കണ്‍പോളകള്‍ മയക്കത്തിന്റെ പാളങ്ങളിലേക്ക്് വീഴാന്‍ തുടങ്ങുമ്പോള്‍, ഗുജറാത്തിലെ പരുത്തിപാടങ്ങളുടെ നടുവിലൂടെയായിരുന്നു തീവണ്ടി.

ചൂട് കാറ്റ് മുഖത്തടിച്ചു. പുറംകാഴ്ച്ചകളിലെ പച്ചപ്പുകളിലേക്ക് നരപടര്‍ന്നുകയറി. കൊടും വെയിലിന്റെ തുരങ്കത്തിലൂടെയാണ് യാത്രയെന്ന്് തോന്നി. ഒഴിഞ്ഞ കമ്പാര്‍ട്ട്‌മെന്റുകളില്‍ കടലാസു കഷ്ണങ്ങള്‍ പാറിപറക്കുന്നു. യാത്രാ ക്ഷീണത്തെ ജനലഴികളുടെ ചുമലിലേക്ക് ചാരി...
ചിലങ്കയുടെ പൊട്ടിച്ചിരി, കിലുക്കാം പെട്ടികളായി കുപ്പിവളകള്‍. മയക്കം പാളം തെറ്റിയുണര്‍ന്നു.

മൈലാഞ്ചി കളം വരച്ച കാല്‍പാദങ്ങള്‍ കണ്ണുകളെ വരവേറ്റു. വിരലുകളില്‍ വെള്ളി മിഞ്ചികള്‍......നിറങ്ങള്‍ പൂക്കളങ്ങള്‍ തീര്‍ത്ത നീളന്‍ പാവാടയ്ക്ക്് മുകളില്‍ മുഴുനീള കൈയ്യുകളോടെയുളള ഗുജറാത്തി ബ്ലൗസ് . തോളില്‍ തൊടാന്‍ വെമ്പുന്ന കമ്മലുകള്‍ ഇളകിയാടി...

മൈലാഞ്ചി, ചിത്രപണികള്‍ ചെയ്ത കരങ്ങള്‍ തപ്പുകൊട്ടി, ''ദേ.. ദേ...ഭയ്യാ....''
തരുണിമണികളുടെ വേഷപകര്‍ച്ചയ്ക്കുള്ളില്‍ നിന്നും പുരുഷശബ്ദം.

ഹിജഡകള്‍... മനുഷ്യ ജീവിതത്തിന്റെ കടുംനിറം, അപൂര്‍ണതയുടെ പൂര്‍ണരൂപങ്ങള്‍.

ഉത്തരേന്ത്യന്‍ തീവണ്ടിയാത്രകളിലെ നിത്യസന്ദര്‍ശകര്‍ സീറ്റുകള്‍ക്ക് മുന്നില്‍ കൈ നീട്ടിനിന്നു, അധികാര ഭാവത്തോടെ. അഞ്ചിന്റെയും പത്തിന്റെയും നോട്ടുകള്‍ മൈലാഞ്ചിയുടെ നിറങ്ങള്‍ക്ക് മീതെ നിരന്നു. ശകാരവും ശാപവും തലയ്ക്കുവീണാലോ എന്ന പേടിയോടെയാണ് പലരുടെയും കൈകള്‍ പോക്കറ്റിലേക്ക് പോകുന്നത്.

നീളന്‍ കൈയ്യുള്ള കറുത്ത ഇറുകിയ ബ്ലൗസ് ഒന്നു കൂടി ശരീരത്തോട് ചേര്‍ത്ത് റോഷ്‌നി പൊട്ടിച്ചിരിച്ചു. ഓരോ ഭാവത്തിലും അവുന്നത്ര സ്‌ത്രൈണതയണിയാന്‍ അവള്‍ (അവനോ) ശ്രമിക്കുന്നു. മുഖത്തെ കുറ്റിരോമങ്ങള്‍ റോഷ്‌നിയുടെ സ്ത്രീഭാവത്തെ വെല്ലുവിളിച്ചു.

''കൂട്ടുകാര്‍ എല്ലാ ബോഗികളിലും കയറിയട്ടുണ്ട്, അവരെ കൂടി വിളിക്കാം'' -ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ റോഷ്‌നി ബ്ലൗസിനുള്ളില്‍ തിരുകിയ മൊബൈല്‍ ഫോണ്‍ എടുത്തു. സെല്‍ഫോണിലേക്ക് റോഷ്‌നിയുടെ പുരുഷശബ്ദം കനത്തിറങ്ങി...

നിമിഷങ്ങള്‍ കൊഴിഞ്ഞുവീണു... ബോഗിയെ നിറങ്ങളുടെ പൂരപ്പറമ്പാക്കി റോഷ്‌നിയുടെ കൂട്ടുകാരെത്തി. കാമിനി, ദീപ, മീര, മനീഷ...ചിരികള്‍ ചിലപ്പോഴോക്കെ അട്ടഹാസങ്ങളായി മാറി. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കമ്പാര്‍ട്ട്‌മെന്റിലെ പയ്യന്‍മാരുടെ തോളില്‍ കയ്യിട്ടും കവിളില്‍ ബലമായി ചുംബനങ്ങള്‍ നല്‍കിയും അവര്‍ രംഗം കൊഴുപ്പിച്ചു.

കാശ് കൊടുത്തില്ലെങ്കില്‍ ചീത്ത പറയും, ഉപദ്രവിക്കും ഹിജഡകളെ കുറിച്ചുള്ള കേട്ടുകേള്‍വികള്‍ പയ്യന്‍മാരെ ആദ്യമൊക്കെ ഭയപ്പെടുത്തിയെങ്കിലും പ്രശ്‌നങ്ങളില്ലെന്ന് കണ്ടതോടെ അവരും ബഹളങ്ങളിലേക്ക് ചേര്‍ന്നു. കൂട്ടത്തില്‍ പെണ്‍നിറം കൂടുതലുള്ള കാമിനി മാത്രം ആണുങ്ങളില്‍ നിന്നകന്നു നിന്നു. മറ്റുളളവര്‍ക്കെല്ലാം എവിടെയൊക്കയോ പുരുഷഭാവങ്ങളുണ്ടായിരുന്നു. ക്യാമറയുടെ ഫ്ലാഷുകള്‍ മിന്നി തീര്‍ന്നപ്പോള്‍ മനസ്സുകള്‍ ബോഗികള്‍ പോലെ കൊരുത്തു. പുറത്തെ ചൂടിനൊപ്പം കമ്പാര്‍ട്ട്‌മെന്റിനകത്തെ സൗഹൃദചൂടും ഏറിവന്നു.

ചിരിയുടെയും ബഹളങ്ങളുടെയും അലകള്‍ പതുക്കെ അടങ്ങി. പലരും സീറ്റുകളില്‍ നീണ്ടു നിവര്‍ന്നു. കണ്ണുകള്‍ പാതിയടഞ്ഞു, ആലസ്യങ്ങള്‍, മയക്കങ്ങള്‍...

അണിഞ്ഞൊരുങ്ങുന്നതില്‍ പിശുക്ക് കാട്ടിയ മീര മാത്രം ജനാലയിലൂടെ അതിവേഗത്തില്‍ പിന്നിടുന്ന വിദൂരതകളെ നോക്കിയിരുന്നു. കാഴ്ച്ചകളേക്കാള്‍ ചിന്തകളായിരുന്നു മനസ്സിലെന്ന് കണ്ണുകള്‍ പറഞ്ഞു.

''ഞങ്ങള്‍ അഹമ്മദാബാദില്‍ നരോഡയിലാണ് താമസിക്കുന്നത്. ഒട്ടേറെ മുറികളുള്ള വലിയ കെട്ടിടം. ഒരു മുറിയില്‍ ചുരുങ്ങിയത് പത്തും പന്ത്രണ്ടു പേരുണ്ടാകും'', രാധയുടെ ചിലമ്പിച്ച സ്വരം.

തീവണ്ടികളും ബസ്സുകളുമാണ് ഇവരുടെ ജീവിതമാര്‍ഗ്ഗം. അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രാജ്‌കോട്ട് വരെ ദിവസവും സഞ്ചരിക്കും. ദിവസം നാനൂറും അഞ്ഞൂറും രൂപ ഒരോ ആള്‍ക്കും കിട്ടുമത്രേ. ''ചെലവു കഴിഞ്ഞ് ബാക്കിവരുന്ന തുക ക്ഷേത്രങ്ങളില്‍ നല്‍കും. പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിനും ഞങ്ങള്‍ സഹായിക്കാറുണ്ട്.''

മീരയുടെ കല്യാണം കഴിഞ്ഞതാണ്. ഭര്‍ത്താവിന്റെ പേര് മോഹന്‍. ലോറി ഡ്രൈവറാണ്. കാമിനിയുടെയും ദീപയുടെയും കല്യാണം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. ഭര്‍ത്താക്കന്‍മാര്‍ ഇടയ്ക്കിടെ ഇവരുടെ അടുത്തെത്തും കുറച്ചുനാള്‍ ഒരുമിച്ചുണ്ടാകും. വഴിയമ്പലത്തിലെ അതിഥികളെ പോലെ.

''കുറേ കഴിയുമ്പോള്‍ അവര്‍ വേറെ കല്യാണം കഴിക്കും. ഞങ്ങളെ ഉപേക്ഷിച്ച് പോകും, എന്നേക്കുമായി..... എതിര്‍ക്കാറില്ല, വിഷമം പറയാറുമില്ല.....ഇത്രയുംനാള്‍ കൂടെയുണ്ടായിരുന്നല്ലോ അതുമതി...''

ഇടമുറിയാത്ത പാളങ്ങള്‍ക്കു മുകളില്‍ മീരയുടെ വാക്കുകള്‍ എവിടെയൊക്കെയോ മുറിഞ്ഞു.

ജീവിതം ബാക്കിയാക്കിയ സ്വപ്നങ്ങളെ കുറിച്ചു ചോദിച്ചപ്പോള്‍, മീര ജനാല കമ്പികളില്‍ പിടിച്ച് പുറത്തേക്ക് നോക്കിയിരുന്നു. തീവണ്ടിയുടെ അതിവേഗം തീര്‍ക്കുന്ന ശബ്ദം മാത്രം കമ്പാര്‍ട്ട്‌മെന്റില്‍ നിറഞ്ഞു. കാറ്റില്‍ പാറുന്ന ഷാള്‍ ഒതുക്കികൊണ്ട് മീര പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു ''ഇല്ല സ്വപ്നങ്ങളൊന്നുമില്ല...''

മീരയുടെ കണ്ണുകള്‍ നിറഞ്ഞു. കണ്ണുനീര്‍ കവിളിലേക്കൊഴുകുമെന്ന് തോന്നിയപ്പോള്‍ മഞ്ഞ ഷാള്‍ ആ കണ്ണുകളെ മൂടി.

സുരേന്ദ്രനാഥ് ജങ്ഷന്‍..... റോഷ്‌നിയും മീരയും കാമിനിയുമൊക്കെ യാത്രപറഞ്ഞു. ഒരു സംഘമായി അവര്‍ സ്‌റ്റേഷനിലൂടെ നടന്നു നീങ്ങി, ചുറ്റുമുളളവരെ ശ്രദ്ധിക്കാതെ.....

ഇതും യാത്ര. ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള യാത്ര. ചിരിയുടേയും നിറങ്ങളുടേയും മൂടുപടം മാറുമ്പോള്‍ കരഞ്ഞ് തളര്‍ന്ന മനസ്സുള്ളവ
രുടെ യാത്ര.