Mathrubhumi - Sanchari POST OF THE WEEK

______________________________________________

ന്റെ ജീവിതത്തിലെ അധിക സഞ്ചാരങ്ങളും ഉടലെടുക്കാറ് ദുഃഖങ്ങളില്‍ നിന്നാണ്. ഈ കഴിഞ്ഞ ചെറിയ പെരുന്നാളിന്റെ രണ്ട് ദിവസം മുന്‍പാണ് മനസ്സിനെ വേദനിപ്പിക്കുന്ന ചില സംഭംവങ്ങള്‍ നടന്നത്. അത് പിന്നെ പടച്ചോന്‍ ഞമ്മക്ക് ഇടക്കിടെ തരുന്നതാണ്.

ചെറുപ്പകാലങ്ങളല്‍ ഇങ്ങനെ വിഷമം വരുന്ന സമയത്ത് നേരെ വീട്ടിന് മുന്നിലുള്ള കടലുണ്ടി കടപ്പുറത്തേക് അങ്ങട്ട് ഇറങ്ങും. ആ കടപ്പുറത്തെ കാറ്റും വൈകുന്നേരങ്ങളിലെ കളര്‍ഫുള്‍ സൂര്യനും വല വീശുന്ന ചായിചേട്ടനെയും സൂപ്പികാക്കെയും ഒക്കെ കണ്ടാല്‍ എല്ലാ വിഷമവുംഅതില്‍ അലിഞ്ഞ് പോകും. അന്നത്തെ പ്രശ്‌നങ്ങള്‍ എന്ന് പറഞ്ഞാല്‍ ഉമ്മച്ചിയുമായോ പെങ്ങള്‍മാരുമായോ അടി ഉണ്ടാക്കിലാണ്. 

പക്ഷെ ഈയിടെയായി എന്തേങ്കിലും വിഷമം വന്നാല്‍ ആദ്യം ചെയ്യാറ് നമ്മുടെ പുന്നാര ഉമ്മച്ചിയെ വിളിക്കാറാണ്. അത് ഈയടുത്ത് തുടങ്ങിയതാട്ടോ. ഉമ്മച്ചിന്റെ അനുവാദമില്ലാതെ ഇറങ്ങിയാല്‍ പണിയാ സഞ്ചാരികളെ. സമ്മതത്തോടെ ഇറങ്ങിയാല്‍ പിന്നെ അങ്ങട്ട് പോയാല്‍ മതി, പടച്ചോന്‍ നമ്മളെ ഓളം പോലെ കൊണ്ട് പോകും.

ഉമ്മച്ചിയോട് സംസാരിച്ചാല്‍ കിട്ടുന്ന പവറും പിന്നെ ബേഗും എടുത്ത് ഏതെങ്കിലും മലയുടെ മണ്ടയില്‍ കയറുകയാണ് പിന്നത്തെ പരിപാടി. പെരുന്നാള്‍ ദിവസം ഞാന്‍ ഉമ്മച്ചിയെ വിളിച്ചു. 'ഇമ്മാ....ഞാന്‍ പോവാണ് രണ്ടോസം ഫോണില്‍ കിട്ടൂലാട്ടോ'... ഏത് മലയുടെ മുകളിലേക്കാണെങ്കിലും സൂക്ഷിച്ച് പോണെ പൊന്നുമോനെ എന്നുള്ള സ്ഥിരം ഉപദേശവും കിട്ടി. പെരുന്നാള് കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞാല്‍ നമ്മുടെ പിറന്നാളും! എന്തായാലും ഇവിടുന്ന് മുങ്ങാന്‍ പറ്റിയ സമയം, അല്ലെങ്കില്‍ പാര്‍ട്ടി കോര്‍ട്ടി എന്ന് പറഞ്ഞ് പല ടൈപ്പ് സാധനങ്ങള്‍ ഫാം ഹൗസില്‍ കയറി വരും.
 
സുഹൃത്ത് ആപ്പിയും അന്ന് കൂടെയുണ്ട്. 'ആപ്പിയെ...ഒരു അഞ്ച് ദിവസത്തിനുള്ള ഡ്രസ് ഒക്കെ പേക് ചെയ്‌തോ, നമുക്ക് ഒരു സ്ഥലം വരെ പോകാന്ന്'. പറഞ്ഞിരിക്കുമ്പോളാണ് ദുഫായില്‍ നിന്ന് ഞമ്മളെ ആത്മമിത്രം അജുവിന്റെ ഫോണ്‍. 'ബാവുക്ക ങ്ങള് പറഞ്ഞ ട്രക്കിങ്ങിനും റൈടിങ്ങിനും ഉള്ള എല്ലാ സാധനങ്ങളും വാങ്ങി കൂട്ടിയിട്ടുണ്ട് ഞാന്‍, നാളെ രാവിലെ ചണ്ഡിഗഡ് എത്തും. രാജുഭായന്റെ വണ്ടി എയര്‍പോര്‍ട്ടില്‍ വരാന്‍ പറയോ' എന്ന് ചോദിച്ചു. ഉടനെ തന്നെ ഞാന്‍ ആപ്പിയെയും രാജുവിനെയും എയര്‍പോര്‍ട്ടിലേക്ക് പറഞ്ഞയക്കാന്‍ ഏര്‍പാടാക്കി. ഉഷാറായി. 

സഞ്ചാരികളെ... ട്രിപ്പിന് ഇറങ്ങാന്‍ നേരത്ത് നല്ല പിരാന്തനാണ് വരുന്നത്. അജു ഭായ്. ട്രക്കിങ്ങും റൈഡിങ്ങുമാണ് പുള്ളിയുടെ മെയ്ന്‍ ഹോബി. എങ്ങനെ ആകാതിരിക്കും. കുറ്റ്യാടിക്കാര്‍ക്ക് അറിയാം, 'കരാട്ടെ ബഷീര്‍ക്കാനെ'. വയനാട്ടിലെ കാട്ടില്‍ വച്ച് ബുള്ളറ്റിന്റെ കിക്കര്‍ അടിക്കുമ്പം കടിച്ച മുര്‍ഖനെ പിടിച്ച് സഞ്ചിയിലാക്കി അതേ ബുള്ളറ്റില്‍ ഹോസ്പ്പിറ്റലില്‍ എത്തി, രണ്ടു ദിവസം കഴിഞ്ഞ് മുപ്പത്തി അഞ്ചാം വയസ്സില്‍ വീരമൃത്യു വരിച്ച കരാട്ടെ ബഷീര്‍ക്ക!

മൂപ്പരുടെ മോനാ ഞങ്ങള്‍ കിഡ് എന്ന് വിളിക്കുന്ന അജു. ദുഫായില്‍ ജോലി ചെയ്ത് മടുക്കുമ്പം ഒരു വിളിയാണ്. 'ബാവുക്ക റെഡിയായിക്കോളി ഞാന്‍ നാളെ അങ്ങട്ട് വരുന്നുണ്ട് '. പിന്നെ ഞങ്ങള്‍ എതേങ്കിലും മലേടെ മുകളില്‍ എത്താറാണ് പതിവ്. അതേ പോലത്തെ ഒരു വരവാണ് ഇതും അതും കറക്റ്റ് സമയത്ത്.

ഞാനും ആപ്പിയും ജീപ്പും ടെന്റും പാത്രങ്ങളും വാരി കെട്ടി റോഹ്താങ്ങ് പാസ് ക്രോസ് ചെയ്ത് ബാക്കി പിന്നെ കോക്‌സറില്‍ വച്ച് തീരുമാനിക്കാം എന്നായിരുന്നു ആദ്യത്തെ പ്‌ളാന്‍. അജു വന്നത്തോടെ പ്‌ളാന്‍ എല്ലാം മാറി. അവന് 500 സിസി ബുള്ളറ്റില്‍ പോണം എന്ന്. പക്ഷെ എന്തില്‍ പോയാലും റോഹ്താങ്ങ് കഴിഞ്ഞേ എവിടേക്കാണ് പോണത് എന്ന് തീരുമാനിക്കൂ എന്ന് പറഞ്ഞ് ഞാന്‍ ആദ്യമേ ജാമ്യം എടുത്തു.

ഉടനെ തന്നെ സുഹൃത്ത് അനുവിനെ വിളിച്ച് ബുള്ളറ്റ് റെഡിയാക്കി. 'ബാബു ഭായ് 2010, 500 സിസി കിക് സ്റ്റാര്‍ട്ടെ ഉളളൂ, അല്ലെങ്കില്‍ നല്ല 350 തരാമെന്ന് പറഞ്ഞു' കിക്കും ചവിട്ടും ഒന്നും പ്രശ്‌നമില്ല, അജുവിന് 500 സിസി തന്നെ വേണം.

അങ്ങനെ ഞങ്ങള്‍ രണ്ടു കിക്സ്റ്റാര്‍ട്ട് 500 സിസി ബുള്ളറ്റും അതില്‍ ഒന്നില്‍ അനുവിനെ കൊണ്ട് രാത്രിക്ക് രാത്രി ലഡാക് കേരിയര്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ചു. കാരണം, ടെന്റും സ്‌ളീപ്പിങ് ബാഗും, പാത്രങ്ങളും എല്ലാം വാരി വലിച്ച് കെട്ടനുള്ളതാ...

ഉടനെ ഓണ്‍ലൈനില്‍ രണ്ട് വണ്ടി നമ്പറും വെച്ച് പെര്‍മിറ്റ് റെഡിയാക്കി അതിരാവിലെ റോഹ്താങ്ങ് ക്രോസ് ചെയ്യണം എന്ന രീതിയില്‍ ഒരു നാല് മണിക്ക് തന്നെ ഇറങ്ങാമെന്ന് വച്ച് ഞങ്ങള്‍ ഭാണ്ഡങ്ങള്‍ കെട്ടി വരിഞ്ഞ് ഉറങ്ങാന്‍ കിടന്നു. 

അതിരാവിലെ എണീറ്റപ്പം നല്ല ഉഗ്രന്‍ മഴ.... ഒര് രക്ഷയും ഇല്ലാത്ത കാറ്റും മഴയും. തോരുന്ന ലക്ഷണം ഒന്നും ഇല്ല എന്ന് കണ്ടപ്പോള്‍ എല്ലാം വാരി വലിച്ച് കെട്ടി ഞങ്ങള്‍ ഇറങ്ങി. ടെന്റ്, കുക്കര്‍, ഗ്യാസ് എല്ലാം സെറ്റപ്പും കൊണ്ടായിരുന്നു യാത്ര. ഒരു സ്ഥലത്തും ലോഡ്‌ജോ റൂമോ എടുക്കില്ല എന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരിന്നു. അതേ പോലെ ഒരു തിരക്കുമില്ലാത്ത വേണ്ടുവോളം സമയമുള്ള ഒരു യാത്ര.

തോന്നുമ്പം ഉറങ്ങി തോന്നുമ്പം ഉറക്കമെണീറ്റിട്ടുള്ള യാത്ര. പക്ഷെ എങ്ങോട്ടാ പോണ് എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്തായാലും ബിയോണ്ട് റോഹ്താങ്ങ് പാസെടുത്തിട്ടുണ്ട്. ബാക്കി മല ഇറങ്ങി തീരുമാനിക്കാം എന്ന് വിചാരിച്ച് ഞങ്ങള്‍ ഇറങ്ങി.

മഴ എന്ന് പറഞ്ഞാല്‍ കല്ല് വച്ച് എറിയുന്ന പോലെ ഉള്ള മഴ. 'ബാബുക്ക ങ്ങള് പുറകില്‍ ഇരുന്നോളി ഞാന്‍ ഓടിച്ചോളാം' എന്ന് പറഞ്ഞ് ആപ്പി വണ്ടി എടുത്തു. ലഗേജ് ഉള്ള വണ്ടി അജുവും എടുത്തു. ഒരു പത്ത് ഇരുപത് കിലോമീറ്റര്‍ പോയില്ല, ഗുലാഭക്കടുത്ത് ഒരു വളവു കഴിഞ്ഞ് പെട്ടെന്ന് വന്ന ചളിയില്‍ കുടുങ്ങി ആപ്പിക്ക് ബാലന്‍സ് കിട്ടിയില്ല, അതാ കിടക്കണ് ഞാനും ആപ്പിയും ആ കട്ട ചളിയില്‍ നടു റോഡില്‍! ഒരു ആള്‍ട്ടോ ഞങ്ങളുടെ പുറകില്‍ പാമ്പിനെ പോലെ വളഞ്ഞ് പുളഞ്ഞ് വന്ന് ബ്രേക്കിട്ടു. ഞങ്ങളെ അതിലുള്ള ഡ്രൈവര്‍ വന്ന് വണ്ടി പൊക്കാന്‍ സഹായിച്ചു. ആപ്പിയുടെ കൈ ബുള്ളറ്റിനടിയില്‍ കുടുങ്ങി,എന്റെ കാല് സൈലന്‍സര്‍ തട്ടി പൊള്ളി. നല്ല തെറി മനസ്സില്‍ വന്നെങ്കിലും, അത് പ്രശ്‌നാക്കണ്ട ആപ്പിയെ നീ വണ്ടി എടുക്ക് എന്ന് പറഞ്ഞ് ആപ്പിക്ക് ആത്മധൈര്യം കൊടുത്തു.  വണ്ടി വീണ്ടും എടുക്കാന്‍ പറഞ്ഞു. അടുത്തത് ഗുലാഭ ചെക് പോസ്റ്റ് ആണ്.

Motorcycle Journey to the Himalaya

നമ്മളെ കാണാത്തത് കൊണ്ട് പാസ് പോസ്റ്റില്‍ കൊടുക്കാതെ അജു കുറച്ച് മുന്നെയായി വെയ്റ്റ് ചെയ്യുന്നുണ്ട്.  ആകെ ചളിയില്‍ കുളിച്ച എന്നെയും ആപ്പിയെയും കണ്ട അജു ആകെ വേജാറായി. ഇതൊന്നുമില്ല അജു ഈ ട്രിപ്പില്‍ വരാന്‍ ഉള്ളത് ആദ്യമേ വന്നതാ, എനി അങ്ങട്ട് പൊളി ആയിരിക്കും നീ വണ്ടി എടുക്ക' എന്ന് പറഞ്ഞ് ഞങ്ങള്‍ നീങ്ങി. ചെക് പോസ്റ്റില്‍ എന്‍ട്രി ചെയ്ത് ഞങ്ങള്‍ ഒരു രണ്ട് കിലോമീറ്റര്‍ പോയിട്ടുണ്ടാവും. ആപ്പിയുടെ കൈക്ക് മരണവേദന, 'ബാവുക്ക ങ്ങള് വണ്ടി എടുക്കി എന്നെ കൊണ്ട് പറ്റില്ല '' എന്ന് പറഞ്ഞ് ഭയങ്കര കരച്ചില്‍.

ഉടനെ ഞാന്‍ വണ്ടി എടുത്ത് അടുത്ത സ്ഥലമായ മടിയില്‍ വണ്ടി നിറുത്താന്‍ അജുവിന് നിര്‍ദേശം നല്‍കി. മടിയിലാണ് റോഹ്താങ്ങിന് മുന്നെ അവസാന ദാബകളും കടകളും എല്ലാം ഉള്ളത്. മഴക്ക് യാതൊരു കുറവും ഇല്ല ,അവിടെ അടുത്തുള്ള ഒരു മിലിറ്ററിയുടെ ചെക്‌പോസ്റ്റില്‍ കയറി ഒരു ഡൈക്ലോഫിന്നാക് ടേബളറ്റ് വാങ്ങി ആപ്പിക് കൊടുത്തു. മടിയില്‍ ചെക് പോസ്റ്റിന് അടുത്ത് ഞാന്‍ അറിയുന്ന ഒരു നേപ്പാളിയുടെ ദാബ ഉണ്ട് അവിടെ ഓടി കയറി. ' മഞ്ചയ് ഭായ് വേഗം കുറച്ച് ടിന്നില്‍ വിറക് കത്തിക്കൂ 'എന്ന് പറഞ്ഞു. മടിയില്‍ സാധാരണ എല്ലാ ദാബകളിലും ഇങ്ങനെയുള്ള താല്‍കാലിക തന്തൂറുകള്‍ കാണാം. വേദനയും ചളിയില്‍ കുതിര്‍ന്നും തണുത്തു മരവിച്ചും ആപ്പി ഒരു വഴിക്ക് ആയിട്ടുണ്ട് .

'എന്ത് പറഞ്ഞിട്ടും കാര്യമില്ല ബാവുക്ക ഞാന്‍ തിരിച്ച് പോവാണ് എന്നെ ഏതെങ്കിലും ടാക്‌സിയില്‍ കയറ്റി തന്നാളി 'എന്ന് പറഞ്ഞ് കരയാന്‍ തുടങ്ങി. സംഭവം എല്ലിനൊന്നും പറ്റിയിട്ടില്ല, പക്ഷെ നല്ല വേദന ആയിട്ടുണ്ട്. ഞാന്‍ കണ്ടതാ, അവന്റെ കൈ കുടുങ്ങുന്നത്... 'ഇജൊന്ന് മിണ്ടാതെ നിന്നാ ആപ്പിയെ ഒന്നുല്ലങ്കില്‍ ഒരു വിവരമില്ലാത്ത ലോട്ടര്‍ അന്റെ കൂടെയില്ലേ ആദ്യം ഒന്ന് ചൂട് കൊള്ള് ടാക്‌സി ഒക്കെ നമ്മക്ക് ശരിയാക്കാം' എന്ന് ഞാന്‍ പറഞ്ഞ് മഞ്ചയ് ഭായോട് ഒരു കട്ടന്‍ എടുക്കാന്‍ പറഞ്ഞു, പെയ്ന്‍ കില്ലറും ചൂടും ഏറ്റു തുടങ്ങി,ആപ്പിയുടെ വേദന കുറഞ്ഞ് തുടങ്ങി. ബാഗില്‍ കരുതിയിരുന്ന ഒരു ക്‌റേപ് ബാണ്ടേജ് കൂടി ചുറ്റി കൊടുത്തപ്പോള്‍ ആപ്പി ഹാപ്പിയായി. 'എന്നാലും ബാവുക്ക ചെറിയ വേദന ഉണ്ട്' എന്ന് പറഞ്ഞ ആപ്പിയെ രണ്ട് തെറിയും പറഞ്ഞ് അജു അവന്റെ വണ്ടിയില്‍ പിടിച്ച് കയറ്റി.

Motorcycle Journey to the Himalaya

മഴ അപ്പോളും ചോര്‍ന്നിട്ടില്ല. പക്ഷെ ഈ ഭാഗങ്ങളില്‍ മഴ ഇപ്പോള്‍ ചോരുകയുമില്ല. എങ്ങെനെങ്കിലും റോഹ്താങ്ങ് പാസ് കഴിഞ്ഞ് കിട്ടണം, ഈ പണ്ടാറം മഴ നില്‍ക്കാന്‍. ചായകുടിച്ചതും,തീകാഞ്ഞ എനര്‍ജിയും വച്ച് മഴ വകവെക്കാതെ ഞങ്ങള്‍ റോഹ്താങ്ങ് ലക്ഷ്യമാക്കി നീങ്ങി.
ബെസ്റ്റ്!

റോഹ്താങ്ങ് ടോപ്പിലെത്തിയപ്പോള്‍ മഴയെല്ലാം മാറി കോടയായി. തിരികെ വരുന്ന വണ്ടി വരെ കാണുന്നില്ല. ഒരു വിധം തപ്പി തടഞ്ഞു ഞങ്ങള്‍ റോഹ്താങ്ങ് കഴിഞ്ഞ് കോക്‌സര്‍ ലക്ഷ്യമാക്കി നീങ്ങി. റോഹ്താങ്ങ് പാസ് കഴിഞ്ഞതും വീണ്ടും മഴ കനത്ത് തുടങ്ങി. റോഡിലെല്ലാം അരമീറ്റര്‍ ഉയരത്തില്‍ ചളി, കനത്ത മഴയും,ചളിയും. ഒരു റൈഡറുടെ എല്ലാ ക്ഷമയും അവിടെ നശിക്കും.

ആകെയുള്ള സമാധാനം കോക്‌സര്‍ ചെക് പോസ്റ്റിന് അടുത്തുള്ള സണ്ണി ഭായ്‌ടെ ദാബയാണ്. ഒന്ന് വയറ് നിറച്ച് ഭക്ഷണം കഴിക്കുകയും നനഞ്ഞ് ചളിയില്‍ കുളിച്ചത് ഒന്നു മാറുകയും വേണം. സ്പിറ്റി വാലിയിലേക്ക് തിരിയുന്ന ഗ്രാമ്ഫൂ എന്ന സ്ഥലത്ത് നിന്ന് കോക്‌സര്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍. ഒന്നും പറയണ്ട സഞ്ചാരികളെ... നമ്മുടെ പാടത്തെ ചളി പോലെയുള്ള ചളി, കൂടാതെ കനത്ത മഴയും. കോക്‌സറില്‍ ഒരു വിധം എത്തിയ ഞങ്ങള്‍ സണ്ണിച്ചന്റെ ദാബയിലേക്ക് ഓടി കയറി. അവിടെ എത്തിയാല്‍ വീട്ടില്‍ എത്തിയ ഒരു പ്രതീതി ആണ്. നേരെ സണ്ണിച്ചന്റെ ദാബക്ക് പുറകിലുള്ള റൂമില്‍ കയറി ഡ്രസ് ഒക്കെമാറി ഒന്ന് ഫ്രഷ് ആയി ദാബയിലേക്ക് വന്നു. അടുത്ത പരിപാടി പറയണ്ടല്ലോ സഞ്ചാരികളെ... സണ്ണിച്ചന്റെ നാടന്‍ ചപ്പാത്തിയും, മട്ടണ്‍ കറിയും. അടുക്കളയില്‍നിന്ന് കഴിച്ച് ഒന്ന് വിശ്രമിച്ചപ്പോള്‍ എല്ലാരും ഉഷാറായി. ആപ്പിയും ഹാപ്പിയാണ്. 

Motorcycle Journey to the Himalaya

എനി മനസ്സമാധാനമായി ഒന്ന് ആലോചിക്കണം,എവിടേക്ക് തിരിയണമെന്ന്. എന്തായാലും ലഡാക്കിലേക്ക് ഇല്ല, ഒന്നുങ്കില്‍ ലാഹുല്‍ പങ്കിവേലി ചമ്പ, അല്ലെങ്കില്‍ സ്പിറ്റിവാലി. അപ്പോഴാണ് സണ്ണിച്ചന്‍ ഒരു അഭിപ്രായം പറയുന്നത്. 'പങ്കി വാലി, കില്ലര്‍ ഒക്കെ നല്ല മഴയാ കൂടാതെ മണ്ണിടിച്ചിലും. കുന്‍സുംപാസ് കഴിഞ്ഞാല്‍ മഴക്ക് കുറച്ച് കുറവുണ്ടെന്ന് പച്ചക്കറി വണ്ടിക്കാര്‍ പറയുന്നത് കേട്ടു' എന്നാ പിന്നെ സ്പിറ്റി വേലിയിലേക്ക് വണ്ടി തിരിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്തായാലും മഴ നില്‍ക്കുന്നില്ല. കുറച്ച് സമയം കാത്തിരിക്കാമെന്ന് കരുതി ആപ്പിയും അജുവും ഒന്ന് മയങ്ങി.

Motorcycle Journey to the Himalaya

ഈ സമയം ഞാന്‍ തൊട്ടടുത്തുള്ള കടകളില്‍ കയറി കുറച്ച് ചിക്കനും അരിയും പച്ചക്കറിയും വാങ്ങി സണ്ണിച്ചന്റെ അടുക്കളയില്‍ കയറി. രണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞ് മഴഏകദേശം കുറഞ്ഞ് എന്ന് തോന്നിയപ്പോള്‍, ഞങ്ങള്‍ കെട്ടുംഭാണ്ടവും എടുത്ത് സണ്ണിച്ചനോട് സലാം പറഞ്ഞ് ഇറങ്ങി.
പണ്ടാറം...

ഗ്രാമ്ഫു വരെ എനി ചളിയില്‍ വീണ്ടും നീന്തണം. അത് കഴിഞ്ഞാല്‍ കുന്‌സുംപാസ് വരെ ഉള്ള റോഡ് പടച്ചോന് മാത്രമേ അറിയോള്ളൂ. കാരണം സുന്ദരിയായ യക്ഷിയാണ് സ്പിറ്റി. ഇന്ന് കാണുന്ന പോലെ ആയിരിക്കില്ല നാളെ. ഏറ്റവും കൂടുതല്‍ അരുവികള്‍ ഉള്ള റോഡാണിത്. ചില അരുവികള്‍ക്ക് പുഴകളേക്കാളും നീളവും കൂടാതെ ഭ്രാന്തായതിനാലും എല്ലാ വര്‍ഷവും റോഡ് ഒലിച്ച് പോകല്‍ ഈ റോഡില്‍ സാധാരണമാണ്.  കോക്‌സര്‍ മുതല്‍ ഗ്രാമ്ഫു വരെ വീണ്ടും ചളിയില്‍ നീന്തി ഞങ്ങള്‍ സ്പിറ്റി റോഡിലേക്ക് തിരിഞ്ഞു.

Motorcycle Journey to the Himalaya
 
ഈ പിടിച്ചതിനെക്കാളും വലുത് മാളത്തില് എന്ന് കേട്ടിണ്ടോ സഞ്ചാരികളെ... അതേ പോലെ ആയി ഞങ്ങളുടെ അവസ്ഥ. റോഹ്താങ്ങിനെക്കാളും കൂടുതല്‍ ചളി. കൂടാതെ മഴയത്ത് മലമുകളില്‍ നിന്ന് ഊര്‍ന്ന് ഇറങ്ങുന്ന കല്ലുകള്‍. ആപ്പിയൊട് മുകളിലോട്ട് ഒരു കണ്ണ് വെക്കാന്‍ പറഞ്ഞു. ഭാഗ്യം ഹെല്‍മറ്റ് ഉണ്ട്,ശരീരം മുഴുവന്‍ ചതഞ്ഞാലും തലക്ക് ഒന്നും പറ്റില്ല. ആക്‌സിലേറ്റര്‍ അധികം കൊടുക്കുന്നതൊന്നുമില്ല. പക്ഷെ വണ്ടി എന്നെയും വലിച്ച് പോകുന്നുണ്ട്.

നാട്ടില്‍, ബേപ്പൂരിലെ ജങ്കാറില്‍ പോകുന്ന ഒരു ഫീല്‍, ചളിയില്‍ ഒഴുകി ഒഴുകി ഒരു വല്ലാത്ത റൈഡ് , കഴിഞ്ഞ വര്‍ഷം വന്നതാണെങ്കിലും ഇത്ര മോശം അല്ലായിരുന്നു. മഴക്കാലം ആയത് കൊണ്ടായിരിക്കാം. ഇത് റോഡ് എന്നൊന്നും പറയാന്‍ പറ്റില്ല, പിന്നെ അധികം ചളിയില്‍ കുളിച്ച് ഈ റോഡില്‍ റൈഡ് ചെയ്യാന്‍ സ്പിറ്റി ദേവത സമ്മതിക്കൂല. ഒരോ നാലഞ്ച് കിലോമീറ്ററിലും കാളിയെ പോലെയുള്ള അരുവി അല്ലെ ക്രോസ് ചേയേണ്ടി വരുന്നത്. അതും അരക്ക് വെള്ളത്തില്‍ ,കല്ലില്‍ കൊണ്ട് ടയറ് തിരിയുക അല്ലാതെ ചിലപ്പം നീങ്ങില്ല.

Motorcycle Journey to the Himalaya

കോക്‌സര്‍ മുതല്‍ കുന്‍സും പാസ് വരെ ആകെ രണ്ട് കേമ്പിങ്ങ് സ്ഥലങ്ങളെ ഒള്ളൂ. ഒന്ന് ചത്രു, പിന്നെ കുന്‍സും പാസിനടുത്ത് ചന്ദ്രതാലിലേക്ക് തിരിയുന്നതിന് മുന്‍പെ ഒരു സ്ഥലമുണ്ട് ബാതല്‍. ചത്രുവിന് മുന്‍പ് ഒരു അപകടം പിടിച്ച അരുവി ഉണ്ട്. സ്പിറ്റി മണാലി റോഡ് ക്‌ളോസായി എന്ന് കേട്ടാല്‍ ഇവിടെ എന്തെങ്കിലും സംഭവിച്ചു എന്ന് ചിന്തിച്ചാല്‍ മതി. ഇത് ക്രോസ് ചെയ്യുന്ന സമയത്ത് എന്റെ വണ്ടി വെള്ളത്തിനടിയിലെ ഒരു കല്ലിലിടിച്ചു.  വണ്ടി ചെരിഞ്ഞപ്പോള്‍ ബാലന്‍സ് ചെയ്യാന്‍ പറ്റിയില്ല. അപ്പോഴാണ് രണ്ട് വിദേശികള്‍ ഓടി വന്ന് എന്നെ ഹെല്‍പ് ചെയ്തത്. അവര്‍ തള്ളി കരക്കെത്തിച്ച് തന്നു. അവര്‍ യാത്ര ചെയ്തിരുന്ന വണ്ടി കണ്ട് ഞാന്‍ ഞെട്ടി സഞ്ചാരികളെ...

അവര്‍ പോയ വണ്ടി ഒന്ന് നിങ്ങള്‍ കാണണം... ഫോട്ടോ എടുക്കാന്‍ പറ്റിയ ഒരു അവസ്ഥയില്‍ അല്ലായിരുന്നു ഞാന്‍ അപ്പോള്‍, ഒരു കെഎല്‍ 7 ഓട്ടോറിക്ഷ. അതില്‍ രണ്ട് പയ്യന്‍മാര്‍ വിദേശികളാണ്, കേരളത്തിന്ന് വരികയാണെന്ന് തോന്നുന്നു. പുറകില്‍ വന്ന അജുവിന് ഞാന്‍ അത് കാണിച്ച് കൊടുത്ത് പറഞ്ഞു ''ഇതൊക്കെ ആണ് മോനെ പവര്‍, 3 ചക്രവുമായി ആ വെള്ളത്തിലൂടെ നീന്തുന്നത് നോക്കിയേ.' 

Motorcycle Journey to the Himalaya

ഏതായാലും ഒരു ചായ കുടിച്ച് പോകാമെന്ന് കരുതി ഞങ്ങള്‍ ചത്രുവിലെ ഒരു കേമ്പിങ്ങ് ടെന്റില്‍ നിറുത്തി.  ഞാനും ആപ്പിയും പുറത്തിരുന്ന് ചായ കുടിക്കുമ്പം കുറച്ച് അകലെയായി അജുവും ചായകടക്കാരനും നല്ല ചര്‍ച്ചയിലാണ്. ചായ കുടിച്ച് വണ്ടി എടുക്കാന്‍ നേരം അജു ഓടി വരുന്നുണ്ട് ', ബാവുക്ക അയാള് പറയുന്നത് ഇവിടെ നില്‍ക്കുന്നതാ ബുദ്ധി എന്നാണ്. 

Motorcycle Journey to the Himalaya

ഇപ്പം സമയം അഞ്ചായി ,ബാതല്‍ എത്താന്‍ എനിയും നാല്‍പത് കിലോമീറ്റര്‍ ഉണ്ട്, വഴിയില്‍ എനിയും അരുവികള്‍ ഉണ്ട് അപകടം എന്നൊക്കെയാണ് പറയുന്നത് 'അയാളോട് ഒരു താങ്ക്‌സ് പറഞ്ഞ് വേഗം വണ്ടി സ്റ്റാര്‍ട്ടാക്ക് എന്ന് ഞാന്‍ അജുവിനോട് പറഞ്ഞ് വണ്ടി എടുത്തു. സംഭവം അയാള്‍ പറഞ്ഞത് കുറഞ്ഞ ശരിയാണെങ്കിലും അയാളുടെ ഉദ്ധേഷം ശരി അല്ല. 

അയാള്‍ക്ക് നമ്മളെ അവിടെ രാത്രി എങ്ങനേലും നിറുത്തി ബിസിനസ് ഉണ്ടാക്കണം, പക്ഷെ നമ്മുടെ ലക്ഷ്യം വേറെ ആയതു കൊണ്ട് ഞങ്ങള്‍ ചത്രു വിട്ടു. ചെറിയ മഴ അപ്പോളും ഉണ്ട്.

Motorcycle Journey to the Himalaya

സമയം ആറ് മണി ആകാന്‍ പോകുന്നു. എല്ലാരും നന്നായി ക്ഷീണിച്ചിട്ടുണ്ട്, രണ്ട് പേരോടും ഞാന്‍ പറഞ്ഞു. ' വലതു വശത്ത് എവിടെ വെള്ളമുള്ള നല്ല സ്ഥലം കാണുകയാണെങ്കില്‍ പറഞ്ഞോളി നമുക്ക് ഇവിടെ ഇന്നു കേമ്പ് ചെയ്യാമെന്ന്. ഇടത് വശം കല്ല് ഉരുണ്ടു വരുന്ന മലകളാണ് അധികവും. രണ്ട് മൂന്ന് സ്ഥലങ്ങള്‍ കണ്ടെങ്കിലും വണ്ടി ഇറക്കാന്‍ പറ്റിയില്ല. ഒരു രണ്ട് മൂന്നു കിലോമീറ്റര്‍ പോയപ്പോളാണ് ഞാന്‍ ഒരു ചെറിയ കുന്നിന്‍ മുകളില്‍ ലാഹുലിലെ ആട്ടിടയന്‍മാര്‍ കല്ല് കൊണ്ട് ഉണ്ടാക്കുന്ന ചെറിയ കുടിലുകള്‍ കണ്ടത്.

Motorcycle Journey to the Himalaya

അവന്‍മാര്‍ കേമ്പ് ചെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളം നൂറ് ശതമാനം ഉറപ്പാ ,അതും വച്ച് ഞങ്ങള്‍ ആ ചെറിയ കുന്നിലേക്ക് വണ്ടി തിരിച്ചു. ഒരുപാട് പാറക്കൂട്ടങ്ങള്‍ക്കുള്ളില്‍ ഒരു മേല്‍ക്കൂര ഇല്ലാത്ത കുടില്‍ ,ഭയങ്കര തണുത്ത കാറ്റും ചാറ്റല്‍ മഴയും, വിചാരിച്ച പോലെ ചെറിയൊരു ഉറവയും ഉണ്ട്. എന്തായാലും രാത്രി അവിടെ തന്നെ തങ്ങാമെന്ന് കരുതി.

Motorcycle Journey to the Himalaya

ആദ്യംതന്നെ ടെന്റെടുത്ത് കുടിലിലുള്ളിലായി സെറ്റ് ചെയ്തു. കാറ്റില്‍ നിന്നും ഡബിള്‍ സേഫ്. ടെന്റ് ഉള്ളത് കൊണ്ട് മേല്‍ക്കൂരയും ആയി. ടെന്റായ സ്ഥിതിക്ക് സ്‌ളീപ്പിങ് മേറ്റ്, സ്‌ളീപ്പിങ് ബേഗിന് പകരം രണ്ട് കമ്പിളി പുതപ്പ് എടുത്തിട്ടിരുന്നു...

വണ്ടി ടെന്റിന് അടുത്ത് വച്ച് ലഗേജ് എല്ലാം ഉള്ളില്‍ കയറ്റി. കിച്ചനടക്കം അടങ്ങിയ വലിയ ടെന്റായിരുന്നു ഞങ്ങളുടെത്. പുതപ്പും ടെന്റും പാത്രങ്ങളും ഒന്നിനും ഒരു കുറവ് വരുത്തിയില്ല ,വെറുതെ ആണോ കേരിയര്‍ പിടിപ്പിച്ചത്. പിന്നെ കൂടെ ഉള്ളത് അജു ആണ്. എപ്പോഴാ തിരിച്ച് വീട്ടില്‍ എത്താ എന്നുള്ളത്ത് പടച്ചോനേ അറിയൂ. ടെന്റ് സെറ്റായതും ആപ്പിയും അജുവും പുതപ്പിനുള്ളില്‍ ചാടി കയറി, ''ബാവുക്ക ഇന്ന് ഭക്ഷണം ഒന്നും ഉണ്ടാക്കുന്നത് നടക്കൂല, ഞമ്മക്ക് ബ്രഡും ജാമും കുറച്ച് ഡ്രൈ ഫ്യൂട്‌സും അടിച്ച് കിടന്നാല്ലോ' എന്ന് അജുവിന്റെ അഭിപ്രായം. ബ്രഡും ജാമും നമ്മള്‍ക്ക് രാവിലെ കഴിക്കാം ആ ഡ്രൈ ഫ്രൂട്ട്‌സും കുറച്ച് നട്‌സും ഇങ്ങോട്ട് കൊണ്ടാ ഞാന്‍ ചൂടാക്കി തരാമെന്ന് പറഞ്ഞ്. 

ഗ്യാസ് കോച്ചര്‍ ഓണാക്കി അതില്‍ ബേഗില്‍ നിന്ന് കുക്കര്‍ എടുത്ത് വച്ച് ചൂടാക്കി. രണ്ട് പേരും അന്തം വിട്ട് നോക്കുന്നുണ്ട്. ബേഗില്‍ നിന്ന് പ്‌ളേറ്റ് എടുത്ത് അതില്‍ സണ്ണിച്ചന്റെ ദാബയില്‍ വച്ച് ഉണ്ടാക്കിയ തട്ടി കൂട്ടിയ ബിരിയാണിയും അതിന്റെ മുകളില്‍ കുറച്ച് നട്‌സും വിതറി വിളമ്പി കൊടുത്തു. അപ്പം അവര്‍ക്കുണ്ടായ സന്തോഷം ഒന്നു കാണണം. ഈ സന്തോഷം ഞാന്‍ ഒരു പാട് അനുഭവിച്ചതാ, എനിക്ക് നന്നായി അറിയാം, ഒരുപാട് മാജിക്കുകള്‍ പല യാത്രകളിലും രാജു ഭായും ചന്ദ്രു ഭായും എനിക്ക് കാണിച്ച് തന്നിട്ടുണ്ട്. 

Motorcycle Journey to the Himalaya

അങ്ങനെ ബിരിയാണി കഴിഞ്ഞ് ഹിമാലയത്തിലെ ഏതോ പാറക്കൂട്ടങ്ങളില്‍ നല്ല വയനാടന്‍ തേയിലയും ഏലക്കയും ഇട്ട് ഒരു കട്ടനുകൂടി അടിച്ചപ്പോള്‍ ആപ്പിയും അജുവും താനേ പുതപ്പിനുള്ളില്‍ നിന്ന് പൊന്തി വന്നു. ഞങ്ങള്‍ ഒരു പതിനൊന്ന് മണി വരെ കാര്‍ഡ്‌സ് കളിച്ചും തമാശ പറഞ്ഞും ഇരുന്നു. പുറത്ത് മഴ ഉണ്ടെങ്കിലും വലിയ തണുപ്പൊന്നും തോന്നിയില്ല.  പക്ഷെ ശരീരം ആസകലം വേദന ,സോളാര്‍ ലൈറ്റ് അണച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു

രാവിലെ ഒരു പതിനൊന്ന് മണി വരെ ഞങ്ങള്‍ സുഖായി ഉറങ്ങി. സിബ് തുറന്ന് പുറത്തിറങ്ങിയപ്പോള്‍ എന്റെ പൊന്നു സഞ്ചാരികളെ, കണ്ണ് മഞളിച്ച് പോയി സൂര്യന്‍ നല്ല ഫുള്‍ പവറില്‍! നോക്കത്താ ദൂരമുള്ള ഒരു പാറ കൂട്ടത്തിന്റെ തുടക്കത്തില്‍ ആയിരുന്നു ഞങ്ങള്‍. ഉടനെ എല്ലാത്തിനെയും കുത്തി എഴുന്നേല്‍പിച്ച് ഞങ്ങള്‍ നനഞ്ഞ ഡ്രസുകളും സോക്‌സുകളുമെല്ലാം ഉണക്കാന്‍ ഇട്ടു. പാറകള്‍ക്കിടയില്‍ നല്ല നീല നിറത്തിലുള്ള ഭംഗിയുള്ള പൂക്കള്‍, ഈ പൂക്കളെ നോക്കി കുറച്ച് ഫോട്ടോസ് ഒക്കെ എടുക്കുമ്പോളാണ് എന്റെ ബള്‍ബ് പെട്ടെന്ന് കത്തിയത്. പിന്നെ ഒന്നും നോക്കിയില്ല, 'ആപ്പിയെ... ഡ്രസ് ഒക്കെ ഉണക്കി നമുക്ക് പെട്ടെന്ന് ഇറങ്ങിയാലോ നമുക്ക് ഇന്ന് വൈകുന്നേരം തന്നെ കാസ പിടിക്കണം'എന്ന് പറഞ്ഞു.

'ബാവുക്ക ങ്ങള് അല്ലെ ഇന്നലെ രാത്രി പറഞ്ഞത് ഇന്ന് ചന്ദ്ര താല്‍ ലേക്കിനടുത്ത് കേമ്പ് ചെയ്യാമെന്ന്'. 'അജോ അതൊക്കെ നമുക്ക് തിരിച്ച് വരുമ്പം തങ്ങാം, കാസ അധികം ദൂരം ഒന്നുമില്ല ഒരു 120 കിലോമീറ്ററേ ഉണ്ടാവോള്ളൂ എന്നു പറഞ്ഞു,' ഇനി കുന്‍സും പാസ് വരെ ഉള്ളൂ, ഇങ്ങനെത്തെ പൊട്ടി പൊളിഞ്ഞ റോഡ്.  അത് കഴിഞ്ഞാല്‍ പിന്നെ സ്പിറ്റി തുടങ്ങുന്ന ലോസര്‍ മുതല്‍ കാസ വരെ നല്ല റോഡാണ്. കുന്‍സും പാസ് തുടങ്ങുന്നതിന് മുന്‍പ് ഒരു കേമ്പിങ് സ്ഥലം ഉണ്ട്. ബാതല്‍. ബാതല്‍ കഴിഞ്ഞ് കുന്‍സും പാസ് തുടങ്ങിയ ഉടനെ ഇടത്തോട്ട് ഒരു റോഡ് പോകുന്നുണ്ട് അതാണ് ചന്ദ്ര താലിലേക്കുള്ള വഴി. പതിനാല് കിലോമീറ്റര്‍ ഉണ്ടാകും. കുന്‍സും പാസിന് മുകളില്‍ ഒരു ബുദ്ധമതക്കാരുടെ അമ്പലമുണ്ട്. എല്ലാ വണ്ടികളും അതിനെ പ്രദക്ഷിണം വച്ചിട്ടേ പോകാറൊള്ളൂ, സര്‍ക്കാര്‍ ബസുകള്‍ വരെ.

Motorcycle Journey to the Himalaya

കുന്‍സും പാസ് കഴിഞ്ഞാല്‍ പിന്നെ കണ്ണിലേക്കും മനസ്സിലേക്കും ഒരു വെളിച്ചം അങ്ങട്ട് വരും സഞ്ചാരികളെ. അത്രക്ക് ഭംഗിയാണ് സ്പിറ്റിവാലി. പണ്ടൊക്കെ എനിക്ക് ഏറ്റവും കൂടുതല്‍ വിഷമങ്ങള്‍ വന്ന സമയങ്ങളില്‍ ബാഗുമെടുത്ത് ഒരു വരവാണ് ഈ വാലിയിലേക്ക്. എല്ലാ വിഷമങ്ങളും മായ്ച്ച് കളയുന്ന സ്പിറ്റി. കൂന്‍സും പാസ് കഴിഞ്ഞ ഉടനെ ലോസര്‍ എന്ന ഒരു സ്ഥലം ഉണ്ട്, അവിടെ പേര് എന്‍ട്രി ചെയ്യണം. അവിടുന്ന് പിന്നെ ഏകദേശം എഴുപത് കിലോമീറ്റര്‍ ഉണ്ടാകും കാസയിലേക്ക്.  പക്ഷെ കിടിലന്‍ റോഡാണ്.
 
രണ്ട് സൈഡും കിലോമീറ്ററോളം നീണ്ട് കിടക്കുന്ന മഞ്ഞ് തൊപ്പി അണിഞ്ഞ മലനിരകള്‍. താഴ്വാരങ്ങളില്‍ ഗ്രാമവാസികളുടെ കൃഷിയുടെ പച്ചപ്പും ,എല്ലാം കൊണ്ടും മനസ്സില്‍ കുളിര്‍മ കോരിച്ചൊരിയുന്ന റൈഡ് ആയതു കൊണ്ട് ഏകസിലേറ്ററില്‍ അറിയാതെ കൈ അമര്‍ന്നു. ഏകദേശം അഞ്ച് മണിക്ക് ഞങ്ങള്‍ കാസയില്‍ എത്തി. ആപ്പിയെയും അജുവിനെയും പെട്രോള്‍ അടിക്കാന്‍ വിട്ടിട്ട് ഞാന്‍ അവിടെ ടൗണില്‍ കണ്ട ഒരു റെസ്റ്റോറന്റില്‍ കയറി ചിക്കനും മട്ടണും റൈസും ചപ്പാത്തിയും എല്ലാം വാങ്ങി പാര്‍സല്‍ ആക്കി. അതിനടുത്ത് കണ്ട ഒരു ജെര്‍മന്‍ ബേക്കറിയില്‍ നിന്ന് എന്റെ ഫേവറൈറ്റ് ആയ അല്‍മോണ്ട് കുക്കീസും കുറച്ചു വാങ്ങി. അപ്പോഴേക്കും ആപ്പിയും അജുവും പെട്രോള്‍ അടിച്ച് വന്നു.

Motorcycle Journey to the Himalaya

'ആപ്പി അജോ ക്ഷമിക്കണം ഇന്ന് ഞമ്മക്ക് ഒരു 25 കിലോമീറ്റര്‍ കൂടി ഓടണം, എന്താ നടക്കൂലെ' എന്ന് ചോദിച്ചു. 'അതെന്ത് ചോദ്യാ ബാബുക്ക, എവിടെക്കാണെങ്കിലും ഞങ്ങള്‍ റെഡി. ഇന്നലെ മഴയും ചളിയും ആയതു കൊണ്ടാ ക്ഷീണിച്ചത്, ഇന്ന് ഫുള്‍ എനര്‍ജിയാ' എന്ന് രണ്ടാളും ഒരുമിച്ച് പറഞ്ഞു. 'ഏങ്കില്‍ പിന്നെ കുറച്ച് വെള്ളം പത്ത് ലിറ്റര്‍ വാങ്ങി ഞങ്ങള്‍ വണ്ടിയില്‍ കെട്ടി. 'ബാവുക്ക... ആദ്യമായിട്ടാണല്ലോ വെള്ളത്തിന്റെ ബോട്ടല്‍ വാങ്ങുന്നത്. എന്തു പറ്റി അവിടെ വെള്ളം കിട്ടൂലേ' എന്ന് ചോദിച്ചു.

കേമ്പ് ചെയ്യുന്ന സ്ഥലത്ത് വെള്ളം കിട്ടാന്‍ പണിയാണ് എന്ന് പറഞ്ഞ് ഞാന്‍ ആപ്പിയോട് വണ്ടി എടുക്കാന്‍ പറഞ്ഞു. കുത്തനെയുള്ള 25 കിലോമീറ്റര്‍ ആണ് അത് കൊണ്ട് പതുക്കെ സൂക്ഷിച്ച് പോയാല്‍ മതി എന്ന് ഞാന്‍ അജുവിനോടും ആപ്പിയോടും പ്രത്യേകം പറഞ്ഞു. സഞ്ചാരികളേ... ഞങ്ങള്‍ പോകുന്ന സ്ഥലത്തിന്റെ പേരാണ് സ്പിറ്റി വാലിയിലെ കോമിക്ക് എന്ന കൊച്ച് ഗ്രാമം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ വില്ലേജ് ആണ് ഈ സുന്ദരമായ ഗ്രാമം.

ആകെ ജനസംഖ്യ നൂറ്. കാസയില്‍ നിന്ന് ഇരുപത്തിമൂന്ന് കിലോമീറ്റര്‍ ഭീതി പെടുത്തുന്ന റോഡാണെങ്കിലും നല്ല ടാറിട്ട റോഡാണ് ഗ്രാമം വരെ. കുറച്ച് വര്‍ഷം മുന്നെ ഞാന്‍ ഇവിടെ വന്നിരുന്നു. നല്ലത് എന്ന് പറഞ്ഞാല്‍ വളരെ നല്ല ഗ്രാമവാസികള്‍ ആണ്. അതാണെനിക്ക് സ്പിറ്റിയില്‍ ഏറ്റവും ഇഷ്ടം. നല്ല പ്രകൃതി,നിഷ്‌കളങ്കരായ പാവം ജനങ്ങള്‍, എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങള്‍. എട്ട് മണി ആയതോടെ ഞങ്ങള്‍ കോമിക് എത്തി. ഗ്രാമവാസികള്‍ ഒക്കെ കൂടണഞ്ഞിരിക്കുന്നു. ഗ്രാമത്തിന് പിറകിലൂടെ മുകളിലേക്ക് പോകുന്ന ഒരു റോഡിലൂടെ ഞങ്ങള്‍ ഒരു കുന്നിലേക്ക് കയറ്റി. ഉയരത്തില്‍ നല്ലൊരു മൈതാനം നോക്കി ടെന്റ് അടിച്ച്.

Motorcycle Journey to the Himalaya

ഗ്രാമത്തിന് ചുറ്റും ചെറിയ ചെറിയ മൊട്ട കുന്നുകള്‍ ആണ്. ടെന്റും സാധനങ്ങളും എല്ലാം സെറ്റാക്കി, ആപ്പിയോടും അജുവിനോടും ഞാന്‍ നിര്‍ത്താതെ വെള്ളം കുടിക്കാന്‍ പറഞ്ഞു. കാരണം ഓക്‌സിജന്‍ തീരെ ഇല്ലാത്ത സ്ഥലമാണ്. വെള്ളം കുടിച്ചില്ലെങ്കില്‍ പണി കിട്ടും. എന്നാ പിന്നെ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ഞാന്‍ പാര്‍സല്‍ തുറന്നു പ്‌ളേറ്റ് നിരത്തി. കാസയില്‍ നിന്ന് വാങ്ങിയ ആല്‍മോണ്ട് കുക്കീസ് എടുത്തു അതിന് മുകളില്‍ ഒരു മെഴുക് തിരി കത്തിച്ച് ഞാന്‍ ആപ്പിയോടും അജുവിനോടും പറഞ്ഞു. 'ആപ്പിയെ അജോ ഞമ്മള് ഇപ്പം നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാമത്തിന് മുകളിലുള്ള ഒരു മൊട്ടക്കുന്നിലാണ്, പോരാത്തതിന് ഇന്നാണ് മക്കളെ ജൂണ്‍ മുപ്പത് ഞമ്മളെ ജനിച്ചീസം...' അപ്പം രണ്ടെണ്ണത്തിന്റെ മോന്ത ഒന്നു കാണണം.

ഉപ്പിലിട്ട മാങ്ങ പോലെ ആയി സുഹുര്‍ത്തുക്കളെ... പിന്നെ മൂന്ന് പേരും കെട്ടിപ്പിടിച്ച് ഭയങ്കര ആഹ്‌ളാദ പ്രകടനം ആയിരുന്നു... 'ബാവുക്ക ങ്ങള് ഞമ്മളെ ശരിക്കും ഞെട്ടിച്ചു ,ജീവിതത്തില്‍ ഒരിക്കലും മറക്കൂല എന്നൊക്കെ പറഞ്ഞ് ' ശരിക്കും പറഞ്ഞാല്‍ ഇങ്ങനെയൊരു ബര്‍ത്ത് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാ അതും ഇത്ര ഉയരത്തില്‍. ബര്‍ത്ത് ഡേ കുക്കീസ് മുറിച്ച് രണ്ട് പേര്‍ക്കും കൊടുത്ത് അടിച്ച് പൊളിച്ച് ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ നാല് മണി മുതല്‍ ടെന്റില്‍ കൂട്ട ചുമ. അഞ്ച് മണി ആയപ്പോഴേക്കും അവസ്ഥ മാറി ഞാനും അജുവും നല്ല ചര്‍ദ്ധി. സംഭവം എനിക്ക് മനസ്സിലായി എഎംഎസ് അടിക്കാനുള്ള പുറപ്പാട് ആണെന്ന്. വേഗം ടെന്റ് പേക്ക് ചെയ്ത് സാധനങ്ങള്‍ എല്ലാം വണ്ടിയില്‍ കൂട്ടി കെട്ടി ഞങ്ങള്‍ അവിടുന്ന് പെട്ടെന്ന് ഇറങ്ങി. താഴെ ഗ്രാമത്തില്‍ ഒരു ഓര്‍ഗാനിക്ക് റെസ്റ്റോറന്റ് ഉണ്ട്. ഭാഗ്യത്തിന് ആയാള്‍ തുറന്നിട്ടുണ്ട്. 'ഭക്ഷണം ആകാന്‍ എട്ട് മണി ആകും എന്ന് പറഞ്ഞു,' ഭക്ഷണം ഒന്നും വേണ്ട.

നല്ല മധുരമുള്ള മൂന്ന് പാല്‍ ചായ എടുക്കാന്‍ പറഞ്ഞു, 'ഇന്നലെ രാത്രി നിങ്ങളായിരുന്നോ കുന്നിന്‍ മുകളില്‍ ടെന്റ് അടിച്ചത്' എന്ന് കൗതുകത്തോടെ ചോദിച്ച് കുറച്ച് ഗ്രാമവാസികള്‍ ചുറ്റും കൂടി. പണ്ട് ഇവിടെ സമുദ്രമായിരുന്നു, അതിന്റെ ഫോസിലുകളാണ് എന്ന് പറഞ്ഞ് കുറേണ്ണം കച്ചവടവുമായി ഇറങ്ങീട്ട്ണ്ട്. സംഭവം ഫോസില്‍ കിട്ടുന്ന സ്ഥലമാണ് കോമിക്, പക്ഷെ എനിക്കാ വിഷയത്തില്‍ വലിയ താല്‍പര്യമില്ലാത്തത് കൊണ്ട് ഞാന്‍ അത് ഒഴിവാക്കി. കോമികില്‍ ആകെയുള്ള ഒരു കടയും ഹോട്ടലും എല്ലാ ഈ കഫെയാണ്. വളരെ വ്യത്യസ്തമായ പേരും.
 
Twist of taste, highest restaurant in the world, Spiti organic Kitchen
 
വളരെ വ്യത്യസ്തമായ മെനു, കാട്ടുളളിയും കാട്ടുവേരുകളും ഉപയോഗിച്ചുള്ള മോമോയും സൂപ്പും. അജു മെനു കണ്ട് കടക്കാരനെ സോപ്പിട്ട് ഫുഡ് ഒക്കെ നേരത്തെ തന്നെ ഉണ്ടാക്കിപ്പിച്ചു. ഭക്ഷണം കഴിച്ച് ഞങ്ങള്‍ വണ്ടിയും ലഗേജും ഹോട്ടലുകാരനെ ഏല്‍പ്പിച്ച് നടക്കാനിറങ്ങി, കോമിക്കിന് കുറച്ച് താഴെയാണ് ഹിക്കിം എന്ന കൊച്ചുഗ്രാമം. ഇത്രയും നാച്ചുറല്‍ ആയ ഒരു ഗ്രാമം ഞാന്‍ ഇപ്പം അടുത്തൊന്നും കണ്ടിട്ടില്ല. കോണ്‍ഗ്രീറ്റ് പ്‌ളാസ്റ്റിക്ക് എന്നിവ ഇല്ല എന്ന് തന്നെ പറയാം.മണ്ണും കല്ലും വച്ച കൊച്ച് കൊച്ച് സുന്ദര വീടുകള്‍. കോണ്‍ഗ്രിറ്റനു പകരം മരം കൊണ്ട് പാനല്‍ ചെയ്ത് അതിന് മുകളില്‍ ചളിയിട്ട് മുകളില്‍ പുല്ല് അട്ടിക്ക് വെക്കും.

Motorcycle Journey to the Himalaya

എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങള്‍. കൊച്ചു കുട്ടികള്‍ വരെ ഫോജി ഫോജി എന്ന് പറഞ്ഞ് ഫോസില്‍ വില്‍ക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസ്.
പോസ്റ്റ് ഓഫീസ് തപ്പി ചെന്നെത്തിയത് ഒരു വീട്ടിലാണ്. നോക്കിയപ്പം ഒരു വീടിന്റെ പകുതിയാണ് പോസ്റ്റ് ഓഫീസ്. ഉളളില്‍ കയറി പോസ്റ്റ് മാസ്റ്ററെ കണ്ടു. കാണാനും, പേരും ചൈനക്കാരെ പോലെ.
 
സ്റ്റീല്‍ പാത്രം നിലത്തിട്ട ശബ്ധം പോലെയുള്ള പേര്. മക്കളെ... ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസാണെന്ന് പറഞ്ഞ് വിദേശികള്‍ ഒക്കെ അവരുടെ നാട്ടിലേക്ക് ഇവിടുന്ന് പോസ്റ്റ് കാര്‍ഡ് അയക്കാറുണ്ട്. അപ്പം മനസ്സില്‍ വന്നത് രണ്ട് മുഖങ്ങളാണ്. ഉമ്മച്ചിയും എന്റെ മകളും. രണ്ടാള്‍ക്കും എഴുതി. മോളേ, ഉമ്മാ ഞാന്‍ ഈ കത്ത് അയക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസില്‍ നിന്നാണ്. ഇന്നലെ ഉമ്മച്ചി വിളിച്ച് പറഞ്ഞു ബാവുമോനെ അന്റെ കത്ത് കിട്ടി. ശുഭം