| Mathrubhumi - Sanchari POST OF THE WEEK |

Willkommen im Berliner Flughafen (Welcome to Berlin Airport) എന്ന പൈലറ്റിന്റെ ഘനഗാംഭീര്യമായ ശബ്ദം കേട്ടാണ് ചെറിയ മയക്കത്തിലായിരുന്ന ഞാന്‍ എഴുന്നേറ്റത്. പതിയെ കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കി. അതെ, ഇത് സ്വപ്നമല്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള യൂറോപ്പ് എന്ന സ്വപ്നം ഇതാ യാഥാര്‍ഥ്യമാവുന്നു. വാച്ചില്‍ നേരത്തേ ടൈം സോണ്‍ മാറ്റിയിരുന്നു. സമയം രാവിലെ 10 മണി. രാത്രി 12.10ന് മസ്‌ക്കറ്റില്‍ നിന്ന് കയറി ദുബായിയും സ്വിറ്റ്‌സര്‍ലന്‍ഡും കടന്ന് ജര്‍മ്മനിയിലെ ബെര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ ഇതാ സുരക്ഷിതമായി പറന്നിറങ്ങിയിരിക്കുന്നു. മുന്നോറോളം യാത്രക്കാരുമായി സ്വിസ്സ് എയറിന്റെ എയര്‍ബസ്സ് 330 എന്ന കൂറ്റന്‍ യാത്രാവിമാനമായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്ക് വരെ. ഒന്നര മണിക്കൂര്‍ ട്രാന്‍സിറ്റിന് ശേഷം അടുത്ത ഫ്‌ലൈറ്റ് ബെര്‍ലിനിലേക്ക്. ട്രാന്‍സിറ്റും സമയവ്യത്യാസവും ഉള്‍പ്പടെ 12 മണിക്കൂറോളം നീണ്ട യാത്ര. ഇത്രയും നീണ്ട വിമാനയാത്ര ആദ്യമാണെങ്കിലും മനസ്സിന്റെ ആകുലതകളും ശരീരത്തിന്റെ ക്ഷീണവും എല്ലാം യൂറോപ്പ് എന്ന സത്യത്തിന് മുന്‍പില്‍ ഒരു നീര്‍ക്കുമിള പോലെ അലിഞ്ഞില്ലാതായി.

Berlin Germany

അടുത്തിരുന്ന സായിപ്പിനോടും വിശന്നപ്പോള്‍ ഭക്ഷണവും ദാഹിച്ചപ്പോള്‍ വൈനും തന്ന സ്വിസ്സ് സുന്ദരിമാരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങി. ഇറങ്ങേണ്ട താമസം മേലാസകലം തണുപ്പ് അരിച്ചുകയറി. നീണ്ട യാത്രയായതിനാല്‍ ഒരു ചെരുപ്പ് മാത്രമേ ഇട്ടിരുന്നുള്ളൂ. വാങ്ങിയ ജാക്കറ്റ് ബാഗിലുമാണ്. ഇതൊന്നും നമ്മളെ ബാധിക്കില്ലല്ലോ. ബാധിക്കാന്‍ പാടില്ലല്ലോ. എയര്‍പോര്‍ട്ടിലെ കാഴ്ച്ചകളൊക്കെ കണ്ട് പതിയെ മുന്നോട്ടു നീങ്ങി. അധികം താമസിക്കാതെ തന്നെ ബാഗേജ് എത്തി. ആവശ്യത്തിനുള്ള യൂറോ നേരത്തേ എക്‌സ്‌ചേഞ്ച് ചെയ്ത് വെച്ചിരുന്നതുകൊണ്ട് നേരെ പുറത്തേക്ക് നടന്നു. വാതില്‍ കടന്നപ്പോള്‍ പണി ശരിക്കും പാളി. അസാധ്യ തണുപ്പ്. തണുത്തു വിറക്കാന്‍ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. ജാഡയൊക്കെ മാറ്റിവെച്ച് ബാഗില്‍ നിന്ന് ജാക്കറ്റും ഗ്ലൗസും എടുത്തിട്ടപ്പോള്‍ ചെറിയൊരു സമാധാനം കിട്ടി.

Berlin Germany

ടാക്‌സി കാത്തുനിന്ന എന്റെ മുന്‍പിലേക്ക് ചെറിയ മുരള്‍ച്ചയോടെ ഒരു ആഢ്യന്‍ വന്നുനിന്നു. അതെ, സാക്ഷാല്‍ മെഴ്സിഡീസ് ബെന്‍സ്. ഒരു പുതുപുത്തന്‍ E ക്ലാസ്സ്. ഡ്രൈവര്‍ ഇറങ്ങിവന്ന് ബാഗ് എടുത്തു ഡിക്കിയില്‍ വെച്ചു. കര്‍ത്താവേ, ആദ്യമായാണ് ബെന്‍സില്‍ കയറാന്‍ പോകുന്നത്. ഉള്ള യൂറോ ഇന്നുതന്നെ തീരുമോ? ഏതായാലും ചുറ്റും നോക്കിയപ്പോ പെട്ടന്നുണ്ടായ ആ അങ്കലാപ്പ് അങ്ങ് മാറി. ഒട്ടുമിക്ക എല്ലാ ടാക്സികളും ബെന്‍സ് തന്നെ. കയറി സീറ്റ് ബെല്‍റ്റ് ബക്കിള്‍ ചെയ്ത് പുറത്തേക്ക് നോക്കിയപ്പോ ചെറിയൊരു ഗമയൊക്കെ വന്നു (മല്ലു ഡാ).

ഹോട്ടല്‍ അഡ്രസ്സ് ഡ്രൈവറെ കാണിച്ചു ബോധ്യപ്പെടുത്തി. Invalidenstrasse - അതാണ് പോകേണ്ട സ്ഥലം. മീറ്റര്‍ ഓണ്‍ ചെയ്ത് ഡ്രൈവര്‍ വണ്ടിയെടുത്തു. ഹീറ്റര്‍ ഓണ്‍ ചെയ്തിരുന്നതുകൊണ്ട് നല്ല സുഖം. മിഡില്‍ ഈസ്റ്റിലേത് പോലെ തന്നെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആണ്. ആശാന്‍ പതിയെ, പ്രൗഢിയോടെ മനോഹരമായ ബെര്‍ലിന്‍ നിരത്തുകളിലൂടെ മുന്നോട്ടുനീങ്ങി. സത്യം പറഞ്ഞാല്‍ ആനപ്പുറത്ത് കയറിയ ഒരു പ്രതീതി. വാഹനങ്ങള്‍ നന്നേ കുറവ്. മികച്ച, വൃത്തിയുള്ള വഴികള്‍. ചിട്ടയോടെയുള്ള ഡ്രൈവിംഗ്. ആ തണുപ്പിലും സൈക്കിള്‍ യാത്രക്കാര്‍ ഒരുപാടുണ്ട്. അപ്പോഴാണ് സൈക്കിളുകള്‍ക്ക് വഴികളില്‍ പ്രത്യേക ലെയിന്‍ ഉള്ള കാര്യം ശ്രദ്ധിച്ചത്. കൂടാതെ ട്രാം ട്രക്കുകളും ശ്രദ്ധയില്‍പ്പെട്ടു. റോഡ് ട്രെയിന്‍ (ട്രാം) ആദ്യമായാണ് നേരിട്ടുകാണുന്നത്. വൈദ്യുതിയാണ് ഇന്ധനം. കാഴ്ച്ചകളൊക്കെ കണ്ട് സമയം പോയതറിഞ്ഞില്ല. ഏകദേശം അര മണിക്കൂര്‍ ഡ്രൈവിനൊടുവില്‍ ഹോട്ടലിലെത്തി. ഭാഗ്യത്തിന് എത്തിയപാടേ മുറി കിട്ടി. അതും തെരുവിലേക്ക് കാഴ്ച്ചയുള്ളതുതന്നെ. ഹോട്ടലിന് തൊട്ടുമുന്പില്‍ തന്നെ ട്രാം സ്റ്റോപ്പും ഉണ്ട്.

Berlin Germany

സാധനങ്ങളൊക്കെ വെച്ച് പെട്ടന്ന് ഫ്രഷ് ആയി പുറത്തിറങ്ങി. ആദ്യം തന്നെ പോയത് തൊട്ടടുത്തുള്ള വോഡഫോണ്‍ ഷോപ്പിലേക്കാണ്. സാധാരണ ലോക്കല്‍ സിം കാര്‍ഡുകള്‍ എയര്‍പോര്‍ട്ടില്‍ ലഭ്യമാണെങ്കിലും എന്തോ ബെര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. വൈകാതെ ഇനിയും വരണം എന്നുള്ളതുകൊണ്ട് 6 മാസം വാലിഡിറ്റിയും 10 യൂറോ ടോക്ക് ടൈമും 1 ജിബി ഡാറ്റയും ഉള്ള ഒരു പാക്കേജ് സെലക്ട് ചെയ്തു - 30 യൂറോ. ഈ കാര്‍ഡ് യൂറോപ്പില്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാം. ഓണ്‍ലൈന്‍ റീച്ചാര്‍ജ് ഓപ്ഷനും ഉണ്ട്. കാര്‍ഡ് ആക്ടിവേറ്റ് ആയപ്പോഴേക്കും വിശപ്പിനുള്ള വിളിവന്നു. ഷോപ്പിന് പുറത്തിറങ്ങി ചുറ്റും നോക്കി. പരിചയമുള്ള ഒരു പേര് കണ്ടപ്പോള്‍ അങ്ങോട്ട് നടന്നു - Subway. ഒരു സാന്‍ഡ്വിച്ചും ഒരു ഗ്ലാസ്സ് കോളയും ഒരു ചെറിയ ബോട്ടില്‍ വെള്ളവും - 9 യൂറോ. അടിപൊളി. വയറൊട്ട് നിറഞ്ഞതുമില്ല കാശാണെങ്കില്‍ എമ്പിടി പോവുകയും ചെയ്തു.

Berlin Germany

ടാക്‌സി ഡ്രൈവര്‍ തന്ന ചെറിയ ഐഡിയ വെച്ച് നേരെ തൊട്ടടുത്തുള്ള നാച്ചുറല്‍ മ്യൂസിയത്തിലേക്ക് (Naturkund Museum) നടന്നു. നൂറ്റാണ്ടുകള്‍ പഴക്കം തോന്നിക്കുന്ന ആ കൂറ്റന്‍ കെട്ടിടം കണ്ടുമറന്ന ഏതോ ഹോളിവുഡ് ഹൊറര്‍ ചിത്രത്തെ ഓര്‍മ്മിപ്പിച്ചു. 1810 ലാണ് ഈ മ്യൂസിയം സ്ഥാപിതമായത്. ടിക്കറ്റെടുത്ത് അകത്തുകയറി (8 Euro). Dinosaur Museum എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് എന്തുകൊണ്ടാണെന്ന് കയറിയപാടേ മനസ്സിലായി. ലോകത്തെ ഏറ്റവും ഉയരമുള്ള ഡൈനോസര്‍ അസ്ഥികൂടം ഇവിടെയാണ് മൗണ്ട് ചെയ്ത് സൂക്ഷിച്ചിരിക്കുന്നത് (Guiness World Record 2007). ഈ അസ്ഥികൂടത്തിന് 150 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ട്.

Berlin Germany

കൂടാതെ ആദ്യത്തെ പക്ഷി എന്ന് കരുതപ്പെടുന്ന Archaeopteryx ഉം ഇവിടെ മാത്രമേ കാണാനാവൂ. ആകെ 8 മ്യൂസിയങ്ങള്‍ ഇതിനുള്ളിലുണ്ട്. ലോകത്ത് ജീവിച്ചിരുന്ന ഒട്ടുമിക്ക എല്ലാ ജീവജാലങ്ങളുടേയും ഓരോ സ്പെസിമെന്‍ ഇവിടെ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഏതാണ്ട് 30 മില്യണ്‍ സ്‌പെസിമെന്‍സ്. ജര്‍മ്മനിയിലെ ഏറ്റവും വലിയ മ്യൂസിയമാണ് ഇത്. രണ്ട് വയസ്സുകാണും, ഒരു കൊച്ചുമിടുക്കന്‍ സ്റ്റഫ് ചെയ്ത് വെച്ചിരിക്കുന്ന ഈ മൃഗങ്ങളേയും പക്ഷികളേയും ഒക്കെ കണ്ട് ആവേശം അടക്കാനാവാതെ തുള്ളിച്ചാടുന്നുണ്ടായിരുന്നു. തെറ്റ് പറയാന്‍ പറ്റില്ല, ഓരോന്നിനും ശരിക്കും ജീവനുള്ളതുപോലെ തോന്നും. കൂടാതെ സോളാര്‍ സിസ്റ്റം എന്ന വിസ്മയം വളരെ ലളിതമായി പറഞ്ഞുമനസ്സിലാക്കിത്തരുന്ന ഒരു വീഡിയോയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. രണ്ടു മണിക്കൂറോളം എടുത്തു മ്യൂസിയം മുഴുവന്‍ നടന്നു കാണാന്‍.

Berlin Germany

Berlin Germany

വീണ്ടും തണുപ്പിലേക്ക്. ഗൂഗിള്‍ മാപ്പ് ഓണ്‍ ചെയ്ത് Reichtag Building ലക്ഷ്യമാക്കി നടന്നു. നൂറ്റാണ്ടുകള്‍ പഴക്കം തോന്നിക്കുന്ന കെട്ടിടങ്ങള്‍, ചുവരെഴുത്തുകള്‍, ചെറുതെങ്കിലും ഭംഗിയുള്ള വീടുകള്‍, ചായം പൂശിയ മതിലുകള്‍, ഗ്രോസറി ഷോപ്പുകള്‍, കനാലുകളെ മുറിച്ചുകടക്കാന്‍ ചെറിയ പാലങ്ങള്‍, അതിലൂടെ ഇടതടവില്ലാതെ കടന്നു പോകുന്ന ട്രെയിനുകള്‍, അങ്ങനെ മനം കവരുന്ന പല കാഴ്ച്ചകള്‍. പതുക്കെ നടന്നു. സൈക്കിള്‍ യാത്രക്കാര്‍ ഒരുപാടുണ്ട്. ജാക്കറ്റും ഗ്ലൗസും ബൂട്ടും ഒക്കെയണിഞ്ഞ് നല്ല ഗമയിലാണ് പോക്ക്. കാല്‍നടയാത്രക്കാരും കുറവല്ല. മെയിന്‍ വഴി വിട്ട് ഒരു പാര്‍ക്കിലൂടെയായി നടപ്പ്. മണ്ണില്‍ നല്ല നനവുണ്ട്. പുല്ല് തളിര്‍ത്തുവരുന്നു. അങ്ങിങ്ങായി ഇലപൊഴിച്ചുനില്‍ക്കുന്ന ചെറുതും വലുതുമായ മരങ്ങള്‍. കൊടും ശൈത്യം പിന്നിട്ട് ശിശിരത്തിനായുള്ള കാത്തുനില്‍പ്പാണ്. മരങ്ങള്‍ക്കിടയില്‍ ആരെയോ കാത്തിരിക്കുന്ന ഭംഗിയുള്ള ഇരിപ്പിടങ്ങളുമുണ്ട്. കുറച്ചുനേരം അതിലൊന്നില്‍ ഇരുന്നു. വിശാലമായ ആ പാര്‍ക്കില്‍ വളരെ കുറച്ച് പേര്‍ മാത്രം. അങ്ങുദൂരെ ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ DB എന്ന ബോര്‍ഡ് കാണാം - Deutsch Bahn (German Railway) എന്നതിന്റെ ചുരുക്കപ്പേരാണ് DB. റെയില്‍വേ സ്റ്റേഷന് Bahnholf എന്ന് പറയും. പ്രധാന സ്‌റേഷനുളില്‍ ഒന്നായ Hauptbahnholf ഹോട്ടലിന് തൊട്ടടുത്താണ്.

Berlin Germany

വൈകാതെ ജര്‍മ്മന്‍ പാര്‍ലമെന്റ് സ്ഥിതിചെയ്യുന്ന Reichtag Building ഇല്‍ എത്തി. ഒരു പടുകൂറ്റന്‍ കെട്ടിടം. Deutscher Bundestag എന്നാണ് ഒഫീഷ്യല്‍ നാമധേയം. 1894 ഇല്‍ സ്ഥാപിതമായ ഈ ആവിഷ്‌കാരവിസ്മയം 1933 ഇല്‍ അഗ്‌നിക്കിരയാവുന്നതുവരെ പുരാതന ജര്‍മ്മന്‍ സാമ്രാജ്യത്തിന്റെ പാര്‍ലമെന്റ് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത് ഉപയോഗശൂന്യമായി കിടന്നു. പിന്നീട് 1990-ലെ ജര്‍മ്മന്‍ പുനരേകീകരണത്തിന് ശേഷം (പുനരേകീകരണം നടന്നതും ഇവിടെ വെച്ച് തന്നെ - ഒക്ടോബര്‍ മൂന്ന്, 1990) ഒന്‍പത് വര്‍ഷം നീണ്ടുനിന്ന നവീകരണം. 1999 -ല്‍ Reichtag Building വീണ്ടും ഒഫീഷ്യല്‍ ജര്‍മ്മന്‍ പാര്‍ലമെന്റ് (Modern Bundestag) ആയി മാറി.

Berlin Germany

Berlin Germany

തൊട്ടടുത്തുതന്നെയാണ് Brandenburg Gate - ജര്‍മ്മനിയുടെ ഒരു ചരിത്രപ്രധാനമായ ലാന്‍ഡ്മാര്‍ക്ക് എന്ന് തന്നെ പറയാം. Neoclassical സ്‌റ്റൈലില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ കൂറ്റന്‍ കവാടം 1791 -ലാണ് പൂര്‍ത്തിയായത്. Quadriga എന്ന റോമന്‍ തേര് തെളിക്കുന്ന വിജയത്തിന്റെ ദേവതയായ വിക്ടോറിയയെ ഗേറ്റിന് മുകളില്‍ കാണാം. ജര്‍മ്മന്‍ പുനരേകീകരണമടക്കം ഒരുപാട് ചരിത്രപരമായ സംഭവങ്ങള്‍ക്ക് സാക്ഷിയായ ഈ കവാടം ജര്‍മ്മനിയുടെ മാത്രമല്ല, യൂറോപ്പിന്റെ തന്നെ ശാന്തിയുടേയും സമാധാനത്തിന്റേയും അടയാളമായി നിലകൊള്ളുന്നു. ഗേറ്റിന് തൊട്ടടുത്താണ് ഒരുപാട് ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടിട്ടുള്ള Hotel Adlon Kempinsky ഉള്ളത് (Eg: Unknown starring Liam Neeosn). അലങ്കരിച്ച കുതിരവണ്ടികള്‍ ഗേറ്റിനുചുറ്റും Adlon -ലെ അതിഥികളുമായി സായാഹ്നസവാരി ചെയ്യുന്നുണ്ടായിരുന്നു. Starbucks -ല്‍ നിന്നും ഒരു കോഫി കുടിച്ചുകൊണ്ട് ഞാനും ആ മനോഹരമായ സായാഹ്നം ആസ്വദിച്ചു.

Berlin Germany

വൈകാതെ തിരിച്ചു ഹോട്ടലിലേക്ക് നടന്നു. യാത്രാക്ഷീണവും നടന്നതിന്റെ ക്ഷീണവും തലവേദനയായി രൂപപ്പെട്ടു. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും വാങ്ങി 8 മണിയോടെ മുറിയിലെത്തി. രാവിലെ ജോലിക്ക് പോകാനുള്ളതുകൊണ്ട് അണ്‍പാക്ക് ചെയ്ത് നല്ലൊരു കുളിയും പാസ്സാക്കി നേരത്തേ കിടന്നു. ശ്ശോ, അത് പറയാന്‍ മറന്നു. ഈ ബെര്‍ലിന്‍ യാത്ര ഒഫീഷ്യല്‍ ആണ്. വര്‍ഷംതോറും നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ എക്‌സിബിഷന്‍ ആണ് ITB Berlin (International Travel Mart - Berlin). ഈ വര്‍ഷം കമ്പനിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന രണ്ടുപേരില്‍ ഒരാളാവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഒപ്പം യൂറോപ്പില്‍ കാലുകുത്താനും ബെര്‍ലിന്‍ കാണാനുമുള്ള അവസരവും. എക്സിബിഷനില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ നാളെ മുതല്‍ ഒരാഴ്ച്ചത്തേക്ക് ബെര്‍ലിനില്‍ ഉണ്ടാവും. അതുകൊണ്ട് തിരക്കുകാണും. രാവിലെ നേരത്തേ പോകണം. കട്ടിയുള്ള പുതപ്പിന്റെ ചൂടിലേക്ക് പതിയെ നൂണ്ടുകയറി.

Berlin Germany

ഷെങ്കന്‍ വിസയെപ്പറ്റി അറിയാത്തവര്‍ക്കായി കുറച്ചുകാര്യങ്ങള്‍: യൂറോപ്പ്യന്‍ യൂണിയനിലെ ഏതു രാജ്യം സന്ദര്‍ശിക്കണമെങ്കിലും ഷെങ്കന്‍ വിസ ആവശ്യമാണ്. സ്വന്തം രാജ്യത്തെയോ പ്രവാസികളാണെങ്കില്‍ അതത് രാജ്യങ്ങളിലെ ജര്‍മ്മനി. സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ്, തുടങ്ങിയ ഏതെങ്കിലും പ്രധാന യൂറോപ്പ്യന്‍ രാജ്യങ്ങളുടെ എംബസ്സി വഴിയോ വിസ എടുക്കാവുന്നതാണ്. ഓരോ രാജ്യത്തും നടപടിക്രമങ്ങള്‍ വ്യത്യസ്തമാണെങ്കിലും പൊതുവേ വേണ്ട കാര്യങ്ങള്‍ പറയാം. സപ്പോര്‍ട്ടിങ്ങ് രേഖകളായി കുറഞ്ഞത് ആറ് മാസം വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ട്, ഏറ്റവും പുതിയ 2 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോസ്, ഫ്‌ലൈറ്റ് ബുക്കിംഗ് കോപ്പി, ഹോട്ടല്‍ ബുക്കിംഗ് കോപ്പി, കുറഞ്ഞത് 30,000 യൂറോ എങ്കിലും കവറേജുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ്, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി, ബിസിനസ്സ് ട്രാവല്‍ ആണെങ്കില്‍ പോകുന്ന രാജ്യത്തെ ഏതെങ്കിലും പാര്‍ട്ണറുടെ ഇന്‍വിറ്റേഷന്‍ ലെറ്റര്‍/പേഴ്‌സണല്‍ ട്രാവല്‍ ആണെങ്കില്‍ ആറുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, തുടങ്ങിയവയാണ് മുഖ്യമായും വേണ്ടത്.

Berlin Germany

ഫ്‌ലൈറ്റും ഹോട്ടലും ഇന്‍ഷുറന്‍സും താല്‍ക്കാലികമായി ബുക്ക് ചെയ്താല്‍ മതിയാവും. ഇത്രയും കാര്യങ്ങള്‍ ആയാല്‍ വിസക്കുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാം. ശേഷം വിസ അപ്ലിക്കേഷന്‍ അതത് എംബസ്സികളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഫില്‍ ചെയ്ത് മേല്‍പ്പറഞ്ഞ രേഖകളുമായി സമയത്ത് ഇന്റര്‍വ്യൂവിന് ഹാജരാവുക. ആപ്പ്‌ളിക്കേഷനും ഒറിജിനല്‍ പാസ്‌പോര്‍ട്ടും സ്വീകരിച്ചാല്‍ ഒരാഴ്ച്ചക്കുള്ളില്‍ വിസ സ്റ്റാമ്പ് ചെയ്തുകിട്ടും. 30 ദിവസം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അര്‍ഹതയനുസരിച്ച് ലഭിക്കുക. എന്റെ ഒമാന്‍ റസിഡന്റ് കാര്‍ഡ് 2 മാസത്തില്‍ കാലാവധി തീരുമെന്നതിനാല്‍ 30 ദിവസത്തെ വിസയാണ് ലഭിച്ചത്. ഷെങ്കന്‍ വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടിയാലുണ്ടല്ലോ എന്റെ പൊന്നു സഞ്ചാരികളേ, ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല. സത്യം.

Berlin Germany

പതിവുപോലെ രാവിലെത്തന്നെ നേരം വെളുത്തു. കുളിച്ചു കുട്ടപ്പനായി പുതിയ സ്യൂട്ടും കോട്ടുമിട്ട് കണ്ണാടിയില്‍ നോക്കി. എന്നെക്കണ്ട് ഞാന്‍ തന്നെ ഞെട്ടി. ചേട്ടന്‍ സൂപ്പറാ ചേട്ടാ എന്ന ഡയലോഗ് ഓര്‍മ്മ വന്നപ്പോ പെട്ടന്ന് മുറി പൂട്ടി ഇറങ്ങി. ദോഷം പറയരുതല്ലോ, ബ്രേക്ക്ഫാസ്റ്റ് കലക്കി, തിമിര്‍ത്തു, കിടുക്കി. ജര്‍മ്മന്‍ ബ്രെഡൊണ്ട്, ചീസൊണ്ട്, സോസേജൊണ്ട്, സ്‌ക്രാംബിള്‍ഡ് എഗ്ഗ് ഒണ്ട്, ജ്യൂസൊണ്ട്, ബേക്ഡ് ബീന്‍സൊണ്ട്, അങ്ങനെ ഒരുപാടൊണ്ട്. നല്ല ഭേഷായി തട്ടിയെന്ന് എടുത്തുപറയേണ്ടല്ലോ.

പുറത്തിറങ്ങിയപ്പോ വീണ്ടും തണുപ്പ്. നല്ല ട്രാഫിക്ക് ഉണ്ടായിരുന്നതുകൊണ്ട് ടാക്‌സി കിട്ടാന്‍ ഇത്തിരി വൈകി. എന്നാലും കൃത്യസമയത്തുതന്നെ അദ്ദേഹം എന്നെ മെസ്സെ ബെര്‍ലിനില്‍ (Messe Berlin) എത്തിച്ചു. പോരേണ്ട വഴിയും ഇറങ്ങേണ്ട സ്ഥലവും ഏകദേശം ടാക്‌സി ചാര്‍ജ്ജും ഓര്‍ത്തുവെച്ചു. മെസ്സെ - ഇനിയുള്ള നാലുദിവസങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ ക്ലയന്റ് മീറ്റിങ്ങുകളും പ്രെസെന്റേഷനുകളും ഒക്കെയായി ഇവിടെയാണ്. ജോലി കഴിഞ്ഞുള്ള സമയവും തിരിച്ചുപോകുന്നതിന് തലേദിവസം ഉച്ചകഴിഞ്ഞുള്ള സമയവുമാണ് ഇനി കറങ്ങാന്‍ ബാക്കിയുള്ളത്. ഉള്ളതുകൊണ്ട് ഓണം പോലെ എന്നാണല്ലോ.

വൈകിട്ട് പുറത്തിറങ്ങി കുറച്ചുനേരം ടാക്‌സി അന്വേഷിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു. എവിടെ കിട്ടാന്‍. പിന്നീടാണ് എക്‌സിറ്റിന്റെ വലതുവശത്തായി ഒരു കൂട്ടം ആളുകള്‍ ഒരു 'ക്യൂ പോലെ' നില്‍ക്കുന്നത് ശ്രദ്ധിച്ചത്. ഏകദേശം 100 പേരില്‍ കൂടുതലുണ്ട്. അവര്‍ എക്‌സിബിഷനില്‍ പങ്കെടുത്തതിന് ശേഷം ടാക്‌സി കാത്തുനില്‍ക്കുന്നവരാണ് എന്ന വലിയ സത്യം മനസ്സിലാക്കിയപ്പോഴേക്കും 10-15 പേര്‍ കൂടി ക്യൂവില്‍ കയറിപ്പറ്റി. നോക്കിനിന്നിട്ട് കാര്യമില്ലല്ലോ. ഞാനും അവരുടെ പുറകിലായി ക്യൂവില്‍ കയറിക്കൂടി. നേരം ഇരുണ്ടുവരുന്നു. നല്ല മഴക്കാറുണ്ട്. തണുപ്പ് കൂടിവരുന്നു. കൂനിന്മേല്‍ കുരു എന്ന് പറഞ്ഞതുപോലെ നല്ല കാറ്റും വീശിത്തുടങ്ങി. തണുത്തു വിറച്ചു. ഇറങ്ങിയപാടെ ടാക്‌സി വിളിക്കാം എന്ന ഐഡിയയില്‍ ജാക്കറ്റും ഗ്ലൗസും ഒന്നും എടുത്തില്ലായിരുന്നല്ലോ. അങ്ങനെ ജാങ്കോസ്, ഞാന്‍ വീണ്ടും പെട്ടു. നീണ്ട ഒരു മണിക്കൂര്‍ നേരത്തെ കാത്തുനില്‍പ്പിനൊടുവില്‍ എന്റെ ഊഴം വന്നു. ബെന്‍സിലെ ഹീറ്റര്‍ വീണ്ടും രക്ഷക്കെത്തി. നേരെ ഹോട്ടലിലേക്ക്. മഴ പൊടിഞ്ഞുതുടങ്ങി. അടിപൊളി.

അടുത്ത മൂന്ന് ദിവസങ്ങളിലായി ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളില്‍ കണ്ട ബെര്‍ലിന്‍ കാഴ്ച്ചകളാണ് ഇനി.

ഹോട്ടലിന് മുന്‍പിലെ സ്റ്റോപ്പില്‍ നിന്ന് പബ്ലിക്ക് ബസ്സില്‍ കയറി. 2 മണിക്കൂര്‍ വാലിഡിറ്റിയുള്ള ലോക്കല്‍ ടിക്കെറ്റെടുത്തു (2 യൂറോ 80 സെന്റ്). ഈ ടിക്കറ്റ് ഉപയോഗിച്ച് ബസ്സിലോ ട്രെയിനിലോ മറ്റേത് പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടിലും യാത്ര ചെയ്യാം.

Berlin Germany

അലക്സാണ്ടര്‍പ്ലാറ്റ്സ്, ബെര്‍ലിന്‍കാരുടെ ഭാഷയില്‍ 'അലക്‌സ്', ബെര്‍ലിന്‍ സിറ്റിയിലെ ഏറ്റവും വലിയ ഏരിയകളില്‍ ഒന്നാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അലക്സാണ്ടര്‍ ഒന്നാമന്റെ സന്ദര്‍ശനത്തോടെയാണ് സ്ഥലത്തിന് ഈ നാമധേയം വീണത്. നക്ഷത്ര ഹോട്ടലുകളും നൈറ്റ് ക്ലബ്ബുകളും ഒരുപാട് റെസ്റ്റോറന്റുകളും ഷോപ്പിംഗ് സെന്ററുകളുമൊക്കെയായി സിറ്റിയിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്ന്. ഒരുപക്ഷേ സിറ്റിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. ട്രാം ഒഴിച്ചാല്‍ Central Square പരിപൂര്‍ണ്ണമായും കാല്‍നടയാത്രക്കാര്‍ക്ക് സ്വന്തം. World Time Clock, Fountain of Friendship, TV Tower, തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. Primark, Galleria, Saturn, തുടങ്ങിയ ഷോപ്പിംഗ് സെന്ററുകളും ഉണ്ട്. Berlin TV Tower യൂറോപ്പ്യന്‍ യൂണിയനിലെത്തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ നിര്‍മ്മിതിയാണ്. കാഴ്ചകളൊക്കെ കണ്ടു നടക്കുമ്പോഴേക്കും വരാമെന്നേറ്റിരുന്ന ഒരു സുഹൃത്ത് എത്തി. പിന്നെ ഒന്നിച്ച് അത്താഴം കഴിക്കാന്‍ കയറി. അലക്‌സ് റെയില്‍വേ സ്റ്റേഷനിലെ Curryworst Express ഉം Pergamon Doner & Pizza പ്രസിദ്ധമാണ്. കറിവൂസ്റ്റ് (Curryworst) വേവിച്ച്, ഫ്രൈ ചെയ്‌തെടുത്ത പോര്‍ക്ക് സോസേജ് കൊണ്ടുള്ള ഒരു ജര്‍മ്മന്‍ വിഭവമാണ്. ഒപ്പം ഫ്രഞ്ച് ഫ്രൈസും കെച്ചപ്പും ഉണ്ട്. അതുപോലെ ഡോണര്‍ കബാബും വിവിധ ഫ്‌ലേവറുകളിലുള്ള ഫ്രഷ് പിസ്സയും. ജര്‍മ്മനി സന്ദര്‍ശിക്കുന്ന ആരും ഈ സ്ട്രീറ്റ് രുചികള്‍ മിസ്സ് ചെയ്യരുത്.

Berlin Germany

കുര്‍ഫുര്‍സ്റ്റന്‍ഡാം അഥവാ കുദാം ആയിരുന്നു അടുത്ത ദിവസത്തെ ലക്ഷ്യം. എങ്ങനെ പോകും എന്ന് റിസപ്ഷനിലെ സുന്ദരിയോട് ചോദിച്ചപ്പോ സിറ്റി അണ്ടര്‍ഗ്രൗണ്ട് റെയില്‍വേ മാപ്പ് എടുത്ത് ദര്‍ബാര്‍ രാഗത്തില്‍ ഒരു കാച്ചങ്ങ് കാച്ചി. ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം മനസ്സിലായി. അല്ല, കുറച്ചൊക്കെ മനസ്സിലായി. 'U' എന്ന സിംബല്‍ പലയിടത്തും കണ്ടിരുന്നെങ്കിലും 'under passage' എന്നായിരുന്നു ധാരണ. സത്യത്തില്‍ അണ്ടര്‍ഗ്രൗണ്ട് റെയില്‍വേ സ്റ്റേഷനുകളാണ് അവ സൂചിപ്പിക്കുന്നത്. തൊട്ടടുത്തുള്ള 'U' ബോര്‍ഡിനടിയിലൂടെ താഴേക്ക് പടികളിറങ്ങി. ഹോളിവുഡ്/ബോളിവുഡ് സിനിമകളില്‍ ഒരുപാട് കണ്ടിട്ടുള്ള അതേ സ്റ്റേഷന്‍. രണ്ട് പ്ലാറ്റുഫോമുകള്‍. എങ്ങനെ ടിക്കറ്റെടുക്കും ഏതുഭാഗത്തേക്കുള്ള ട്രെയിനില്‍ കയറും സ്റ്റേഷന്‍ എത്തിയാല്‍ എങ്ങനെ അറിയും തുടങ്ങി ഒരുപാട് സംശയങ്ങള്‍. പോക്കറ്റിലെ മാപ്പ് പല വട്ടം നിവര്‍ത്തി, മടക്കി. ഒരു രക്ഷയുമില്ല.

ഇതിനിടയില്‍ രണ്ട് ട്രെയിനുകള്‍ വന്നു, പോയി. അവസാനം ഒരു യാത്രക്കാരനോട് ചോദിച്ചു. പോകേണ്ട ദിശ ഏതാണെന്നും ടിക്കറ്റ് എടുക്കേണ്ട മെഷീന്‍ എവിടെയാണെന്നും മനസ്സിലായി. വന്‍ പുരോഗതിയല്ലേ. നേരെ ടിക്കറ്റ് മെഷീന്റെ മുന്നിലെത്തി. കഴിഞ്ഞ ദിവസം ബസ്സ് ടിക്കറ്റ് എടുത്തതുപോലെ 'A' ഏരിയയില്‍ യാത്ര ചെയ്യാനുള്ള ലോക്കല്‍ ടിക്കറ്റ് എടുക്കണം. ഓപ്ഷന്‍ സെലക്ട് ചെയ്ത് നോട്ട് ഇട്ടപ്പോ എടുക്കുന്നില്ല. കോയിന്‍സ് വേണം അല്ലെങ്കില്‍ 5 ന്റെയോ 10 ന്റെയോ നോട്ടുകള്‍. എന്റെ കയ്യിലാണെങ്കില്‍ 20 ഉം 50 ഉം മാത്രം. പുറകില്‍ ടിക്കറ്റെടുക്കാന്‍ കാത്തുനിന്ന കുറച്ചു പേരില്‍ ഒരാള്‍ എന്റെ രക്ഷക്കെത്തി. ചേഞ്ച് തന്നു, ടിക്കറ്റെടുത്തു, വാലിഡേറ്റ് ചെയ്തു. വാലിഡേറ്റ് ചെയ്യാത്ത ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്രചെയ്യാന്‍ പാടില്ല. കാരണം ടിക്കറ്റില്‍ ഡേറ്റ് ഇല്ല. വാലിഡേറ്റ് ചെയ്തതിന് ശേഷം 2 മണിക്കൂര്‍ ആണ് ഒരു ടിക്കറ്റിന്റെ കാലാവധി.

Berlin Germany

Berlin Germany

അടുത്ത ട്രെയിനില്‍ കയറിപ്പറ്റി. ഒരു മിനിറ്റില്‍ വരും എന്ന് സ്റ്റാറ്റസ് ബോര്‍ഡില്‍ കാണിച്ചു. കൃത്യം. ഒരു മിനിറ്റില്‍ ട്രെയിന്‍ വന്നു. 15 സെക്കന്‍ഡുകള്‍ മാത്രം സ്റ്റോപ്പ്. വലിയ സ്റ്റേഷനുകളില്‍ ചിലപ്പോള്‍ 5 സെക്കന്‍ഡ് കൂടുതല്‍. വാതിലുകള്‍ തനിയേ അടഞ്ഞു. നീങ്ങിത്തുടങ്ങിയിട്ടും ചെറിയ ശബ്ദം മാത്രം. പെട്ടന്ന് വേഗം കൂടി. ഇങ്ങനെ ഭൂമിക്കടിയിലൂടെ ഒരു ട്രെയിന്‍ യാത്ര ആദ്യമാണ്. നല്ല വൃത്തിയുള്ള കമ്പാര്‍ട്ട്‌മെന്റുകള്‍. സീറ്റുകളുടെ പുറകില്‍ ആരും കുത്തിവരച്ചിട്ടില്ല. കുഷ്യനുകള്‍ കുത്തിക്കീറിയിട്ടില്ല.

പരസ്യങ്ങള്‍ ഇല്ലേയില്ല. വലിയ തിരക്കില്ലെങ്കിലും അത്യാവശ്യം യാത്രക്കാരുണ്ട്. ഇമ്പമുള്ള ഒരു സംഗീതം എവിടുന്നോ ഒഴുകിയെത്തി. ഒരാള്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ തോറും നടന്ന് മനോഹരമായി ക്ലാര്‍നെറ്റ് വായിക്കുന്നു. ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കാം. ടിക്കറ്റെടുത്തപ്പോള്‍ ബാക്കി കിട്ടിയ 20 സെന്റ് അദ്ദേഹം നീട്ടിയ പേപ്പര്‍ കപ്പില്‍ ഇട്ടുകൊടുത്തു. കുദാമിലേക്ക് പോകണമെങ്കില്‍ 'Halleshes Tor' എന്ന സ്റ്റേഷനില്‍ ഇറങ്ങി വേറെ ട്രെയിനില്‍ കേറണം. അതാണെങ്കില്‍ 6 പ്ലാറ്റുഫോമുകളുള്ള വലിയ സ്റ്റേഷനും. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് അടുത്ത ട്രെയിനില്‍ കയറി കുദാമില്‍ ഇറങ്ങി. വീണ്ടും കയ്യിലുള്ള മാപ്പില്‍ നോക്കിയപ്പോ ഏകദേശം ധാരണ കിട്ടി. ട്രെയിന്‍ നമ്പറുകളും മാറിക്കേറേണ്ട സ്റ്റേഷനുകളും ഒക്കെ പതിയെ തെളിഞ്ഞുവന്നു.

അലക്‌സിന്റെ അത്ര തിരക്കില്ലെങ്കിലും നല്ല സ്ഥലം. C&A എന്ന പ്രസിദ്ധമായ ഷോപ്പിംഗ് മാള്‍ ഇവിടെയാണ്. സ്റ്റേഷനില്‍നിന്ന് തന്നെ ഇതിലേക്ക് എന്‍ട്രന്‍സ് ഉണ്ട്. ITB പ്രമാണിച്ച് സ്പെഷ്യല്‍ ഓഫറുകള്‍ ഉണ്ട്. ഇവന്റില്‍ പങ്കെടുക്കാനെത്തിയ ഒമാനിലെ ചില സുഹൃത്തുക്കള്‍ ഇവിടെ കാണാമെന്നാണ് പറഞ്ഞിരുന്നത്. ഷോപ്പ് ക്‌ളോസ് ചെയ്യാന്‍ പോകുന്ന സമയമായിരുന്നതുകൊണ്ട് അവരെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. എല്ലാരും എന്തൊക്കെയോ വാങ്ങിയിട്ടുണ്ട്. സാധങ്ങങ്ങളുടെ ഗുണമേന്മയില്‍ ഒരു സംശയവും ഉണ്ടായില്ല. ആദായവിലയും. ഉള്ള സമയം കൊണ്ട് ഞാനും എന്തൊക്കെയോ വാങ്ങി.

ഭംഗിയുള്ള ഒരു Boulevard ആണ് കുദാം, വായിച്ചറിഞ്ഞ പാരിസിലെ Champs-Élysées പോലെ. ഇരുവശവും കടകളുമായി നീണ്ടു പരന്നു കിടക്കുന്ന സ്ഥലങ്ങള്‍ക്കാണ് Boulevard എന്ന് പറയുന്നത്. ഇന്ത്യന്‍, തായ്, ചൈനീസ്, വിയറ്റ്‌നാമീസ്, ഇറ്റാലിയന്‍, ഫ്രഞ്ച് തുടങ്ങി വൈവിധ്യമാര്‍ന്ന രുചികള്‍ വിളമ്പുന്ന ഓതെന്റിക് റസ്റ്റോറന്റുകള്‍. സ്ട്രീറ്റ് ഫുഡ് കോര്‍ണറുകള്‍. കോഫി ഷോപ്പുകള്‍. മദ്യശാലകള്‍. പബ്ബുകള്‍. സുവനീര്‍ ഷോപ്പുകള്‍. കരകൗശലവസ്തുക്കള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാര്‍ ഭൂരിഭാഗവും പിന്‍വാങ്ങിയിരിക്കുന്നു. തണുപ്പ് കൊടുമ്പിരി കൊള്ളവേ ഞങ്ങള്‍ പതുക്കെ ഒരു റസ്റ്റോറന്റില്‍ കയറിപ്പറ്റി. വലിയ തിരക്കില്ലായിരുന്നു. കറിവൂസ്റ്റും, ഫിഷ് ഗ്രില്ലും, മീറ്റ് ലോഫും, ഫ്രൈസും, ബെര്‍ലിനെര്‍ (Berliner Weisse) ബിയറുമൊക്കെയായി സായാഹ്നം സ്മരണീയമായി. 

എത്ര പെട്ടന്നാണ് 4 ദിവസങ്ങള്‍ കടന്നുപോയത്. ശനിയാഴ്ച്ചയായി. ITB എക്‌സിബിഷന്‍ നാളെയുംകൂടി ഉണ്ടെങ്കിലും എന്റെ പങ്കാളിത്വത്തിന്റെ അവസാനത്തെ ദിവസം. ശനിയും ഞായറും പബ്ലിക്കിന് ഫ്രീ എന്‍ട്രിയാണ്. അതുകൊണ്ട് നല്ല തിരക്ക്. രാവിലത്തെ ഔദ്യോഗിക കൂടിക്കാഴ്ച്ചകള്‍ കഴിഞ്ഞ് കൂട്ടുകാരുമായി മറ്റു രാജ്യങ്ങളുടെ ഹാളുകള്‍ കാണാന്‍ പോയി. ജര്‍മ്മനി, ഓസ്ട്രിയ, സ്വിസ്സ്, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ വമ്പന്‍മാരടങ്ങുന്ന യൂറോപ്പ്യന്‍ രാജ്യങ്ങള്‍, അമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, ഓസ്ട്രേലിയ & ന്യൂസിലന്റ്, ഇന്ത്യ, ചൈന, ജപ്പാന്‍, കൊറിയ, തായ്ലന്റ് തുടങ്ങിയ വമ്പന്‍മാരടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍, അങ്ങനെ പോകുന്നു നിര. 17 ലക്ഷം ചതുരശ്രഅടിയുള്ള മെസ്സെ എങ്ങനെ നടന്നു തീര്‍ക്കാനാണ്. ചുണ്ടന്‍ വള്ളങ്ങള്‍ കൊണ്ടലങ്കരിച്ച കേരള ടൂറിസം സ്റ്റാന്‍ഡ് മനോഹരമായിരുന്നു.

Berlin Germany

കറക്കമെല്ലാം കഴിഞ്ഞ് ഉച്ചക്ക് തന്നെ അവിടുന്നിറങ്ങി. നേരെ ഹോട്ടലിലേക്ക്. നാളെ രാവിലെയാണ് തിരിച്ചുള്ള ഫ്‌ലൈറ്റ്. അതുകൊണ്ട് ഒട്ടും സമയം കളയാതെ ഫ്രഷായി നേരെ 'U' എടുത്ത് Kochstrasse യിലേക്ക് തിരിച്ചു. സ്റ്റേഷനില്‍ തലേദിവസത്തെ അപരിചിതത്വം തീരെ അനുഭവപ്പെട്ടില്ല. മെഷീനില്‍ പോയി ടിക്കറ്റെടുത്ത് വാലിഡേറ്റ് ചെയ്ത് മാപ്പ് നോക്കി കറക്ട് ട്രെയിനില്‍ കയറി. Kochstrasse യിലാണ് ചെക്ക്‌പോയിന്റ് ചാര്‍ളി (Checkpoint Charlie). സ്റ്റേഷന് പുറത്തെത്തി നേരെ ചെക്ക്പോയിന്റിലേക്ക് നടന്നു. കാല്‍നടയാത്രക്കാരുടേയും സൈക്കിള്‍ യാത്രക്കാരുടേയും നല്ല തിരക്ക്.

Berlin Germany

പണ്ട് 1961 ഇല്‍ ബെര്‍ലിന്‍ മതിലിലൂടെ ജര്‍മ്മനി ഈസ്റ്റും വെസ്റ്റുമായി വിഭജിക്കപ്പെട്ടപ്പോള്‍ രണ്ടു ഭാഗങ്ങളും തമ്മിലുള്ള ക്രോസിങ്ങ് പോയിന്റായിരുന്നു ചെക്ക്‌പോയിന്റ് ചാര്‍ളി. അന്നത്തെ നാല് ഭരണ ശക്തികളും ഒന്നിച്ച് മേല്‍നോട്ടം നടത്തിയിരുന്ന ബോര്‍ഡര്‍ (British, French, Soviet & US). ഒരുതരത്തില്‍ പറഞ്ഞാല്‍ എയര്‍പോര്‍ട്ട് പോലെ ഒരു ഇമ്മിഗ്രെഷന്‍ പോയിന്റ്. സത്യത്തില്‍ കോള്‍ഡ് വാറിന്റെ (1947-1991) ഒരു ചിഹ്നമായാണ് ഈ ചെക്ക്‌പോയിന്റ് ഇപ്പോഴും നിലകൊള്ളുന്നത്. 1990 ഇലെ പുനരേകീകരണത്തിന് ശേഷം ഇതൊരു ടൂറിസ്റ്റ് ആകര്‍ഷണമായി മാറുകയായിരുന്നു. വലിയ വശമില്ലാത്തതുകൊണ്ട് കൂടുതല്‍ ചരിത്രത്തിലേക്ക് കടക്കുന്നില്ല. അപ്പോഴേക്കും കറങ്ങാന്‍ വരാമെന്നേറ്റിരുന്ന ഒരു സുഹൃത്ത് എത്തി. യുഎസ് ആര്‍മി വേഷത്തില്‍ കുറച്ചു ജര്‍മ്മന്‍കാര്‍ സന്ദര്‍ശകരെ ഉല്ലസിപ്പിക്കാന്‍ ചെക്ക്‌പോയിന്റിലുണ്ട്. 3 യൂറോ കൊടുത്താല്‍ അവരുടെകൂടെ നിന്ന് ചിത്രങ്ങളെടുക്കാം. കൂടാതെ നമ്മുടെ പാസ്സ്‌പോര്‍ട്ടില്‍ US Allied Checkpoint Charlie എന്നൊരു സീലും അടിച്ചുതരും (ചിത്രത്തില്‍ കാണാം. ഈ സീല്‍ പാസ്‌പ്പോര്‍ട്ടില്‍ അടിക്കുന്നതുകൊണ്ട് ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് അന്വേഷിച്ചുറപ്പിച്ചിട്ടാണ് ചെയ്തത്. സ്വന്തം യുക്തിക്കനുസരിച്ച് മാത്രം ഇത് ചെയ്യുക). ചരിത്രപ്രധാനമായ ബ്ലാക്ക്‌ബോക്‌സ് മ്യൂസിയവും (എന്‍ട്രി ഫീ 5 യൂറോ) ബെര്‍ലിന്‍ വാള്‍ മ്യൂസിയവും (എന്‍ട്രി ഫീ 5 യൂറോ) തൊട്ടടുത്ത് തന്നെയാണ്.

Berlin Germany

ചെക്ക്‌പോയിന്റില്‍ നിന്ന് കുറച്ചു നടന്നാല്‍ ബെര്‍ലിന്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ കാണാം. അങ്ങോട്ട് നടക്കുന്നതിനിടയിലാണ് അങ്ങ് മുകളില്‍ ഹോട്ട് എയര്‍ ബലൂണ്‍ പോലെ എന്തോ ഒന്ന് ശ്രദ്ധയില്‍പ്പെട്ടത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ അതിനുതാഴെ ഒരു ചേമ്പറില്‍ ആളുകളുണ്ട്. ഹോ. Aerophile എന്നാണ് സംഗതിയുടെ പേര്. 15 മിനിറ്റ് ഫ്‌ലൈറ്റിന് ഒരാള്‍ക്ക് ചാര്‍ജ്ജ് 20 യൂറോ. മൂന്ന് ദിവസം കൂടി ഒന്ന് കാണാന്‍ കിട്ടിയ സൂര്യന്‍ ഇതാ അസ്തമിക്കാനും പോകുന്നു. ബെസ്റ്റ് ടൈം. കേറിയാലോ എന്ന് കൂട്ടുകാരനോട് ചോദിക്കേണ്ട പിന്നെന്താ എന്ന് പുള്ളിക്കാരന്‍. ഉണ്ടായിരുന്ന ഭയം തല്‍ക്കാലം നാലായി മടക്കി പോക്കറ്റിലിട്ട് രണ്ടും കല്‍പ്പിച്ച് ടിക്കറ്റെടുത്തു.

Berlin Germany

സാധനം മുകളിലാണ്. ടിക്കറ്റ് കൊടുത്ത് അകത്തുകയറി ഞങ്ങള്‍ കാത്തിരുന്നു. നല്ല തണുപ്പ്. അപ്പോ മുകളില്‍ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കാമല്ലോ. വൈകാതെ താഴേക്ക് വന്ന് പതിയെ ലാന്‍ഡ് ചെയ്തു. അടുത്ത ഊഴം ഞങ്ങളുടേതാണ്. നെഞ്ചിടിപ്പിന്റെ താളം കൂടി വന്നു. അപ്പോഴേക്കും 10 പേരോളം ഞങ്ങളുടെ പുറകിലെത്തി. Impossible is Nothing എന്ന് മനസ്സില്‍ വിചാരിച്ച് വലതുകാല്‍ വെച്ചുതന്നെ കയറി. പൈലറ്റ് റെഡിയാണ്. എല്ലാവരും കയറിയതിനു ശേഷം അദ്ദേഹം ചേമ്പറിന്റെ സേഫ്റ്റി ലോക്ക് ഇട്ടു. പതുക്കെ ടേക്ക് ഓഫ് ചെയ്തു. ഡിം. മൊത്തത്തില്‍ ഒരു ഇളക്കം. ഭൂമിയില്‍ നിന്നുള്ള പിടുത്തം വിട്ടപ്പോള്‍ കാറ്റ് പിടിച്ചതാണ്. ചങ്ക് കാളി എന്ന് പ്രത്യേകം പറയേണ്ടല്ലോ. പൈലറ്റ് ആശാന് ഒരു കൂസലുമില്ല എന്ന് കണ്ടപ്പോള്‍ ധൈര്യം വന്നു. പതിയെ മുകളിലേക്ക്.

കട്ടിയുള്ള ഒരു ഇരുമ്പുകമ്പിയാണ് ഭൂമിയിലേക്കുള്ള ഒരേയൊരു ബന്ധം. അത് റിലീസ് ചെയ്തുകൊണ്ടേയിരിക്കും. തണുപ്പ് കൂടിക്കൂടി വന്നു. ബെര്‍ലിന്‍ സിറ്റിയുടെ മനോഹരമായ ആകാശക്കാഴ്ചകളിലേക്ക് മനസ്സ് പറന്നു. കഴിഞ്ഞ ദിവസങ്ങളിലായി കണ്ട TV ടവറും, മ്യൂസിയങ്ങളും, Reichstag ഉം Brandenberg ഉം ഒക്കെ കണ്ടു. അസ്തമയസൂര്യന്റെ ചുവപ്പ് കലര്‍ന്ന രശ്മികള്‍ നഗരം മുഴുവന്‍ ചായം പൂശി. ഏതോ മായികലോകത്ത് എത്തിപ്പെട്ട അവസ്ഥ. ഫോട്ടോ എടുക്കാന്‍ ഗ്ലൗസില്‍ നിന്ന് ഒരു കൈ പുറത്തെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ മരവിച്ചു. വിരലുകള്‍ മടക്കാന്‍ കഴിയാത്ത അവസ്ഥ. ഒരു പൊട്ട് പോലെ താഴെ ഞങ്ങള്‍ കയറിയ സ്ഥലം. തീപ്പെട്ടിക്കൂടുകള്‍ പോലെ കാറുകള്‍. ഉറുമ്പുകള്‍ വരിവരിയായി പോകുന്നതുപോലെ മനുഷ്യര്‍. ഏറ്റവും മുകളിലെത്തി (150 മീറ്ററോളം) 10 മിനിട്ടുകളോളം കാഴ്ച്ചകള്‍ നുകര്‍ന്നു. ശേഷം പതിയെ ലാന്‍ഡിങ്ങ് തുടങ്ങി. വൈകാതെ സുരക്ഷിതമായി താഴെയെത്തി.

ഉയരം പേടിയുള്ളവരും വെള്ളം പേടിയുള്ളവരും ഡ്രൈവ് ചെയ്യാന്‍ പേടിയുള്ളവരുമൊക്കെയായി കുറച്ചു കൂട്ടുകാര്‍ എനിക്കുമുണ്ട്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ള കാര്യമാണ്. ജീവിതത്തില്‍ നമുക്ക് ഭയമുള്ള എന്തെങ്കിലും കാര്യം, അതെന്തുമായിക്കോട്ടെ, ധൈര്യം സംഭരിച്ച് ചെയ്തുകഴിഞ്ഞാല്‍ കിട്ടുന്ന ഒരു ആത്മവിശ്വാസമുണ്ടല്ലോ, അതൊന്നു വേറെയാണ്. ആ ഫീലിംഗ് അനുഭവിച്ചറിഞ്ഞവര്‍ക്ക് എതിരഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. ഭയത്തെ ധൈര്യം കൊണ്ട് മാത്രമേ മറികടക്കാനാവൂ എന്നതാണ് സത്യം.

നേരമിരുട്ടിത്തുടങ്ങി. കൂടെയുണ്ടായിരുന്ന സുഹൃത്ത് വേറെ കുദാമിലാണ് താമസം. റൂമില്‍ പോയി ഫ്രഷായി എന്റെ ഹോട്ടലിലേക്കെത്താം എന്ന ഉറപ്പില്‍ ഞങ്ങള്‍ പിരിഞ്ഞു. വീണ്ടും 'U' വില്‍ മടക്കയാത്ര. അപ്പോഴേക്കും വേറൊരു സുഹൃത്ത് കൂടി അങ്ങോട്ടെത്തി. അദ്ദേഹം തിങ്കളാഴ്ച്ചയേ മടങ്ങുന്നുള്ളൂ. റൂമിലെത്തി മനസ്സില്ലാമനസ്സോടെ പാക്ക് ചെയ്യാന്‍ തുടങ്ങി. രാവിലെ 9.30 നാണ് ഫ്‌ലൈറ്റ്. അതുകൊണ്ട് 6 മണിക്കെങ്കിലും ഇറങ്ങണം. അദ്ദേഹം കൂടി സഹായിച്ചതുകൊണ്ട് പാക്കിങ്ങ് പെട്ടന്ന് കഴിഞ്ഞു. അപ്പോഴേക്കും മൂന്നാമനും എത്തി. ഫ്രഷായി അത്താഴം കഴിക്കാന്‍ വീണ്ടും പുറത്തേക്ക്.

ചാറ്റല്‍ മഴ വകവെക്കാതെ ഞങ്ങള്‍ നടന്നു. Mitte യില്‍ തന്നെയുള്ള കബാബ് ബാബ (Kebab Baba) യാണ് ലക്ഷ്യം. ബുധനാഴ്ച്ച രാത്രി ഞാനൊറ്റക്ക് ഇവിടെ വന്നിരുന്നു. നല്ല സൂപ്പര്‍ ഭക്ഷണമാണ്, ആദായകരവും. അതുകൊണ്ടാണ് സുഹൃത്തുക്കളെയും കൂട്ടി അങ്ങോട്ട് പോയത്. ഡോണര്‍ കബാബും (Doner Kebab) Lahmacun Wrap ഉം ബാബ കബാബും Tyskie ബിയറും ഒക്കെയാണ് സ്‌പെഷ്യല്‍. നല്ല കിടിലന്‍ മ്യൂസിക്കും. അതുകൊണ്ടുതന്നെ ചെറിയ കടയാണെങ്കിലും എപ്പോഴും തിരക്കാണ്.

തിരിച്ചു നടക്കുന്നതിനിടയില്‍ സുഹൃത്തുക്കളോട് യാത്രപറഞ്ഞു. ഹോട്ടല്‍ ബെഡില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. ബെര്‍ലിനോട് വിടപറയാന്‍ സമയമായിരിക്കുന്നു. ഇനി എപ്പോ വരാന്‍ കഴിയും എന്നറിയില്ല. തണുപ്പാണെങ്കിലും റൂമിന്റെ ജനല്‍ തുറന്നു. ചെറിയ മഴയുണ്ട്. തണുത്ത കാറ്റും. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ ചിലര്‍ വീടണയാന്‍ വേഗം നടക്കുന്നത് കാണാമായിരുന്നു. ട്രാം നിലക്കാതെ അപ്പോഴും ഓടുന്നുണ്ട്. കുറച്ചുനേരം കൂടി അങ്ങനെ നില്‍ക്കണമെന്നുണ്ടായിരുന്നെങ്കിലും തണുപ്പ് അസഹ്യമായതിനാല്‍ ജനലടച്ച് പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറി...