Mathrubhumi - Sanchari POST OF THE WEEK
_______________________________________
കൊടും തണുപ്പുള്ള ജനുവരിമാസം. ഡല്‍ഹി പോലും തണുപ്പില്‍ മരവിയ്ക്കുമ്പോള്‍ മഞ്ഞു പെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തുക്കള്ക്കൊരാഗ്രഹം, മഞ്ഞു പെയ്യുന്ന എങ്ങോട്ടെങ്കിലും പോകണം. മഞ്ഞു മഴയില്‍ നൃത്തം ചെയ്യണം. മഞ്ഞുവാരിയെറിഞ്ഞു കളിക്കണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഞങ്ങള്‍ പതിനാലു പേര്. അനുയോജ്യമായ ഒരു സ്ഥലം തിരഞ്ഞെടുക്കുവാന്‍ എല്ലാരും കൂടി എന്നെ ചുമതലപ്പെടുത്തിയപ്പോള്‍ എന്റെ മനസ്സില്‍ രണ്ടു സ്ഥലങ്ങളാലാണുണ്ടായിരുന്നത്. കശ്മീരിലെ ഗുല്‍മര്‍ഗ്, അല്ലെങ്കില്‍ ഉത്തരാഖണ്ഡിലെ ഓലി. സ്കീയിങ്ങിനു പ്രസിദ്ധമായ മനോഹരമായ സ്ഥലങ്ങളാണിവ രണ്ടും. ഈ രണ്ടുസ്ഥലങ്ങളും സന്ദര്ശിച്ചിട്ടുള്ളതിനാല് ഇനിയും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു സ്ഥലത്തേയ്ക്ക് പോകുവാനായിരുന്നു എനിക്ക് കൂടുതല്‍ താല്‍പ്പര്യം.
സിംലയില്‍ നിന്നു 65 കിലോമീറ്റര്‍ മുകളില്‍ 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നര്ഖണ്ഠ എന്ന സ്ഥലത്തെകുറിച്ചായി പിന്നത്തെ ചര്‍ച്ചകള്‍. നര്ഖണ്ഠയിലെ ധുമ്രി മലഞ്ചെരിവ് സ്കീയിങ്ങിനു പ്രസിദ്ധമാണ്. ദേവദാരുവും പൈന്‍ മരങ്ങളും ആപ്പിള്‍ തോട്ടങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശം. മാത്രവുമല്ല, ഡല്‍ഹി മുതല്‍ സിംല വരെ നല്ല റോഡാണ്. സിംലയ്ക്ക് മുകളിലേയ്ക്കുള്ള റോഡും താരതമ്യേന മെച്ചമാണ്. ഒരു വീക്കെണ്ട് ട്രിപ്പിനു എന്ത് കൊണ്ടും നര്ഖണ്ഠ ഉചിതം തന്നെ.
സിംലയ്ക്കും കുഫ്രിയ്ക്കും മുകളിലുള്ള ഫാഗുവില്‍ താമസിച്ച് നര്ഖണ്ഠയില് പോയി വരാമെന്നായി ഞങ്ങളുടെ തീരുമാനം. കുട്ടികളുമായി യാത്ര ചെയ്യുന്നതിനാല്‍ മുന്‍കൂട്ടി താമസ്സ സൗകര്യം ബുക്ക് ചെയ്യുന്നതാണ് ഉചിതമെന്നു കരുതി 'ഓണ്‍ ലൈന്‍' വഴി ഫാഗുവിലെ ഹിമാചല്‍ ടൂറിസ്സത്തിന്റെ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടര്‍ന്നു. പുറപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പ് ഹിമാചല്‍ ടൂറിസത്തില്‍ നിന്ന് അറിയിപ്പ് വന്നു, കഠിനമായ മഞ്ഞുവീഴ്ച മൂലം സിംലയ്ക്ക് മുകളിലോട്ട് വാഹന ഗതാതതം സാധ്യമല്ലെന്നും താല്പര്യമുണ്ടെങ്കില് ഹിമാചല്‍ ടൂറിസ്സത്തിന്റെ മറ്റേതെങ്കിലും ഹോട്ടലിലേയ്ക്ക് റിസര്‍വേഷന്‍ മറ്റാവുന്നതാണെന്നുമായിരുന്നു അറിയിപ്പ്. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതിനാല്‍ ഞങ്ങള്‍ ഏതായാലും മുന്നോട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. നര്ഖണ്ഠ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും. അതനുസരിച്ച് സിംലയ്ക്കടുത്തുള്ള നല് ധേരയിലേയ്ക്കു റിസര്‍വേഷന്‍ മാറ്റി.
സിംലയില്‍ നിന്നു 22 കിലോമീറ്റര്‍ ദൂരെ 6700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നല്ധേരയിലാണ് ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗോള്‍ഫ് കോഴ്സ്. മഞ്ഞു മൂടിയ മലനിരകള്‍ക്കു മുന്നില്‍ ഇടതൂര്‍ന്നു നില്ക്കുന്ന ദേവതാരു മരങ്ങള്‍ക്കിടയിലുള്ള ഈ പ്രദേശത്തിന്റെ മനോഹാരിത ഇന്ത്യയുടെ വൈസ്റോയിയായിരുന്ന ലോര്‍ഡ് കര്സണ് ഒരു ദൗര്‍ബല്യമായിരുന്നു. പലപ്പോഴും ഇവിടെ ക്യാമ്പ് ചെയ്തിരുന്ന അദ്ദേഹം രൂപകല്‍പ്പന ചെയ്ത ഒന്‍പതു ഹാളുകളുള്ള ഗോള്‍ഫ് കോഴ്സ് പിന്നീട് പതിനെട്ടു ഹാളുകളുള്ള ഗോള്‍ഫ് കോഴ്സ് ആയി വികസിപ്പിക്കുകയുണ്ടായി. ലോര്‍ഡ് കര്‍സന്റെ പത്നി മേരി വിക്ടോറിയ തന്റെ മൂന്നാമത്തെ മകളെ ഗര്‍ഭം ധരിച്ചത് നല്ധേരയില് വച്ചാണ്. ഈ സ്ഥലവുമായുള്ള പ്രണയം മൂലം, ലോര്‍ഡ് കര്സണ് തന്റെ മകള്‍ക്ക് അലക്സാന്‍ഡ്ര നല്ധേര എന്ന് നാമകരണവും ചെയ്തു.
നല്ധേര എത്തുന്നതിനു മുന്‍പ് വഴി വക്കില്‍ പലയിടത്തും മഞ്ഞു വീണു കിടക്കുന്നത് കണ്ട് ഞങ്ങള്‍ വണ്ടി നിര്‍ത്തി മഞ്ഞില്‍ കളിക്കുകയും ഫോട്ടോകളെടുക്കുകയും ചെയ്തു. വളരെ ശാന്തസുന്ദരമായ സ്ഥലത്താണ് ഹിമാചല്‍ ടൂറിസ്സത്തിന്റെ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. പ്രത്യേക തരത്തിലുള്ള സ്ലോപ്പും ടര്‍ഫും ഇവിടേയ്ക്ക് ഗോള്‍ഫ് കളിക്കാരെ ആകര്‍ഷിക്കുന്നു.
തണുപ്പുള്ള കാലാവസ്ഥയില്‍ ഹിമാചല്‍ ടൂറിസ്സത്തിന്റെ തടി കൊണ്ടുണ്ടാക്കിയ റെസ്റ്റോറന്റിന്റെ മുകളിലത്തെ നിലയില്‍ ചൂട് കോഫിയും സിപ്പ് ചെയ്തു ശക്തി കുറഞ്ഞ വെയിലും കൊണ്ട് വിദൂരതയിലേയ്ക്കു പരന്നുകിടക്കുന്ന ഗോള്‍ഫ് കോഴ്സിലേയ്ക്ക് നോക്കിയിരിക്കുന്നത് മറക്കുവാനാകാത്ത ഒരനുഭൂതി തന്നെ.
നല്ധേരയിലെത്തിയതിന്റെ അടുത്ത ദിവസം ഒരു സന്തോഷവാര്‍ത്ത ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. നര്ഖണ്ഠയിലേയ്ക്കുള്ള വഴിയിലെ തടസ്സങ്ങള്‍ മാറിയിരിക്കുന്നു. നര്ഖണ്ഠയിലെ ഹിമാചല്‍ ടൂറിസ്സത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ വഴി തുറന്നിട്ടുണ്ടെങ്കിലും പ്രധാന നിരത്തില്‍ നിന്നു ഹോട്ടല്‍ വരെ ഏകദേശം 200 മീറ്ററോളം മഞ്ഞിലൂടെ നടന്നു പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് കിട്ടി. മഞ്ഞില്‍ കളിക്കുവാന്‍ വന്ന ഞങ്ങള്‍ക്ക് ഇത് സന്തോഷകരമായ വാര്‍ത്തയായിരുന്നു. ഞങ്ങളുടെ ടെമ്പോ ട്രാവലര്‍ ഓടിച്ചിരുന്ന സന്തോഷ് സമര്‍ഥനായ ഡ്രൈവറായിരുന്നു. റോഡ് വശങ്ങളില് കിടന്നിരുന്ന വാഹനങ്ങളെല്ലാം മഞ്ഞിനടിയിലായിരിക്കുന്നു. ഇടക്കിടക്ക് മഞ്ഞുവാരി മാറ്റുന്ന വാഹനങ്ങള്‍ റോഡ് ക്ലിയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഡ്രൈവര്‍ വളരെ ശ്രദ്ധയോടാണ് മഞ്ഞുറഞ്ഞ് കിടക്കുന്ന റോഡിലൂടെ വണ്ടിയോടിക്കുന്നത്. വിജനമായ വഴിയില്‍ ഞങ്ങളുടെ വണ്ടി മാത്രം. റോഡിനിരുവശവും നില്ക്കുന്ന മരങ്ങളെല്ലാം മഞ്ഞിന്റെ തൂവെള്ള പുതപ്പണിഞ്ഞു നില്‍ക്കുന്നത് മനോഹര കാഴ്ചയാണ്.
നര്ഖണ്ഠയിലെത്തെമ്പോഴേയ്ക്കും അന്തരീക്ഷത്തിലെ മരവിപ്പ് ഞങ്ങളുടെ മനസ്സിനെയും ശരീരത്തിനേയും ബാധിച്ചു തുടങ്ങിരിയിക്കുന്നു. പ്രധാനനിരത്തില്‍ നിന്നും കുറച്ചു മാറിയാണ് ഹോട്ടല്‍. റോഡില്‍ നിന്നു ഹോട്ടലിലേയ്ക്കുള്ള വഴി മഞ്ഞിനടിയിലാണ്. കാല് മുട്ടോളം മഞ്ഞില്‍ താഴ്ന്നു പോകുന്നു. ഹോട്ടലിനടുത്ത് മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഒരു ജീപ്പ് ചങ്ങലകള്‍ കെട്ടി വലിച്ചു കയറ്റുവാനുള്ള ശ്രമം നടക്കുന്നു.
മഞ്ഞിലൂടെ ഒന്ന് രണ്ടു ചുവട് വയ്ക്കുമ്പോള്‍ ബാലന്‍സ് തെറ്റി മറിഞ്ഞു വീഴുന്നു. കൈയിലുള്ള ബാഗുകള്‍ക്കൊപ്പം എഴുന്നേല്ക്കുവാന് ശ്രമിക്കുമ്പോള്‍ വീണ്ടും വീണ്ടും വീഴുന്നു. ഷൂസിനകത്തും കയ്യുറകള്ക്കത്തും മഞ്ഞുകയറി വിരലുകള്‍ മരവിക്കുവാന്‍ തുടങ്ങി. ഇന്നലെ വഴിവക്കില്‍ കണ്ട ചെളി പുരണ്ട മഞ്ഞു വാരിയെറിഞ്ഞു കളിച്ച ഞങ്ങള്‍ക്ക് ഇവിടെ കണ്ട തൂവെള്ള മഞ്ഞില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷനേടിയാല്‍ മതിയെന്നായിരിക്കുന്നു.
ഹോട്ടലിന്റെ മുകളിലും നാല് വശത്തും നല്ല കനത്തില്‍ മഞ്ഞുമൂടിയിരിക്കുന്നു. വാതിലിനു മുന്നില്‍ നിന്നു മഞ്ഞു മാറ്റി അകത്തു കടക്കുവാനുള്ള ഇടം സൃഷ്ടിച്ചിരിക്കുന്നു. 'ദി ഹട്ടൂ' (The Hatu) ഹിമാചല്‍ ടൂറിസ്സത്തിന്റെ നല്ല ഹോട്ടലുകളില്‍ ഒന്നാണ്. മഞ്ഞു വീഴ്ച മൂലം ഹോട്ടലിനുള്ളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി കുടുങ്ങി പോയ ടൂറിസ്റ്റുകള്‍ കുറച്ച് മുമ്പാണ് ഹോട്ടല്‍ വിട്ടതെന്ന് മാനേജര്‍ പറഞ്ഞു.
മുറിയില്‍ ഹീറ്ററിന് മുന്നിലെത്തിയപ്പോള്‍ ഒരാശ്വാസം. ഹോട്ടലിനു മുന്നിലിട്ടിരിക്കുന്ന ആകര്‍ഷകമായ കസേരകളും മേശയുമെല്ലാം മഞ്ഞിനടിയിലായിരിക്കുന്നു. പുറത്തെ കാഴ്ച്ചകള്‍ കണ്ടു ഞങ്ങള്‍ക്ക് കൂടുതല്‍ നേരം മുറിക്കകത്തിരിക്കുവാന് കഴിഞ്ഞില്ല. കുറച്ചു നേരത്തിനുള്ളില്‍ എല്ലാവരും മഞ്ഞില്‍ കളിച്ചുതുടങ്ങി. ഹോട്ടലിനകത്ത് നിന്നു നോക്കിയാല്‍ മുന്നിലുള്ള താഴ് വാരവും അതിനു പിന്നിലുള്ള മലനിരകളും ചക്രവാളത്തില്‍ നീലാകാശവും മലകളും ഒന്നിക്കുന്ന മനോഹര കാഴ്ചയും കാണാം.
(ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയ ഒരു ചിത്രം പിന്നീട് ഒരു പ്രമുഖ ഫോട്ടോഗ്രഫി മാസിക മികച്ച ചിത്രമായി തിരഞ്ഞെടുക്കുകയുണ്ടായി. മടക്ക യാത്രയിലെടുത്ത മറ്റൊരു ചിത്രം ശ്രീ എം. ജി. രാധാകൃഷ്ണന്റെ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച 'ഹിമാലയ രാഗങ്ങള്‍' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രവുമായി.)
ഡ്രൈവര്‍ക്ക് തങ്ങുവാനുള്ള സൗകര്യം ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ ചെയ്തു കൊടുത്തെങ്കിലും രാത്രി ഇടയ്ക്കിടക്ക് വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടില്ലങ്കില്‍ നാളെ പ്രശ്നമാകുമെന്ന കാരണത്താല്‍ വണ്ടിക്കുള്ളില്‍ തന്നെ കഴിയുവാന്‍ അയാള്‍ തീരുമാനിച്ചു. പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ പെട്ടന്ന് കട്ടിയാകുന്നുവെങ്കിലും ഇവയുടെ ഫ്രീസിംഗ് പോയിന്റ് ഉയര്‍ന്നതാണ്. മായം കലര്‍ന്ന ഡീസല്‍ വളരെ പെട്ടന്ന് കട്ടി പിടിക്കും. റേഡിയേറ്ററില്‍ കൂളന്റിനോടൊപ്പം വെള്ളവും കൂടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ എഞ്ചിന് ഓഫ് ആക്കിയാലുടന് ഈ കാലാവസ്ഥയില്‍ അവ കട്ടിയാകുന്നു. പിന്നെ പണി തന്നെ.
സന്ധ്യയാകുന്നതിനു മുന്‍പ് നര്ക്കണ്ടയിലെ പ്രധാന വീഥിയിലൂടെ ഒരോട്ട പ്രദിക്ഷണം നടത്തി. വഴിയില്‍ വാഹനങ്ങളൊന്നും ഓടുന്നില്ല. കടകമ്പോളങ്ങള്‍ തുറന്നിരിക്കുകയാണെങ്കിലും കസ്റ്റമേഴ്സ് ആരും ഇല്ല. റോഡിനിരുവശവും കുന്നുകൂടികിടക്കുന്ന മഞ്ഞിനടിയില്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന പല വാഹനങ്ങളും അകപ്പെട്ടിരിക്കുകയാണെന്ന് ഒരു കടക്കാരന് സൂചിപ്പിച്ചു. മുഷിഞ്ഞ മിലിട്ടറി യൂണിഫോമും അതിനു മുകളില്‍ കഴുകിയിട്ട് മാസങ്ങളായി എന്ന് തോന്നിപ്പിക്കുന്ന കോട്ടും കാലില്‍ പൊട്ടിയ ചെരിപ്പും ധരിച്ച് ഏന്തിയേന്തി പിന്നാലെ നടന്ന ഒരു വൃദ്ധനെ കുറച്ചു നേരമായി ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സഹതാപമര്‍ഹിക്കുന്ന രൂപം. കുറച്ചു കഴിഞ്ഞപ്പോള്‍ അടുത്ത് കൂടി ഈ കാലാവസ്ഥയില്‍ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് ചില സംശയങ്ങള്‍ അയാളോട് ചോദിച്ചു. ഞാന്‍ ആ വൃദ്ധനോട് സംസാരിക്കുന്നത് കണ്ടു ബാക്കി എല്ലാവരും ചുറ്റും കൂടി. മറ്റേതൊരു റിട്ടയേഡ് പട്ടാളക്കാരെനെയും പോലെ അദ്ദേഹവും ഇന്ത്യ- പാക് യുദ്ധത്തെക്കുറിച്ചും യുദ്ധത്തില്‍ കാലിനു പരിക്ക് പറ്റിയതിനെക്കുറിച്ചും വാചാലനായി. അയാളുടെ വീരശൂരകഥകള്‍ വെറും പൊളിയാണെന്നറിയാമായിരുന്നെങ്കിലും തണുപ്പില്‍ നിന്ന് വിറയ്ക്കുന്ന അയാളോടുള്ള സഹതാപം വര്‍ദ്ധിച്ചു. അയാളെ സഹായിക്കുവാന്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. തണുപ്പില്‍ നിന്നു അല്‍പ്പമെങ്കിലും ആശ്വാസം കിട്ടട്ടേയെന്നു കരുതി അടുത്ത് കണ്ട വൈന്‍ കടയില്‍ നിന്നു ഒരു പൈന്റ് ബ്രാണ്ടി വാങ്ങി അയാള്‍ക്ക് കൊടുത്തു. ആ കിഴവന്റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.
അയാളെന്നെ കെട്ടി പിടിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുനിഞ്ഞ് ആ വൃദ്ധന്റെ കാല് തൊട്ടു വന്ദിച്ചു. ആ നിമിഷം അയാളുടെ കണ്ണില്‍ കണ്ട തിളക്കം, പട്ടാളത്തില്‍ ഒരു ശിപായി ആയിരുന്നതിന്റെ അഭിമാനം കലര്‍ന്ന മുഖഭാവം ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ നില്ക്കുന്നു.
സന്ധ്യ മയങ്ങിയതോടു കൂടി ഹോട്ടലിനു മുന്നില്‍ ഒരു ക്യാമ്പ് ഫയര്‍ സംഘടിപ്പിക്കുന്നതിനെകുറിച്ചായി ഞങ്ങളുടെ ചര്‍ച്ച. വിറകിനു വളരെ ഉയര്‍ന്ന വിലയാണ് ഹോട്ടലുകാര്‍ ആവശ്യപ്പെട്ടതെങ്കിലും ഈയൊരു കാലാവസ്ഥയില്‍ മഞ്ഞിന് മുകളില്‍ തീ കൂട്ടി ചൂട് കായണമെന്നുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സില്‍ ഉറച്ചിരുന്നു. മഞ്ഞിന് മുകളില്‍ ഒരു ഇരുമ്പ് ഷീറ്റ് വിരിച്ചു ക്യാമ്പ് ഫയര്‍ ഒരുക്കി. പാട്ടുകളും നൃത്തങ്ങളുമായി എല്ലാവരും വട്ടം കൂടി. രാത്രിയായതോട് കൂടി തണുപ്പിനു ശക്തിയേറി. തീയോടടുത്തുള്ള ശരീര ഭാഗത്ത് ചൂടും മറ്റു ഭാഗങ്ങളില്‍ അസഹനീയമായ മരവിപ്പും അനുഭവപ്പെട്ടു. തണുപ്പിന്റെ കാഠിന്യം ശക്തമായതിനാല്‍ പുറത്ത് കൂടുതല്‍ സമയം ചിലവഴിക്കാതെ ഞങ്ങള്‍ ഹോട്ടലിനകത്തെ ഹീറ്ററിന്റെ ക്രമീകരിച്ച ഊഷ്മളതയില് അഭയം തേടി.
എന്തുകൊണ്ടെന്നറിയില്ല, രാത്രി എനിക്ക് ഉറക്കം വന്നില്ല. തലയ്ക്കകത്തൊരു ഭാരം പോലെ. ഒരസ്വസ്ഥത. പേടിപ്പെടുത്തുന്ന ചിന്തകള്‍. വീണ്ടും ശക്തമായ ഒരു മഞ്ഞു വീഴ്ചയുണ്ടായാല്‍ ഈ ഹോട്ടലിനകത്തു ദിവസങ്ങളോളം കുടുങ്ങില്ലേ എന്നായി ചിന്ത. മുമ്പൊരിക്കല്‍ കശ്മീരില്‍ പോയപ്പോള്‍ ചൂട് കിട്ടുന്നതിനു വേണ്ടി തീക്കനല്‍ നിറച്ച ചെറിയ മണ്‍പാത്രം നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് ഗ്രാമീണര്‍ പോകുന്നത് കണ്ടിട്ടുണ്ട്. അതോര്‍മ്മയില്‍ വന്നപ്പോള്‍ ശ്വസിക്കാന്‍ പ്രയാസമുള്ളത് പോലെ. മുറിക്കുള്ളിലെ ഹീറ്റര്‍, വായുവിലെ ഓക്സിജനെ കത്തിച്ചുകളയുന്നത് കൊണ്ടാകുമെന്ന് കരുതി ഹീറ്റര്‍ ഓഫ് ആക്കി. കുറച്ചു നേരം ജനലുകള്‍ തുറന്നിട്ടു തണുപ്പിനെ ക്ഷണിച്ചു വരുത്തിയ ശേഷം ഉറങ്ങാന്‍ കിടന്നു. വെളുക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരല്പം ഉറക്കം വന്നത്.
ഉറക്കത്തിന് എല്ലാര്ക്കും പ്രശ്നമുണ്ടായിരുന്നതായി അടുത്ത ദിവസം അറിയാന്‍ കഴിഞ്ഞു. ചിലപ്പോള്‍ ഉയരത്തില്‍ വന്ന വ്യത്യസം മൂലമാകാം.
അടുത്ത ദിവസം സൂര്യന് മേഘങ്ങള്‍ക്കിടയില്‍ നിന്നു പുറത്ത് വന്നു. ചൂടില്ലാതെ വെളിച്ചം മാത്രം നല്കുന്ന സൂര്യന്. തണുപ്പിന്റെ കാഠിന്യവും മടക്കയാത്രയുടെ വിഷമവുമാകാം, വണ്ടിയുടെ ചില്ലുകള്‍ക്കിടയിലൂടെ പുറത്തേയ്ക്കുള്ള ദൃശ്യങ്ങളില്‍ കണ്ണും നട്ട് എല്ലാവരും നിശബ്ദതയിലായിരുന്നു...