| Mathrubhumi - Sanchari POST OF THE WEEK |

 

ലവട്ടം ഒരുങ്ങിയിട്ടും, വിവിധ കാരണങ്ങാളാല്‍ മുടങ്ങിപ്പോയിരുന്ന ഒരു 'ഈസ്റ്റ് സോണ്‍' യാത്രക്ക് സകുടുംബം 'ടേക്ക്-ഓഫ്' ചെയ്യാന്‍ സാധിച്ചതിന്റെ പരമമായ സന്തോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഏറെ ചരിത്രനായകന്മാരുടെയും പ്രബുദ്ധരായ അനേകം വ്യക്തിത്വങ്ങളുടെയും നാടായ 'കൊല്‍ക്കൊത്ത'യില്‍ വിമാനമിറങ്ങിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം. 'കൊല്‍ക്കൊത്ത' സന്ദര്‍ശനം തിരിച്ചുള്ള യാത്രയിലാകാമെന്ന നേരത്തെയുള്ള തീരുമാനമനുസരിച്ച് രാത്രി തന്നെ സിയല്‍ദ റെയില്‍വേ സ്റ്റേഷനിലേക്ക്.

ന്യൂ ജല്‍പായ്ഗുരിയിലേക്കുള്ള (njp) ട്രെയിന്‍, രാത്രി പതിനൊന്നരയ്ക്ക് ആയതിനാല്‍, വൈറ്റിങ് റൂമില്‍ ഏതാനും മണിക്കൂര്‍. ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്ന തിരക്കുള്ള ഈ സ്റ്റേഷനില്‍, അവിടിവിടെയായി കിടന്നുറങ്ങുന്ന വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും മറ്റും ചിത്രങ്ങള്‍ വരയ്ക്കുന്ന കുട്ടികള്‍...

പിറ്റേന്ന് രാവിലെ ഒമ്പതു മണിക്ക് NJP-യില്‍ നിന്ന് ഏകദേശം അഞ്ചു മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം 'ഈസ്റ്റേണ്‍ ഹിമാലയത്തിന്റെ അടിവാരത്തില്‍, നോര്‍ത്തേണ്‍ വെസ്റ്റ് ബംഗാളിന്റെ തോര്‍സ (Torsa) നദീതീരത്തുള്ള 'ജല്ദാപാറ നാഷണല്‍ പാര്‍ക്ക്' സന്ദര്‍ശനത്തിനായി, രണ്ടു മണിയോടെ അന്നത്തെ താവളമായ, 'ജല്ദാപാറ വൈല്‍ഡ് ഹട്ടില്‍' എത്തിച്ചേര്‍ന്നു. ഫ്രഷ് ആയതിനൊപ്പം, അല്‍പ്പം റിഫ്രഷ്മെന്റ് കൂടിയായപ്പോള്‍, വനസന്ദര്‍ശനത്തിനുള്ള ജീപ്പ്, ടിക്കറ്റ് എന്നിവ റെഡി. വനം വകുപ്പിന്റെ വാഹനത്തില്‍ ഗൈഡിനൊപ്പം രണ്ടു മണിക്കൂര്‍ വനയാത്ര. 

216 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന, പുല്‍മേടുകളും നദീതടങ്ങളും ഉള്‍പ്പെടുന്ന ഈ വനമേഖല, അസ്സമിലെ 'കാസിരംഗ നാഷണല്‍ പാര്‍ക്ക്' കഴിഞ്ഞാല്‍', കാണ്ടാമൃഗങ്ങള്‍ (Indian one-horned Rhinoceres ) ഏറ്റവുമധികം ഉള്ള വനമേഖലയാണ്. കൂടാതെ, പുളളിപ്പുലി( Indian leopard ), ആന, മ്ലാവ് (Sambar deer), കേഴമാന്‍ (Barking Deer) , പുള്ളിമാന്‍ (Spotted Deer) , Hog Deer , കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയ്ക്കും പ്രസിദ്ധം. പക്ഷി നിരീക്ഷകര്‍ക്കും ഇവിടം ഒരു പറുദീസ തന്നെ. 

Himalayan valleys of West Bengal

ഭാഗ്യത്തിന് ഞങ്ങളുടെ സന്ദര്‍ശനവേളയില്‍ പേരു കേട്ട കാണ്ടാമൃഗത്തെ കാണാന്‍ ഇടയായി. ഏകദേശം ഇരുനൂറ്റിമുപ്പതോളം ഇത്തരം കാണ്ടാമൃഗങ്ങള്‍ ഉണ്ടെന്നാണ് ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇവിടുത്തെ ആന സവാരിയും ഏറെ പ്രസിദ്ധമാണ്. ധാരാളം മയില്‍ക്കൂട്ടങ്ങളും മരക്കൊമ്പുകളില്‍ സംഗീതം പൊഴിക്കുന്ന പക്ഷികളും ഞങ്ങള്‍ക്ക് സ്വാഗതമരുളി. കാട്ടുപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ അസ്തമയ സൂര്യനും ഞങ്ങളോടൊപ്പം സഞ്ചരിച്ചിരുന്നു. 

Himalayan valleys of West Bengal

Himalayan valleys of West Bengal

Himalayan valleys of West Bengal

'ടോട്ടോ', ' ബോഡോ' എന്നീ ഗോത്രവര്‍ഗക്കാര്‍ വസിക്കുന്ന ഇവിടം, മുന്‍പ് 'ടോട്ടോപാറ' എന്നാണു അറിയപ്പെട്ടിരുന്നത്. സന്ദര്‍ശകര്‍ക്കായി ജല്ദാപാറ എല്‍.പി. സ്‌കൂളില്‍ കുട്ടികള്‍ അവതരിപ്പിച്ച മനോഹരമായ 'ബോഡോ ട്രൈബല്‍ ഡാന്‍സ്' ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള പ്രത്യേകാനുഭവമായി. സുഖകരമായ തണുപ്പില്‍, സ്വന്തം വീട്ടിലെന്നപോലെയുള്ള കുടിലിലെ (Wild Hut) താമസവും ഭക്ഷണവും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കൂടാതെ, പല സ്ഥല സന്ദര്‍ശനങ്ങളും കഴിഞ്ഞ് ഭൂട്ടാനിലേക്കു സ്വന്തം ബൈക്കില്‍ സാഹസിക സവാരിക്കായി യാത്ര തുടരാന്‍ നിന്നിട്ടിരുന്ന നാട്ടുകാരായ രണ്ടു യുവ സുഹൃത്തുക്കളെ അവിടെവച്ച് കാണാന്‍ ഇടയായത് ഏറെ സന്തോഷം നല്‍കി. ഭൂട്ടാന്‍ ബോര്‍ഡറിലേക്കു വെറും 30 കിലോമീറ്റര്‍ യാത്രയെ ഉണ്ടായിരുന്നുള്ളൂവെങ്കിലും, സമയക്കുറവുമൂലം, പിന്നീടാകാം എന്ന് തീരുമാനിക്കുകയായിരുന്നു.

1

പിറ്റേന്ന് റോഡ് മാര്‍ഗ്ഗം ഡാര്‍ജിലിങ്ങിലേക്ക്. തലേദിവസം എന്‍ജെപി സ്റ്റേഷനില്‍ നിന്നു ഞങ്ങളെ കൊണ്ടുവന്ന 'ശങ്കര്‍' തന്നെയായിരുന്നു ഞങ്ങളുടെ സാരഥി. ഇടയ്ക്കിടെ പാന്‍ ചവക്കുമെന്നതൊഴിച്ചാല്‍, വളരെ നല്ലൊരു ഡ്രൈവറും ഒപ്പം എല്ലാ കാര്യത്തെപ്പറ്റിയും നല്ല അവഗാഹമുള്ള ആളുമായിരുന്നു അദ്ദേഹം. യാത്രയ്ക്കിടെ ചായ കുടിക്കാന്‍ നിര്‍ത്തിയ 'ധാബ'യിലെ രണ്ടു ബംഗാളി യുവാക്കളെപ്പറ്റി ഇദ്ദേഹത്തില്‍ നിന്നും നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. ആ ധാബയിലെ തിരക്ക് കാണുകയും, അവരെ പരിചയപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ അതിശയോക്തിയില്ലെന്നു ബോധ്യപ്പെടുകയും ചെയ്തു. കേരളത്തില്‍ വന്ന് ഹോട്ടലുകളില്‍ ജോലി ചെയ്ത് അവിടുത്തെ രീതികളൊക്കെ പഠിച്ച് തിരികെയെത്തിയവരാണ്. പറാത്ത, ചപ്പാത്തി, ചിക്കന്‍, മീന്‍, കപ്പ എന്നിവയുണ്ടാക്കി, വളരെ നല്ല രീതിയില്‍ ഇത്രയും തിരക്കുള്ള ഒരു 'ധാബ' നടത്തുന്ന ആ മിടുക്കന്‍മാര്‍ക്കു ഒരു സല്യൂട്ട് നല്‍കാതെ വയ്യ. അതും, കപ്പയും മീനുമെല്ലാം സ്വന്തം വീട്ടില്‍ കൃഷി ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍, ഞങ്ങളും സ്തബ്ധരായി. പോകുന്ന വഴിയില്‍ ഇരുവശങ്ങളിലും ധാരാളം കൃഷിയിടങ്ങള്‍. ഉരുളക്കിഴങ്ങ്, സവാള, തക്കാളി, ചക്ക, മുതലായവ കയറ്റി അയക്കാന്‍ പാകത്തില്‍, മറ്റു സംസ്ഥാനങ്ങളിലെ വണ്ടികള്‍ നിരനിരയായിക്കിടക്കുന്ന മയ്നഗുരി കിസാന്‍ മാണ്ഡി എന്ന വെജിറ്റബിള്‍ / ഫ്രൂട്ട് മാര്‍ക്കറ്റ് കാണാം.

നീണ്ടുനിവര്‍ന്നുകിടക്കുന്ന നല്ല റോഡില്‍ നിന്നും വണ്ടി പതുക്കെ മലമ്പാതയിലേക്കു കയറിത്തുടങ്ങി. ആദ്യമെല്ലാം വിശാലമായ വളവുകളും പിന്നീട് അടുപ്പിച്ചടുപ്പിച്ചുള്ള വളവുകളെല്ലാം വളരെ തന്മയത്വത്തോടുകൂടി 'ശങ്കര്‍' തന്റെ 'ബൊലേറോ'യില്‍ പിന്നിട്ടുകൊണ്ടിരുന്നു. ഉയരം കൂടുംതോറും കൂടെയുള്ള ആര്‍ക്കെങ്കിലും ബുദ്ധിമുട്ടു അനുഭവപ്പെടുന്നുണ്ടോയെന്ന് ഒളികണ്ണിട്ടു നോക്കിയെങ്കിലും, എത്താനുള്ള വ്യഗ്രതയല്ലാതെ, ആരിലും പ്രത്യേകിച്ച് ഒരു ഭാവഭേദവും കാണാന്‍ കഴിഞ്ഞില്ല. അരിച്ചെത്തുന്ന കുളിരിനൊപ്പം, ഒടുവില്‍ ശങ്കര്‍ ഞങ്ങളെ ഏകദേശം 8000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഡാര്‍ജിലിങ്ങിലെ മാള്‍ റോഡില്‍ 'ചൗരാസ്തായിലെ' ടാക്സി സ്റ്റാന്‍ഡില്‍ എത്തിച്ചു. ടാക്സി സ്റ്റാന്‍ഡില്‍ നിന്നു മുന്നോട്ടുള്ള കയറ്റത്തേക്കു വാഹനഗതാഗതം കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍, ഹോട്ടലില്‍ എത്തുന്നതിനു ലഗേജുമായുള്ള കയറ്റം അല്‍പ്പം വിഷമമുണ്ടാക്കി. കൂട്ടത്തില്‍ 12 ഡിഗ്രി സെല്‍ഷ്യസ് തുളച്ചു കയറുന്ന തണുപ്പും. പരിമിതമായ സമയം മൂലം, ഹോട്ടലില്‍ 'ചെക്ക്-ഇന്‍' ചെയ്തു ഒരു ചെറിയ റിഫ്രഷ്മെന്റിനു ശേഷം, നേരെ 10 കിലോമീറ്റര്‍ അകലെയുള്ള 'റോക്ക് ഗാര്‍ഡനി'ലേക്ക്. തനതായ ഒരു വെള്ളച്ചാട്ടവും (Chunnu Summer Falls ), പിക്നിക്കിനുവേണ്ടിയുള്ള ചെറു ബ്രിഡ്ജുകളും തടാകങ്ങളും കൊണ്ട് സുന്ദരമാക്കിയ ഗാര്‍ഡന്‍. അതി സുന്ദരമായ കാട്ടുപൂക്കള്‍ക്കിടയില്‍ നിന്നുകൊണ്ട്, അവിടുത്തെ തനതായ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞു ഫോട്ടോയെടുപ്പിനുശേഷം, അടുത്തുള്ള 'ഗംഗാ മായ' പാര്‍ക്കും സന്ദര്‍ശിച്ച ശേഷം തിരികെ മാള്‍ റോഡ് എത്തുമ്പോള്‍, ഇരുട്ടും, തണുപ്പും, വിശപ്പും ഒരുമിച്ചു ഞങ്ങളെ കീഴടിക്കിയിരുന്നു.

Himalayan valleys of West Bengal

പിറ്റേന്ന് രാവിലെ, ഞങ്ങള്‍ ഇതിനകം കണ്ടുപിടിച്ചിരുന്ന ഹോട്ടല്‍ 'Hastey -Tastey'യിലെ പ്രഭാതഭക്ഷണത്തിനുശേഷം 9 മണിക്ക്, നേരത്തെ ബുക്ക് ചെയ്തിരുന്ന ലോക്കല്‍ ടൂറിനായി പുറപ്പെട്ടു. ആദ്യത്തെ പോയിന്റ്, പ്രസിദ്ധമായ 'Japanese Temple & Peace Pagoda'യിലേക്കായിരുന്നു. പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തന്നെ ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഒരു സ്ഥലം. ശ്രീബുദ്ധന്റെ നാല് അവതാരങ്ങളാണ് അവിടെയുള്ളത്. അനുഗ്രഹങ്ങളും വാങ്ങി തിരികെയിറങ്ങുമ്പോള്‍ ഒന്ന് പറയാതെ വയ്യ, പഗോഡയുടെ മുകളില്‍ നിന്നുമുള്ള, പര്‍വ്വതനിരകളുടെയും ഡാര്‍ജിലിങ് ടൗണിന്റെയും ദൃശ്യങ്ങള്‍ വര്‍ണനാതീതം. 

Himalayan valleys of West Bengal

അടുത്തതായി ഞങ്ങള്‍ എത്തിയത്, 'Happy Valley Tea Estate'-ലായിരുന്നു. ഇത് ഒരു പഴയകാല ടീ എസ്റ്റേറ്റ് ആണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തേയില പല വിദേശ രാജ്യങ്ങളിലേക്കും കയറ്റിയയക്കുന്നതായി പറയപ്പെടുന്നു. ഇന്ത്യയില്‍ ഇതിന്റെ വില്പനയില്ലാത്തതിനാല്‍, എസ്റ്റേറ്റിലെ വില്‍പനശാലയില്‍ മാത്രമേ ഇത് വാങ്ങാന്‍ കിട്ടൂ. ഞങ്ങളുടെ സന്ദശന സമയത്തു പ്രോസസ്സിങ് നടക്കുന്നില്ലാത്തതിനാല്‍, പുറമെയുള്ള ദൃശ്യങ്ങള്‍ കണ്ടതിനുശേഷം അടുത്ത പോയിന്റായ 'Tenzing & Combu Rock ലേക്ക് നീങ്ങി.

'Lebong Cart Road'-ലുള്ള ഈ വലിയ പാറക്കെട്ടില്‍ റോക്ക് ക്ലൈമ്പിങ് പരിശീലിപ്പിക്കുന്നു. ഇവിടെയുള്ള 'ടെന്‍സിങ് റോക്കില്‍ 'Tenzing Norgay' റോക്ക് ക്ലൈമ്പിങ് പരിശീലിച്ചിരുന്നതായി അറിയപ്പെടുന്നു. 

അടുത്ത ലക്ഷ്യം ഡാര്‍ജ്ലിങ് റോപ്പ്വേ റൈഡ് ആയിരുന്നു. 7000 -8000 അടി ഉയരത്തില്‍ 45 മിനിറ്റ് റോപ്വേ റൈഡില്‍, രംഗീത് നദിയുടെ താഴ്വാരവും തേയില തോട്ടങ്ങളും കാഞ്ചന്‍ജംഗയുള്‍പ്പടെയുള്ള മഞ്ഞുമൂടിയ ഹിമാലയ ഗിരിനിരകളും കാണാന്‍ സാധിക്കും. വളരെ സാഹസപൂര്‍ണ്ണവും മനോഹരവുമായ ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, കാത്തുനില്‍ക്കുന്നവരുടെ നീണ്ട വരികണ്ടപ്പോള്‍ ആ മോഹം ഉപേക്ഷിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. 

അടുത്ത ലക്ഷ്യം, ഹിമാലയന്‍ മൗണ്ടനയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് സൂ (Padmaja Naidu Himalayan Zoological Park ). പക്ഷെ, ഇന്ന് അവധിയായതിനാല്‍ ആ സന്ദര്‍ശനം പിറ്റേന്നു രാവിലെത്തേക്കു മാറ്റി. നാളെ രാവിലേക്ക് ബുക്ക് ചെയ്തിരുന്ന 'Heritage Toy Train ' യാത്ര ക്യാന്‍സല്‍ ചെയ്ത് അന്ന് വൈകിട്ടത്തേക്കാക്കി.

Himalayan valleys of West Bengal

Himalayan valleys of West Bengal

ഡാര്‍ജിലിങ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള ഒരു പഞ്ചാബി ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം, കാലങ്ങളായി മോഹിച്ചിരുന്ന ഒരു യാത്രക്കായുള്ള കാത്തിരിപ്പ്. 1999-ല്‍ യുനെസ്‌കോ ലോക പൈത്രക പദവി ഡാര്‍ജിലിങ് - ഹിമാലയന്‍ റെയില്‍വേക്കു നല്കുന്നതിനു മുന്നെതന്നെ, 'ഡാര്‍ജിലിങ് - ക്വീന്‍ ഓഫ് ദി ഹില്‍സ്', 1969-ല്‍ രാജേഷ് ഖന്ന-ശര്‍മിള ടാഗോര്‍ എന്നിവരുടെ പ്രണയത്തില്‍ ചാലിച്ച ഹിന്ദി സിനിമ 'ആരാധന'യിലെ 'മേരെ സപ്നോം കി റാണി കാബ് ആയേഗി തൂ' എന്ന മനോഹരമായ ഗാനചിത്രീകരണത്തിലൂടെ ഇന്നും നമ്മുടെ മനസ്സില്‍ പ്രണയം നിറച്ച് നിലകൊള്ളുന്നു. 

Himalayan valleys of West Bengal

വൈകിട്ട് കൃത്യം നാലു മണിക്ക്, കല്‍ക്കരി പുകയുന്ന തലയെടുപ്പോടെ ആ യാത്ര തുടങ്ങി. ഇടയ്ക്കു 10 മിനിറ്റ് 'Batasia Loop' സ്റ്റേഷനില്‍. രാജ്യത്തിനുവേണ്ടി ബലിയര്‍പ്പിച്ച 'Gorkha' പടയാളികള്‍ക്കായുള്ള ഒരു യുദ്ധ സ്മാരകം കൂടിയുണ്ട് 'Batasia Loop'ല്‍. മനോഹരമായ ഒരു വ്യൂ പോയിന്റ് ആയിരുന്നെങ്കിലും ആഞ്ഞടിക്കുന്ന ശീതക്കാറ്റില്‍ അധികനേരം പുറത്തു ചിലവഴിക്കാന്‍ കഴിഞ്ഞില്ല. തുടര്‍യാത്രയില്‍, ഏകദേശം അര മണിക്കൂര്‍ 'Ghoom Railway Station'ല്‍. സ്റ്റേഷനില്‍ നിന്നു ചൂടുകാപ്പി കുടിച്ചതിനുശേഷം, തിരികെയുള്ള യാത്ര 'ഡാര്‍ജിലിങ് സ്റ്റേഷനില്‍ അവസാനിച്ചപ്പോള്‍, മനസ്സിലും മിഴികളിലും ഏറെക്കാലമായ ഒരു മോഹം സാക്ഷാത്ക്കരിച്ചതിന്റെ പ്രതിഫലനം കാണാമായിരുന്നു.

തണുപ്പിന്റെ വലയങ്ങളില്‍ നിന്നു രക്ഷ നേടാനായി, കമ്പിളിക്കടിയിലേക്കു നൂണ്ടിറങ്ങുമ്പോള്‍, പിറ്റേന്ന് വെളുപ്പിന് മൂന്നരയ്ക്ക് എഴുന്നേറ്റു. അങ്ങ് ഹിമാലയസാനുക്കളില്‍ ഉദിച്ചുയരുന്ന സൂര്യനെ വരവേല്‍ക്കുന്ന കാഴ്ച സ്വപ്നമായ്, മിഴികള്‍ പൊതിഞ്ഞു പിടിച്ചിരുന്നു. ആകാംക്ഷ തന്നെ അലാറമായി ഉണര്‍ത്തിയപ്പോള്‍ സന്തോഷം. ടാക്സിയില്‍ ടൈഗര്‍ ഹില്ലിലേക്ക്. ആദ്യമാദ്യമെത്തുന്ന വണ്ടികള്‍ കൂടുതല്‍ മുകളിലേക്ക് എത്തും എന്നറിയാമായിരുന്നെങ്കിലും, ഞങ്ങളുടെ വണ്ടി വൈകിയതിനാല്‍ തിരക്ക് മൂലം താഴെ നിന്നു അല്‍പ്പം കൂടുതല്‍ നടക്കേണ്ടി വന്നു. കാത്തു നില്‍പ്പിനൊടുവില്‍, അങ്ങ് ഹിമാലയസാനുക്കള്‍ക്കപ്പുറത്തുനിന്ന് ഇരുളിന്റെ ജാലകവിരികള്‍ പതിയെപ്പതിയെ വകഞ്ഞുമാറ്റി, പ്രഭചൊരിയും പുഞ്ചിരിയുമായി, ബാലാര്‍ക്കന്‍ ഉദിച്ചുയര്‍ന്നു തുടങ്ങി. 

Himalayan valleys of West Bengal

ഭാഗ്യം! മറ്റു രണ്ടു ദിവസത്തെപ്പോലെയായിരുന്നില്ല. ഉദയസൂര്യകിരണങ്ങളിലൂടെ, എവറസ്റ്റ് കൊടുമുടിയുടെയും കാഞ്ചന്‍ജംഗ മലനിരകളുടെയും വജ്രസൗന്ദര്യം വര്‍ണ്ണനാതീതമായിരുന്നു. തിരികെ വരുന്നവഴി, 'DRUK SANGAG CHOELING MONASTERY 'യിലെ ദര്‍ശനവും, 'Batasia Loop ' ല്‍ നിന്നും മഞ്ഞണിഞ്ഞ മലനിരകളുടെ സൗന്ദര്യം ഒന്ന് കൂടി ആസ്വദിച്ച ശേഷം, പ്രഭാതഭക്ഷണത്തിനായി, മാള്‍ റോഡിലെ 'Hastey -Tastey'-യിലേക്ക്. തലേന്ന് സന്ധ്യമുതല്‍ ഉണ്ടായ ശീതക്കാറ്റിലും short circuit മൂലമുണ്ടായ ചെറു തീപ്പിടുത്തത്തിലും മാള്‍ റോഡില്‍ വൈദുതിവിതരണം നഷ്ട്ടപ്പെട്ടതുകൊണ്ട് കടകളെല്ലാം തുറക്കാന്‍ അല്‍പ്പം വൈകി. ചിലപ്പോള്‍ അവിടുത്തെ കാലാവസ്ഥ കൊണ്ടാകാം, അല്ലെങ്കിലും പൊതുവെ കടകളെല്ലാം നേരത്തെ അടയ്ക്കുകയും വൈകി തുറക്കുകയും ചെയ്യുന്നതായിട്ടാണ് കണ്ടത്. 

പ്രഭാതഭക്ഷണത്തിനുശേഷം, തലേന്ന് മാറ്റിവച്ച 'Padmaja Naidu Himalayan Zoological Park' സന്ദര്‍ശനത്തിനായി പുറപ്പെട്ടു. മൃഗങ്ങള്‍ക്ക് വസിക്കാന്‍ ഏകദേശം 68 ഏക്കര്‍ സ്ഥലത്ത് വിശാലമായ ഒരു മൃഗശാല. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ ( ഏകദേശം 7000 അടി ) സ്ഥിതി ചെയ്യുന്ന മൃഗശാല. 1975-ല്‍ ഇന്ദിര ഗാന്ധിയാണ്, സരോജിനി നായിഡുവിന്റെ മകളായ പദ്മജ നായിഡുവിന്റെ ഓര്‍മ്മക്കായി ഈ പേര് മൃഗശാലയ്ക്കു നല്‍കിയത്. സ്നോ ലെപ്പേര്‍ഡ്, ഹിമാലയന്‍ വോള്‍ഫ്, റെഡ് പാണ്ട എന്നിവയുടെ ക്യാപ്റ്റീവ്-ബ്രീഡിങ് ആണ്. ധാരാളം പൈന്‍ മരങ്ങളും, മറ്റുപൂമരങ്ങളും കൊണ്ട്, സ്വച്ഛസുന്ദരമായ ഒരു പ്രദേശം. ഇവിടെയാണ് ഹിമാലയന്‍ മൗണ്ടനയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (HMI , Darjeeling ). 1953 ല്‍ ടെന്‍സിങ് നോര്‍ഗെയും എഡ്മണ്ട് ഹിലാരിയും മൗണ്ട് എവറസ്റ്റ് കീഴടക്കിയതിനുശേഷം, 1954-ല്‍ പര്‍വ്വതാരോഹണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ ആദ്യ ഫീല്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ശ്രി ടെന്‍സിങ് നോര്‍ഗെയായിരുന്നു. 'Statue of Norgay 'യും ടെന്‍സിങ് മെമ്മോറിയലും സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍, ഡാര്‍ജിലിങ്ങിനോടു വിടചൊല്ലാനുള്ള സമയം ആഗതമായി. 

തിരികെ, ഹോട്ടലില്‍ എത്തി, 'ചെക്ക്-ഔട്ട്' ചെയ്തപ്പോഴേക്കും, അടുത്ത നീണ്ട യാത്രക്കൊരുങ്ങി വണ്ടിയും സാരഥിയും റെഡി. കേരളത്തിലെപ്പോലെ തന്നെ ഡാര്‍ജീലിങ്ങിലും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം തെരുവ് നായകളാണ്. പക്ഷെ ഒന്ന് പറയാതെ വയ്യ. തണുപ്പിനെ പ്രതിരോധിക്കാന്‍, സ്വയം കമ്പിളിപ്പൂടയുമായി പാതയോരത്ത് കഴിയുന്ന നായകളോട് കാല്‍നടക്കാരും കടയുടമകളും മറ്റും എത്ര സ്നേഹവാത്സല്യത്തോടെയാണ് പെരുമാറുന്നത് എന്നതും ഒരു സത്യം. മലയിറങ്ങുമ്പോള്‍, രണ്ടു ദിവസത്തിനുശേഷമുള്ള തീവ്രതയേറിയ സൂര്യകിരണങ്ങളാല്‍, നാലുപുറവുമുള്ള മലനിരകള്‍, കിന്നരിത്തൊപ്പിയണിഞ്ഞു, ഞങ്ങള്‍ക്ക് വിടനല്‍കുവാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു... ബൈ, പ്രിയ ഡാര്‍ജിലിങ്...

ഞങ്ങളുടെ അടുത്ത ലക്ഷ്യം സിക്കിമാണ്. ഡാര്‍ജിലിങ്ങില്‍ നിന്നു സിക്കിമിലേക്കുള്ള മലയോരയാത്രയിലുടനീളം, ഞങ്ങള്‍ക്കഭിമുഖമായി മനോഹരിയായ 'ടീസ്റ്റ' നദി, നാണിച്ച്, പാല്‍പുഞ്ചിരിയുമായ്, കിലുകിലാരവത്തോടെ ഒഴുകുന്നുണ്ടായിരുന്നു. ഏകദേശം 309 കിലോമീറ്റര്‍ നീളമുള്ള ഈ നദി ഹിമാലയത്തില്‍ നിന്നൊഴുകി, ഇന്ത്യയില്‍ സിക്കിം, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍കൂടി ബംഗ്ലാദേശിലെ ബ്രഹ്മ്മപുത്രയില്‍ ലയിക്കുന്നു. ടീസ്റ്റ ബ്രിഡ്ജിനു സമീപം 'കലിംപോങ് - ഡാര്‍ജിലിങ്' റോഡ് കൂടിച്ചേരുന്നതിനുമുമ്പെ, തദ്ദേശ നദിയായ റങ്കീത്, ഈ സുന്ദരിയുടെ കൂടെ ചേര്‍ന്നൊഴുകുന്നു. ആ മനോഹര സംഗമം, 'ലവ് പോയിന്റ്' എന്ന സ്ഥലത്തു നമുക്ക് കാണാം. 

സിക്കിം പ്രവേശന കവാടത്തിലെ ചെക്കിങ് പോയിന്റില്‍നിന്ന് കുറച്ചുകൂടി യാത്ര തുടര്‍ന്നപ്പോള്‍, വൈകിട്ട് ഏകദേശം ഏഴു മണിയോടെ ഞങ്ങള്‍ നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍ മുറിയിലെത്തിച്ചേര്‍ന്നു. രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം, ഇന്ത്യ-ചൈന ബോര്‍ഡര്‍ ആയ 'നാഥുല പാസി'ലേക്കായിരുന്നു ആദ്യ യാത്ര തീരുമാനിച്ചിരുന്നത്. ഇന്ത്യക്കും ടിബറ്റിനും ഇടയില്‍ ചെറുവ്യാപാരങ്ങള്‍ സഞ്ചരിച്ചിരുന്ന വളരെ പ്രശസ്തമായ 'സില്‍ക്ക് റൂട്ട്' ഇവിടെയായിരുന്നു. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം അടച്ച ഈ റൂട്ട് 44 വര്‍ഷത്തിനുശേഷം 2006-ലാണ് വീണ്ടും തുറന്നത് എന്നറിയാന്‍ കഴിഞ്ഞു. പക്ഷെ, 'Changu Lake'-ന് 

അപ്പുറത്തേക്ക് മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍, കുറച്ചുദിവസങ്ങളായി യാത്ര 'Changu Lake ' വരേയുള്ളൂ എന്നത് ഒരു ചെറിയ നിരാശയേകി. 'Tosmgo Lake ' അഥവാ 'Changu Lake ', മലകളുടെ ഇടയില്‍, ഏകദേശം 12,500 അടി ഉയരത്തില്‍ ഗാങ്ടോക്ക് സിറ്റിയില്‍ നിന്ന് 37 കിലോമീറ്റര്‍ ദൂരത്തില്‍ ഗാങ്ടോക്ക്-നാഥുല ഹൈവേയില്‍ സ്ഥിതി ചെയ്യുന്നു. സിക്കിമിലെ ഏറ്റവും മനോഹരമായ ഒരിടം. മലകളില്‍ നിന്നുള്ള മഞ്ഞുരുകിയാണ് ഈ തടാകത്തില്‍ എപ്പോഴും വെള്ളം നിറയുന്നത്. മഞ്ഞുകാലത്ത് ഇവിടം മുഴുവന്‍ മഞ്ഞുമൂടിക്കിടക്കാറുണ്ട്. ഒരിക്കലും വറ്റാതെ, കടുംനീല നിറത്തിലുള്ള വെള്ളം നിറഞ്ഞതുകിടക്കുന്ന ഈ തടാകം, ബുദ്ധസന്യാസിമാരുടെ വിശുദ്ധതടാകമാണ്. മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശത്തുനിന്നുള്ള കൊടുമുടിശിഖരങ്ങളുടെ സൗന്ദര്യം മനസ്സിന്റെ കാന്‍വാസിലേക്ക് പകര്‍ത്തേണ്ടത് തന്നെയാണ്. 

2

തണുപ്പിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങളും ബൂട്ട്‌സ് എന്നിവ ആവശ്യമനുസരിച്ച് ഇവിടെ ലഭ്യമാണ്. മഞ്ഞിലൂടെ യാക് സവാരിക്കും സൗകര്യമുണ്ട്. യാത്ര ചെയ്യുന്ന വഴികളിലൊക്കെയും പലതരത്തിലുള്ള പൂക്കള്‍ക്കൊപ്പം ഉയരമുള്ള പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന 'Rhododendrons' എന്ന വൃക്ഷം പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ച അതിമനോഹരം. എന്തായാലും, ഇങ്ങ് അറബിക്കടലിന്റെ തിരമാലകളുടെ കളിത്തട്ടില്‍നിന്നും അങ്ങ് ഹിമവാന്റെ മടിത്തട്ടിലെത്തി മഞ്ഞുവാരിക്കളിച്ചപ്പോള്‍, എന്തെന്നില്ലാത്ത ഒരു നിര്‍വൃതി അനുഭവപ്പെട്ടു.

Himalayan valleys of West Bengal

ആ നിര്‍വൃതി വാക്കുകളിലൂടെ വിവരിക്കാന്‍ പറ്റാത്ത മനസ്സുമായി അടുത്ത ഇടമായ 'ഹനുമാന്‍ ടോക്കിന്റെ താഴ്‌വാരത്തിലെത്തിയപ്പോള്‍, മനസ്സിലെ വികാരം വാക്കുകളായി അവിടെ എഴുതിവയ്ച്ചിട്ടുണ്ടായിരുന്നു... 'KANCHENJUNGA TO KANYAKUMARI - INDIA IS ONE ' എന്ന്. അതെ, വൈവിധ്യങ്ങളിലെ ഏകതയാണ് ഇന്ത്യ. അതാണ് ശരി. 

Himalayan valleys of West Bengal

7000 അടി ഉയരത്തില്‍, ഗാങ്ടോക്ക് ടൗണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ ഗാങ്ടോക്ക് - നാഥുല ഹൈവേയില്‍ നിന്ന് കുറച്ചുമാറി സ്ഥിതിചെയ്യുന്ന ഈ ഹനുമാന്‍ ക്ഷേത്രം ഉണ്ടാകാനിടയായ കഥയിങ്ങനെ. യുദ്ധത്തില്‍ പരിക്കേറ്റ ലക്ഷ്മണനുവേണ്ടി, സഞ്ജീവനിയുമായി പോകുന്നവഴി, ഹനുമാന്‍ വിശ്രമിച്ച ഒരു പാറയായിരുന്നുവത്രെ, പണ്ടുമുതല്‍ ഇവിടെ ആരാധിച്ചിരുന്നത്. പിന്നീട് 1950-ല്‍ ഒരു സ്വപ്‌ന ദര്‍ശനമുണ്ടായതനുസരിച്ചാണ് ഇവിടെ ഹനുമാന്റെ വിഗ്രഹ പ്രതിഷ്ട നടത്തിയത്. എന്തായാലും 1968 മുതല്‍ ഈ ക്ഷേത്രം ഇന്ത്യന്‍ ആര്‍മിയുടെ സംരക്ഷണത്തിലാണ്. ക്ഷേത്രത്തിലേക്ക് കടന്നപ്പോള്‍ തന്നെ പടിക്കെട്ടുകള്‍ക്കു മുകളില്‍ ആദ്യം കണ്ടത്, ഗൃഹാതുരത്വം തുടിക്കുന്ന മുഖവുമായി തന്റെ ദൗത്യം നിര്‍വഹിച്ചു നിന്നിരുന്ന ഒരു മലയാളി ആര്‍മി ഉദ്യോഗസ്ഥനെയായിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞശേഷം, അന്യോന്യം പരിചയപ്പെട്ടു. വടകര സ്വദേശിയായ ആ ഉദ്യോഗസ്ഥനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍, മനസ്സില്‍ ഒരു നീറ്റലായി നിറഞ്ഞു നിന്നത് ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്‍ തന്നെയായിരുന്നു. ചെറു പ്രായത്തില്‍ അച്ഛന്‍ ഇപ്പോഴെവിടെയാ എന്ന് ചോദിക്കുമ്പോള്‍, അമ്മ പറയാറുള്ള ഉത്തരം, അച്ഛനിപ്പോള്‍ ലേയിലാണ്, ലഡാക്കിലാണ്, അസ്സമിലാണ്, മണിപ്പൂരാണ്, കശ്മീരിലാണ് എന്നൊക്കെയായിരുന്നു.

അത് മഞ്ഞു മൂടിക്കിടക്കുന്ന ഒരു പ്രദേശമാണെന്നും അവിടുത്തെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്നുമൊന്നും അന്നറിയില്ലായിരുന്നല്ലോ. എന്തായാലും, കുടുംബം പോലും കൂടെയില്ലാതെ, ഇതുപോലുള്ള ഒറ്റപ്പെട്ടയിടങ്ങളിലും അതിര്‍ത്തിയിലും മറ്റും ജോലിചെയ്യുന്ന സേനയുടെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒരു ബിഗ് സല്യൂട്ട്. ഒന്ന് പറയാതെ വയ്യ. ഹനുമാന്‍ ടോകില്‍ നിന്നുള്ള കാഞ്ചന്‍ജംഗ മലനിരകളുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ. അവിടെ അടുത്തുള്ള 'ഗണേഷ് ടോക്' ,പോകുന്ന വഴിയിലുള്ള ഒരു മൊണാസ്റ്ററി എന്നിവ സദര്‍ശിച്ചശേഷം, നേരെ 'NAMGYAL INSTITUTE OF TIBTOLOGY' യിലേക്ക്. 

ആദ്യം മൊണാസ്റ്ററി സന്ദര്‍ശനം, പിന്നീട് അടുത്തുതന്നെയുള്ള മ്യൂസിയം. പോരുന്നവഴി, ടിബറ്റന്‍ കരകൗശലവസ്തുക്കളുടെ കടയില്‍ നിന്നും ചെറു മെമെന്റോസ് വാങ്ങി തിരികെ ഹോട്ടലിലേക്ക്. തിരിച്ചു വരുന്നതിനുമുമ്പ് സിക്കിമിനെപ്പറ്റി, പ്രത്യേകിച്ച് ഗാങ്ടോക്കിനെ പറ്റി, രണ്ടു വാക്കു പറയാതിരിക്കുന്നത് ഉചിതമല്ല. വൃത്തിയും വെടിപ്പുമുള്ള മനോഹരമായ ഒരു സിറ്റി. വഴിയരികിലോ, മറ്റു സ്ഥലങ്ങളിലോ ഒരു പ്ലാസ്റ്റിക് കടലാസുപോലും കാണാന്‍ സാധിച്ചില്ല. 

Himalayan valleys of West Bengal

ടാക്സിക്കാരായാലും ഹോട്ടല്‍ ഉദ്യോഗസ്ഥരായാലും വളരെ ആതിഥ്യ മര്യാദയുള്ളവര്‍. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും താമസിച്ചാലേ എല്ലാ മനോഹരമായ സ്ഥലങ്ങളും കാണാന്‍ കഴിയുകയുള്ളൂ എന്നാണ് ഞങ്ങളുടെ ടാക്സി ഡ്രൈവറുടെ അഭിപ്രായം. സിക്കിം എന്ന് കേള്‍ക്കുമ്പോള്‍ ഒരു ചെറിയ സ്ഥലം എന്ന് ഭൂപടത്തില്‍ തോന്നുമെങ്കിലും, ബ്രാന്‍ഡഡ് കടകളുമെല്ലാം നിറഞ്ഞതാണ് ഗാങ്ടോക്ക് സിറ്റി. ഒക്‌ടോബര്‍ രണ്ട്, 2016-ല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം, 'Cleanest Tourist Destination Award 'ഗാങ്ടോക്കിന് നല്‍കിയതില്‍ ഒരത്ഭുതവുമില്ല.

ഗാങ്ടോക്കില്‍ നിന്നു സിലിഗുരി വഴി എന്‍.ജെ.പിയിലേക്കുള്ള നീണ്ട യാത്ര, കൂട്ടത്തിലുള്ള ചിലര്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ടാക്കി. കൊല്‍ക്കത്തയിലേക്കുള്ള ട്രെയിന്‍, 'ഗരീബ് രഥ് എക്സ്പ്രസ്സ്' വെളുപ്പിന് 03.50-നു ആയതിനാല്‍, കംഫേര്‍ട്ട് സ്റ്റേഷനില്‍ കുറച്ചു മണിക്കൂര്‍ വിശ്രമിച്ചു. ട്രെയിന്‍ ഏകദേശം ഒരു മണിക്കൂര്‍ വൈകിയാണ് വന്നതെങ്കിലും കൊല്‍ക്കത്തയില്‍ കൃത്യസമയമായ വൈകിട്ട് നാലുമണിക്ക് തന്നെ എത്തിച്ചേര്‍ന്നു. ടാക്സിയില്‍ എയര്‍പോര്‍ട്ടിന് അടുത്ത് സുഹൃത്തുക്കള്‍ ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക്. അന്ന് മറ്റ് ദൂര യാത്രകള്‍ക്ക് സമയം ഇല്ലാത്തതിനാല്‍ രാത്രി ഭക്ഷണത്തിനായി അടുത്തുള്ള വിശാലമായ ഹല്‍ദിറാം ബേക്കറി ആന്‍ഡ് റെസ്റ്റോറന്റിലേക്ക് പോയി. ഭക്ഷണത്തിനു ശേഷം അടുത്തുള്ള ബിഗ് ബസാര്‍ മാളില്‍ കയറി ചെറിയ ഷോപ്പിങ്ങിനു ശേഷം തിരികെ റൂമിലേക്ക്.

പിറ്റേന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം, ആദ്യമായ് പ്രസിദ്ധമായ കാളിഘട്ടിലേക്ക് തിരിച്ചു. പുറമെ നിന്ന് നോക്കുമ്പോള്‍ ഗതാഗത കുരുക്കുള്ള ഒരു നരച്ച സിറ്റി ആയി തോന്നുമെങ്കിലും പഴയ ബ്രിട്ടീഷ് പ്രതാപത്തിന്റെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പ്രബുദ്ധരായ മറ്റനേകം വ്യക്തിത്വങ്ങളുടെയും ഓര്‍മ്മകള്‍ എന്നും സൂക്ഷിക്കുന്ന കൊല്‍ക്കത്ത ഇന്ന് അതിവേഗം പുതുമയാര്‍ന്ന സിറ്റിയായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കൊല്‍ക്കത്ത സ്വദേശിയായ സുഹൃത്തിന്റെ സഹായത്താല്‍ കാളിഘട്ടിലെ ക്ഷേത്ര ദര്‍ശനം വേഗത്തില്‍ നടത്തി ഞങ്ങള്‍  വിക്ടോറിയ മെമ്മോറിയല്‍ സന്ദര്‍ശിക്കാനായി തിരിച്ചു. 

Himalayan valleys of West Bengal

വിക്ടോറിയ രാജ്ഞിയുടെ ഓര്‍മയ്ക്കായി മാര്‍ബിളില്‍ തീര്‍ത്ത അതിമനോഹരമായ ഈ പാലസ് ഹൂഗ്ളി നദീ തീരത്തു സ്ഥിതി ചെയുന്നു. സുന്ദരമായ ഗാര്‍ഡനും തടാകവും വൃക്ഷ ലതാദികളും കൊട്ടാരത്തിന് ഒന്നുകൂടി ചാരുതയേകുന്നു. അവിടെ നിന്നു തിരിച്ചു വരുന്ന വഴി ഞങ്ങളുടെ ഡ്രൈവര്‍ ഉച്ച ഭക്ഷണത്തിനായി ഒരു കേരള സൗത്ത് ഇന്ത്യന്‍ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. കേരളത്തനിമയാര്‍ന്ന ചോറും സാമ്പാറും എരിശ്ശേരിയും മെഴുക്കുപുരട്ടിയും പപ്പടവും സംഭാരവും ഏറെ ദിവസങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ വന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. 60 വര്‍ഷമായി കൊല്‍ക്കത്തയില്‍ ഹോട്ടല്‍ നടത്തുന്ന മാള സ്വദേശിയുടേതാണ് ഹോട്ടല്‍. പിന്നീട് ഷോപ്പിങ്ങിനായി കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ന്യൂ മാര്‍ക്കറ്റിലേക്ക്. വിശാലമായി നീണ്ട് കിടക്കുന്ന തിരക്കേറിയ മാര്‍ക്കറ്റില്‍ എല്ലാ സാധനങ്ങളും വിലപേശി വാങ്ങാവുന്നതാണ്. ബംഗാള്‍ കോട്ടണ്‍ / സില്‍ക്ക് സാരികള്‍, ബാഗുകള്‍, ചെരുപ്പ്, എല്ലാവിധ തുണിത്തരങ്ങള്‍, ലതര്‍ ഐറ്റംസ്, ന്യുജന്‍ ആഭരണങ്ങള്‍ എന്നിങ്ങനെ എല്ലാമെല്ലാം മാര്‍ക്കറ്റില്‍ സുലഭമാണ്.

കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ഒരു ദിവസം മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ മാത്രമായി മാറ്റി വയ്ക്കേണ്ടതാണ്. കല്‍ക്കത്തയിലെ വളരെ പ്രസിദ്ധമായ ട്രാമില്‍ യാത്ര ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. എങ്കിലും, പണ്ടത്തെ കേരളത്തിലുണ്ടായിരുന്നതുപോലെയുള്ള 'സൈക്കിള്‍ റിക്ഷാ' സവാരി നടത്താനായി.

ന്യൂ മാര്‍ക്കറ്റില്‍ നിന്നു ദക്ഷിണേശ്വര്‍ കാളി ക്ഷേത്രത്തിലേക്ക് എത്തി. ഗംഗ തീരത്തെ അതിമനോഹരമായ ക്ഷേത്രം. സ്വാമി രാമകൃഷ്ണ ഏറെ കാലം ഈ ക്ഷേത്രത്തില്‍ ചെലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രയത്നമാണ് ഈ ക്ഷേത്രം ഏറെ പ്രസിദ്ധമാകാന്‍ കാരണം എന്ന് പറയപ്പെടുന്നു. രാത്രി, പഞ്ചാബി ധാബയിലെ ഭക്ഷണം കഴിച്ചശേഷം, ഏറെ വൈകി ഞങ്ങള്‍ കൊല്‍ക്കത്ത ദര്‍ശനം അവസാനിപ്പിച്ചു.

പിറ്റേന്ന് കൊല്‍ക്കത്തയോട് വിട പറയുവാനുള്ള സമയം ആഗതമ