| Mathrubhumi - Sanchari Post of the Week |

ലകളുടെ റാണിയായ ഡാര്‍ജിലിങ്ങിലേയ്ക്ക് ഒരു യാത്ര പോകണമെന്നത് കുറേ നാളായി മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു. ഒറ്റയ്ക്ക് പോകാമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും സുഹൃത്തായ ഡോ. ഹരികുമാറും താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യാത്ര ഒരുമിച്ചാക്കുകയായിരുന്നു. 

ഡാര്‍ജിലിങ്ങില്‍ കൊടുംശൈത്യമായിരിക്കുമെന്നതിനാല്‍ ഡിസംബര്‍ മാസം ഒഴിവാക്കി. എന്നാല്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഡിസംബറില്‍തന്നെ ആരംഭിച്ചു. വിന്റര്‍സീസണ്‍ അവസാനിക്കുന്ന സമയമായ ഫെബ്രുവരി അവസാനവാരം യാത്രയ്ക്കായി തെരഞ്ഞെടുത്തു. ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേയും കാഞ്ചന്‍ ജംഗയും ഹിമാലയന്‍ മൗണ്ടനെയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും കാണുക എന്നതും ഡാര്‍ജിലിങ്ങിന്റെ തണുപ്പ് ആസ്വദിക്കുക എന്നതുമായിരുന്നു പ്രധാന ഉദ്ദേശ്യം. 

യാത്രയ്ക്കായി അധികദിവസം ലീവ് കിട്ടില്ല എന്നതിനാല്‍ സഞ്ചാരം അഞ്ച് ദിവസത്തിലൊതുക്കി, മുന്‍കൂട്ടി ടിക്കറ്റുകളും ബുക്ക് ചെയ്തു. ദിവസം അധികമില്ലാത്തതിനാല്‍ വിമാനത്തിലാണു യാത്ര പ്ലാന്‍ ചെയ്തിരുന്നത്. രണ്ട് മാസം മുന്‍പേ തന്നെ ടിക്കറ്റുകള്‍ എടുത്തതിനാല്‍ യാത്രാച്ചെലവിനത്തില്‍ അധികം തുകയായില്ല.

ഡാര്‍ജിലിംഗിലേയ്ക്ക് തിരുവനന്തപുരത്തുനിന്നും നേരിട്ട് ഫ്‌ലൈറ്റ് സര്‍വീസ് ഇല്ലാത്തതിനാല്‍ കൊല്‍ക്കത്തയ്ക്കാണു ടിക്കറ്റെടുത്തത്. കൊല്‍ക്കത്തയില്‍ നിന്നും ഡാര്‍ജിലിംഗിനു അടുത്തുള്ള എയര്‍പോര്‍ട്ട് ആയ ബാഗ്‌ഡോഗ്രയിലേയ്ക്കും ടിക്കറ്റ് ബുക്ക് ചെയ്തു. ബാഗ്‌ഡോഗ്ര സിക്കിമിലേയ്ക്കും ഡാര്‍ജിലിംഗിലേയ്ക്കുമുള്ള ഗേറ്റ് വേയാണു. ബാഗ്‌ഡോഗ്രയില്‍ നിന്നും ഡാര്‍ജിലിംഗിലേയ്ക്ക് ഏകദേശം 70 കിലോമീറ്റര്‍ ദൂരമുണ്ട്. ട്രെയിന്‍ മാര്‍ഗ്ഗം പോകുന്നവര്‍ ന്യൂ ജല്പായ്ഗുരി എന്ന സ്റ്റേഷനിലാണു ഇറങ്ങേണ്ടത്. അവിടെ നിന്നും ടാക്‌സിയിലോ ഷെയേര്‍ഡ് ടാക്‌സിയിലോ ഡാര്‍ജിലിംഗിലേയ്ക്ക് പോകാവുന്നതാണു.

അങ്ങനെ ഫെബ്രുവരി 22 നു രാത്രി 8 മണിയ്ക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. ചെന്നൈ വഴിയുള്ള ഇന്‍ഡിഗോ വിമാനം വെളുപ്പിനെ 2 മണിയ്ക്ക് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. അവിടെനിന്നും രാവിലെ 10.30 നായിരുന്നു ബാഗ്‌ഡോഗ്രയിലേയ്ക്കുള്ള വിമാനം. സമയം കുറേയുണ്ടായിരുന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ കുളിച്ച് വൃത്തിയായി ഞങ്ങള്‍ രണ്ടുപേരും സിറ്റി കാണാനായി ഇറങ്ങി. കൊല്‍ക്കത്ത സിറ്റിയിലേയ്ക്ക് 17 കിലോമീറ്റര്‍ ദൂരം ഉള്ളതിനാല്‍ എയര്‍പോര്‍ട്ടിന്റെ പരിസരത്തുള്ള സ്ഥലങ്ങള്‍ മാത്രം നടന്നുകണ്ടു. എയര്‍പോര്‍ട്ടിനു മുന്നിലായി വിശാലമായ ഒരു പാര്‍ക്കും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു പ്രതിമയും ഉണ്ട്.

Darjeeling

സാധാരണ എയര്‍പോര്‍ട്ടിലും സമീപത്തുമുള്ള ഹോട്ടലുകളില്‍ ഭക്ഷണത്തിനു ഉയര്‍ന്ന നിരക്കായിരിക്കുമല്ലോ. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മെയിന്‍ ടെര്‍മിനലിനു നേരെ എതിര്‍വശത്ത് സാധാരണനിരക്കില്‍ ചായയും സ്‌നാക്ക്‌സും കിട്ടുന്ന ടീസ്റ്റാളും പഴയ ടെര്‍മിനലിനോട് ചേര്‍ന്ന് ഊണും മറ്റ് വിഭവങ്ങളും മിതമായ നിരക്കില്‍ ലഭിക്കുന്ന ഗോപാല്‍ കേറ്ററേഴ്‌സ് എന്ന ഹോട്ടലും ഉണ്ട്. ചായ 5 രൂപയ്ക്കും സാമാന്യം തെറ്റില്ലാത്ത ഊണു 80 രൂപ നിരക്കിലും ഇവിടെ ലഭിക്കുന്നതാണു. ഞങ്ങള്‍ അവിടെ നിന്നു ചായയും പ്രഭാതഭക്ഷണവും കഴിച്ച് 9 മണിയ്ക്ക് തിരികെ എയര്‍പോര്‍ട്ടിലെത്തി ചെക്കിന്‍ ചെയ്തു. കൊല്‍ക്കത്തയില്‍ നിന്നും ഒരു മണിക്കൂറില്‍ താഴെ ദൂരമേയുള്ളൂ ബാഗ്‌ഡോഗ്രയിലേയ്ക്ക്. 10.30 നു പുറപ്പെട്ട ഇന്‍ഡിഗോവിമാനം കൃത്യം 11.20 നു ബാഗ്‌ഡോഗ്രയിലെത്തി. യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍ തന്നെയായിരുന്നു.

ബാഗ്‌ഡോഗ്രയില്‍ നിന്നും ഡാര്‍ജിലിംഗിലേയ്ക്ക് ഏകദേശം 70 കിലോമീറ്റര്‍ ദൂരം ഉണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ. നമ്മുടെ നാട്ടിലെ പോലെ ബസ്സുകളോ മറ്റ് പൊതുയാത്രാസൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല. പ്രൈവറ്റ് ടാക്‌സിയെ തന്നെ ആശ്രയിക്കാതെ നിവൃത്തിയില്ല. എയര്‍പോര്‍ട്ടില്‍ തന്നെ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ ഉണ്ട്. ഡാര്‍ജിലിംഗിലേയ്ക്ക് 2800-3500 രൂപ നിരക്കില്‍ ഇവിടെ നിന്നും ടാക്‌സികള്‍ ബുക്ക് ചെയ്യാവുന്നതാണു. എയര്‍പോര്‍ട്ടിനു പുറത്തുനിന്നും ടാക്‌സി പിടിക്കാമെന്നുവച്ചാല്‍ നമ്മള്‍ പറ്റിക്കപ്പെടുമെന്ന് ഉറപ്പാണ്. ബാഗ്‌ഡോഗ്രയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ രീതികളെക്കുറിച്ച് നേരത്തെ തന്നെ അറിവ് കിട്ടിയിരുന്നതിനാല്‍ ഡാര്‍ജിലിംഗില്‍ ഞങ്ങള്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലുകാരോട് തന്നെ പറഞ്ഞ് മുന്‍കൂട്ടി ടാക്‌സി ഏര്‍പ്പാടാക്കിയിരുന്നു. ചെലവ് കുറച്ചുകൂടു കുറയ്ക്കണമെങ്കില്‍ എയര്‍പോര്‍ട്ടിലെ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടറില്‍ നിന്ന് സിലിഗുരി എന്ന സ്ഥലത്തേയ്ക്ക് ടാക്‌സി പിടിച്ച് പോകാവുന്നതാണ്. സിലിഗുരിയിലേയ്ക്ക് 15 കിലോമീറ്റര്‍ ദൂരമാണുള്ളത്. 

Darjeeling

സിലിഗുരി ബസ് ടെര്‍മിനലില്‍ നിന്നും ദിവസേന നാലു ചെറിയ ബസ്സുകള്‍ ഡാര്‍ജിലിംഗിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ എല്ലാ സമയത്തും അവിടെ നിന്നും ഷെയേര്‍ഡ് ടാക്‌സികള്‍ ലഭ്യമാണു. ചാര്‍ജ് കുറവാണെങ്കിലും തിങ്ങിനിറഞ്ഞുള്ള യാത്ര ദുഷ്‌കരമാണു. പ്രത്യേകിച്ച് ബാഗ്ഗേജുകള്‍ കൂടുതലായുണ്ടെങ്കില്‍. പശ്ചിമ ബംഗാളിന്റെ വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ യാത്രയ്ക്ക് കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഈ ഷെയേര്‍ഡ് ടാക്‌സികളെയാണു.

ഏകദേശം നാലു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഡാര്‍ജിലിംഗില്‍ എത്തി. പലപ്പോഴും കുത്തനെയുള്ള മലമ്പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. റോഡിനു സമാന്തരമായി റോഡിനോടുചേര്‍ന്നു തന്നെ ന്യൂജല്പായ്ഗുരിയില്‍ നിന്നും ഡാര്‍ജിലിംഗിലേയ്ക്കുള്ള നാരോഗേജ് റെയില്പാതയും പോകുന്നുണ്ട്. ഉച്ചയ്ക്ക് 2 മണിയ്ക്ക് ഡാര്‍ജിലിംഗില്‍ എത്തിയപ്പോള്‍ 10 ഡിഗ്രിയിലും താഴെയായിരുന്നു താപനില. ഞങ്ങള്‍ ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത്, അന്നത്തെ ദിവസം ടൗണില്‍ വെറുതെ കറങ്ങുന്നതിനായി പ്ലാന്‍ ചെയ്തു. പിറ്റേന്ന് രാവിലെ 9.30 നാണു വളരെയേറെക്കാലമായി ആഗ്രഹിക്കുന്ന ഹിമാലയന്‍ മൗണ്ടന്‍ റെയില്‍വേ യാത്ര.

ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ

Darjeeling

രാവിലെ ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണവും കഴിച്ച് 9 മണിയോടെ ഞങ്ങള്‍ ഡാര്‍ജിലിംഗ് റെയില്‍വേ സ്റ്റേഷനിലെത്തി. ഹോട്ടലില്‍ നിന്നുള്ള ഒരു കിലോമീറ്റര്‍ ദൂരംനടന്നാണു പോയത്. രാവിലത്തെ കൊടും തണുപ്പില്‍ സ്വെറ്ററും ഓവര്‍ക്കോട്ടുമില്ലാതെയുള്ള യാത്ര ആലോചിക്കാന്‍ പോലും കഴിയില്ല. സമുദ്രനിരപ്പില്‍ നിന്നും 6812 അടി ഉയരത്തിലുള്ള സ്റ്റേഷനാണു ഡാര്‍ജിലിംഗ്. വിനോദസഞ്ചാരികള്‍ക്കായി 10 മിനിട്ട് ഇടവിട്ട് ജോയ് റൈഡ് സര്‍വീസുകള്‍ ഡിഎംആര്‍ ഒരുക്കിയിട്ടുള്ളതിനാല്‍ ടിക്കറ്റ് കിട്ടാന്‍ പ്രയാസമില്ല. ഊട്ടി റെയില്‍വേ പോലെയായിരിക്കുമെന്ന് കരുതി ഞങ്ങള്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. യഥേഷ്ടം ടിക്കറ്റുകള്‍ സ്റ്റേഷനില്‍ നിന്നും ലഭ്യമാണു. 

Darjeeling

ഡാര്‍ജിലിംഗില്‍ നിന്നും ഘും (Ghum) എന്ന സ്റ്റേഷന്‍ വരെയും ( 7 കിമി ) തിരിച്ചുമാണു ടോയ് ട്രെയിന്‍ യാത്ര. ഡീസല്‍ എഞ്ചിന്‍ ട്രെയിനുകള്‍ക്ക് 700 രൂപയും സ്റ്റീം എഞ്ചിന്‍ ട്രെയിനുകള്‍ക്ക് 1300 രൂപയുമാണു ഘൂം വരെ പോയി തിരികെവരുന്നതിനുള്ള നിരക്ക്.

Darjeeling

ന്യൂ ജല്പായ്ഗുരിയില്‍ നിന്നും ഡാര്‍ജിലിംഗിലേയ്ക്കും തിരിച്ചും ആഴ്ചയില്‍ മൂന്നു ദിവസം റെഗ്ഗുലര്‍ സര്‍വീസുകള്‍ ഉണ്ട്. എന്നാല്‍ സമയം കുറേ എടുക്കുമെന്നതിനാല്‍ വിനോദസഞ്ചാരികള്‍ എല്ലാവരും ജോയ് റൈഡുകളാണ് തെരഞ്ഞെടുക്കാറുള്ളത്. ഡാര്‍ജിലിംഗ് മുതല്‍ ഘൂം സ്റ്റേഷന്‍ വരെ കുത്തനെയുള്ള കയറ്റമാണു. മുഴുവന്‍ ദൂരവും ഹില്‍ കാര്‍ട്ട് റോഡിനോടുചേര്‍ന്നാണു നാരോഗേജ് റെയില്‍പ്പാത.

Darjeeling

Darjeeling

പല വളവുകളിലും റെയില്‍പ്പാത റോഡിനെ കുറുകെ മുറിച്ചാണു പോകുന്നത്. പക്ഷേ അവിടങ്ങളിലെങ്ങും റെയില്‍വേ ക്രോസ് ഗേറ്റുകളില്ല. റോഡില്‍ വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍ ട്രെയിന്‍ നിര്‍ത്തി അവ കടത്തിവിട്ടതിനുശേഷം വീണ്ടും യാത്ര തുടരും. കുത്തനെയുള്ള കയറ്റമാണെങ്കിലും ഊട്ടി ട്രെയിന്‍ മാതൃകയിലുള്ള റാക്ക് ആന്‍ഡ് പിനിയന്‍ സമ്പ്രദായം ഇവിടെയില്ല. തീരെ ചെറിയ വേഗത്തിലാണു യാത്ര. കോച്ചില്‍ നിന്നും തലപുറത്തിട്ട് ഫോട്ടോ പിടിക്കുന്നവരുടെ ദേഹം മുഴുവന്‍ കല്‍ക്കരിയുടെ പൊടി നിറയുമെന്നതുറപ്പാണു. റെയില്‍കോച്ചുകള്‍ താരതമ്യേന നിലവാരമുള്ളവയാണ്. 

ഡാര്‍ജിലിംഗിനും ഘൂമിനുമിടയ്ക്ക് വേറെ സ്റ്റേഷനുകളില്ല. Batasia Loop എന്ന സ്ഥലത്ത് 10 മിനിട്ട് ട്രെയിന്‍ നിര്‍ത്തിയിടും. ബതാസിയ ലൂപ്പ് കാണേണ്ടുന്ന സ്ഥലം തന്നെയാണു. കുത്തനെയുള്ള കയറ്റം മറികടക്കുന്നതിനായി റെയില്‍പ്പാത 360 ഡിഗ്രിയില്‍ ലൂപ്പ് ആകൃതിയില്‍ വളഞ്ഞുപോകുന്ന കാഴ്ച നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട പട്ടാളക്കാരുടെ ഓര്‍മ്മയ്ക്കായി ഒരു വാര്‍ മെമ്മോറിയല്‍ ബതാസിയ ലൂപ്പില്‍ റെയില്‍പ്പാതയോടുചേര്‍ന്നുണ്ട്. അവിടെ സന്ദര്‍ശിച്ച് തൊട്ടടുത്തുള്ള പാര്‍ക്കില്‍ നിന്ന് കുറേ ഫോട്ടോസും എടുത്തപ്പോളേയ്ക്കും പുറപ്പെടാനുള്ള സൈറണ്‍ മുഴങ്ങി. സ്റ്റീം എഞ്ചിന്‍ അവിടെനിന്നും വെള്ളം നിറച്ച് പിന്നെയും യാത്ര തുടര്‍ന്ന് 10.45 നു ഘൂം സ്റ്റേഷനിലെത്തി.

ന്യൂ ജല്പായ്ഗുരി - ഡാര്‍ജിലിംഗ് പാതയില്‍ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷനാണു ഘൂം. ഘൂമില്‍ 30 മിനിറ്റ് സമയം കറങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനോടു ചേര്‍ന്നുതന്നെ റെയില്‍വേ മ്യൂസിയം ഉണ്ട്. മേട്ടുപ്പാളയം റെയില്‍വേ മ്യൂസിയം പോലെതന്നെ വളരെ വിജ്ഞാനപ്രദമായ വിവരണങ്ങളും മോഡലുകളും പുരാവസ്തുക്കളുമൊക്കെ ഘൂം മ്യൂസിയത്തിലും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആദ്യസര്‍വീസിനുപയോഗിച്ച സ്റ്റീം എഞ്ചിന്‍ സന്ദര്‍ശകര്‍ക്കായി ഇപ്പോഴും കാഴ്ചയ്ക്കായി മ്യൂസിയത്തില്‍ ഉണ്ട്. രാവിലെ 10 മുതല്‍ 1 മണിവരേയും 3 മുതല്‍ 6 വരേയുമാണു സന്ദര്‍ശനസമയം. ട്രെയിന്‍ ടിക്കറ്റ് ഉള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണു. അല്ലാത്തവര്‍ക്ക് 20 രൂപയാണു ടിക്കറ്റ് നിരക്ക്. അര മണിക്കൂര്‍ പെട്ടെന്ന് പോയി. 11.15 നു ട്രെയിന്‍ ഡാര്‍ജ്ജിലിംഗിലേയ്ക്ക് തിരികെ പുറപ്പെട്ടു. വന്ന അതേ വഴിയേതന്നെയാണു യാത്ര. തിരിച്ചുപോകുമ്പോള്‍ ബതാസിയ ലൂപ്പില്‍ ട്രെയിന്‍ നിര്‍ത്തില്ല. 11.45 നു ട്രെയിന്‍ തിരികെ ഡാര്‍ജിലിംഗ് സ്റ്റേഷനിലെത്തി. ഉച്ചയാകുമ്പോഴേയ്ക്കും തണുപ്പ് കുറയുമെന്നുകരുതിയ ഞങ്ങള്‍ക്ക് തെറ്റി. തിരികെ ഹോട്ടല്‍ മുറിയിലെത്തി ഉച്ചഭക്ഷണവും കഴിഞ്ഞ് അടുത്ത യാത്രയ്ക്കായി ഞങ്ങള്‍ തയ്യാറെടുത്തു.

ഹിമാലയന്‍ മൗണ്ടനെയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്

Darjeeling

ഉച്ചയ്ക്കുശേഷം ഞങ്ങള്‍ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി ഇറങ്ങി. ഹോട്ടലിന്റെ കാറില്‍ തന്നെയായിരുന്നു യാത്ര. പ്രധാന ലക്ഷ്യം ഹിമാലയന്‍ മൗണ്ടനെയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കും ആയിരുന്നു. രണ്ടും അടുത്തടുത്തായിട്ടാണു സ്ഥിതിചെയ്യുന്നത്. ഒരേ entrance ആണു രണ്ടിനും. 50 രൂപയാണു പ്രവേശന ഫീസ്. ആദ്യം സുവോളജിക്കല്‍ പാര്‍ക്കാണു.

Darjeeling

ഹിമാലയത്തില്‍ മാത്രം കാണുന്ന Snow leopard, Black leopard, nosw bear, Himalayan fox, വിവിധയിനം പക്ഷികള്‍ എന്നിവയൊക്കെ ഈ പാര്‍ക്കില്‍ നമുക്ക് കാണാവുന്നതാണു. പാര്‍ക്കിനോടു ചേര്‍ന്നുതന്നെയാണു ഹിമാലയന്‍ മൗണ്ടനെയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും HMI മ്യൂസിയവും. ടെന്‍സിംഗ് നോര്‍ഗേയുടെ ശവകുടീരവും ഇവിടെത്തന്നെയാണു.

Darjeeling

Darjeeling

1986 വരെ HMI ടെ ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം. പര്‍വതാരോഹണത്തിന്റെ വിവിധ ഉപകരണങ്ങള്‍, പരിശീലനങ്ങള്‍, മുന്‍കാല പര്‍വതാരോഹകരായ ടെന്‍സിംഗ് നോര്‍ഗേ, നവാങ് ഗോമ്പു തുടങ്ങിയവര്‍ കൊടുമുടികയറ്റത്തിനായി ഉപയോഗിച്ച പഴയകാല ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഹിമാലയന്‍ പര്‍വതനിരകളുടേയും കൊടുമുടികളുടേയും മോഡല്‍ മ്യൂസിയത്തില്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. മ്യൂസിയം സന്ദര്‍ശിക്കുന്നവരില്‍ ഒരു പ്രത്യേക അനുഭൂതി ഉണ്ടാകുമെന്നുറപ്പാണു.

Darjeeling

മ്യൂസിയം സന്ദര്‍ശിച്ചശേഷം ഞങ്ങള്‍ അവിടെ നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള ടെന്‍സിംഗ് റോക്ക്, ഗോമ്പു റോക്ക് എന്ന പാറകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് പോയി. പര്‍വതാരോഹണത്തിന്റെ പരിശീലനം നടക്കുന്ന സ്ഥലമാണത്. 50 രൂപ കൊടുത്ത് ഞങ്ങളും റോപ്പ് വഴി ടെന്‍സിംഗ് റോക്കിന്റെ മുകളില്‍ കയറി. ഗോമ്പു റോക്കില്‍ കയറാന്‍ പ്രയാസമായതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.

Darjeeling

തൊട്ടടുത്തുള്ള ടീ പ്ലാന്റേഷന്‍ കൂടി സന്ദര്‍ശിച്ചപ്പോഴേക്കും 5 മണി കഴിഞ്ഞു. നേരം ഇരുട്ടിത്തുടങ്ങി. തണുപ്പ് സഹിക്കാവുന്നതിനും അപ്പുറത്തായിത്തുടങ്ങി. ഞങ്ങള്‍ തിരികെ ഹോട്ടല്‍ മുറിയിലേയ്ക്ക് മടങ്ങി.

ടൈഗര്‍ ഹില്‍സിലെ കാഞ്ചന്‍ ജംഗ കാഴ്ച

ഡാര്‍ജിലിംഗിലെ ഏറ്റവും ഭംഗിയുള്ള കാഴ്ചകളിലൊന്നാണു ടൈഗര്‍ ഹില്‍സില്‍ നിന്നുള്ള സൂര്യോദയദര്‍ശനം. സൂര്യന്‍ ഉദിക്കുമ്പോള്‍ കാഞ്ചന്‍ ജംഗ പര്‍വതനിരകളിലുണ്ടാകുന്ന വിവിധ വര്‍ണ്ണക്കാഴ്ചകള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് നേരത്തേ കേട്ടിട്ടുണ്ട്. തിരക്കായിരിക്കുമെന്നതിനാല്‍ വെളുപ്പിനെ 4.30 നു ഹോട്ടലില്‍ നിന്നും പുറപ്പെട്ടു. ഡാര്‍ജിലിംഗില്‍ നിന്നും 13 km ദൂരമുണ്ട് ടൈഗര്‍ ഹില്‍സിലേയ്ക്ക്. നല്ല കയറ്റവും ട്രാഫിക്കുമായതിനാല്‍ 45 മിനിട്ട് എടുത്തു മലമുകളില്‍ എത്താന്‍. കാറില്‍ നിന്നുമിറങ്ങിയപ്പോള്‍ സൂചി കുത്തുന്ന തണുപ്പ്. മൈനസ് 2 ഡിഗ്രിയായിരുന്നു അപ്പോഴത്തെ താപനില. 5.45 ആയപ്പോഴേക്കും ഏകദേശം രണ്ടായിരം പേരോളം ആ ചെറിയ കുന്നിന്റെ മുകളില്‍ എത്തി.

Darjeeling

അടിസ്ഥാനസൗകര്യങ്ങള്‍ വളരെ കുറവാണു. ഇപ്പോള്‍ അവിടെ ടൂറിസം വകുപ്പിനെ നേതൃത്വത്തില്‍ ഒരു ഒബ്‌സര്‍വേറ്ററിയുടെ പണി നടക്കുന്നുണ്ട്. 6 മണിയ്ക്കാണു സൂര്യോദയം. തണുപ്പ് വകവയ്ക്കാതെ ഞങ്ങള്‍ കാത്തിരുന്നെങ്കിലും കോടമഞ്ഞ് ഞങ്ങളെ ചതിച്ചു. സൂര്യോദയം കാണാതെ നിരാശരായി ഞങള്‍ക്ക് മടങ്ങേണ്ടിവന്നു. ഡാര്‍ജിലിംഗിലെ ഏറ്റവും മനോഹരമായ കാഴ്ച ഞങ്ങള്‍ക്ക് നഷ്ടമായി. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന്റെ റൂമില്‍ നിന്നു തന്നെ കാഞ്ചന്‍ ജംഗ പര്‍വതം കാണാമെന്നതിനാല്‍ പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല. തിരികെ വരുന്ന വഴിക്ക് ബുദ്ധമത കേന്ദ്രമായ ഘൂം മൊണാസ്ട്രി സന്ദര്‍ശിച്ചു. 8.30 ആയപ്പോള്‍ തിരികെ മുറിയിലെത്തി. പ്രഭാതഭക്ഷണത്തിനുശേഷം അടുത്ത റൗണ്ട് കറക്കത്തിനായി പുറപ്പെട്ടു. ഇത്തവണ ലക്ഷ്യം റോക്ക് ഗാര്‍ഡന്‍, ഗംഗാമയ പാര്‍ക്ക്, ഓറഞ്ച് വാലി ടീ പ്ലാന്റേഷന്‍ എന്നിവയായിരുന്നു.

റോക്ക് ഗാര്‍ഡന്‍

പാറക്കെട്ടുകളുടെ വിവിധ തട്ടുകളിലായി നാച്ചുറല്‍ ആയി നിര്‍മ്മിച്ച പാര്‍ക്കാണു റോക്ക് ഗാര്‍ഡന്‍. ഏക്കര്‍കണക്കിനു സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. കൊടും വനത്തിനു നടുവില്‍ ഒരു ഉദ്യാനം എന്ന തോന്നലാണു ഈ ഗാര്‍ഡന്‍ കാണുമ്പോളുണ്ടാവുക. ഡാര്‍ജിലിംഗ് നിന്നും 10 km ദൂരമുണ്ട്. കുത്തനെയുള്ള ഇറക്കമാണു ഇവിടേയ്ക്ക്. റോഡിന്റെ സ്ഥിതിയും മോശമാണു. എങ്കിലും കാണേണ്ടുന്ന സ്ഥലം തന്നെയാണ്.

Darjeeling

ഗംഗാമായ പാര്‍ക്ക്

റോക്ക് ഗാര്‍ഡനില്‍ നിന്ന് 2 km ദൂരമുണ്ട് ഗംഗാമായ പാര്‍ക്ക്. അവിടെവരെയേ റോഡുള്ളൂ. ഏക്കര്‍കണക്കിനു സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒറ്റപ്പെട്ട മറ്റൊരു പാര്‍ക്ക്. സന്ദര്‍ശകര്‍ പൊതുവേ കുറവാണ്.

ഓറഞ്ച് വാലി തേയിലത്തോട്ടം

തിരികെ വരുന്ന വഴിയ്ക്കാണു ടീ പ്ലാന്റേഷന്‍. നമ്മുടെ മൂന്നാറിന്റെ അത്രയും വരില്ല. അന്നത്തെ ദിവസത്തെ കറക്കം അവസാനിപ്പിച്ച് ഞങ്ങള്‍ മുറിയിലേയ്ക്ക് മടങ്ങി. പിറ്റേന്ന് രാവിലെ തിരിച്ച് മടക്കയാത്രയാണു. രാവിലെ 6 മണിയ്ക്ക് പുറപ്പെടണം. ഉച്ചയ്ക്ക് 2.45 നാണു ബാഗ്‌ഡോഗ്രയില്‍ നിന്നും വിമാനം. മടക്കയാത്ര മിറിക്ക് എന്ന സ്ഥലം വഴിയാണു. ബാഗ്‌ഡോഗ്ര എത്താന്‍ 5 മണിക്കൂര്‍ എടുക്കും. അതിര്‍ത്തിപ്രദേശങ്ങളിലൂടെയാണു യാത്ര. മിറിക്കില്‍ ഒരു തടാകവുമുണ്ട്. യാത്രയിലുടനീളം ധാരാളം കാഴ്ചകളുമുണ്ട്. അതിനായി ടാക്‌സിയ്ക്ക് 800 രൂപ അധികം കൊടുക്കേണ്ടിവന്നു.

നാട്ടിലേയ്ക്ക് മടക്കയാത്ര

ഹോട്ടല്‍ ജീവനക്കാരോട് യാത്ര പറഞ്ഞ് രാവിലെ 6 മണിയ്ക്ക് തന്നെ ഡാര്‍ജിലിംഗില്‍ നിന്ന് പുറപ്പെട്ടു. ഘൂമില്‍ നിന്നും റോഡ് വേറെ വഴിയ്ക്ക് തിരിഞ്ഞു. കനത്ത കോടമഞ്ഞ് കാരണം വളരെ സാവധാനത്തിലാണു യാത്ര. മനോഹരമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്ര അവിസ്മരണീയമാണു. 15 കിമി പിന്നിട്ടപ്പോഴേയ്ക്കും ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയായി. കുറേ ദൂരം റോഡിന്റെ വലതുവശം നേപ്പാളും ഇടതുവശം ഇന്ത്യയുമായിരുന്നു. അതിര്‍ത്തി തിരിക്കുന്ന മതിലുകളോ വേലിക്കല്ലുകളോ ഇല്ല. ഇടയ്ക്കിടയ്ക്ക് രാജ്യത്തിന്റെ പേരു രേഖപ്പെടുത്തിയ സ്തൂപങ്ങള്‍ മാത്രം.

Darjeeling 

2 കിമി കൂടി പിന്നിട്ടപ്പോള്‍ സിമാന എന്ന സ്ഥലത്തെത്തി. അവിടെ ഒരു വ്യൂ പോയിന്റ് ഉണ്ട്. അവിടെ നിന്നു നോക്കിയാല്‍ നേപ്പാളിലെ വിദൂരസ്ഥിതമായ പട്ടണങ്ങളും തെയിലത്തോട്ടങ്ങളും കാണാം. അവിടെയിറങ്ങി ചായയും കുടിച്ച് 10 മിനിറ്റ് ചെലവഴിച്ചശേഷം പുറപ്പെട്ടു. വഴിയിലുടനീളം മിലിട്ടറി ചെക്ക് പോസ്റ്റുകള്‍ ഉണ്ട്. സിമാനയില്‍ വച്ച് ബീഹാറുകാരനായ മനോജ് കുമാര്‍ എന്ന ജവാനെ പരിചയപ്പെട്ടു. അദ്ദേഹം നേപ്പാള്‍ അതിര്‍ത്തി സംരക്ഷണം സംബന്ധിച്ച് ഒരു ചെറിയ വിവരണം ഞങ്ങള്‍ക്ക് തന്നു. സിമാനയില്‍ നിന്നു 6 കിമി കഴിഞ്ഞപ്പോള്‍ പശുപതി എന്ന സ്ഥലമായി. 

Darjeeling

നേപ്പാളിലേയ്ക്ക് പ്രവേശിക്കാനുള്ള ചെക്ക് പോസ്റ്റ് അവിടെയാണു. ഇന്ത്യക്കാര്‍ക്ക് ഐ.ഡി. പ്രൂഫ് മതി. നേപ്പാളി ഇമിഗ്രേഷന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഓഫീസില്‍ ചെന്ന് ഞങ്ങള്‍ വോട്ടര്‍ ഐ.ഡി. കാണിച്ചു പെര്‍മിഷന്‍ വാങ്ങി. നമ്മുടെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അതിര്‍ത്തിയ്ക്കപ്പുറത്ത് ചെന്നാല്‍ നേപ്പാളി ടാക്‌സികള്‍ കിട്ടും. അതു പിടിച്ചാല്‍ 5 കിമി ദൂരെയുള്ള ഇലാം എന്ന സ്ഥലത്തെ മാര്‍ക്കറ്റില്‍ പോകാം. 200 രൂപയാണു നിരക്ക്. ഇലാമില്‍ പ്രശസ്തമായ ഒരു മാര്‍ക്കറ്റ് ഉണ്ട്. കരകൗശലവസ്തുക്കളും കോസ്‌മെറ്റിക്‌സുമെല്ലാം വളരെ വിലകുറച്ച് ലഭിക്കും. ഇന്ത്യന്‍ രൂപ തന്നെ നല്‍കിയാല്‍ മതി. യാത്രയില്‍ നേപ്പാള്‍ അതിര്‍ത്തി സന്ദര്‍ശനം വേറിട്ട ഒരു അനുഭവമായി.

പശുപതിയില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്ത് മിറിക്കില്‍ എത്തി. അവിടുത്തെ തടാകത്തില്‍ ബോട്ടിംഗ് സൗകര്യമുണ്ട്. എന്നാല്‍ സമയം വൈകിയതിനാല്‍ അതിനുമുതിര്‍ന്നില്ല. അര മണിക്കൂര്‍ അവിടെ കറങ്ങി സ്ഥലങ്ങളെല്ലാം കണ്ടതിനുശേഷം ഞങ്ങള്‍ ബാഗ്‌ഡോഗ്രയിലേയ്ക്ക് പുറപ്പെട്ടു. 

സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ തിരികെ കൊല്‍ക്കത്തിലേയ്ക്ക് മടങ്ങുമ്പോള്‍ മനസ്സില്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ ബാക്കി...