കാലമെത്രകഴിഞ്ഞാലും മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രം-'അക്കസോട്ടോ' ഇതാ ഇവിടെ

'It is a beautiful country' എന്നാണ് ഡല്‍ഹിയിലെ അരബിന്ദോ ആശ്രമത്തില്‍ വെച്ച് ഫെബ്രുവരി 2011-ല്‍ ഒരു ബുദ്ധ സന്യാസിനി എന്നോട് നേപ്പാളിനെ പറ്റി പറഞ്ഞത്. ലോകത്തിന്റെ പല കോണുകളിലും സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്ത അവരുടെ വാക്കുകളില്‍ മൗലികമായ കാഴ്ച്ചപ്പാട് ദര്‍ശിക്കാന്‍ എനിക്കു കഴിഞ്ഞു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ വിദേശ വിദ്യാലയങ്ങളിലേക്കുള്ള ഇന്റര്‍വ്യൂവിനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഞാന്‍. അരബിന്ദോ ആശ്രമത്തില്‍ നിന്നും ശഹീദ്ജിത് സിംഗ് മാര്‍ഗിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അല്‍പ്പം ദൂരമേയുള്ളൂ.

ഇന്റര്‍വ്യൂ കഴിഞ്ഞു ഒന്നുരണ്ടു ദിവസം ഡല്‍ഹിയില്‍ തങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. മിര്‍സാഗാലിബിന്റെ ബല്ലിമാരാനിലെ ഹവേലിയും, ബിര്‍ളാ ഹൗസും, ചാന്ദ്‌നിചൗക്കിലെ പക്ഷികള്‍ക്കായുള്ള ആശുപത്രിയും, ഗുരുദ്വാരയും സന്ദര്‍ശിച്ചിട്ടാണ് ബാംഗ്ലൂരിലേക്ക് തിരിച്ചു പോയത്. രണ്ടു ദിവസത്തിനകം ഇന്റര്‍വ്യൂ ഫലം ഇന്റര്‍നെറ്റില്‍ തെളിഞ്ഞു. എനിക്ക് കാഠ്മണ്ഡുവിലേക്ക്‌പോകാം. നേപ്പാളിന്റെയും കാഠ്മണ്ഡുവിന്റെയും ആദ്യ ചിത്രം മനസ്സില്‍ പതിഞ്ഞത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട 'യോദ്ധ' എന്ന സിനിമയിലൂടെയാണ്. ഏതൊരു മലയാളിക്കും 'യോദ്ധ' നേപ്പാളിലേക്കുള്ള വാതായനമാണ്. 'യോദ്ധ' യും, നേപ്പാളും പര്യായ ശബ്ദങ്ങള്‍പോലെ ഇഴുകിചേര്‍ന്നിരിക്കുന്നു മലയാളി മനസ്സില്‍. എയര്‍ ഇന്ത്യവിമാനം ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന് നിമിഷനേരത്തിനുള്ളില്‍ ആ നഗരത്തെ തന്റെ ചിറകിലൊതുക്കി. പിന്നെ അതന്വേഷിച്ചത് ഡല്‍ഹിയിലെ റണ്‍വെ മാത്രമാണ്. ഒരു പരുന്തിനെപ്പോലെ അത് സൂക്ഷ്മമായി ആ വിമാനത്താവളം കണ്ടെത്തി പറന്നിറങ്ങി. ടെര്‍മ്മിനല്‍ 3 യുടെ വര്‍ണ്ണലോകം യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമേകുന്ന വഴിത്താവളം തന്നെ. കാഠ്മണ്ഡുവിലേക്കുള്ള എന്റെ വിമാനം ഡല്‍ഹിയില്‍നിന്നും ചിറകു വിടര്‍ത്തിയത് പകല്‍ ഒരു മണിക്കാണ്. അടുത്തിരുന്ന ജര്‍മ്മന്‍ ദമ്പതികള്‍ക്കൊപ്പം എന്റെ നെഞ്ചിടിപ്പിച്ചതും ഹിമാലയന്‍ മലനിരകള്‍ക്കുമുകളിലെ വ്യോമദൃശ്യമായിരുന്നു. എപ്പോഴാണ് ഒരു രാജ്യത്തിന്റെ അതിര്‍ത്തി കടന്നു മറ്റൊന്നിലേക്ക് പ്രവേശിച്ചതെന്നറിഞ്ഞില്ല. അതിര്‍ത്തികള്‍ ഭൂമിയില്‍ മാത്രമല്ലേ? ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാല്‍ 'യോദ്ധ' യില്‍ വന്നിറങ്ങിയ സ്ഥലം പരിചിതമായി. സെക്യൂരിറ്റി ചെക്ക്-ഇന്‍ ബെല്‍ട്ടിലൂടെ ലഗേജുകള്‍ മഴവെള്ളത്തിലെ കടലാസു തോണികള്‍ പോലെ ഒഴുകി നടന്നു. ഞാനും എന്റെ സഹോദരിമാരും ചെറുപ്പത്തില്‍ എത്ര എത്ര കടലാസു തോണികളാണ് മഴവെള്ളത്തില്‍ ഒഴുക്കി ആനന്ദിച്ചത്! പൂച്ചെണ്ടുമായി സ്വീകരിക്കാന്‍ എത്തിയ സഹപ്രവര്‍ത്തകരുടെ കൂടെ ലാസിംപത്തിലേക്ക്. മിക്കവാറും എല്ലാ വീടുകളും ഇഷ്ടികകൊണ്ട് പണിതതായതിനാല്‍ 'യോദ്ധ' എന്ന സിനിമ ചിത്രീകരിച്ച വീടു കണ്ടുപിടിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന് മനസ്സ് പറഞ്ഞു. പക്ഷേ തീവ്രമായ ആഗ്രഹങ്ങള്‍ തികച്ചും അവിശ്വാസനീയമായി സഫലമാകുന്ന അനുഭവം പുതുമയല്ല. അന്വേഷണം തുടര്‍ന്നു. ആര്‍ക്കും അങ്ങിനെയൊരു വിഷയത്തില്‍ വലിയ താത്പ്പര്യം കണ്ടില്ല. അങ്ങിനെ ഒരിക്കല്‍ കാഠ്മണ്ഡുവിലെ ഹോട്ടലുകളുടെ വിവരം ഗൂഗിളിനോട് അന്വേഷിച്ചപ്പോള്‍ തികച്ചും അവിചാരിതമായി ഹോട്ടല്‍ അസ്റ്റോറിയയുടെ വീഡിയോ കാണാന്‍ ഇടയായി. എന്റെ മനസ്സു തീര്‍ത്തു പറഞ്ഞു. ഇതുതന്നെയാണ് 'കുട്ടിമാമ' യുടെ വീട്. യൂറ്റിയൂബില്‍ യോദ്ധാ സിനിമയില്‍ മോഹന്‍ലാല്‍ കുട്ടിമാമയെ സന്ദര്‍ശിക്കുന്ന രംഗം പലതവണ കണ്ട് ഈ വീഡിയോയുമായി താരതമ്യം ചെയ്തുനോക്കി. ++++++++++

സഹപ്രവര്‍ത്തകനായ രാജ്യോദയ മൈനാലിയാണ് അസ്റ്റോറിയ ഹോട്ടലിന്റെ കൂടുതല്‍ വിവരം തന്നത്. എന്റെ ജോലി സ്ഥലത്തുനിന്നും 5മിനിട്ടുപോലും നടക്കേണ്ട ദൂരമില്ല. ഒരു വൈകുന്നേരം കൂടെ ജോലി ചെയ്യുന്ന അദ്ധ്യാപകന്‍ ശ്രീ നാരായണ ദാസുമായി, ഹോട്ടല്‍ ഷാംഗ്രീലയുടെ അടുത്തുള്ള ഗലിയിലൂടെ നടന്നു. 'കുട്ടിമാമ'യുടെ വീട്ടിലേക്ക്. അത് ഇന്ന് ഹോട്ടലല്ല സ്‌ക്കൂളാണ്. സെക്യൂരിറ്റി ഗാര്‍ഡിനോട് അഭ്യര്‍ത്ഥിച്ച് ഗേറ്റ് തുറന്ന് അകത്തേക്ക്.. ഒരു നിമിഷം 'കുട്ടിമാമാ' എന്നു ഞാന്‍ വിളിച്ചുവോ?! വീടിന്റെ അകം പോയി കണ്ടു. ഈ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ദാസ് സര്‍ സന്‍മനസ്സ് കാണിച്ചു. വര്‍ഷങ്ങളായുള്ള സ്വപ്നസാക്ഷാത്ക്കാരം! ആ വീടിന്റെ വീഡിയോ യൂറ്റിയുബില്‍ കൂട്ടിമാമയുടെ വീടെന്ന പേരില്‍ ഞാന്‍ വഴി സ്ഥാനം പിടിച്ചു. ഇന്നു എംബസിക്കകത്തു വരുന്ന എന്നെപ്പോലെ സിനിമാ ഭ്രാന്തുള്ള പലരും ആ വീടന്വേഷിക്കുന്നത് എന്നോടാണെന്ന ചാരിതാര്‍ത്ഥ്യമുണ്ട്. സ്വയംഭൂവിലെ ബുദ്ധസ്തൂപത്തിലേക്ക് പടി കയറിപോകുന്ന വഴിയാണ് 'യോദ്ധ'യിലെയൊരു പ്രധാന ലൊക്കേഷന്‍. ജഗതിയും, മോഹന്‍ലാലും ചേര്‍ന്നുള്ള ഹാസ്യരംഗങ്ങള്‍ ചിത്രീകരിച്ച സ്ഥലം. ഉണ്ണിക്കുട്ടന്‍ 'അക്കോസോട്ടോ' എന്ന കുട്ടിയെപ്പോലെ തല മുണ്ഡനം ചെയ്ത പല ബുദ്ധ സന്യാസിമാരെയും സ്വയംഭൂവില്‍ ധാരാളം കാണാന്‍ കഴിഞ്ഞു. ഉണ്ണിക്കുട്ടന്‍ ഇന്നെവിടെയായിരിക്കും? അവന്‍ ആരായിരിക്കും? 'യോദ്ധ'യില്‍ മോഹന്‍ലാല്‍ ധരിക്കുന്ന വസ്ത്രം അന്വേഷിച്ചായിരുന്നു പിന്നീടുള്ള യാത്രകള്‍. ആ വസ്ത്രത്തിന്റെ പേരറിയില്ലാ എന്നതുകൊണ്ടുതന്നെ എന്നെ സഹായിക്കാന്‍ പല കച്ചവടക്കാര്‍ക്കും കഴിഞ്ഞില്ല. അങ്ങനെയൊരിക്കല്‍ ഷാംഗ്രീലയ്ക്കു തൊട്ടുമുന്നിലുള്ള വസ്ത്രക്കടകളിലൊന്നില്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ കടക്കാരന്‍ പക്കലുള്ള പലതരം വസ്ത്രങ്ങള്‍ കാണിച്ചുതന്നു. ഇല്ല, അതുമാത്രം കണ്ടില്ല. ഞാന്‍ ഒന്നുകൂടി വിശദീകരിച്ചപ്പോള്‍ അദ്ദേഹം ഒരു പഴയ പായ്ക്കറ്റ് തുറന്ന് മുന്നില്‍ വച്ചു. അതാ മോഹന്‍ലാല്‍ ധരിച്ച വസ്ത്രം!! അതേ ഡിസൈന്‍!! എനിക്ക് സന്തോഷം അട്ക്കാനായില്ല. 'ഇതാണോ നിങ്ങളന്വേഷിച്ചത്? ഇത് ബട്ടര്‍ഫ്ലൈ ജാക്കറ്റ്. ഇപ്പോള്‍ ഇതുണ്ടാക്കുന്നില്ല. പത്തിരുപത് വര്‍ഷം മുമ്പുള്ള ഫാഷനാണ്'. ഉടനെ ഞാനത് ധരിച്ചുനോക്കി. ഫാഷന്‍മാത്രമല്ല, അദ്ദേഹത്തിന്റെ പക്കലും അത് ഇരുപത് വര്‍ഷമായി എന്നെനിക്കു മനസ്സിലായി. സ്റ്റോക്കില്‍ 3 ബട്ടര്‍ഫ്ലൈ ജാക്കറ്റ് മാത്രമേ ആ കടയിലുള്ളൂ. മൂന്നും അപ്പോള്‍തന്നെ ഞാന്‍ കൈക്കലാക്കി. അവിചാരിതമായ ഒരു സ്വപ്ന സാക്ഷാത്കാരം! മൂന്നിനെയും അലക്കി കുട്ടപ്പനാക്കിയെടുക്കാന്‍ ഒരു ഡെറ്റോള്‍ ബോട്ടില്‍ മുഴുവന്‍ കൂട്ടുപിടിച്ചു. സായാഹ്ന യാത്രകളില്‍ ഹോട്ടല്‍ ഗാംഗ്‌ജോംഗിനടുത്തുള്ള തുണിക്കടയിലെ സുഹൃത്ത് 'രൂപക്കു'മായി അല്‍പ്പനേരം ചിലവഴിച്ചപ്പോഴാണ് മറ്റൊരന്വോഷണത്തിന് തിരികൊളുത്തുന്നത്. ഞാന്‍ ധരിച്ച ബട്ടര്‍ഫ്ലൈ ജാക്കറ്റ് കണ്ടയുടന്‍ രൂപക്ക് പറഞ്ഞു യോദ്ധയില്‍ മോഹന്‍ലാല്‍ ധരിച്ച വസ്ത്രമെന്ന്. ഞാന്‍ അതിശയിച്ചുപോയി. ഒരു നേപ്പാളിക്ക് എന്റെ നാടിനെയും, മോഹന്‍ലാലിനേയും അിറയാം.. അവിശ്വസനീയം തന്നെ! രൂപക്ക് കുറച്ചുകാലം ഖത്തറില്‍ ജോലിചെയ്തിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന മലയാളി സുഹൃത്തുക്കളിലൂടെ കേരളത്തേയും, മലയാള സിനിമയെയും, ഭാഷയെയും അടുത്തറിയാന്‍ അവനു കഴിഞ്ഞു. 'യോദ്ധ'യെ പറ്റി സംസാരിച്ചപ്പോള്‍ 'അക്കോസോട്ടോ'യെപ്പറ്റി ഞാന്‍ ആരാഞ്ഞു. ഏതെങ്കിലും ബുദ്ധിസ്റ്റ് മൊണാസ്റ്ററിയിലെ കുട്ടിയായിരിക്കുമെന്ന് രൂപക്ക് ഉറപ്പിച്ചു പറഞ്ഞു. ആ സിനിമയെ പറ്റി കൂടുതല്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ അതില്‍ ആ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ഒരു കരാട്ടേക്കാരനിലെത്തി. അത് യുബരാജ് ലാമയാണെന്നുമറിഞ്ഞു. ഉടന്‍ ഞാനോര്‍ത്തു, ആ സിനിമ തുടങ്ങുമ്പോള്‍ 'Thanks to Yubaraj Lama' എന്നെഴുതികാണിക്കുന്നുണ്ട്. മോഹന്‍ലാലിനെ ആയുധമുറകള്‍ പഠിപ്പിക്കുന്ന വൃദ്ധന്‍ 'ഗോപാല്‍ ഭൂട്ടാനി'യാണെന്നും രൂപക്ക് വിശദീകരിച്ചു. വീട്ടിലെത്തി ആദ്യം ചെയ്തത് ഇന്റെര്‍നെറ്റില്‍ യുബരാജ് ലാമയെത്തേടിയതാണ്. ശരിയാണ്, അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് കണ്ടു. അതേ കണ്ണുകള്‍, പക്ഷേ അല്‍പ്പം തടിച്ച മുഖം. നീണ്ടമുടിയില്ല. അദ്ദേഹത്തിന്റെ Facebook Account കണ്ടുപിടിച്ചു. ഒരു ാലമൈഴല അയച്ചു. പെട്ടന്നാണ് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ ഒരു ചെറുപ്പക്കാരന്റെ ചിത്രം കൂടികണ്ടത്. അത് മകനാണെന്നും, പേര് സിദ്ധാര്‍ത്ഥ് ലാമയാണെന്നും വായിച്ച് മനസ്സിലായി. 'യോദ്ധ'യില്‍ അഭിനയിച്ച കുട്ടിയുടെ പേര് മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് ആണെന്ന് ഞാന്‍ ഓര്‍ത്തെടുത്തു. സിദ്ധാര്‍ത്ഥ് ലാമയുടെ Facebook Account സന്ദര്‍ശിച്ചു. ആ കണ്ണുകള്‍ അക്കോസോട്ടോയുടേത് തന്നെയല്ലേ? എന്റെ സംശയം എന്നെ സത്യമറിയാന്‍ അസ്വസ്ഥനാക്കി. അപ്പോഴാണ് ആ സിനിമയുടെ സംവിധായകന്‍ സംഗീത്ശിവനെ Facebook ല്‍ തേടിയാലോ എന്ന ചിന്ത ഉദിക്കുകയും, അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തത്. ഉടന്‍ തന്നെ ഞാന്‍ അദ്ദേഹത്തിനെ എന്റെ സംശയം അറിയിച്ചു. അല്‍പ്പനേരത്തിനുള്ളില്‍ എന്റെ സംശയം ശരിവെച്ചുള്ള അദ്ദേഹത്തിന്റെ മറുപടികണ്ടു. കംപ്യൂട്ടറിലെ കീസ് പിയാനോ കീസ് ആയി. പിന്നെ മറ്റൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ ഉച്ചസ്ഥായിലുള്ള സംഗീതം….. സംഗീത് ശിവന്‍ കൂട്ടിച്ചേര്‍ത്തു - യുബരാജ് ലാമയെയും, സിദ്ധാര്‍ത്ഥിനേയും വര്‍ഷങ്ങളായി ഞാനും അന്വേഷിക്കുകയാണെന്നും ബന്ധപ്പെടാനുള്ള വഴി പറഞ്ഞു കൊടുക്കണമെന്നും. അദ്ദേഹത്തിന്റെ 'യോദ്ധ'യുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തില്‍ സംഭവിച്ച മാസ്മരിക സംഭവങ്ങള്‍ വിവരിച്ചു. 'യോദ്ധ' വീടിന്റെ വീഡിയോ link ഉം Butterfly Jacket ധരിച്ച എന്റെ photo യും അയച്ചുകൊടുത്തു. തന്റെ സിനിമയ്ക്ക് ഇത്രയും crazy ആയിട്ടുള്ള ഒരാരാധകനുണ്ടെന്ന് താനറിഞ്ഞില്ലയെന്നദ്ദേഹം സന്തോഷത്തോടെ അറിയിച്ചു. യുബരാജ് ലാമയുടെ വെബ്‌സൈറ്റും മകന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഞാനയച്ചുകൊടുത്തു. പിറ്റേ ദിവസം Twitterല്‍ സംഗീത് ശിവന്‍ ചിലച്ചു. ഞാന്‍ എന്റെ ബ്‌ളോഗില്‍ 'Eureka….i found Akosoto' എന്നെഴുതി. അത്ഭുതങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ എല്ലാത്തിനും ഒരു നിമിത്തം മാത്രമാകുന്നു. ശ്രീ കൈലാഷ് നാഥ് അയ്യരെ ഈ കഥകള്‍ അിറയിച്ചപ്പോള്‍ അദ്ദേഹം സിദ്ധാര്‍ത്ഥ് ലാമയെ ബന്ധപ്പെട്ടു appointmetഉം വാങ്ങി. അങ്ങിനെ ഹബീബിന്റെ ബൈക്ക് തിരക്കുപിടിച്ച Durbar Marg ലൂടെയും, മക്കന്‍തോളയിലൂടെയും ആവേശത്തോടെ കുതിച്ചു. സാനോ പശുപതിക്കടുത്ത് കാത്ത് നിന്ന കൈലാഷ്ജിയുടെ കൂടെ അദ്ദേഹത്തിന്റെ കാറില്‍ നമ്മള്‍ ത്രിപുരേശ്വറിലെ National Sports Council -ലിന്റെ ഓഫീസിലെത്തി. വഴിയില്‍ വച്ച് ജയരാജേട്ടനെയും (ജയരാജ് മേനോന്‍) കൂട്ടി. Sports Council ലെ ഒന്നാം നിലയിലെ ഒരു പൊടിപിടിച്ച cubicle ല്‍ അതാ ഇരിക്കുന്നു 'അക്കോസോട്ടോ'!!! ഞാന്‍ ധരിച്ചിരുന്ന ബട്ടര്‍ഫ്ലൈ ജാക്കറ്റ് അവന്റെ കണ്ണുകളെ ഉദ്ദീപ്തമാക്കി. ഞങ്ങള്‍ കെട്ടിപ്പുണര്‍ന്നു. ഞാന്‍ ചോദിച്ചു, 'ഈ വസ്ത്രം വര്‍ഷങ്ങള്‍ക്ക്മുന്‍മ്പ് ആരാണ് ധരിച്ചതെന്നോര്‍മയുണ്ടോ….?' വര്‍ഷങ്ങള്‍ക്കു മുമ്പ് തിരശ്ശീലയില്‍ കണ്ട കുട്ടിയുടെ അതേ ലജ്ജയോടെയുള്ള ചിരിയോടെ അവന്‍ പറഞ്ഞു, 'മോഹന്‍ലാല്‍'. അടുത്തമുറിയിലേക്കിരിക്കാന്‍ പറഞ്ഞു. യുബരാജ് ലാമയുടെ ഓഫീസ്മുറി. ചുവരില്‍ പല പ്രമുഖ വ്യക്തികളുടെയും ഫോട്ടോസ്. ഞങ്ങള്‍ മൂന്നുപേരും റൂമിന്റെ വലതുഭാഗത്ത് വച്ച ടേബിളിനുചുറ്റും ഇരുന്നു. തികച്ചും അപ്രതീക്ഷിതമായി യുബരാജ് ലാമ അകത്തുവന്നു. കൂടെ സിദ്ധാര്‍ത്ഥും. 'യോദ്ധ' കാലങ്ങള്‍ ഇരുവരും പങ്കുവെച്ചു, ഫോട്ടോയ്ക്കവേണ്ടി രണ്ടുപേരും നമ്മുടെ കൂടെ നിന്നു. ചായകുടിച്ചു പിരിയിമ്പോള്‍ മനസ്സ് നിറയെ 'യോദ്ധ'യില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കാഠ്മണ്ഡുവിലേക്ക് വരുത്തുന്ന ഒരു അദൃശ്യശക്തിയുടെ സാന്നിധ്യത്തെയാണ് ഞാനോര്‍ത്തത്. എന്നിലൂടെ സഫലമായത് എന്റെ മാത്രമല്ല, പലരുടേയും സ്വപ്നങ്ങളാണ്. എന്നിലൂടെ കൂറേ ആഴ്ച്ചകളായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ശുഭപര്യവസാനം പോലെ. ആര്‍ക്കറിയാം ആഗ്രഹങ്ങളെ കൈപിടിച്ച് നയിച്ച് ലക്ഷ്യത്തിലേക്കെത്തിക്കുന്ന ആ അദൃശ്യ ശക്തി ഇനി എന്തെല്ലാം വിസ്മയങ്ങളാണ് കരുതി വച്ചിരിക്കുന്നത്?