നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാം, ആംസ്റ്റല്‍വീന്‍ എന്നീ നഗരങ്ങളിലായി പരന്നുകിടക്കുന്ന ഈ പാര്‍ക്ക് പേരു സൂചിപ്പിക്കുന്നപോലെ തന്നെ ഒരു കാടാണ്- മനുഷ്യനിര്‍മ്മിതം. 1930-കളിലാണ് തടാകങ്ങളും തോടുകളും ചതുപ്പുനിലങ്ങളും നിറഞ്ഞ ഈ പ്രദേശം ഒരു കാട് ആക്കി മാറ്റാനുള്ള പ്രവൃത്തി തുടങ്ങിയതത്രെ. ധാരാളം വൃക്ഷങ്ങള്‍. കാറ്റാടി മരങ്ങളോട് സാദൃശ്യമുള്ളവയാണ് അധികവും. വന്‍വൃക്ഷങ്ങളെന്ന് പറഞ്ഞുകൂടാ. അടിക്കാടും സമൃദ്ധമല്ല. 2500 ഓളം ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ പാതകളുണ്ട്. ടാറിട്ടപാതകളും മണ്‍പാതകളുമുണ്ട്. തോടുകള്‍ക്ക് മീതെ മരംകൊണ്ടുള്ള പാലങ്ങള്‍. പാര്‍ക്കിനുള്ളില്‍ കണ്‍വെന്‍ഷന്‍ സെന്ററും പാര്‍ട്ടിഹാളും സിനിമ തിയേറ്ററും താമസസൗകര്യവും എല്ലാം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

വസന്ത ഋതുവിന്റെ വരവോടെ പൂക്കുന്ന ചെറിബ്ലോസത്തിനായി ഒരു പ്രദേശം അപ്പാടെ മാറ്റിവെച്ചിരിക്കുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നഗരവാസികള്‍ കുടുംബത്തോടെയും സ്നേഹിതരോടൊപ്പവും പിക്നിക്കിനായി ഇവിടെയെത്തും. ചെറിബ്ലോസം ഫെസ്റ്റിവല്‍ ആഘോഷിക്കാന്‍.

Amsterdamse Bos

സക്കുറ എന്ന ജാപ്പനീസ് ചെറിയുടെ ഇനത്തില്‍പ്പെട്ട ഒരു സസ്യമാണ് ചെറിബ്ലോസം. ജപ്പാനിലെ ദേശീയ പുഷ്പമായ ചെറിബ്ലോസത്തിന്റെ ഇനങ്ങള്‍ അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലും വളരുന്നു. ജപ്പാന്‍ വുമണ്‍സ് ക്ലബ്, ആംസ്റ്റല്‍വീന്‍ നഗരത്തിന് സമ്മാനമായി 2000-ല്‍ നല്‍കിയ 400 ചെറിബ്ലോസം ചെടികള്‍ ആംസ്റ്റര്‍ഡാം സെ ബോസില്‍ നട്ടുവളര്‍ത്തുകയായിരുന്നു.

ആംസ്റ്റല്‍വീനിലെ താമസസ്ഥലത്തുനിന്ന് ഒരു ടാക്സിയിലാണ് ഞങ്ങള്‍ ആംസ്റ്റര്‍ഡാംസെ ബോസിലേക്ക് പോയത്. മുന്‍സിപ്പല്‍ ഓഫീസിന് സമീപമുള്ള പ്രധാന കവാടത്തിനരികില്‍ വിശാലമായ പാര്‍ക്കിങ് ഗ്രൗണ്ട്. വാഹനങ്ങള്‍ക്ക് പാര്‍ക്കിനകത്തേക്ക് പ്രവേശനമില്ല. സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്.

Amsterdamse Bos

മുഖ്യപാതയിലെ തോടിന് കുറുകെയുള്ള പാലത്തില്‍ ചെറിയ ഒരാള്‍ക്കൂട്ടം. മരംകൊണ്ട് കമാനാകൃതിയില്‍ നിര്‍മ്മിച്ച കൈവരിയില്‍ ചാരിനിന്ന് ഫോട്ടോവിന് പോസ് ചെയ്യുന്നവര്‍. പിന്നില്‍ തടാകവും ദൂരെ ഒരു പള്ളിയും. ഒരു നല്ല ഫ്രെയിം. പാലം കടന്ന് തോട്ടരികിലൂടെ ചെറിയ ഒരു വഴിയാണ് ചെറിബ്ലോസം പാര്‍ക്കിലേക്ക്. നല്ല തിരക്കുണ്ട്. വരുന്നവരും പോകുന്നവരും. നാട്ടുകാരുണ്ട്, ഇവിടെ താമസമാക്കിയ വിദേശികളുണ്ട്. കൂടാതെ വിനോദ സഞ്ചാരികളും. വിന്റര്‍ കഴിഞ്ഞ് സ്പ്രിങ്ങ് ആയതോടെ ഇവിടെ ടൂറിസ്റ്റ് സീസണായി.

ചെറിബ്ലോസം പാര്‍ക്കിന്റെ പ്രവേശന ദ്വാരത്തില്‍ ഞാന്‍ ശ്രദ്ധിച്ചത് രണ്ട് കാര്യങ്ങളാണ്. അവിടെ വരുന്നവര്‍ പ്ലാസ്റ്റിക് കുപ്പിയും ഭക്ഷണത്തിന്റെ അലുമിനിയം ഫോള്‍ഡറും അടങ്ങുന്ന അവശിഷ്ടങ്ങള്‍ എല്ലാം കവറിലാക്കി അതിനായി വെച്ചിരിക്കുന്ന വലിയ പെട്ടികളില്‍ നിക്ഷേപിക്കുന്നു. പെട്ടിയുടെ പുറത്ത് ഒന്നും തൂവിയിട്ടില്ല. രണ്ടാമത്, നിരയായി ഒരുക്കിയിരിക്കുന്ന മൂത്രപ്പുരകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന സ്ത്രീ-പുരുഷന്മാര്‍. നാട്ടിലെപ്പോലെ മൂത്രപ്പുരയ്ക്ക് പുറത്ത് ആരും മൂത്രമൊഴിക്കാന്‍ ശ്രമിക്കുന്നില്ല. ചുറ്റിലും കാട് ആയിട്ടുപോലും. വൃത്തിയുടെ കാര്യത്തില്‍ ഇവിടുത്തുകാര്‍ നല്ല ബോധമുള്ളവരാണ്. എല്ലാ റോഡുകളും ക്ലീന്‍. എവിടെയും ആരും ഒന്നും വലിച്ചെറിയുന്നില്ല. ഇലപൊഴിയും കാലത്ത് പാതയോരത്തെ മരങ്ങളുടെ ചുവട് വൃത്തിയാക്കാന്‍ മുനിസിപ്പല്‍ ജീവനക്കാര്‍ വരും.

P_20170402_202719.jpg

പാര്‍ക്കിനുള്ളില്‍ നിറയെ പൂത്തുനില്‍ക്കുന്ന ചെറിബ്ലോസം മരങ്ങള്‍. 15-20 അടിയോളം ഉയരം. പടര്‍ന്ന് പന്തലിച്ച അവയുടെ ചില്ലകള്‍ മുഴുവനും പൂക്കള്‍. ഇലകള്‍ ഇല്ലെന്ന് തന്നെ പറയാം. വീശുന്ന ചെറുകാറ്റില്‍ കൊഴിയുന്ന പൂക്കള്‍ പുല്‍ത്തകിടിയില്‍ ഒരു പരവതാനി ഒരുക്കിയിരിക്കുന്നു. ഓരോ മരത്തിന് കീഴിലും, അവക്കിടയിലും ഷീറ്റ് വിരിച്ചും അല്ലാതെയും വട്ടംകൂടിയിരുന്ന് സൊറ പറയുന്ന കൂട്ടായ്മകള്‍. ചിലര്‍ ഇംഗ്ലീഷ് സംസാരിക്കുന്നു. ഡച്ചും ഫ്രഞ്ചും സംസാരിക്കുന്നവരാണ് അധികവും. ഞങ്ങള്‍ ഇരുന്നതിന്റെ പിന്നില്‍ തമിഴ് സംസാരിക്കുന്ന ഒരു കുടുംബമുണ്ടായിരുന്നു. ഹോളിഡേ ആഘോഷിക്കുന്നവരും യുവമിഥുനങ്ങളും ഇവര്‍ക്കിടയിലൂടെ ഓടിക്കളിക്കുന്ന ചെറിയകുട്ടികളും. സന്തോഷത്തിന്റെ ഒരു പ്രത്യേക അന്തരീക്ഷം.

നാട്ടിലെ ഇത്തരം കേന്ദ്രങ്ങളില്‍ സാധാരണ കാണാറുള്ള പരസ്യബോര്‍ഡുകളോ ബാനറുകളോ ഇല്ല. ചെറിയ കടകളോ, നടന്നുവില്പനക്കാരോ ഇല്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'പച്ചവെള്ളം അവിടെ കിട്ടില്ല' വേണ്ടത് എല്ലാം അവനവന്‍ കൊണ്ടുവരണം.

ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച് വൈകിട്ട് അഞ്ചരമണിയോടെ ഞങ്ങള്‍ തിരിച്ച് നടക്കുവാന്‍ തുടങ്ങി. കാടിന് പുറത്തു കടക്കുവാന്‍ തടാകത്തീരത്തു കൂടിയുള്ള മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. കാടിനെ ചുറ്റിവരുന്ന തോട്ടിന്‍കരയില്‍ ഒറ്റപ്പെട്ട വീടുകളും ഒരു പള്ളിയും ഉണ്ട്. പള്ളിയുടെ നേരെ എതിര്‍വശത്തുള്ള കാപ്പിക്കടയില്‍ നല്ല തിരക്കാണ്. നേരം വൈകിട്ട് ആറു മണി. റസ്റ്റോറന്റിന്റെ മുറ്റത്ത് നിരത്തിയിരിക്കുന്ന മേശകള്‍ക്ക് ചുറ്റും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വെയില്‍ കാഞ്ഞിരിക്കുന്നവര്‍. ഇക്കാലത്ത് ഇവിടെ ഇരുട്ടാകാന്‍ എട്ടുമണിയൊക്കെ ആകും.

Amsterdamse Bos

ഞങ്ങളും ഒരു മേശ പിടിച്ച്, കാപ്പിയും ഫ്രഞ്ച് ഫ്രൈയും കാത്തിരുന്നു. വീട്ടില്‍ നിന്ന് കരുതിയ വെള്ളം കുടിച്ചു. ഇവിടെ വെള്ളത്തിന് ബിയറിനേക്കാള്‍ വിലയാണ്. ചുറ്റുമുള്ള മേശകളില്‍ എല്ലാം ബിയര്‍ ഗ്ലാസുകള്‍. മദ്യഷോപ്പുകള്‍ക്ക് ദേവാലയങ്ങളില്‍ നിന്ന് ദൂരപരിധി നിയമമുള്ള നാട്ടില്‍നിന്നു വരുന്നവര്‍ക്ക് ആശ്ചര്യം, ഇവിടെ പള്ളിക്ക് നേരെ മുന്നിലിരുന്ന് (പള്ളിമുറ്റമെന്ന് പറയാന്‍ പറ്റില്ല, ഇടയ്ക്ക് ഒരു റോഡുണ്ട്) കര്‍ത്താവിനെ സാക്ഷിയാക്കി മദ്യസേവ.