നിറപ്പകിട്ടുള്ള ദീപവിതാനങ്ങളാല്‍ അലംകൃതമായ ലേ പട്ടണത്തിലെ ഇളംതണുപ്പണിഞ്ഞ ഒരു രാത്രിയിലാണ് ദോര്‍ജയെ പരിചയപ്പെട്ടത്. വെളുത്ത് കുറിയ ദൃഢശരീരിയായ തികവുറ്റ ലഡാക്കി. 'ദോര്‍ജെ' എന്ന ടിബറ്റന്‍ പദത്തിന് 'പ്രതീകാത്മകമായ ഇടിമിന്നല്‍' എന്നാണ് അര്‍ത്ഥമെങ്കിലും മുന്നില്‍ നില്‍ക്കുന്ന ഈ മനുഷ്യന്‍ ശാന്തനും സൗമ്യനുമാണ്. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറാണ് ദോര്‍ജെ. ഒരു പകല്‍ നീണ്ട അധ്വാനത്തിനുശേഷം നഗരക്കാഴ്ചകള്‍ കണ്ട് നടക്കാനിറങ്ങിയതായിരുന്നു. പരിചയിച്ചടുത്തപ്പോള്‍ അദ്ദേഹം ചോദിച്ചു:

ഇന്ത്യയുടെ അങ്ങേയറ്റത്തു നിന്ന് വരുന്ന നിങ്ങള്‍ ഇനിയെന്താണ് ഞങ്ങളുടെ നാട്ടില്‍ കാണാനാഗ്രഹിക്കുന്നത്?
കുറേ ഗ്രാമങ്ങളിലൂടെ കടന്നുപോയെങ്കിലും ലഡാക്കിലെ പരമ്പരാഗത ഗ്രാമജീവിതവും കുടുംബജീവിതവും കണ്ടിട്ടില്ല എന്നു പറഞ്ഞപ്പോള്‍ ദോര്‍ജെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

എങ്കില്‍ എന്റെ ഗ്രാമത്തിലേക്ക് വരൂ, വീട്ടിലേക്കു വരൂ.

പിറ്റേന്ന് പുലര്‍ച്ചെ ദോര്‍ജെ തന്റെ ടാക്‌സിയുമായി വന്നു. ലേയില്‍ നിന്നു മുപ്പതു കിലോമീറ്റര്‍ ദൂരെ, സിന്ധുനദിയുടെ തീരത്താണ് അയാളുടെ ഗ്രാമമായ 'സ്പിറ്റൂക്ക്'. ലഡാക്കിലെ ഏറ്റവും പുരാതനമായ ഗ്രാമങ്ങളിലൊന്ന്. പ്രശസ്തമായ സ്പിറ്റൂക്ക് വിഹാരത്തിന്റെ പ്രഭാവലയത്തില്‍ പുലരുന്ന ജനപഥം.

നഗരത്തിന്റെ പരിചിതമായ വഴികള്‍ വിട്ട് പര്‍വ്വതങ്ങളുടെ പാര്‍ശ്വങ്ങളിലുരുമ്മി മുക്കാല്‍ മണിക്കൂറിലധികം ഓടിയതിനുശേഷം ഞങ്ങളുടെ വാഹനം പൊടിപിടിച്ച ഒരു കൊച്ചുവഴിയിലേക്കുതിരിഞ്ഞു. അവിടവിടെ അടര്‍ന്നുപോയ ബുദ്ധസ്തൂപങ്ങള്‍ വഴിയില്‍ അതിരിട്ട് നിന്നു.
'ഇവിടെ ഞങ്ങളുടെ ഗ്രാമം തുടങ്ങുന്നു. പുഴയോരത്തെ ഈ ചെറിയ പച്ചപ്പില്‍ അയ്യായിരത്തോളം ജനങ്ങള്‍ ജീവിക്കുന്നു. അവയെ നയിച്ചുകൊണ്ട്, ദാ ആ കാണുന്ന ബുദ്ധവിഹാരവും.' ദൂെര കുന്നിന്റെ മുകളില്‍ ഇപ്പോള്‍ അടര്‍ന്നുവീഴും എന്ന വിധം നില്‍ക്കുന്ന സ്പിറ്റൂക്ക് ബുദ്ധമഠത്തെ ചൂണ്ടി ദോര്‍ജെ പറഞ്ഞു. ദൂരക്കാഴ്ചയില്‍ത്തന്നെ അതിന്റെ പൗരാണികത വ്യക്തമായിരുന്നു. നിറം മങ്ങിയ പ്രാര്‍ത്ഥനാപതാകകളും ഇടിഞ്ഞമര്‍ന്ന ചുമരുകളും ജീര്‍ണ്ണിച്ച വാതിലുകളും.

സിന്ധുനദി മുറിച്ചുകടന്നാല്‍ സ്പിറ്റൂക്ക് ഗ്രാമത്തിന്റെ ഹൃദയത്തിലെത്തി. ഇരച്ചുകലങ്ങിയൊഴുകുകയാണ് ചരിത്രനദി. അതില്‍ നിന്നു പിരിഞ്ഞുവരുന്നതും അല്ലാത്തതുമായ കൊച്ചരുവികള്‍ ഗ്രാമത്തിന്റെ പച്ചപ്പിനെ നനച്ചൊഴുകുന്നു. ജലസ്പര്‍ശമുള്ളിടത്തെല്ലാം മരത്തോപ്പുകള്‍, മറ്റിടങ്ങളില്‍ വരണ്ട മണ്ണ്. ഉള്ള പച്ചപ്പില്‍ അലഞ്ഞുനടക്കുന്ന കഴുതപ്പറ്റങ്ങളും കുതിരകളും.

വരണ്ട ഒരു മേടിന്റെ മധ്യത്തിലാണ് ദോര്‍ജെയുടെ വീട്. പുറകില്‍ ആപ്രിക്കോട്ടിന്റെ ചെറുവനം. അതിനപ്പുറം ബാര്‍ലിവയലുകള്‍. വീട്ടുമുറ്റത്ത് മലമ്പശുവിന്റെ ഉണക്കിവച്ച ചാണകവരളികള്‍, തണുപ്പുകാലത്തിനുള്ള കരുതല്‍. മെഴുകിയ മുറ്റം. മുറ്റത്തിന് മദ്ധ്യേ ഉയരത്തില്‍ ഒരു തറ.
ടിബറ്റന്‍ രീതിയിലുള്ള മൂന്ന് നിലയുളള വീടാണ്. ചുരുങ്ങിയത് എണ്‍പതു വര്‍ഷത്തെ പഴക്കം കാണും. പുറത്തുനിന്നു നോക്കുമ്പോള്‍ തീരെച്ചെറുത് എന്നുതോന്നിക്കുന്ന ആ വീട് അകമേ പടര്‍ന്നു പടര്‍ന്നു പോകുന്ന മുറികളുടെ ലോകമായിരുന്നു. ഒരു കൊച്ചുവാതിലിലൂടെ അകത്തുകടന്നാല്‍ പോപ്ലാര്‍ മരങ്ങള്‍ കൊണ്ടുമേഞ്ഞ ഇരുട്ടുമുറി. അവിടെനിന്ന് ഇളകിയാടുന്ന മരഗോവണി കയറിയാല്‍ ഒന്നാം നിലയില്‍. അവിടെ നിറമുള്ള തൂണുകളും തിളങ്ങുന്ന പാത്രങ്ങള്‍ നിറഞ്ഞ അലമാരയും പഴയരീതിയിലുള്ള അടുപ്പും ചേര്‍ന്ന ഭക്ഷണമുറി. വര്‍ണ്ണപരവതാനി വിരിച്ച നിലത്ത് കട്ടിയുള്ള തുണി നീട്ടിയിട്ടതാണ് ഇരിപ്പിടം. മുന്നില്‍ കൊച്ചു മരമേശകള്‍. തൊട്ടപ്പുറത്ത് അടുക്കള.

ദോര്‍ജെയുടെ അച്ഛന്‍ പട്ടാളത്തിലാണ്, ജ്യേഷ്ഠനും. അനുജത്തിമാര്‍ കോളേജില്‍ പഠിക്കുന്നു. മുത്തശ്ശി സോനം സെയ്‌വോമുവിന് എഴുപത് വയസിലധികം വരും. തലയില്‍ മടക്കുള്ള തൊപ്പിയും ചിറകുകള്‍ പോലെ തൂങ്ങിക്കിടക്കുന്ന നീളന്‍ കുപ്പായവും ധരിച്ച് നില്‍ക്കുന്ന മുത്തശ്ശി ലഡാക്കിന്റെ പാരമ്പര്യപ്രതീകമാണ്.

പാലും വെണ്ണയും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന ടിമീസ് സോര്‍ജഖണ്ടെ എന്ന നാടന്‍ ചായയാണ് ആദ്യം വിളമ്പിയത്. കട്ടിവിരിപ്പില്‍ ചനമ്രം പടിഞ്ഞിരുന്ന് മുന്നിലുള്ള കൊച്ചുമേശയില്‍ വെച്ചാണ് ഉപ്പുചായ കുടിക്കേണ്ടത്. വിചിത്രമായ സ്വാദാണ് ആ ചായക്ക്. ചായയ്‌ക്കൊപ്പം ആപ്രിക്കോട്ട് ഉണക്കിവറുത്തതും കേക്കും. രാത്രിയിലും വിശേഷാവസരങ്ങളിലും കുടുംബാംഗങ്ങള്‍ ഒരുമിച്ച് നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുക. അപ്പോള്‍ അലമാരയില്‍ അലങ്കരിച്ചുവെച്ച പാത്രങ്ങള്‍ പുറത്തെ ടുക്കും. നീളന്‍ കൂജയില്‍ ഛാംഗ് എന്ന മദ്യം പകരും. നിറപ്പകിട്ടുള്ള ആ മുറിയില്‍ സന്തോഷം നിറയും.

മൂന്നാം നിലയില്‍ പ്രാര്‍ത്ഥനാമുറിയാണ്. വ്യാളീമുഖങ്ങളും മറ്റ് ചിത്രങ്ങളും വരച്ച മരഅലമാരയ്ക്കുള്ളില്‍ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ബുദ്ധപ്രതിമകള്‍. ദലൈലാമയുടെയും കര്‍മാപാ ലാമയുടെയും ചിത്രങ്ങള്‍. പ്രാര്‍ത്ഥനാചക്രങ്ങള്‍. വാദ്യങ്ങള്‍, തീര്‍ത്ഥം നിറച്ച പാത്രങ്ങള്‍, നിലത്തിരുന്ന് പ്രാര്‍ത്ഥിക്കാനുള്ള തുണിക്കട്ടികള്‍, ഗ്രന്ഥങ്ങള്‍.

പ്രാര്‍ത്ഥനാമുറിയുടെ മുന്നില്‍ നിന്നു നോക്കിയാല്‍ ദൂരെദൂരെ നരച്ച കുന്നുകള്‍. ഒരു പുല്ല് പോലും വളരാത്ത വരണ്ട ചരല്‍പ്രദേശങ്ങള്‍. അയല്‍പക്കങ്ങളില്ല. അടുത്ത വീട് മറ്റേതോ ഏകാന്തതയിലാണ്. സമ്പന്നരായിട്ടും ദോര്‍ജേയുടെ വീട്ടില്‍ ടെലിവിഷനില്ല, റേഡിയോയില്ല, പത്രമോ കലണ്ടറുകളോ മരുന്നുപാത്രങ്ങളോ ഇല്ല.

ഫോട്ടോ എടുക്കുമ്പോള്‍ പൊട്ടിച്ചിരിച്ചും ഉപ്പുചായയും മധുരചായയും മാറിമാറിവിളമ്പിയും ഞങ്ങളുടെ വരവ് ആഘോഷിച്ചിരുന്ന ആ കുടുംബം പെട്ടെന്ന് ചിരി നിര്‍ത്തി. സോനം മുത്തശ്ശിയാണ് ആദ്യം ചെവിവട്ടം പിടിച്ചത്. പിന്നീട് എല്ലാവരും. എവിടെ നിന്നോ ചെണ്ടയുടെ ശബ്ദം. അതിനൊപ്പം ഇടക്കിടെ ഉയര്‍ന്ന് താഴുന്ന കുഴല്‍വാദ്യം. അത് അടുത്തടുത്ത് വരികയാണ്. മുത്തശ്ശിയുടെ ചുളിവുവീണ മുഖം വികസിച്ചു. കണ്ണുകളില്‍ അത്ഭുതം നിറഞ്ഞു. സ്വന്തം ഭാഷയില്‍ അവര്‍ എന്തൊക്കയോ പറഞ്ഞു. തുടര്‍ന്ന് ആ കുടുംബത്തില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങളായിരുന്നു. ദോര്‍ജെയുടെ കൊച്ചു കുഞ്ഞൊഴിച്ച് എല്ലാവരും തിരക്കിട്ട് മുറിയില്‍ നിന്നും മുറിയിലേക്ക് ഒാടുന്നു. ഭക്ഷണം ഒരുക്കുന്നു. ധൂപക്കുറ്റികള്‍ പുകയ്ക്കുന്നു. അവരുടെ നിരന്തര സംഭാഷണത്തില്‍ 'ലാമ' എന്ന പദം മാത്രമേ മനസ്സിലായുള്ളു. വീട്ടില്‍ പരിഭ്രമം മുറുകുന്നതിനനുസരിച്ച് ചെണ്ടയൊച്ചയും കുഴല്‍ വിളിയും അടുത്തടുത്ത് വന്നു.

മൂന്നാം നിലയില്‍ കയറി നിന്നപ്പോള്‍ കണ്ടു, ദൂരെ കുന്നുകള്‍ കടന്ന് ഒരു സംഘം വരികയാണ്. മെറൂണ്‍ വസ്ത്രങ്ങളും മുണ്ഡനം ചെയ്ത ശിരസ്സുകളും തെളിഞ്ഞു കാണാം. സ്പിറ്റൂക്ക് വിഹാരത്തിലെ ലാമയുടെ വര്‍ഷത്തിലൊരിക്കലുള്ള ഗ്രാമസന്ദര്‍ശനമാണിത്.
ലാമയും സംഘവും മുറ്റത്തെത്തിയപ്പോഴേക്കും മുത്തശ്ശി ധൂപക്കുട്ടുമായെത്തി വണങ്ങി. ലാമ ഉള്ളം കയ്യില്‍ കാത്തുവെച്ചിരുന്ന ബാര്‍ലി ധാന്യം അവരുടെ മൂര്‍ധാവില്‍ വിതറി. സംഘം വീടിന് പിന്നിലെ ആപ്രിക്കോട്ട് വനത്തിലേക്ക് നടന്നു. അവിടെ പെട്ടെന്ന് തട്ടിക്കൂട്ടി തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ വിശ്രമം, ലഘുഭക്ഷണം. ഭക്ഷണത്തിനു ശേഷം പൂജകള്‍ തുടങ്ങി.

ചെമ്പുപാത്രത്തില്‍ കുത്തിനിര്‍ത്തിയ മയില്‍പ്പീലികൊണ്ട് ഉഴിഞ്ഞാണ് പൂജ. ചെമ്പു പാത്രത്തില്‍ വെച്ച ചുക്കുവെള്ളം പോലുള്ള ജലത്തില്‍ മയില്‍പ്പീലിത്തുമ്പു മുക്കിത്തളിക്കും. കയ്യിലുള്ള പ്രാര്‍ത്ഥനാചക്രം തിരിച്ച് മന്ത്രോച്ചാരണം.
പൂജക്കൊടുവില്‍ നല്‍കിയ തീര്‍ത്ഥത്തിന് ചവര്‍പ്പു രസമായിരുന്നു. അതിനു ശേഷം വൃദ്ധനായ ലാമ എല്ലാവരെയും അനുഗ്രഹിച്ചു. മരത്തിന്റെ ഫ്രെയിമിട്ട ചെറിയ ചില്ലുകൂടില്‍ വെച്ച ശാക്യമുനിയുടെ വിഗ്രഹം കൊണ്ട് എല്ലാവരുടെയും ശിരസ്സില്‍ തൊട്ടു. സിന്ധുനദീതടത്തിലെ ബുദ്ധമത വിശ്വാസിക്ക് വര്‍ഷത്തിലെ ഏറ്റവും വലിയ അനുഗ്രഹം!

ആ സംഘം വീണ്ടും യാത്ര തുടങ്ങി. കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള അടുത്ത വീട്ടിലേക്ക്. പൊള്ളുന്ന വെയിലില്‍ ആറാടി നില്‍ക്കുന്ന ബാര്‍ലി വയലുകള്‍ക്കു നടുവിലൂടെ അവര്‍ പോകുന്ന കാഴ്ച്ച ഏതോ വള്ളുവനാടന്‍ വയല്‍ വരമ്പിലൂടെ വേലസംഘങ്ങളും പൂരക്കാഴ്ച്ചകളും പോകുന്ന ദൃശ്യങ്ങളെ ഓര്‍മിപ്പിച്ചു. ചെണ്ടക്ക് പകരം വൃത്താകാരത്തില്‍ കഴുത്തില്‍ കെട്ടിത്തൂക്കിയ വാദ്യം. തിടമ്പിനു പകരം ചില്ലുകൂട്ടിലെ ശാക്യമുനിയുടെ വിഗ്രഹം, വെളിച്ചപ്പാടിനു പകരം വൃദ്ധനായ ലാമ, ആര്‍പ്പുവിളികള്‍ക്കുപകരം 'ഓം മണിപത്‌മേ ഹും' മന്ത്രം.
ആ സംഘം കുന്നു കടന്ന് ദൂരെ ഒരു മലയുടെ നിഴലിലേക്ക് കയറി. ശബ്ദങ്ങള്‍ നേര്‍ത്തു. ഒടുവില്‍ എല്ലാം മറഞ്ഞു.അപ്പോഴും ആ വഴിയിലേക്ക് നോക്കി ദോര്‍ജെയും കുടുംബവും മതിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. അവരില്‍ നിറയെ ആ അനുഗ്രഹത്തിന്റെ ചാരിതാര്‍ത്ഥ്യം. ഞങ്ങളെ പോലെ നിങ്ങളും ഭാഗ്യവാന്‍മാരാണ്. ഈ ദിവസം തന്നെ ഇവിടെ വരാന്‍ സാധിച്ചല്ലോ. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹീതമായ ദിവസമാണിത്. ആ അനുഗ്രഹം നിങ്ങള്‍ക്കുമുണ്ടാകും.

അങ്ങിനെയായിരിക്കട്ടെ.