Mathrubhumi - Sanchari POST OF THE WEEK

യൂറോപ്യന്‍ നഗരങ്ങളെ കുറഞ്ഞ ചിലവില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഞാനും സുഹൃത്ത് സമദും കൂടി പ്രാഗ്, ആംസ്റ്റര്‍ഡാം, പാരീസ്, സൂറിക് എന്നീ നഗരങ്ങളിലേക്ക് നമ്മുടെ ആദ്യ യൂറോപ്പ് യാത്ര പ്ലാന്‍ ചെയ്തു.

പ്രാഗ് (Prague, Czech Republic)

ചെക്ക് റിപ്പബ്ലിക് എംബസിയില്‍ നിന്ന് ഷെന്‍ഗെന്‍ വിസ എടുത്തത് കൊണ്ട് തന്നെ അവിടെയായിരുന്നു ആദ്യം ഇറങ്ങേണ്ടിയിരുന്നത്. പ്രാഗ് എയര്‍പോര്‍ട്ടില്‍ നിന്നും അവിടത്തെ കറന്‍സിയായ ചെക്ക് ക്രോണ്‍ വാങ്ങിയ ശേഷം അടുത്തുള്ള ബസ്റ്റോപ്പില്‍ നിന്നും ഒരു ദിവസത്തേക്ക് ബസും ട്രാമും മെട്രോയും ഉപയോഗിക്കാന്‍ പറ്റുന്ന മള്‍ട്ടി പാസ് എടുക്കുകയും അതുപയോഗിച്ചു ബസില്‍ ബിസിനസ് സെന്ററും കലാപരിപാടികള്‍ നടക്കാറുള്ളതുമായ വേനസ്ലാസ്(Wenceslas) സ്‌ക്വയറില്‍ എത്തി. ന്യൂ ടൌണ്‍ എന്നറിയപ്പെടുന്ന അവിടെയൊക്കെ കറങ്ങി ചില സ്ട്രീറ്റ് ഷോ ഒക്കെ കണ്ടു. ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ സഹായത്തോടെ നടന്ന് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന 1410 ല്‍ സ്ഥാപിച്ച അസ്‌ട്രോണമിക്കല്‍(Astronomical) ക്ലോക്കിന് അടുത്തെത്തി. തൊട്ടടുത്ത് ഓള്‍ഡ് ടൌണ്‍ സ്‌ക്വയറില്‍ ഫെയറിറ്റൈല്‍ രൂപത്തില്‍ ഉള്ള ട്വിന്‍ ചര്‍ച്ച് കാണാം. 

അവിടെ നിന്നും ജൂതശ്മശാനങ്ങളും മറ്റുമുള്ള തെരുവിലൂടെ നടന്ന് വിള്‍ട്ടാവ(Vltava) നദിയുടെ തീരത്തെത്തി. അവിടെ കണ്ട ബസില്‍ കയറി നദിക്കരയിലൂടെ സഞ്ചരിച്ചു പൗരാണിക കെട്ടിടങ്ങളുടെ മധ്യത്തില്‍ നവീന മാതൃകയില്‍ പണികഴിപ്പിച്ച ഡാന്‍സിങ് ബില്‍ഡിംഗ് കണ്ടശേഷം ചാള്‍സ് ബ്രിഡ്ജിലേക്ക് തിരിച്ചു. വിള്‍ട്ടാവ നദിയെ ക്രോസ് ചെയ്യുന്ന ചാള്‍സ് 4 രാജാവ് 15 ആം നൂറ്റാണ്ടില്‍ നിര്‍മിച്ച സ്റ്റോണ്‍ ബ്രിഡ്ജിലൂടെ അക്കരേക്ക് നടന്നു. സിറ്റി ഓഫ് ഹണ്‍ഡ്രഡ് ബ്രിഡ്ജ് എന്ന് കൂടെ വിളിക്കുന്ന പ്രാഗില്‍ 1841 വരെ ഈ ഒരു ബ്രിഡ്ജ് മാത്രമേ ഉണ്ടായിരുന്നുള്ളു വിള്‍ട്ടാവ നദി മുറിച്ചു കടക്കാന്‍. ബ്രിഡ്ജിന്റെ കമ്പികളില്‍ ഉള്ള പൂട്ട് ആളുകള്‍ നിത്യഹരിത സ്‌നേഹത്തിന്റെ ചിഹ്നം ആയിട്ട് കൊളുത്തുന്നതാണ്. പാലത്തിലെ പാതക്കരികില്‍ ചിത്രം വരക്കലും വാദ്യോപകരണങ്ങള്‍ വായിക്കലും മറ്റുമൊക്കെ നടക്കുന്നുണ്ട്. മറുകരയില്‍ ഉള്ള ചര്‍ച്ച് കണ്ടിട്ട് പെര്‍ട്ടിന്‍ ഹില്ലിലേക്ക് പോയി. പെര്‍ട്ടിന്‍ ടവര്‍ കേബിള്‍കാര്‍ നിര്‍ത്തി വച്ചിരുന്നതിനാല്‍ അങ്ങോട്ട് പോകാതെ അവിടെയുള്ള ഗാര്‍ഡനില്‍ വസന്തകാലം ആയതിനാല്‍ വിരിഞ്ഞ പൂക്കള്‍ (Cherry blososm)കണ്ടു. തിരികെ ട്രാമില്‍ പ്രാഗ് കാസില്‍(Castle)നോക്കി സഞ്ചാരം തുടര്‍ന്നു. വഴിയില്‍ സൈനികരുടെ ഓര്മക്കായി നിര്‍മിച്ച ചിറകുള്ള സിംഹത്തിനെ കാണാം. 

sanchari

sanchari

sanchari

മെട്രോസ്റ്റേഷനില്‍ നിന്നു കുറച്ചു നടന്നും പടവുകള്‍ കയറിയും പ്രാഗ് കാസില്‍ കവാടത്തില്‍ എത്തിയപ്പോള്‍ 'City of hundred spires' എന്നറിയപ്പെടുന്ന 100 ല്‍ കൂടുതല്‍ മിനാരങ്ങള്‍ ഉള്ള നഗരത്തിന്റെ അതിമനോഹരമായ വ്യൂ ദൃശ്യമായി. വളരെയധികം സംരക്ഷണം ഉണ്ടായിരുന്ന അവിടെ ബാഗ് പരിശോധിച്ച ശേഷം അകത്തേക്ക് വിട്ടു. 9 ആം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ കാസില്‍ ഗിന്നസ്ബുക്കില്‍ ഏറ്റവും വലിയ പഴയകാല കാസില്‍ എന്ന രീതിയില്‍ ഇടം പിടിച്ചിരിക്കുന്നു. വിസ്മയിപ്പിക്കുന്ന കാസിലിനു പുറകില്‍ പൂന്ദോട്ടവും ഉണ്ട്. അവിടെ നിന്ന് നേരം ഇരുട്ടിയപ്പോള്‍ ഇറങ്ങി ബുക്ക് ചെയ്ത ചെറിയ ഹോസ്റ്റലിലേക്ക് പോയി. പ്രായം ചെന്ന ചെക്ക്കാരനോട് ഇംഗ്ലീഷില്‍ ചോദിച്ചത് മനസിലായില്ലെങ്കിലും കക്ഷി ചെക്ക് ഭാഷയില്‍ വേറെ ഒരാളോട് ചോദിച്ചും ഫോണ്‍ വിളിച്ചും ഹോസ്റ്റലില്‍ എത്തിച്ചു. അദ്ദേഹത്തോട് അവരുടെ ഭാഷയില്‍ നന്ദി പറഞ്ഞു റൂമില്‍ കയറി. രാവിലെ 5 മണിക്കുള്ള മെട്രോ പിടിച്ചു, 0710 നുള്ള ഫ്‌ലൈറ്റില്‍ ആംസ്റ്റര്‍ഡാം പോകാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ക്രെഡിറ്റ് കാര്‍ഡില്‍ എയര്‍പോര്‍ട്ട് ലോജ്ജ് ഫ്രീ ആയതുകൊണ്ട് നല്ല രീതിയില്‍ ബ്രേക്ഫാസ്‌റ് കഴിച്ചു കുറച്ചു ഫുഡ് ബാഗിലും ആക്കി ഹോളണ്ടിലെ (Holland) ആംസ്റ്റര്‍ഡാമിലേക്ക് യാത്ര തുടര്‍ന്നു. 

Exp: Pass - 110 Czk, Hostel - 270 Czk, Flight - 1000 Czk. (1 Czk = 2.9 Inr)

ആംസ്റ്റര്‍ഡാം (Amsterdam, Netherlands)

ഷിഫോള്‍ (Schiphol) എയര്‍പോര്‍ട്ടില്‍ നിന്ന് one day multi pass + keukenhof ടിക്കറ്റ് എടുത്തു ക്യുകനോഫ് തുലിപ് ഗാര്‍ഡനില്‍ എത്തി സൗജന്യലോക്കറില്‍ ബാഗൊക്കെ വെച്ച് അകത്തു പ്രവേശിച്ചു. മാര്‍ച്ച് പകുതി മുതല്‍ മെയ് പകുതി വരെയുള്ള തുലിപ് സീസണില്‍ മാത്രം തുറക്കുന്ന, 79 ഏക്കറില്‍ ഉള്ള ഈ ഗാര്‍ഡനില്‍ ഏഴ് ദശലക്ഷത്തോളം പൂക്കള്‍ വസന്തകാലത്തില്‍ വിരിയിക്കുന്നു. നൂറോളം കമ്പനികളും അഞ്ഞൂറോളം കര്‍ഷകരും വിവിധ ഇനത്തില്‍പ്പെട്ട പൂക്കളെ ഇരുപതോളം വരുന്ന ഫ്‌ലവര്‍ ഷോകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഗാര്‍ഡന് പുറത്തായാണ് തുലിപ് പടങ്ങള്‍. വിശാലമായ നടപ്പാതയുടെ ഇരുവശത്തുമായി വ്യത്യസ്ത ഇനത്തില്‍ പെട്ട തുലിപ് ചെടികളില്‍ വിവിധ വര്‍ണങ്ങളിലുള്ള പൂക്കളും, വസന്തകാല പൂക്കളും (Cherry blososm), തടാകങ്ങളും മറ്റും കണ്ടശേഷം സെന്‍ട്രല്‍ ഏരിയയിലേക്ക് ബസ് കയറി. ബൈസിക്കിളുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരവും ബൈസിക്കിള്‍ സംസ്‌കാരത്തിന്റെ ഉറവിടവുമായ ഇവിടെ സൈക്കിള്‍ പാതയും പാര്‍ക്കിംഗ് സൗകര്യവും ഗാരേജുകളും ഉണ്ട്. നിരപ്പായ സ്ഥലമായതിനാലും കാര്‍ യാത്ര ദുഷ്‌കരമായതിനാലും കോട്ടും സ്യുട്ടുമൊക്കെ ഇട്ട് സൈക്കിളിലാണ് കൂടുതലാളുകളുടെയും യാത്ര.

sanchari

sanchari

sanchari

sanchari

sanchari

ചരിത്രത്തിനും കലക്കും പ്രാധാന്യമുള്ള റിജിക് (Rijks) മ്യൂസിയവും വിന്‍സെന്റ് വാന്‍ഗോയുടെ ചിത്രകലക്ക് പ്രാധാന്യമുള്ള വാന്‍ഗൊ (Van Gogh) മ്യൂസിയവും നവീന കലക്ക് പ്രാധാന്യമുള്ള സ്റ്റെഡ്ലീക് (stedelijk) മ്യൂസിയവും ഉള്ള മ്യൂസിയം സ്‌ക്വയറിലാണ് ബസ് ഇറങ്ങിയത്. അവിടെയുള്ള 'I AMSTERDAM' ചിഹ്നവും മറ്റുമൊക്ക കണ്ടശേഷം മെട്രോയില്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോയി. സെന്‍ട്രലില്‍ ഇറങ്ങി നടക്കുമ്പോള്‍ കണ്ട ലോകത്തിലെ ആദ്യത്തെ സെക്‌സ് മ്യൂസിയത്തില്‍ കയറി കറങ്ങിയ ശേഷം ട്രാമില്‍ ഡാം സ്‌ക്വയറില്‍ എത്തി. അവിടെയാണ് റോയല്‍ പാലസും ന്യൂ ചര്‍ച്ചും (new Kerk) ഉള്ളത്. പാലസിന് മുന്നിലുള്ള മൈതാനത്തു സൈക്കിളില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചു നില്‍ക്കുന്ന പ്രതിഷേധക്കാരെ കണ്ടു. വ്യഭിചാരം, മയക്കുമരുന്ന്, അബോര്‍ഷന്‍ തുടങ്ങിയവയെല്ലാം അനുവദനീയമായ ഇവിടെ ജയില്പുള്ളികള്‍ കുറവാണ്. അടുത്തുതന്നെയുള്ള 'Heineken Experience' ചെയ്തു കഴിഞ്ഞ് സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരികെ വന്ന് സൈക്കിള്‍ യാത്രക്കാരെയടക്കം മറുകരയില്‍ എത്തിക്കുന്ന ഫെറിയിലെ യാത്ര ആസ്വദിച്ചു. 

800 വര്‍ഷം പഴക്കമുള്ള ആംസ്റ്റര്‍ഡാമിലെ ഏറ്റവും പഴയ കെട്ടിടമായ ഓള്‍ഡ് ചര്‍ച്ചിലാണ് (Old Kerk) പിന്നീട് എത്തിയത്. അതിനോട് ചേര്‍ന്നാണ് 'റെഡ് ലൈറ്റ് ഡിസ്ട്രിക്ട് '. റൂമിനോട് ചേര്‍ന്നുള്ള കണ്ണാടിക്കൂടുകളിലെ ചുവന്ന വെട്ടത്തിലും, ബാല്‍ക്കണിയിലുമൊക്കെയായി ശരീരഭാഗങ്ങള്‍ കാട്ടി മാടി വിളിക്കുന്ന നിശാസുരഭികളെയും, സെക്‌സ് പ്രദര്‍ശനങ്ങള്‍ നടക്കുന്ന ബാറുകളെയും കൊണ്ട് രാത്രികളെ ഊര്‍ജ്ജസ്വലമാക്കുന്ന ആ തെരുവില്‍ ഉലാത്തിയ ശേഷം രാത്രി ചാര്‍ജിങ്ങ്, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉള്ള ഫ്‌ലിക്‌സ് ബസില്‍ ഫ്രാന്‍സിലെ പാരിസിലേക്ക് യാത്ര തുടര്‍ന്നു. 

Exp; Pass - 13 euro, garden - 16 euro, Musium - 5 euro, Bus - 15 euro. (1 Euro = 75 Inr)

പാരീസ് ( Paris, France )

ഏഴ് മണിക്കൂര്‍ ബസ് യാത്ര ചെയ്ത് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ ബാര്‍സ സ്റ്റേഷനില്‍ ആണ് എത്തിയത്. അടുത്തുള്ള പള്ളിയില്‍ നിന്ന് ഫ്രഷ് ആയി നമസ്‌കാരമൊക്കെ കഴിഞ്ഞു മെട്രോസ്റ്റേഷനില്‍ നിന്ന് ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് എടുത്ത് നേരെ സാക്കര്‍ കൂറിലേക്ക് (Sacre Coeur )വിട്ടു. റോമന്‍ കത്തോലിക് ചര്‍ച്ചായ, പാരിസ് നഗരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്തുള്ള ചര്‍ച്ചിലേക്ക് 300 ഓളം പടവുകള്‍ ഉണ്ടെങ്കിലും കുത്തനെയുള്ള ഫണ്ണികുലാര്‍ റയിലില്‍ കയ്യിലുള്ള പാസ് ഉപയോഗിച്ച് മുകളില്‍ എത്തി. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പ് ചിത്രീകരിച്ച വലിയ മൊസയ്ക്കും (Apse Mosaik ), 19 ടണ്‍ ഭാരമുള്ള പള്ളിമണിയും പ്രത്യേകതയായുള്ള ഇവിടെ നിന്നാല്‍ നഗരഭംഗിയും ദൃശ്യമാകും. ഒട്ടേറെ മ്യൂസിയമുകള്‍ ഉള്ള യൂറോപ്പില്‍ ഞങ്ങള്‍ കയറിയത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിസിറ്റ് ചെയ്തിട്ടുള്ള ലോകത്തിലേറ്റവും വലുതും ചരിത്രസ്മാരകവുമായ ലൗര്‍ (Loure) മ്യൂസിയത്തില്‍ മാത്രമാണ്.

sanchari

sanchari 

12 ആം നൂറ്റാണ്ടിലെ ലൗര്‍ പാലസിനോട് ചേര്‍ന്നുള്ള മ്യൂസിയത്തില്‍ ഗാലറികളെ ഈജിപ്ത്യന്‍, റോമന്‍, ഗ്രീക്ക് തുടങ്ങിയ വിഭാഗങ്ങളിലായി വേര്‍തിരിച്ചിരിക്കുന്നു. അതില്‍ ലോകപ്രശസ്ത പെയിന്റിങ്ങായ, 16 ആം നൂറ്റാണ്ടില്‍ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച ലോകപ്രശസ്ത എണ്ണഛായ ചിത്രമായ മൊണാലിസയും (Mona Lisa) 100 BC യിലെ ഗ്രീക്ക് ദേവതയുടെ പ്രതിമയും (Venus De Milo) ആണ് സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. അവിടെ നിന്നും യൂറോപ്പിലെ നവീന കലയുടെ വലിയ മ്യൂസിയമായ പോംപിടുവിന്റെ (Pompidou) പൈപ്പുകള്‍ പുറമെ കാണുന്ന നിര്‍മിതി കണ്ട ശേഷം നൂറ് വര്‍ഷത്തോളം പഴക്കമുള്ള ഗ്രാന്‍ഡ് മോസ്‌കില്‍ ജുമാ നമസ്‌കാരത്തിനായി പോയി. പിന്നീട് അടുത്തുള്ള ലക്‌സമ്പര്‍ഗ്(Luxembourg) പാലസിനോട് ചേര്‍ന്നുള്ള ലക്‌സമ്പര്‍ഗ് ഗാര്‍ഡനില്‍ വിശ്രമിച്ച ശേഷം മറ്റൊരു കത്തോലിക് ചര്‍ച്ചായ നോട്രഡാമില്‍ (Notre Dame) എത്തി. 

ഫ്രഞ്ച് കരവിരുത്തില്‍ നിര്‍മിച്ച ഈ വലിയ പള്ളി വളരെ പ്രശസ്തമാണ്. ലോകപ്രശസ്തമായ ഈഫല്‍ (Eiffel) ടവറിലാണ് പിന്നീട് നമ്മള്‍ എത്തിയത്. 1889 ല്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ച 324 മീറ്റര്‍ പൊക്കമുള്ള ടവര്‍ 40 കൊല്ലത്തോളം ലോകത്തിലേറ്റവും വലുതായിരുന്നു. 2015-16 ലെ തീവ്രവാദി ആക്രമങ്ങളെത്തുടര്‍ന്നു സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നല്ല തിരക്കുണ്ടായിരുന്ന ഈഫെല്‍ ടവറിന്റെ മുകളിലെ ഒബ്‌സെര്‍വഷന്‍ ഡെസ്‌കില്‍ നിന്നും നഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. രാത്രി 8 മണിക്ക് ആരംഭിച്ച ലൈറ്റ് ഷോയില്‍ മിന്നിത്തിളങ്ങിയ ഈഫെല്‍ ടവറിനെ കണ്‍കുളിര്‍ക്കെ കണ്ട ശേഷം ആഡംബര ഷോപ്പിംഗ് തെരുവായ ചാംപ്‌സ് എലിസീസിനു (Champs Elysees) അടുത്തുള്ള പോര്‍ട്ട് മല്ല്യോട്ടില്‍ നിന്നും സ്വിറ്റസര്‍ലണ്ടിലെ സൂറിച്ചിലേക്ക് ബസ് കയറി. 

Exp; pass - 11. 65 euro, Musium - 15 euro, Eiffel - 17 euro, Bus - 25 euro

സൂറിക് (Zurich, switzerland)

ബസില്‍ 10 മണിക്കൂര്‍ യാത്ര ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ നഗരമായ സൂരികില്‍ എത്തി. അവിടെയും ഒണ്‍ഡേ 9o'clock പാസ് എടുത്ത് നഗരത്തിന്റെ നെറുകയില്‍ ഉള്ള യൂട്ടലിബെര്‍ഗ് (Uetliberg) മലമുകളില്‍ നിന്നും നഗരത്തിന്റെയും നദികളുടെയും വിശാലമായ ദൃശ്യം വീക്ഷിച്ചു. മൂടല്‍ മഞ്ഞ് മാറുമ്പോള്‍ ദൂരെയായി മഞ്ഞില്‍ കുളിച്ച ആല്‍പ്‌സ് പര്‍വ്വതനിരകള്‍ കാണാമായിരുന്നു. അവിടെ നിന്നും തിരിച്ചിറങ്ങി നഗരമധ്യത്തില്‍ ലിമ്മത് നദിക്കരയിലായുള്ള ലിന്‍ഡോഫ്(Lindenhof) പാര്‍കില്‍ കുറച്ചു നേരം വിശ്രമിച്ച ശേഷം ബുക്ക് ചെയ്തിട്ടുണ്ടായിരുന്ന ഗസ്റ്റ് ഹൌസിലേക്ക് തിരിച്ചു. ഒരു ഇറ്റലിക്കാരന്റെ സഹായത്തോടെ റൂം കണ്ടുപിടിച്ചു സ്വന്തമായി ചെക്ക് ഇന്‍ ചെയ്യേണ്ടി വന്നു. പിന്നീട് ട്രെയിനില്‍ യുറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ റൈന്‍ ഫാളിലേക്ക്(Rhein fall) പുറപ്പെട്ടു. ഒരു മണിക്കൂര്‍ യാത്രയിലുടനീളം വളരെ ഭംഗിയുള്ള കാഴ്ചകള്‍ കാണാന്‍ സാധിച്ചു.

sanchari

sanchari

sanchari 

sanchari

sanchari

വെള്ളച്ചാട്ടത്തിനു മധ്യത്തിലുള്ള പാറയിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത്, പടവുകളിലൂടെ മുകളിലെത്തി പാല്‍ പോലുള്ള വെള്ളച്ചാട്ടത്തിന്റെ ഭംഗി ആവോളം ആസ്വദിച്ചു. മാറുകരയിലേക്ക് നടന്ന് ചുറ്റുപാടും വ്യൂ പോയിന്റുകളും കണ്ട ശേഷം തിരികെ റൂമിലെത്തി. പിറ്റേന്ന് രാവിലെ തന്നെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തി ഐസ് കാണാന്‍ എവിടെ പോകണം എന്ന് തിരക്കി. തൊട്ടടുത്തുള്ള ബസ് സ്റ്റേഷനില്‍ നിന്നും, ഐസ് പാലസ് ഉള്ള Jungfraujoch യും റെക്കോര്‍ഡ് ഉയരത്തില്‍ കുത്തനെ കയറുന്ന ട്രെയിന്‍ ഉള്ള Pilatus ഉം നയന മനോഹരമായ Rigi ഉം ഒഴിവാക്കി Titlis ടൂര്‍ പാക്കേജ് ബുക്ക് ചെയ്തു. രാവിലെ തുടങ്ങിയ ടൂര്‍ ആദ്യം പോയത് ആല്‍ബിസ് എന്ന മനോഹരമായ മലമ്പാതയിലൂടെയാണ് ആഭൂപ്രദേശത്ത് (Cantons) സ്വിസ് ആള്‍ക്കാരുടെ ഭംഗിയുള്ള വീടുകള്‍ കാണാം. പിന്നീട് എത്തിയത് അടുത്ത നഗരമായ ലൂസേണില്‍ (Lucern) ആണ്. 

1792 ലെ ഫ്രഞ്ച് വിപ്ലവസമയത്ത് ഫ്രഞ്ച് രാജകുടുംബത്തെ രക്ഷിച്ചപ്പോള്‍ മരണമടഞ്ഞ സ്വിസ് സൈനികരുടെ ഓര്‍മക്കായി തടാകത്തിനു മുകളില്‍ പാറയില്‍ കൊത്തിയ സിംഹത്തിനെയും(Dying Lion) ലൂസേണ്‍ നദിയെയും കണ്ടുകഴിഞ്ഞു ഓള്‍ഡ് ടൗണില്‍ എത്തി. 14 ആം നൂറ്റാണ്ടില്‍ തടിയില്‍ തീര്‍ത്ത ചാപ്പല്‍ ബ്രിഡ്ജിലൂടെ നടന്നു മറുകര എത്തി വ്യാപാരസമുച്ചയങ്ങളും ക്ലോക്ക് മ്യൂസിയവും കണ്ടശേഷം എന്‍ഗേല്‍ബെര്‍ഗിലെ ടൈറ്റിലിസ് മലയില്‍ എത്തി. താഴെ നിന്ന് മഞ്ഞ് മൂടിയ മലനിരകള്‍ക്ക് മുകളിലൂടെ പോകുന്ന കേബിള്‍ കാറിന്റെ ആദ്യസ്റ്റോപ്പ് സൗജന്യമായി പ്രവേശിക്കാവുന്ന ഗ്ലേസിയര്‍ പാര്‍ക്ക് ആണ്. വിശാലമായ ദൃശ്യം തരുന്ന കറങ്ങുന്ന കേബിള്‍ കാറില്‍(Rotair) നെറുകയില്‍ എത്തി. നല്ല കാറ്റ് ഉണ്ടായിരുന്നതിനാല്‍ ഐസ് ഫ്‌ലയര്‍ നിര്‍ത്തി വെച്ചിരുന്നു എങ്കിലും ആടിയുലയുന്ന പാലത്തിലൂടെ(Cliff walk) നടന്ന് അവിടെയുള്ള ദൃശ്യഭംഗി ആസ്വദിച്ചു ഐസില്‍ കളിച്ചു നടന്നു. DDLJ ഷൂട്ട് ചെയ്ത ലൊക്കേഷന്‍ ആയതു കൊണ്ട് ചിത്രത്തിന്റെ ഫ്‌ലക്‌സ് അവിടെ ഉണ്ട്. തണുത്തുറഞ്ഞ ഐസ് ഗുഹയിലൂടെ(Glacier Cave) നടന്നു കഴിഞ്ഞ് കുറെ നേരം അവിടെ ചിലവഴിച്ചശേഷം തിരികെ മടങ്ങി. മെട്രോയില്‍ സൂറിക് എയര്‍പോര്‍ട്ടില്‍ എത്തി രാത്രി ഫ്‌ലൈറ്റില്‍ ദുബൈക്ക് പുറപ്പെട്ടു. 

Exp; Pass - 26 Chf, Boat - 15 Chf, Tour - 160 Chf, Room - 210 Aed(for 2) (1 Chf = 65. 45 Inr)(1 Dh = 17. 4 Rs)

യൂറോപ്പിലേക്കുള്ള ആദ്യയാത്രയുടെ ആകാംക്ഷയും, മാതൃഭാഷ ഉപയോഗിക്കുന്നവരുടെ ഇടയിലെ ചെറിയ ബുദ്ധിമുട്ടുകളും, കബളിപ്പിക്കപ്പെടലുകളും, രസകരങ്ങളായ അനുഭവങ്ങളും അടക്കം ഓര്‍ത്തിരിക്കാന്‍ ഏറെ സന്തോഷനിമിഷങ്ങള്‍ സമ്മാനിച്ചതായിരുന്നു ഈ യാത്ര. ബസും ഫ്‌ലൈറ്റുമെല്ലാം മുന്‍പേ ബുക്ക് ചെയ്തിരുന്നതിനാല്‍ സമയത്ത് എത്തുമോ എന്നുള്ള ഉത്കണ്ഠ ഉണ്ടായിരുന്നു. ആതിഥേയരും പല വിധത്തില്‍ സഹായിക്കാന്‍ സന്മനസ് കാട്ടി. ദുബായ് പ്രവാസത്തില്‍ അവധിയായി കിട്ടിയ 10 ദിവസത്തെ യാത്ര ഇവിടെ തീരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി ദുബായില്‍ കാത്തിരിക്കുന്ന മറ്റു രണ്ടു കൂട്ടുകാര്‍ക്കൊപ്പം തായ്ലന്‍ഡിലെ ഫുക്കറ്റിലും, ജപ്പാനിലെ ടോക്കിയോയിലും പോകണം....