്ത് കിടന്നു ഉറങ്ങുന്നു 'അമ്മ ദൂരെ മാറി മഞ്ഞുകട്ടയുടെ അടിയില്‍ ഉള്ള 'സീല്‍' മുകളിലേക്ക് വരാന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അതിനു യാതൊരു ഭാവഭേദം ഇല്ല അക്ഷമയായി 'BREATHING HOLE' (കടലിനു അടിയിലുള്ള സീല്‍ മഞ്ഞു കട്ടകള്‍ തുറന്നാണ് മുകളില്‍ ശ്വസിക്കാന്‍ വരുന്നത്. ഈ സുഷിരങ്ങളാണ് 'BREATHING HOLE' ) നു കുറച്ചു മാറിയാണ് അതിന്റെ നില്‍പ്പ്. കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ എടുക്കാനും അവയെ അടുത്ത് നിന്ന് കാണാനും കപ്പല്‍ കുറച്ചു കൂടി മുന്നോട്ടു എടുക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്യാപ്റ്റന്‍ സ്‌നേഹപൂര്‍വ്വം അത് നിരാകരിച്ചു. കാരണം 'ഇത് ധ്രുവ കരടിയുടെ ആവാസ സ്ഥലം ആണ്., നമ്മള്‍ ആണ് അവിടെ വലിഞ്ഞു കേറി ചെന്നത്. നമ്മള്‍ ഒരിക്കലും ഒരു പരിധിക്കു അപ്പുറം മറ്റുള്ള ജീവികളുടെ അടുത്തേക്ക് പോകുവാന്‍ പാടില്ല. തന്റെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ വേണ്ടി ആഹാരത്തിനായി ചിലപ്പോള്‍ ഒരു ദിവസമായി അത് ആ സീലിനുവേണ്ടി കാത്തു നില്‍ക്കുകയാകും. കപ്പല്‍ മുന്നോട്ടു എടുക്കുമ്പോള്‍ മഞ്ഞു പാളികള്‍ പൊളിയുകയും അത്കാരണം അവക്ക് ചിലപ്പോള്‍ തന്റെ ഇരയെ നഷ്ടപ്പെടുകയോ മഞ്ഞുകട്ടകളുടെ അഭാവം കാരണം അവിടെ നിന്നും പോകേണ്ടി വരികയോ ചെയ്യേണ്ടി വരും. ക്യാപ്റ്റന്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രാധാന്യമുള്ളതായി തോന്നി. ഈ യാത്രയില്‍ ഉടനീളം 15-ല്‍ അധികം ധ്രുവ കരടികളെ കാണാന്‍ കഴിഞ്ഞു...

North Pole

കപ്പല്‍ മുന്നോട്ടുള്ള യാത്ര തുടര്‍ന്നു. റഷ്യയുടെ കാലാവസ്ഥ പര്യവേഷണ ദ്വീപാണ് അടുത്ത ലക്ഷ്യം. യാത്രാമധ്യേ വളരെ വലിയ മഞ്ഞുകട്ടകളാല്‍ ചുറ്റപ്പെട്ട ദ്വീപിനു മുന്നിലേക്ക് കപ്പല്‍ അടുപ്പിച്ചു. മഞ്ഞു കട്ടകള്‍ക്കു കപ്പലിനേക്കാളും അഞ്ചിരട്ടി എങ്കിലും ഉയരം വരും. മഞ്ഞുകട്ടകള്‍ തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ ക്യാപ്റ്റന്‍ കപ്പല്‍ അടുപ്പിച്ചു. അതിനുശേഷം ആ ദ്വീപു മുഴുവന്‍ ഹെലികോപ്റ്ററിലൂടെ സഞ്ചരിച്ചു കാണാന്‍ ഉള്ള അവസരം ഞങ്ങള്‍ക്കു ലഭിച്ചു. പിറ്റേദിവസം വൈകുന്നേരം ഞങ്ങള്‍ റഷ്യയുടെ കാലാവസ്ഥ പര്യവേഷണ ദ്വീപില്‍ എത്തി. ZODIAC എന്ന് വിളിപ്പേരുള്ള റബ്ബര്‍ ബോട്ടുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ തീരത്തു തീരത്തു എത്തുകയും ദ്വീപില്‍ കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു. വളരെ അപൂര്‍വമായി മാത്രം കാണുന്ന 'ARCTIC FOX' നെ ഇവിടെ കാണാന്‍ കഴിഞ്ഞു. ഭക്ഷണം ലഭിക്കാത്തതിനാല്‍ എല്ലും തോലും ആയി കഴിഞ്ഞിരുന്ന ആ പാവം ഞങ്ങളെ കണ്ട മാത്രയില്‍ തന്നെ ദൂരേക്ക് ഓടി മറഞ്ഞു. തിമിംഗലങ്ങളെയും, രണ്ടു തരം കടല്‍ സീലുകളെയും ഇവിടെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റി.

North Pole

രാത്രിയോടെ അവിടെ നിന്നും തിരിച്ചു ഞങ്ങള്‍ 'MURMANSK' ലക്ഷ്യമാക്കി യാത്ര തുടങ്ങി. രാത്രി പ്രത്യേക റഷ്യന്‍ ഡിന്നറും കലാപരിപാടികളും ഉണ്ടായിരുന്നു. പിറ്റേദിവസം ക്യാപ്റ്റനെ നേരിട്ട് സന്ദര്‍ശിക്കാനും സംസാരിക്കാനും ഉള്ള അവസരം ലഭിച്ചു. ക്യാപ്റ്റന്‍ 'DIMITRI LUBASOV' വളരെ സൗമ്യനും മിതഭാഷിയും ആയ വ്യക്തിയായിരുന്നു. അദ്ദേഹം തന്റെ ജോലി തുടങ്ങുന്നത് തന്നെ ആണവ ഐസ് ബ്രേക്കര്‍ കപ്പലില്‍ ആണ്. ഇപ്പോള്‍ 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി. റഷ്യിലെ സുപ്രധാനമായ വലിയ ഒരു സ്ഥാനമാണ് ഈ കപ്പലിന്റെ ക്യാപ്റ്റന്‍ എന്ന പദവി. ഈ കപ്പലിന്റെ ആദ്യത്തെ നോര്‍ത്ത് പോളിലേക്കുള്ള സര്‍വീസ് ആരംഭിച്ചത് ഇദ്ദേഹം ആയിരുന്നു. റഷ്യ ഇതിന്റെ ഇരട്ടി ശക്തി ഉള്ള മൂന്നു ഐസ് ബ്രേക്കറിന്റെ പണിപ്പുരയില്‍ ആണെന്നും അതിലെ ആദ്യത്തേത് കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോഞ്ച് ചെയ്യുകയും 2019 ജൂണില്‍ അത് യാത്രക്ക് സജ്ജമാകും എന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു. അതോടൊപ്പം തന്നെ ആ കപ്പലിന്റെ ഒരു ചിത്രവും ഞങ്ങള്‍ക്ക് കാണിച്ചു തന്നു. അദ്ദേഹത്തോടൊപ്പം ചായ കുടിച്ചു ഞങ്ങള്‍ പിരിഞ്ഞു...

പിറ്റേന്ന് രാവിലെ ഞങ്ങള്‍ MURMANSK പോര്‍ട്ടില്‍ എത്തി. ഇങ്ങോട്ടു വന്നതില്‍ നിന്നും വിഭിന്നമായി ഞങ്ങള്‍ക്ക് പോകാനുള്ള ബസ്സുകള്‍ കപ്പലിന്റെ പുറം വാതിലിനു തൊട്ടു അടുത്ത് വന്നു നില്‍പ്പുണ്ടായിരുന്നു. കപ്പലില്‍ നിന്ന് നേരെ ബസ്സിലേക്ക്. ബസ്സ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ബസ്സിന് അകത്തു കയറി എല്ലാരേയും എണ്ണി നോക്കി പുറത്തുപോയി. ബസ്സ് നേരെ 'MURMANSK' AIRPORT ലേക്ക്, അവിടെ നിന്നും ഞങ്ങള്‍ നേരെ മോസ്‌കോയിലേക്ക് പോയി. അവിടെ രണ്ടു പകലും ഒരു രാത്രിയും തങ്ങി. ക്രെംലിനും റെഡ് സ്‌ക്വയറും ഒക്കെ സന്ദര്‍ശിച്ചു. പിറ്റേ ദിവസം രാത്രിയോടെ ഞങ്ങള്‍ ദുബായിലേക്ക് യാത്ര തിരിച്ചു...

Operator Details : https://poseidonexpeditions.com/northpole/