| Mathrubhumi - Sanchari POST OF THE WEEK |

കാട്ടിലെ രാത്രിമഴ അപകടമാണെങ്കിലും തിമിര്‍ത്ത് പെയ്യണം എന്നാഗ്രഹിച്ചിരിന്നു. വിരിഞ്ഞ പ്രഭാതത്തില്‍ തെളിഞ്ഞ നീലാകാശത്തിന് താഴെ കൂമ്പമല കൂടുതല്‍ സുന്ദരമായിരിക്കുന്നു. കടല്‍ കടന്നെത്തുന്ന നേര്‍ത്ത കാറ്റ് സന്ധ്യാമഴയുടെ ദൂത് നല്‍കുന്നുണ്ട്. തെളിഞ്ഞ വാനം എപ്പോഴാണാവോ മുത്തുപോലെ മഴത്തുള്ളികള്‍ പൊഴിക്കാന്‍ തുടങ്ങുക... 

വയനാട്ടിലേക്കുള്ള യാത്രയില്‍, ഈങ്ങാമ്പുഴ എത്തുന്നതിന് മുന്‍പ് ഇടതുഭാഗതായി അമ്പരചുംബിയായ ഒരു കൂമ്പനെ കാണാത്തവര്‍ കുറവായിരിക്കും. ഇതുവരെ കാണാത്തവര്‍ ഇനിയൊന്ന് ശ്രദ്ധിക്കണം. താമരശ്ശേരി കഴിഞ്ഞ് ചിലയിടങ്ങളില്‍ ആ സൂചിപോലെയുള്ള മല റോഡിലിറങ്ങിയ പോലെ നടുവിലായി തോന്നാറുണ്ട്. അവനെ ചൂണ്ടി ആഗ്രഹത്തോടെ പറയാറുണ്ടായിരുന്നു, ഒരു നാള്‍ ഞാന്‍ അതിന്റെ ഉച്ചിയില്‍ കുടിലുകെട്ടി കൂടും... 

ആശയോടെയുള്ള അവസാനത്തെ ഈ യാത്രയുടെ മടക്കത്തില്‍ തിരിഞ്ഞു നിന്ന് ആദ്യമായി അഹങ്കാരത്തോടെ ഞാന്‍ പറയും, കഴിഞ്ഞ രാത്രി നിദ്രയെ പുല്‍കിയത് അവന്റെ മാറിലായിരുന്നു. 2017, മെയ് 13 ശനി രാവിലെ ഒന്‍പത് മണിക്ക് വിവിധ ദേശത്തുനിന്നുള്ള 15 പേര് കോഴിക്കോട് ജില്ലയിലെ ഈങ്ങാമ്പുഴയില്‍ ഒന്നിക്കുന്നു. ഓര്‍മ്മ മരിക്കുവോളം കൂടെ കൊണ്ടുനടക്കാന്‍ ഒരു പിടി നല്ല അനുഭവങ്ങള്‍ നല്‍കിയ ഒരു കാനനയാത്രയുടെ വിത്ത് തളിര്‍ക്കുന്നത് അവിടെയാണ്. 

ഞാനും 150 സിസി അവെഞ്ചറും ഏകദേശം അത്രതന്നെ സിസിയുള്ള അന്‍സാറും കൂടെ ഇടതുതിരിഞ്ഞുള്ള റോഡില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ബസ്സ് കാത്തിരിപ്പ് പുരയിലെ ബോര്‍ഡ് കണ്ണിലുടക്കി, 'കക്കാട് പി.ഒ., പയോണ'. അല്‍പ്പം കൂടെ മുമ്പോട്ട് ചെന്ന് വലത്തോട്ട് മുസ്ലിം പള്ളിയോട് ചേര്‍ന്ന റോട്ടില്‍ തിരിയുമ്പോള്‍ ഒരു ബോര്‍ഡ് കൂടെ ശ്രദ്ധയില്‍പ്പെട്ടു, 'മീലാപ്പുരിയിലേക്ക് സ്വാഗതം'. 

ആവേശത്തോടെ വായിച്ചു തീര്‍ത്ത പല നോവലുകളുടെയും താളുകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന മലനാട്. കോഴിക്കോട് അറബിക്കടലിന്റെ ഓരത്ത് നിന്ന് 42 കിലോമീറ്റര്‍ താണ്ടി ഇവിടം വരെ എത്തുമ്പോള്‍, അവസാനം കയറിയ ഒരു കിലോമീറ്റര്‍ കയറ്റം ഒഴിച്ചാല്‍ പറയത്തക്ക കയറ്റങ്ങള്‍ ഒന്നുമില്ല. പറഞ്ഞു വരുന്നത് സമുദ്രനിരപ്പില്‍ നിന്ന് 3780 അടി, അഥവാ 1152 മീറ്റര്‍ ഉയരത്തില്‍, സിംഹഭാഗവും നടന്ന് തന്നെ കയറണം. 

ഒരു ഭാഗം മലബാര്‍ വന്യജീവി സാങ്കേതവും മറുഭാഗം കര്‍ലാടി റെയ്ഞ്ചിലെ ആനമലയും വയനാടന്‍ മല നിരകളും. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിലെ പുതുപ്പാടി സെഷനില്‍ സ്ഥിതി ചെയ്യുന്ന കൂമ്പമല, നിത്യഹരിത വനങ്ങളാലും ഷോല വനങ്ങളാലും പുല്‍മേടുകളാലും സമ്പന്നമാണ്. വേനലവസാനത്തില്‍ മാത്രമാണ് പുതുപ്പാടി സെഷനിലെ കക്കാട് ടൂറിസം ഓഫീസില്‍ നിന്നു കൂമ്പമല ട്രെക്കിങ്ങിന് അനുമതി കൊടുക്കുന്നത്. ഭക്ഷണം ഉള്‍പ്പെടെയുള്ള പതിനഞ്ച് പേര്‍ക്കുള്ള പാക്കേജുകളില്‍ ഒരു ഫോറസ്റ്റ് ഓഫീസറും ഒരു ആദിവാസി വഴികാട്ടിയും കൂടെയുണ്ടാവും. പാറപ്പുറത്ത് ഉറങ്ങാനും മഞ്ഞും മഴയും ഏല്‍ക്കാതിരിക്കാനുമായി കയ്യില്‍ ടെന്റ് കരുതാം. 

നാട്ടില്‍ നില്‍ക്കുമ്പോള്‍ മോശമില്ലാതെ ഫുഡ് കഴിക്കുന്നത് പോലെ യാത്രകളില്‍ കാര്യമായി ഒന്നും കഴിക്കാറില്ല. കുന്നിന്‍ മുകളില്‍ രാപ്പാര്‍ക്കുമ്പോഴും മറ്റും രസകരമായി ഗ്രില്‍ പരിപാടികള്‍ ആണ് പതിവ., പതിവ് തെറ്റിക്കാതെ മൂന്ന് കോഴിയും എഴുപത് ചപ്പാത്തിയും ഉച്ചക്ക് കഴിക്കാന്‍ ഗോതമ്പ് ബണ്ണും മസാലകളും പതിനഞ്ചു പേര്‍ക്ക് വീതിച്ചുനല്‍കി. കാടിനോട് ചേര്‍ന്ന ഒരു പഴയ റിസോര്‍ട്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് പത്തുമണിയോടെ നടത്തം ആരംഭിച്ചു. 

Koomba Mala

മുകളില്‍ അട്ടയുടെ ശല്ല്യം ഉണ്ടാവും എന്ന് ആദ്യം തന്നെ ഗൈഡ് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴയുടെ ബാക്കിയായി തുടക്കം മുതല്‍ക്കെ, കൂട്ടിന് അട്ടയുണ്ട്. കാനന ഭംഗി വേണ്ടുവോളം ആസ്വദിച്ച് വരിവരിയായി കൂമ്പനെ ലക്ഷ്യം വെച്ച് നടക്കുമ്പോള്‍ കലപില കൂട്ടുന്ന കിളികളില്‍ നിന്ന് ഒരു പരദൂഷണക്കാരന്‍ ഞങ്ങളുടെ വരവിനെ കാടുമുഴുവന്‍ വിളിച്ചു കൂവിക്കൊണ്ട് പറന്നകന്നു. മഴനല്‍കിയ പച്ചയുടുപ്പിട്ട മരങ്ങള്‍ക്ക് നടുവില്‍ ചുവപ്പുടുപ്പിട്ട വാകമരങ്ങള്‍ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതും കാട്ടിലെ കൗതുക കാഴ്ച്ചകളാണ്. 

ആദ്യ വിശ്രമം ഒരു കിലോമീറ്റര്‍ അകലെയുള്ള അരുവിയില്‍ ആണെന്ന് പറഞ്ഞിരുന്നു. പലരും ആ അരുവിയുടെ കളകളാരവത്തിന് കാത് കൂര്‍പ്പിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. കയ്യില്‍ ഒരു തുള്ളി വെള്ളവും കരുതിയിട്ടില്ല കാട്ടുറവകള്‍ കനിയാതിരിക്കില്ല. 

Koomba Mala

അരുവിയുടെ ഇരുഭാഗത്തും വെള്ളം കുടിച്ച് വണ്ണം വെച്ച വലിയ മരങ്ങള്‍ തണല്‍ നല്‍കുന്നതുകൊണ്ട് വെളിച്ചം അരുവിക്ക് അന്യമാണ്. എല്ലാവരും വേണ്ടുവോളം വെള്ളം കുടിച്ചു കൂടുതല്‍ സമയം അവിടെ ചിലവഴിക്കാതെ വീണ്ടും നടത്തം തുടര്‍ന്നു. 

മുമ്പില്‍ കയറ്റവും വളവും തിരിവുമുള്ള ചവിട്ടുപാതയിലേക്ക് കാലടി ശബ്ദം കേട്ട് അട്ടപ്പുഴുകള്‍ ഞൊണ്ടി ഞൊണ്ടി ഓടി കൂടുന്നത് കണ്ട് നില്‍ക്കാന്‍ പോലും സമയം കിട്ടിയില്ല. നടത്തത്തിന്റെ വേഗത അറിയാതെ കൂടി. ഞെട്ടേറ്റുവീണ കരിയിലകള്‍ക്കിടയില്‍ വിവിധതരം കൂണുകള്‍ തല പൊക്കി നില്‍ക്കുന്നുണ്ട്. കാനന ദര്‍ബാറിലെ വര്‍ണ്ണനക്ഷത്രങ്ങളാവും. 

ഏകദേശം ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍, പാറയിടുക്കില്‍ വെള്ളമൊഴുകുന്ന ശബ്ദം കേട്ടു. അതെ, പരിസരത്തെവിടെയോ നല്ലൊരു കാട്ടുചോലയുടെ സൂചന. നടത്തത്തിന്റെ വേഗത വീണ്ടും കൂടി, ഒപ്പം ശബ്ദത്തിന്റെ തീവ്രതയും. കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ വയ്യാത്ത രീതിയിലുള ഒരു തെളിനീര്‍ തടാകത്തിന്റെ വക്കില്‍ എത്തിയിരിക്കുന്നു, ക്ഷീണം ലവലേശമില്ലെങ്കിലും അല്പനേരം വെറുതെ ഇരിക്കാന്‍ കൊതിക്കുന്ന ചുറ്റുപാട്, പലരും തടാകത്തിന്റെ സൗന്ദര്യത്തില്‍ മയങ്ങി അതിലേക്ക് എടുത്തുചാടി. 

Koomba Mala

കോഴി കഴുകി അല്‍ഫാം മസാല തേച്ചുവെച്ച് വീണ്ടും നടത്തം ആരംഭിച്ചപ്പോള്‍ ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചിരിക്കുന്നു. നടത്തത്തിന്റെ ഗതിമാറി കുത്തനെയുള്ള കയറ്റം കണ്ട് കണ്ണ് തള്ളിപ്പോയി, ദേ ആ കാണുന്ന വരെയുള്ളൂ എന്ന് പറയുന്ന ഗൈഡ് സജിയേട്ടന്‍ കളവ് പറയാന്‍ പഠിച്ചിട്ടില്ല. ആ കണ്ണുകള്‍ സത്യം പറയുന്നുണ്ട്. ഇത് ഇവിടം കൊണ്ടൊന്നും തീരില്ല മക്കളേയെന്ന നഗ്നസത്യം. എന്നിരുന്നാലും ഈ കളവ് ഓരോരുത്തര്‍ക്കും ഊര്‍ജം പകര്‍ന്നു. സജിയേട്ടന്‍ കാണിക്കുന്നത് ഒരു നല്ല ഗൈഡിന്റെ ലക്ഷണമാണ്. 

കാല്‍വണ്ടി വലിമുട്ടിയിരിക്കുന്നിടത്ത് ആരായാലും അറിയാതെ ഇരുന്നുപോവും, അത്രേ ഞങ്ങളും ചെയ്തുള്ളൂ. അതൊരു തെറ്റാണോ സജിയേട്ടാ, പറ തെറ്റാണോ... മോനെ ചുള്ളക്കാട്ടില്‍ ജുനു, അഞ്ച് മിനുട്ട് എന്നത് അരമണിക്കൂര്‍ ആവാതിരുന്നാല്‍ മതിയെന്ന് മുപ്പരും. പലരുടെയും ഗ്ലൂക്കോസ് പായ്ക്കറ്റ് പൊട്ടിത്തുടങ്ങി. 

Koomba Mala

പത്തുമിനിട്ട് വിശ്രമിച്ചു, ഇനിയും ഇരുന്നാല്‍ മടിപിടിക്കുമെന്നും പറഞ്ഞ് എഴുന്നേറ്റു. കയറ്റം തന്നെ കയറ്റം. ആകെയുള്ള സമാധാനം ഇങ്ങോട്ട് വരുമ്പോള്‍ ഇതൊരു ഇറക്കമാണല്ലോ എന്നുള്ളതാണ്. ആദ്യ ഗിയറില്‍ ഇട്ട് വലിപ്പിക്കുന്ന കയറ്റം ആദ്യ ഗിയറില്‍ തന്നെ ഇറക്കണം എന്ന ഡ്രൈവിങ് തത്വം ആ സമധാനത്തിന് കൂച്ചുവിലങ്ങിട്ടു. നടത്തം ഒരു കിലോമീറ്റര്‍ നീങ്ങിയില്ല, വീണ്ടും വിശ്രമം. എന്തായാലും ഇരുന്നു, എന്നാ പിന്നെ ഞാന്‍ ഈ കാടിനെ പിടിച്ച് ഹൃദയത്തില്‍ അടച്ചു തരാന്നും പറഞ്ഞ് എല്ലാവരോടും കണ്ണടച്ച് കാത് തുറന്ന് അടുത്തിരിക്കാന്‍ പറഞ്ഞു. കാനന ദര്‍ബാറില്‍ മുഴങ്ങുന്ന ചീവീടിന്റെയും കിളികളുടെയും കാറ്റ് ഇലകളില്‍ താളമിടുന്ന ഗസലിന്റെ മാധുര്യം അനുഭവിച്ചത് ആക്രാന്തത്തോടെയായിരുന്നു. 

Koomba Mala

ഇത് വരെയുള്ള തളര്‍ച്ചയെല്ലാം കാട് ഏറ്റു വാങ്ങി. വീണ്ടും നടന്നു നീങ്ങുന്നതത്രയും ചെങ്കുത്തായ വഴികള്‍ തന്നെ. കാടിന്റെ നാഡീഞെരമ്പുകളില്‍ മഴ വീണ്ടും വെള്ളമൊഴുക്കിയിരിക്കുന്നു. വേണ്ടുവോളം വെള്ളം ശേഖരിച്ച് മുന്നോട്ട് തന്നെ. 

ഇനിയാണ് അട്ട ഉണ്ടെന്ന് പറഞ്ഞ സ്ഥലം. വന്നിടത്തോളം ഇത്രമാത്രം അട്ടകടി സ്വീകരിച്ചതനുസരിച്ച് ഇനി അങ്ങോട്ട് എത്രമാത്രം ഉണ്ടാവും. എല്ലാവരും കാലില്‍ ഉപ്പ് വെള്ളം ചേര്‍ത്ത് പുരട്ടിയിട്ടുണ്ട്. മൂക്ക്പൊടിയും ഉപ്പും സമം ചേര്‍ത്ത് ഗ്രേവി പരുവത്തിലാക്കി പുരട്ടിയവരുമുണ്ട്. സോപ്പ്, ഡെറ്റോള്‍ പോലുള്ള കെമിക്കലുകള്‍ അട്ടയെ പ്രതിരോധിക്കുമെങ്കിലും ഒരിക്കലും കാനനയാത്രയില്‍ അതുപോലുള്ളവ ഉപയോഗിക്കരുത്. അത് കാടിന്റെ ജൈവ സമ്പത്തും ആവാസവ്യവസ്ഥയും തകിടം മറിക്കും എന്ന ബോധം സദാ ഉണ്ടാവണം. ട്രെക്കിങ്ങിനിടെ അട്ടയുടെ കടി കൊണ്ട് ആരും മരിച്ച ചരിത്രമൊന്നും ഇല്ലല്ലോ, പിന്നെ അട്ടകടി പേടിയുള്ളവര്‍ കാട് കയറാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. 

Koomba Mala

നമ്മുടെ കാടുകളിലെ തണുപ്പ് കൂടിയ ചതുപ്പ് നിലങ്ങളില്‍ കറുപ്പ്, തവിട്, പച്ച തുടങ്ങിയ നിറങ്ങളില്‍ അട്ടയെ കാണപ്പെടാറുണ്ട്. 2.5 സെന്റീമീറ്റര്‍ മുതല്‍ നീളമുള്ളവ. പോത്തട്ട അല്‍പ്പം കൂടി വലിപ്പമുള്ളവയാണ്. 

Koomba Mala

വാല്‍ഭാഗം ഉപയോഗിച്ച് ശരീരത്തില്‍ പറ്റിപ്പിടിക്കാനും വായ ഉപയോഗിച്ച് നമ്മെ വേദനിപ്പിക്കാതെ ചോര കുടിച്ച് ഇറങ്ങിപ്പോവാനും ഇവന്മാര്‍ മിടുക്കരാണ്. കടിച്ചു രക്തം വലിച്ചെടുക്കുന്നതോടെ 'ഹിറുഡിന്' (Hirudin) എന്നൊരു വസ്തുവിനെ മുറിവിനുള്ളിലേയ്ക്കു പ്രവഹിപ്പിക്കുന്നതിനാല്‍ രക്തം കുറച്ചു നേരം കട്ടപിടിക്കില്ല. ചിലര്‍ക്ക് കടിച്ച ഭാഗം മാസങ്ങളോളം ചൊറിച്ചില്‍ ഉണ്ടാവാം. തനിയെ പിടി വിടാതെ പറിച്ചു കളയുന്നവര്‍ക്കാണ് ചൊറിയാന്‍ സാധ്യത കൂടുതല്‍. കാരണം അവറ്റകളുടെ പല്ലിന്റെ ഭാഗം മുറിവില്‍ പിടിച്ചു നില്‍ക്കുന്നത് കൊണ്ടാണത്രേ. അട്ടകള്‍ മാസങ്ങളോളം ആഹാരം കഴിക്കാതെ കഴിഞ്ഞുകൂടും. 

ഇനി പ്രതിരോധ മാര്‍ഗ്ഗം നിര്‍ബന്ധമാണെങ്കില്‍ നാടന്‍ പുകയില, ചുണ്ണാമ്പ് , ഉപ്പ് , തീ പോലെയുള്ള പ്രകൃതിക്ക് ദോഷം ചെയ്യാത്ത രീതികള്‍ പരീക്ഷിക്കാം. അട്ടയുള്ളത് കൊണ്ട് ഓരോ അടിയും വളരെ ശ്രദ്ധയോടെയായിരുന്നു എല്ലാവരുടെയും നടത്തം, അനാവശ്യ സംസാരമോ സസ്യങ്ങളുടെ തൂമ്പ് മുറിക്കലോ ഒന്നും തന്നെയില്ല ഒരു കണക്കിന് അട്ട നല്ലതാണ് എന്ന് വരെ തോന്നിപ്പോയി! 

Koomba Mala

അട്ടയെ പേടിച്ചു ഒരു കിലോമീറ്റര്‍ ഓടിയാണ് കയറിയത്, നല്ല ഇടതൂര്‍ന്ന നിത്യഹരിതവനം. നേരം ഉച്ചകഴിയുന്നതെയുള്ളു എന്നിരുന്നാലും ഇവിടെ ഒരു സന്ധ്യാസമയത്തിന്റെ പ്രതീതി. മുന്നോട്ട് പോകുന്തോറും വെളിച്ചം അരിച്ച് കയറുന്നുണ്ട്. ശരിക്കൊന്ന് ആകാശം കണ്ടത് ഇപ്പോഴാണ്. മറുഭാഗത്തെ മലയിടുക്കില്‍ കോട കൂട് കൂട്ടിയതു കൊണ്ട് കാഴ്ച്ച കുറവായിരുന്നു, പുല്‍മേടിന്റെ അവസാനത്തില്‍ വീണ്ടും വലിയ മരങ്ങള്‍ അടങ്ങിയ വനപ്രദേശം കണ്ടതോടെ അതുകൂടെ മറികടക്കണം ലക്ഷ്യത്തിലെത്താന്‍ എന്ന് മനസ്സിലായി. 

Koomba Mala

ആദിവാസി ഇപ്പോള്‍ ആ കാടും കടന്നിട്ടുണ്ടാവും, അത്രയും വേഗത്തിലാണ് മൂപ്പിലാന്റെ നടത്തം. മസാലയിട്ട കോഴിയും പാകം ചെയ്യാനുള്ള പാത്രങ്ങളും അദ്ദേഹത്തിന്റെ ചുമലിലാണ്. ആനയും കാട്ടുപോത്തും ഉള്ള പ്രദേശം ആയത് കൊണ്ട് ഞങ്ങള്‍ക്കുള്ള ഒരു കാവലും അദ്ദേഹം തന്നെയാണ്. അതെ, അപകടം പതിയിരിപ്പുണ്ടോ എന്ന് പരതുന്ന നല്ലൊരു വഴികാട്ടി. ആ പുല്‍മേടും കടന്ന് വീണ്ടും മരങ്ങള്‍ നിറഞ്ഞ കാട്ടിലേക്ക് പ്രവേശിച്ചു. ഇനി ഇതുപോലെയുള്ള കാടില്ല, അത് കൊണ്ട് ചായ ഉണ്ടാക്കാനും മറ്റും ഇവിടുന്ന് കുറച്ചു വിറക് ശേഖരിക്കണം. കാറ്റില്‍ പൊട്ടി വീണ കുറച്ചു വിറകും എടുത്ത് മുന്നോട്ട് തന്നെ. ഈ കാടും കഴിഞ്ഞതോടെ വിശാലമായ പുല്‍മേട്... 

Koomba Mala

ആകാശം ഒരു മഴക്ക് ഒരുക്കം കൂട്ടുന്നു. കുന്നിന്‍ ചെരുവില്‍ നിന്ന് കോടമഞ്ഞ് കുന്ന് കയറി വരുന്നു. തെളിഞ്ഞ കാലാവസ്ഥയെ വളരെ പെട്ടന്ന് കോട വിഴുങ്ങിയിരിക്കുന്നു. ചുറ്റുപാട് ഒരു ചൂട് സുലൈമാനിയെ കൊതിപ്പിക്കുന്നു. കണ്‍മുമ്പില്‍ പ്രകൃതിയുടെ മായാജാലം അരങ്ങേറുമ്പോള്‍, അടുപ്പില്‍ സുലൈമാനിക്കുള്ള വെള്ളം തിളക്കുന്നു. നാട്ടില്‍ ഒരിറ്റ് വെള്ളമില്ല, അടുത്ത കാലം കണ്ട ഏറ്റവും വലിയ വരള്‍ച്ച. ദേ ഇവിടെ 3750 അടി ഉയരത്തില്‍ ഒരു ചെറിയ ഉറവ, അതില്‍ നിന്ന് വെള്ളമെടുത്ത് ചായയും കഞ്ഞിയും വെച്ചു അംഗശുദ്ധിവരുത്തി പ്രാര്‍ത്ഥിച്ചു. ഞാനടക്കം ചിലര്‍ വിയര്‍പ്പകറ്റാന്‍ അതിലെ വെള്ളം കോരി കുളിച്ചു. എന്നിട്ടും ആ കുഞ്ഞുറവക്ക് ഒരു കുലുക്കവുമില്ല. 

എന്തൊരാശ്ചര്യം...! 

സമയം മൂന്നുമണിയോടടുക്കുന്നു. സവാളയും ഉപ്പും മുളകും കുരുമുളകു പൊടിയും ചേര്‍ത്തു ബാഗില്‍ കരുതിയ ബണ്ണില്‍ നിറച്ച് കട്ടനും കൂട്ടി കഴിച്ചു. ഉച്ചിയിലെത്താന്‍ ഇനി വെറും 300 മീറ്റര്‍ മാത്രം. അവിടെ വെള്ളമില്ലെന്ന് പറഞ്ഞ് സജിയേട്ടന്‍ പൊന്തക്കാട്ടില്‍ ഒളിപ്പിച്ച രണ്ട് പത്ത് ലിറ്റര്‍ ക്യാന്‍ കൊണ്ട് വന്ന് വെള്ളം നിറച്ചു. അസ്തമയം പ്രതീക്ഷിച്ച് പുല്‍മേട്ടിലൂടെ കൂമ്പന്റെ മണ്ടയിലേക്ക്...

Koomba Mala
 
കൂട് തേടി കുരുവിയമ്മ തലക്ക് മീതെ പറന്നകന്നു, അപരിചിതരെ കാണുന്ന പക്ഷികള്‍ കലപില കൂട്ടുന്നുണ്ട്. അതെ ലക്ഷ്യം എത്തിയിരിക്കുന്നു. ചുറ്റുഭാഗവും കാറ്റിന്റെ സംഗീതത്തില്‍ കോടമഞ്ഞിന്റെ നൃത്തം. തീര്‍ത്തും ആകാശത്തെ തൊട്ട പ്രതീതി. ആകാശത്തിന്റെ ചെന്തുടിപ്പും കാത്ത് പാറമുകളില്‍ ഇരുന്നെങ്കിലും മഞ്ഞിന്റെ കുസൃതികാരണം കൂമ്പമലയില്‍ ഇന്ന് അസ്തമയമില്ലെന്ന യാഥാര്‍ത്ഥ്യം ചുറ്റും ഇരുള്‍ പരന്നപ്പോഴാണ് മനസ്സിലായത്. കുറച്ചുകൂടെ വിറക് ശേഖരിക്കാന്‍ ഒരു ടീം പോയപ്പോള്‍ ഒരു ടീം മലമുകള്‍ ടെന്റുകളാല്‍ അലങ്കരിച്ചിരുന്നു. ക്യാമ്പ് ഫെയര്‍ സെറ്റ് ചെയ്ത് അതില്‍ ഗ്രില്‍ഡ് ചിക്കനും ഒരു ലോ കോളിറ്റി ചിക്കന്‍ കറിയും ഉണ്ടാക്കി എല്ലാവരും വട്ടത്തില്‍ ഇരുന്ന് ചപ്പാത്തിയും കൂട്ടി കഴിച്ചു തീര്‍ത്തു. ലോ കോളിറ്റി കറിന്ന് പറഞ്ഞാല്‍, അറിയാതെ ആരുടെയെങ്കിലും കാല്‍ തട്ടി കറിപ്പാത്രം മറിഞ്ഞാല്‍ മുഴുവന്‍ കറിയും ഈങ്ങാമ്പുഴ ബസ്റ്റോപ്പില്‍ എത്തുന്ന പരുവത്തിലുള്ള കോഴിയും കിഴങ്ങും ഇട്ട ഒരു ദ്രാവകം...
 
എല്ലാവരും കൂടിയിരുന്ന് വിശദമായ പരിചയപ്പെടലും കളി തമാശകളും ഉന്തും തള്ളുമായി ഒരുപാട് നേരം കഴിച്ചു കൂട്ടി. ഓരോരുത്തര്‍ ടെന്റിലേക്ക് ചേക്കേറിത്തുടങ്ങി...

Koomba Mala
 
ഞാനിത്തിരി നേരം കൂടെ മഞ്ഞുകൊണ്ട് ചെറിയൊരു പാറയിലിരുന്നു. ഒരു വലിയ കാറ്റ് കോടമഞ്ഞിനെ തെളിച്ചു കൊണ്ടുപോയപ്പോള്‍ മാനത്ത് അങ്ങിങ്ങായി നക്ഷത്രങ്ങള്‍ മിന്നിമിനുങ്ങി. അങ്ങ് ദൂരെ താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളുടെ പ്രകാശം കൊള്ളിമീന്‍ നക്ഷത്രം കണക്കെ പാഞ്ഞു പോവുന്നു, ചെറു പട്ടണങ്ങളില്‍ ഇപ്പോഴും വെളിച്ചം അണഞ്ഞിട്ടില്ല. ഇതെല്ലാം കണ്ട് കൊതി തീര്‍ന്നില്ല, ആ കാറ്റ് കുന്നിനെ ഒരു വലയം വെച്ച് കോടയേയും കൊണ്ട് വീണ്ടും വന്നു...
 
ഞാന്‍ എഴുന്നേറ്റ് ശാഫിയും ലത്തീഫും കിടക്കുന്ന ടെന്റിലേക്ക് ചെന്ന് കിടന്നു. അഞ്ച് കിലോമീറ്റര്‍ കയറ്റം ഒരു മുപ്പത്തിരണ്ട് കിലോമീറ്റര്‍ നടക്കുന്ന അത്രയും റിസ്‌ക്ക് ഉള്ളത് കൊണ്ടാവാം ലത്തീഫിന്റെ കത്തിക്ക് പതിവിലും മൂര്‍ച്ച കുറവാണ്. ക്ഷീണം കൊണ്ടാവാം അറിയാതെയെപ്പോഴോ ഉറങ്ങിപ്പോയി. 
പാതിരാവും പിന്നിട്ടപ്പോള്‍ മഴയുടെ സംഗീതം ടെന്റിന്റെ മേല്‍ താളമിടുന്നതും കേട്ട് പതിയെ ഉണര്‍ന്ന് കൂട്ടുകാരെ വിളിച്ചു ഉദയം കാണണ്ടേയെന്ന ചോദ്യത്തിന് രണ്ട് മണി ആയിട്ടുള്ളു എന്ന ഉത്തരം വന്നത് ടെന്റിന്റെ പുറത്ത് നിന്ന്. ഏതാ റബ്ബേ ഒരു ജിന്നെന്ന് കരുതി പുറത്തേക്ക് നോക്കുമ്പോള്‍ നൂര്‍. അവന്റെ ടെന്റ് ചോര്‍ന്ന് എഴുന്നേറ്റതാണ്, അവനേം എടുത്ത് ഉള്ളിലിട്ട് വീണ്ടും ഉറങ്ങി...

Koomba Mala
 
അതിരാവിലെ മാനത്ത് ആദിത്യന്‍ ചാര്‍ത്തിയ ചെന്തുടിപ്പ് കണ്ട് പ്രഭാതത്തിലേക്ക് വലതുകാല്‍ വെച്ചിറങ്ങി, ആദിത്യകിരണങ്ങള്‍ മാത്രമെ എത്തിയുള്ളൂ, സൂര്യതമ്പ്രാന്‍ എഴുന്നള്ളുന്നേയുള്ളു. അങ്ങ് ദൂരെ മലമടക്കില്‍ അവന്‍ പൊട്ടി വിടരുന്നതും നോക്കി ആസ്വദിച്ചിരുന്നു. ഇതൊന്നും എഴുതി ഫലിപ്പിക്കാനുള്ള തൂലികയും ഒപ്പിയെടുക്കാനുള്ള ക്യാമറ കണ്ണുകളും ദൈവം തമ്പുരാന്‍ ഭൂമിയിലേക്ക് ഇറക്കിയിട്ടില്ല. കണ്ടും കൊണ്ടും അനുഭവിക്കേണ്ട കാഴ്ച്ച എഴുതി ഫലിപ്പിക്കുന്ന കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു...

Koomba Mala
 
ഈ ജന്മത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സൂര്യോദയം! ലത്തീഫ് ശാഫിയോടാണ് പറഞ്ഞതെങ്കിലും നൂര്‍ ഇടയില്‍ കയറി, ജ്ജ് അയ്ന്‍ പത്ത് മണിക്ക് അല്ലെ എഴുന്നേല്‍ക്കാറുള്ളത്, പിന്നെ എങ്ങനെ കാണാനാ ഉദയം... 

തലേന്ന് ബാക്കിയുള്ള കഞ്ഞിയും ബണ്ണും എല്ലാം എല്ലാരും കൂടെ അകത്താക്കി ഓരോ കട്ടനും കാച്ചി. ആറു മണിക്കൂര്‍ കൊണ്ട് കയറി തീര്‍ത്ത കൂമ്പന്‍, രണ്ട് രണ്ടര മണിക്കൂറ് കൊണ്ട് ഉരുണ്ടും മറിഞ്ഞും മൂടിട്ടും ഒക്കെ ആയി ഒറ്റ ശ്വാസത്തില്‍ ഒരു അട്ടക്കും പിടികൊടുക്കാതെ ഇറങ്ങി തീര്‍ത്തു. കാട്ടു ചോലയിലെ അനവധി തടാകങ്ങളില്‍ ഒന്നില്‍ അര്‍മ്മാദിച്ചു കുളിച്ച് ഉച്ചയോടെ കൂടണഞ്ഞു... 

ഫുഡ് ഒഴിവാക്കിയുള്ള പാക്കേജ് എടുത്തത് കൊണ്ടും, ഫോറസ്റ്റ് ഓഫീസില്‍ ബന്ധം ഉള്ളതുകൊണ്ടും 700 രൂപയില്‍ ചിലവുകള്‍ ഒതുങ്ങി. കാടും വെള്ളവും അപകടകാരികളാണ്. ഈ കാട്ടുചോലയാണ് കക്കാട് വനപര്‍വ്വം ഇക്കോ ടൂറിസം പാര്‍ക്കിലൂടെ ഒഴുകുന്നത്. അവിടെയാണ് ഇതേ ആഴ്ച്ചയില്‍ 2 കുട്ടികള്‍ മുങ്ങിമരിച്ചതും. അത്കൊണ്ട് അനുകരിക്കുന്നവര്‍ സൂക്ഷിക്കുക...