"ഡിയോ നമ്മള്‍ വിചാരിക്കുന്നതിലും ഭയങ്കരന്‍ ആണ്... Mathrubhumi - Sanchari POST OF THE WEEK

ഈ വണ്ടിയിലോ ? ഇത്രയും ദൂരമോ? നിനക്കൊക്കെ വട്ടാണോ?  ഞങ്ങളുടെ യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ കേള്‍ക്കാനിടയായ ചില അഭിപ്രായങ്ങള്‍ ആണ് ഇവ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ പോകും എന്ന് തന്നെ ഉറപ്പിച്ചു. (ഞാനും അഖിലും) അതിനെക്കുറിച്ചു പിന്നെ പ്ലാനിങ്ങുകളോ സംസാരങ്ങളോ ഒന്നുംതന്നെ നടത്തിയില്ല. അവന്‍ വണ്ടി ഒന്ന് സര്‍വീസ് ചെയ്യാന്‍ കൊടുത്തു അത്രമാത്രം. 

ജൂണ്‍ 15 വൈകുന്നേരം സ്റ്റാര്‍ട്ട് ചെയ്യാനായിരുന്നു പ്ലാന്‍. അതിനു കടിഞ്ഞാണ്‍ ഇടവണ്ണമായിരുന്നു രണ്ടു ദിവസമായുള്ള ശക്തമായ മഴ. പിന്നെ 16നു പെട്രോള്‍പമ്പ് സമരം ആണെന്നുള്ള വാര്‍ത്തയും. ട്രിപ്പ് ഏറെക്കുറെ മുടങ്ങുമോ എന്ന് എനിക്ക് തോന്നി. പക്ഷെ അങ്ങനെ പിന്മാറാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ സമരത്തിന്റെ കാര്യം ശരിയാണോ എന്നറിയാന്‍ അടുത്തുള്ള പമ്പുകളിലൊക്കെ അന്വേഷിച്ചു. അപ്പോഴും അവധിയായിരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് മൈസൂരിലെ ഒരു പമ്പിലേക്ക് വിളിച്ചു തിരക്കിയപ്പോള്‍ അവിടെ അങ്ങനെ സമരത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഒന്നും കിട്ടിയിട്ടില്ല എന്നായിരുന്നു മറുപടി. എന്നാലും പോയാല്‍ പെട്രോള്‍ കിട്ടിയില്ലെങ്കിലോ എന്ന ഒരു ആശങ്ക ഞങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്നു. പക്ഷെ യാത്ര വീണ്ടും നീട്ടി വെക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. 

വരുന്നത് വരട്ടേ എന്നുകരുതി ഞങ്ങള്‍ പോവാന്‍തന്നെ തീരുമാനിച്ചു.

അടുത്ത കടമ്പ വീട്ടില്‍നിന്നും അനുവാദം വാങ്ങല്‍ ആയിരുന്നു. മൈസൂര്‍വരെ എന്നുപറഞ്ഞു കാര്യം അവതരിപ്പിച്ചു. വിചാരിച്ചപോലെ വല്യ പ്രശ്‌നങ്ങളില്ലാതെ അച്ഛനും 'ഇങ്ങനെ നാടുതെണ്ടി നടന്നോ എന്ന മറുപടിയിലൂടെ അമ്മയും മൗനാനുവാദം തന്നു. ആവശ്യമുള്ള സാധനങ്ങളെല്ലാം നേരത്തെ സെറ്റാക്കിവെച്ചിരുന്നതിനാല്‍ അധികം തയ്യാറെടുപ്പുകള്‍ വേണ്ടിവന്നില്ല.

ഡിയോയിലാണ് പോകുന്നത്. രണ്ട് സൈഡും കൂടി രണ്ടായിരത്തോളം കിലോമീറ്ററോളം ഉണ്ടാവും. ടെന്‍ഷനുകള്‍ ഒന്നുംതന്നെ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ഒരു ചിന്ത മാത്രമേ ഞങ്ങള്‍ ഇരുവര്‍ക്കും ഉണ്ടായിരുന്നുള്ളു.

അങ്ങനെ ആ ദിവസം വന്നെത്തി. വൈകുന്നേരം 4:30നു എങ്കിലും പുറപ്പെടണം എന്ന ഞങ്ങളുടെ തീരുമാനം നടപ്പിലായപ്പോള്‍ 5:30ആയി (അത് അങ്ങനാണല്ലോ ശീലം) നോര്‍ത്ത് പറവൂര്‍ - ഗുരുവായൂര്‍ - തൃശൂര്‍ - പട്ടാമ്പി - മലപ്പുറം - നിലമ്പൂര്‍ നാടുകാണി - ഗുഡല്ലൂര്‍ വഴി മുതുമല ചെക്പോസ്‌റ് എത്തുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. പരിചിതമായ വഴി ആയതിനാല്‍ ഗൂഗിളിന്റെ സഹായം ആവശ്യം വന്നില്ല. ആലപ്പി - മുതുമല ഏകദേശം 290 കിലോമിറ്ററോളം ഉണ്ട്. 

അങ്ങനെ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചു രണ്ടുലിറ്റര്‍ ഒരു ബോട്ടിലിലും കരുതി ഞങ്ങള്‍ യാത്ര ആരംഭിച്ചു. പോകുന്നവഴിക്ക് അമ്പലത്തില്‍ നേര്‍ച്ചയും ഇട്ടു. വൈകുന്നേരം ആയതിനാല്‍ ഇടപ്പളി കടന്നുകിട്ടാന്‍ അല്പം ട്രാഫിക് സഹിക്കേണ്ടിവന്നു. അതോടെ ഇരുട്ടുവീഴുന്നതിനുമുമ്പേ ഗുരുവായൂര്‍ പാസ് ചെയ്യണം എന്ന പ്ലാന്‍പൊളിഞ്ഞു. നോര്‍ത്തുപറവൂര്‍ കടക്കാറായപ്പോഴേ ഇരുട്ട് വീഴാന്‍ തുടങ്ങിയിരുന്നു. അഖിലാണ് വണ്ടി ഓടിച്ചിരുന്നത്. ഏകദേശം ചാവക്കാട് ആയപ്പോള്‍ ഒരു കട്ടന്‍കുടിച്ചിട്ടാവാം ഇനി യാത്ര എന്നുകരുതി. ആദ്യം കണ്ട തട്ടുകടയില്‍ത്തന്നെ വണ്ടിനിര്‍ത്തി. മോശം പറയരുതല്ലോ ആ കടയില്‍ കട്ടന്‍കാപ്പി ഒഴിച്ചു ബാക്കിയെല്ലാം ഉണ്ടായിരുന്നു.(നമ്മുടെ നാട്ടിലെ തട്ടുകടയിലൊക്കെ ഒന്നും കിട്ടിയില്ലേലും കട്ടന്‍ ഉറപ്പാണ്. (ചിലപ്പോള്‍ ഞങ്ങളുടെ നിര്ഭാഗ്യം കൊണ്ടും ആവാം) അവിടുന്ന് ഞങ്ങള്‍ അടുത്ത കട ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി.

അങ്ങനെ അടുത്തൊരുകടയില്‍കയറി രണ്ടു കട്ടനും പറഞ്ഞ് ഒന്നു നടുനിവര്‍ത്തി. ചായകുടിക്കുന്നതിനിടയില്‍ കടയിലെ ചേട്ടന്‍ മറ്റുളവരോടൊക്കെ നാളെ പെട്രോള്‍പമ്പ് ഒക്കെ അവധിയാണ് എന്നുപറയുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. അതൊക്കെ മാറ്റിയല്ലോ എന്നുഞാന്‍ പുള്ളിയോട് പറഞ്ഞു (അങ്ങനെയല്ലെങ്കിലും ഞങ്ങളുടെ ഒരു സമാധാനത്തിനുവേണ്ടി ) അപ്പോഴതാ അഖിലിന് മൈസൂര്‍ നിന്നും ഒരു ഫ്രണ്ട് ഇവിടെ നാളെ പെട്രോള്‍ സ്‌ട്രൈക്ക് ആണെന് മെസേജ് ചെയ്തു. പണി കിട്ടിയെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. അവിടെനിന്നു നേരെ ഞങ്ങള്‍ അടുത്ത പെട്രോള്‍ പമ്പിലേക്കാണ് പോയത്.(തൃശൂര്‍) അവിടെ നിന്നും വീണ്ടും ടാങ്ക് ഫില്‍ചയ്തു.അവിടെ തിരക്കിയപ്പോള്‍ 'സമരമോ നാളെയോ? അങ്ങനൊന്നും ഇല്ലാലോ' ആ ചേട്ടന്റെവാക്കുകള്‍ ഞങ്ങള്‍ക്ക് വീണ്ടും എനര്‍ജി നല്‍കി. പുള്ളിക്ക് ഒരു താങ്ക്സുംപറഞ്ഞ് ഞങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചു. നല്ല അടിപൊളി റോഡ് തന്നെയാണ്. എങ്കിലും ഞങ്ങള്‍ 60-70 സ്പീഡിന് മുകളില്‍ കയറിയിട്ടില്ല. അങ്ങനെ പട്ടാമ്പി എത്തിയപ്പോള്‍ അഖില്‍ വണ്ടിനിര്‍ത്തി.

അടുത്ത എന്റെ ഊഴം ആണ്. വീണ്ടും മുന്നോട്ട്, റോഡില്‍ വാഹനങ്ങള്‍ വളരെ കുറവായിരുന്നു. കടകള്‍ എല്ലാം അടച്ചുതുടങ്ങിയിരുന്നു. അപ്പോഴാണ് ഞങ്ങള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയത് തടസങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത സുഗമമായ ഒരു റൈഡ്. മലപ്പുറം ആയപ്പോള്‍ വണ്ടിക് അല്പം റെസ്‌റ് കൊടുത്തിട്ടാവാം ഇനി എന്ന് കരുതി.

10-15 മിനിറ്റ് ഞങ്ങള്‍ ഒരു കടയുടെ മുന്നില്‍ വിശ്രമിച്ചു, അവിടെയെല്ലാം കടകള്‍ അപ്പോഴും തുറന്നിരുന്നു (നോമ്പ് ഒക്കെ ആയതിനാലാവാം). മലപ്പുറം - നിലമ്പൂര്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വിജനമായ റോഡ്. രാത്രിയായതിനാലാവാം അധികവും ലോറികള്‍ ആണ്. പിന്നെ ഇടയ്ക്കിടെ ഉള്ള വലിയ വളവുകളും ഇതൊക്കെ എന്ത് എന്ന മട്ടിലാണ് നമ്മുടെ ആന വണ്ടികള്‍ പറക്കുന്നത്.  ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി. പരിചയക്കുറവുള്ള റോഡായതിനാല്‍ വളരെ ശ്രദ്ധിച്ചായിരുന്നു യാത്ര. ഇടയ്ക്ക് ഗൂഗിളിലെ ചേച്ചി ഒരു ഷോര്‍ട്ട് കട്ട് കാണിച്ചുതന്നു. എന്നാല്‍ പിന്നെ അങ്ങനാവട്ടെ എന്നായി ഞങ്ങളും. ആവശ്യത്തിന് ഗട്ടറുകളും പേരിനുപോലും ഒരു സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത റോഡ്. (ഒരു നിമിഷം ഞങ്ങള്‍ ഗൂഗിളിനെ സ്മരിച്ചു). ഏതാണ്ട് കോട്ടയം പോലെ തോന്നിപ്പിക്കുന്ന അന്തരീക്ഷം. മുഴുവന്‍ റബര്‍ തോട്ടങ്ങള്‍. ഒരുപക്ഷെ ഇങ്ങനൊരു റോഡ് ഇവിടുണ്ടെന്ന് ഇവിടുത്തുകാര്‍ക്കെങ്കിലും അറിയുമോ എന്ന് ഞങ്ങള്‍ സംശയിച്ചു. അവസാനം കൃത്യമായി ഹൈവേയില്‍ തന്നെ എത്തിച്ചുതന്നു. (ഈ റോഡില്‍ ഞങ്ങളെ കടന്നുപോയത് ഒരു കാര്‍ മാത്രമാണ്,വേറെ ഒരു മനുഷ്യകുഞ്ഞിനെപോലും ഞങ്ങള്‍ അവിടെ കണ്ടില്ല)
റോഡിലേക്ക് കയറേണ്ട താമസം, ഞങ്ങളെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഒരു ബസ് കടന്നുപോയി. രാത്രിയായാല്‍ ഇവനൊന്നും റോഡിലെ മറ്റു യാത്രക്കാര്‍ക്ക് ഒരു വിലയും നല്‍കാത്ത പോക്കാണ്.(നല്ല നമസ്‌കാരം) 

പെട്രോള്‍ നീഡില്‍ അല്‍പം താഴ്ന്നു തുടങ്ങി എന്ന് മനസിലായപ്പോള്‍ വീണ്ടും ഫില്‍ ചെയ്തു. അപ്പോഴും ബോട്ടിലിലെ പെട്രോള്‍ ഞങ്ങള്‍ അനക്കിയില്ല. പിന്നീട് ഉള്ള റോഡില്‍ ഞങ്ങളെ വരവേറ്റത് നല്ല ഉശിരന്‍ തേക്ക് മരങ്ങള്‍ ആയിരുന്നു. നിലമ്പൂര്‍ എത്താറായി എന്നതിന് പിന്നെ ഗൂഗിളിനെ ബുദ്ധിമുട്ടിക്കേണ്ടിവന്നില്ല. ഏതാണ്ട് തേക്ക് മ്യൂസിയം കഴിഞ്ഞപ്പോഴേക്കും ഞാന്‍ വണ്ടി അഖിലിന് കൈമാറി. ആ സമയം ഞങ്ങള്‍ തിരിച്ചറിഞ്ഞു ഹൈവേ ആണെന് പറഞ്ഞിട്ടു കാര്യമില്ല ഞങ്ങളുടെ വണ്ടിയുടെ വെട്ടം മാത്രേയുള്ളൂ. ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങാന്‍ തുടങ്ങി.അല്പംകൂടി മുന്നോട്ട് എത്തിയപ്പോള്‍ വിശപ്പിന്റെ വിളിയെത്തി.

അങ്ങോട്ടെല്ലാം കടകള്‍ സജീവമായിരുന്നു. നോമ്പ് പ്രമാണിച്ചുള്ളവയാണെന്ന് തോന്നുന്നു.ആദ്യം കണ്ട തട്ടുകടയില്‍ തന്നെ കയറി നല്ല ഉഗ്രന്‍ പുട്ടും ബീഫും തന്നെ അകത്താക്കി. അങ്ങോട്ടുള്ള കാര്യങ്ങള്‍ കടയിലെ ഇക്കായോട് ചോദിച്ചറിഞ്ഞു. ഇനിയുള്ളത് വഴിക്കടവ് ചെക്ക്പോസ്റ്റാണ്(കേരളാ - തമിഴ്‌നാട് ബോര്‍ഡര്‍). അവിടെനിന്നു ഏകദേശം 16 കിലോമീറ്ററേയുള്ളൂ. പിന്നെയുള്ളത് നാടുകാണി ചുരം ആണ്. അത് കയറി എത്തുന്നത് ഗൂഡല്ലൂര്‍ ആണ് (തമിഴ്നാട് - കര്‍ണാടക ബോര്‍ഡര്‍). കാര്യങ്ങള്‍ ഒക്കെ മനസിലാക്കി, പുള്ളിക്ക് ഒരു സലാം പറഞ്ഞ് ഞങ്ങള്‍ അവിടെനിന്നു യാത്രയായി. 

അപ്പോഴും ഒരു പിണക്കവും കാണിക്കാതെ വണ്ടിയും ഉഷാറായിരുന്നു. ഒരു പ്രശ്‌നമോ ചെക്കിങ്ങോ കൂടാതെ ഞങ്ങള്‍ വഴിക്കടവ് കടന്നുപോയി. അടുത്ത ചെക്ക്പോസ്റ്റില്‍ ഞങ്ങളെ കാത്തിരുന്നത് തമിഴ്നാട് പോലീസ് ആയിരുന്നു. വണ്ടി സൈഡ് ഒതുക്കി വണ്ടിയുടെ ഡോക്യൂമെന്റസ് എല്ലാം പരിശോധിച്ച ശേഷം എങ്ങോട്ട് പോകുന്നു എന്ന ചോദ്യംവന്നു. മൈസൂര്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ പുള്ളി ഒരു ആക്കിയ ചിരി സമ്മാനിച്ച് എന്തിനാണ് അങ്ങോട്ട് എന്ന് അടുത്ത ചോദ്യം. പാലസ്, സൂ എന്നൊക്കെ പറഞ്ഞ് തടിതപ്പി. കേരളത്തില്‍ ആലപ്പുഴയില്‍നിന്നാണെന്ന് അറിഞ്ഞപ്പോള്‍ പുള്ളി ഹൗസ് ബോട്ടിന്റെ കാര്യങ്ങളെ കുറിച്ചൊക്കെ തിരക്കി വല്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ വിട്ടു. അവിടുന്ന് നാടുകാണി കയറിയപ്പോള്‍ വലിയ ലോറികള്‍ ചുരമിറങ്ങി വരുന്നുണ്ടായിരുന്നു. വളഞ്ഞും തിരിഞ്ഞും പോകുമ്പോള്‍ ആഞ്ഞു വീശുന്ന തണുത്തകാറ്റ് വലിയ ഒരു ഉന്മേഷം നല്‍കുന്നുണ്ടായിരുന്നു. 

അടുത്ത വളവില്‍ അഖിലിന്റെ കണ്ണുകളില്‍ പെട്ടത് വലിയ ഒരു മുള്ളന്‍പന്നി ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്നുപറഞ്ഞപ്പോള്‍ ഒറ്റയൊടിക്കലിന് അവന്‍ വണ്ടി വളച്ചു. ഭാഗ്യം എന്നുപറയല്ലോ അത്
അവിടെത്തന്നെയുണ്ടായിരുന്നു. അത്യാവശ്യം നല്ല വലിപ്പം വെളുപ്പും തവിട്ടും കലര്‍ന്ന വലിയ മുള്ളുകള്‍നിറഞ്ഞ ശരീരം. വെട്ടം കൊണ്ട് ശല്യപ്പെടുത്തിയതുകൊണ്ടാവണം അത് കുറ്റിക്കാട്ടിനുള്ളിലേക്ക് കയറി. ഞങ്ങളും വണ്ടി തിരിച്ചു. പിന്നെ വഴിയില്‍ എല്ലാം നിറയെ എലിഫന്റ് ക്രോസിങ് സോണ്‍ എന്ന ബോര്‍ഡ് കാണാമായിരുന്നു. അതും നോക്കി ആനവെല്ലോം മുന്നില്‍ ഉണ്ടോയെന്ന സംശയത്തില്‍ പോകുമ്പോഴാണ് വണ്ടിയുടെ തൊട്ടുമുന്നിലൂടെ കാട്ടുപന്നിക്കൂട്ടം റോഡ് മുറിച്ചു കടന്നത്. അതും ഒരു നല്ല കാഴ്ച തന്നെയായിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ ചുരം അവസാനിച്ചു. ഏതാണ്ട് ഒരു ജംഗ്ഷന്‍ പോലെയുള്ള സ്ഥലത്തുനിന്നും ഞങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞു. ഏതോ കള്ളക്കടത്തുകാരെ കണ്ടതുപോലെ ഒരു പോലീസുകാരന്‍ ബൈക്കില്‍ വന്നു ഞങ്ങളെ തടഞ്ഞു. ആള് തമിഴന്‍ ആണ്. ചെക്കിങ് കഴിഞ്ഞോ എന്ന് ഞങ്ങളോട് ചോദിച്ചു. താഴെ എല്ലാം കഴിഞ്ഞ് അഡ്രസ് ഒക്കെ കൊടുത്തല്ലോ എന്നുപറഞ്ഞപ്പോള്‍, അവിടെ ചെക്കിങ് ഉണ്ട്, വണ്ടി തിരിച്ച് പുള്ളിയുടെ പിന്നാലെവരാന്‍ ആവശ്യപ്പെട്ടു. 

അതായിട്ടു കുറയ്‌ക്കേണ്ട, ആയിക്കോട്ടെ എന്ന് ഞങ്ങളും കരുതി. അവിടെ ചെന്ന് ചെക്കിങ് നടത്തി കൊണ്ടിരുന്നപ്പോള്‍ പിന്നില്‍നിന്നും, 'എങ്ങോട്ടാ മക്കളെ ഈ രാത്രി എന്ന് ഒരുചോദ്യം' ഞങ്ങള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആളൊരു പോലീസുകാരന്‍ ആണ് (മലയാളി ഡാ ). പുള്ളിയോട് കാര്യം പറഞ്ഞു. അപ്പോഴാണ് അവര്‍ ഞങ്ങളുടെ കൈയിലുള്ള പെട്രോള്‍ കാണുന്നത്. ഇത് എന്താ എന്ന് അടുത്ത ചോദ്യം. നാളെ സമരം ആണെന്നു കേട്ട് കൈയില്‍ കരുതിയതാണെന്ന് പറഞ്ഞപ്പോള്‍ നാളെ അങ്ങനെയൊന്നും ഇല്ലല്ലോ എന്ന് പുള്ളി ഒരു കോണ്‍സ്റ്റബിളിനോട് ചോദിച്ചു.'അപ്പടി ഒന്നും ഇല്ല സര്‍... പുള്ളി മറുപടി കൊടുത്തു(അതേതായാലും പൊളിച്ചു). 

പെട്രോള്‍ ഇങ്ങനെയൊന്നും കൊണ്ടുപോവാന്‍ പാടില്ല എന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷം പൊയ്‌ക്കോളാന്‍ പറഞ്ഞു. 'താങ്ക്‌സ് സര്‍'എന്നു പറഞ്ഞു ഞങ്ങള്‍ വണ്ടി എടുത്തു. അല്പം മുന്നോട്ട് പോയപ്പോള്‍ വേറെ ഒരു പോലീസുകാരന്‍ വീണ്ടും നിര്‍ത്തിച്ചു. ചെക്കിങ് കഴിഞ്ഞു എന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ സിഗ്‌നലില്‍ നിന്നൊരു പോലീസുകാരന്‍ പൊയ്ക്കോളാന്‍ കൈകാണിച്ചു. വളരെ സന്തോഷം എന്നുപറഞ്ഞ് ഞങ്ങളും നീങ്ങി (ബോര്‍ഡര്‍ ആയതുകൊണ്ടായിരിക്കും ഇത്ര ചെക്കിങ്, അവരുടെ ഡ്യൂട്ടി അല്ലേ എന്ന് ഓര്‍ത്ത് ഞങ്ങളും സമധാനിച്ചു). 

മുതുമല ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഏതാണ്ട് വെളുപ്പിനെ 2.30-നു ഞങ്ങള്‍ മുതുമല ചെക്പോസ്റ്റില്‍ എത്തി. ഒരുപാട് ലോറികള്‍ കാത്തുകിടപ്പുണ്ടായിരുന്നു. 6 മണിക്കേ ചെക്പോസ്റ്റ് തുറക്കൂ, അതുവരെ ഒന്ന് മയങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഏറ്റവും മുന്നിലെ ലോറിയുടെ പിന്നിലായി വണ്ടി ഒതുക്കി. വണ്ടിയുടെ സൈഡില്‍ തന്നെ ന്യൂസ്പേപ്പര്‍ കൊണ്ട് ഞങ്ങള്‍ കിടക്കാനുള്ള സെറ്റപ്പ് ഉണ്ടാക്കി, ബാഗ് തലയിണയാക്കി. ഒരാളനക്കം പോലും കേള്‍ക്കാനില്ല. രാത്രിയുടെ നിശബ്ദത മാത്രമാണ് എങ്ങും. ഇടയ്ക് ഏറ്റവും പിന്നില്‍, ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന ശബ്ദവും കേള്‍ക്കാം. ഞങ്ങള്‍ ഉറങ്ങാന്‍കിടന്നു. ഏകദേശം ഒരുമണിക്കൂറിനു ശേഷം ഷൂസിനുള്ളിലൂടെ തണുപ്പ് കാലിലേക്ക് അരിച്ചിറങ്ങുന്നത് ഞാന്‍ അറിഞ്ഞു. ഉറക്കം നഷ്ടപ്പെട്ട് ഞാന്‍ എഴുന്നേറ്റു. അപ്പോഴും അഖില്‍ നല്ല ഉറക്കത്തിലാണ്, ഇവന്‍ മനുഷ്യന്‍ തന്നെയല്ലേ എന്നുഞാന്‍ ഒരുനിമിഷം ചിന്തിച്ചു. ഇത്രയും തണുപ്പ് ഞാന്‍ പ്രതീക്ഷിച്ചുണ്ടായിരുന്നില്ല. 

അല്‍പനേരത്തിനുശേഷം ഏതാണ്ട് സ്വിച്ചിട്ട പോലെ അവനും എഴുന്നേറ്റു.' എന്ത് തണുപ്പാടാ'അവന്‍ പറഞ്ഞു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നും ഇരുന്നും തണുപ്പിനെ അകറ്റിനിര്‍ത്താനുള്ള പെടാപ്പാടായിരുന്നു.
അല്പനേരത്തിനുശേഷം രണ്ടു വാച്ചര്‍മാര്‍് ടോര്‍ച്ചുമായി വന്നു. ഇവിടെയിങ്ങനെ ഇരിക്കരുത്, ആനയിറങ്ങുന്ന സ്ഥലം ആണെന്നുപറഞ്ഞു (അവിടെഞങ്ങള്‍ ഒരുറക്കം കഴിഞ്ഞകാര്യം പുള്ളിക്കറിയിലല്ലോ). ഇവിടെയൊക്കെ ഏത് ആന വരാനാണെന്നു ഞങ്ങള്‍ ചിന്തിച്ചു. കുറെനേരത്തെ കാത്തിരിപ്പിനുശേഷം കൃത്യം 6 മണിക്കുതന്നെ ചെക്പോസ്റ്റ് തുറന്നു. ഞങ്ങളെ പോലെ തന്നെ ടൂവീലര്‍ സഞ്ചാരികള്‍ രണ്ടുമൂന്നുപേര്‍ ഉണ്ടായിരുന്നു. ആദ്യമേ ചെക്പോസ്റ്റ് കടക്കാനുള്ള ഞങ്ങളുടെ ശ്രമത്തെ വാച്ചര്‍ തടഞ്ഞു. ടൂ വീലേഴ്‌സ് എല്ലാം സൈഡിലേക്ക് ഒതുക്കി നിര്‍ത്താന്‍ പുള്ളി ആവശ്യപ്പെട്ടു. ഞങ്ങള്‍ എല്ലാവരും വണ്ടി നിര്‍ത്തിയ ശേഷം കെ.സ്.ആര്‍.ടി.സി. ബസുകള്‍ ആദ്യമേ കയറ്റിവിട്ടു. പിന്നാലെ കുറച്ചു ലോറികളും. അതിനുശേഷം ഞങ്ങള്‍ക്ക് പോവാനുള്ള അനുവാദംതന്നു(വഴിയില്‍ ആനയോ മറ്റു മൃഗങ്ങളോ ഉണ്ടെങ്കില്‍ അപകടം ഒഴിവാക്കാനാണ് ഈ രീതി). ഞങ്ങള്‍ ചെക്ക്പോസ്റ്റ് കടന്നു. 

ഒരു 100 മീറ്റര്‍ പോലും എത്തിയില്ല. റോഡിന്റെ വലതുഭാഗത് ഏതാണ്ട് പാര്‍ക്കിന്റെയും മൃഗശാലയുടെയും മുന്നിലൊക്കെ കാണുന്നപോലെ വലിയ രണ്ട് ആനയുടെ പ്രതിമ. എന്നാല്‍ എന്റെ കണക്കുകൂട്ടല്‍ തെറ്റി. പെട്ടെന്നാണ് അത് തുമ്പിക്കൈ ഉയര്‍ത്തിയത്. ഞാന്‍ അഖിലിന്റെ തോളില്‍ ശക്തിയായി പിടിച്ചുകൊണ്ട് പറഞ്ഞു 'ഡാ ആന...' അവന്‍ വണ്ടി സ്ലോ ചെയ്തു. നമ്മുടെ നാട്ടിലെ ആനകളേക്കാള്‍ വലിപ്പമുണ്ട്. ശരീരത്തിന് ഒരു പ്രത്യേക ഷേപ്പ്. ഞങ്ങള്‍ കിടന്നയിടത്തുനിന്ന് ഈ രണ്ടു ആനകളുമായി അധികം അകലമില്ലായിരുന്നു എന്നാലോചിച്ചപ്പോള്‍ ഒരു ദീര്‍ഘശ്വാസം...

ഇരുവശവുംനോക്കി യാത്രതുടര്‍ന്നു. നിരവധി് മാനുകള്‍, മയില്‍, കാട്ടുപന്നി, കുരങ്ങുകള്‍,കാട്ടുപോത്തുകള്‍, എന്നിവയെല്ലാം ഞങ്ങള്‍ക്ക് ദര്‍ശനം തന്നു. അപ്പോഴെല്ലാം ഞങ്ങള്‍തിരഞ്ഞത് ഒരുചെറിയ കടുവ എങ്കിലും കണ്ടിരുന്നെങ്കില്‍ എന്നാണ് (27 വട്ടം ബന്ദിപ്പൂര്‍ പോയിട്ട് കടുവകളെ കാണാതെവന്ന ആളുകള്‍ ഉണ്ടെന്ന് ഞാന്‍ ഒരുപോസ്റ്റില്‍ വായിച്ചതോര്‍ത്തു, പിന്നെയല്ലേ വെറുതെ ഇതുവഴി പാസ് ചെയ്യുന്ന ഞങ്ങള്‍ ). കാഴ്ചകള്‍ കൊണ്ടും ഫോട്ടോകള്‍ എടുത്തും ഞങ്ങള്‍ ബന്ദിപൂര്‍കടന്നു.

മൈസൂരിലേക്കുള്ള റോഡില്‍ തീരെ വാഹനങ്ങളില്ലായിരുന്നു. റോഡിനിരുവശവും കൃഷിയിടങ്ങള്‍ മാത്രം. നിരവധി പൂപ്പാടങ്ങള്‍. ശരിക്കും കര്‍ഷകര്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമംപോലെ തോന്നിച്ചു. വലിയ കെട്ടിടങ്ങളോ ഫാക്ടറിയുടെ പുകക്കുഴലുകളോ ഒന്നുംതന്നെയില്ല. മൈസൂര്‍ അടുക്കാറായപ്പോള്‍ തിരക്ക് കൂടിവന്നു. ചില പെട്രോള്‍പമ്പുകള്‍ അടച്ചിട്ടിരുന്നത് ഞങ്ങളെ ആശങ്കയിലാക്കി. എന്നാല്‍ ഉദ്ദേശിച്ചപോലെ വലിയപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. കുറച്ചുതിരക്ക് കൂടുതലായിരുന്നെങ്കിലും ഒരു പെട്രോള്‍പമ്പില്‍നിന്നു ഞങ്ങള്‍ ഫില്‍ ചെയ്തു. വീണ്ടും മൈസൂരിന്റെ തിരക്കുകളിലേയ്ക്ക്. 

പ്രദേശവാസിയായ ഒരാളോട് ഹംപിയിലേക്ക് എങ്ങനെപോകുന്നതെന്ന് അന്വേഷിച്ചു (മൈസൂര്‍ - ഹംപി 403+ കിലോമീറ്റേഴ്‌സ് ഉണ്ടെന്ന് ഗൂഗിള്‍ പറഞ്ഞിരുന്നു). പുള്ളി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ താരതമ്യേന തിരക്കുകുറഞ്ഞ ഒരുറോഡിലേക്ക് കട്ട് ചെയ്തു. ആ റോഡിലേക്ക് ഞങ്ങളെ വരവേറ്റത് ഹമ്പുകളുടെ പെരുന്നാള്‍ ആയിരുന്നു. ശരിക്കും ഒരു ഗ്രാമപ്രദേശം, ശുദ്ധവായു ശ്വസിച്ച് ഗ്രാമങ്ങളിലൂടെ ഒരുയാത്ര എന്ന ഒരു ആഗ്രഹവും ആ യാത്രയിലൂടെ നിറവേറി.

അവിടുത്തെ പ്രധാന കൃഷി ഒരുപക്ഷെ കരിമ്പ് ആയിരിക്കണം. കാരണം റോഡിനിരുവശവും കരിമ്പിന്‍പാടങ്ങള്‍ മാത്രമേ കാണാനുള്ളയിരുന്നു. പിന്നെ കരിമ്പ് ചണം കൂട്ടിയിട്ടിരിക്കുന്ന ചില ചെറിയ ഫാക്ടറികളും. തണല്‍വിരിച്ച റോഡിലൂടെയുള്ള യാത്ര സുഖകരമായിരുന്നു. ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നത് എന്തെന്നാല്‍ ഹമ്പുകള്‍ ആയിരുന്നു. നമ്മുടെ നാട്ടില്‍ ഒന്നുമില്ലല്ലോടോ ഇത്രേം. ആ ഗ്രാമപ്രദേശം കഴിയുന്നതുവരെ ആളുകളെല്ലാം ഞങ്ങളെ ഏതാണ്ട് അത്ഭുതത്തോടെയാണ് നോക്കിയത്. കാരണം എന്തെന്നാല്‍ ആ റോഡിലൂടെ ഹെല്‍മെറ്റ് വെച്ച് യാത്രചെയ്തിരുന്നത് ഞങ്ങള്‍ മാത്രമായിരുന്നു. 

ഒരു പട്ടണംഎന്നുതോന്നിക്കുന്ന സ്ഥലത്തു ഞങ്ങള്‍നിര്‍ത്തി. ഓരോ ചായ കുടിച്ചു. പിന്നെ ഒരു ചെറിയ ബിസ്‌ക്കറ്റും. പിന്നീട് അങ്ങോട്ടുള്ള റോഡ് ഒരു അന്ത്യവുമില്ലാതെ നീണ്ടുനിവര്‍ന്നു കിടക്കുകയായിരുന്നു. ഞങ്ങള്‍ ഹംപിയെക്കുറിച്ച് തിരക്കിയപ്പോള്‍ അങ്ങനൊരു സ്ഥലത്തെപ്പറ്റി ആദ്യമായി കേള്‍ക്കുന്ന പോലെയുള്ളൊരു ഭാവമായിരുന്നു പുള്ളിക്കാരന്‍ സമ്മാനിച്ചത്. പിന്നെ ഒന്നും ആലോചിക്കാതെ ഞങ്ങള്‍ മുന്നോട്ട്‌പോയി (റോഡ് നേരെയാണല്ലോ കിടക്കുന്നതെന്ന ഏക വിശ്വാസം). ഏകദേശം 10-30 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഞങ്ങള്‍ അന്വേഷിച്ചു. 

ശരിയായ ഒരു ഉത്തരം കിട്ടിയില്ലെങ്കിലും 'സിറ'എന്നസ്ഥലത്തുകൂടി വേണംപോകാന്‍ എന്നുമനസിലായി. ഗൂഗിള്‍ നോക്കിയപ്പോള്‍ സംഗതി ശരിയാണ്. 'സിറ' ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. അല്പം റേഞ്ച് കിട്ടിയ സ്ഥലത്തുനിന്നും വീട്ടിലേക്ക് ഒന്നുവിളിച്ചു. നമ്മുടെ നാട് ഞങ്ങളെ ചതിച്ചില്ലെങ്കിലും ഈ കന്നടഗ്രാമം കാത്തില്ല. ശക്തിയായ മഴ പെട്ടെന്നായിരുന്നു പെയ്തു തുടങ്ങിയത്. വേഗം തന്നെ കോട്ട് വലിച്ചു കേറ്റി. എങ്ങുംകയറി നില്‍ക്കാനോ ഒന്നും ആലോചിക്കുകപോലും ചെയ്യാതെ ആ പെരുമഴയത്ത് ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി.

മഴയായതുകൊണ്ടു വഴിയുംനോക്കാന്‍ പറ്റില്ല. ഒരു അന്തവും കുന്തവുമില്ലാതെ റോഡ് നീളുന്നു. ഞങ്ങളും നേരേ പൊയ്‌ക്കോണ്ടിരുന്നു. മഴ അല്പം ശമിച്ചു. വഴിയെല്ലാം വിജനമായി കിടക്കുന്നു. 'സിറ' എന്ന ലക്ഷ്യം എത്രദൂരെ എന്നുപോലും പിടിയില്ല. എല്ലാ ബോര്‍ഡുകളും കന്നടയിലാണ് (എല്ലാം മനസിലാവും ). ആ സ്ഥലത്തെ കുഗ്രാമം എന്നുപോലും പറയാന്‍പറ്റില്ല. അവിടുത്തെ ആകെ വികസനം ആളുകള്‍ മുണ്ടും ഷര്‍ട്ടും ധരിച്ചിട്ടുണ്ട്, റോഡ് പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും ടാര്‍ ചെയ്തതാണ് എന്നത് മാത്രമാണെന്നും നമുക്ക് തോന്നിപ്പോവും. നല്ല ഒരു ചായക്കടയില്ല, ഹോസ്പിറ്റലില്ല, ഇംഗ്ലീഷില്‍ സൈന്‍ ബോര്‍ഡ്പോലുമില്ല (ഇവയെല്ലാം ഉണ്ടെങ്കില്‍ത്തന്നെ 10-40 കിലോമീറ്റര്‍ ഞങ്ങള്‍ സഞ്ചരിച്ചിട്ട് പേരിനുപോലും ഒന്നും കണ്ടില്ല). 

പെട്ടെന്നാണ് വണ്ടിയുടെ അടിയില്‍നിന്ന് ഒരു ശബ്ദം ഞങ്ങള്‍ ശ്രദ്ധിച്ചത്. പെട്രോളിന്റെ ബോട്ടില്‍ താഴെ പോയിരിക്കുന്നു. ബ്രേക്ക് ചെയ്തിട്ടും അല്പം മാറിയാണ് വണ്ടിനിന്നത്. തിരികെ വളച്ച് എത്തിയപ്പോഴേക്കും പെട്രോള്‍ കുപ്പിയില്‍നിന്നു ധാരയായി ഒഴുകി തീരുകയായിരുന്നു. ഏതാണ്ട് അര ലിറ്റര്‍ പോലും കിട്ടിയില്ല, ബാക്കി കയ്യോടെ വണ്ടിയിലൊഴിച്ചു. ഈ റോഡ് മൊത്തം ഹമ്പ് ഉണ്ടാക്കിവെച്ചവനെ അറിയാവുന്ന ചീത്തയൊക്കെ പറഞ്ഞു. പോയതുപോട്ടെ എന്നുകരുതി, ഇവിടെങ്ങാനും പെട്ടുപോയാല്‍ തേന്മാവിന്‍ കൊമ്പത്തെ ലാലേട്ടനെക്കാള്‍ ശോകം അവസ്ഥയാകുമെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. 

ഭാഗ്യത്തിന് പെട്രോളാവശ്യത്തിന് ഉണ്ടായിരുന്നു. അല്പംമുന്നോട്ട് എത്തിയപ്പോള്‍ഞങ്ങള്‍ 'സിറ 40 കിലോമീറ്റര്‍ ' എന്നുകണ്ടു. അതു ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി. വഴിതെറ്റിയിട്ടില്ല, ഭാഗ്യം. പക്ഷെ എത്ര ഓടിയിട്ടും എത്തുന്നില്ല. വീണ്ടുംകണ്ട ബോര്‍ഡില്‍ 36 കിലോമീറ്റര്‍ കണ്ടപ്പോള്‍ ഈ ബോര്‍ഡുകള്‍ നോക്കിപോവുന്നതില്‍ ഒരുകഥയുമില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. 

ആ കുഗ്രാമത്തിന്റെ വഴികളില്‍ വളരെ അപൂര്‍വ്വം ചില ബൈക്കുകള്‍ മാത്രമേ ഞങ്ങള്‍ കണ്ടുള്ളൂ. കാളവണ്ടികളാണ് അധികവും. ചുറ്റും വരണ്ടുണങ്ങിയ കുറെ സ്ഥലങ്ങള്‍മാത്രം. ഇതൊക്കെ കണ്ടപ്പോഴാണ് നമ്മുടെ നാടിനെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നുവിളിക്കുന്നതിന്റെ അര്‍ഥം ശരിക്കും മനസിലായത്. ഇതുപോലെയുള്ള അവസ്ഥ 10-80 കൊല്ലം മുമ്പേപോലും നമ്മുടെനാട്ടില്‍ ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയില്ല. നീളുന്ന വഴിക്ക് ഒരു അവസാനം ആയെന്നവണ്ണം ദൂരെ റോഡിനുമുകളിലെ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നു. ഞങ്ങള്‍ക്ക് ആശ്വാസമായി, എങ്ങനെയൊക്കെയോ ഹൈവേയില്‍ കയറിപറ്റി. റോഡരികില്‍ ആദ്യംകണ്ട ഹോട്ടലിലേക്കു വണ്ടിയോടിച്ചുകയറി. അപ്പോഴേക്കും സമയം 3മണി ആയിക്കഴിഞ്ഞു. അവിടുന്ന് ഭക്ഷണം കഴിച്ചു,(വെജ് ഫുഡ് കഴിക്കുന്നതാവും നല്ലത്, കേരളാ ബോര്‍ഡറിന് ശേഷം ഞങ്ങള്‍ നോണ്‍ കഴിക്കാന്‍ തയ്യാറായില്ല). 

Hampi

ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ അപ്പോള്‍ ആ ഹോട്ടലില്‍ കസ്റ്റമേഴ്‌സ് ആയിട്ടുണ്ടായിരുന്നുള്ളു (നല്ല തല്ലിപ്പൊളി ഫുഡ് ആയിരുന്നു, വിശപ്പുണ്ടായിരുന്നുകൊണ്ടു മാത്രം പാതികഴിച്ചു). അടുത്ത ഞങ്ങളുടെ ലക്ഷ്യം 'ഹംപിയിലേക്ക് എത്താന്‍ ഉള്ള ഒരേ മാര്‍ഗമായ ഹോസ്‌പെക്റ്റ് എത്തുകയെന്നതായിരുന്നു. ആ ഹോട്ടലില്‍നിന്നും ലഭിച്ച വിവരം അനുസരിച്ച് ചിത്രദുര്‍ഗ എന്നസ്ഥലത്തുനിന്നു വേണം ഹോസ്‌പെട്ടയിലേക്ക് പോവാന്‍. ഏകദേശം 85 കിലോമീറ്റര്‍ ഉണ്ട്. അവരോടൊരു നന്ദിപറഞ്ഞ് ഗൂഗിള്‍ മാപ്പ് ഓണാക്കി ചിത്രദുര്‍ഗ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. വളവുകളോ തിരിവുകളോ ഇല്ലാത്ത നല്ല അടിപൊളി റോഡ്. ആ റോഡില്‍നിന്ന് നോക്കിയാല്‍ അത്രയും പ്രദേശംമാത്രം മലനിരകളാല്‍ സംരക്ഷിതമാണ് എന്ന് തോന്നിപ്പോവും. അതിനുമുകളിലായി നിറയെ കാറ്റാടികള്‍. ചിത്രദുര്‍ഗയിലേയ്ക്ക് അടുക്കുന്തോറും കാറ്റാടികളുടെ വലിപ്പവും വര്‍ദ്ധിച്ചുവന്നു. സൈന്‍ ബോര്‍ഡുകളുടെയും ഗൂഗിളിന്റെയും സഹായംകൊണ്ടു യാതൊരുബുദ്ധിമുട്ടും കൂടാതെ ചിത്രദുഗ്ഗയില്‍നിന്നു ഹോസ്പെട്ടയിലേക്ക് തിരിഞ്ഞു.

Hampi

Hampi

ഇവിടെനിന്നു ഹോസ്പേട്ടിലേയ്ക്ക് 130 ഓളം കിലോമീറ്റര്‍ പിന്നിടാനുണ്ട്. ആ റോഡിലൂടെയുള്ള യാത്രയില്‍ ഞങ്ങള്‍ കണ്ട പ്രകൃതിയുടെ മനോഹാരിത വേറെ ലെവല്‍ തന്നെ ആയിരുന്നു. അങ്ങോട്ടുള്ള യാത്രയില്‍ ആകാശം ഒരു പ്രത്യേകനിറത്തില്‍ ആണ് കാണപ്പെട്ടത്. ഏതാണ്ട് ഒരു ഫോട്ടോഷോപ്പ് പിക് കണ്ടതുപോലെയുള്ള ഒരനുഭവം. വയലറ്റ് നിറത്തിലാണ് മേഘങ്ങള്‍ കാണപ്പെട്ടത്. അവ കണ്ണെത്താദൂരത്തോളം ദൃശ്യ വിരുന്നൊരുക്കി. മലയുടെ മുകളിലാണ് ആദ്യം മഴ പെയ്യുക എന്ന സംഗതി ഞങ്ങള്‍ കണ്ണുകൊണ്ടു കണ്ടറിഞ്ഞു. മലയുടെ മുകളിലേയ്ക്കു ആ വയലറ്റ് നിറം പെയ്തിറങ്ങുന്നത് ഞങ്ങള്‍ കണ്ടു. അങ്ങനൊരുകാഴ്ച ഞങ്ങളുടെ കണ്ണുകള്‍ക്ക് ആദ്യ അനുഭവം ആയിരുന്നു. പതുക്കെ മഴ റോഡിലേയ്ക്ക് വ്യാപിക്കുന്നത് ഞങ്ങളറിഞ്ഞു. 

Hampi

വീണ്ടും ജാക്കറ്റിനു പണിയായി. മഴയതാ വീണ്ടും. ഞങ്ങള്‍ മുന്നോടുപോയി.ആ റോഡില്‍ ഞങ്ങള്‍ക്ക് വിലങ്ങുതടിയായത് ട്രക്കുകള്‍ ആയിരുന്നു. അപൂര്‍വ്വംചില സാധരണ വാഹനങ്ങള്‍ ഒഴിച്ച് മുഴുവനും ട്രക്കുകള്‍. അത് ഇരുട്ടവീഴുന്നതിനുമുമ്പേ ഹോസ്പെട്ട എത്തുവാനുള്ള ഞങ്ങളുടെ ശ്രമത്തെ പരാജപ്പെടുത്തി എന്നു ഞങ്ങള്‍ക്ക് ബോധ്യമായി. മഴയ്ക്കു ശമനമായി. ചുറ്റുപാടുകളുമുള്ള കാഴ്ചകള്‍ അതിമനോഹരം ആയിരുന്നു. കല്‍ക്കൂമ്പാരങ്ങള്‍പോലെ തോന്നിക്കുന്ന മലനിരകള്‍, ഏതാണ്ട് പകുതിദൂരം ആയപ്പോഴേക്കും സന്ധ്യയാവാന്‍ തുടങ്ങിയിരുന്നു. സൂര്യാസ്തമന കാഴ്ച ഒരു വന്‍ കാഴ്ചതന്നെയായിരുന്നു.

Hampi

Hampi

എതിര്‍വശത്തുള്ള മലകളില്‍ സ്വര്‍ണനിറം കൊണ്ട് മൂടി. സൂര്യന്‍ അസ്തമിക്കാന്‍ തയ്യാറെടുക്കുന്നു. ശരിക്കും അടിപൊളി സീന്‍ ആയിരുന്നു. മുന്നോട്ടുള്ള യാത്രയില്‍ ബ്രൈറ്റ് ഇട്ടുവരുന്ന ലോറികള്‍ ഭീകരതയാണ് സമ്മാനിച്ചത്. ടൂ വീലര്‍ യാത്രികരായി ചീറിപ്പായുന്ന ട്രക്കുകള്‍ക്കിടയില്‍ ഞങ്ങള്‍മാത്രം. എങ്ങനെയൊക്കെയാ പൊടിപാറുന്ന റോഡിലൂടെ ഞങ്ങള്‍ ഹോസ്പെട്ട എത്തി. സാമാന്യം തിരക്കുള്ള ഒരു പട്ടണം എന്നു പറയാം. അവിടെയെത്തി ഞങ്ങള്‍വഴി ചോദിച്ചുമനസിലാക്കി. ഹംപിക് വെറും 13 കിലോമീറ്റര്‍ മാത്രം അകലെയാണ് ഞങ്ങള്‍. അപ്പോഴേയ്ക്കും സമയം 8:30 ആയിരുന്നു, ഒട്ടും തിരക്കില്ലാത്ത ആ റോഡു വഴി ഞങ്ങള്‍ ഹംപി ലക്ഷ്യമാക്കിപ്പാഞ്ഞു. 

Hampi

ദൂരെനിന്നേ വിരൂപാക്ഷ ക്ഷേത്രത്തിന്റെ കവാടം കാണാമായിരുന്നു. അവിടെയെത്തി. ഒരു പത്തുനില കെട്ടിടത്തിനോളം ഉയരമുണ്ട് ആ ക്ഷേത്ര കവാടത്തിന്. ഞങ്ങള്‍ അന്തംവിട്ടു നോക്കിനിന്നു. അവിടെനിന്നു ഞങ്ങള്‍ മുന്‍കൂട്ടി ബുക്കു ചെയ്തിരുന്ന റൂമിന്റെ അഡ്രസ് കണ്ടുപിടിച്ചു. വിരൂപാക്ഷ ക്ഷേത്രത്തിന്റെ 100മീറ്റര്‍ പോലും അകലമില്ലായിരുന്നു റൂമിലേയ്ക്ക്. ഞങ്ങള്‍ റൂമിന്റെ (ലക്ഷ്മി ഹെറിറ്റേജ്) മുന്നിലെത്തിയപ്പോഴേക്കും അവര്‍ റൂം ക്ലീന്‍ചെയ്യുന്ന തിരക്കിലായിരുന്നു. ഞങ്ങള്‍ പുറത്തു വെയിറ്റ് ചെയ്തു. വണ്ടിയുടെ രജിസ്‌ട്രേഷന്‍ കണ്ടിട്ടാവണം ഒരു പുള്ളിവന്നു ഞങ്ങളെ പരിചയപ്പെട്ടു. പുള്ളിക്കാരനും ഒരു ട്രാവലര്‍ ആണ്. ഡിയോയിലാണ് എന്നത് പുള്ളിക്ക് വളരെ അതിശയമുണ്ടാക്കി. അതിനു പുള്ളിയുടെ വക അഭിനന്ദനവും. ഒരു റൂഫ്ടോപ് റെസ്റ്റോറന്റ് കാണിച്ചുതന്നശേഷം ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു.

Hampi

Hampi

യാത്രയുടെ ഷീണംകാരണം ഞങ്ങള്‍ നാളെയാവാം എന്ന മറുപടിയോടെ ആ ക്ഷണം സന്തോഷപൂര്‍വം നിരസിച്ചു. റൂമിലെത്തിയപ്പോഴേ ഞങ്ങള്‍ ഒരുകുളി പാസാക്കി. പുറത്തു ചുമ്മാ ഒന്നിറങ്ങിയ അഖില്‍ തിരികെ വന്ന് നമ്മുടെ റൂമിന്റെ അപ്പുറത്തെ റൂമില്‍ രണ്ടു നല്ല ഗ്ലാമര്‍ കുട്ടികളാണ് ഉള്ളതെന്ന ന്യൂസായിട്ടായിരുന്നു. അതെന്തായാലും കൊള്ളാം എന്നായിഞാനും. പുള്ളികാണിച്ചുതന്ന റെസ്റ്റോറേറ്റില്‍പോയി അഖില്‍ ഫുഡ് പാര്‍സല്‍വാങ്ങിവന്നു. അതുംകഴിച്ചു അവന്‍ കിടന്നു. ഞാന്‍ നാളെ കാണേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള പ്ലാന്‍ തയ്യാറാക്കുകയായിരുന്നു.അല്പസമയത്തിനുശേഷം വാതിലില്‍ ഒരു മുട്ടല്‍കേട്ടു ഞാന്‍ അഖിലിനോടും അവനെന്നോടും 'പോയി തുറക്കേടാ എന്ന് ആവശ്യപ്പെട്ടു'. മനസില്ലാമനസോടെ ഞാന്‍തന്നെ തയ്യാറായി.

Hampi

കതക് തുറന്നപ്പോള്‍ ഒരു പെണ്‍കുട്ടിയാണ് (ഒരുനിമിഷം ഞാന്‍ ഒന്നുംപറയാനാവാതെ നിന്നു). അതിനിടയിലവള്‍ അവള്‍ 'ഡു ഐ സ്റ്റേ ഹിയര്‍ ?' എന്ന് ഇങ്ങോട്ട് ചോദിച്ചു.'ഷുവര്‍' ഞാന്‍ മറുപടി നല്‍കി. ഇടതുകൈയില്‍ ഒരുകുപ്പി നീട്ടി അവള്‍ അടുത്ത ചോദ്യം, 'ഡു യു ഹാവ് വാട്ടര്‍?' ഞാന്‍ റൂമില്‍നിന്നും ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്ന പെപ്‌സി അവള്‍ക്കുനേരെ നീട്ടി.
ഞങ്ങളുടെകയ്യില്‍ വേറെ ഇല്ലെന്നുകരുതിയാവണം അതവള്‍ സന്തോഷപൂര്‍വം നിരസിച്ചു.'ഇറ്റ്‌സ് ഓക്കേ, താങ്ക്‌സ്' എന്നമറുപടിയും ഒരുചിരിയും നല്‍കി അവള്‍ റൂമിലേക്ക്പോയി. ഞാന്‍ അഖിലിനോട് അവള്‍ മലയാളിയാണോ നോര്‍ത്തിന്ത്യന്‍ ആണോ, അവളുടെ ഇംഗ്ലീഷൊക്കെ കേട്ടിട്ട് ഒരു മലയാളി ടച്ച് ഉണ്ടലോ എന്നുചോദിച്ചു.'ഒന്നുപോയി കിടന്നുറങ്ങടാ... എന്നായിരുന്നു അവന്റെ മറുപടി. നാളെ രാവിലെ കണ്ടാല്‍ പരിചയപ്പെടാം എന്ന പ്രതീക്ഷയോടെ, വായിച്ചും പിന്നേ ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതുമായ ഹംപിയെയും മനസ്സില്‍ പതിപ്പിച്ച് ഉറങ്ങാന്‍കിടന്നു.

Hampi

അഖില്‍ എഴുന്നേറ്റ ശേഷം അവനാണ് എന്നെ ഉണര്‍ത്തിയത്. പെട്ടെന്ന് എഴുന്നേറ്റ് ഫ്രഷായി. റൂം ലോക്ക് ചെയ്യാന്‍നേരം ഞാന്‍ അപ്പുറത്തേക്കാണ് നോക്കിയത്. ഞങ്ങള്‍ക്കുമുന്നേ അവര്‍ പോയിരുന്നു. എവിടെയെങ്കിലും വെച്ചുകാണാം എന്നുവിചാരിച്ചു ഞങ്ങളും ഇറങ്ങി. ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചെന്നവണ്ണം ഒരുചെറിയ പയ്യന്‍ ഹംപിയുടെ ഒരു ടൂറിസ്റ്റ് മാപ്പുമായി വണ്ടിയുടെ അരികിലുണ്ടായിരുന്നു. ഞങ്ങള്‍ പ്ലാന്‍ചെയ്ത സ്ഥലങ്ങളെക്കാള്‍ ഒരുപാട് അതില്‍ കാണാമായിരുന്നു. അത് ഞങ്ങള്‍ക്ക് ഉപകാരപ്പെടും എന്നുമനസിലാക്കി ഒരെണ്ണം വാങ്ങി. ഇന്നലത്തെ അതേ റസ്‌റ്റോറന്റില്‍ പോയി ചായയുംകുടിച്ചു (ഗ്ലാസില്‍ അല്ലായിരുന്നു, നമ്മുടെ വീട്ടിലൊക്കെ ഉള്ളതുപോലത്തെ സ്റ്റീല്‍ കപ്പാണ് അളവ് 3 പേര്‍ക്ക് സുഖമായി കുടിക്കാം. വാങ്ങിപ്പോയതുകൊണ്ടു ഞങ്ങള്‍ ഫുള്‍ കുടിച്ചു). 

Hampi

അവിടെവെച്ചുതന്നെ ആദ്യ സ്ഥലം ഞങ്ങള്‍ നോക്കി. ഏറ്റവും അകലെ വിജയ വിത്തല ക്ഷേത്രമാണ് ( വിരൂപാക്ഷയില്‍ നിന്ന് 11 കിലോമീറ്റര്‍). അകലെയുള്ളവ ആദ്യം കവര്‍ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഗൂഗിള്‍മാപ് ഓണ്‍ ആക്കി ചലിച്ചു. വഴിയിലെല്ലാം മുഴുവന്‍ കല്ലുകളുടെ കൂമ്പാരമാണ്. കൊത്തുപണികളില്ലാത്ത ഒരു സ്ഥലംപോലും ഹംപിയില്‍ നമുക്ക് കാണാനാവില്ല. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വിജയനഗര സാമ്രാജ്യം. ഹംപിക്ക് പമ്പാവാതി എന്നൊരു പേരുകൂടിയുണ്ട്. കര്‍ണാടക സംസ്ഥാനത്ത്, ബെല്ലാരി ജില്ലയില്‍, ഹോസ്‌പെട്ട് സിറ്റിയില്‍ നിന്നു 13 കിലോമീറ്റര്‍ അകലെ തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി സ്ഥിതിചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിര്‍മ്മിച്ചതിനാല്‍ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 

Hampi

വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്നത്തെ ഈ ഗ്രാമം. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും, ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായി തുടരുന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങള്‍ ഹംപിയിലുണ്ട്. യുനെസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഹംപിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1336-ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തില്‍ നിന്നും ഹംപി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു എന്നു മസനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകള്‍ ഉപയോഗിച്ചാണ് കല്ലുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കല്പ്പണി കണ്ടിട്ടുള്ളുവെന്നും പോര്‍ച്ചുഗീസ് സഞ്ചാരി ഗോമിംഗോ പയസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Hampi

പരന്ന മേല്‍ക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങള്‍ കോട്ടക്കുള്ളില്‍ കെട്ടിയിരുന്നു. കൊട്ടാരസമുച്ചയത്തില്‍ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളില്‍ താങ്ങി നിര്‍ത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ടായിരുന്നു.

Hampi

യാത്ര ഇവിടെ എത്തിനില്‍ക്കുന്നു. ബാക്കി ഭാഗം പിന്നാലെ...

Hampi

Hampi

Hampi

Hampi

Hampi

Hampi

Hampi

Hampi

Hampi

Hampi

Hampi