താഴ് വാരങ്ങളില്‍ നിന്ന് മാനം മുട്ടെ വളര്‍ന്ന് നീലഗിരിയുടെ ഉയരങ്ങളിലേക്ക് ഒരു തീവണ്ടി കൂകി പാഞ്ഞു തുടങ്ങിയിട്ട് 107 വര്‍ഷങ്ങള്‍ കഴിഞ്ഞു. അസംഭവ്യമെന്ന് കേട്ടവരൊക്കെ ആവര്‍ത്തിച്ചിട്ടും തന്റെ വണ്ടി കിതപ്പില്ലാതെ ഇതെല്ലാം ഓടിക്കയറുമെന്ന പറഞ്ഞയാള്‍ ഇന്നിവിടെ ഇല്ലെങ്കിലും നീലിമയാര്‍ന്ന താഴ് വാരത്തിലേക്ക് നോക്കി ഇപ്പോള്‍ ഇങ്ങനെ പറയുന്നുണ്ടാവും ഇതാണ് ഞാന്‍ പറഞ്ഞ വണ്ടി. മഴയും വെയിലും മാറി മാറി പോകുമ്പോഴും അസ്ഥി തുളയ്ക്കുന്ന തണുപ്പുമായി കാലത്തെ പിന്നിലാക്കിയ ചരിത്രം ഈ കല്‍ക്കരി വണ്ടിക്കുമുണ്ടാകില്ലേ വരും കാലത്തോട് പറയാന്‍.

വളഞ്ഞും പുളഞ്ഞും മലകയറി പോകുന്ന വഴികള്‍. ചില്ലുജാലകത്തിലൂടെ എന്നും പുതുമയുള്ള കാഴ്ചകളിലേക്ക് കണ്ണും തുറന്ന് ഇരുട്ടിന്റെ പാതാളത്തിയൂടെ ഊളിയിട്ട് ഇന്നും കൂനൂരിലെത്തുന്നു പര്‍വ്വതവണ്ടി. ഓരോ വ്യാഴവട്ടത്തിന്റെ ഇടവേളകളും കൂറിഞ്ഞിപ്പൂക്കള്‍ മലയോരങ്ങളെ നീല പുതപ്പിച്ചപ്പോഴും ആര്‍ത്തുല്ലസിച്ച് ഈ വണ്ടി ഇതിലേ കടന്നുപോയി. നൂറ്റിയെട്ടു വളവുകളും പതിനാറ് തുരങ്കങ്ങളും ഇരുന്നൂറ്റിയമ്പത് പാലങ്ങളും അതിലേറെ കടമ്പകളും പിന്നിട്ട് ഊട്ടിയിലെ ലൗ ഡെയില്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇതിനോട് പ്രണയം മൂത്ത് അനേകം പേര്‍ ഇന്നും ഇവിടെ കാത്തിരിക്കുന്നു.


ഒരു ശതം വര്‍ഷങ്ങള്‍ക്ക് മുമ്പ് തണുപ്പിന്റെ കൂടാരത്തില്‍ നെരിപ്പോടുകളില്‍ കനലുകള്‍ ഊതി പെരുപ്പിച്ച സായ്പന്‍മാരുടെ ഓര്‍മ്മകളും അനന്തരങ്ങളുമാണ് ഈ വണ്ടിയുടെ വഴികളാവുന്ന ഞരമ്പുകളില്‍ ഇന്നും ഒഴുകുന്നത്. തേയിലയും കാപ്പിയും സിങ്കോണയും നട്ടുപിടിപ്പിച്ച് ഒരായുസ്സിന്റെ മുക്കാല്‍ ഭാഗവും ഇവിടെ ജീവിച്ചവര്‍. തിരിച്ചുപോകാന്‍ കഴിയാതെ ഈ മണ്ണില്‍ മനസ്സലിയിച്ചു ചേര്‍ത്തവര്‍. വിശ്രാന്തിയുടെ വിജനമായ തണുപ്പില്‍ ഉറ്റവരാരും മെഴുകുതിരി തെളിക്കാനില്ലാത്ത് ഇംഗ്‌ളീഷ് ശ്മശാനങ്ങളെ തലോടി.

കാരറ്റു തോട്ടങ്ങളെ നെറുകെ കീറിമുറിച്ച് തോട വംശജരുടെ കുടിലുകള്‍ക്ക് താഴെക്കൂടി ഊട്ടിയുടെ ഹൃദയം തേടി എത്രയെത്ര യാത്രകള്‍. തീപ്പെട്ടികള്‍ പോലെ അടുക്കിവെച്ച പട്ടണക്കാഴ്ചകള്‍ക്കിടയില്‍ നിന്നും വന്നതിന്റെ ഇരട്ടി വേഗത്തില്‍ പാഞ്ഞു പോകുന്ന തീവണ്ടിയോട് ഊട്ടിയിലെ തിരക്കിനിടയില്‍ നാട്ടുകാര്‍ പോലും ചോദിച്ചു പോകും നിനക്കും എന്താണിത്ര തിരക്ക്. അങ്ങകലെ മേട്ടുപാളയമെന്ന ചെന്തമിഴിന്റെ നാട്ടില്‍ നിന്ന് അക്ഷമരായി കാത്തുനില്‍ക്കുന്ന വിരുന്നുകാരെയും കൂട്ടി തിരുമ്പി വരറെ എന്നായിരിക്കുമല്ലോ ഉത്തരം.


ആറു ദശകങ്ങളോളം നീലഗിരി കയറിയിറങ്ങിയ ഒരു ആവി എഞ്ചിന്‍ കാലത്തിനു സാക്ഷിയായി കൂനൂര്‍ സറ്റേഷനുമുന്നില്‍ തളര്‍ന്നുറങ്ങുന്നു.ഇനിയും ഏറെ ദൂരം താണ്ടാനുള്ള ആവേശം ഉള്ളില്‍ അലയടിക്കുന്നുവെങ്കിലും ഇനിയൊന്നു വിശ്രമിക്കൂ എന്ന് ആരോ പറഞ്ഞതു പോലെ. പൈതൃകങ്ങള്‍ തുന്നിയ നീലക്കുപ്പായമിട്ട് ചരിത്രത്തെ കൗതുകങ്ങളിലൊളിപ്പിച്ച് ഒരേയൊരു നില്‍പ്പ്. ദൗത്യമെല്ലാം ഏറ്റെടുത്ത പിന്‍മുറക്കാരന്‍ മാനത്തേക്ക് നൂലുപോലെ പുക പടര്‍ത്തി ഇതിനു മുന്നിലൂടെ പാഞ്ഞു പോകുമ്പോള്‍ ജനാലകള്‍ക്കിടയിലൂടെ പൈതൃകങ്ങളിലേക്ക് പുതിയ തലമുറകള്‍ കൈചൂണ്ടി പറയും ഹൗ വണ്ടര്‍ഫുള്‍ യു ആര്‍.

1947 ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ അവസാന യാത്രികന്‍ ഈ സ്റ്റേഷനില്‍ നിന്നും വിടപറഞ്ഞത്. പടപൊരുതി നേടിയ ഇന്ത്യന്‍ സ്വാതന്ത്രൃത്തിന് ഒരു ശേഷിപ്പായി ഇതിരിക്കട്ടെ. നീലഗിരിക്ക് ഇവര്‍ നല്‍കിയ സമ്മാനത്തിന്റെ പേരാണ് ഇന്നു നമ്മള്‍ വളര്‍ത്തു പേരിട്ടു വിളിക്കുന്ന എന്‍ എം ആര്‍ എന്ന പര്‍വ്വത വണ്ടി.ഒരു വേളയില്‍ ഇപ്രകാരം ബ്രിട്ടീഷുകാര്‍ ജീവനോടെ ശേഷിപ്പിച്ച പൈതൃക സ്മാരകം. വെള്ളക്കാര്‍ മാത്രം സഞ്ചരിച്ചിരുന്ന ബോഗികളില്‍ തെല്ല് അഹങ്കാരത്തോട് തന്നെ ആദ്യം കയറിയിരുന്ന സഞ്ചാരികള്‍ ആരായിരിക്കാം. പാളം തെറ്റാതെ ഉദകമണ്ഡലത്തിലേക്ക് പര്‍വ്വത വണ്ടിയെ വഴികാണിച്ചതും ആരായിരിക്കാം.


ഇതിനെല്ലാം ഉത്തരം മദ്രാസ് പ്രസിഡന്‍സി രേഖകളിലുണ്ട്. കോളനി വാഴ്ചയിലെ ഉറ്റവരായ ദാസ്യരെയും കയറ്റി ഇന്ത്യക്കാരുടെ മാത്രം ആദ്യ യാത്രയ്ക്ക് സ്വിസ് ലോക്കോമോട്ടീവ് ആന്റ് മെഷിന്‍ വര്‍ക്ക്‌സ് എന്ന തീവണ്ടി കമ്പനിയുടെ അധികൃതര്‍ അപ്പോഴും അവിടെ ഉണ്ടായിരുന്നു. സഹപ്രവര്‍ത്തകരെല്ലാം വിട്ടൊഴിഞ്ഞപ്പോഴും ആവി എഞ്ചിന്‍ നിന്നു പോയാല്‍ ഇന്നും സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും ഇവര്‍ പറന്നെത്തുന്നു.അഭിമാനത്തിന്റെ നെറുകയില്‍ നിന്ന് ഇവര്‍ പറയും ഈ ലോകപൈതൃകം നിന്നു പോകരുത് അവസാനം വരെയും ഞങ്ങളുണ്ടാകും. 2005 ലാണ് യുനസ്‌കോ ഈ തീവണ്ടിയില്‍ കയറി ഒരു യാത്ര നടത്തിയത്. ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇവര്‍ തീരുമാനിച്ചു. ഇത് ലോകത്തിന്റെ പൈതൃകത്തില്‍ ഇടം നല്‍കേണ്ട ഒന്നു തന്നെ. പ്രഖ്യാപനം വൈകിയില്ല. നയാഗ്ര വെള്ളച്ചാട്ടം പോലെ. ഈജിപ്തിലെ പിരമിഡുകള്‍ പോലെ അവയ്‌ക്കൊപ്പം ലോക പാരമ്പര്യത്തിന്റെ കൊടുമുടിയിലാണ് ഇന്ന് ഈ തീവണ്ടിയുടെ ചൂളംവിളികള്‍

1882 ലെ ഒരു ശരത്കാലം. ആര്‍തര്‍ റിഗന്‍ബാക് എന്ന സ്വിസ് എന്‍ജീനയറെ ബ്രീട്ടീഷ് ഇന്ത്യ ഊട്ടിയിലേക്ക് ക്ഷണിച്ചു വരുത്തി. പുറം ലോകത്തു നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന ഉതകമണ്ഡലമെന്ന മദ്രാസ് ഗവണ്‍മെന്റിന്റെ ആസ്ഥാനത്തിന് ഒരു റെയില്‍പാത വേണം ഇതായിരുന്നു ആവശ്യം. യുറോപ്പിന് തുല്യമായ തണുപ്പിന്റെ രാജ്യത്തില്‍ ആധിപത്യമുറപ്പിക്കാനുള്ള ദൗത്യം കൂടിയായിരുന്നു ഇത്. റെയില്‍പ്പാതയ്ക്കായി 132000 ഡോളറിന്റെ ഒരു കണക്കുപുസ്തകം ഈ എന്‍ജിനീയര്‍ തയ്യാറാക്കി നല്‍കിയതോടെ തീവണ്ടിയുടെ ചൂളം വിളികള്‍ക്കായി ഈ മലയോരം കാത്തിരുന്നു തുടങ്ങി.


ദി നീലഗിരി റിഗ്ഗി റെയില്‍ കമ്പനി അങ്ങിനെ സ്ഥാപിക്കപ്പെട്ടു. ചുവപ്പുനാടകളില്‍ കുടുങ്ങിയ നീലഗിരിയുടെ പ്രതീക്ഷകള്‍ പൂവണിയാന്‍ പിന്നെയും കാലമെടുത്തു. സര്‍ ആര്‍തര്‍ ലെയ്‌ലി, ബാരന്‍ വെന്‍ലോക്, ബെയ്ല്‍ബി ലെയ്‌ലി എന്നിവര്‍ നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി 1891 ല്‍ റെയില്‍ പണികള്‍ പുനരാരംഭിച്ചു. എട്ടു വര്‍ഷം പിന്നട്ടപ്പോള്‍ മേട്ടുപാളയം കൂനൂര്‍ പാത പൂര്‍ത്തിയായി. 1903 ല്‍ കമ്പനിയില്‍ നിന്ന് ഈ പാത സര്‍ക്കാര്‍ ഏറ്റെടുത്തു. കൂനൂരില്‍ നിന്നും ഉദകമണ്ഡലത്തിലേക്കുള്ള പാതയും ഇതോടെ യാഥാര്‍ത്ഥ്യമായി. മദ്രാസ് റെയില്‍വെ കമ്പനിക്കായിരുന്നു ഇക്കാലത്ത് പ്രവര്‍ത്തന ചുമതല.1908 ഒക്‌ടോബര്‍ 15 ന് അന്നത്തെ മദ്രാസ് ഗവര്‍ണ്ണര്‍ സര്‍ ആര്‍തര്‍ ലെയ്‌ലി പാത ഒദ്യോഗികമായി തുറന്നു കൊടുത്തതോടെ പര്‍വ്വത വണ്ടിയുടെ അവിശ്രമ യാത്രകള്‍ക്ക് തുടക്കമായി. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം ചുവപ്പ് നാടയില്‍ കുരുങ്ങിപ്പോയ സ്വപ്നങ്ങള്‍ക്ക് ഒടുവില്‍ ഒരു സാക്ഷാത്കാരം.

തണുത്തുറയുന്ന ജൈവലോകത്തിന്റെ നെറുകയിലേക്ക് പാഞ്ഞുകയറിയ ആവിയന്ത്രം ഈസ്റ്റ് ഇന്ത്യാകമ്പനിയെ പോലും പലതവണ അമ്പരിപ്പിച്ചുകളഞ്ഞു. ചെറിയൊരു ഇംഗ്‌ളീഷ് രാജ്യത്തിനുവേണ്ട എല്ലാ സാധനങ്ങളും ഈ പാളങ്ങളിലൂടെ മലകയറിയെത്തിതുടങ്ങി. നെരിപ്പോടിന്റെ ചൂടനക്കം പറ്റി ബംഗ്‌ളാവുകളില്‍ രാത്രികള്‍ മാറി മറിഞ്ഞപ്പോഴും ഉറങ്ങാതെ നിന്നു പര്‍വ്വത തീവണ്ടിയും. കുതിരയോട്ടക്കാരും ഗോള്‍ഫ് കളിക്കാരും പട്ടാളക്കാരും ചെറിയ ബോഗികള്‍ഘടിപ്പിച്ച തീവണ്ടിയില്‍ യാത്രക്കാരായി. തണുപ്പുരാജ്യക്കാരുടെ ആവേശവും ഭ്രാന്തുമായി ജാക്ക്‌പോട്ടുകള്‍ മാറിയപ്പോള്‍ ഒന്നാന്തരം ജാക്കികളും പോണി കുതിരകളുമെല്ലാം തീവണ്ടി കയറിവന്നു. പൂക്കളുടെ വസന്തമൊരുക്കി വേനല്‍ വന്നണയുമ്പോള്‍ ഗവര്‍ണ്ണറും പ്രകൃതിയുടെ ശീതീകരണി തേടി പര്‍വ്വത വണ്ടിയിലെ ഒന്നാംക്ലാസ്സ് കമ്പാര്‍ട്ടുമെന്റിലെത്തിയ കാലവും ഈ നാടിന്റെ ഓര്‍മ്മകളിലുണ്ട്. സൈന്യം വരുന്നതിന് മുമ്പ് വെടിക്കോപ്പുകളും പീരങ്കിയുമെല്ലാം ഈ ആവിയന്ത്രം തന്നെയാണ് മലമകളിലേ സ്വന്തം രാജ്യത്തിലേക്ക് വലിച്ചെത്തിച്ചത്.


മേട്ടുപാളയം ഉദകമണ്ഡലം റൂട്ടില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ മുപ്പത് കിലോമീറ്ററും ചിലയിടങ്ങളില്‍ 13 കിലോമീറ്ററുമാണ് തീവണ്ടിയുടെ വേഗത. 26 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ നാലര മണിക്കൂറെടുക്കുന്ന ചുരങ്ങള്‍. പറവെട്ടിയെടുത്ത നിര്‍മ്മിതികള്‍ യാത്രവേളയില്‍ ഒരു അത്ഭുതമാകാം. കോടമഞ്ഞുപുതഞ്ഞു കുഴയുന്ന മനപാഠമായ വഴികളില്‍ തിരക്കുള്ള യാത്രക്കാര്‍ ആരുമില്ല.എല്ലാവരും പ്രകൃതിയുടെ മടിത്തട്ടില്‍ നീലഗിരിയുടെ ലാവണ്യം തേടിയെത്തിയവരാണ്. ആറുമാസങ്ങള്‍ക്ക് മുമ്പ് വരെ യാത്രയ്ക്കായി ടിക്കറ്റെടുത്ത് കാത്തുനിന്നവര്‍.ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നുമെല്ലാം യാത്രക്കാരുണ്ട്. ഒരു തവണയെങ്കിലും പൈതൃക തീവണ്ടിയില്‍ യാത്ര ചെയ്യണമെന്ന അടങ്ങാത്ത മോഹമാണ് ഇവരെയെല്ലാം ഊട്ടിയെന്ന തണുപ്പ് കൂടാരത്തിലെത്തിച്ചത്.

സമുദ്ര നിരപ്പില്‍ നിന്നും ഏഴായിരം അടി ഉയരത്തിലാണ് ലൗ ഡെയില്‍ സ്റ്റേഷന്‍. ഇതൊരു പ്രണയ തീരം തന്നെയാണ്. പച്ചപ്പണിഞ്ഞ താഴ് വാരങ്ങളുമായി നീലഗിരി പ്രണയസല്ലാപം നടത്തുന്നയിടം. കൂനൂരും വെല്ലിങ്ങ്ടനും അരവന്‍കാടും കേറ്റിയും കഴിഞ്ഞാല്‍ ഉദകമണ്ഡലത്തിനു മുന്നിലായുള്ള സ്റ്റേഷന്‍. ഒട്ടനവധി ഇന്ത്യന്‍ സിനിമകളില്‍ ഈ സ്റ്റേഷന്‍ നമ്മുടെ കണ്ണിനുമുന്നിലുടെ കടന്നുപോയിട്ടുണ്ട്. ഡേവിഡ് ലീനൊരുക്കിയ എ പസ്സേജ് ടു ഇന്ത്യ എന്ന ചിത്രത്തില്‍ കൂനൂര്‍ സ്റ്റേഷനിലാണ് ആദ്യവസാനം സീനുകള്‍ പുരോഗമിക്കുന്നത്. ബ്രിട്ടിഷ് ബ്രോഡ് കാസ്റ്റിങ്ങ് കോര്‍പ്പറേഷനും 2010 ഫെബ്രുവരിയില്‍ നീലഗിരിയിലെ മൗണ്ടെന്‍ റെയില്‍വെയുടെ മഹത്വമറിഞ്ഞെത്തി. ഹ്യൂഗോ സ്മിത്ത്, നിക് മാറ്റിങ്ങ്‌ലി, തരുണ്‍ ബാര്‍ത്തിയ എന്നിവര്‍ തയ്യാറാക്കിയ പര്‍വ്വത വണ്ടിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കായിരുന്നു 2010 ലെ യു.കെ. റോയല്‍ ടെലിവിഷന്‍ സൊസൈറ്റി അവാര്‍ഡും ലഭിച്ചത്. ഷാരൂഖ് ഖാന്റെ ദില്‍ സേ മതല്‍ എണ്ണമറ്റ ഭാഷാചിത്രങ്ങളുടെയും ലൊക്കെഷനാണ് നീല തീവണ്ടിയുടെ വഴിത്താരകളെല്ലാം.ഇന്ത്യന്‍ ആര്‍മിയുടെ കഥ പറയുന്ന വെല്ലിങ്ങ്ടന്‍ സ്റ്റേഷനും അഭ്രപാളിയിലെ വിസ്മയ കാഴ്ചകളില്‍ ഒന്നുമാത്രം.

കൊരമ്പക്കുടകള്‍ പോലെ വീടുകളുണ്ടാക്കുന്ന തോട വംശജരുടെ നാട്.കുറിഞ്ഞി പൂക്കുന്ന താഴ് വരകള്‍ അതിരുടന്ന മലയോരം. ഇതായിരുന്നു ജോണ്‍ സുള്ളിവന്‍ എന്ന ബ്രീട്ടീഷുകാരനായ ഗവര്‍ണ്ണര്‍ പരിചയപ്പെട്ട ഉതകമണ്ഡലം എന്ന നാടിന്റെ ആദ്യചിത്രം. അതിനു മുമ്പ് 1603 ല്‍ ജാക്കോം ഫോറിക്കോ എന്ന പാതിരിയായിരുന്നു നീലഗിരിയില്‍ ആദ്യമെത്തിയത്.പിന്നീട് 1812 ല്‍ സര്‍വെയര്‍ മാരായ വില്യം കീയും മക്‌മോഹനും ഇവിടെയെത്തി. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1819 ല്‍ കോത്താഗിരിയിലെത്തിയ ജോണ്‍ സുള്ളിവന്‍ തോമസ് മണ്‍റോയ്ക്ക് ഇങ്ങനെ കത്തെഴുതി ഈ മനോഹാരിതകള്‍ സ്വിറ്റസര്‍ലാന്റിന് തുല്യമാണ്.യൂറോപ്പിലെ ഏതു രാജ്യത്തേക്കാളും മനോഹരം.ഇവിടെ ശിശിരകാലം സ്വര്‍ഗ്ഗീയമാണ്.


ഡിമ്പട്ടിയില്‍ അങ്ങിനെ ഒരു ബംഗ്ലാവ് ഉയര്‍ന്നുവന്നു. ഇതായിരുന്നു ആധുനിക ഊട്ടിയുടെ ആദ്യത്തെ രമ്യഹര്‍മ്യം.1832 മുതല്‍ മദ്രാസ് പ്രസിഡന്‍സിയുടെ വേനല്‍ക്കാല തലസ്ഥാനമായും ഉതകമണ്ഡലം മാറുകയായിരുന്നു. മാനം മുട്ടി വളരുന്ന സിങ്കോണയും പച്ചപട്ടണിയുന്ന തേയിലത്തോട്ടങ്ങളും യൂക്കാലിമെല്ലാം വളര്‍ത്തി ഊട്ടിയെന്ന നഗരത്തെ പൂന്തോട്ടമാക്കി മാറ്റുകയായിരുന്നു സള്ളിവന്‍ എന്ന നഗര ശില്‍പ്പി. തോടകളില്‍ നിന്നും ദാനം കിട്ടിയ സ്വര്‍ഗ്ഗം അങ്ങിനെ യൂറോപ്പ്യന്‍മാരുടെ താവളമായി മാറി. പന്തയക്കുതിരകളും വിനോദങ്ങളും മാത്രമായിരുനരുന്നില്ല വന്നെത്തിയത്. ഇംഗ്‌ളീഷ് വെജിറ്റബിളും കൂടെയെത്തി. കാട്ടുകിഴങ്ങുകള്‍ മാത്രം വേരോടിയ മണ്ണില്‍ യൂറോപ്പിന്റെ തീന്‍മേശയിലെ ഉരുളക്കിഴങ്ങും കാരറ്റുമെത്തി. മൈസൂര്‍ രാജാവിനെ കൂട്ടുപിടിച്ച് കാട്ടില്‍ മൃഗവേട്ടയും ഇവര്‍ വിനോദമാക്കി. ഈ ഓര്‍മ്മകള്‍ക്കൊപ്പമാണ് ഇന്ന് പര്‍വ്വത തീവണ്ടിയും സഞ്ചരിക്കുന്നത്.

പുഷ്പറാണികളുടെ സ്വന്തം നാട് ലോകമറിയുന്ന പനീര്‍ പൂന്തോട്ടം.ആസ്തറയും ജര്‍ബറയും പെറ്റിയണിയം ഗാര്‍ണേഷ്യം എന്നിങ്ങനെ വിദേശ അതിഥികള്‍ താമസമുറപ്പിച്ച ഊട്ടി ഇന്ന് ലോകമറിയുന്ന പൂന്തോട്ടമാണ്. 119 വര്‍ഷത്തെ പുഷ്പ്പമേളകള്‍ ഇപ്പോള്‍ ഈ നാടിനെ പിന്നിട്ടിരിക്കുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പച്ചപുല്‍ത്തകിടിയില്‍ മേയ്മാസങ്ങളില്‍ പൂക്കാലം ഉണരുമ്പോള്‍ അങ്ങകലെ യൂറോപ്പില്‍ നിന്നും സുള്ളിവന്റെ പിന്‍മുറക്കാര്‍ ഇന്നും പതിവു തെറ്റിക്കാതെ ഇവിടെയെത്തുന്നതിലും അത്ഭുതമില്ല. കാതങ്ങള്‍ അകലെ ഈ നാടിന്റെ വിളികള്‍ അലയടിക്കുമ്പോള്‍ ഊട്ടിയുടെ ചരിത്രപുസ്തകത്തില്‍ വരും കാലം ഈ ഊഷ്മളതകള്‍ കൂടി എഴുതി ചേര്‍ക്കേണ്ടിവരും.


ഊട്ടിയെന്ന് കേട്ടാല്‍ കുളിരായിരുന്നു പുതഞ്ഞെത്തുക. ഈ നാട്ടില്‍ നിന്നും ഇപ്പോള്‍ പതിയെ പതിയെ തണുപ്പ് അകന്നുപോകുന്നു.അംബര ചുംബികളായ ഗിരിനിരകള്‍ക്ക് താഴെ തീപ്പെട്ടി കൂടാരങ്ങളില്‍ ചൂട് തുടങ്ങിയിരിക്കുന്നു.കുടിവെള്ളം ഇന്ന് ഈ നാട്ടില്‍ വേനലില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ വണ്ടികളിലെത്തുന്നു. ജനപെരുപ്പവും ജലചൂഷണവും ഉദകമണ്ഡലത്തിന്റെ വിലാസം തെറ്റിക്കുന്നു. 2011 ലെ കാനേഷുമാരി കണക്കെടുപ്പ് 88,430 ആണ് ഊട്ടിയുടെ ജനസംഖ്യ.

എട്ടിരട്ടിയിലധികം ജനങ്ങളും അവരുടെ കോണ്‍ക്രീറ്റ് ഹര്‍മ്യങ്ങളും പാരിസ്ഥിതിക ദുര്‍ബലതയുടെ കാരണമായി പറയുമ്പോള്‍ ഇവരിതിനെയെല്ലാം കാലാവസ്ഥയെ പഴിക്കും.പ്രകാരം ഒരോ മഴക്കാലവും ഭീതിയുടെ നിഴല്‍വിരിക്കുമ്പോള്‍ ഈ നഗരം ഇനി എത്ര നാള്‍ എന്ന് തോന്നിപ്പോകും. 1400 മില്ലീ മീറ്റര്‍ മഴ ഇവിടെ മൂടങ്ങാതെ പെയ്തുവീഴുമ്പോള്‍ ഇവര്‍ കാലത്തോട് കലഹിച്ചു കൊണ്ടിരിക്കും. മലപിളര്‍ന്ന് മണ്ണെല്ലാം താഴ് വാരത്തിലേക്ക് കുത്തിയൊലിച്ചിറങ്ങുമ്പോള്‍ മണ്ണിലടിയിലാവുന്നത് ഒരു നല്ല നാടിന്റെ ഓര്‍മ്മകളാണ്. പര്‍വ്വത തീവണ്ടിയുടെ പാളത്തിന്റെ അടിത്തട്ടില്‍ നിന്നും ഭൂമി പലതവണ ഊര്‍ന്നിറങ്ങി പോയി.ഇതൊന്നു നേരെയാക്കാന്‍ കോടിക്കണക്കിന് രൂപയാണ് ഒരോ വര്‍ഷവും ചെലവ്. 2009 ലായിരുന്നു ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.


പതിനൊന്നു കോടിയോളം രൂപ മുടക്കിയതിനു ശേഷമാണ് ഈ പാളങ്ങളില്‍ പൈതൃകവണ്ടി വീണ്ടും ഉരുണ്ടുതുടങ്ങിയത്. അകലങ്ങളില്‍ നിന്നും രണ്ടു ലക്ഷത്തോളം ആരാധകര്‍ പ്രതിവര്‍ഷം ഈ വണ്ടിയെ തേടി വരുമ്പോള്‍ ആര്‍ക്കാണ് ഇതിനെ ഉപേക്ഷിക്കാന്‍ തോന്നുക. ഒരുകോടിയോളം ടൂറിസ്റ്റുകള്‍ വന്നിറങ്ങുന്ന ഇന്ത്യക്കാരുടെ സ്വിറ്റസര്‍ലാന്റില്‍ പര്‍വ്വതവണ്ടിയില്‍ അവസരം ലഭിക്കുന്നവര്‍ ഭാഗ്യം ചെയ്തവര്‍.ഈ കാഴ്ചകളിലേക്ക് കണ്ണുപായിച്ചവര്‍ അതിലും ഭാഗ്യവാന്‍മാര്‍ ഇങ്ങനെയാണ് ഗൈഡുകള്‍ ടൂറിസ്റ്റുകളെ സമാധാനിപ്പിക്കുക. മാനം നിറയെ പ്രതീക്ഷകളാണ് ഊട്ടി എന്നും നല്കുക. ഒരിക്കല്‍ പോയാല്‍ പിന്നെയും എത്താന്‍ കൊതിപ്പിക്കുന്ന ഇടം. കാരറ്റുകര്‍ഷകര്‍ക്കിടയില്‍ നന്മകള്‍ വേരാഴ്ത്തുന്ന മണ്ണില്‍ പര്‍വ്വത വണ്ടിക്കും ശുഭയാത്രകള്‍. തമിഴ് മണ്ണിന്റെ കാറ്റിനൊപ്പം കാലത്തെ പിന്നാലാക്കിയുള്ള കുതിപ്പുമായി ലൗഡെയില്‍ പിന്നിട്ടിറങ്ങുന്നു അപ്പോഴും ഈ പൈതൃകം.