| Mathrubhumi - Sanchari POST OF THE WEEK |

യാത്രാ വിവരണത്തിന് മുന്നേ കുറച്ച് കാര്യങ്ങള്‍ പറയാം എന്ന് കരുതി .ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടേക്കാം... ന്യൂ ജനറേഷന്‍ സിനിമകളെ അനുകരിച്ച് കാലിയായ ബാക്ക് പാക്ക് ബുള്ളറ്റിന്റെ കേരീറില്‍ മുറുക്കെ കെട്ടി 'ട്രിപ്പിങ് മച്ചാനെ' എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ട് ഇടി വെട്ടുന്ന ശബ്ദത്തില്‍ ബുള്ളറ്റില്‍ പറക്കുന്ന അനിയന്മ്മാരോടും , മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ലോങ്ങ് റൈഡീന് പോകുന്ന എന്നെ പോലുള്ള സഹോദരന്മാരോടും കൂടെ ഒരു കാര്യം, നല്ലൊരു തയ്യാറെടുപ്പോട് കൂടെ അല്ലാതെ ഒരിക്കലും ഒരു റൈഡിനു ഇറങ്ങിതിരിക്കരുത് . പ്രത്യേകിച്ച് തിരഞ്ഞെടുക്കുന്ന ബൈക്കിന്റെ കാര്യത്തില്‍.

ഇക്കഴിഞ്ഞ അരുണാചല്‍ യാത്രയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കുറച്ചു കാര്യങ്ങള്‍ ഞാന്‍ താഴെ ചേര്‍ക്കാം...

 • ടൈറ്റ് ഷെഡ്യൂള്‍ കഴിയുന്നതും ഒഴിവാക്കുക
 • രാത്രി യാത്ര ഒഴിവാക്കുന്നതാവും നല്ലത്
 • പകല്‍സമയം യാത്ര 200 കിലോമീറ്റര്‍ എന്നുള്ള രീതിയില്‍ ഒതുക്കുന്നതാവും വണ്ടിക്കും നിങ്ങള്‍ക്കും നല്ലത് 
 • മഞ്ഞു വീണ് ഉറഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ കൂടെ കഴിയുന്നതും പുലര്‍ച്ചെ അല്ലെങ്കില്‍ അതി രാവിലെ തന്നെ കടന്നു പോവാന്‍ ശ്രമിക്കുക. വെയിലാറിയ ശേഷം മഞ്ഞുരുകി റോഡ് നനയുന്നതിനാല്‍ ബൈക്ക് സ്‌കിഡ് ആവാനുള്ള സാധ്യത വളരെ കൂടുതലാണ്
 • ഹൈ റേഞ്ചിലാണെങ്കില്‍ നിര്‍ബന്ധമായും വൂളണിന്റെയും ലെതറിന്റെയും കയ്യുറകളും തെര്‍മല്‍ ഷോക്സും ബൂട്ട്‌സും ധരിക്കുക. തണുപ്പില്‍ കൈ വിരലുകള്‍ പെട്ടെന്ന് മരവിക്കും. ക്ലച്ചില്‍ താങ്ങി ബൈക്ക് എടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഹൈ റേഞ്ചില്‍ എഞ്ചിന്റെ ശക്തി പകുതിയായി കുറയുന്നതിനാല്‍ പലപ്പോഴും ക്ലച്ചില്‍ താങ്ങി പോവേണ്ടിവരും. 
 • പുതിയ മോഡല്‍ ബുള്ളെറ്റ് സ്റ്റാന്‍ഡേര്‍ഡ്, ക്ലാസിക് എന്നിവയുടെ പിന്‍ സീറ്റില്‍ ദൂര യാത്ര പോകുമ്പോള്‍ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതേ ദിവസ വാടകയില്‍ കിട്ടുന്ന തണ്ടര്‍ബേര്‍ഡ് 350 എടുക്കുന്നതാവുന്നതാണ്. അല്ലെങ്കില്‍ വീതിയുള്ള പിന്‍ സീറ്റ് നോക്കി വണ്ടി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക
 • ലഭ്യമെങ്കില്‍ സെക്കണ്ടറി ക്ലച്ച് കേബിള്‍ ഘടിപ്പിച്ച ബൈക്ക് തെരഞ്ഞെടുക്കുക
 • ടൂള്‍ കിറ്റ് കൂടെ കരുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക
 • കഴിയുന്നതും ട്യൂബിലെസ്സ് ടയര്‍ ഉള്ള ബൈക്ക് തെരഞ്ഞെടുക്കുക. കിട്ടിയില്ലെങ്കില്‍ ട്യൂബ് വാങ്ങി കയ്യില്‍ കരുതുക.
 • കൃത്യമായി ടയറിലെ എയര്‍ ചെക്ക് ചെയ്യുക
 • റോഡില്‍ അച്ചടക്കം പാലിക്കുക. മാന്യമായ റൈഡിങ് ആണ് ഏതൊരു റൈഡറുടെയും സവിശേഷത. ഹെല്‍മെറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച്ച പാടില്ല.

ബംഗ്ലാദേശിന്റെ ഓരം പറ്റി ഒഴുകുന്ന ദൗകി പുഴയുടെ, അടിത്തട്ട് വരെ കാണുന്ന തെളിവെള്ളത്തില്‍ ഒരു തോണി യാത്രയും കഴിഞ്ഞ് അസ്തമയസൂര്യനെയും നോക്കി പുഴക്കരയിലെ പുല്ല് കൊണ്ട് മേഞ്ഞ ഒരു ചായക്കടയില്‍ ആവി പാറുന്ന ഗ്ലാസും പിടിച്ചുള്ള ഇരിപ്പാണ്. വെള്ളയും വെള്ളയും യൂണിഫോം ധരിച്ച കുറച്ചു ബംഗ്ലാദേശി കുട്ടികള്‍ പുഴയുടെ ഒരരികില്‍ സന്തോഷം പറഞ്ഞു നില്പുണ്ട്.പ്രണയങ്ങള്‍ പറയുന്നവരും സൗഹൃദം പങ്കുവെക്കുന്നവരും കച്ചവടക്കാരും എല്ലാം കൂടി അങ്ങനെ നീണ്ടുകിടക്കുകയാണ് ദൗകിയുടെ തീരം.

Arunachal Ride

ഗ്ലാസിലെ ചൂട് ചായ കുടിച്ചു തീര്‍ത്തതിന് ശേഷം മനോഹരമായ ഒരു സായാഹ്നം എനിക്ക് സമ്മാനിച്ച ദൗകിയോട് യാത്ര പറഞ്ഞോണ്ട് ആക്സിലേറ്റര്‍ നേരെ ഗുവാഹത്തി ലക്ഷ്യമാക്കി തിരിച്ചു. ദൗകിയില്‍ നിന്നും ഗുവാഹത്തിയിലേക്ക് 185 കിമി ആണ് ദൂരം. രാത്രിയില്‍ തരക്കേടില്ലാത്ത തണുപ്പിനെ തോല്‍പ്പിച്ചു കൊണ്ടുള്ള യാത്രയാണ്. മലയിറങ്ങി വന്ന കോട ഇടക്ക് യാത്രയുടെ വേഗത കുറച്ചു. പിന്നീടങ്ങോട്ട് വലിയ വാഹനങ്ങളെ കൂട്ടുപിടിച്ചായി പോക്ക്. ഇരുവശത്തും കൊക്കയുള്ള ചില സ്ഥലങ്ങളും ഈ യാത്രയില്‍ കാണാനായി. രാവില്‍ വെട്ടിത്തിളങ്ങുന്ന ചന്ദ്രന്റെ വെള്ളിവെളിച്ചത്തില്‍ റോഡിന്റെ സൈഡും പിടിച്ചു കോടയുടെ കുളിരില്‍ തണുത്ത കാറ്റും നെഞ്ചിലേറ്റി ഒരു 40-50 സ്പീഡില്‍ പോവുമ്പോ കിട്ടുന്ന ഒരു ഫീലുണ്ടല്ലോ, അത് മനസ്സിലാവാണെങ്കില്‍ അനുഭവിച്ചറിയുക തന്നെ വേണം.

രാത്രി 11 കഴിഞ്ഞപ്പോഴേക്കും ഗുവാഹട്ടി എത്തി. പിന്നെ റൂം തേടി കുറച്ചു നേരം അലഞ്ഞു . ഒയോ റൂംസ് എന്ന അപ്ലിക്കേഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കുറച്ചൂടെ എളുപ്പമാവും . വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു ചെറിയ മുറി. 650 രൂപയായിരുന്നു വാടക. ഒറ്റ രാത്രിക്ക് വേണ്ടി മാത്രമായതിനാല്‍ മറ്റ് റൂമൊന്നും തിരക്കാന്‍ നിന്നില്ല . ലഗേജ് ഒക്കെ ഒരു മൂലക്ക് ഒതുക്കി വച്ചിട്ട് ഭക്ഷണം കഴിക്കാനായി തെരുവിലേക്കിറങ്ങി. ഒട്ടു മിക്ക ഹോട്ടലുകളും അടച്ചിരിക്കുന്നു . രാത്രിയില്‍ ഗുവാഹട്ടി അത്ര സജീവമല്ല . അവസാനം ഒരു തട്ടുകട കണ്ടുപിടിച്ചു . റൊട്ടിയും നല്ല ചൂടുള്ള ചിക്കന്‍ കബാബും കഴിച്ചു നേരെ ബെഡിലേക്ക്...

Arunachal Ride

പിറ്റേന്ന് നേരത്തെ എണീറ്റ് അരുണാചലിലേക്കുള്ള യാത്രക്കായി തയ്യാറെടുത്തു. സുരക്ഷാ കാരണങ്ങളാല്‍ അരുണാചലിലേക്ക് പോവുന്നതിനു മുന്നേ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ശെരിയാക്കേണ്ടതുണ്ട്. ഏതെങ്കിലും ടൂര്‍ ഓപ്പറേറ്റര്‍സ് മുഖേനയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ പെര്‍മിറ്റിനു അപേക്ഷിക്കാവുന്നതാണ് . ഫോട്ടോയും ഐ ഡി കാര്‍ഡും ആണ് ആവശ്യമുള്ള ഡോക്യൂമെന്റസ്. 100 രൂപയാണ് ഫീസ്.

ഹിമാലയന്‍ ഫീനിക്‌സ് എന്ന പേരില്‍ ബൈക്ക് റെന്റല്‍ ഷോറൂം നടത്തുന്ന ഗുവാഹട്ടിക്കാരന്‍ രവി നേരത്തെ തന്നെ എനിക്കും എന്റെ സുഹൃത്തിനും വേണ്ടിയുള്ള പെര്‍മിറ്റ് ശരിയാക്കി വച്ചിട്ടുള്ളതാണ്. വണ്ടിയും എടുത്ത് പെര്‍മിറ്റും വാങ്ങി ബ്രഹ്മപുത്രയുടെ കുറുകെയുള്ള പാലവും കടന്ന് നാഷണല്‍ ഹൈവേ വഴി വണ്ടി നേരെ അരുണാചലിലേക്ക്.

രവി പറഞ്ഞത് പ്രകാരം വൈകിട്ട് നമേരി ഇക്കോ ടൂറിസം എന്ന സ്‌പോട്ടില്‍ എത്തുക എന്നുള്ളതായിരുന്നു ലക്ഷ്യം . രാത്രിയില്‍ അവിടെ ടെന്റും അടിച്ച് പിറ്റേന്ന് വൈകിട്ട് ദിരാങ്, അടുത്ത ദിവസം തവാങ് തിരിച്ച് ഗുവാഹട്ടി എന്ന അതി മനോഹരമായ ഒരു റൂട്ട് മാപ്പായിരുന്നു ഞങ്ങക്ക് മുമ്പിലുണ്ടായിരുന്നത് .പക്ഷേ വഴിയില്‍ വച്ച് ഉണ്ടായ പഞ്ചറിന്റെ സംസ്ഥാന സമ്മേളനവും പ്രതികൂല കാലാവസ്ഥയും തവാങ് എന്ന സ്വപ്നത്തെ സേലാ പാസില്‍ ഒതുക്കിക്കളഞ്ഞു.

തേസ്പൂരേക്കുള്ള ഹൈവേയില്‍ കയറി ഒരു 3 മണിക്കൂര്‍ ഓടിയതിനു ശേഷം റോഡിന്റെ സൈഡിലായി വലിയൊരാള്‍ക്കൂട്ടം കണ്ടു വണ്ടി നിര്‍ത്തി. നോക്കുമ്പോള്‍ വെള്ളിയാഴ്ചകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു തനി നാടന്‍ ചന്ത. പണ്ട് തേന്മാവിന്‍ കൊമ്പത്ത് സിനിമയില്‍ മാത്രമേ അത്തരത്തിലുള്ള ഒരു ചന്ത ഞാന്‍ കണ്ടിട്ടുള്ളൂ.

Arunachal Ride

വണ്ടിയും എടുത്ത് നേരെ ചന്തക്കകത്തേക്ക് കടന്നു. രണ്ട് സൈഡിലും പുല്ല് കൊണ്ട് മേഞ്ഞ ഷെഡ്ഡുകള്‍. അതിന്റെ നടുവിലൂടെ ആള്‍ത്തിരക്ക് കൊണ്ട് നിലം കാണാത്ത മണ്‍വഴി. എവിടെയും സാധാരണക്കാരില്‍ സാധാരണക്കാരായ പച്ച മനുഷ്യര്‍. തേന്‍ മുതല്‍ തേങ്ങ വരെ ഉണ്ട് കച്ചവടത്തിന്. എല്ലാ വഴിയും ചെന്നെത്തുന്നത് ഒരു മൈതാനത്താണ്. അവിടെ വലിയൊരു കാലിച്ചന്ത. വിലപറഞ്ഞുറപ്പിച്ച കാലികളെ മൊത്തം ഒറ്റ കയറില്‍ കെട്ടി വലിച്ചു നീങ്ങുന്ന ആള്‍ക്കാര്‍ . മൊത്തമായി വാങ്ങിച്ച ചരക്കുകളൊക്കെയും കാളവണ്ടിയിലൊതുക്കി നാട് തേടുന്ന കൂട്ടങ്ങള്‍ . ആദ്യമായിട്ട് ഒരു ബുള്ളെറ്റ് ചന്തക്കകത്ത് കണ്ടതിന്റെ കൗതുകവുമായി കുറേ പേര്‍ . എല്ലാം ഓര്‍മ്മകളിലേക്ക് ഒരുക്കിക്കൂട്ടി വണ്ടി നേരെ തേസ്പൂരേക്ക് വിട്ടു . ഇടക്ക് വച്ച് മഴ പെയ്തപ്പോള്‍ യാത്ര ഇത്തിരി താമസിച്ചു. അതുകൊണ്ട് നമേരി ഇക്കോ ടൂറിസം സ്‌പോട്ടിലെ ടെന്റ് കെട്ടിയ രാത്രിയെ തല്‍ക്കാലം ഉപേക്ഷിക്കേണ്ടി വന്നു. തേസ്പൂരില്‍ ഹൈവേയില്‍ നിന്ന് അല്പം മാറി ഒരു റൂം എടുത്തു. തരക്കേടില്ലാത്ത റൂമും നല്ല സര്‍വീസും ഭക്ഷണവും ഒക്കെ ആയപ്പോള്‍ ആ രാത്രി ഒന്നൂടെ ഉഷാറായി. പുറത്ത് മഴ ഉള്ളതിനാല്‍ തേസ്പൂരിന്റെ രാത്രിക്ക് നല്ല തണുപ്പായിരുന്നു. ആവശ്യമെങ്കില്‍ എടുക്കാന്‍ പാകത്തിന് കമ്പിളി പുതപ്പ് മുന്നില്‍ തന്നെയുണ്ട് .രാത്രി എറിയപ്പോള്‍ തണുപ്പ് കാരണം അതെടുത്ത് പുതക്കേണ്ടി വന്നു .

നല്ലൊരു ഉറക്കം കിട്ടിയതിന്റെ ആവേശത്തില്‍ രാവിലത്തെ ചായക്ക് ശേഷം അരുണാചലിന്റെ വീഥിയിലേക്ക് വണ്ടി എടുത്ത് വിട്ടു. ഏകദേശം 40 കിമി കൂടെ ഓടിയപ്പോള്‍ നമേരി ഇക്കോ സ്‌പോട്ടില്‍ എത്തി . രാവിലെ തന്നെ നൂല്‍മഴ പെയ്യുന്നുണ്ട് . പോരാത്തതിന് അരുണാചലിലെ മല ഇറങ്ങി വരുന്ന തണുത്ത കാറ്റും കൂടെ ആയപ്പോള്‍ കാരീയറില്‍ കെട്ടി വച്ച റൈഡിങ് ജാക്കറ്റ് എടുത്തിട്ടു. അര മണിക്കൂര്‍ കൂടെ പോയപ്പോള്‍ ഭലക്‌പോങ് എന്ന സ്ഥലത്തെത്തി .ആസാമില്‍ നിന്നും അരുണാചലിലേക്ക് കയറാനുള്ള പ്രവേശന കവാടത്തിന്റെ മുന്നില്‍നിര്‍ത്തി .അരുണാചലിന്റെ സ്വന്തം മൃഗമായ ഗായലിന്റെ കൂര്‍ത്ത കൊമ്പുള്ള തല കവാടത്തിന്റെ നടുക്ക് സ്ഥാപിച്ചിട്ടുണ്ട്. കവാടത്തിന്റെ സൈഡിലായാണ് ചെക്പോസ്റ്. എന്റെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും കഘജ ചെക്ക് പോസ്റ്റില്‍ കാണിച്ചതിന് ശേഷം കമേങ് നദി തൊട്ടു തലോടി പോകുന്ന വഴിയില്‍ കൂടെ അരുണാചലിലെ മല കയറാന്‍ തുടങ്ങി .

Arunachal Ride

രണ്ട് മൂന്ന് ദിവസമായി അരുണാചലില്‍ മൊത്തം മഴയായിരുന്നെന്നാണ് വഴിയില്‍ നിന്നും കേട്ടത് . അതിന്റെ ലക്ഷണമെന്നോണം റോഡില്‍ അവിടെ ഇവിടെയായി ചെളി നിറഞ്ഞിരിക്കുന്നുണ്ട് .ചില സ്ഥലങ്ങളില്‍ ലാന്‍ഡ് സ്ലൈഡിങ് . ദൂരം പിന്നിടുന്തോറും റോഡ് മോശമായികൊണ്ടിരുന്നു . മൂന്ന് മണി ആയപ്പഴത്തേക്ക് മലഞ്ചെരുവില്‍ ഇരുട്ട് കയറാന്‍തുടങ്ങിയിരിക്കുന്നു . നല്ല മഴക്കാറും ഇടയ്ക്കിടെ മഴയും പെയ്യുന്നുണ്ട് . ചിലയിടങ്ങളില്‍ റോഡ് ശരിക്കും തോട് തന്നെയായി മാറുന്നു. മല മുകളില്‍ നിന്നു ഒലിച്ചിറങ്ങിയ വെള്ളം മൊത്തം കെട്ടിക്കിടക്കുന്ന സ്ഥലം എത്തിയപ്പോള്‍ ഏതെങ്കിലും ഫോര്‍വീലര്‍ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു. അത് യാത്രയെ കുറച്ചൊന്നു താമസിപ്പിച്ചു. 

ഒരു 30 കിമി കൂടി ഓടിക്കഴിഞ്ഞപ്പോള്‍ വണ്ടിക്ക് ചെറിയ ഒരു പുളച്ചില്‍. നോക്കുമ്പോള്‍ അതാ ബാക്ക് ടയര്‍ പഞ്ചറായിരിക്കുന്നു. സമയം 4 മണി കഴിഞ്ഞു. അഞ്ച് കഴിഞ്ഞാല്‍ പിന്നെ ഇരുട്ടാവും കോടയിറങ്ങി തുടങ്ങുന്നുണ്ട്. വഴിയിലാണെങ്കില്‍ വണ്ടി നന്നേ കുറവ് . തുടര്‍ച്ചയായി മഴ പെയ്തത്‌കൊണ്ട് മൂന്ന് ദിവസമായി വൈദ്യുതി ഇല്ലെന്നാണ് കേട്ടത് . എന്റെ മൊബൈല്‍ കണക്ഷന്‍ ഐഡിയ ആയിരുന്നു അതിനാണെങ്കില്‍ അരുണാചലില്‍ എവിടെയും നെറ്റ്വര്‍ക്ക് ഇല്ല. കൂടെ ഉള്ള സുഹൃത്തിന്റേത് വൊഡാഫോണ്‍ ,പക്ഷേ മൂന്ന് ദിവസം കറണ്ടില്ലാത്തതിനാല്‍ നെറ്റ്വര്‍ക്ക് ഒന്നും കിട്ടുന്നുമില്ല. ആദ്യത്തെ അനുഭവമായതിനാല്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അന്തം വിട്ടു നിന്നപ്പോള്‍ ലോക്കല്‍ സര്‍വീസ് നടത്തുന്ന ഒരു സുമോ വരുന്നത് ശ്രദ്ധയില്‍ പെട്ടു. അവര്‍ ഞങ്ങളെ കണ്ട് വണ്ടി നിര്‍ത്തി കാര്യം അന്വേഷിച്ചു. 

Arunachal Ride

ഏഴ് കിമി പോയാല്‍ ചെറിയ ഒരു ടൗണ്‍ഷിപ്പ് ഉണ്ട്. അവിടെ പഞ്ചര്‍ ഒട്ടിക്കുന്ന ഷോപ്പ് ഉണ്ടെന്നു പറഞ്ഞപ്പോഴാണ് കുറച്ചു സമാധാനമായത്. കൂടെ ഉള്ള സുഹൃത്തിനെ ആ വണ്ടിയില്‍ കയറ്റി വിട്ടിട്ട് പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് കയറി ഇരുന്ന് ബൈക്കും എടുത്ത് ഞാന്‍ പതിയെ വിട്ടു. മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതിനാല്‍ കൂടെ ഉള്ള ആളെ കണ്ടുപ്പിടിക്കാന്‍ ഇത്തിരി പാടാവുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ അവന്‍ നടു റോട്ടില്‍ എന്റെ വരവും കാത്തു നില്‍പ്പായതിനാല്‍ വല്യ പ്രശ്‌നമൊന്നും ഉണ്ടായില്ല.

ടൗണ്‍ഷിപ് എന്നൊക്കെ കേട്ടപ്പോള്‍ ഒരു സമാധാനമായിരുന്നു പക്ഷെ അവിടെ എത്തിയപ്പോള്‍ ഉള്ള സമാധാനവും പോയി. I am legend എന്ന ഫിലിമിലെ വില്‍ സ്മിത്തിന്റെ അവസ്ഥയായിരുന്നു ഞങ്ങക്ക് രണ്ടു പേര്‍ക്കും. രാജസ്ഥാനിലെ കുല്‍ധാരയെ പോലെയുള്ള ഒരു പ്രേത ഗ്രാമത്തിന്റെ ചിത്രമാണ് മനസ്സില്‍ തെളിഞ്ഞു വന്നത്. ഒരു മനുഷ്യ ജന്മം പോലും എവിടെയും ഇല്ല . പഞ്ചറിന്റെ ഷോപ്പ് ആണെങ്കില്‍ അടച്ചിട്ടിരിക്കുന്നു. മഞ്ഞ ചോക്ക് കൊണ്ട് ഉടമയുടെ മൊബൈല്‍ നമ്പര്‍ വലുതായി എഴുതി വച്ചിട്ടുള്ള ഒരു പെട്ടിക്കട. നമ്പറിലേക്ക് വിളിക്കാന്‍ ഒരു വഴിയുമില്ലെങ്കിലും ആ നമ്പര്‍ ഫോണില്‍ ടൈപ്പ് ചെയ്ത് കുറച്ചു മുന്നോട്ടേക്ക് നടന്നു. കുറച്ചു മാറി രണ്ടു സ്ത്രീകള്‍ പാത്രം കഴുകുന്നത് ശ്രദ്ധയില്‍ പെട്ടു .കാര്യം പറഞ്ഞപ്പോള്‍ അവര്‍ പഞ്ചര്‍ ഒട്ടിക്കുന്ന ആളുടെ വീട് കാണിച്ചു തന്നു. വലിയൊരു ഉഷാറില്ലെങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആള്‍ കൂടെ വന്നു. എന്നിട്ട് ടയര്‍ നോക്കിയ ശേഷം പറഞ്ഞു ട്യൂബ് പോയിട്ടുണ്ട് പുതിയത് കിട്ടണമെങ്കില്‍ തിരിച്ചു ഭലക്‌പോങ് പോകേണ്ടി വരും. റോഡിലേക്ക് ഇറങ്ങി നിന്ന് വല്ല വണ്ടിക്കും കൈ കാണിച്ചു നോക്ക്, പെട്ടെന്ന് തിരിച്ചു വന്നാല്‍ ടയര്‍ ശരിയാക്കി തരാം...

Arunachal Ride

പിന്നെ സമയം കളഞ്ഞില്ല പെട്ടെന്ന് തന്നെ റോഡിലേക്കിറങ്ങി നിന്നിട്ട് പോവുന്ന വണ്ടിക്കൊക്കെ കൈ കാണിച്ചു . തവാങില്‍ നിന്നും ഗുവാഹട്ടിയിലേക്ക് പോവുന്ന മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂടെ നേരെ ഭലക്‌പോങ്ങിലേക്ക്. അവിടെ എത്തിയതിനു ശേഷം ഭക്ഷണം ഒക്കെ കഴിച്ച് ട്യൂബും വാങ്ങി തിരിച്ചു പോവാനായി ലിഫ്റ്റും തേടി നടു റോഡില്‍ . സമയം 8 കഴിഞ്ഞിരിക്കുന്നു . പേരിനൊരു സൈക്കിള്‍ പോലും റോഡിലില്ല . അത് വഴി വന്ന ഒരാളാണ് പറഞ്ഞത് രാത്രി ആയാല്‍ ബോംഡിലായിലേക്കോ രൂപയിലേക്കോ ചരക്കും കൊണ്ട് പോവുന്ന ലോറി മാത്രേ ഇത് വഴി പോകൂ കുറച്ച് മുന്നോട്ട് നടന്നാല്‍ ലോറി ബുക്കിംഗ് ഓഫീസ് ഉണ്ട് അവരോടു കാര്യം പറഞ്ഞാല്‍ മതി അവര് സഹായിക്കാതിരിക്കില്ലാ...

നേരെ ലോറി ബുക്കിങ് ഓഫീസിലേക്ക് പോയി കാര്യം പറഞ്ഞപ്പോള്‍ കാത്തു നില്‍ക്കാന്‍ വേണ്ടി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ലോറി വന്നു. അവിടെ ഉള്ളവരോട് നന്ദി പറഞ്ഞ് നേരെ ക്യാബിനിലേക്ക് ചാടിക്കയറി. ക്യാബിനിനകത്തെ ഇരുണ്ട വെളിച്ചത്തില്‍ പരസ്പരം കാണുന്നില്ലെങ്കിലും ഡ്രൈവര്‍ കാര്യങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞു. ലോറിയില്‍ മല കയറുന്നത് ഒരു ഭയങ്കര ത്രില്‍ ആണ്. ഹൈ ഗിയറില്‍ ഇട്ട് കുഴിയൊക്കെ ചാടി ചാടി സെസ എത്തിയപ്പോള്‍ സമയം 10 കഴിഞ്ഞിരുന്നു.

Arunachal Ride

രാത്രി തങ്ങാനായി ഒരു റൂം കിട്ടണമെങ്കില്‍ 55 കിമി അപ്പുറത്തുള്ള തേങ്ങാ വാലി എന്ന സ്ഥലത്തെത്തണം സെസക്കും തേങ്ങാ വാലിക്കുമിടയില്‍ ഒരു ടൗണ്‍ഷിപ്പ് പോലുമില്ല. വേറെ വഴി ഇല്ലാത്തതിനാല്‍ സെസ വിട്ട് പോവേണ്ടി വന്നു. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോള്‍ മലയുടെ ചെരിവ് ഇടിഞ്ഞ് റോഡ് മൊത്തം ചെളി നിറഞ്ഞിരിക്കുന്നു. വളരെ കഷ്ടപ്പെട്ടാണ് അവിടുന്നൊന്ന് രക്ഷപ്പെട്ടത്. കോട നിറഞ്ഞിട്ടാണെങ്കില്‍ ഒന്നും കാണാനും പറ്റുന്നില്ല. മേഘക്കെട്ട് താഴേക്ക് ഇറങ്ങി വന്ന പോലെയാണ്. അറബിക്കഥയില്‍ അലാവുദീന്‍ പരവതാനിയില്‍ മേഘക്കെട്ടുകള്‍ക്കിടയില്‍കൂടെ പോവുന്ന പോലെ ഞാനും എന്റെ സുഹൃത്തും പതിയെ മുന്നോട്ടേക്ക്.

Arunachal Ride

സെക്കന്റ് ഗിയറില്‍ നിന്ന് തേര്‍ഡിലേക്കൊന്നു മാറ്റാന്‍ കോടയും റോഡും സമ്മതിച്ചേ ഇല്ല . അങ്ങനെ തേങ്ങാ വാലി എത്തിയപ്പഴേത്തേക്ക് മണി 2:45 . ആ രാത്രിയില്‍ 55 സാ ഓടിത്തീര്‍ക്കാന്‍ ഞങ്ങക്ക് വേണ്ടി വന്നത് നാലേകാല്‍ മണിക്കൂറാണ് .പിന്നെ ഒരു റൂമും തപ്പിപ്പിടിച്ച് ഭക്ഷണവും കഴിച്ച് ഒറ്റ കിടത്തം.

പിറ്റേന്ന് രാവിലെ 9 മണി ആയപ്പോഴേക്ക് വണ്ടിയും എടുത്ത് തവാങ്ങിലേക്ക് വിട്ടു. തെങ്ങാ വാലിയില്‍ നിന്നു തവാങിലേക്ക് 200 കിമി ആണ് ദൂരം. രണ്ട് മൂന്ന് ദിവസമായി സേലാ പാസില്‍ കനത്ത മഞ്ഞ് വീഴ്ചയായിരുന്നതിനാല്‍ ദിരാങ്ങില്‍ എത്തിയതിന് ശേഷം റോഡിന്റെ അവസ്ഥ നോക്കി യാത്ര തുടരാം എന്ന് കരുതി. പക്ഷേ തേങ്ങാ വാലിയില്‍ നിന്നു 9 കിമി കൂടെ പോയപ്പോഴേയ്ക്കും വണ്ടി വീണ്ടും പഞ്ചര്‍. ഒരുപാടൊന്നും ചിന്തിക്കാതെ ആദ്യം ചെയ്ത പോലെ സുഹൃത്തിനെ ഒരു വണ്ടിയില്‍ കയറ്റി വിട്ടിട്ട് ഞാന്‍ പെട്രോള്‍ ടാങ്കില്‍ കയറി ഇരുന്ന് 9 കിമി തിരിച്ച് ഇറങ്ങാന്‍ തുടങ്ങി. 

Arunachal Ride

തരക്കേടില്ലാത്ത ഒരു പഞ്ചര്‍ഷോപ്പാണ്. പഞ്ചറായി വണ്ടി ഓടിയതിനാല്‍ നെക്ക് കീറി ട്യൂബ് ഇത്തവണയും മാറ്റേണ്ടി വന്നു. ട്യൂബ് ഒക്കെ അവിടെത്തന്നെ ഉണ്ടായിരുന്നതിനാല്‍ വേറെ എങ്ങോട്ടും പോവേണ്ടി വന്നില്ല. ഇതിന് മുന്നേയും പഞ്ചറായിരുന്നു എന്നുപറഞ്ഞപ്പോള്‍ അവര്‍ ടയര്‍ ശരിക്കൊന്നു പരിശോധിച്ചു. നോക്കുമ്പോള്‍ റിമ്മില്‍ നിന്ന് ഒരു ഇല്ലി തെന്നിക്കിടപ്പുണ്ട്. അത് ട്യൂബില്‍ തട്ടിയാണ് വീണ്ടും പഞ്ചറായത്. അതൊക്കെ നേരെയാക്കി പഴയ ട്യൂബ് മുറിച്ച് അതിനുള്ളില്‍ പുതിയ ട്യൂബ് ഇട്ട് നല്ല അടിപൊളിയായി പണിയൊക്കെ കഴിച്ച് തന്നു. ശേഷം നേരെ ദിരാങ്ങിലേക്ക്.

ദിരാങ്ങിലെത്തിയപ്പോള്‍ ഒരു റൈഡേഴ്‌സിന്റെ ടീം ഞങ്ങളെ കൈ കാണിച്ച് നിര്‍ത്താന്‍ വേണ്ടി പറഞ്ഞു. വെസ്റ്റ് ബംഗാളിലെ സിലിഗുരിയില്‍ നിന്നുള്ള ടീമാണ്. അവരുടെ കൂടെയുള്ള രണ്ടു പേര് സേലാ പാസില്‍ കനത്ത മഞ്ഞുവീഴ്ച്ച കാരണം കുടുങ്ങിരിക്കുകയാണ്. അവരെ കൊണ്ട് വരാനായി ട്രക്ക് അയച്ചിട്ടുള്ള കാത്തിരിപ്പാണ്. അതോണ്ട് ഇന്ന് സേലാ പാസ് ക്രോസ്സ് ചെയ്യണ്ട, നാളെ നേരം വെളുത്ത് റോഡ് കണ്ടീഷന്‍ നോക്കിയിട്ട് പോയാല്‍ മതിയെന്ന് നിര്‍ബന്ധം പറഞ്ഞു. പോരാത്തതിന് കൊടും തണുപ്പില്‍ ഒരു ടാക്‌സി ഡ്രൈവര്‍ മരിക്കുകയും കൂടി ചെയ്തുവെന്നു കേട്ടപ്പോള്‍ ഒന്നും മിണ്ടാതെ ഒരു റൂമെടുത്തു അവിടെ തന്നെ കൂടി.

Arunachal Ride

പിറ്റേന്ന് നേരം വെളുത്ത് സേലാ പാസ്സിലേക്ക് കയറാന്‍ തുടങ്ങി . നല്ല തണുപ്പുണ്ട് . കൈയ്യിലാണെങ്കില്‍ നോര്‍മല്‍ ഗ്ലൗ മാത്രേ ഉള്ളൂ. തണുപ്പടിച്ച് വിറങ്ങലിച്ച വിരല് കൊണ്ട് ക്ലച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ശരിക്കും പാട് പെട്ടു. പിന്നെ 10 മിനിറ്റ് കൂടുമ്പോള്‍ വണ്ടി നിര്‍ത്തി എഞ്ചിനില്‍ കൈ വച്ച് ചൂടാക്കി മാറി മാറി ഒട്ടിയിട്ടാണ് മുകളിലെത്തിയത്. തണുപ്പില്‍ സേലാ തടാകം ഐസ് ആയി മാറിയിരിക്കുന്നു. വെള്ള മുത്ത് പൊഴിച്ചിട്ട പോലെ ദൂരെ മലയുടെ ചെരിവില്‍ മഞ്ഞു വീണുറഞ്ഞത് കാണാം. റോഡില്‍ അവിടെയിവിടെയൊക്കെയായി മഞ്ഞ് വീണ് കിടപ്പുണ്ട്. രണ്ട് പ്രാവശ്യം സ്‌കിഡ് ആയി വീഴുകയും ചെയ്തു. കാറിന്റെയും ട്രെക്കിന്റെയും ഒക്കെ ടയറില്‍ ഗ്രിപ്പിന് വേണ്ടി ചങ്ങല ഘടിപ്പിച്ചിട്ടാണ് പോവുന്നത്. സേലാ പാസ് കഴിഞ്ഞ് മഞ്ഞു കാരണം ബൈക്കിന് പോവാനേ പറ്റുന്നില്ലാ. പോരാത്തതിന് ടയര്‍ വീണ്ടും പഞ്ചറായാല്‍ പെട്ട് പോവും എന്ന് നല്ല പേടിയും ഉണ്ട്. അതിനാല്‍ തവാങ് എന്ന സ്വപ്നം സേലയില്‍ വച്ച് ഉപേക്ഷിക്കേണ്ടി വന്നു.

തവാങിലെത്താന്‍ കഴിയാത്തതിന്റെ വിഷമവും പേറിയിട്ടുള്ള തിരിച്ച് പോക്കാണ്. ഒരിക്കലെങ്കിലും തവാങ്ങിന്റെ മണ്ണില്‍ കാല് കുത്തണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. അങ്ങനെയുള്ള തിരിച്ച് പോക്കിനിടെ ദിരാങ്ങില്‍ നിന്ന് 23 കിമി ദൂരെ വച്ച് വണ്ടി വീണ്ടും പഞ്ചറായി. മുകളിലേക്ക് വലിയ മലയിടുക്കുകള്‍, താഴെ പരന്നു കിടക്കുന്ന താഴ്വാരം. പതിവിന് വിപരീതമായി 4 മണി ആയപ്പോഴേക്ക് ഇരുട്ട് പരക്കുന്നുണ്ട്, പോരാത്തതിന് നല്ല തണുപ്പും. 

സേലാ പാസ് അടഞ്ഞു കിടക്കുന്നതിനാല്‍ തവാങില്‍ നിന്നു വരുന്ന വണ്ടികളും ഇല്ല. അന്നാണെങ്കില്‍ ദസറ ആയതിനാല്‍ എല്ലാവരും മറ്റ് ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. റോഡില്‍ വണ്ടി നന്നേ കുറവ്. ഏകദേശം ഒരു മണിക്കൂറോളം നടു റോഡില്‍ തണുപ്പിനെയും തിന്ന് നില്‍ക്കുമ്പോള്‍ national institute of mountaineering and allied sports-ന്റെ ഒരു വാന്‍ വരുന്നത് കണ്ടു. ആന്ധ്രാക്കാരനാണ് ഡ്രൈവര്‍. മൂപ്പരൊറ്റക്കേ ഉള്ളൂ. കാര്യൊക്കെ പറഞ്ഞപ്പോള്‍ 11 കിമി പോയാല്‍ ഒരു പഞ്ചര്‍ ഷോപ്പ് ഉണ്ട്, പക്ഷേ ദസറ ആയതിനാല്‍ തുറക്കുമോ എന്നുറപ്പില്ലാ, ഏതായാലും പുറകേ പോരാനായി പറഞ്ഞു. 

അപ്പോഴും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വണ്ടിയിലും ഞാന്‍ പെട്രോള്‍ ടാങ്കിന്റെ പുറത്തും. രണ്ടാളുടെ ഫോണിനും റേഞ്ച് ഇല്ല. പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഷോപ്പ് അടച്ചിട്ടിരിക്കുന്നു. മുന്നേ പോയ വണ്ടിയുടേയും സുഹൃത്തിന്റേയും പൊടി പോലും കാണുന്നില്ല. കിളി പോയ അവസ്ഥയില്‍ വണ്ടി സൈഡാക്കി അങ്ങനെ ഇരിക്കുമ്പോള്‍ പഞ്ചാബി ഹൗസില്‍ രമണന്‍ ബോട്ടുമായി മുതലാളീ ജങ്ക ജക ജകാ എന്നും പറഞ്ഞ സീന്‍ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ സുഹൃത്ത് അതാ ഒരു പിക്കപ്പിന്റെ മുകളില്‍ കയറി വരുന്നു . നോക്കുമ്പോ നേരത്തെ പോയ ആന്ധ്രക്കാരന്‍ NIMAS ന്റെ സ്വന്തം വണ്ടി ഞങ്ങക്ക് വേണ്ടി അയച്ചിരിക്കുന്നു. അങ്ങനെ വണ്ടി പിക്കപ്പില്‍ ഇട്ട് നേരെ ദിരാങ്ങിലേക്ക്.

ഒട്ടുമിക്ക കടകളും അടഞ്ഞു തന്നെ കിടപ്പായിരുന്നു. ഭാഗ്യത്തിന് ഒരു കാര്‍ വര്‍ക്ക്‌ഷോപ്പ് തുറന്നിട്ടുണ്ട്. കയ്യും കാലും പിടിച്ചാണ് പഞ്ചറടിച്ചു തരാമെന്ന് സമ്മതിപ്പിച്ചത്. 700 രൂപയും കൊടുക്കേണ്ടി വന്നു. പിറ്റേന്ന് വൈകിട്ട് നാലു മണിക്ക് ഗുവാഹത്തിയില്‍ നിന്നു ബാംഗ്ലൂരിലേക്ക് ഫ്‌ലൈറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ദിരാങ്ങില്‍ നിന്നു ഗുവാഹത്തിയിലേക്ക് 380 കിമി ആണ് ദൂരം. വീണ്ടും പഞ്ചറാവുമെന്നുള്ള പേടി കാരണം രാത്രി യാത്ര ചെയ്യാന്‍ മനസ്സ് വന്നില്ല. 

പിറ്റേന്ന് രാവിലെ എഴുന്നേറ്റു പോയാല്‍ നാലു മണി ആകുമ്പോഴേയ്ക്കും 380 കിമി ഓടിത്തീര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നുമില്ല. അടുത്ത ടൗണ്‍ഷിപ്പ് വരുന്നത് ബോംഡിലായാണ്. കഴിയുന്ന ദൂരം കവര്‍ ചെയ്യാം എന്ന് കരുതി വണ്ടി വിട്ടു. ബോംഡിലായില്‍ എത്തി ഒരു റൂം എടുത്തു. ഗുവാഹട്ടിയിലേക്ക് രൂപാ വഴി ഒരു ആള്‍ട്ടര്‍നേറ്റീവ് റൂട്ടുണ്ടെന്നു ഞാന്‍ എവിടെയോ വായിച്ചിരുന്നു.

രൂപാ - ഷെര്‍ഗോണ്‍ -കലക്താങ് -ഒറാങ്

അതിനെ കുറിച്ചറിയാന്‍ വേണ്ടി ഹോട്ടല്‍ റിസപ്ഷനിലെ ആളോട് ചോദിച്ചപ്പോള്‍ അയാള്‍ക്ക് മറുപടി പറയാന്‍ ഒരു മടി. ഗൂഗിള്‍ മാപ്പില്‍ പോലും കാണിക്കാത്ത ഒരു വഴിയെ കുറിച്ച് പറഞ്ഞുതരാതിരിക്കാനുള്ള കാരണം കുറേ നിര്‍ബന്ധിച്ചതിനു ശേഷമാണ് അയാള്‍ വിവരിച്ചത്.

അരുണാചലിലെ പ്രധാന ടെററിസ്റ്റ് ഗ്രൂപ്പായ അരുണാചല്‍ ഡ്രാഗണ്‍ ഫോഴ്‌സ്, ലാന്‍ഡ് നാഷണല്‍ ലിബറേഷന്‍ ടൈഗേഴ്സ് തുടങ്ങിയവക്ക് സജീവ സാന്നിധ്യമുള്ള സ്ഥലങ്ങളിലൂടെ കടന്നു പോവുന്ന റൂട്ടായതിനാല്‍ അത് വഴി ബൈക്ക് ഒന്നും പോവാറില്ലാ. അതിനാല്‍ നിങ്ങളും പോകേണ്ടാ എന്നായിരുന്നു മൂപ്പരുടെ മറുപടി. ടൂറിസ്റ്റുകളെ ബന്ദികളാക്കിയ ചില സംഭവങ്ങളും അവിടെ ഉണ്ടായിട്ടുണ്ടെന്നും  അയാള്‍ കൂട്ടിച്ചേര്‍ത്തു. ആ വഴി പോവുകയാണെങ്കില്‍ ഏകദേശം 150 കിമി ലാഭിക്കാം എന്നറിഞ്ഞപ്പോള്‍ വേറെ വഴിയൊന്നും ഞങ്ങളുടെ മനസ്സില്‍ തെളിഞ്ഞില്ല. അവിടേയ്ക്ക് ലോക്കല്‍ സര്‍വീസ് നടത്തുന്ന സുമോയുടെ കൂടെ പിടിച്ചാല്‍ മതി, വല്യ പ്രശനങ്ങളൊന്നുമില്ലാ എന്ന് വഴിയില്‍ കണ്ട നാട്ടുകാര്‍ പറഞ്ഞു തന്ന ധൈര്യത്തില്‍ വണ്ടി ഞങ്ങള്‍ രൂപാ വഴി ഒറാങ്ങിലേക്ക് വിട്ടു.

യൂറോപ്പിലെ ഏതെങ്കിലും നാടോടിക്കഥകളില്‍ വിവരിച്ച ഗ്രാമ ഭംഗിയോട് കിടപിടിക്കുന്ന പ്രകൃതി. തീര്‍ത്തും നിശബ്ദമായ താഴ്വാരം. ചുവപ്പ് ചൂടിയ മരങ്ങള്‍. വലിയ പാറക്കല്ലുകളില്‍ തല്ലി തെറിച്ച് മഴവില്ല് രൂപപ്പെട്ടിരിക്കുന്ന അരുവികള്‍. കറുത്ത മണ്ണ് നിറഞ്ഞിരിക്കുന്ന ആളൊഴിഞ്ഞ കൃഷിയിടങ്ങള്‍. മഞ്ഞ് തുള്ളിയേറ്റ പുല്‍തകിടില്‍ അലസമായി മേഞ്ഞു നടക്കുന്ന കുതിരകള്‍. ശരിക്കും പറഞ്ഞാല്‍ മുന്നേ കാര്‍ഗിലിലും ലേയിലെ പാന്‌ഗോങ് ലേക്കിലും എത്തിയപ്പോഴാണ് ഞാന്‍ ഇത്രയും അമ്പരന്നിട്ടുള്ളത്.

അതിനേക്കാള്‍ ഒക്കെ എത്രയോ സുന്ദരിയാണ് ഇവിടം. ഫോട്ടോസ് എടുക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥയില്‍ അല്ലാതിരുന്നതിനാല്‍ ഒരുപാടൊന്നും ചിത്രീകരിക്കാന്‍ സാധിച്ചില്ല. ഏതൊരു യാത്രികനും ജീവിതത്തില്‍ ഒരിക്കല്ലെങ്കിലും ഈ റൂട്ടില്‍ കൂടി പോകണമെന്ന് ഒരപേക്ഷയുണ്ടെനിക്ക്.

ആളൊഴിഞ്ഞ റൂട്ടില്‍ കൂടെ തരക്കേടില്ലാത്ത സ്പീഡില്‍ ആക്സിലേറ്റര്‍ തിരിച്ചുകൊണ്ടിരുന്നു. ഏകദേശം ഗുവാഹത്തിയില്‍ നിന്നു 90 കിമി മുമ്പായി നാഷണല്‍ ഹൈവേയിലൂടെ സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടി വീണ്ടും പഞ്ചറായി. ബാക്കിലെ ബ്രേക്ക് ചവിട്ടിയിട്ട് കിട്ടാത്തതുകൊണ്ട് ഫ്രണ്ടിലെ ഡിസ്‌ക് പിടിച്ച് ഗിയര്‍ ഡൗണ്‍ ചെയ്ത് റോഡില്‍ നിന്നിറക്കി മണ്ണില്‍ ക്രാഷ് ചെയ്താണ് വണ്ടി നിര്‍ത്തിയത്. ബാക്കില്‍ വലിയ വണ്ടി ഒന്നും ഇല്ലാതിരുന്നതിനാല്‍ ഒന്നും പറ്റിയില്ല. ഭാഗ്യത്തിന് ഒരു കിമി അപ്പുറത്തായി ഒരു പഞ്ചര്‍ കട ഉണ്ടായിരുന്നതിനാല്‍ തക്ക സമയത്ത് പഞ്ചറടിച്ച് എയര്‍പോര്‍ട്ടില്‍ എത്താന്‍ പറ്റി. വഴിയിലുടനീളം പഞ്ചറിനും ട്യൂബിനും ചിലവായ പണം, തിരികെ തന്ന് രവി മാന്യത കാണിച്ചു. ഭാഗ്യക്കേടു കൊണ്ട് പൂര്‍ത്തീകരിക്കാന്‍ പറ്റാത്ത തവാങിലേക്ക് നല്ലൊരു മുന്നൊരുക്കത്തോടെ വീണ്ടും വരുമെന്ന് മനസ്സിലുറപ്പിച്ചു തിരികെ നാട്ടിലേക്ക്...