| Mathrubhumi - Sanchari Post Of the Week |

ദേവലോകം പോലെ ഒരിടം ഭൂമിയില്‍. വിരളമായി മാത്രം മനുഷ്യ പാദങ്ങളമരുന്ന പവിത്രമായൊരിടം. അവിടെ ഉയരെ, ഉയരങ്ങള്‍ക്കുമപ്പുറം ഒരദ്ഭുത ലോകം. മേഘങ്ങള്‍ക്കും മീതെ മഞ്ഞുപാളികളുടെ ആലിംഗനത്തിലമര്‍ന്ന് കിടക്കുന്ന ഇന്ദ്രഹാര്‍.

മലനിരകളുടെ മാനംമുട്ടുന്ന ഗാംഭീര്യമല്ല ഇന്ദ്രഹാറില്‍ സഞ്ചാരിയുടെ മനം കവരുക. മറിച്ച് കാല്പനികതയുടെ സൗരഭ്യം പരത്തുന്ന മായിക സൗന്ദര്യമാണിവിടെ നിറയെ. സഞ്ചാരത്തിന്റെ വഴിയിടകളില്‍ ആരും കൊതിച്ച്‌പോവുന്ന നിറസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ് ഇന്ദ്രഹാര്‍.

ചണ്ഡിഗഢില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ മലനിരകളുടെ റാണിയായ ഹിമാചല്‍ പ്രദേശില്‍ ധര്‍മശാല. അവിടെ നിന്ന് 10 കിലോമീറ്ററകലെയുള്ള മക്ലോഡ് ഗഞ്ച് വരെ വാഹനത്തില്‍ പോവാം. മക്ലോഡ് ഗഞ്ചില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ധരംകോട്ട് വരെയും കൂടി വാഹനമെത്തും. എങ്കിലും നടന്ന് പോവാന്‍ കൂടുതല്‍ മനോഹരം.

രാവിലെ ഏഴുമണിക്ക് ഞങ്ങള്‍ മക്ലോഡ് ഗഞ്ചില്‍ നിന്ന് നടപ്പ് തുടങ്ങി. 12 കിലോമീറ്റര്‍ അകലെയുള്ള ത്ര്യുണ്ട് ആണ് ഇന്നത്തെ ലക്ഷ്യം. സമുദ്രനിരപ്പില്‍ നിന്ന് 9700 അടിയോളം ഉയരെയാണ് ത്ര്യുണ്ട് ക്യാമ്പ് സൈറ്റ്. നല്ല തണുപ്പിലൂടെ മുന്നോട്ട്.

പുനെയില്‍ നിന്നുള്ള ഡോക്റ്റര്‍ ദമ്പതിമാരായ ആദിത്യയും നമിതയും അവരുടെ സഹപാഠികളായ രഞ്ജനും സുദേവയും ആണ് സഹയാത്രികര്‍. കൂടെ ഗൈഡ് മന്‍സുഖ്. മന്‍സുഖിന്റെ സഹായി നര്‍സ്സിംഗ്.
അകലെ മഞ്ഞുമൂടിനില്‍ക്കുന്ന ധോലധര്‍ മലനിരകള്‍. അതിനു മുകളിലേക്കാണ് യാത്ര. മൂന്നാം ദിവസം ഇന്ദ്രഹാറിലെത്തും. മടക്കയാത്ര മറ്റൊരു ആറു ദിവസം വേണം. അത് മറ്റൊരു വഴിയിലൂടെ ആണ്. ഇന്ദ്രഹാറിലേക്കുള്ള യാത്ര ആകെ ഒന്‍പത് - പത്ത് ദിവസത്തെ ട്രെക്കിംഗ് ആണ്.

വളഞ്ഞ് നീങ്ങുന്ന വഴികളിലൂടെ കയറി രണ്ട് കിലോമീറ്റര്‍ അകലെയുള്ള ധരംകോട്ടില്‍ എത്തി. ഈ ഗ്രാമം ഒരു സുന്ദരിയാണ്. തണുത്ത കാട്ടില്‍ പൊട്ടിവീണ് മുളച്ച സ്വര്‍ഗ്ഗത്തിന്റെ ഒരു കഷണം പോലെ തോന്നും. ഇവിടെ വരെ വാഹനം വരും. ഇനിയങ്ങോട്ട് നടവഴിയും വഴിയില്ലാത്ത നടപ്പും തന്നെ.

Indrahar Pass Himalaya

ധരംകോട്ടില്‍ നിന്ന് പ്രാതല്‍ കഴിച്ച് ഞങ്ങള്‍ പെട്ടെന്ന് മുന്നോട്ട് നടന്നു. ഇപ്പോള്‍ പൈന്‍ മരക്കാടുകള്‍ക്ക് ഇടയിലൂടെയാണ് യാത്ര. തിങ്ങിനില്‍ക്കുന്ന കാട് ആകാശത്തെപോലും മറച്ചു. അവിടെ മരങ്ങള്‍ക്ക് ചുവടെ മൂടല്‍മഞ്ഞ് നൃത്തമാടി. കൂട്ടിന് പലയിനം പക്ഷികളുടെ പാട്ടും. ക്ഷീണമറിയാതെ കയറി. തെളിഞ്ഞ മാനം കാണുന്ന പുല്‍മേടുകളും പൈന്‍ കാടുകളും മാറിമാറി വന്നു. ഇപ്പോള്‍ കയറ്റം കുത്തനെയാണ്. കഠിനവുമാണ്. ഇടക്ക് ഇരുന്ന് കിതപ്പാറ്റിയാണ് മുന്നേറുന്നത്.

പതിയെ ഗാലു ദേവതാ ക്ഷേത്രത്തിനരികിലെത്തി. ആ ഉത്തുംഗഭൂമിയിലെ ക്ഷേത്രത്തിന് പ്രത്യേക ചൈതന്യം തോന്നി. അല്‍പനേരത്തെ വിശ്രമം കഴിഞ്ഞ് പിന്നെയും മുന്നോട്ട്. വളഞ്ഞുപുളഞ്ഞു നീങ്ങുന്ന ഇടവഴിയും കാട്ടാറും കടന്ന് ഇന്ദ്രഹാറിന്റെ മാസ്മരഭംഗി നുകരാന്‍ മുന്നോട്ട്. ഓരോ വളവിലും പ്രകൃതി അതിമാസ്മരികമായ ഭംഗി ഒളിച്ച് വെച്ചിരിക്കുന്നു. പലയിടത്തും അങ്ങുതാഴെ വെള്ളിയിരുക്കിയൊഴിച്ചത് പോലെ മേഘക്കൂട്ടങ്ങള്‍ വെയിലേറ്റ് വെട്ടിത്തിളങ്ങി നില്‍പ്പുണ്ട്.

അകലെ മോഹിപ്പിക്കുന്ന പ്രതാപവുമായി മലനിരകളും. ഓക്ക് മരങ്ങള്‍ക്കും റോഡോഡെന്‍ഡ്രോണുകള്‍ക്കും ഇടയിലൂടെ മുന്നോട്ട്. ചിതറിവീണ പാറത്തുണ്ടുകള്‍ പോലെയുണ്ട് വഴി. അവയുടെ പരുത്ത പ്രതലം കാലങ്ങളായുള്ള പ്രകൃതിപ്രവാഹങ്ങളില്‍ മിനുസപ്പെട്ടിരിക്കുന്നു.

ആട് മേക്കുന്ന ഗഡ്ഡി സമുദായക്കാരാണ് ഇവിടെ കൂടുതലുള്ളത്. അവര്‍ ആടുമായി മലനിരകള്‍ കയറി നീങ്ങാന്‍ വേണ്ടി തയ്യാറാക്കി വെച്ച വഴികളാണിവ. അതിലൂടെ ഞങ്ങള്‍ ത്ര്യുണ്ട് വരെ എത്തി.
ഒരു മായാലോകമാണിവിടം. പരന്ന പുല്‍മൈതാനം. അതിന്റെ അറ്റം താഴേക്ക് പതിക്കുന്ന കൊക്ക.

Indrahar Pass Himalaya

ഇവിടെ കാഴ്ചകള്‍ മനസ്സ് നിറയ്ക്കും. അതിസുന്ദരമായ ദൃശ്യഭംഗി. ഒപ്പം തരുലതകളെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റിന്റെ തലോടലും.
ഇന്ന് ഇവിടെ തങ്ങണം. ക്യാമ്പ് തയ്യാറാക്കി. നാല്‍പ്പത്തഞ്ച് വയസ്സോളം പ്രായമുണ്ട് നര്‍സ്സിംഗിന്. നര്‍സ്സിംഗ് അതിവേഗം ഭക്ഷണം തയ്യാറാക്കുകയാണ്. ചപ്പാത്തിയും ദാലും സാലഡും.
പെട്ടെന്ന് ഭക്ഷണം കഴിച്ച് എല്ലാവരും കിടന്നു. കാറ്റിന് വേഗം കൂടിയിട്ടുണ്ട്. തുളച്ചുകയറുന്ന തണുപ്പും. പെട്ടെന്ന് ഉറങ്ങി.

രാവിലെ നടത്തം തുടങ്ങി. 9 കിലോമീറ്റര്‍ അകലെ ലഹേഷ് ഗുഹ ആണ് ഇന്നത്തെ ലക്ഷ്യസ്ഥാനം. സമുദ്രനിരപ്പില്‍ നിന്ന് 11500 അടിയിലധികം ഉയരെ.
യാത്ര അല്‍പം കൂടുതല്‍ കുത്തനെയാണ്. എങ്കിലും ഗഡ്ഡികള്‍ സംരക്ഷിച്ച് വരുന്ന കല്ലിടവഴി ആയാസം കുറയ്ക്കുന്നു. സഹയാത്രികര്‍ വളരെ പതുക്കെ ആണ് നടക്കുന്നത്. കാഴ്ചകള്‍ ആസ്വദിച്ച് നീങ്ങാന്‍ അത് സഹായമായി.

ഓരോ അണുവിലും ത്രസിപ്പിക്കുന്ന സൗന്ദര്യമാണിവിടെ. ഓക്ക് മരങ്ങള്‍ക്കിടയിലൂടെ നടന്ന് പുല്‍മൈതാനത്തെത്തും. അവിടെ നിന്ന് താഴേക്ക് നോക്കിയാല്‍ ത്ര്യുണ്ട് മരതകപ്പരവതാനി പോലെ കാണാം.
മറുഭാഗത്ത് ഭീമാകാരമായ പര്‍വ്വതനിരകള്‍. അവയില്‍ നിന്ന് പൊട്ടിയൊലിച്ച് ആര്‍ത്തലച്ചൊഴുകി വീഴുന്ന അനേകം ചെറുനദികള്‍. അങ്ങകലെ ബിയാസ് നദിയുടെ താഴ്വാരങ്ങള്‍ അവ്യക്തമായി കാണാം.
എങ്ങും ശുദ്ധപ്രകൃതി മാത്രം.

ഇടക്കിടെ ഇരുന്ന് കിതപ്പാറ്റിയും പിന്നെ പതുക്കെ നടന്ന് കയറിയും ഉച്ചയോടെ ലഹേഷില്‍ എത്തി. ഇന്ന് ഇവിടെ തങ്ങി നാളെ ഇന്ദ്രഹാറിലേക്ക്. ഉച്ചഭക്ഷണം തയ്യാറാക്കി. ചോറും ദാലും അച്ചാറും സാലഡും. ദീര്‍ഘനേരത്തെ മലകയറ്റം എല്ലാവരെയും തളര്‍ത്തിയിരുന്നു. പെട്ടെന്ന് ഭക്ഷണം കഴിച്ച് അല്‍പനേരം കിടന്ന് വിശ്രമം. പക്ഷേ കിടന്നതേ ഓര്‍മ്മയുള്ളൂ, ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ ഇരുട്ട് വീഴാന്‍ തുടങ്ങിയിരുന്നു.

Indrahar Pass Himalaya

സഹയാത്രികര്‍ നല്ല ഉറക്കമാണ്. മന്‍സുഖും നര്‍സ്സിംഗും തീ കായുന്നു. അവരുടെ അടുത്തിരുന്ന് തീ കാഞ്ഞു. പിന്നെ പതിയെ നടക്കാനിറങ്ങി. അരണ്ട വെളിച്ചത്തില്‍ ലഹേഷ് മാദകഭംഗി വാരി വിതറി.
സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഘനീഭവിച്ച് നില്‍ക്കുന്നത് പോലെയാണ് ലഹേഷ്. ഇവിടെ കാണുന്നതൊന്നും സത്യമല്ലെന്ന് തോന്നും. അത്ര മനോഹരം. ഏത് കോണിലും നിറസൗന്ദര്യം മാത്രം കാത്തുവെക്കുന്ന ഇടം.

ലഹേഷ് സഞ്ചാരിയെ കീഴടക്കും. ആദ്യം വശ്യമായ സൗന്ദര്യം കൊണ്ട്. പിന്നെ അനുപമമായ നൈര്‍മ്മല്യം കൊണ്ട്. പ്രകൃതി അതിന്റെ സ്വാഭാവിക ഭാവത്തില്‍ തുടരുകയാണിവിടെ. അനേകലക്ഷം വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ശുദ്ധപ്രകൃതി. ഇവിടെ കാറ്റില്‍ സംഗീതമുണ്ട്. സഞ്ചാരിയെ പിടിച്ചുലയ്ക്കുന്ന സംഗീതം.

കാതടപ്പിക്കുന്ന മേളം നിറഞ്ഞ സംഗീതമല്ല. ഒരു പുല്ലാങ്കുഴലില്‍ നിന്ന് ഊര്‍ന്നിറങ്ങി ഒഴുകി വന്ന് നമ്മെ തഴുകി തരളമാക്കുന്ന ഹൃദ്യഗീതം. ആ ഗീതത്തിന്റെ ഒലികളില്‍ അലിഞ്ഞ് നിന്നു. കണ്മുന്നില്‍ കാണുന്ന മാസ്മരികദൃശ്യങ്ങളും കൂടെ ഈ മായികസംഗീതവും ചേര്‍ന്ന് സഞ്ചാരിയെ അലൗകികമായ അനുഭൂതികളിലേക്കുയര്‍ത്തും.

ഭാരമില്ലാതാവുന്ന അവസ്ഥ. വായുവില്‍ പാറി നടക്കുന്ന അനുഭൂതി. അപ്പൂപ്പന്‍താടി പോലെ. ഒരു വെള്ളമേഘത്തുണ്ട് പോലെ. പാതിയിലുണര്‍ന്ന കിനാവ് പോലെ. ഈ സന്ധ്യയില്‍ ചായം ചാര്‍ത്തുന്നത് മാസ്മരിക വര്‍ണ്ണങ്ങളാണ്. തെളിനീല. ഇളം നീല. ചാരം. കറുപ്പ്. ഇളം ചുവപ്പ്. വെള്ള. ഇങ്ങനെ പ്രകൃതിയുടെ നിറക്കൂട്ടുകള്‍ മാനം നിറയെ വാരി വിതറിയിരിക്കുന്നു.

തെളിഞ്ഞ ആകാശമാണ്. ഒട്ടും മങ്ങലില്ലാതെ കിലോമീറ്ററുകളോളം കാഴ്ചയെത്തുന്നുണ്ട്. വാക്കുകളെ പരാജയപ്പെടുത്തുന്ന അനുഭൂതി. എത്രനേരം നിന്നാലും മതിയാവില്ല. മന്‍സുഖിന്റെ വിസിലടി കേട്ടാണ് മടങ്ങിയത്. മനസ്സില്ലാമനസ്സോടെ. എല്ലാവരും തീക്കുണ്ഠത്തിന് ചുറ്റും ഇരിപ്പാണ്. അവിടെ സൗഹൃദവും പൊട്ടിച്ചിരികളും കൂടെ ഭക്ഷണവും ഞങ്ങള്‍ പങ്കുവെച്ച് കഴിച്ചു.

Indrahar Pass Himalaya
എത്രവേഗമാണ് സഞ്ചാരികള്‍ പരസ്പരം അടുക്കുന്നത്.

കേവലം 36 മണിക്കൂര്‍ മുന്‍പ് മാത്രം പരിചയപ്പെട്ട ഞങ്ങള്‍ ഇപ്പോള്‍ ചിരകാല സുഹൃത്തുക്കളെപ്പോലെയായി. പരസ്പരം പ്ലേറ്റുകളില്‍ നിന്ന് കയ്യിട്ട് വാരിയെടുത്തും കീറിയിട്ടു കൊടുത്തും ഭക്ഷണം കഴിക്കുന്ന ബാല്യകാലസുഹൃത്തുക്കളെപ്പോലെ. സൗഹൃദം മനുഷ്യന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ്.

ഏത് കൊടും വെയിലിലും വാടാതെ കാക്കുന്ന തണല്‍. തളര്‍ന്ന് വീഴും മുന്‍പ് താങ്ങിയെടുക്കുന്ന കരുത്ത്. കാലിടറാതെ വഴിനടത്തുന്ന കരുതല്‍. ഒപ്പമിരുന്ന് തപമാറ്റുന്ന സ്‌നേഹം. പ്രതീക്ഷകളില്ലാതെ പകര്‍ന്ന് തരുന്ന അക്ഷയപാത്രം. അതിന്റെ അപാരമായ വശ്യശക്തിയില്‍ പെട്ടുപോവണം. അങ്ങനെ പെട്ടുപോയാല്‍ അത് ആസ്വദിക്കാം. സൗഹൃദത്തിന്റെ അനന്തമായ വിഹായസ്സില്‍ സ്വയമലിഞ്ഞ് ചേരാം. ആഴങ്ങളില്‍ ചെന്ന് നിര്‍വ്വൃതിയണയാം. അതില്‍ മുഴുകി സര്‍വ്വം മറക്കാം.

Indrahar Pass Himalaya

സൗഹൃദം അതിന്റെ സര്‍വ്വസൗകുമാര്യത്തോടെയും വിടര്‍ന്ന് നിന്ന ഒരസുലഭ സായാഹ്നമായിരുന്നു അത്. പലദേശങ്ങളില്‍ നിന്ന് വന്ന ഞങ്ങള്‍ക്കിടയില്‍ സൗഹൃദം പാലങ്ങള്‍ പണിതു. യാനങ്ങള്‍ നീറ്റിലിറക്കി. മതിലുകള്‍ക്ക് മേലെ കയറേണിയെറിഞ്ഞ് അകലം അകറ്റി. ആ ചങ്ങാത്തത്തിന്റെ തോളിലേറി ഞങ്ങള്‍ ഒരുമിച്ചിരുന്നു. നമിത ഗസലുകള്‍ പാടി. ലഹേഷിലെ തണുപ്പില്‍ മെഹദി ഹസന്റെയും ജഗ്ജിത്സിംഗിന്റെയും വരികള്‍ അവളിലൂടെ പറന്നിറങ്ങി. ശോകവും പ്രണയവും മോഹവും പ്രത്യാശയും വിരഹവുമെല്ലാം വരികളിലൂടെ പാറിനടന്നു.

കത്തുന്ന തീനാളങ്ങളുടെ സ്വര്‍ണ്ണ വെളിച്ചത്തില്‍ നക്ഷത്രങ്ങള്‍ക്ക് താഴെ അതൊരു ദേവസദസ്സ് പോലെയായി. മെഹദി ഹസ്സന്റെ 'ആജ് തക് യാദ് ഹെ വൊ പ്യാര്‍ ക മന്‍സര്‍' നമിത പാടിയപ്പോള്‍ ആ അനുഭൂതി അനിര്‍വ്വചനീയമായി. പ്രണയത്തിന്റെ തരള സ്പന്ദനങ്ങള്‍ അവിടെങ്ങും നിറഞ്ഞു. ആ രാത്രി ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്ന് മോഹിച്ച് പോയ നിമിഷം.
ഗസലുകള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പടര്‍ന്നു. മോഹങ്ങള്‍ കൂടെ പറന്നു.

Indrahar Pass Himalaya

മായികമായ ആ രാവ് സുന്ദരസ്വപ്നങ്ങളുള്ള നിദ്രയിലേക്ക് വഴിമാറി.

ഇന്ന് മൂന്നാം ദിവസമാണ്. കഠിനമാണ് ഇന്നത്തെ യാത്ര. 14160 അടി ഉയരെയുള്ള ഇന്ദ്രഹാറിലേക്ക് കയറണം. എന്നിട്ട് മടക്കയാത്രയിലെ ആദ്യ കേന്ദ്രമായ ഛത വരെ ഇറങ്ങണം. ആകെ 10 കിലോമീറ്ററോളം ദൂരം.

ഇന്ദ്രഹാര്‍ കൊതിപ്പിക്കുന്ന ഒരു സ്വപനമായി ഒപ്പം കൂടിയിട്ട് കാലമേറെയായി. മുന്‍പൊരിക്കല്‍ ലഹേഷ് വരെ വന്നിട്ട് മലയിടിച്ചില്‍ കാരണം തിരികെ മടങ്ങേണ്ടി വന്നു. അത് ഭീകരമായ ഒരനുഭവമായിരുന്നു. ഒഴുകിവന്ന വെള്ളത്തിനൊപ്പം കൂറ്റന്‍ പാറകളും താഴേക്ക് പതിച്ച ദിവസം.

ഇന്ന് തെളിഞ്ഞ ദിനമാണ്. അന്ന് മണിക്കൂറുകള്‍ക്കകലെ വെച്ച് നഷ്ടമായ ഇന്ദ്രഹാറിന്റെ മായികലോകത്തേക്കാണ് ഇന്നത്തെ യാത്ര. ആ പ്രതീക്ഷയും ആകാംക്ഷയും വല്ലാതെ ഊര്‍ജ്ജം പകരുന്നതായിരുന്നു. മൂന്ന് നാല് മണിക്കൂറിനകം സ്വപനഭൂമിയില്‍ കാല് കുത്താം എന്ന പ്രതീക്ഷ ഉത്സാഹമേറ്റി.

യാത്ര അതി കഠിനമാണ്.

കിഴുക്കാം തൂക്കായ പാറക്കെട്ടുകള്‍ കയറി നീങ്ങണം. വഴി എന്ന് പറയാന്‍ പലയിടത്തും ഒന്നുമില്ല. ചിലയിടങ്ങളില്‍ കിഴുക്കാം തൂക്കായ മലയുടെ പള്ളയില്‍ കൂടി രണ്ടടി വീതിയില്‍ കല്ല് നിരന്ന് കിടക്കുന്ന ഇടവഴിയുണ്ട്. വലത് ഭാഗത്ത് ഉയര്‍ന്ന് പടര്‍ന്ന് പോവുന്ന മല. ഇടത് ഭാഗത്ത് അടിഭാഗം കാണാത്ത അത്രയും താഴേക്ക് തുടരുന്ന കൊക്ക. പതിയെ നടന്ന് മുന്നോട്ട്.

ശ്വാസമെടുപ്പ് വേഗത്തിലാവുന്നു. കാലുകള്‍ക്ക് കരുത്ത് പോരാതെ വരുന്നു. തൊണ്ട ഇടക്കിടെ വരളുന്നു. കിതപ്പ് കൂടിക്കൂടി വരുന്നു. ശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ട് വരുന്നു. ഇടക്കിടെ ഇരുന്നും കിതപ്പാറ്റിയും പിന്നെയും നടന്നും പതിയെ ചെങ്കുത്തായ മലകള്‍ കയറിത്തീര്‍ത്തു. ഒടുവില്‍ ഇന്ദ്രഹാറിലെത്തി.

മാസ്മരഭൂമി. ദേവഭൂമി. സര്‍വ്വസൗന്ദര്യവും കടഞ്ഞെടുത്ത് ഒഴിച്ച അദ്ഭുത ഭൂമി. ചുറ്റിനുമുള്ള കാഴ്ച സകല ക്ഷീണവും മാറ്റാന്‍ പോന്നതാണ്. ഇന്ദ്രഹാറിന് തൊട്ടു ചേര്‍ന്ന് പാറകള്‍ അടുക്കി പിരമിഡ് ഉണ്ടാക്കിയത് പോലെ ഒരു ചെറിയ മല. അതിന്റെ ചുറ്റും അല്‍പമകലെയും അതിനുമകലെയുമായി അനേകം കൂറ്റന്‍ പര്‍വ്വതങ്ങള്‍. മഞ്ഞ് മൂടിയ പര്‍വ്വതങ്ങളില്‍ വെയില്‍ തട്ടി വെട്ടിത്തിളങ്ങുന്നു.
പാല്‍ക്കടലിനു നടുക്ക് നില്‍ക്കുന്ന അനുഭൂതി.

Indrahar Pass Himalaya

ശക്തികുറഞ്ഞ കാറ്റ് വീശുന്നുണ്ട്. ചുറ്റിലും നോക്കെത്തുന്നിടത്തോളം പര്‍വ്വതശിഖരങ്ങള്‍ കാണാം. ആ പുണ്യഭൂമിയില്‍ മുട്ടുകുത്തി നെറ്റി മഞ്ഞില്‍ മുട്ടിച്ച് നമസ്‌കരിച്ചു. ഈ ഭൂമിയെ ഇത്ര മനോഹരമായി ഒരുക്കിയെടുത്ത ശക്തിക്ക് മുന്നില്‍ സാഷ്ടാംഗപ്രണാമം. ഇവിടെ നില്‍ക്കുമ്പോള്‍ ശാന്തി നിറയും മനസ്സിലും ശരീരത്തിലും.

അവാച്യമായ ഒരു സ്പന്ദനമറിയാം സിരകളില്‍. പതിയെ, വളരെ പതിയെ സ്പന്ദിച്ച് കീഴടക്കുന്ന നിത്യമായ ശാന്തതയുടെ മൃദുസ്പന്ദനം. അതിന് കീഴടങ്ങാതിരിക്കാനാവില്ല ഈ പവിത്രതയില്‍ പാദമൂന്നിയാല്‍ പിന്നെ. അഹം അണുവോളം ചെറുതാവും.

ഗ്രസിച്ച് നില്‍ക്കുന്ന ശാന്തമായ പ്രകൃതിയുടെ ശുദ്ധ സൗന്ദര്യവും മായിക പ്രഭാവവും ചേര്‍ന്ന് തന്‍ഭാവങ്ങളെ ഇറക്കിക്കളയും മനസ്സില്‍ നിന്ന്. ഇവിടെ എളിമയാണറിയുക സ്വയം. അതില്‍ നിന്ന് ഭൂമിയുടെ മഹത്വവുമറിയും. ഇതില്‍ സ്വയം മറന്ന് ലയിച്ച് അമരുമ്പോള്‍ ശാന്തമായ സുഖവും നിത്യമായ ആനന്ദവും മാത്രം നിറയും സഞ്ചാരിയില്‍.

ഇന്ദ്രഹാര്‍ ഇന്നും പവിത്രമായി കാത്തിരിപ്പുണ്ട്. അഭൗമമായ സൗന്ദര്യവും അത്യാകര്‍ഷകമായ ദൃശ്യങ്ങളും കാത്തുസൂക്ഷിച്ച്.

___________

ഇന്ദ്രഹാര്‍ പാസ് വരെയുള്ള യാത്രയാണിത്. ഇവിടെ നിന്നുള്ള മടക്ക യാത്ര ഏഴ് ദിവസം നീളും. അത് മറ്റൊരു വഴിയിലൂടെയാണ്. സഞ്ചാരികള്‍ക്ക് ഒരിക്കലും നഷ്ടമാവില്ല ഇന്ദ്രഹാര്‍ യാത്ര. അത് മോഹനമാണ്. സമയമൊത്താല്‍ ഒന്നു പോയി വരൂ. 

Route: Chandigarh- Anandpur Sahib- Una- Kangra- Dharmasala-McLeod Ganj 250 KM
Stay available at Dharmasala and McLeod Ganj. Provisions for the Trek can also be had from here. There are some good Cafes enroute until Triund. Relax and go. Its enjoyable and unforgettable.