തായ്‌ലന്‍ഡിലെ എണ്ണംപറഞ്ഞ മലയാളികളില്‍ ഒരാളായ ഈ എളിയ യാത്രികന്‍ അങ്ങനെ മക്കാവുവിലേക്ക് പോകാന്‍ ബാക്ക്പാക്കുമായി ഇറങ്ങിത്തിരിച്ചു. ചൈനയുടെ അധീനതയിലുള്ള കുഞ്ഞ് രാജ്യം, ഇന്ത്യക്കാര്‍ക്ക് ഫ്രീ വിസ... ഇങ്ങനെ ചുരുക്കം ചില വിവരങ്ങള്‍ മാത്രമായിരുന്നു മക്കാവിനെ കുറിച്ച് അറിയാമായിരുന്നത്.

എയര്‍ ഏഷ്യയുടെ ഓഫറില്‍ ആകൃഷ്ടനായി, മുന്നുംപിന്നും നോക്കാതെ മൂന്ന് ദിവസത്തെ യാത്രയ്ക്കായി മക്കാവുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീടാണ് തൊട്ടടുത്തുള്ള ഹോങ്കോങ്ങിലേക്ക് പോകാനുള്ള സാധ്യതയെ കുറിച്ച് മനസിലാക്കിയത്. എങ്കില്‍പിന്നെ ഒരു ദിവസം മക്കാവുവിലും രണ്ട് ദിവസം ഹോങ്കോങ്ങിലും ആയേക്കാം എന്നുകരുതി...

രണ്ടര മണിക്കൂര്‍ പറന്ന വിമാനം മക്കാവു സമയം രാത്രി പത്തോടെ കടലില്‍ ഇറക്കി. പേടിക്കേണ്ട, കടലിലേക്ക് ഇറങ്ങിയാണ് മക്കാവു എയര്‍പോര്‍ട്ടിന്റെ റണ്‍വേ സ്ഥിതി ചെയ്യുന്നത്. കുഞ്ഞ് രാജ്യമായതിനാല്‍ കരയിലെ സ്ഥലം കളയേണ്ടെന്ന് വെച്ചായിരിക്കും. തത്തിക്കളിച്ച് റണ്‍വേയില്‍നിന്നും വിമാനം എയര്‍പോര്‍ട്ടില്‍ സൈഡാക്കി. വിസ ഫ്രീ ആണെന്നുകരുതി നേരെ ചാടി പുറത്തിറങ്ങാമെന്ന് കരുതേണ്ട. പ്രത്യേകം റൂമില്‍ കൊണ്ടുപോയി, എവിടുന്ന് വന്നു, എന്തിനു വന്നു, എപ്പോള്‍ പോകും, കൈയിലെ പൈസേടെ കണക്ക്, ഹോട്ടല്‍ ബുക്കിംഗ് എവിടെ തുടങ്ങി ചോദ്യങ്ങളുടെ ശരമെയ്ത്താണ്. മിന്നാരം സിനിമയിലെ ഡയലോഗ് പറയാനാണ് തോന്നിയത്, 'ലാസര്‍, തായ്ലന്റീന്ന്, മക്കാവു കാണണം, ഒരു കാപ്പി കുടിക്കണം, പോണം'.

Macau

അന്വേഷണങ്ങള്‍ക്കൊടുവില്‍ കുഴപ്പക്കാരനല്ലെന്ന് മനസിലായി ചെറിയൊരു സ്ലിപ് തന്ന് അവരുടെ പ്രവിശ്യയിലേക്ക് ഇറക്കിവിട്ടു. 30 ദിവസം അവിടെക്കിടന്ന് കുത്തിമറിയാനുള്ള രേഖയാണ് ആ സ്ലിപ്. ഇതല്ലാതെ പാസ്സ്‌പോര്‍ട്ടില്‍ എന്റര്‍ ചെയ്യുന്ന പരിപാടി ഒന്നുമില്ല.

അധികം തിരക്കൊന്നുമില്ലാത്ത ചെറിയ എയര്‍പോര്‍ട്ടാണ് മക്കാവിലേത്. ടൂറിസ്റ്റ് സിംകാര്‍ഡ് വേണ്ടവര്‍ക്ക് തുച്ഛമായ പൈസ ഇട്ടാല്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് എല്ലാമുള്‍പ്പെടെ സിം കിട്ടുന്ന മെഷീന്‍ ഉണ്ട് എയര്‍പോര്‍ട്ടില്‍തന്നെ. പൊതുസ്ഥലങ്ങളിലെല്ലാം ഫ്രീ വൈഫൈ ഉള്ളതിനാല്‍ സിമ്മിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.

മക്കാവുവിന്റെ കറന്‍സി 'പാട്ടാക്ക' ആണ്. എങ്കിലും ഹോങ്കോങ് ഡോളര്‍ വ്യാപകമായിത്തന്നെ ഉപയോഗിക്കാന്‍ കഴിയും. ചെറിയ കടകളിലും മറ്റും ബാക്കി തരുന്നത് ചിലപ്പോള്‍ മക്കാവു കറന്‍സി ആയിരിക്കും. രണ്ടും തമ്മിലുള്ള മൂല്യം നേരിയ വ്യത്യാസമേ ഉള്ളു. പക്ഷെ തിരിച്ച് ഹോങ്കോങ്ങില്‍ മക്കാവു കറന്‍സി ഉപയോഗിക്കാന്‍ സാധിക്കില്ല.

ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗതം മാത്രമേ ഉപയോഗിക്കൂ എന്ന് ശപഥം ചെയ്താണ് പോയത്. എയര്‍പോര്‍ട്ടില്‍നിന്നും ഹോട്ടലിലേക്കുള്ള ബസ് എല്ലാം മുന്‍കൂട്ടി നോക്കി മനസിലാക്കി വെച്ചിരുന്നു. ഇതുകൂടാതെ ഒരു സേഫ്റ്റിക്ക് ടൂറിസ്റ്റ് ഹെല്‍പ് ഡെസ്‌കിലിരുന്ന പെണ്‍കുട്ടിയോട് ഇറങ്ങേണ്ട സ്റ്റോപ്പ് ചൈനീസ് ഭാഷയില്‍ എഴുതിയും വാങ്ങി.

എയര്‍പോര്‍ട്ടിന് തോട്ടുവെളിയിലുള്ള ബസ് സ്റ്റോപ്പില്‍ നിന്നും ബസ് കയറി ഹോട്ടലിലെത്തി. ഒരുവിധം ആള്‍ക്കാരൊക്കെ ഇംഗ്ലീഷ് പറയും എന്നതിനാല്‍ കാര്യമായി ബുദ്ധിമുട്ടേണ്ടി വന്നില്ല. എങ്കിലും ബസിലും കടകളിലുമൊക്കെ നന്നായി ബുദ്ധിമുട്ടും.

റൂമിലെത്തി രാത്രി ഭക്ഷണം കഴിക്കാന്‍ പോയ കടയില്‍ ചൈനീസ് ഭാഷ. മൊബൈലില്‍ ഉള്‍പ്പെടെ ട്രാന്‍സ്ലേറ്റ് ചെയ്ത് അവിടെയുള്ളവര്‍ക്ക് മൊത്തം പ്രാന്തായി. കഷ്ടപ്പെട്ടാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത്. നല്ല അടിപൊളി ഫുഡായിരുന്നു...

Macau

മക്കാവു, തൈപ്പ, കൊളോണ്‍ എന്നീ മൂന്നു ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് മക്കാവു. ഈ മൂന്നും പാലങ്ങള്‍ വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. വെറും 5 ലക്ഷം മാത്രം ജനസംഖ്യയുള്ള മക്കാവു, ലോകത്തിലെ നാലാമത്തെ ചെറിയ രാജ്യമാണ്.

Macau

രാത്രിയില്‍ ആളും ബഹളവുമൊന്നുമില്ലാത്ത പാവം മക്കാവു; ചൂതാട്ടത്തിനു പേര് കേട്ട രാജ്യത്ത് ബഹളങ്ങളെല്ലാം കാസിനോകളുടെ ഉള്ളിലാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ലക്ഷങ്ങള്‍ മറിയുന്ന ഇടങ്ങള്‍. സെക്കന്‍ഡുകള്‍ കൊണ്ട് ലക്ഷങ്ങള്‍ കൈയില്‍ വരികയും പോവുകയും ചെയ്യുന്ന കാഴ്ചകള്‍ കാണാം അവിടെ.

പിറ്റേന്ന് രാവിലെതന്നെ ഒരുങ്ങിയിറങ്ങി. റൂമിനടുത്ത് തന്നെയുള്ള 'റൂയിന്‍സ് ഓഫ് സെന്റ് പോള്‍' എന്ന പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു പള്ളിയുടെ ശേഷിപ്പ് കാണാന്‍ പോയി. മക്കാവുവിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. കാലത്തെ തന്നെ ചെന്നതിനാല്‍ പള്ളിയും മ്യൂസിയവും ഒന്നും തുറന്നിരുന്നില്ല. 

Macau

അടുത്ത് തന്നെ 'സെനാഡോ സ്‌ക്വയര്‍' എന്ന സ്ഥലവും കണ്ടു. പഴയകാലത്തെ തനത് ചൈനീസ് ശൈലിയിലുള്ള ബഹുനില കെട്ടിടങ്ങളും അതിനിടയിലൂടെ കല്ലുകള്‍ പാകിയ നൊസ്റ്റാള്‍ജിക് നടവഴിയുമാണ് ഇവിടുത്തെ പ്രത്യേകത. 

Macau

അടുത്തത് പ്രധാന സംഭവമായ മക്കാവു ടവറിലേക്കാണ്. വഴിയില്‍ കണ്ട ഒരു കടയില്‍ കയറി അധികം പരീക്ഷണത്തിന് മുതിരാതെ ബ്രെഡ് ടോസ്റ്റ് ശാപ്പിട്ടു. കടയിലെ ആളോട് തന്നെ ചോദിച്ച് മക്കാവു ടവറിലേക്കുള്ള ബസ് ഏതെന്ന് മനസിലാക്കി അടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്നു.

Macau

അതാത് സ്റ്റോപ്പില്‍ വരുന്ന ബസ് നമ്പറുകളും അവ പോകുന്ന സ്റ്റോപ്പുകളും വിശദമായി എല്ലാ സ്റ്റോപ്പിലും എഴുതി വെച്ചിട്ടുണ്ടാകും. പക്ഷെ പോകേണ്ട സ്ഥലത്തെ സ്റ്റോപ്പിന്റെ പേരറിയാത്തതിനാല്‍ ചോദിക്കാതെ തരമില്ല. 

ഇങ്ങനെ ചോദിച്ച് പറഞ്ഞ് തെണ്ടിത്തിരിഞ്ഞ് പോകുന്ന സുഖമൊന്നും ടാക്‌സിയില്‍ പോയാല്‍ കിട്ടൂല, മാത്രമല്ല കീശ കാലിയാവുകയുമില്ല.

എല്ലാവരുടെയും കൈയില്‍ ഇലക്ട്രോണിക് കാര്‍ഡാണുള്ളത്. ബസിലേക്ക് കയറുമ്പോള്‍ ഡ്രൈവറിനടുത്തുള്ള മെഷീനില്‍ കാണിച്ചാല്‍ പൈസ കട്ടാവും. ഇതില്ലാത്തവര്‍ക്ക് പൈസ നിക്ഷേപിക്കാന്‍ അടുത്ത് തന്നെ ഒരു ബോക്‌സും ഉണ്ട്. പക്ഷെ നാട്ടിലെപോലെ ബാക്കി ഒരു രൂപയ്ക്ക് അടികൂടുന്ന പരിപാടി ഒന്നും നടക്കില്ല, ഡിസ്പ്ലേയില്‍ കാണിച്ചിരിക്കുന്ന പൈസ ചില്ലറയായിത്തന്നെ ഇട്ടില്ലെങ്കില്‍ ബാക്കി കിട്ടില്ല.

ചില്ലറ ഇല്ലാതെ വന്നപ്പോള്‍ യാത്രക്കാരുടെ കൈയില്‍ നിന്നും ചേഞ്ച് വാങ്ങിയതും, 'പോട്ട് പുല്ല്' എന്ന് പറഞ്ഞ് കൂടുതല്‍ പൈസ ഇട്ടതും ഈയവസരത്തില്‍ സ്മരിക്കുന്നു. ബസ്സിറങ്ങി നേരെ മക്കാവു ടവറിലേക്ക് കയറി. ടിക്കറ്റെടുത്ത് 61-ാം നിലയിലെത്തി. അവിടെയാണ് 360 ഡിഗ്രി ഒബ്‌സെര്‍വഷന്‍ ഡെസ്‌ക് ഉള്ളത്. മക്കാവു മുഴുവനായും, ചൈനയുടെ കുറച്ച് ഭാഗങ്ങളും ഇവിടെ നിന്നാല്‍ കാണാം.

Macau


സാഹസിക വിനോദമായ ബംഗി ജമ്പ് (കയറില്‍ തൂങ്ങിച്ചാട്ടം), പിന്നെ കയറുമായി ബന്ധിപ്പിച്ച് ടവറിനു ചുറ്റും നടക്കാനുമെല്ലാം അവസരമുണ്ട്.

Macau

Macau

ജീവനില്‍ കൊതിയുള്ളതിനാല്‍ അതിനൊന്നും മെനക്കെട്ടില്ല. ഈ പറഞ്ഞതിനെല്ലാം മതിയായ സുരക്ഷ ഉണ്ടെങ്കിലും പേടിച്ച് അറ്റാക്ക് വന്ന് ചത്താല്‍ ആര് സമാധാനം പറയും...

മക്കാവു ടവറിന്റെ ഏറ്റവും താഴത്തെ നിലയില്‍ കടകളും ഫുഡ് ഷോപ്പുകളുമെല്ലാമുണ്ട്. അവിടെനിന്ന് ഉച്ചഭക്ഷണം കഴിച്ചു.

Macau

അങ്ങനെ മക്കാവുവിലെ പ്രധാന സംഭവങ്ങള്‍ കവര്‍ ചെയ്ത് കഴിഞ്ഞു. ഇനി ഏതെങ്കിലുമൊരു കാസിനോ സന്ദര്‍ശനം കൂടി നടത്തിയാല്‍ പൂര്‍ത്തിയായി. അത്യാവശ്യം മുന്തിയ കാസിനോകളില്‍ നിന്നും മക്കാവു ടവര്‍, എയര്‍പോര്‍ട്ട്, ഫെറി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് ഫ്രീ ഷട്ടില്‍ ബസ്സുണ്ട്, അതും ഫ്രീ വൈഫൈ ഉള്‍പ്പെടെ.
 
നഗരക്കാഴ്ചകളും രണ്ട് കരകളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പാലവുമെല്ലാമടക്കം ഒരു രാജ്യത്തിന്റെ ഒട്ടുമുക്കാല്‍ കാഴ്ചകളും ഫ്രീയായി ആസ്വദിക്കാന്‍ ഇതുപോലെ സൗകര്യം വേറെ എവിടെയുണ്ട്...

ഒരു ടിപ്പ് പറയാം - ഈ മക്കാവു ടവറില്‍നിന്നും എയര്‍പോര്‍ട്ടിലേക്കോ ഫെറിയിലേക്കോ ആണ് പോകേണ്ടതെന്ന് വെക്കുക, നമ്മള്‍ മക്കാവു ടവറില്‍നിന്നും ഷട്ടില്‍ ബസ്സില്‍ കയറി കാസിനോയിലെത്തുന്നു. അവിടുന്ന് എയര്‍പോട്ടിലേക്കോ ഫെറിയിലേക്കോ ഉള്ള ഷട്ടില്‍ ബസില്‍ മാറികയറി അവിടെയുമെത്തുന്നു, സിമ്പിള്‍. കാസിനോയുടെ അടുത്ത് എവിടെയെങ്കിലും റൂം ബുക്ക് ചെയ്യുകയാണെങ്കില്‍ അവിടേക്കുള്ള പോക്കുവരവും ഫ്രീ. അല്ല പിന്നെ, നമ്മളോടാ കളി...

Macau

കാസിനോക്കാരെങ്ങാനും ഈ വിവരണം വായിച്ചാല്‍ ഇതോടെ ഈ പരിപാടി നിര്‍ത്തും. എന്തുകൊണ്ടാണ് ഇങ്ങനെ ഫ്രീ സേവനം കൊടുക്കുന്നതെന്ന് കാസിനോയുടെ ഉള്ളില്‍ കേറിയാല്‍ മനസിലാവും. ചൂതാട്ടത്തിന്റെ സാഗരമാണവിടെ. 100 കണക്കിന് ടേബിളുകളില്‍ 24 മണിക്കൂറും ചൂതാട്ടം നടന്നുകൊണ്ടിരിക്കുന്നു. അവര് നമ്മളെ മാടി വിളിക്കും, പക്ഷെ മൈന്‍ഡ് ചെയ്യരുത്. ഇതിലും വലിയ 'ഏണീം പാമ്പു'മൊക്കെ കളിച്ചിട്ടുണ്ടെന്ന ഭാവത്തില്‍ സ്ഥലം കാലിയാക്കിക്കോണം, ഇല്ലെങ്കില്‍ പൈസ പോകുന്ന വഴിയറിയില്ല.

Macau

കാസിനോയുടെ ഏറ്റവും താഴത്തെ നിലയില്‍ കയറിയപ്പോഴുള്ള കാഴ്ചയാണ് ഇപ്പോള്‍ പറഞ്ഞത്. മുകളിലേക്കുള്ള നിലകളില്‍ക്കൂടി കയറി ബാക്കികൂടി കാണാനുള്ള ത്രാണിയില്ലാത്തതിനാല്‍ പതിയെ അവിടുന്ന് വലിഞ്ഞു. കാസിനോയില്‍ നിന്നും നമ്മുടെ മുത്തായ ഫ്രീ ഷട്ടില്‍ ബസ്സില്‍ കയറി മക്കാവു ഫെറിയിലേക്ക്.

മക്കാവുവില്‍ നിന്നും കടലിലൂടെ കൃത്യം ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഹോങ്കോങിലെത്താം. ഓരോ അര മണിക്കൂര്‍ ഇടവിട്ട് ഫെറി സര്‍വീസുണ്ട്. ഇതുകൂടാതെ ഇമ്മിണി ബല്യ ആള്‍ക്കാര്‍ക്കൊക്കെ വെറും 10 മിനിറ്റ് കൊണ്ട് എത്താന്‍ ഹെലികോപ്റ്റര്‍ സര്‍വീസും ലഭ്യമാണ്.

ഇമ്മിഗ്രേഷന്‍ എല്ലാം ഉള്‍പ്പെടെ എയര്‍പോര്‍ട്ട് സെറ്റപ്പ് തന്നെയാണ് ഫെറിയിലും.

ശരിക്കും ഹോങ്കോങ് കാണാനെത്തുന്ന ആളുകള്‍ ഒരു ദിവസത്തേക്ക് മക്കാവുവിലേക്ക് വന്ന് ചിലവഴിച്ച് പോവുകയാണ് പതിവ്, ഇതിപ്പോ നേരെ തിരിച്ച് ചെയ്യാന്‍ കാരണം എയര്‍ ഏഷ്യ ഓഫര്‍ മക്കാവുവിലേക്ക് കിട്ടിയതുകൊണ്ടാണ്. എങ്ങനെയായാലും രണ്ടു സ്ഥലവും കാണണം അത്രേയുള്ളൂ.

'Cotai water jet ' എന്ന യമണ്ടന്‍ ബോട്ട്; ഒരു കുഞ്ഞ് കപ്പല്‍ എന്നുതന്നെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പേരിലുള്ള ജെറ്റ് അന്വര്‍ത്ഥമാക്കുംവിധം അസാമാന്യ വേഗത്തിലാണ് ഇത് കടലിലൂടെ കുതിക്കുന്നത്. കടല്‍ പ്രഷുബ്ധമാണെങ്കില്‍ ഫ്‌ലൈറ്റിലെപ്പോലെ അനൗണ്‍സ്മെന്റ് വരും, അപ്പൊ സീറ്റ് ബെല്‍റ്റ് ഒക്കെയിട്ട് മിടുക്കനായിട്ടിരിക്കണം. എന്തായാലും പുതിയൊരു അനുഭവമായിരുന്നു വാട്ടര്‍ജെറ്റ്...