ഓരോ യാത്രയും അജ്ഞാതമായ ഒന്നിലേക്കുള്ള പലായനമായും. എല്ലാം മറന്നുള്ള സഞ്ചാരം സുഖപ്രദമായി ഞങ്ങള്‍ക്കു ഭവിക്കാറുണ്ട്. ഒക്ടോബര്‍ 28-ന് ആരംഭിച്ച, കര്‍ണാടകയിലേക്കുള്ള ഞങ്ങളുടെ ഈ കൊച്ചുയാത്രയും മനോരഞ്ജകമായിരുന്നു. 

രാത്രി പന്ത്രണ്ടുമണിക്കുള്ള വെസ്റ്റ് കോസ്റ്റിനായി യാത്ര തിരിക്കുമ്പോള്‍ ബിന്ദുവിന്റെ അമ്മയുടെ മംഗളാശംസ ഞങ്ങള്‍ക്ക് (രാധാമണി, ഷൈബിയ, ബിന്ദു, ഷീന, ഞാന്‍) ഉന്നതങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായി എന്നത് തികച്ചും അവിചാരിതം! ഞങ്ങളുടെ ആറാമത്തെ യാത്ര ഇപ്രാവശ്യം കര്‍ണാടക ദേശത്തേക്കായിരുന്നു.

Chickmagaluru

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് മംഗലാപുരത്തെത്തിയ ഞങ്ങള്‍ക്ക്, കുളിച്ചു ശുദ്ധി വരുത്താന്‍ റെയില്‍വേ ഡോര്‍മറ്ററിയുടെ ഇത്തിരി സൗകര്യങ്ങള്‍ ഒരു പോരായ്മയായിരുന്നില്ല. ആറുമണിക്ക് ഞങ്ങളെ കൂട്ടാന്‍ പ്രവീണ്‍ ഇന്നോവയുമായി എത്തിയിരുന്നു. മഞ്ഞുറഞ്ഞ റോഡിലൂടെ ധര്‍മസ്ഥല ലക്ഷ്യമാക്കിയാണ് കാര്‍ പാഞ്ഞത്. നേത്രാവതി നദിയോരങ്ങളുടെ മനോഹരമായ കാഴ്ചകള്‍ കണ്ടു നീങ്ങവേ 'പോകവേണ്ടിയത് നെടുദൂരം, പോകിറേന്‍ നാന്‍ പോകിറേന്‍' എന്ന് മനസ്സു മന്ത്രിക്കുകയായിരുന്നു. കവുങ്ങിന്‍ തോട്ടം നിറഞ്ഞുനില്‍ക്കുന്ന ബേലൂര്‍ റോഡിലൂടെ പോകവേ ഉദയസൂര്യന്‍ ഞങ്ങളുടെ യാത്രയ്ക്ക് ആശീര്‍വാദവുമായി പൊങ്ങിവരുന്നുണ്ടായിരുന്നു. 

1966ല്‍ രത്‌നവര്‍മ ഹെഗ്‌ഡേ നിര്‍മിച്ച ധര്‍മസ്ഥലയില്‍ തൊഴാനെത്തുന്നവരുടെ തിക്കും തിരക്കുമായിരുന്നു. എണ്ണൂറുവര്‍ഷം പഴക്കമുള്ള മഞ്ജുനാഥ ക്ഷേത്രത്തില്‍ ഇപ്പോള്‍ പതിനായിരങ്ങള്‍ തൊഴാനെത്തുന്നുണ്ടത്രേ. ലോകത്തില്‍ ഏറ്റവും ശക്തിയുള്ള ശിവക്ഷേത്രങ്ങളിലൊന്നാണിതെന്ന് പറയപ്പെടുന്നു. അമ്പലത്തിലെ അച്ചടക്കവും ചിട്ടകളും അതിശയിപ്പിക്കുന്നതാണ്. ക്യൂനിന്ന് മഞ്ജുനാഥനെ തൊഴുമ്പോള്‍ എത്രയോ കാലത്തെ സാഫല്യമടയുകയായിരുന്നു. തൊഴുതുമടങ്ങി പ്രഭാതഭക്ഷണത്തിനുശേഷം നേരെ പോയത് ഗോമടേശ്വര പ്രതിമ കാണാനാണ്. തൊട്ടടുത്തുതന്നെ സ്ഥിതി ചെയ്യുന്ന ശ്രീരാമക്ഷേത്രത്തില്‍ കടന്നുചെല്ലുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി! സഹോദരന്മാരോടൊത്ത് ഉപവിഷ്ടനായ ശ്രീരാമദേവന്റെ അരികില്‍ത്തന്നെ സീതാദേവിയും ഹനുമാനും. 

Chickmagaluru

ക്ഷേത്രത്തിനിരുവശങ്ങളിലുമായി ബ്രാഹ്മണി, ശൈലപുത്രി, സ്‌കന്ദമാത, മഹാഗൗരി, സിദ്ധിധാത്രി, കല്യാണി, ദുര്‍ഗ, ചന്ദ്രഖന്ദ, കാളരാത്രി, കൃഷ്ണന്‍, ഹനുമാന്‍, ദത്താത്രേയ, രാഹുകേതുക്കള്‍, ശനീശ്വരന്‍, ശുക്രന്‍, ഗുരു, ബുധന്‍, മംഗള, ചന്ദ്രന്‍, സൂര്യന്‍ ഇവരുടെ കൊച്ചുകോവിലുകള്‍ ദര്‍ശിക്കാം. ഗുരുനാരായണസ്വാമി, നിത്യാനന്ദസ്വാമി, ഷിര്‍ദിബാബ, അന്നപൂര്‍ണേശ്വരി കോവിലുകളും ഇവിടെ കാണാം. ബേലൂര്‍ ക്ഷേത്രദര്‍ശനത്തിനാണ് പിന്നീട് ഞങ്ങള്‍ യാത്ര തിരിച്ചത്. 20 ഡിഗ്രി താപനിലയിലായിരുന്നു യാത്ര. ഹാസ്സന്‍ ജില്ലയിലെ പ്രസിദ്ധമായ ചിന്നകേശവക്ഷേത്രം ഹംപിയെ തോന്നിപ്പിക്കുംവിധം വശ്യമനോഹരമാണ്. 

Chickmagaluru

സുന്ദരനായ വിഷ്ണുവാണ് ഇവിടത്തെ പ്രതിഷ്ഠ. 11, 13 നൂറ്റാണ്ടുകളില്‍ ഹൊയ്‌സാല രാജാക്കന്മാര്‍ പണികഴിപ്പിച്ച ക്ഷേത്രത്തിലെ കൊത്തുപണികളും വാസ്തുവിദ്യയും കലാപാരമ്പര്യത്തിന് ഉത്തമോദാഹരണങ്ങളാണ്. ഹൊയ്‌സാല രാജ്യത്തിന്റെ ആദ്യത്തെ തലസ്ഥാനമായ ബേലൂര്‍ 'ഭൂമിയിലെ ആധുനിക സ്വര്‍ഗം' എന്നറിയപ്പെടുന്നു. ഹിന്ദുസംസ്‌കാരത്തിന്റെ കലവറ തന്നെയായ ക്ഷേത്രം വിഷ്ണുവര്‍ധന രാജാവിന്റെ കാലത്ത് പരിപോഷിപ്പിക്കപ്പെട്ടു. സുന്ദരിയായ രാജ്ഞി ശന്തളാദേവി നൃത്തച്ചുവടുകള്‍ വെച്ചെന്നും അത് കൊത്തുപണികള്‍ക്കുള്ള മാതൃകയായെന്നും പറയപ്പെടുന്നു. പൈതൃകചാരുത്വം തുളുമ്പുന്ന ചരിത്രശാലകളും ദേവാലയങ്ങളും കല്ലുപാകിയ നടപ്പാതകളും മണ്ഡപങ്ങളും ഗ്രാവിറ്റി പില്ലറും കുളവും അതീവസുന്ദരം. പ്രശാന്തസുന്ദരമായ ആ അന്തരീക്ഷത്തില്‍ മണ്ഡപത്തില്‍ നൃത്തച്ചുവടുവെക്കാനും കൈകൊട്ടിക്കളിയാടാനും എന്റെ കൂട്ടുകാരികള്‍ മുന്നോട്ടു വന്നത് ഉല്ലാസപ്രദമായിരുന്നു. ചുവടുകള്‍ വെക്കാനറിയാത്ത ഞാന്‍ അതെല്ലാം ആസ്വദിച്ച് എന്റെ ക്യാമറയില്‍ പകര്‍ത്തിയെടുത്തു.

പിന്നീട് ഞങ്ങള്‍ കടന്നുചെന്നത് ഹലേബീഡു ക്ഷേത്രത്തിലേക്കാണ്. ശിവക്ഷേത്രങ്ങളില്‍ വെച്ചേറ്റവും വലിയതാണിത്. ഹൊയ്‌സാലേശ്വരക്ഷേത്രത്തിന്റെ മുന്‍പില്‍ത്തന്നെയായി രണ്ടു നന്ദീരൂപങ്ങള്‍ കാണാം. ആരെയും ആകര്‍ഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ പഴയ പേര് 'ദ്വാരാ സമുദ്ര'യെന്നായിരുന്നു. 'സമുദ്രത്തിലേക്കുള്ള കവാട'മെന്നറിയപ്പെടുന്ന ഇവിടം പന്ത്രണ്ടാം  നൂറ്റാണ്ടിലെ രാജകീയ സാമ്രാജ്യമായിരുന്നു. സൂക്ഷ്മമായ കൊത്തുപണികളാലലംകൃതമായ ചുവരുകള്‍ ചരിത്രപ്രാധാന്യം വിളിച്ചോതുന്നു. വൈകുന്നേരം അഞ്ചരവരെ ഞങ്ങള്‍ ക്ഷേത്രം ചുറ്റിക്കാണുകയായിരുന്നു. സാന്ധ്യരാഗച്ചുവപ്പില്‍ ഞങ്ങള്‍ യാത്ര തിരിക്കുമ്പോള്‍ റോഡിലങ്ങുമിങ്ങും മുളയാനണയുന്ന പൈക്കളെ കാണാമായിരുന്നു. ചിക്മഗ്‌ളൂരിലെ എസ്.കെ. റീജന്‍സിയിലെ ഒറ്റമുറിയില്‍ ഞങ്ങള്‍ ഐവരും യാത്രക്ഷീണമിറക്കിവെച്ച് മനം നിറയെ മോഹനസ്വപ്നങ്ങളുമായി ഉറങ്ങിപ്പോയതറിഞ്ഞില്ല.

ഞായറാഴ്ച പ്രഭാതം പൊട്ടിവിരിഞ്ഞത് ശീതളക്കാറ്റോടെയായിരുന്നു. കുളി കഴിഞ്ഞപ്പോള്‍ മനസ്സിനും ശരീരത്തിനും ഉന്മേഷം. ന്യൂ സര്‍ക്കിള്‍ ലഞ്ച്‌ഹോമിലെ ചൂടു കട്ടന്‍കാപ്പി കുടിച്ചുകൊണ്ടായിരുന്നു ദിനമാരംഭിച്ചത്. പ്രാതലിനായി ഞങ്ങള്‍ കേള്‍വികേട്ട ടൗണ്‍കാന്റീനിലെ മസാല ദോശ ലക്ഷ്യമാക്കി കടന്നുചെന്നു. പിനാ മസാല പ്രത്യേകമായി ഞങ്ങളെ എതിരേറ്റു. മുളയന്‍ഗിരിയിലേക്കായിരുന്നു യാത്രയാരംഭിച്ചത്. പക്ഷേ വളവുകള്‍ കഴിഞ്ഞ് മുകളിലെത്താറായപ്പോഴാണ് ഗതാഗതക്കുരുക്ക് കണ്ണില്‍പെട്ടത്. ഇടുങ്ങിയ റോഡിലൂടെ വയനാടന്‍ ചുരങ്ങളെ തോന്നിപ്പിക്കുന്ന വഴികള്‍താണ്ടി ചെന്നെത്തുന്ന യാത്രക്കാരെ വലയ്ക്കുന്നതായിരുന്നു അത്. 

Chickmagaluru

മനസ്സുനിറയെ ആശങ്കകളുമായി വന്നണയുന്നവര്‍ക്കായി ഇവിടുത്തെ റോഡുസൗകര്യം വര്‍ധിപ്പിക്കാന്‍ ആരും മുന്‍കൈയെടുക്കുന്നില്ലല്ലോ എന്നതില്‍ ഞങ്ങള്‍ മനസാ പരാതിപ്പെട്ടു, നാട്ടിലെ റോഡുകളും ഗതാഗതക്കുരുക്കുകളും കണ്ടുശീലിച്ച ഞങ്ങള്‍ക്ക് ഇതൊരു പുത്തരിയല്ലായിരുന്നെങ്കിലും. സമയം പാഴാക്കാതെ ഞങ്ങളുടെ ഡ്രൈവര്‍ പ്രവീണ്‍ യാത്ര ബാബാ ബുധന്‍ഗിരിയിലേക്കു തിരിച്ചുവിട്ടത് ഗുണമായി. റോഡ് കുറേക്കൂടി സൗകര്യപ്രദമായതിനാല്‍ യാത്ര സുഖകരമായിരുന്നു. ഇരവശത്തും സില്‍വര്‍ മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പാതയിലൂടെ ദത്തപീഠയിലേക്ക് യാത്ര. വെയില്‍ വന്നുവെങ്കിലും തണുപ്പാര്‍ന്ന കാലാവസ്ഥ ആസ്വാദ്യമായിരുന്നു. ബാബാ ബുധന്‍ഗിരിയെപ്പറ്റി കേട്ടറിഞ്ഞതെല്ലാം നേരില്‍ കാണാന്‍ തിടുക്കമായി. വഴിയോരങ്ങളില്‍ മുഗ്ദമായ പൊയ്കകളും മരക്കൂട്ടങ്ങളും ഞങ്ങള്‍ക്ക് സ്വാഗതമേകി. മലയോരത്തുള്ള ബാബയുടെ ശവകുടീരം ഹിന്ദു മുസ്ലിം തര്‍ക്കത്താല്‍ ബന്തവസ്സാക്കി സൂക്ഷിച്ചിരിക്കയാണ്. ഇരുകൂട്ടരും ഒരുപോലെ ആരാധിച്ചുവരുന്ന ഇവിടം ശൈവവൈഷ്ണവ സൂഫി സംസ്‌കാരങ്ങള്‍ സമന്വയിച്ചുനില്ക്കുന്നുവെന്ന് വിശ്വസിക്കാം. 

ദര്‍ഗയുടെ ബോര്‍ഡില്‍ 'Do not believe in superstitious behold the beautiful environment' എന്നെഴുതിവെച്ചിട്ടുണ്ടെങ്കിലും അവിടെ വരുന്ന മിക്കവരും പാരമ്പര്യാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണ്. അസുഖ നിവൃത്തിക്കായും വിവാഹത്തിനായും കുടുംബ പരിഹാരത്തിനായും ഇവിടത്തെ ആചാരങ്ങള്‍ പ്രതിവിധിയാണ്. മുകളില്‍നിന്ന് തിരിച്ചിറങ്ങിവരുന്ന ജലം മോക്ഷദായകമാണെന്നാണ് വിശ്വാസം. ഉസ്താദ് പറഞ്ഞുതന്ന കഥയില്‍ ബാബ ധ്യാനത്തിനായെത്തിയപ്പോള്‍ ജലം ഉറഞ്ഞൊഴുകിയെത്തിയെന്നും മുന്നിലെത്തിയ കടുവ വന്നവഴിയേ തിരിച്ചുപോയെന്നും മറ്റുമുണ്ടായിരുന്നു. ഏതായാലും തണുപ്പാര്‍ന്ന ജലം വായിലൊഴിച്ചപ്പോള്‍ ഒരു അവാച്യാനുഭൂതി തന്നെയായിരുന്നു!

ജെറി വെള്ളച്ചാട്ടത്തിലേക്കാണ് അടുത്തതായി ഞങ്ങള്‍ പോയത്. കാടുകള്‍ക്കിടയിലൂടെയുള്ള ഒഴുക്ക് മനോഹരമാണ്. നട്ടും ബോള്‍ട്ടുമില്ലെന്ന് തോന്നിപ്പിക്കുന്ന പ്രത്യേകതരം ജീപ്പുകളിലാണ് ഇവിടേക്ക് യാത്രികരെ കൊണ്ടുപോകുന്നത്. നിലം തൊടാതെ കുതിക്കുന്ന ജീപ്പിലെ യാത്ര അതിസാഹസികം. പാറക്കെട്ടിലൂടെ ഒഴുകിവരുന്ന ജലം ദേവന്മാരും അസുരന്മാരും വാസുകിയെ കടകോലാക്കി പാലാഴി കടഞ്ഞെടുക്കുന്ന അമൃതിന്റെ കഥ ഓര്‍മിപ്പിച്ചുപോകത്തക്കതാണ്. നുരയും പതയുമായി പൊട്ടിച്ചിതറുന്ന വെള്ളച്ചാട്ടം കണ്ടു കൊതിതീര്‍ന്നില്ല. വെട്ടിത്തിളങ്ങുന്ന വെള്ളിനിറത്തില്‍ കുതിച്ചെത്തുന്ന മുത്തുപോലെയുള്ള ശീതജലത്തിലെ കുളി കുളിരുകോരിയിട്ടു. മനസ്സില്ലാ മനസ്സോടെയായിരുന്നു ഞങ്ങള്‍ അനുവദിച്ച സമയം വിട്ടുപോന്നത്. നാലുമണിയോടെ ഫിഷ്‌ലാന്‍ഡിലെത്തിയ ഞങ്ങളെ മട്ടയരിച്ചോറ് പ്രവീണിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കാത്തിരുന്നു. അടുത്ത ദിവസം അതിരാവിലേതന്നെ മുള്ളയന്‍ഗിരി കയറണമെന്ന ഉറച്ച തീരുമാനത്തില്‍ ഉറങ്ങാന്‍ കിടന്നു.

Chickmagaluru

പുലര്‍ച്ചെ മൂന്നുമണിക്കുതന്നെ ഉണര്‍ന്ന് എല്ലാവരും അത്യുത്സാഹത്തോടെ ചൂടുകാപ്പിയും നുണഞ്ഞ് ആറുമണിയോടെ മുള്ളയന്‍ഗിരിയിലേക്കു യാത്രതിരിച്ചു. വഴിയില്‍ കഴിക്കാനായി ബണ്‍സ് പാര്‍സലായി കരുതിയിരുന്നു. ചിക്മഗ്‌ളൂരിലെ ചിക്മകളുടെ രൂപവും കാപ്പിയും അവര്‍ണനീയം! ദൂരേ കോടമഞ്ഞില്‍ മൂടിക്കിടക്കുന്ന മലമുകളിലേക്കായിരുന്നു ഞങ്ങള്‍ ഉന്നമിട്ടത്. കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതശിഖരം! 6300 അടി മുകളില്‍ ചെന്നെത്തുകയെന്നത് അവിശ്വസനീയമായിരുന്നു. കയറുന്തോറും ആവേശ്വോജ്ജ്വലമായിരുന്നു. പടികള്‍ കയറാന്‍ മടികാണിച്ച് ലിഫ്റ്റിനെ കാത്തുനില്‍ക്കുന്ന ഞങ്ങള്‍ 450ലേറെ പടികള്‍ കയറി മല മുകളിലെത്തി. കുന്നിന്മുകളിലേക്ക് ചെല്ലുന്തോറും മഞ്ഞുകാറ്റില്‍ ഉലയുന്ന അനുഭവമായിരുന്നു. മനസ്സില്‍ ഹിമസന്നിഭമായ നിശ്ശബ്ദത. കാറ്റിന്റെ വിചിത്രഗതികള്‍ പ്രണവശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. തണുപ്പു കൂടിക്കൂടിവന്നു. മുകളിലെത്തിയപ്പോഴേക്കും മഞ്ഞ് ഉത്തരീയമായി ഭവിക്കുന്ന പ്രതീതി! വാക്കുകള്‍ക്കു വരച്ചിടാന്‍  പറ്റാത്ത അനുഭൂതിയില്‍ ഞങ്ങള്‍ മതി മറന്നു.

ചിക്മഗ്‌ളൂരിന്റെ പ്രകൃതിസൗന്ദര്യം മുഴുവന്‍ ദൃശ്യമാകുന്ന മലമുകള്‍. സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ച ഏറെ ഹൃദ്യമാണ്. കോടമഞ്ഞിലൂടെ വെട്ടിത്തിളങ്ങുന്ന സൂര്യന്‍ പതുക്കെപ്പതുക്കെ ഉദിച്ചുയരുന്നു. ക്രമേണ സ്വര്‍ണനിറം പടര്‍ന്നുവരുന്ന കാഴ്ച അതിമനോഹരം. പ്രകൃതി സ്‌നേഹികളുടെ 'ഭൂമിയിലെ ഈ സ്വര്‍ഗ'ത്തിന്റെ ചാരുത ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് നോക്കിക്കാണുകയായിരുന്നു ഞങ്ങള്‍. ക്രമേണ കോടമഞ്ഞു നീങ്ങി തെളിഞ്ഞു കാണാവുന്ന താഴ്വരകളിലെ പച്ചപ്പ്. പൂര്‍ണനിശ്ശബ്ദതയില്‍ എത്രനേരം വേണമെങ്കിലും ധ്യാനനിരതരായി അങ്ങനെ ഇരിക്കാം. മലമുകളിലായി ഒരു ശിവക്ഷേത്രമുണ്ട്.

മുള്ളയനപ്പക്ഷേത്രത്തില്‍ പൂജാരി നിത്യവും പൂജ കഴിക്കാറുണ്ട്. ഉന്നതങ്ങളിലെ ദൈവസാന്നിധ്യം മനസ്സിനെ ആയാസരഹിതമാക്കുന്നു. ഉയരം കൂടുന്തോറും ചായയുടെ രുചി ഏറുമെന്ന് മോഹന്‍ലാല്‍ പറയുന്നതുപോലെ ഉന്നതങ്ങളിലെത്തുന്തോറും മാനവദുരിതങ്ങള്‍ക്കറുതി വരുമെന്നത് യാഥാര്‍ഥ്യമായിത്തോന്നി! ക്ഷേത്രദര്‍ശനവും പ്രകൃതി സൗന്ദര്യ ആസ്വാദ്യതയുംകൊണ്ട് ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല. തിരിച്ച് സീതാലയനഗിരിയില്‍ മല്ലികാര്‍ജുന പ്രതിഷ്ഠയും വീരഭദ്രപ്രതിഷ്ഠയും തൊഴുതു. 

Chickmagaluru

പത്തുമണിയോടെ തിരിച്ച് ചിക്മഗ്‌ളൂരിലെത്തി. കാപ്പി, ചന്ദനം, സില്‍വര്‍ തോട്ടങ്ങള്‍ കടന്ന് നാലുമണിയോടെ മംഗലാപുരത്തിനായി പുറപ്പെട്ടു. ഉച്ചയ്ക്ക് ഹള്ളിമനേയില്‍ കേരളഭക്ഷണം. മത്തിമസാലയും ബംഗഡ മസാലയും രുചികരമായിരുന്നു. 4.20നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കോഴിക്കോട്ടേക്ക് യാത്ര തിരിക്കുമ്പോള്‍ തീര്‍ന്നുപോയ മോഹനയാത്രയില്‍ ഞങ്ങള്‍ മനംകുളിര്‍ന്ന് താന്തരായിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന്റെ ഇഴയടുപ്പത്തിന് മാറ്റേകാന്‍ വീട്ടുകാര്‍ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. യാത്ര തീരുമ്പോള്‍ ഞങ്ങള്‍ മറ്റൊരു അജ്ഞാതയാത്രയിലേക്ക് കണ്ണുനട്ടിരിക്കയായിരുന്നു...