മേടം പിറന്നാല്‍ വസന്തകാലമായി എന്നാണ് ചൊല്ല്. കേരളത്തില്‍ നമ്മള്‍ അതൊന്നും വല്യ കാര്യമാക്കാറില്ല എന്നുമാത്രം. ശിശിരത്തിന്റെ തണുപ്പ് അസഹനീയമാകുന്ന പ്രകൃതിക്കേ വസന്തത്തിന്റെ സുഖം അറിയൂ. ഇവിടെ അതില്ലല്ലോ. നമുക്ക് ഇത് ഒരു വരണ്ട വേനല്‍ക്കാലം. കൊന്ന പൂത്തു തുടങ്ങിയാല്‍ വസന്തമായി എന്ന് കാളിദാസനെ വായിച്ച മുത്തശ്ശിമാര്‍ പറയാറുണ്ടായിരുന്നു. ഋതുരാജനായ വസന്തത്തെക്കുറിച്ച് മനോഹരമായി എഴുതിയ ആളും കാളിദാസന്‍ തന്നെ. ചേമന്തിപ്പൂവാണ് വസന്തത്തിന്റെ പുഷ്പം എന്ന് കാളിദാസന്‍ പറയും, കൊന്നപ്പൂവാണെന്ന് നമ്മുടെ മുത്തശ്ശിമാരും. എല്ലാ മരങ്ങളും തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്ന കാലമാണ് വസന്തം. പ്രകൃതി മനസ്സ് നിറഞ്ഞ് ആഘോഷിക്കുന്ന കാലം. പ്രേമത്തിന്റെ കാലം. അതുകൊണ്ടാണല്ലോ കാമദേവന്‍ തന്റെ വില്ലും കൊണ്ട് ഇറങ്ങുമ്പോള്‍ വസന്തത്തെ കൂട്ടുവിളിക്കുന്നത്. ആംസ്റ്റര്‍ഡാമിലെ ലില്ലിപ്പൂക്കളിലും കാമന്‍ ഒരമ്പ് കരുതിവെച്ചിട്ടുണ്ടാവാം. പഞ്ചശരന്‍ വിദേശികള്‍ക്ക് കരുതിവെച്ച ആറാമത്തെ അമ്പ്.

Keukenhof

മേടമാസത്തിലെ രണ്ടാമത്തെ പകുതിയിലാണ് ഞാനും ഭാര്യ വാസന്തിയും ആംസ്റ്റര്‍ഡാമില്‍ വിമാനമിറങ്ങിയത്. മകള്‍ ലക്ഷ്മിയും ഭര്‍ത്താവ് ദിനുകൃഷ്ണനും താമസിക്കുന്ന ആംസ്റ്റല്‍വീല്‍ നഗരം ആംസ്റ്റര്‍ഡാമിനോട് ചേര്‍ന്ന് കിടക്കുന്നു. ആംസ്റ്റല്‍വീനിലെ സായാഹ്ന സവാരികളില്‍ ശ്രദ്ധിച്ച ഒരു കാര്യം - വീടുകളുടെ മുറ്റത്തെ തോട്ടങ്ങളില്‍ പൂക്കള്‍ വിരളം. റോഡരികില്‍ മരങ്ങളിലെ ഇലകളും കൊഴിഞ്ഞുപോയിരിക്കുന്നു. ശിശിരത്തിന്റെ ആഘാതത്തില്‍ നിന്നും ഭൂമിദേവി ഉണര്‍ന്നു കഴിഞ്ഞിട്ടില്ല. (കാലാവസ്ഥക്കാര്‍ പറയുന്നത് 4 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെ എന്നാണ്).

Keukenhof

പക്ഷേ നാള്‍ ചെല്ലുന്തോറും മാറ്റം വളരെ പ്രകടമായി. വിഷു ആയപ്പോഴേക്കും പാതവക്കിലെ മരങ്ങളെല്ലാം പൂത്തുതുടങ്ങിയിരിക്കുന്നു, വിവിധ വര്‍ണ്ണങ്ങളില്‍ പൂക്കാവടി നിരത്തി വെച്ചിരിക്കുന്നതുപോലെ. വീടുകള്‍ക്ക് മുന്നിലെ ചെടികളിലും ധാരാളം പൂക്കള്‍. അവയില്‍ നമുക്ക് പരിചിതമായത് റോസ് പൂക്കള്‍ മാത്രം. മറ്റെല്ലാം നാട്ടില്‍ സാധാരണയായി കാണാത്തവയാണ്. വിവിധ വലുപ്പത്തില്‍, വര്‍ണ്ണങ്ങളില്‍, രൂപങ്ങളില്‍.

ഈ പൂന്തോട്ടങ്ങളെല്ലാം ചേര്‍ത്തുവെച്ച ഒരു വലിയ തോട്ടമായിരുന്നു ഈ ആഴ്ചയിലെ ഞങ്ങളുടെ ലക്ഷ്യം. ക്യുകെന്‍ ഹോഫ് (KEUKENHOF) ഗാര്‍ഡന്‍. വിവിധ ഇനം സസ്യങ്ങള്‍ ഉള്ളതിനാല്‍ ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ എന്നോ, ടുലിപ് പുഷ്പങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ടുലിപ് ഗാര്‍ഡന്‍ എന്നോ വിശേഷിപ്പിക്കാം.

എങ്ങനെ എത്താം

ക്യുകെനോഫിലേക്ക് പോകുവാന്‍, ആംസ്റ്റര്‍ഡാമില്‍ നിന്ന് സ്‌കിഫോള്‍ പ്ലാസയില്‍ എത്തി അവിടെ നിന്ന് ക്യുകെനോഫ് ബസ്സ് പിടിക്കണം. സ്‌കിഫോള്‍ എയര്‍പോര്‍ട്ടിലെ അറൈവല്‍ ടെര്‍മിനല്‍ നാലില്‍ നിന്നാണ് ബസ്സ് പുറപ്പെടുന്നത്. (ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ട് സ്‌കിഫോള്‍ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്) ക്യുകെനോഫിലേക്കും തിരിച്ചുമുള്ള ബസ്സ് ചാര്‍ജ്ജും പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റും ചേര്‍ന്ന കോമ്പിനേഷന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 24 യൂറോ ആണ്. 10 മിനിട്ട് ഇടവിട്ട് ബസ്സുകള്‍ ഉണ്ട്. പ്രവൃത്തി ദിവസമായിട്ടും നല്ല തിരക്കുണ്ടായിരുന്നു. ടിക്കറ്റ് വാങ്ങി അരമണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടിവന്നു ബസ്സ് കിട്ടാന്‍.

Keukenhof

Keukenhof

സ്‌കിഫോളിലെപ്പോലെ വ്യത്യസ്ത ദിശയിലുള്ള രണ്ട് സ്ഥലങ്ങളില്‍ കൂടി ഇതേ സേവനം ലഭ്യമാണ്. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കൂടാതെ സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്കും ക്യുകെനോഫില്‍ വേണ്ടത്ര സൗകര്യമുണ്ട്. പാര്‍ക്കിനകത്ത് പോകാത്ത ഡ്രൈവര്‍മാര്‍ക്കായി ഭക്ഷണശാലയും ശൗച്യാലയവും. ബസ്സില്‍ വരുന്നവര്‍ക്കുള്ള കോമ്പി ടിക്കറ്റ് സമ്പ്രദായം, നേരിട്ട് വരുന്നവര്‍ക്കുള്ള ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറക്കാന്‍ ഉപകരിക്കുന്നു. കൂടാതെ ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങുവാനും പറ്റും. പ്രവേശനഫീസ് 16 യൂറോ. പാര്‍ക്ക് ദിവസേന രാവിലെ 8 മണിമുതല്‍ വൈകീട്ട് 7.30 വരെ തുറന്നിരിക്കും. ഇപ്പോള്‍ ഇവിടെ സൂര്യന്‍ അസ്തമിക്കുവാന്‍ 8 മണിയാകും. ഈ വര്‍ഷത്തെ പ്രദര്‍ശനം മാര്‍ച്ച് 23ന് തുടങ്ങി മെയ് മാസം 21ന് ആണ് അവസാനിക്കുക.

Keukenhof

Keukenhof     ലോകത്തിലെ ഏറ്റവും സുന്ദരമായ വസന്തോദ്യാനം എന്നാണ് ക്യുകെനോഫിന്റെ സംഘാടകര്‍ അവകാശപ്പെടുന്നത്. 800 വിവിധതരം ടുലിപ് അടക്കം 7 മില്ല്യന്‍, ലില്ലി ഇനത്തില്‍പ്പെട്ട ചെടികള്‍ക്കു (ബള്‍ബ്സ്) മാത്രം 32 ഹെക്ടര്‍ മാറ്റിവെച്ചിരിക്കുന്നു. 15 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നു ഉദ്യാനത്തിലെ നടപ്പാതകള്‍.

Keukenhof     ഭൂമിയുടെ കിടപ്പനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന പൂച്ചെടിത്തടങ്ങള്‍, ഇടയില്‍ ചെറുതോടുകളും വെള്ളച്ചാട്ടങ്ങളും. ഇവക്കെല്ലാം തണലേകി മരങ്ങളും ഉണ്ട്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതക്കനുസരിച്ചുള്ള പൂച്ചെടികള്‍. ഗാര്‍ഡന്‍ ഡിസൈനിങ്ങും, ലാന്‍ഡ്സ്‌കേപ്പിങ്ങ് പോലെ ഭാവന ആവശ്യമായ ഒരു കല തന്നെ. ഇംഗ്ലീഷ് ലാന്‍ഡ് സ്‌കേപ്പിങ്ങ് ആണ് അടിസ്ഥാനമെങ്കിലും ഈ വര്‍ഷം ഡച്ച് ഡിസൈനിങ്ങിലാണ് തോട്ടം ഒരുക്കിയിരിക്കുന്നത്.

Keukenhof

പ്രധാന ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന ടുലിപ് പാടങ്ങളാണ് മറ്റൊരു ആകര്‍ഷണം. ഓണക്കാലത്ത് നമുക്ക് പൂവെത്തിച്ച് തരുന്ന, മൈസൂര്‍ ഗുണ്ടല്‍പ്പേട്ടിലെ ജമന്തി-ചെണ്ടുമല്ലി കൃഷിയിടങ്ങള്‍ ഓര്‍മ്മയിലെത്തും. ഇവിടെ വിസ്തൃതമായ വര്‍ണ്ണപ്രപഞ്ചത്തിലൂടെ നമുക്ക് സൈക്കിള്‍ സവാരി നടത്താം. അവക്കിടയിലൂടെ ഒഴുകുന്ന ജലപാതയിലൂടെ സഞ്ചരിക്കാന്‍ പാര്‍ക്കിലെ വിന്‍ഡ് മില്ലിന് സമീപത്ത് നിന്നും ആരംഭിക്കുന്ന ഒരു ബോട്ട് സര്‍വ്വീസുണ്ട്.

Keukenhof

സകുടുംബം ട്യുകെനോഫില്‍ എത്തുന്ന എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള വക ഇവിടെയുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അനായാസം പാര്‍ക്ക് ചുറ്റുവാനായി വീല്‍ചെയര്‍ സൗകര്യം. കഴിഞ്ഞ 400 വര്‍ഷത്തെ ടുലിപ് കൃഷിയുടെ കഥപറയുന്ന ഹിസ്റ്റോറിക്കല്‍ ഗാര്‍ഡന്‍. ഇവിടെ 17-18 നൂറ്റാണ്ടുകളിലെ ടുലീപ് ഇനങ്ങളും പുതിയ ഇനങ്ങളോടൊപ്പം കാണാം.

Keukenhof

ക്യാമറയിലും മൊബൈല്‍ ഫോണിലുമായി ചിത്രമെടുക്കുന്നവരാണ് സന്ദര്‍ശകരില്‍ അധികവും- ഞങ്ങള്‍ ഉള്‍പ്പെടെ. ബഹുവര്‍ണ്ണ പശ്ചാത്തലത്തില്‍ വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തി ചിത്രമെടുക്കുന്നു, ചിലര്‍. മറ്റ് ചിലര്‍ പൂക്കളുടെ നീണ്ടനിരയിലും, ക്ലോസ്സപ്പിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഫോണ്‍ കയ്യിലുള്ളവര്‍ എല്ലാം തന്നെ ഇന്ന് ഫോട്ടോഗ്രാഫര്‍മാരാണല്ലോ. അവര്‍ക്കെല്ലാം തന്നെ, നല്ല ചിത്രങ്ങള്‍ ലഭിക്കുവാനുള്ള ഒരവസരമാണ് ക്യുകെനോഫ് സന്ദര്‍ശനം.

Keukenhof     ഇവിടെ മൂന്ന് പവലിയനുകളിലായി ദിവസവും പുഷ്പ പ്രദര്‍ശനങ്ങളുണ്ട്. വിവിധയിനം കട്ട്ഫ്ളവേര്‍ഡിനായി ഒന്ന്. പെര്‍മനന്റ് ഓര്‍ക്കിഡും, ആന്തൂറിയവും ഒരുക്കി ഒന്ന്. മറ്റൊന്നില്‍ ടുലിപ്, ലില്ലി ഇനങ്ങളിലെ പൂക്കളും ചെടികളും.

Keukenhof    കുട്ടികള്‍ക്കായി ഒരു ചെറിയ പ്ലേഗ്രൗണ്ടും വളര്‍ത്തു മൃഗങ്ങളുടെ ഒരു മൃഗശാലയും (Pet Zoo) ഉണ്ട്. 

Keukenhof

ഒരു വട്ടം നടന്നുകാണുവാന്‍ ഞങ്ങള്‍ നാലുമണിക്കൂര്‍ എടുത്തു. ഇതിനിടയില്‍ ഉച്ചഭക്ഷണത്തിനും സമയം കണ്ടെത്തി. വിശദമായി ചെടികളെ അറിഞ്ഞുകാണുവാന്‍ മറ്റൊരു നാലുമണിക്കൂര്‍ കൂടി വേണം. പാര്‍ക്കിനുള്ളില്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ആറ് ഭക്ഷണശാലകള്‍ ഉണ്ട്. കൂടാതെ ടുലിപ് വിത്തുകളും, സുവനീറുകളും വില്‍ക്കുന്ന കടകളും.

Keukenhof    ക്യുകെനോഫിന് പറയാന്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1400-കളില്‍ ബവേറിയയിലെ പ്രഭ്വി (Countess) ജാക്വിലീനോ ആരംഭിച്ച, കൊട്ടാരത്തിലെ അടുക്കളത്തോട്ടം പിന്നീട് 200 ഹെക്ടറോളം വരുന്ന ഒരു എസ്റ്റേറ്റായി മാറി. 1949 ല്‍ ഹോളണ്ടിലെ, പൂക്കള്‍ കയറ്റുമതി ചെയ്തിരുന്ന ഇരുപത് പേര്‍ ചേര്‍ന്ന് ഈ സ്ഥലത്ത് സ്ഥിരമായി ഒരു എക്സിബിഷന്‍ ഏര്‍പ്പാട് ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. 1950 ല്‍ തന്നെ അവര്‍ അത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.

Keukenhof

2017-ല്‍ 68 വര്‍ഷം പിന്നിടുമ്പോള്‍ നൂറ് കമ്പനികളുടെയും, അഞ്ഞൂറ് പുഷ്പ കര്‍ഷകരുടെയും ഒരു കൂട്ടായ്മ ഒരുക്കുന്ന വിസ്മയ കാഴ്ചയായി ക്യുകെനോഫ് മാറുന്നു - ഡച്ച് ഫ്ളോറി കള്‍ച്ചറിന്റെ വളര്‍ച്ചയുടെ ഒരു പ്രദര്‍ശനം. അവരുടെ വ്യാപാരശൃംഖല ലോകത്തിന്റെ നാനാഭാഗത്തേക്കും വ്യാപിപ്പിക്കുവാനുള്ള ഒരവസരം. വിനോദ സഞ്ചാരികള്‍ അവര്‍ക്കതിനുള്ള ഒരു മാധ്യമം മാത്രം.   വൈകിട്ട് നാലുമണിയോടെ ഞങ്ങള്‍ ഉദ്യാനത്തിന് വെളിയില്‍ വന്നു. മനസ്സില്‍ സൂക്ഷിക്കുവാന്‍ ആവോളം നിറങ്ങള്‍. ഒരു പഴയ ഗാനത്തിന്റെ ഈരടികള്‍ ഓര്‍മ്മയിലെത്തി. മാനത്തെ മഴവില്ലിനേഴുനിറം എന്‍ മനസ്സിനുള്ളിലെ മാരിവില്ലിനേഴല്ലെഴുനൂറ്, നിറങ്ങള്‍ ഏഴല്ലെഴുനൂറാണല്ലോ...