ആയുര്‍വേദമെന്നത് ചികിത്സാശാഖയ്‌ക്കൊപ്പം ഒരു സംസ്‌കാരം കൂടിയാണ്. കളരി കോവിലകം അതിഥികളിലേക്ക് പകരുന്നത് അതാണ്ഒരു കാല്‍വെയ്പ്പിലൂടെ നൂറ്റാണ്ടിന് പിന്നിലേക്ക് ജീവിതവും മനസ്സും... പാദരക്ഷകള്‍ അഴിച്ചു വെയ്ക്കും പോലെ ഇന്നലെകളെ ഈ കൊട്ടാരക്കെട്ടിന് പുറത്ത് ഉപേക്ഷിക്കാം...ഇതിനുള്ളില്‍ ലോകം മറ്റൊന്നാണ്. ശരീരത്തിനും മനസ്സിനും ആത്മാവിനും പുനര്‍ജ്ജീവനം നല്‍കുന്ന പ്രപഞ്ചം.നെല്ലിയാംപതി മലനിരകളുടെ താഴ്‌വാരത്തില്‍ ഒരു മനോഹര ദാരുശില്‍പ്പമാണ് കൊല്ലങ്കോട് കൊട്ടാരം. കേരളീയവാസ്തുകലയും പൗരാണിക യൂറോപ്യന്‍ ശൈലിയും സമന്വയിക്കുന്ന കൊട്ടാരത്തിന്റെ അകത്തളങ്ങളിലും ഇടനാഴികളിലും ഒരു യോഗീമൗനം നിറഞ്ഞു നില്‍ക്കുന്നു. കൊല്ലങ്കോട് ആസ്ഥാനമായി ഭരിച്ചിരുന്ന വേങ്ങനാട് രാജവംശത്തിലെ ധാത്രി തമ്പുരാട്ടിയാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. സ്ത്രീകള്‍ക്ക് മാത്രമായി ഒരിടം വേണമെന്ന് തോന്നിയപ്പോള്‍ അന്ന് കളരി നിന്നിരുന്നിടത്ത് കൊട്ടാരം തീര്‍ത്തു. അങ്ങനെയാണ് കളരി കോവിലകം എന്ന പേരു വീണത്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഈ കൊട്ടാരത്തിലേക്ക് ആയുര്‍വേദത്തിന്റെ വേരുകളെ പറിച്ചു നട്ടത് സി ജി എച്ച് എര്‍ത്ത് ഗ്രൂപ്പാണ്. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായ ആയുര്‍വേദ കൊട്ടാരമായി ഇതിനെ മാറ്റുകയായിരുന്നു. അതും പൗരാണിക ഭാവങ്ങള്‍ ഒട്ടും ചോരാതെ, ആ വാസ്തുശില്‍പ്പത്തിന് പുനര്‍ജ്ജീവനം നല്‍കിക്കൊണ്ട്. ഇന്ത്യയിലും അതിനേക്കാളുപരി പുറംലോകത്തും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച ആയുര്‍വേദത്തിന്റെ കൊട്ടാരമാണിന്നിത്.നെല്‍വയലുകളുടെ പച്ചപ്പും പാലക്കാടന്‍ കാറ്റിന്റെ ചൂരും താണ്ടി, കൊല്ലങ്കോട് കൊട്ടാരത്തിന്റെ വലിയ ഇരുമ്പു വാതിലിനപ്പുറമെത്തിയപ്പോഴേക്കും കാലം ഒരുപാട് പുറകിലേക്കോടി. നിറഞ്ഞ പുഞ്ചിരിയോടെ ജനറല്‍ മാനേജര്‍ ചെറി പി ചെറിയാന്‍ സ്വാഗതമോതി. തൂവെള്ളവസ്ത്രങ്ങളില്‍ തുമ്പപ്പൂക്കള്‍ പോലെ അതിഥികളും ആതിഥേയരും. കൊട്ടാരത്തിന്റെ സ്വീകരണ മുറിയിലേക്കു കയറും മുന്‍പ് പ്രത്യേകതരം പുല്ലു കൊണ്ട് ഉണ്ടാക്കിയ പാദരക്ഷകള്‍ തന്നു. ഇനിയങ്ങോട്ട് ഇവിടെ വരുന്ന ആരെയും പോലെ കോവിലകത്തിന്റെ രീതികളുമായി ഇഴചേരണം. ഇവിടെ നിന്ന് നോക്കിയാല്‍ ഏഴുവാതിലുകള്‍ക്കപ്പുറം ഒരു നിലവിളക്കിന്റെ പ്രകാശം കാണാം. കൊട്ടാരക്കെട്ടിലെ ദേവീ ക്ഷേത്രത്തിലെ കെടാവിളക്ക്. ഇപ്പോഴും രാജകുടംബാംഗങ്ങള്‍ക്കാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല.

സ്വീകരണമുറിയില്‍ നിന്നുള്ള നീണ്ട ഇടനാഴി പൂമുഖത്തേക്കാണ്. മരത്തൂണുകളും കൊത്തുപണികളും കൊണ്ട് സമ്പന്നമായ ഇടം. ധാത്രി തമ്പുരാട്ടിയുടെ പൂര്‍ണകായ എണ്ണഛായ ചിത്രം ഒളിമങ്ങാതെ സൂക്ഷിച്ചിരിക്കുന്നു. ആദ്യകാലത്ത് നിരവധി കലാകാരന്‍മാരുടെ രംഗവേദിയായിരുന്ന ഇവിടെ ആയുര്‍വേദ ചികിത്സയ്‌ക്കെത്തുന്നവര്‍ക്കായി ഇപ്പോഴും കലാരൂപങ്ങള്‍ അരങ്ങേറും. അടുത്ത ചുവട് അകത്തളത്തിലേക്കാണ്. മഹാറാണിയുടെ വിശ്രമ മുറിയായിരുന്നു ഇത്. അന്നത്തെ തമ്പുരുവും വീണയുമെല്ലാം ആട്ടുകട്ടിലിന് മുന്നില്‍ സൂക്ഷിച്ചിരിക്കുന്നു. വീട്ടി കൊണ്ടാണ് നിര്‍മ്മിതികളെല്ലാം. ഇവിടെ ശക്തന്‍ തമ്പുരാന്റെ ഒരു വിരല്‍ വലിപ്പത്തിലുള്ള പ്രതിമയുണ്ട്. ദിനവും പൂജ നടക്കുന്നു. ശക്തന്‍തമ്പുരാന്റെ ആത്മാവാണ് കൊട്ടാരത്തെ സംരക്ഷിച്ചു പോരുന്നതെന്നാണ് വിശ്വാസം.ഇവിടെ നിന്ന് മുകളിലേക്ക് ചുറ്റിപ്പടര്‍ന്ന് പോകുന്ന മരഗോവണി മഹാറാണിയുടെ മുറിയിലേക്കാണ്. വിശാലമായ മുറിയുടെ മേല്‍ത്തട്ടില്‍ ചുറ്റോട് ചുറ്റും കണ്ണാടികളാണ്. ഇതോടനുബന്ധിച്ച് മൂന്ന് മുറികള്‍ കൂടിയുണ്ട്. ഇതെല്ലാം ആയുര്‍വേദ കൊട്ടാരത്തിലെ വേങ്ങനാട് സ്യൂട്ടുകളാണ്. പിന്നെയുള്ളത് കോവിലകം സ്യൂട്ടുകളാണ്. അങ്ങനെ പുനര്‍ജ്ജീവനം തേടിയെത്തുന്ന അതിഥികള്‍ക്കായി 18 മുറികള്‍.

അകത്തളം കഴിഞ്ഞാല്‍ പിന്നെ ഊട്ടുപുരയാണ്. അതിനോട് ചേര്‍ന്നാണ് കൊട്ടാരത്തിന്റെ അടുക്കള. പ്രധാന ഷെഫ് നാരാണന്‍ നായരും സംഘവും അതിഥികള്‍ക്കുള്ള ഉച്ചഭക്ഷണം ഒരുക്കുന്നതിന്റെ തിരക്കില്‍. കൊട്ടാരത്തിന്റെ തോട്ടത്തില്‍ നിന്നു തന്നെയാണ് ഒട്ടുമിക്ക പച്ചക്കറികളും. അല്ലാത്തവ പൂര്‍ണമായും ഓര്‍ഗാനിക്ക് ആണെന്ന് ഉറപ്പുവരുത്തും. ഉപ്പും എരിവും പുളിയും അധികമില്ലാതെ തനി കേരളീയമായ രീതിയിലാണ് ഭക്ഷണം. ഓരോരുത്തര്‍ക്കും കൊട്ടാരത്തിലെ ഡോക്ടര്‍ നിശ്ചയിക്കുന്ന വ്യത്യസ്തമായ വിഭവങ്ങള്‍. കല്‍ച്ചട്ടികളിലാണ് വിഭവങ്ങള്‍ ഉണ്ടാക്കുക. വിളമ്പുന്നതാവട്ടെ ഓട്ടു പാത്രങ്ങളിലും.ഊട്ടുപുരയില്‍ നിന്നിറങ്ങുന്നിടത്താണ് വിശാലമായ കുളവും കുളപ്പുരയും. അതിഥികള്‍ മത്സ്യങ്ങള്‍ക്ക് തീറ്റകൊടുക്കുന്ന ഇടമായി മാറിക്കഴിഞ്ഞു ഈ കുളം. മത്സ്യങ്ങള്‍ക്ക് തീറ്റകൊടുക്കുമ്പോള്‍ ശരീരത്തിലേക്ക് നാം അറിയാതെ പ്രവഹിക്കുന്ന പോസ്റ്റീവ് എനര്‍ജിയെക്കുറിച്ച് ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍ മണി വാചലനായി.

വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച അതിഥികള്‍ നടവഴികളില്‍ കാണുമ്പോള്‍ 'നമസ്‌തേ' പറയുന്നു. ഒട്ടുമിക്കവരും യൂറോപ്പില്‍ നിന്നുള്ളവരാണ്. ആയുര്‍വേദത്തിന് പുറമേ കേരളീയ സംസ്‌ക്കാരമാണ് ഇവരിലേക്ക് പ്രവഹിക്കുന്നതെന്ന് തോന്നി. വിശാലമായ പുല്‍ത്തകിടികളാണ് കൊട്ടാരത്തിന് ചുറ്റും. നിറയെ ഔഷധ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. പേരാലും ഇത്തിയും നാഗലിംഗമരവും ഞാവലും മറ്റും നിറയുന്ന ആറരയേക്കര്‍.നേരത്തെ കണ്ട കെടാവിളക്കിനടുത്താണിപ്പോള്‍. ഒരു ചെറിയ ക്ഷേത്രം. ഒരു വശത്ത് വളരെ പ്രായം ചെന്ന ഒരു സ്ത്രീ ഇരിക്കുന്നു. കൗതുകം തീര്‍ക്കാനായി അവരോട് പേര് ചോദിച്ചു, 'എന്തിനാ മോനെ...?' എന്ന് ചോദിച്ച് മറുപടി വന്നു 'ജാനകിയമ്മ'. കഴിഞ്ഞ അറുപത് വര്‍ഷമായി കൊല്ലങ്കോട് കൊട്ടാരത്തിന്റെ സ്പന്ദനങ്ങളെല്ലാം അറിഞ്ഞ വയസ്സു ചെന്ന മനസ്സ്. മുന്‍പ് കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കാന്‍ രാജകുടുംബം ഏര്‍പ്പാടാക്കിയിരുന്നവരില്‍ ഒരാളാണ് ജാനകിയമ്മ. തൊട്ടടുത്താണ് വീട്. എങ്കിലും ഈ കൊട്ടാരക്കെട്ടിനുള്ളില്‍ മനസ്സ് ഉറച്ച് പോയതിനാലാവണം ഇവര്‍ എല്ലാ ദിവസവും ഇവിടെ വരും.

തൈലങ്ങളും ആയുര്‍വേദ മരുന്നുകളും തയ്യാറവുന്ന ഇടങ്ങള്‍, യോഗ സെന്റര്‍ എന്നിവ കടന്ന് കളരിയിലെത്തി. അവിടെ നാലു യുവാക്കള്‍ പരിശീലനത്തില്‍. പാരമ്പര്യവിധി പ്രകാരം തയ്യാറാക്കിയ കുഴിക്കളരിയാണിത്. അതിഥികള്‍ക്കായി കളരിപ്പയറ്റ് പ്രദര്‍ശിപ്പിക്കുകയും. അതിന്റെ എല്ലാ വശങ്ങളെയും കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്ന രീതിയുണ്ട് ഇവിടെ.ഇനി കോവിലകത്തിന്റെ മര്‍മ്മത്തിലേക്കാണ്. ചികിത്സാലയത്തിലേക്ക്. 'ജീവിതശൈലി രോഗങ്ങളുമായി എത്തുന്നവരാണ് അധികവും. പഞ്ചകര്‍മ്മ അടിസ്ഥാനമാക്കിയാണ് ചികിത്സവിധിക്കുക. പാരമ്പര്യവിധിപ്രകാരമുള്ള ആയുര്‍വേദ രീതിക്കൊപ്പം യോഗയും ഇടകലര്‍ന്നതാണ് ചികിത്സാരീതി. യോഗ ഒരു സപ്പോര്‍ട്ടീവ് തെറാപ്പി എന്ന നിലയിലാണ് എന്നു മാത്രം'. കോവിലകത്തെ ഭിഷഗ്വരന്‍മാരുടെ ചീഫ് ആയ ഡോക്ടര്‍ ജോഹര്‍ പറയുന്നു. ഇവിടേക്ക് വരും മുന്‍പ് അതിഥികള്‍ ഇ മെയിലില്‍ തങ്ങളുടെ രോഗങ്ങളും വിഷമതകളും ഡോക്ടറുമായി പങ്കുവെയ്ക്കും. അങ്ങനെയാണ് എത്ര ദിവസത്തെ എന്ത് ചികിത്സയാണ് വേണ്ടതെന്ന് നിശ്ചയിക്കുക.

കോവിലകം ഒന്നു കൂടി ചുറ്റികണ്ട ശേഷം യാത്ര പറഞ്ഞ് പടവുകളിറങ്ങി. ഒരു യുഗത്തില്‍ നിന്ന്, ഒരു സംസ്‌ക്കാരത്തില്‍ നിന്നിറങ്ങിപ്പോരും പോലെ.Kalari Kovilakom


Kalari Kovilakom, the palace of the ancient Vengunad Kingdom in Kerala now converted into a palace for Ayurveda by CGH Earth group, offers Ayurveda in its most authentic and substantive form. It was princess Dhatri of Vengunad Kingdom who built the Kalari Kovilakom in 19th century. Today, Kovilakom offers wellness programms based on ancient indian science Ayurveda. Here one can experience the combination of kerala style royal living and ayurveda.

Location:Kovilakom is in Kollengode, Palakkad Dt. Kerla

How to reach


By air: Coimbatore Airport (85km), Cochin International Airport (104km).
By rail: Palakkad Jn. (27km)
By road: From Palakkad town head towards Pudunagaram on Palakkad-Koduvayur highway (16km). Take right deviation from Pudunagaram to Kovilakom Mukku on Pudunagarm-Kollengode road. The Palace is situated near to Chinmaya Vidhyalaya.

Contact


Kalari Kovilakom, Ph: 04923-263920 to 28
Email: kalarikovilakom@cghearth.com
Website: www.cghearth.com, www.kalarikovilakom.com