അമ്പതുകളുടെ പടിവാതിലിലെത്തിയ ശേഷമാണ് ഞാന്‍ നല്ലൊരു സഞ്ചാരിയാവുന്നതും അന്തിക്ക് കൂടണയാന്‍ പറ്റിയ കേന്ദ്രങ്ങളാണ് യൂത്ത് ഹോസ്റ്റലുകള്‍ എന്ന് മനസിലാക്കുന്നതും. ഒറ്റക്കുള്ള യാത്രകളില്‍ മാത്രമല്ല, ഭാര്യ കൂടെയുള്ളപ്പോഴും, അടുത്ത ചങ്ങാതിമാരോ, മക്കളോ കൂടെയുള്ളപ്പോഴും ഈ പതിവിന് മാറ്റം വരുത്തിയിട്ടില്ല, ഏത് കാലവും പരിമിത വിഭവനായിരുന്നത് കൊണ്ട് പ്രത്യേകിച്ചും.

യൂത്ത്് ഹോസ്റ്റലുകള്‍ യുവാക്കള്‍ക്കു വേണ്ടിയല്ലേ എന്ന ചോദ്യം ശരി. അന്തിയോടെ അവിടെ ചേക്കേറുന്ന കിളികളില്‍ എണ്‍പതു ശതമാനവും 25 വയസിനു താഴെയുള്ളവര്‍ തന്നെ. പക്ഷെ, യുവത്വം പിന്നിട്ടവര്‍ക്കു നേരെ യൂത്ത്‌ഹോസ്റ്റലുകള്‍ വാതില്‍ കൊട്ടിയടയ്ക്കാറില്ല. വാസ്തവത്തില്‍ ഒരു സഞ്ചാരിക്ക് എങ്ങിനെയാണ് യുവത്വം നഷ്ടപ്പെടുക? രോഗമോ അവശതയോ പോലുള്ള പ്രകൃതിനിയമങ്ങള്‍ തടയിടും വരെ സഞ്ചാരിയുടെ പ്രായം കുടുന്നതേ ഇല്ല. തലേന്ന് രാത്രി യൂത്ത് ഹോസ്റ്റലിന്റെ ഭക്ഷണമുറിയിലോ ലോഞ്ചിലോ വെച്ച് ഇടപഴകിയ ചെറുപ്പക്കാരന്റെയോ ചെറുപ്പക്കാരിയുടെയോ പ്രായമാണ് ഒരു മുതിര്‍ന്ന സഞ്ചാരിയുടെ പ്രായം. അനൗദ്യോഗികമായി തന്നെ ലോകമാസകലം യൂത്ത് ഹോസ്റ്റലുകള്‍ പ്രായപരിധി എടുത്തുകളഞ്ഞതില്‍ അത്ഭുതമുണ്ടോ? പ്രായം സൂചിപ്പിക്കുന്ന കോളത്തില്‍ 20-25, 25-30, 30-35, 35-40 എന്നിവയ്ക്കു ശേഷം 40..... എന്നിങ്ങനെ ശൂന്യതയിലവസാനിക്കുന്നതാണ് അവസാനത്തെ സഌബ്.

അന്താരാഷ്ട്ര യൂത്ത് ഹോസ്റ്റല്‍ അംഗമല്ലെങ്കിലും ആര്‍ക്കും യൂത്ത് ഹോസ്റ്റലുകളില്‍ താമസിക്കാം. ഒരു ചെറിയ അംഗത്വഫീസ് കൊടുക്കണമെന്നു മാത്രം. ആദ്യമാദ്യം കോഴിക്കോട് നല്ലളത്തെ ഇലനക്ട്രിസിറ്റി ഓഫീസില്‍ ജോലി ചെയ്തിരുന്ന അന്നത്തെ സെക്രട്ടറിയെ ചെന്നു കണ്ട് ഓരോ വര്‍ഷത്തെ അംഗത്വം 50 രൂപയ്‌ക്കോ മറ്റോ എടുക്കാറായിരുന്നു പതിവ്. പിന്നീടെപ്പഴോ പൊന്നാനിക്കാരനായ സ്റ്റേറ്റ് സെക്രട്ടറി മുഖേന 500 രൂപയ്ക്ക് ഡല്‍ഹിയില്‍ നിന്നും ആജീവനാന്ത മെമ്പര്‍ഷിപ്പ് വരുത്തിയ ശേഷം, ഇപ്പോള്‍ അത്രയും തുക, ഓരോ തവണയും യൂത്ത്‌ഹോസ്റ്റല്‍ താമസത്തില്‍ ലാഭിക്കുന്നു.

യൂത്ത് ഹോസ്റ്റലുകളെല്ലാം സൗഹൃദത്തിന്റെ തണല്‍മരങ്ങളാണെന്നും അവിടങ്ങളിലെ ഏതൊക്കെയോ നാട്ടുകാരായ, ആണോ പെണ്ണോ ആയ, റിസപ്ഷനിസ്റ്റുകളെല്ലാം സൗഹൃദത്തിന്റെ ഏതോ ആഗോള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തവരാണ് എന്നുമാണ് ഈ ലേഖകന്റെ അനുഭവം. മുന്തിയതോ താണതോ ആയ ഹോട്ടലുകളിലെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചിറങ്ങിയ, സ്യൂട്ടും ടൈയും ധരിച്ച ചെറുപ്പക്കാരുടെ യാന്ത്രികമായ കൃത്രിമ സൗഹൃദത്തില്‍ നിന്നും പുഞ്ചിരിയില്‍ നിന്നുമുള്ള അകലം ഒരു യൂത്ത് ഹോസ്റ്റല്‍ റിസപ്ഷനില്‍ നിമിഷാര്‍ധം കൊണ്ട് വെളിവാവും.

ആദ്യമായി കണ്ട യൂത്ത് ഹോസ്റ്റല്‍ വിയന്നയിലായിരുന്നു. 2000-ത്തിലെ മഞ്ഞുകാലം. ഒരു കോണ്‍ഫറന്‍സിനായിരുന്നു ഒരാഴ്ചക്കാലം വിയന്നയില്‍. മാര്‍ച്ചായിട്ടും മഞ്ഞ് വിട്ടൊഴിഞ്ഞിരുന്നില്ല. ക്ഷണിക്കപ്പെട്ട പ്രതിനിധിയായതിനാല്‍ ഒറ്റ ജനല്‍ മാത്രമുള്ള ഒരു ഹോട്ടല്‍ മുറി എനിക്കുണ്ടായിരുന്നു. (മനുഷ്യര്‍ മുറികള്‍ പണിത് സ്വയം അവരെ അതിനകത്ത് തടവിലിടുന്നു എന്ന് പറഞ്ഞത് തോറോ ആണ്). അവസാനദിവസം സ്ഥലം നടന്നു കാണാന്‍ വേണ്ടി ഞാനൊരു ചെലവ് കുറഞ്ഞ താമസസ്ഥലം അന്വേഷിച്ചു. നഗരചത്വരത്തിനകത്ത് നാല് യൂത്ത് ഹോസ്റ്റലുകളുള്ള വിയന്നയില്‍ മാപ്പ് നോക്കിയും റോഡിലെ കുടില്‍ അടയാളം നോക്കിയും അവ കണ്ടെത്താന്‍ വിഷമമുണ്ടായില്ല. കൂട്ടത്തില്‍ ഡാന്യൂബിന്റെ തീരത്തൊരെണ്ണം, ഒരു രാത്രി മാത്രം താമസിക്കാന്‍, കണ്ടെത്തി. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഒരവിസ്മരണീയ ദൃശ്യം. രാത്രിയിലെപ്പഴോ കള്ളനെ പോലെ വന്ന് മഞ്ഞ് ഡാന്യൂബിന്റെ മേല്‍ ഒരു തൂവെള്ള പുതപ്പ് വിരിച്ചിട്ടിരിക്കുന്നു! ഒരു രാത്രിയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇറങ്ങാന്‍ നേരത്ത് ഈ സര്‍വ്വേ പൂരിപ്പിച്ചു തന്നാല്‍ ഒരു സമ്മാനം ഉറപ്പുണ്ടെന്ന് റിസപ്ഷനിസ്റ്റ്. ഒരു ചെറിയ ക്യാന്‍ ആസ്ട്രിയന്‍ ബിയര്‍ ആയിരുന്നു സമ്മാനം (കൂട്ടത്തില്‍ പറയട്ടെ, പ്രത്യേകിച്ച് എഴുതി വെച്ചിട്ടില്ലെങ്കിലും പൊതുവെ യൂത്ത് ഹോസ്റ്റലുകളില്‍ മദ്യപാനം ഇല്ല. ഭക്ഷണശാലകളില്‍ തീര്‍ത്തും നിഷിദ്ധം തന്നെ. സഞ്ചാരിയുടെ സഞ്ചികളില്‍ കണ്ടേക്കാമെങ്കിലും മദ്യം സഞ്ചാരിയുടെ ഒരു സഹായി അല്ല).

ആ വര്‍ഷം തന്നെ യൂറോപ്പിലെ ഏറ്റവും വലിയ യൂത്ത് ഹോസ്റ്റലുകളിലൊന്നായ ആംസ്റ്റര്‍ഡാമിലെ 536 കിടക്കകളുള്ള വോണ്ടല്‍പാര്‍ക്ക് യൂത്ത് ഹോസ്റ്റലില്‍ ഞാനെത്തി. മിക്കവാറും ചെറിയ യൂത്ത് ഹോസ്റ്റലുകളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയായി, ബങ്കര്‍ ബെഡ്ഡുകളുള്ള ഡോര്‍മിറ്ററികള്‍ മാത്രമേ കാണൂ. ഇവിടെ രണ്ടും നാലും കിടക്കകളുള്ള മുറികളും ലഭ്യം. വാടക അല്‍പ്പം കൂടും. മിക്കതും നേരത്തെ ബുക്ക് ചെയ്തു പോവുകയു ചെയ്യും. ദീര്‍ഘദിവസങ്ങളിലെ താമസം നിരുത്സാഹപ്പെടുത്തുന്നത് വോണ്ടല്‍പാര്‍ക്കിലെ ഒരു പ്രത്യേകതയാണ്. ഏറ്റവും ഡിമാന്റുള്ള ശനിയാഴ്ച രാത്രിയുടെ കൂടെ ഒരു രാത്രി കൂടിയേ ചേര്‍ക്കാനാവൂ. പ്രശസ്തമായ വാന്‍ഗോഗ് മ്യൂസിയത്തിലേക്കും റിജക്‌സ് മ്യൂസിയത്തിലേക്കും ഇവിടുന്ന് നടക്കാനുള്ള ദൂരം മാത്രം. പ്രശസ്തമായ ആംസ്റ്റര്‍ഡാം കനാലുകളില്‍ക്കൂടി പകല്‍ മുഴുവനും വലം വെച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം ബോട്ടുകളിലൊന്നില്‍ കയറിയാല്‍ ഓരോ സ്‌റ്റോപ്പിലിറങ്ങി ഓരോ മ്യൂസിയവും കണ്ട് അടുത്തുവരുന്ന ബോട്ടില്‍ അതേ ടിക്കറ്റിന് യാത്ര തുടരാം. ആന്‍ഫ്രാങ്ക് മ്യൂസിയമാണെങ്കില്‍ കനാലിന്റെ തീരത്തു തന്നെയാണ്. ഓരോ മ്യൂസിയ ടിക്കറ്റും കുറഞ്ഞ നിരക്കില്‍ യൂത്ത് ഹോസ്റ്റലില്‍ കിട്ടുമെന്ന് രണ്ട് മ്യൂസിയങ്ങള്‍ കണ്ടുകഴിഞ്ഞ ശേഷമാണ് അറിയുന്നത്. പതിവില്ലാത്ത ഒരു മുന്നറിയിപ്പും വോണ്ടന്‍പാര്‍ക്ക് യൂത്ത് ഹോസ്റ്റലില്‍ കണ്ടു. ആംസ്റ്റര്‍ഡാമിലെ നാനൂറോളം കോഫീഹൗസുകളില്‍ നിയമാനുസൃതമായി കഞ്ചാവ് ലഭ്യമാണ!് എന്നു വെച്ച് വാങ്ങി ബാഗിലിട്ട് അടുത്ത യാത്ര സിങ്കപ്പൂരിലേക്കോ മറ്റോ ആണെങ്കില്‍ ീറമള്‍ ്ക്ഷമള്‍ യില്‍ നിന്ന് നേരെ പത്ത് വര്‍ഷം ജയിലിലേക്കായിരിക്കുമെന്ന് മാത്രം!

മിക്ക യൂത്ത് ഹോസ്റ്റലുകളിലും ലോക്കറുകള്‍ മുറികളില്‍ ലഭ്യമാണെങ്കിലും സ്വന്തം പൂട്ടും താക്കോലും ഉണ്ടാവുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ വലിയ വില കൊടുത്ത് റിസപ്ഷനില്‍ നിന്ന് വാങ്ങേണ്ടിവരും. അത് സഹിക്കാം. ബാത്ത് ടവ്വല്‍ സ്വന്തം പൊക്കണത്തിലില്ലെങ്കില്‍ വാടകയ്‌ക്കോ സ്വന്തമായോ വാങ്ങേണ്ടി വരുന്നത് ഒരു പാര തന്നെയാണ്. മലയാളിയുടെ തോര്‍ത്ത് മുണ്ട് കയ്യിലുണ്ടെങ്കില്‍ അതാണ് കേമം. അധികം സ്ഥലം വേണ്ട. പെട്ടെന്ന് ഉണങ്ങിക്കിട്ടുകയും ചെയ്യും. സകലമാന ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ പാക്കുകള്‍ക്കു പുറമെ ഇന്റര്‍നെറ്റ്-വയര്‍ലസ് സൗകര്യങ്ങളും സൈക്കിള്‍/ ബൈക്ക് സൂക്ഷിപ്പു സ്ഥലങ്ങളും ലോണ്‍ഡ്രി തുടങ്ങിയവയും മിക്കപ്പോഴും ലഭ്യമാണ്, തീരെ ചെറിയ യൂത്ത് ഹോസ്റ്റലുകളിലൊഴിച്ച് മിക്ക ഹോസ്റ്റലുകളിലും ഹോട്ടലുകളിലെ പോലെ ബ്രേക്ക് ഫാസ്റ്റ് ഫ്രീ ആയിരിക്കും. ചിലയിടത്ത് ചുരുങ്ങിയ ചാര്‍ജിന് നല്ല ബ്രേക്ക് ഫാസ്റ്റും നല്ല ഒരു ഡിന്നര്‍ തന്നെയും ലഭ്യമായേക്കാം. ഇന്റര്‍നെറ്റ് വഴി ലോകത്തിലെവിടെയും യൂത്ത് ഹോസ്റ്റലുകളിലെ മുറികള്‍ ബുക്ക് ചെയ്യാം. ചില സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും പണം ആദ്യമേ അടയ്ക്കണം. ചിലപ്പോള്‍ 10 ശതമാനം മാത്രം ബുക്ക് ചെയ്യുമ്പോള്‍ ഓണ്‍ലൈനായി അടച്ചാല്‍ മതിയാവും. ചെന്നില്ലെങ്കില്‍ ആ പണം നഷ്ടപ്പെടാതിരിക്കാനും വിദ്യയുണ്ട്. അതിലും ചെറിയ തുകയ്ക്ക് ഒരു ക്യാന്‍സലേഷന്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ്!

യൂറോപ്പിലെ മറ്റൊരു നല്ല യൂത്ത് ഹോസ്റ്റല്‍ ജനീവയിലേതാണ്. അതിന്റെ മുകള്‍നിലയില്‍ നിന്ന് ജനീവ തടാകത്തെ നോക്കി മണിക്കൂറുകള്‍ ഇരിക്കാം, മതി വരില്ല. കുറേക്കൂടി ആധുനികമായ ഈ യൂത്ത് ഹോസ്റ്റലില്‍ കൂടുതല്‍ സ്വകാര്യതയുള്ള മുറികളും ലഭ്യമാണ്. പൂട്ടിനും താക്കോലിനും പകരം നിങ്ങളുടെ കയ്യിലുള്ള ഏതെങ്കിലും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിന്റെ മാഗ്‌നറ്റിക് സ്ട്രിപ്പ് ഉപയോഗിച്ച് ഒരു ലോക്കര്‍ നിങ്ങള്‍ക്ക് കസ്റ്റമൈസ് ചെയ്യാം. മുറി കാലിയാക്കുമ്പോള്‍ ലോക്കര്‍ തുറന്നിട്ട് പോവാന്‍ ഒരു അഭ്യര്‍ഥനയുണ്ടാവും. അത് ചെയ്തില്ലെങ്കില്‍ അവര്‍ക്ക് പണിയാവും. മുറികളിലേക്ക് പ്രവേശിക്കാനുള്ള മാഗ്‌നറ്റിക് കാര്‍ഡുകള്‍ ഓര്‍മ്മിച്ച് തിരിച്ചു കൊടുക്കുന്നതാണ് മര്യാദ (ഒരു പെട്ടിയില്‍ ഇട്ടാല്‍ മതി. പലപ്പോഴും ആരും കാണില്ല, നിങ്ങള്‍ സ്ഥലം വിടുമ്പോള്‍).

മറ്റൊരിക്കല്‍ ഒരു അപ്രതീക്ഷിത സൗഹൃദഹസ്തം നീണ്ടുവന്നത് ആതന്‍സ് നഗരമധ്യത്തിലുള്ള ഒരു യൂത്ത് ഹോസ്റ്റല്‍ റിസപ്ഷനിസ്റ്റില്‍ നിന്നായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് ആതന്‍സില്‍ വിമാനമിറങ്ങിയത്. നാലു മണിക്കു മുമ്പെ തന്നെ ടാക്‌സിക്കാരന്‍ കൃത്യമായി സ്ഥലത്ത് കൊണ്ടാക്കി. പിറ്റേന്ന് 11 മണിക്കു മാത്രമേ എന്റെ മുറിയുണ്ടാവൂ എന്നറിയാമെങ്കിലും ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതി. ആ നേരത്ത് മറ്റൊന്നും ചെയ്യാനുമില്ല.മറ്റെവിടെയും പോവാനുമില്ലല്ലോ. കണ്ണിറുക്കി ചിരിച്ചു കൊണ്ട് റിസപ്ഷനിസ്റ്റ് ചോദിച്ചു. 10 മണി വരെ ഒറ്റയുറക്കം ഉറങ്ങാമോ? നിന്നാല്‍ പോലും ഉറങ്ങുമെന്ന അവസ്ഥയിലായിരുന്നു, വിമാനത്തില്‍ തീരെ ഉറങ്ങാനാവാഞ്ഞ ഞാന്‍. (വിമാനം പോലെ വായിക്കാന്‍ സുഖമുള്ള സ്ഥലം വേറെയില്ല, അവിടെയിരുന്ന് ഇത്രയധികം പേര്‍ ഉറങ്ങുന്നതെങ്ങിനെയാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല) പുള്ളി, എനിക്ക് ഒരു താക്കോല്‍ തന്നു. ഒരു ബെഡ് നമ്പര്‍ പറഞ്ഞു തന്നു. എന്റെ കയ്യിലുണ്ടായിരുന്ന ഷീറ്റ് ആ കിടയ്ക്ക് മേല്‍ വിരിച്ച് അത് മുഷിപ്പിക്കുക പോലും ചെയ്യാതെ 5 മണിക്കൂര്‍ ഒറ്റയുറക്കം.ഞാന്‍ കാര്യം കഴിഞ്ഞ് സ്ഥലം വിട്ടാലോ? എന്റെ അസൗകര്യമുണ്ടാക്കുന്ന വലിയ ലഗേജ് പുള്ളി റിസപ്ഷനില്‍ വാങ്ങി സൂക്ഷിച്ചു.

ഉറങ്ങിയെഴുന്നേറ്റ്, കുളിയും പാസാക്കി ഇറങ്ങി വന്നപ്പോള്‍ റിസപ്ഷനില്‍ ആളു മാറിയിരിക്കുന്നു. പരുങ്ങി നിന്ന എന്നെ സുസ്‌മേരവദനയായി സ്വീകരിച്ച പുതിയ റിസപ്ഷനിസ്റ്റ് ഒരു മുതിര്‍ന്ന സ്ത്രീയായിരുന്നു. എന്റെ യഥാര്‍ഥ മുറിയുടെ താക്കോല്‍ നീട്ടുമ്പോള്‍, ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയപ്പോള്‍, അവരുടെ വക ഒരു പ്രത്യേക കമന്റ് വിസ്മയിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ നാട്ടില്‍ നിന്നല്ലേ! ഇന്ദിര മരിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞിരുന്നു എന്നോര്‍ക്കുക. കൂട്ടത്തില്‍ പറയട്ടെ. യൂറോപ്പില്‍ താമസിച്ചിട്ടുള്ളവയില്‍ ഏറ്റവും ഇടുങ്ങിയതും സൗകര്യങ്ങള്‍ താരതമ്യേന കുറഞ്ഞതും ആതന്‍സിലെ ഈ യൂത്ത്‌ഹോസ്റ്റല്‍ ആയിരുന്നു. ഇന്‍സ്‌പെക്ടര്‍മാരെ അയച്ച് അടച്ചുപൂട്ടിക്കണമെന്ന് ഒരു സഞ്ചാരി ഇന്റര്‍നെറ്റ് റിവ്യൂകളിലൊന്നില്‍ എഴുതിക്കണ്ടു. എന്നാലോ, ഏത് ഭാഗത്തു നിന്ന് നോക്കിയാലും അക്രോപോളിസ് കാണാവുന്ന, താരതമ്യേന ചെറിയ നഗരമായ, ആകെക്കുടി അഞ്ചോ ആറോ ലൈനുകളുള്ള യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ട്യൂബ് റെയില്‍വേ ഉള്ള, ആതന്‍സ് നഗരത്തില്‍ നിമിഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ മുറിയില്‍ കാല്‍നടയായി തിരിച്ചെത്താനും അടുത്ത പര്യവേഷണത്തിനിറങ്ങിത്തിരിക്കാനും നഗരത്തിന്റെ ഒത്ത നടുവിലുള്ള ഈ യൂത്ത് ഹോസ്റ്റല്‍ തന്നെ അത്യുത്തമം. 200 വര്‍ഷമായി ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് റെയില്‍വേ വന്നിട്ട്. അത്‌കൊണ്ടാവണം വൃത്തിയുടെയും മനോഹാരിതയുടെയും കാര്യത്തില്‍ മറ്റേ അറ്റത്താണ് അത്. എന്നാല്‍ ആതന്‍സിലെ ഓരോ ട്യുബ് സ്‌റ്റേഷനും ഓരോ മ്യൂസിയം തന്നെയാണ്. പരസ്യങ്ങളേ ഇല്ലാത്ത ഒരു ട്യൂബ് റെയില്‍വേ!

440 മുറികളുള്ള, ഫ്രാന്‍സിലെ ഏറ്റവും വലിയ ഈ യൂത്ത് ഹോസ്റ്റല്‍ ഒരു ഹോട്ടല്‍ പോലെ തോന്നി. ഡോര്‍മിറ്ററികള്‍ക്ക് പുറമെ 25 ട്വിന്‍ റൂമുകളും ഏഴ് ഡബിള്‍ റൂമുകളും ഇവിടെയുണ്ട്. (യൂറോപ്പിലൊക്കെ ചെല്ലുമ്പോള്‍ ട്വിന്‍ റുമും ഡബിള്‍ റൂമും തമ്മിലുള്ള തിരിച്ചറിവ് പ്രധാനമാണ്. ഇണകള്‍ക്കുള്ളതാണ് ഡബിള്‍ റൂം. അതില്‍ ഒരു കിങ്‌സൈസ് (ഡബിള്‍) ബെഡ് മാത്രമേ കാണൂ. രണ്ട് വെവ്വേറെ സിംഗിള്‍ ബെഡ്ഡുകള്‍ ഉള്ളതാണ് ട്വിന്‍ റൂം, രണ്ട് പേര്‍ക്കുള്ളത്. ആണായാലും പെണ്ണായാലും. രണ്ട് സ്ത്രീകളോ രണ്ട് പുരുഷന്‍മാരോ ചേര്‍ന്ന് ബുക്ക് ചെയ്യുന്നത് ഡബിള്‍ റൂം ആണെങ്കില്‍, അതായത് ഒരു കിടക്കയാണ് പങ്കിടുന്നത് എങ്കില്‍, നിങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് ആളുകള്‍ കരുതും. അപൂര്‍വ്വം ചില ഹോട്ടലുകള്‍ അത് പറ്റില്ലെന്നും പറഞ്ഞേക്കും, അങ്ങിനെ പറയുന്നത് മിക്കയിടത്തും വിവേചനപരവും നിയമ വിരുദ്ധവുമാണെങ്കിലും. ഏതായാലും അറിഞ്ഞ് ബുക്ക് ചെയ്താല്‍ അവനവന് അമ്പരപ്പ് ഉണ്ടാവുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാം.

താമസിച്ചില്ലെങ്കിലും നടന്നു നോക്കിയപ്പോള്‍, ഓര്‍ത്താഞ്ഞ്യോ, വോണ്ടന്‍പാര്‍ക്കിനെ പോലെ വളരെ വലുത് തന്നെ. പക്ഷെ ഇത്തിരി കമേഴ്‌സ്യല്‍ ആണ്. ബേസ്‌മെന്റില്‍ പൂര്‍ണ്ണമായും കമേഴ്‌സ്യല്‍ ആയ ഒരു ബാര്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇന്റര്‍നെറ്റിന് ചാര്‍ജ് കൂടുതലാണ്. ഭക്ഷണം സ്വയം പാചകം ചെയ്യാന്‍ പറ്റില്ല. കിട്ടുന്ന ഭക്ഷണത്തിന് വില കൂടുതലാണ്. ലോക്കറിന് കാശ് വേറെ കൊടുക്കണം. എന്നിരുന്നാലും പ്രശസ്തനായ ഡ്യൂമായുടെ നാലാമന്റെ പേരിലുള്ള യൂത്ത്‌ഹോസ്റ്റലില്‍ താമസിച്ച്, ഇത്തിരി അകലെയാണെങ്കിലും, വളരെ എഫിഷ്യന്റ് ആയ പാരീസ് ട്യൂബ് റെയില്‍വേ ആസ്വദിച്ച് പാരീസ് മുഴുവന്‍ ചുറ്റിക്കറങ്ങാം.

ഇംഗ്ലണ്ടും വെയില്‍സും സ്‌കോട്‌ലന്‍ഡും ചേര്‍ന്ന ഗ്രേറ്റ് ബ്രിട്ടനും കൂട്ടത്തില്‍ വടക്കന്‍ അയര്‍ലന്‍ഡും കൂടി ചേര്‍ന്നാല്‍ ഉണ്ടാവുന്ന യുനൈറ്റഡ് കിംഗ്ഡമും (യു.കെ) യൂത്ത് ഹോസ്റ്റലുകളുടെ പറുദീസ തന്നെ. യൂറോപ്പിലെ പോലെ വളരെ വലിയവ കുറവാണെങ്കിലും ദേശീയ യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്റെ കീഴിലുള്ള ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ഹോസ്റ്റലുകളും സ്‌കോട്ടിഷ് യൂത്ത്‌ഹോസ്റ്റല്‍ അസോസിയേഷന്റെ കീഴിലുള്ള സ്‌കോട്ട്‌ലന്‍ഡിലെ യൂത്ത് ഹോസ്റ്റലുകളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. നഗരമധ്യത്തിലുള്ള യൂത്ത്‌ഹോസ്റ്റലുകള്‍ പ്രായോഗികമായി ഏറെ ഉപകാരപ്രദമെങ്കിലും പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഗ്രാമാന്തരങ്ങളിലും തടാകക്കരകളിലും ഉള്ള ശാന്തസുന്ദരമായ ഹോസ്റ്റലുകള്‍ തന്നെയാണ് പ്രസ്ഥാനത്തിന്റെ യശസ്സുയര്‍ത്തുന്നത്. അന്യഥാ തിരക്ക് പിടിച്ചതും ആവര്‍ത്തന വിരസത തോന്നിപ്പിക്കുന്നതുമായ ബ്രിട്ടീഷ് പട്ടണങ്ങളിലേയും നഗരങ്ങളിലേയും (ലണ്ടനൊഴിച്ച്) യൂത്ത് ഹോസ്റ്റലുകള്‍ പലപ്പോഴും എഴുത്തിനും വായനയ്ക്കും കൂടി ഉതകുന്ന സങ്കേതങ്ങളാണ്. ചിലേടത്തെങ്കിലും പുസ്തകശേഖരങ്ങളും (ഉദാ: ചരിത്രമുറങ്ങുന്ന കാന്റര്‍ബറി യൂത്ത് ഹോസ്റ്റല്‍ ) കാണാം. ലേക്ക് ഡിസ്ട്രിക്ക് മുഴുവന്‍ നടന്നുകാണാന്‍ കേന്ദ്രമായുപയോഗിക്കാവുന്ന വിന്റര്‍മിയര്‍ തടാകക്കരയിലെ ആമ്പിള്‍സൈസ് യൂത്ത് ഹോസ്റ്റലിന് നിങ്ങളെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിക്ക് ചെയ്യുവാന്‍ വാഹനങ്ങള്‍ വരെയുണ്ട്.

എങ്കിലും എന്റെ യൂത്ത് ഹോസ്റ്റല്‍ അനുഭവങ്ങളില്‍ ആവര്‍ത്തിച്ച് സന്ദര്‍ശിക്കാനിടവന്ന പ്രത്യേകതയാര്‍ന്ന രണ്ട് ഹോസ്റ്റലുകളെ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ആദ്യത്തേത് ലണ്ടന്‍ കെന്‍സിങ്ടണിലെ ഹോളണ്ട് പാര്‍ക്ക് യൂത്ത് ഹോസ്റ്റല്‍. രണ്ടാമത്തേത് സ്‌കോട്‌ലന്‍ഡിലെ ലോക്ക് ലോമണ്ട് യൂത്ത്് ഹോസ്റ്റല്‍. ഹോളണ്ട് പാര്‍്ക്ക് യൂത്ത് ഹോസ്റ്റലിന്റെ ചാരുത ഒന്ന് വേറെ തന്നെ. തെംസ് നദീതീരം ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പര്യവേക്ഷണം നടത്താന്‍ സഹായകമായ സെന്റ് പോള്‍ കത്തീഡ്രലിനു തൊട്ടടുത്തുള്ള യൂത്ത് ഹോസ്റ്റലും, ബ്രിട്ടീഷ് ലൈബ്രറിക്കടുത്തുള്ള യൂറോപ്പിലെവിടെ നിന്നും ട്രെയിനില്‍ എത്തിച്ചേരാവുന്ന സെന്റ് പാന്‍ക്രാസ് യൂത്ത്് ഹോസ്റ്റലും ഏതു കാലവും സഞ്ചാരികളെ കൊണ്ട് നിറഞ്ഞവയും ബുക്ക് ചെയ്താല്‍ കിട്ടാന്‍ വിഷമമുള്ളവയും ആണെങ്കിലും എന്റെ പ്രിഫറന്‍സ് ഹോളണ്ട് പാര്‍ക്ക് ഹോസ്റ്റലിനാണ്. നഗരമധ്യത്തില്‍, കെന്‍സിങ്ടന്‍ ഹൈ സ്്കീറ്റ് ട്യൂബ് സ്‌റ്റേഷനില്‍ നിന്നും ടാക്‌സി പിടിച്ചാല്‍ വളഞ്ഞ് പുളഞ്ഞ് ഏതൊക്കെയോ അസുന്ദരമായ ചെറിയ റോഡുകളിലൂടെ ഹോസ്റ്റലിനു സമീപമെത്താം. എന്നാല്‍ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി വിശാലമായ പാര്‍ക്കിലൂടെ അര മൈലോളം നടന്നാല്‍ എത്താവുന്ന ദൂരമേയുള്ളൂ അത്. സന്ധ്യയ്‌ക്കോ, തണുപ്പുകാലത്തോ, മഞ്ഞുവീഴുമ്പോഴോ ആണെങ്കില്‍ ആ നടത്തം തന്നെ നവോന്‍മേഷം പകരും. ഈ നടപ്പാത ഏറ്റവും മനോഹരമായി കാണപ്പെടുക, പല നിറത്തിലുള്ള ഇലകള്‍ പൊഴിഞ്ഞ് വീണ്് പരവതാനി പോലെ കിടക്കുന്ന ശരത്കാല സന്ധ്യകളിലത്രെ. 1607ല്‍ സര്‍ വാള്‍ട്ടര്‍ സ്‌കോട്ട്, ലോര്‍ഡ് ബൈറണ്‍, വേഡ്‌സ്‌വര്‍ത്ത്, ചാള്‍സ്് ഡിക്കന്‍സ് എന്നിവര്‍ പതിവുകാരായിരുന്നു ഇവിടെ.

ഏതോ ഒരു അദൃശ്യശക്തിയുടെ പ്രേരണയാലെന്ന പോലെ 2005 മുതല്‍ക്കിങ്ങോട്ട്് എല്ലാവര്‍ഷവും തനിച്ചോ കുടുംബത്തോടൊപ്പമോ ഓര്‍ക്കാപ്പുറത്തെത്തുന്ന ഒരു സുഹൃത്തിന്റെയൊപ്പമോ ബ്രിട്ടീഷ് സമ്മറിന്റെ പാരമ്യത്തില്‍ ഞാനെത്തിച്ചേര്‍ന്നിട്ടുള്ള ലോക്ക് ലോമണ്ട് യൂത്ത്് ഹോസ്റ്റലാണ് എന്റെ രണ്ടാമത്തെ സ്വപ്നഗേഹം. കൃത്യമായി പറഞ്ഞാല്‍ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ നഗരത്തില്‍ നിന്നും കഷ്ടിച്ച് 14 നാഴിക അകലെ പ്രഖ്യാതമായ ലോക്ക് ലോമോണ്‍ഡ് തടാകം തുടങ്ങുന്നിടത്ത് ഒരു കുന്നിന്‍മേലാണ് ഈ പ്രാചീനമായ കാസില്‍. കോട്ട/ കൊട്ടാരത്തിന്റെ പേര് എരസുൃലവ ൃൃമൃ ഃ്ുീവ. (അച്ചുമ്മാന്റെ പ്രേതഭവനം എന്നാണ് ഞാന്‍ വിളിക്കാറുള്ളത്). 14 -ാം നൂറ്റാണ്ടില്‍ ഈ മന്ദിരവും ചുറ്റുമുള്ള 300 ഏക്കര്‍ എസ്റ്റേറ്റും സ്‌കോട്‌ലന്‍ഡ് രാജാവായിരുന്ന ഞ്‌യവിറ റസവ ഏ ിുീവ (അതേ, നമ്മുടെ ചിലന്തിവലക്കഥയിലെ നായകന്‍ തന്നെ) തന്റെ മൃഗയാ വിനോദങ്ങള്‍ക്കിടെ തങ്ങുന്ന ഒരു ഹണ്ടിങ് ലോഡ്ജായിരുന്നത്രെ. 1865 ലാണ്, നെപ്പോളിയന്റെ പ്രതാപകാലത്ത്്, മധ്യ പൗരസ്ത്യ ദേശങ്ങളുമായി കച്ചവടം നടത്തി ധനാഢ്യനായ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പുകയില പ്രഭൂ ഇവിടെ ഒരു സ്യൂഡോ കാസില്‍ പണിയുന്നത് (യുദ്ധ സന്നാഹങ്ങളൊന്നും ഇല്ലാതെ). അക്കാലത്തെ പ്രമുഖ ആര്‍ക്കിടെക്റ്റ് ആയിരുന്ന ജോണ്‍ ബര്‍ണറ്റിനെയാണ് മന്ദിരം പണിയാനേല്‍പ്പിച്ചത്. പ്രഭു ദൂരൂഹമായ സാഹചര്യങ്ങളില്‍ സ്വയം വെടിവെച്ച് മരിച്ചു എന്നാണ് ഭാഷ്യം. പുതിയ ഉടമയായ ഒരു മിസ്റ്റര്‍ ക്രിസ്റ്റല്‍ 1899 ല്‍ പുതിയ പ്രവേശന കവാടം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കന്‍ പട്ടാളത്തിന്റെ പന്ത്രണ്ടാം ആന്റി എയര്‍ക്രാഫ്റ്റ് ഡിവിഷന്റെ സര്‍ച്ച്‌ലൈറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയിരുന്നു ഈ മന്ദിരം. 1945 ല്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് വാര്‍ റിലീഫ് സൊസൈറ്റി മുഖേന ലഭ്യമായ അമേരിക്കയിലെ ട്രേഡ് യൂണിയനുകളുടെ വലിയ സാമ്പത്തിക സഹായമുപയോഗിച്ചാണ് സ്‌കോട്ടിഷ് യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഈ പ്രാചീന മന്ദിരം വാങ്ങുന്നതും നവീകരിക്കുന്നതും. ഒരേ സമയം പഴമയും പ്രഭു മന്ദിരത്തിന്റെ ഗരിമയും ചരിത്രം ഇണക്കിച്ചേര്‍ത്ത കഥകളും ഇടകലര്‍ന്ന ഈ ഗംഭീരമന്ദിരത്തില്‍ ഒരു യൂത്ത് ഹോസ്റ്റലിന്റെ തുച്ഛവാടകയ്ക്ക് (ശരാശരി യൂത്ത് ഹോസ്റ്റല്‍ ബെഡ്ഡിന്റെ വാടക, അംഗത്വമുള്ള ഒരു സഞ്ചാരിക്ക് പതിനഞ്ചിനും ഇരുപതിനും മധ്യേ പൗണ്ട് വരും. തത്തുല്യമായ ഒരു ഹോട്ടല്‍മുറി-തടവുമുറി-യുടെ മൂന്നിലോ നാലിലോ ഒരു ഭാഗം) താമസിക്കാനാവുക എന്നത് ഒരു സഞ്ചാരിയുടെ ഭാഗ്യമോ അനുഗ്രഹമോ ആണ്.

ഗംഭീരമായ കൊത്തുപണികളുള്ള ചുറ്റുകോണിയും കത്തീഡ്രലുകളോട് കിടപിടിക്കുന്ന സ്റ്റെയിന്‍ഡ് ഗ്ലാസിന്റെ ജനാലകളും പ്രഭു ഭവനത്തിനനുയോജ്യമായ നെരിപ്പോടും വിശാലമായ കോണ്‍ഫറന്‍സ് മുറിയും ഭക്ഷണശാലയും ബങ്കര്‍ബഡ്ഡുകളാണെങ്കിലും വിശാലവും വൃത്തിയുള്ളവയുമായ കിടപ്പുമുറികളും(ഒരേ സമയം 120 ഓളം പേര്‍ക്കിവിടെ താമസിക്കാം) മിക്കവാറും ഏത് മുറിയില്‍ നിന്നും കാണാവുന്ന തടാകവും ലോകത്തിന്റെ നാനാഭാഗത്തു നിന്നായി സ്‌കോട്ട്‌ലാന്‍ഡ് സൈക്കിളില്‍ ചുറ്റാന്‍ മാത്രമായി വരുന്ന യുവസഞ്ചാരികളും ഒക്കെ ചേര്‍ന്നാലും ഒരു നിശബ്ദ ഗാംഭീര്യം ഈ കാസിലിനെ വലയം ചെയ്തിരിക്കും. രാത്രിയുടെ നിശബ്ദതയില്‍ ഈ കെട്ടിടം നോക്കിനില്‍ക്കുന്നത് തന്നെ ഒരനുഭുതിയാണ്. 30 നാഴിക നീളവും ഒരു നാഴിക വീതിയുമുള്ള സ്‌കോട്ട്്‌ലാന്‍ഡിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ലോക്ക് ലോമണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ കണ്ട് തീര്‍ക്കാന്‍ കേന്ദ്രമായുപയോഗിക്കാവുന്ന ഈ യൂത്ത് ഹോസ്‌ററല്‍ പകല്‍ 11നും 3നും ഇടയില്‍ മുറികളില്‍ താമസിക്കാതിരിക്കാന്‍ വിനയപൂര്‍വ്വം നിങ്ങളോടഭ്യര്‍ഥിക്കും.

-അതെ, യൂത്ത് ഹോസ്റ്റല്‍ സഞ്ചാരികള്‍ക്കുള്ളതാണ്. ചടഞ്ഞുകൂടിയിരിക്കുന്നവര്‍ക്കല്ല.